ശിര്‍ക്കോ...! അതെന്താ മോനേ?

എസ്.എ ഐദീദ് തങ്ങള്‍

2018 ഡിസംബര്‍ 15 1440 റബീഉല്‍ ആഖിര്‍ 07

ഓട്‌മേഞ്ഞ ആ പഴയ തറവാട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ രണ്ട് മൂന്ന് സ്ത്രീകള്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. പുറത്തുണ്ടായിരുന്ന ആ സ്ത്രീകള്‍ ഞങ്ങളെ കണ്ടയുടനെ തട്ടം തലയിലേക്ക്‌വലിച്ചിട്ട് അകത്തേക്ക് ഓടുകയായിരുന്നു. 

പല മുസ്‌ലിം സ്ത്രീകളിലും സാധാരണ കണ്ടുവരാറുള്ള പ്രകൃതമാണിത്. ബസ് സ്റ്റാന്റിലോ അങ്ങാടിയിലോ വെച്ച് യാദൃച്ഛികമായി താടിയോ, തലക്കെട്ടോ ഉള്ളവരെ കണ്ടാല്‍ മാത്രം ഊര്‍ന്നുപോയ തട്ടം തലയിലേക്ക് ധൃതിയില്‍ വലിച്ചിടുന്ന ഒരു സ്വഭാവം. എന്നാല്‍ പറമ്പില്‍ തേങ്ങയിടാന്‍ വരാറുള്ളവരെയോ മീന്‍കാരനെയോ മറ്റോ കണ്ടാലോ തങ്ങളുടെ തലയല്‍ തട്ടമിടണമെന്ന് ഓര്‍മ അവര്‍ക്കുണ്ടാകില്ല. 

ഏതായാലും അവരുടെ അനുവാദം കിട്ടിയപ്പോള്‍ ചുമരില്‍ നിറയെ രാഷ്ട്രീയ നേതാക്കന്മാരുടെ ഫോട്ടോകള്‍ ഫ്രെയിം ചെയ്ത് വെച്ച ആ വീട്ടിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു.

എങ്ങനെ തുടങ്ങണമെന്ന ശങ്കയിലായിരുന്നു ഞങ്ങള്‍. മുജാഹിദ് സമ്മേളനത്തിലേക്ക് ക്ഷണിക്കാന്‍ വന്നതാണെന്ന് പറയുന്നത് മണ്ടത്തരമാവില്ലേ? ഇസ്‌ലാം മതമെന്നാല്‍ കുറെ മാലകളും മൗലൂദുകളും ജാറവും ആണ്ടും നേര്‍ച്ചയും ശൈഖും ഖോജയുമെല്ലാം അടങ്ങിയ എന്തൊക്കെയോ ആണെന്ന് ധരിച്ച് വെച്ചിരുക്കുന്നവരുടെ കൂട്ടത്തിലാകും ഇവരെന്ന കാര്യത്തില്‍ സംശയമില്ല. കാരണം മുജാഹിദുകളുടെ ശബ്ദമെത്താത്ത പ്രദേശമാണത്.

അല്‍പനേരത്തെ ആലോചനക്ക് ശേഷം 'ഞങ്ങള്‍ വരുന്ന വഴിക്ക് ഇടവഴിയില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ കണ്ടു' എന്ന് പറഞ്ഞ് ഞാന്‍ സംസാരത്തിന് തുടക്കമിട്ടു.

''ഹേ...ഹെന്ത്...മൂര്‍ഖന്‍ പാമ്പോ?... പാമ്പോ...? എവിടെ? എവിടെ...?'''മൂവരും ബേജാറോടെ ചോദിച്ചു.

''ങാ...മൂര്‍ഖന്‍ പാമ്പ് തന്നെ!'' 

''എന്നിട്ട് നിങ്ങള്‍ കൊന്നോ?''

''ഹേയ്... കൊല്ലുകയോ? അതിന് പാമ്പെവിടെ?''

''നിങ്ങള്‍ തന്നെയല്ലേ പറഞ്ഞത്?'' അവര്‍ പരസ്പരം നോക്കി.

