പ്രമാണങ്ങള്‍ പണയപ്പെടുത്തിയ സി.എന്‍ മൗലവിയുടെ പരിഭാഷ

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി / വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

2018 ഒക്ടോബര്‍ 13 1440 സഫര്‍ 02

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 6)

സി. എന്‍. അഹ്മദ് മൗലവിയുടെ പരിഭാഷ:

വൈജ്ഞാനികലോകത്ത് പരിഭാഷകള്‍ക്കുള്ള പച്ചക്കൊടി കാട്ടിയതോടുകൂടി തര്‍ജമയുടെ ലോകത്ത് വലിയൊരു വിഭാഗമാളുകള്‍ തങ്ങളുടെ സേവനം സമര്‍പ്പിച്ചു തുടങ്ങി. അവരില്‍ നന്മ പകരുകയും നന്നാക്കുകയും ചെയ്തവരുണ്ട്. അല്ലാഹുവിന്റെ ഗ്രന്ഥത്തിനുനേരെ ദോഷക്കൈ പ്രയോഗിക്കുകയും കുഴപ്പത്തില്‍ ആപതിക്കുകയും ചെയ്തവരുണ്ട്. അവരിലൊരാളാണ് സി. എന്‍. അഹ്മദ് മൗലവി. 1953ല്‍ അദ്ദേഹത്തിന്റെ തര്‍ജമ വെളിച്ചം കണ്ടു. മലയാള ലിപിയിലെ ആദ്യ സമ്പൂര്‍ണ ക്വുര്‍ആന്‍ പരിഭാഷയാണെന്നതിനാലും വശ്യമായ ശൈലി കൊണ്ടും സൂക്ഷ്മ പ്രയോഗം കൊണ്ടും ഭാഷയിലുള്ള തനിമ കൊണ്ടും വ്യതിരിക്തമായതിനാലും വായനക്കാരുടെ വന്‍മുന്നേറ്റം തന്നെ പ്രസ്തുത തര്‍ജമക്കുണ്ടായി. സി. എന്‍ ആകട്ടെ പൊതുജനങ്ങള്‍ക്കിടയിലും പ്രത്യേകക്കാര്‍ക്കിടയിലും ഒരുപോലെ പ്രസിദ്ധനായി. തര്‍ജമ പെട്ടെന്ന് പ്രചരിക്കുകയും പരിഭാഷകന്‍ കേരള ഗവണ്‍മെന്റിന്റെയടുക്കല്‍പോലും പ്രസിദ്ധനാകുകയും ചെയ്തു. പ്രസ്തുത തര്‍ജമയുടെ പ്രസാധന പൂര്‍ത്തീകരണത്തിന് ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായവും തുടര്‍ന്ന് ഗവണ്‍മെന്റിന്റെ ഒരു പുരസ്‌കാരവും സി. എന്നിന് ലഭിച്ചു. 

ഒരുവേള മാന്യവായനക്കാരന്‍ അത്ഭുതപ്പെട്ട് ചോദിച്ചേക്കാം: എന്തിന് വേണ്ടിയാണ് ഇത്രയും പ്രാധാന്യത്തോടുകൂടി ഈ തര്‍ജമ കൈകാര്യം ചെയ്യപ്പെട്ടത്? വലിയ സാഹിത്യകാരന്മാരും ഗ്രന്ഥകാരന്മാരും നേടുകയോ സ്വപ്‌നം കാണുകയോ ചെയ്യാത്ത ഈ മേന്മകള്‍ എങ്ങനെ സി.എന്നിന് ലഭിച്ചു? ഈ പരിഭാഷയുടെ രഹസ്യമെന്ത്?

