ദൈവം ഏകനോ?

എസ്.എ ഐദീദ് തങ്ങള്‍

2018 ഡിസംബര്‍ 22 1440 റബീഉല്‍ ആഖിര്‍ 14

ഞങ്ങള്‍ കൊടുത്ത ലഘുലേഖ അപ്പോള്‍ തന്നെ വായിച്ചു നോക്കിയ ശേഷം അതില്‍നിന്ന് ഒരു ഭാഗം വായിച്ചുകൊണ്ട് അയാള്‍ ഞങ്ങളോടായി പറഞ്ഞു: ''ഇതില്‍ പറഞ്ഞ രണ്ട് കാര്യങ്ങളില്‍ എനിക്ക് ഒരു വിശദീകരണം തന്നാല്‍ കൊള്ളാം. എന്റെ ഒന്നാമത്തെ സംശയം പരലോക വിശ്വാസത്തെക്കുറിച്ചാണ്. അതായത്, മരണ ശേഷം മറ്റൊരു ജീവിതം ഉണ്ടെന്നും അവിടെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും സല്‍കര്‍മകാരികള്‍ക്ക് സ്വര്‍ഗമുണ്ടെന്നും പറയുന്നു. ഇതിന് എന്ത് തെളിവാണുള്ളതെന്നറിഞ്ഞാല്‍ നന്നായിരുന്നു. രണ്ടാമത്തെ സംശയം, ദൈവം ഏകനാണെന്ന് പറയുന്നു. ഒരേയൊരു ദൈവം എന്ന വിശ്വാസമല്ലേ ശരിയല്ലാത്തത്? അനേകം ദൈവങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇവിടെ ഒരു കുഴപ്പവും സംഭവിക്കുന്നില്ലല്ലോ.''''

എറണാകുളത്ത് നടക്കാന്‍ പോകുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ഥം നടന്ന സ്‌ക്വാഡ് വര്‍ക്കിലായിരുന്നു ഞങ്ങളപ്പോള്‍, അങ്ങനെയാണ് മേല്‍പറഞ്ഞ സംശയമുന്നയിച്ച രമേശിന്റെ വീട്ടിലും കയറാനിയടായത്. നിറഞ്ഞ പുഞ്ചിരിയോടെ വീട്ടില്‍ കയറിയിരിക്കാന്‍ പറഞ്ഞ് ഞങ്ങള്‍ക്ക് കസേര നീക്കിയിട്ടുകൊണ്ട് അയാള്‍ പറഞ്ഞു: ''മുജാഹിദ് പ്രസ്ഥാനത്തെപ്പറ്റി ഞാന്‍ ധാരാളം കേട്ടിട്ടുണ്ട്. വലിയസമ്മേളനങ്ങള്‍ സംഘടിപ്പിച്ചാലും ഒരു ചെറിയ പ്രകടനം പോലും നടത്താതെ, ജനങ്ങെള ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നവരാണ് മുജാഹിദുകള്‍.''  

രമേശിന്റെ അഭിപ്രായത്തിന് നന്ദി പറഞ്ഞ് കൊണ്ട് ഞാന്‍ കയ്യിലുണ്ടായിരുന്ന ലഘുലേഖ അയാളെ ഏല്‍പിച്ചു. അത് വായിച്ച ശേഷമാണ് അയാള്‍ തന്റെ സംശയം ഉന്നയിച്ചത്. അയാള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടിയായി ഞാന്‍ ഇങ്ങനെ പറഞ്ഞ് തുടങ്ങി:

''താങ്കുടെ സംശയം ശ്രദ്ധേയമാണ്. പരലോകമുണ്ടെന്നും അല്ലാഹു ഏകനാണെന്നും ക്വുര്‍ആനില്‍ പറയുന്നു. അത് കൊണ്ട് ഞങ്ങള്‍ അങ്ങനെ വിശ്വസിക്കുന്നു. മാത്രമല്ല ബുദ്ധിയും യുക്തിയും അതിലാണുള്ളത്. വിശദീകരിക്കാം. താങ്കള്‍ക്ക് ഞങ്ങളെയാരെയും മുന്‍പരിചയമുണ്ടാകില്ല. ഞങ്ങള്‍ക്ക് താങ്കളെയും പരിചയമില്ല. എന്നിട്ടും ഞങ്ങള്‍ താങ്കളുടെ വീട്ടില്‍ എത്തിയിരിക്കുന്നു. ഭൗതികമായ എന്തെങ്കിലും നേട്ടം ആഗ്രഹിച്ചല്ല ഞങ്ങള്‍ വളരെ ദൂരെനിന്നും ഇവിടെ എത്തിയിരിക്കുന്നത്. ശമ്പളമോ ദിനബത്തയോ ലഭിക്കുന്ന പ്രവര്‍ത്തനമല്ല ഇത്. എന്നാല്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത് പരലോകത്തെ പ്രതിഫലമാണ്. ഈ ലോകം അനീതിയും അക്രമവും നിറഞ്ഞതാണ്. അക്രമികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കല്‍ വളരെ അപൂര്‍വമാണിവിടെ. നീതി നിഷേധം വ്യാപകമാണ്. അധികാരത്തിന്റെയും പണത്തിന്റെയുമൊക്കെ ബലത്തില്‍ ഭൂമിയില്‍ നടമാടുന്ന അരുതായ്മകളെക്കുറിച്ച് ഞാന്‍ പറയാതെ തന്നെ താങ്കള്‍ക്കറിയാമല്ലോ. അന്യായമായി കൊല്ലപ്പെടുന്നവര്‍ക്ക് കണക്കില്ല. ഇവര്‍ക്കൊക്കെ നീതി ലഭിക്കേണ്ടേ? അക്രമകള്‍ക്ക് ശിക്ഷ ലഭിക്കേണ്ടേ? വേണം എന്ന് ഏതൊരാളും ആഗ്രഹിക്കുന്നു. എന്നാല്‍ അത് ഈ ലോകത്ത് സാധ്യമല്ല. അതിന് ഒരു വേദി വേണം എന്ന് നാം ആഗ്രഹിക്കുന്നു. അതാണ് പരലോകം. അവിടെ ഉചിതമായ പ്രതിഫലം ലഭിക്കും. അര്‍ഹമായ പ്രതിഫലം ലഭിക്കും.  

പിഞ്ചുപെണ്‍കുട്ടികള്‍ പോലും ഇവിടെ പീഡിപ്പിക്കപ്പെടുന്നു. കുറ്റവാളി ആരെന്ന് വ്യക്തമാണെങ്കിലും പ്രോസിക്യൂഷന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ കോടതി പ്രതിയെ വെറുതെ വിടുന്നു. പ്രതിയെ വെറുതെ വിട്ടത് സഹിക്കാന്‍ കഴിയാതെ അയാളെ വെട്ടിക്കൊന്ന എത്രേയാ സംഭവങ്ങള്‍ നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്. അങ്ങനെ നിയമം കയ്യിലെടുത്തവര്‍ ശിക്ഷിക്കപ്പെടാറുമുണ്ട്. സത്യത്തില്‍ ആര്‍ക്കാണിവിടെ നീതിലഭിച്ചത്? യഥാര്‍ഥ കുറ്റവാളിക്ക് മതിയായ ശിക്ഷ ലഭിച്ചില്ല. സ്വയം നിയമം കയ്യിലെടുത്ത് പ്രതികാരം ചെയ്തവര്‍ക്ക് ജയിലില്‍ പോകേണ്ടിയും വരുന്നു. അര്‍ഹിക്കുന്ന നീതിയും ശിക്ഷയും ഇതിലില്ല എന്ന് നമ്മുടെ മനസ്സ് മന്ത്രിക്കുന്നു. ഇവിടെയാണ് പരലോകത്തെ രക്ഷാശിക്ഷകളുടെ പ്രസക്തി. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കുന്ന ഒരു വേദി വരാനുണ്ടെന്ന ചിന്ത തന്നെ നല്ലയാളുകള്‍ക്ക് മനഃസമാധാനം തരുന്ന കാര്യമാണ്.''