''ഞാന്‍ പറഞ്ഞു തീര്‍ന്നില്ലല്ലോ? അതിന് മുമ്പേ നിങ്ങളെല്ലാവരും ഇങ്ങനെ പേടിച്ചാലോ? ഞാന്‍ പാമ്പിനെ കണ്ടു എന്നല്ല; ഞാന്‍ വഴിയില്‍ ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാല്‍ പിന്നെ ആ വഴി പോകാന്‍ നിങ്ങള്‍ക്ക് ഭയമുണ്ടാവില്ലേ എന്നാണ് പറയാനുദ്ദേശിച്ചത്.''

''ഞങ്ങള്‍ എങ്ങനെ പേടിക്കാതിരിക്കും. ഇടയ്ക്കിടെ പാമ്പിനെ കാണാറുള്ളതാ...'' കൂട്ടത്തില്‍ വയസ്സായ സ്ത്രീ പറഞ്ഞു.

''നോക്കൂ; ഒരു പാമ്പിനെപ്പറ്റി പറഞ്ഞപ്പോഴേക്കും നിങ്ങള്‍ എത്ര കണ്ട് ഭയപ്പെട്ടു! ഉഗ്ര വിഷമുള്ള പാമ്പിനെയും തേളിനെയും ഒക്കെ നാം ഭയപ്പെടുന്നു എന്നത് ശരിതന്നെ. എന്നാല്‍, അതിനേക്കാളെത്രയോ ഏറെ ഭയപ്പെടേണ്ടതായ ഒരാപത്ത് നാളെ നമുക്കെല്ലാം വരാനിരിക്കുന്നു എന്ന ഗൗരവമുള്ള ഒരു കാര്യം നിങ്ങളെ ഓര്‍മ്മപ്പെടുത്തുക എന്നതാണ് ഇപ്പോള്‍ ഞങ്ങള്‍ വന്നതിന്റെ ഉദ്ദേശം.''

''പടച്ച റബ്ബിന്റെ ശിക്ഷ കിട്ടുന്ന കാര്യത്തെപ്പറ്റി വല്ലതും പറയാനായിരിക്കും അല്ലേ? നിങ്ങളുടെ താടി കണ്ടപ്പോള്‍ മനസ്സിലായി. ഞങ്ങളൊക്കെ നേരത്തോട് നേരം നിസ്‌കരിക്കാറുണ്ട്. നോമ്പ് നോല്‍ക്കാറുണ്ട്.  അറിഞ്ഞ് കൊണ്ട് ഞങ്ങളാരും ഒരു തെറ്റും ചെയ്യുന്നോരല്ല. പിന്നെന്തിന് ഞങ്ങള് നരകത്തിലെ ശിക്ഷയെപ്പറ്റി ബേജാറാകണം?''

''നിങ്ങള്‍ പറയുന്നത് ശരിയായിരിക്കാം. പക്ഷേ, നാം ചെയ്യുന്ന അമലുകളൊക്കെ അല്ലാഹു നമ്മില്‍ നിന്നും സ്വീകരിക്കണമെങ്കില്‍ നാം ഒരിക്കല്‍പോലും ശിര്‍ക്ക് ചെയ്യാത്തവരായിരിക്കണം. ശിര്‍ക്ക് ചെയ്യുന്ന ഒരാളുടെയും കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ല എന്നതാണ് പ്രധാനമായും നാം അറിഞ്ഞിരിക്കേണ്ട കാര്യം.''

''ശിര്‍ക്കോ...? അതെന്താ മോനേ?'' പ്രായം ചെന്ന സ്ത്രീയുടേതായിരുന്നു ആ ചോദ്യം!