വാസ്തവം പറഞ്ഞാല്‍ കേരള സാഹിത്യലോകം ഒരു പ്രത്യേക കോണിലൂടെയാണ് തര്‍ജമയിലേക്ക് നോക്കിയത്. അഥവാ സാഹിത്യത്തിന്റെയും സ്ഫുടതയുടെയും സൂക്ഷ്മ പ്രയോഗത്തിന്റെയും ഒഴുക്കുള്ള ശൈലിയുടെയും കോണിലൂടെ. എന്നാല്‍ പരിഭാഷകന്‍ സി.എന്‍ ആകട്ടെ സാഹിത്യകാരനും ആഖ്യാനത്തില്‍ നിപുണനും ഗ്രന്ഥരചനയിലും കോര്‍വയിലും നന്നായി കഴിവുള്ളവനുമായിരുന്നു. പക്ഷേ, വിശുദ്ധ ക്വുര്‍ആനിന്റെ വിജ്ഞാനീയങ്ങളിലും ഹദീഥ് വിഷയങ്ങളിലും അദ്ദേഹം വ്യുല്‍പത്തി കുറഞ്ഞയാളായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം നന്നായി ഇരുളില്‍ തപ്പി. 

അതുകൊണ്ട് മറുപക്ഷത്ത് മുസ്‌ലിം വേദികള്‍ അദ്ദേഹത്തിന്നെതിരെ ആഞ്ഞടിച്ചു. പണ്ഡിതന്മാര്‍ ഗ്രന്ഥകാരന്‍ തന്റെ ഇച്ഛാനുസരണം തര്‍ജമയില്‍ നിറച്ച വ്യാഖ്യാന വ്യതിയാനങ്ങള്‍ക്ക് മറുപടി പറഞ്ഞു. 

സി. എന്‍. അഹ്മദ് മൗലവിയുടെ പരിഭാഷയിലെ പ്രധാന ന്യൂനതകള്‍:

1. മുഅ്ജിസത്തുകളെ നിഷേധിച്ചു. 

2. പത്ത് തവണയിലധികം അല്ലാഹു വിശുദ്ധ ക്വുര്‍ആനില്‍ എടുത്തു പറഞ്ഞ അല്ലാഹുവിന്റെ 'അര്‍ശ്' (മഹിത സിംഹാസനം)നെ നിഷേധിച്ചു. 

3. ജിന്നുവര്‍ഗത്തെ നിഷേധിച്ചു. അവര്‍ മനുഷ്യരില്‍ പെട്ട ഒരു വര്‍ഗമാണെന്ന് അദ്ദേഹം ജല്‍പിച്ചു. 

ദുര്‍വ്യാഖ്യാനത്തിന്റെ ചില മാതൃകകള്‍

1. സി. എന്‍. മൗലവിയും മുഅ്ജിസത്തും

അല്ലാഹു പറഞ്ഞു: ''എന്റെ നാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ കാണിച്ചു തരേണമേ എന്ന് ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു). അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്‌റാഹീം പറഞ്ഞു: അതെ. പക്ഷേ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു. അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടികൂടുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടി വരുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 2:260).

