മൗറീഷ്യസിലെ പ്രവാചകനും അഹ്മദിയാക്കളുടെ പ്രതിസന്ധിയും

അല്‍ത്താഫ് അമ്മാട്ടിക്കുന്ന്

2018 ശവ്വാല്‍ 02 1439 ജൂണ്‍ 16

മുഹമ്മദ് നബി ﷺ യുടെ പ്രവചനങ്ങളുടെ പുലര്‍ച്ച സംഭവിക്കുമ്പോള്‍ സത്യവിശ്വാസികളുടെ വിശ്വാസം വര്‍ധിക്കുമെന്നതില്‍ സംശയമില്ല. സന്തോഷം നല്‍കുന്ന പ്രവചനങ്ങളും സന്താപം നല്‍കുന്ന പ്രവചനങ്ങളും നബി ﷺ നടത്തിയതായി കാണാം. സമുദായത്തിന് ദോഷകരമായ പ്രവചനങ്ങള്‍ പുലരുമ്പോള്‍ അത് നമ്മെ ദുഃഖിപ്പിക്കാതിരിക്കില്ല. പ്രവാചകന്മാരില്‍ അന്തിമനായ മുഹമ്മദ് നബി ﷺ ക്ക് ശേഷം ഇനിയൊരു പ്രവാചകന്‍ വരാനില്ല. എന്നാല്‍ പ്രവാചകത്വ അവകാശവാദം ഉന്നയിച്ച് കൊണ്ട് ഒട്ടനവധി വ്യാജന്മാര്‍ രംഗപ്രവേശനം ചെയ്യും എന്ന് നബി ﷺ യുടെ വചനങ്ങളില്‍ നമുക്ക് കാണുവാന്‍ കഴിയും. ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്‌ലിം പ്രതിരോധത്തിന് തടയിടാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ പല മുസ്‌ലിം പണ്ഡിതന്മാരെയും വിലയ്ക്ക് വാങ്ങുകയുണ്ടായി. അങ്ങനെയുള്ളവരുടെ കൂട്ടത്തിലെ ഒരാളായിരുന്നു മിര്‍സാ ഗുലാം അഹ്മദ്. ഇയാള്‍ പിന്നീട് പ്രവാചകത്വം അവകാശപ്പെടുകയും ചെയ്തു. നബി ﷺ യുടെ കാലത്ത് മുസൈലിമ എന്ന വ്യാജന് ലഭിച്ചത് പോലെ ഇയാള്‍ക്കും അനുയായികള്‍ ഉണ്ടായി.

മറ്റ് വ്യാജപ്രവാചകന്മാരുടെ അനുയായികളില്‍ നിന്ന് ചില വ്യതിരിക്തതകള്‍ പുലര്‍ത്തുന്നുണ്ട് ഖാദിയാനികള്‍ അഥവാ അഹ്മദിയാക്കള്‍. അതില്‍ പ്രധാനമായ ചില വസ്തുതകളിലേക്ക് വിരല്‍ചൂണ്ടുക മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഒരാള്‍ പ്രവാചകത്വം വാദിച്ചാല്‍ അയാളുടെ അനുയായികള്‍ അയാളെ സത്യപ്പെടുത്തുകയും എതിരാളികള്‍ അയാളെ അസത്യപ്പെടുത്തുകയുമാണ് ചെയ്യുക. വ്യാജ പ്രവാചകന്മാരാകട്ടെ, സത്യദൂതന്മാരാകട്ടെ എല്ലാവരുടെയും അവസ്ഥ ഇതാണ്. എന്നാല്‍ മിര്‍സാ ഗുലാമിന്റെ അനുയായികള്‍ പ്രധാനമായും രണ്ട് വിഭാഗമാണ്; ലാഹോരികളും ഖാദിയാനികളും. ഇതില്‍ ഖാദിയാനികള്‍ മിര്‍സാഗുലാമിനെ പ്രവാചകനായി കാണുമ്പോള്‍ ലാഹോറികള്‍ ഇയാളെ പണ്ഡിതനും പരിഷ്‌കര്‍ത്താവുമായാണ് മനസ്സിലാക്കുന്നത്. അവസാന പ്രവാചകന്‍ മുഹമ്മദ് നബിയാണ് എന്ന ക്വുര്‍ആനികാധ്യാപനം ലാഹോരികള്‍ അംഗീകരിക്കുന്നു. മിര്‍സാഗുലാം പ്രവാചകത്വം അവകാശപ്പെട്ടിട്ടില്ല എന്നാണ് ലാഹോരികള്‍ അവരുടെ പ്രമാണമുദ്ധരിച്ച് കൊണ്ട് സമര്‍ഥിക്കുന്നത്. എന്തായിരുന്നാലും മിര്‍സാഗുലാമിന്റെ അനുയായികള്‍ തന്നെ പ്രവാചകനാണെന്നും അല്ലെന്നും അയാളെക്കുറിച്ച് വിലയിരുത്തുന്നത് കൗതുകകരമായൊരു വസ്തുതയാണ്.