പുരോഹിത വര്‍ഗം ഈ സമുദായത്തെ എത്രമാത്രം അജ്ഞതയിലാണ് തളച്ചിട്ടിരിക്കുന്നതെന്ന് അപ്പോള്‍ ചിന്തിച്ചുപോയി. എന്താണ് 'ശിര്‍ക്ക്' എന്ന്‌പോലും മനസ്സിലാവാതെ ശിര്‍ക്ക് ചെയ്ത് എത്ര പേര്‍ ജീവിച്ച് മരിച്ച് പോയിട്ടുണ്ടാവും നമ്മുടെ നാട്ടില്‍! ഇതുപോലെ എത്രപേര്‍ അതറിയാതെ ജീവിച്ചുകൊണ്ടിരിക്കുന്നു!

ഇത്തരം നിര്‍ഭാഗ്യവാന്മാരായ ആളുകെള സമീപിച്ച് അവര്‍ക്ക് തൗഹീദിന്റെ വെളിച്ചം എത്തിച്ചു കൊടുക്കാന്‍ ഭാഗ്യം സിദ്ധിച്ചതോര്‍ത്ത് ഞാന്‍ അല്ലാഹുവിനെ സ്തുതിച്ചുപോയി. 

''അല്ലാഹുവിന് മാത്രം അവകാശപ്പെട്ടത് അവനല്ലാത്തവര്‍ക്ക് വകവെച്ചുകൊടുക്കുന്നതാണ് ശിര്‍ക്ക്.''

''അത് ഞങ്ങള്‍ ചെയ്യുന്നില്ല. നിസ്‌കാരവും നോമ്പുമൊക്കെ അല്ലാക്ക് വേണ്ടി മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്.''

''പ്രാര്‍ഥനയും നേര്‍ച്ചകളും വഴിപാടുകളുമെല്ലാം അല്ലാഹുവിനോടാകണം. അവന്റെ മാത്രം പൊരുത്തം തേടിയാകണം.''

ഇത് കേട്ടപ്പോള്‍ അവര്‍ പരസ്പരം നോക്കി. 

''അല്ലാഹുവിനോടേ ഞങ്ങള്‍ പ്രാര്‍ഥിക്കാറുള്ളൂ. എന്നാല്‍ നേര്‍ച്ച...'' വൃദ്ധ സ്ത്രീ അര്‍ധോക്തിയില്‍ നിര്‍ത്തി. 

''നേര്‍ച്ച...?''

''അത്... ജീലാനി ശൈഖിന്റെ പേരിലൊക്കെ നേര്‍ച്ചയാക്കാറുണ്ട്...''

''ശൈഖിനോട് പ്രാര്‍ഥിക്കാറുണ്ടോ?''

''ഹേയ്... അതില്ല. ശൈഖിനോട് തേടാറുണ്ട്; അല്ലാഹുവിന്റെ കാവല്‍ വാങ്ങിത്തരാന്‍.''

''നിങ്ങള്‍ പറഞ്ഞ ഈ തേട്ടം തന്നെയാണ് ഇത്താ പ്രാര്‍ഥന. അല്ലാഹുവിനോട് മാത്രം നടത്തേണ്ടത്. അത് ശൈഖിനോട് നടത്തിയാല്‍ ശിര്‍ക്കാണ്. നരകം ഉറപ്പാക്കുന്ന കുറ്റം.''

''അല്ല മക്കളേ, നിങ്ങള്‍ ഞങ്ങളെ നരകത്തിലാക്കാന്‍ വന്നവരാണോ? ഞങ്ങളെ ഉസ്താദുമാര്‍ പറഞ്ഞുതരുന്നതേ ഞങ്ങള്‍ ചെയ്യുന്നുള്ളൂ.''

''ആര് പറഞ്ഞിട്ടെന്താ? അല്ലാഹു പറഞ്ഞതിനെതിര് ചെയ്താല്‍ എങ്ങനെ രക്ഷ കിട്ടും?''

''ജീലാനി ശൈഖിനോട് തേടാന്‍ പാടില്ല എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടോ മക്കളേ?''

''അങ്ങനെ കാണില്ല. അല്ലാഹുവിനോട് മാത്രമേ ദുആ ചെയ്യാന്‍ പാടുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അതില്‍ ജീലാനിയടക്കം എല്ലാവരും പെടും.''