പ്രസ്തുത ആയത്തിന് സി.എന്‍. നല്‍കുന്ന അര്‍ഥം ഇതാണ്: ''...നാല് പക്ഷികളെ പിടിച്ച് അവയെ നീയുമായി നല്ലപോലെ ഇണക്കുക; പിന്നീട്, അവയില്‍ ഓരോ വിഭാഗത്തേയും (അല്‍പം അകലെയുള്ള) ഓരോ മലകളില്‍ കൊണ്ടുപോയി വെക്കുക; എന്നിട്ട് അവയെ വിളിക്കുക, എന്നാല്‍, അവ നിന്റെയടുക്കലേക്ക് ഓടി വരും.'' ഇതിന്റെ അടിക്കുറിപ്പില്‍ തന്റെ വിവര്‍ത്തനത്തെ ശക്തിപ്പെടുത്തി വിവരിക്കുന്നത് ഇപ്രകാരമാണ്: ''മൃതപ്രായരായ മനുഷ്യരെ ഉദ്ധരിക്കുവാന്‍ എത്രയോ കൊല്ലം വിവിധ തന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇബ്‌റാഹീം നബി പാടുപെട്ടു. ഒന്നും ഫലിച്ചില്ല. അന്നേരം ആ മനുഷ്യരെ ഉദ്ദേശിച്ച് അല്ലാഹുവോട് അദ്ദേഹം ചോദിച്ചു: അല്ലാഹുവേ, മരിച്ചുകിടക്കുന്ന ഈ മനുഷ്യരെ എങ്ങനെയാകുന്നു നീ ജീവിപ്പിക്കുക എന്ന് എനിക്കൊന്ന് കാണിച്ചു തരേണമേ. അല്ലാഹു ഇബ്‌റാഹീം നബി(അ)യോട് നാല് പക്ഷികളെ പിടിച്ച് ശരിക്ക് ഇണക്കാന്‍ കല്‍പിച്ചു. ഇണക്കിക്കഴിഞ്ഞപ്പോള്‍ അവയെ അടുത്തുള്ള കുന്നുകളിന്മേല്‍ കൊണ്ടുപോയി വെച്ച് പേരെടുത്ത് വിളിക്കാന്‍ ഉപദേശിച്ചു. വിളിച്ചപ്പോള്‍ ഓരോന്നും അതാ ഓടി വരുന്നു. ബുദ്ധിയില്ലാത്ത കാട്ടുപക്ഷികളെ ഇങ്ങനെ ഇണക്കാന്‍ കഴിയുമെങ്കില്‍ മനുഷ്യരെ ഇണക്കുക എന്തുകൊണ്ട് സാധ്യമല്ല. ഇതായിരുന്നു അല്ലാഹുവിന്റെ മറുപടി. അല്ലാഹു മികച്ച തന്ത്രജ്ഞനാണെന്ന് പറഞ്ഞത് ഈ അവസരത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.'' 

മുഅ്ജിസത്തുകളെ നിഷേധിക്കുക എന്ന തന്റെ ഉദ്ദിഷ്ട ലക്ഷ്യത്തിലെത്താന്‍ ഇച്ഛക്കൊത്ത് അല്ലാഹുവിന്റെ വചനങ്ങളെ വ്യാഖ്യാനിക്കുകയാണ് സി.എന്‍ ചെയ്തിട്ടുള്ളത്. സ്വഹീഹുല്‍ ബുഖാരിയില്‍ 'നിങ്ങള്‍ അവയെ കഷ്ണിക്കുക' എന്ന് തന്നെ റിപ്പോര്‍ട്ടുള്ളതായി കാണാവുന്നതാണ്. 

സി.എന്‍ എഴുതിയപോലെയാണ് അര്‍ഥമെങ്കില്‍ പ്രസ്തുത ആയത്തിലെ വിഷയത്തിന് അത്ഭുതവും വൈചിത്ര്യവും ദ്യോതിപ്പിക്കുന്ന യാതൊരു അര്‍ഥതലവുമുണ്ടാവുകയില്ലെന്ന് മാത്രമല്ല ആ കഥ അവിടെ കൊണ്ടുവരുന്നതിന്റെ ആവശ്യം തന്നെയുണ്ടാവില്ല. 

ഇപ്രകാരം സി.എന്‍. മൗലവി, വിശുദ്ധ ക്വുര്‍ആനില്‍ നബിമാരുടെ മുഅ്ജിസത്തുകള്‍ പണരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങളിലെല്ലാം അവയെ സ്വന്തമായി വ്യാഖ്യാനിപ്പിച്ചൊപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. 

2. സി. എന്‍. മൗലവിയും ജിന്നും

മുസ്‌ലിംകളുടെ വിശ്വാസകാര്യങ്ങളില്‍ പെട്ടതാണ് അദ്യശ്യങ്ങളിലും അല്ലാഹുവും അവന്റെ തിരുദൂതരും പറഞ്ഞ മറ്റെല്ലാകാര്യങ്ങളിലും വിശ്വസിക്കുകയെന്നത്. അത് മനുഷ്യ ബുദ്ധിക്ക് യോജിച്ചാലും ഇല്ലെങ്കിലും!

സാധാരണ അവസ്ഥകളില്‍ നമുക്ക് കാണുവാനോ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് സംവദിച്ചെടുക്കാനോ സാധ്യമല്ലാത്ത സ്യഷ്ടികളായ ജിന്നുകള്‍ അല്ലാഹുവിന്റെ സൃഷ്ടികളായി ഉണ്ട് എന്ന വിശ്വാസം അതില്‍ പെട്ടതാണ്.