ഖാദിയാനികളുടെ വിശ്വാസപ്രകാരം പ്രവാചകത്വം നിലച്ചിട്ടില്ല. അത് അന്ത്യനാള്‍ വരെ തുടര്‍ന്ന് കൊണ്ടിരിക്കും. എന്നാല്‍ മിര്‍സാഗുലാമിന് ശേഷം ആര് തന്നെ പ്രവാചകത്വം വാദിച്ചാലും അത് അംഗീകരിച്ച് കൊടുക്കാന്‍ അവര്‍ തയ്യാറുമല്ല! ഖാദിയാനികളില്‍ നിന്ന് ഒരുപാട് പേര്‍ ഇതിനോടകം പ്രവാചകത്വം വാദിക്കുകയുണ്ടായിട്ടുണ്ട്. ഖാദിയാനീവിശ്വാസ പ്രകാരം അതിന് സാധ്യതകള്‍ ഏറെയാണ് താനും. പക്ഷേ, അവര്‍ക്കൊന്നും ഖാദിയാനീ സഭ അംഗീകാരം നല്‍കിയിട്ടില്ല.

മൗറീഷ്യസില്‍ നിന്ന് ഖാദിയാനീ വിഭാഗത്തില്‍ പെട്ട ഒരു പ്രമുഖന്‍ പ്രവാചകത്വം അവകാശപ്പെട്ട് കൊണ്ട് രംഗ പ്രവേശനം ചെയ്തിട്ടുണ്ട്. ഇദ്ദേഹം മുമ്പ് ഖാദിയാനീ സഭയില്‍ സ്വീകാര്യനായ വ്യക്തിയായിരുന്നു. മുനീര്‍ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. സ്വഹീഹുല്‍ ഇസ്‌ലാം എന്ന പേരിലാണ് ഇദ്ദേഹത്തിന്റെ അനുയായികള്‍ അറിയപ്പെടുന്നത്. കേരളത്തിലും ഇദ്ദേഹത്തിന് അനുയായികളുണ്ട്. 

ഖാദിയാനീ ഖലീഫ ഇദ്ദേഹത്തെ അംഗീകരിക്കാതിരിക്കുന്നത് തന്റെ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടും എന്ന ഭയം കൊണ്ടാണ് എന്നാണ് സ്വഹീഹുല്‍ ഇസ്‌ലാമിന്റെ ആളുകള്‍ പറയുന്നത്. ഖാദിയാനികളും മൗറീഷ്യസിലെ 'പ്രവാചകന്റെ' അനുയായികളും തമ്മിലുള്ള സോഷ്യല്‍ മീഡിയാ സംവാദങ്ങളില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഖാദിയാനീ ഖലീഫക്കെതിരില്‍ മറുഭാഗം ഉന്നയിക്കുന്നത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ഉള്‍പെട്ട പനാമലീക്ക് ബാങ്ക് സാമ്പത്തിക ഇടപാടില്‍ ഖാദിയാനീ ഖലീഫ കോടികള്‍ നിക്ഷേപിച്ചു എന്ന് മറുഭാഗം തെളിവ് സഹിതം  സമര്‍ഥിച്ചപ്പോള്‍ അതിന് മറുപടി പറയാന്‍ പോലും ഖാദിയാനികള്‍ തയ്യാറായില്ല.