''അവര്‍ക്ക് അല്ലാഹു കൊടുത്ത കഴിവില്‍ നിന്ന് ചോദിച്ചാല്‍ തെറ്റല്ല എന്നാണ് ഉസ്താദുമാര്‍ വഅളില്‍പറഞ്ഞു കേട്ടിട്ടുള്ളത്.''

''മരണപ്പെട്ട ശേഷം അവരുടെ കഴിവ് കൂടുകയാണോ കുറയുകയാണോ ചെയ്യുക?''

''അത്... പിന്നെ...''

''സംശയം വേണ്ട ഇത്താ. മരണത്തോടെ എല്ലാ കഴിവും നഷ്ടപ്പെടും. അതുകൊണ്ടാണല്ലോ നമ്മള്‍ മരിച്ചവരെ ക്വബ്‌റില്‍ മൂടുന്നത്. എല്ലാ കഴിവുമുള്ളവരെ ക്വബ്‌റടക്കുന്നത് ശരിയാണോ?''

''അങ്ങനെ ചോദിച്ചാല്‍...''

''നിങ്ങള്‍ ഉത്തരത്തിനായി ബുദ്ധിമുട്ടേണ്ട. ലോകത്തിന്റെ നാനാഭാഗത്തുനിന്ന് നാനാവിധ ഭാഷകളില്‍ കോടിക്കണക്കിനാളുകള്‍ ഒരേസമയം വിളിച്ചു തേടിയാല്‍ ജീലാനി ശൈഖിന് ഉത്തരം നല്‍കാനുള്ള കഴിവ് ഉെണ്ടന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നത്. അത് അല്ലാഹുവിന്റെ കഴിവാണ്. ആ കഴിവ് വേറെ ആര്‍ക്കുണ്ടെന്ന് വിശ്വസിച്ചാലും അതിന്റെ പേര് ശിര്‍ക്ക് എന്നാണ്. അല്ലാഹു പൊറുക്കാത്ത. എല്ലാ കര്‍മങ്ങളുടെയും പ്രതിഫലം നഷ്ടപ്പെടുത്തുന്ന മഹാ അപരാധം.''

''ഞങ്ങളെന്ത് ചെയ്യാനാ? ഉസ്താദുമാര്‍ പറയുന്നതും വീട്ടിലുള്ള ആണുങ്ങള്‍ പറയുന്നതും അനുസരിക്കാതിരിക്കാന്‍ കഴിയില്ല. പിന്നെ നമ്മുടെ പ്രയാസമൊക്കെ ബദ്‌രീങ്ങളോടും ജീലാനിയോടുമൊക്കെ പറയുമ്പോള്‍ നീങ്ങിപ്പോകാറുണ്ട്. പിന്നെ ഇതൊന്നും പറ്റൂലാന്ന് എങ്ങനെ...''

പാവങ്ങളുടെ നിഷ്‌കളങ്കതയും മതപരമായ അറിവില്ലായ്മയും ചൂഷണം ചെയ്യുന്ന പുരോഹിതന്മാരോട് വല്ലാത്ത ദേഷ്യം തോന്നി ഈ വാക്കുകള്‍ കേട്ടപ്പോള്‍. 

തൗഹീദിന്റെ പ്രാധന്യവും ശിര്‍ക്കിന്റെ ഗൗരവവും വിശദീകരിച്ച് കൊടുത്തപ്പോള്‍ കുറച്ചൊക്കെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിച്ചതായി മനസ്സിലായി. മനസ്സിലായ കാര്യം വീട്ടിലെ പുരുഷന്മാരുമായി പങ്കുവെക്കുവാനും സാധിക്കുന്നത്ര തൗഹീദില്‍ അടിയുറച്ച് നില്‍ക്കുവാനും ശിര്‍ക്കിനെ അങ്ങേയറ്റം ഭയന്ന് ജീവിക്കുവാനും ഉപദേശിച്ചുകൊണ്ട് ഞങ്ങള്‍ ആ വീട്ടില്‍നിന്ന് ഇറങ്ങി.