വ്യാഖ്യാനത്തിനോ സംശയത്തിനോ ഒരു പഴുതും നല്‍കാത്ത വിധം ഖണ്ഡിതമായ രൂപത്തില്‍ അല്ലാഹു ജിന്നുകളുടെ അസ്തിത്വത്തെ കുറിച്ച് നമ്മെ അറിയിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു: 

 ''ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സ്യഷ്ടിച്ചിട്ടില്ല'' (ക്വുര്‍ആന്‍ 51:56). 

വിശുദ്ധ ക്വുര്‍ആനില്‍ 'ജിന്ന്' എന്ന പേരില്‍ ഒരു അധ്യായം തന്നെയുണ്ട്. അതില്‍ ജിന്നുകളെക്കുറിച്ച് പല കാര്യങ്ങളും പരാമര്‍ശിക്കുന്നുണ്ട്. ജിന്നുകള്‍ സംഘമായി പ്രവാചകന്‍ﷺയെ സന്ദര്‍ശിച്ച ധാരാളം സംഭവങ്ങള്‍ സ്വഹീഹായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

ഈ യാഥാര്‍ഥ്യത്തെ ഒരാള്‍ നിഷേധിച്ചാല്‍ അത് സത്യസന്ധമായ ഒരു വാര്‍ത്തയെ കളവാക്കലാണ്. എന്തെന്നാല്‍ വിശുദ്ധ ക്വുര്‍ആന്‍ പത്ത് അധ്യായങ്ങളിലായി നാല്‍പതോളം വചനങ്ങളില്‍ ജിന്നുകളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. 

പക്ഷേ, ചില പൗരാണിക തത്ത്വചിന്തകരും അവരുടെ ചുവടുപിടിച്ച ചില ആധുനികരും ഒരു ചര്‍ച്ചയോ മറുപടിയോ അര്‍ഹിക്കാത്ത ബാലിശമായ തെളിവുകള്‍കൊണ്ട് ജിന്ന് എന്ന സ്യഷ്ടിയെ പാടെ നിഷേധിച്ചു. സി.എന്‍ മൗലവി ഈ തത്ത്വചിന്തകരുടെ ചുവടു പിടിച്ചാണ് നടന്നത്. സൂറത്തുല്‍ അഹ്ക്വാഫിലെ 29ാം വചനമായ 'ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്റെ അടുത്തേക്ക് ക്വുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്). അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി'' എന്നതിന് അര്‍ഥം നല്‍കവെ നല്‍കിയ അടിക്കുറിപ്പില്‍ ജിന്നുകളെ കുറിച്ചുള്ള തന്റെ വ്യതിചലിച്ച ചിന്തകള്‍ സമര്‍ഥിക്കാന്‍ പത്തോളം പേജുകള്‍ ഉപയോഗിച്ചതായി കാണാം.  

അദ്ദേഹം പറഞ്ഞു:''തീര്‍ച്ചയായും ജിന്നുകളെക്കുറിച്ച് മുസ്‌ലിംകളില്‍ പ്രചാരത്തിലുള്ള ധാരണ ജിന്നുകള്‍ മനുഷ്യരല്ലാത്ത, മനുഷ്യ പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഗോചരമല്ലാത്ത ഒരു പ്രത്യേക വര്‍ഗമെന്നാണ്. ഇത് പിഴച്ചതും അല്ലാഹുവിന്റെ വചനത്തിന് എതിരുമാണ്. കാരണം അല്ലാഹു മക്കയിലെ അവിശ്വാസികള്‍ക്ക് മറുപടി നല്‍കവെ പറഞ്ഞു: '(നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്ന് പോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് ആകാശത്തുനിന്ന് ഒരു മലക്കിനെത്തന്നെ നാം ദൂതനായി ഇറക്കുമായിരുന്നു'(ക്വുര്‍ആന്‍ 17:95). 