അനുയായികളുടെ മാസവരുമാനത്തില്‍ നിന്ന് ഒരു നിശ്ചിത ഭാഗം  ഖലീഫക്ക് എത്തിച്ച് കൊടുക്കുന്ന 'ചന്ദ' ഏര്‍പാടിന് ഖാദിയാനീ പ്രമാണങ്ങളില്‍ തെളിവില്ല എന്നാണ് മൗറീഷ്യസ് പ്രവാചകന്റെ അനുയായികള്‍ പറയുന്നത്. മാത്രവുമല്ല 'ചന്ദ' കൊടുക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ 'ഖലീഫ'യുടെ പ്രാര്‍ഥനയില്‍ ഉള്‍പെടുത്തില്ല എന്ന് ഭീഷണിപ്പെടുത്തി വന്‍ ആത്മീയചൂഷണത്തിനും ഖലീഫ നേതൃത്വം നല്‍കുന്നു എന്നും മറുവിഭാഗം ആരോപിക്കുന്നു.

ഖാദിയാനീ നേതൃത്വത്തിന്റെ ഇത്തരം നയനിലപാടുകള്‍ കാരണം കൊണ്ട് മാത്രമല്ല മൗറീഷ്യസിലെ പ്രവാചകനിലേക്ക് ആളുകള്‍ ആകൃഷ്ടരാകുന്നത്. ഖാദീയാനി പ്രമാണങ്ങള്‍ പ്രകാരം മൗറീഷ്യസിലെ പ്രവാചകനെ നിഷേധിക്കുക സാധ്യമല്ല എന്നുള്ളതും ഒരു പ്രധാന ഘടകമാണ്.

മിര്‍സാഗുലാമിന്റെ പ്രവാചകത്വ വാദത്തിനെതിരെ ലോക മുസ്‌ലിം സമൂഹം നിരത്തിയ പ്രമാണങ്ങള്‍ മൗറീഷ്യസ് പ്രവാചകനെതിരെ നിരത്താന്‍ ശ്രമിക്കുകയാണ് കാദിയാനികള്‍. അതാകട്ടെ അന്ത്യപ്രവാചകത്വം എന്ന യാഥാര്‍ഥ്യത്തിലേക്കാണ് എത്തിപ്പെടുക. ഖാദിയാനീ വിശ്വാസ പ്രകാരം അന്ത്യപ്രവാചകത്വ വാദം വഴികേടിന്റെ മാര്‍ഗമാണ് താനും.

ഖാദിയാനികളുടെ മുമ്പില്‍ ഇപ്പോള്‍ രണ്ട് മാര്‍ഗമാണ് ഉള്ളത്. ഒന്ന്, അന്ത്യപ്രവാചകത്വവാദം അംഗീകരിച്ച് അഥവാ മിര്‍സാഗുലാമില്‍ അവിശ്വസിച്ചും മുഹമ്മദ് നബി ﷺ അന്തിമദൂതനാണെന്ന് അംഗീകരിച്ചും ലോകമുസ്‌ലിംകളില്‍ ലയിച്ചുചേരുക. രണ്ട്, ഖാദിയാനീ വിശ്വാസ പ്രമാണങ്ങള്‍ അനുസരിച്ച് മൗറീഷ്യസിലെ പ്രവാചകനെ അംഗീകരിക്കുക. 

കാറ്റ് വിതച്ചവര്‍ കൊടുങ്കാറ്റ് കൊയ്യുകയാണിപ്പോള്‍! ഖാദിയാനീ മത വിഭാഗം അഭിമുഖീകരിച്ച അപരിഹാര്യമായ പ്രതിസന്ധിയാണ് ഇതെന്നാണ് ഇവ്വിഷയകമായി പഠനം നടത്തുന്നവര്‍ വിലയിരുത്തുന്നത്.