അതിനാല്‍ മലക്കുകളിലേക്ക് നിയോഗിതനായ ദൂതന്‍ മലക്കെന്നപോലെ മനുഷ്യരിലേക്ക് നിയോഗിതനായ ദൂതന്‍ മനുഷ്യനാണ്. പിന്നെ ജിന്നുകള്‍ മനുഷ്യരില്‍ പെട്ടവര്‍ അല്ലെങ്കില്‍ എങ്ങനെയാണ് മനുഷ്യരിലേക്കും ജിന്നുകളിലേക്കും ഒരു മനുഷ്യനെ ദുതനായി നിയോഗിക്കുക?''

ഇവിടെ അദ്ദേഹം തെളിവ് പിടിച്ച രീതി തീര്‍ത്തും തെറ്റാണ്. കാരണം വിശുദ്ധവചനം ഒരിക്കലും ഭൂമിയില്‍ നിര്‍ഭയരായി സഞ്ചരിക്കുന്ന ജിന്നുകള്‍ പോലുള്ള ഒരു സ്യഷ്ടിയുടെ ഉണ്‍മയെ നിഷേധിച്ചിട്ടില്ല. പ്രത്യുത ഭൂമിയില്‍ ഈ വിശേഷണങ്ങളോടെ സഞ്ചരിക്കുന്ന മലക്കുകളെയാണ് ആയത്ത് നിഷേ ധിക്കുന്നത്. മാത്രവുമല്ല മലക്കുകള്‍ മനുഷ്യരുമായി ഒരു സാദ്യശ്യവുമില്ലാത്ത സ്യഷ്ടികളാണ്. എന്നാല്‍ ജിന്നുകളും മനുഷ്യരും തമ്മില്‍ വലിയ സാദ്യശ്യമുണ്ട് താനും. കാരണം അവര്‍ക്ക് മനുഷ്യരെപ്പോലെ ബുദ്ധിയുണ്ട്, വികാരമുണ്ട്. അവര്‍ തിന്നുകയും കുടിക്കുകയും ഉറങ്ങുകയും ഇണചേരുകയും  ചെയ്യും. എന്നാല്‍ മലക്കുകള്‍ ഈ വിശേഷണങ്ങളൊന്നുമില്ലാത്തവയും മനുഷ്യരോടും ജിന്നുകളോടും തീര്‍ത്തും വ്യത്യാസം പുലര്‍ത്തുന്നതുമായ ഒരു വിഭാഗമാണ്. 

ജിന്നുകളോടൊപ്പം പ്രവാചകന്‍ﷺ നടത്തിയ അഭിമുഖങ്ങളെക്കുറിച്ച് സി.എന്‍ എഴുതുന്നു: ''പ്രസ്തുത സംഗമങ്ങളെല്ലാം ആള്‍ക്കൂട്ടങ്ങളില്‍നിന്ന് അകന്ന് മക്കക്ക് പുറത്തായിരുന്നു. ഒന്നും മക്കക്കകത്തായിരുന്നില്ല. അപ്പോള്‍ ഒരു യാഥാര്‍ഥ്യം അതില്‍ നിന്നും വ്യക്തമാകുന്നു. ഇവര്‍ മനുഷ്യന്മാ രും അന്യദേശക്കാരുമായിരുന്നു. അല്ലാതെ ചിലര്‍ വിശ്വസിക്കുന്നതുപോലെ മനുഷ്യര്‍ക്ക് തങ്ങളുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് കണ്ടുപിടിക്കാനാകാത്ത മറ്റൊരു വര്‍ഗമല്ല. മക്കക്കാരുടെ ഉപദ്രവം ഭയന്നാണ് പട്ടണത്തിന്റെ പുറത്ത് വന്നുനിന്ന് രാത്രി സമയത്ത് നബിയെ അങ്ങോട്ട് ക്ഷണിച്ചത്. ക്വുറൈശികള്‍ക്ക് കാണാനോ തൊടാനോ കഴിയാത്ത സ്യഷ്ടികളാണവരെങ്കില്‍ മക്കക്കകത്തു തന്നെ അവരുമായി നബിക്ക് അഭിമുഖം നടത്താമായിരുന്നു'' (സി.എന്‍ പരിഭാഷ). 

ഈ സന്ദേഹങ്ങളും ന്യായവാദങ്ങളുമെല്ലാം നിരര്‍ഥകം തന്നെയാണ്. കാരണം വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് ജിന്നുകള്‍ ശരീഅത്തിന്റെ വിധിവിലക്കുകള്‍ ബാധകമാകുന്നതില്‍ മനുഷ്യരോട് യോജിക്കുന്നു. എന്നാല്‍ അവര്‍ തിന്നുക, കുടിക്കുക, വസിക്കുക തുടങ്ങിയ വിഷയങ്ങളില്‍ തീര്‍ത്തും മനുഷ്യരോട് ഭിന്നത പുലര്‍ത്തുന്നവരാണ്. മനുഷ്യരോടൊപ്പം സംഗമിക്കലും ജിന്നുകള്‍ക്ക് ഏറെ പ്രയാസമുള്ള കാര്യമാണ്. 

വിശുദ്ധ ക്വുര്‍ആനും പ്രവാചക വചനങ്ങളും ജിന്നുകളുടെ അസ്തിത്വത്തെ സ്ഥാപിക്കുന്നു. നബിﷺ മക്കക്ക് പുറത്ത് ജിന്നുകളിലേക്ക് പോയിരുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ യുക്തിക്കും ബുദ്ധിക്കുമനുസരിച്ച് ഇതിനെ വ്യാഖ്യാനിക്കേണ്ട ആവശ്യം സത്യത്തിന്റെ വക്താ ക്കള്‍ക്കില്ല. 

സി. എന്‍. മൗലവിയും വിശ്വാസപരമായ സ്ഖലിതങ്ങളും

സി.എന്‍ അഹ്മദ് മൗലവി ഒന്നാന്തരം അശ്അരീ ചിന്താഗതിക്കാരനാണ്. അദ്ദേഹം അഹ്‌ലുസ്സുന്നയുടെ മാര്‍ഗത്തില്‍ നിന്ന് തെറ്റിയും മോശവുമായ രീതിയില്‍ അല്ലാഹുവിന്റെ വിശേഷണങ്ങളെ വ്യാഖ്യാനിച്ചു. മലയാളക്കരയിലെ സലഫികളല്ലാത്ത പരിഭാഷകരുടെയും സ്വൂഫി പരിഭാഷകരുടെയും അവസ്ഥ തന്നെയാണ് അദ്ദേഹത്തിന്റെതും. 

'സിംഹാസനസ്ഥനായ നാഥന്‍' എന്ന മഹല്‍ വിശേഷണത്തെ വ്യാഖ്യാനിച്ച്‌കൊണ്ട് സി. എന്‍. ഒരു പടികൂടി അവരേക്കാള്‍ മുന്നോട്ട് പോയി. സൂറത്ത് അഅ്‌റാഫിലെ 54ാം വചനത്തിലെ '...എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു...'' എന്നതിനെ തര്‍ജമ ചെയ്ത് സി.എന്‍ പറഞ്ഞു 'അഥവാ അങ്ങനെ (സൃഷ്ടിച്ച) ശേഷം അവന്‍ (തന്റെ) സിംഹാസനത്തില്‍ ഇരുന്നു.' 

തുടര്‍ന്ന് അടിക്കുറിപ്പിലെത്തിയപ്പോള്‍ സി. എന്‍ പറയുന്നു: ''ബ്രിട്ടീഷ് സിംഹാസനം ആടിത്തുടങ്ങി,' അല്ലെങ്കില്‍ 'ആ സിംഹാസനത്തിന്റെ അടിയിളകി' എന്നെല്ലാം പറയുമ്പോള്‍ സിഹാസനത്തെയല്ല, അവരുടെ ആധിപത്യത്തെയാണ് നാം ഉദ്ദേശിക്കാറുള്ളത്. ഒരു രാജാവ് ഒരു രാഷ്ട്രത്തിന്റെ ആധിപത്യം ഏറ്റെടുത്താല്‍ അദ്ദേഹം സിംഹാസനത്തിലിരുന്നു എന്ന് നാം പറയാറുണ്ട്. യഥാര്‍ഥ സിഹാസനത്തിലിരുന്നിട്ടില്ലെങ്കിലും ആ വാക്ക് ഉപയോഗിക്കുക പതിവാണ്... ഒരു രാജാവിന്റെ ആധിപത്യം തകര്‍ന്നുപോയാല്‍ അവന്റെ സിംഹാസനം തകര്‍ക്കപ്പെട്ടു എന്ന് പറയാറുണ്ട്. അവിടെ ഉദ്ദേശം ആധിപത്യമാണ്. സിംഹാസനമല്ല... അതായത് അര്‍ശിന് അല്ലാഹുവിന്റെ ആധിപത്യം എന്നര്‍ഥം... അതായത് അല്ലാഹുവിന്ന് ഒരു സിംഹാസനമുണ്ട്, അവന്‍ അതിന്മേല്‍ ഇരിക്കുകയാണ് എന്ന ധാരണ തത്ത്വജ്ഞാനികള്‍ക്ക് ഉണ്ടായിരിക്കുവാന്‍ ന്യായമില്ല. പാമര ജനങ്ങള്‍ മാത്രമെ അത്തരം ധാരണകള്‍ വെച്ചുകൊണ്ടിരിക്കുകയുള്ളു.''  

ഖേദകരമെന്ന് പറയട്ടെ, സി.എന്‍ മൗലവി അല്ലാഹുവിന്റെ മഹിതസിംഹാസനത്തെ പാടെ നിഷേധിക്കുകയാണ് ചെയ്തത്. അശ്അരികളെപ്പോലെ വ്യാഖ്യാനത്തില്‍ മാത്രം ഒതുങ്ങുകയായിരുന്നു സി.എന്‍ ചെയ്തതെങ്കില്‍ അദ്ദേഹം കേവലം ഒരു അശ്അരി ചിന്താഗതിക്കാരന്‍ എന്ന് പറഞ്ഞ് നമുക്കൊഴിയാമായിരുന്നു. പക്ഷേ, അദ്ദേഹം തന്റെ വഴികേടിലും അരുതാത്തത് പറയുന്നതിലും അഭംഗുരം തുടര്‍ന്നു. അവര്‍ പറയുന്നതില്‍ നിന്നെല്ലാം അല്ലാഹു പരമ പരിശുദ്ധനത്രെ. 

വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും സ്ഥിരപ്പെട്ട മഹത്തായ സിംഹാസനത്തെ എങ്ങനെ ഒരു മുസ്‌ലിം മനസ്സിന്ന് നിഷേധിക്കാനാവും!

അല്ലാഹു പറയുന്നു: ''...അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. മഹത്തായ സിംഹാസനത്തിന്റെ നാഥനത്രെ അവന്‍'' (ക്വുര്‍ആന്‍ 23:116).  

''നിന്റെ രക്ഷിതാവിന്റെ സിംഹാസനത്തെ അവരുടെ മീതെ അന്ന് എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്'' (ക്വുര്‍ആന്‍ 69:17).

 ''സിംഹാസനത്തിന്റെ ഉടമയും, മഹത്ത്വമുള്ളവനും'' (ക്വുര്‍ആന്‍ 85:15).

സി.എന്‍.ജല്‍പിച്ചത് പോലെ 'പിന്നീട് അവന്‍ (അല്ലാഹു) സിംഹാസനസ്ഥനായി' എന്ന വചനത്തെ അതിന്റെ ബാഹ്യം അറിയിക്കുന്നത് എടുക്കാതെ വ്യാഖ്യാനിക്കാം എന്ന് സങ്കല്‍പിച്ചാല്‍ തന്നെ അല്ലാഹുവിന്റെ മഹിതസിംഹാസനം സ്ഥാപിക്കുന്ന മുകളില്‍ കൊടുത്ത വിശുദ്ധ വാക്യങ്ങളുടെ അര്‍ഥമെന്താണ്? (അവസാനിച്ചില്ല)