''അങ്ങനെയൊരു ലോകം ഉണ്ടെങ്കില്‍ നല്ലതു തന്നെ. എന്നാല്‍ യാതൊരു തെളിവുമില്ലാതെ എങ്ങനെ അതില്‍ വിശ്വസിക്കും? മരിച്ചു മണ്ണടിഞ്ഞവര്‍ വീണ്ടും എങ്ങനെ ജീവിക്കും?'' രമേശന്‍ ഇടക്കു കേറി ചോദിച്ചു. 

''പരലോകം ഇല്ല എന്ന് പറയുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്? നമ്മള്‍ അടുത്തിടെ ജനിച്ചവരാണ്. അഥവാ ജനിക്കുന്നതിന് മുമ്പ് നമ്മള്‍ ഇവിടെയില്ലായിരുന്നു. പിന്നീട് സ്രഷ്ടാവ് നമുക്ക് അസ്തിത്വം നല്‍കി. ആ സ്രഷ്ടാവിന് നമുക്ക് വീണ്ടും ജീവന്‍ നല്‍കാന്‍ എന്ത് പ്രയാസമാണുള്ളത്? നമുക്ക് കാണാന്‍ കഴിയാത്തതൊന്നും ഇല്ല എന്ന് വിധിപറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്?''

''നിങ്ങള്‍ പറയുന്നതില്‍ ചില വസ്തുതകളൊക്കെയുണ്ട്. വിശദമായി പഠിക്കേണ്ട വിഷയമാണ്...''

''ഒരേയൊരു ദൈവം എന്ന വിശ്വാസം ശരിയല്ല എന്ന് താങ്കള്‍ സൂചിപ്പിച്ചു. താങ്കള്‍ക്ക് ബോറടിക്കുന്നില്ല എങ്കില്‍ ഇതല്‍പം വിവരിക്കാം.''

''ഹേയ്, ബോറടിയൊന്നുമില്ല. ആത്മീയ ചര്‍ച്ചയും വല്ലപ്പോഴും ആകാമല്ലോ.''

''ഒരു രാജ്യത്തിന് തുല്യ പദവിയുള്ള ഒന്നിലധികം രാജാക്കന്മാര്‍, പ്രസിഡന്റുമാര്‍, പ്രാധനമന്ത്രിമാര്‍ ഉണ്ടായതായി ചരിത്രത്തിലില്ല. വര്‍ത്തമാനകാലത്തുമില്ല. അഥവാ ഉണ്ടെങ്കില്‍ ആ രാജ്യത്ത് സമാധാനജീവിതം അന്യമായിരിക്കും. അധികാരവടംവലി രൂക്ഷമായിരിക്കും. ഓരോരുത്തരും വ്യത്യസ്തമായ നിയമങ്ങള്‍ആവിഷ്‌കരിക്കുകയും വ്യത്യസ്ത കല്‍പനകള്‍ പുറപ്പെടുവിക്കുകയും ചെയ്താല്‍ ആരുടെ നിയമങ്ങളും കല്‍പനകളുമാണ് ജനങ്ങള്‍ അനുസരിക്കുക? ഒന്നിലധികം ദൈവങ്ങളാണുള്ളതെങ്കില്‍ പ്രപഞ്ചത്തിന്റെ അവസ്ഥയും ഇതുപോലെയാകില്ലേ? വിരുദ്ധമായ കല്‍പനകള്‍ പറുപ്പെടുവിച്ചാല്‍ എന്തായിരിക്കും അനന്തരഫലം? ''ആകാശ ഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ലദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു'' എന്ന് വിശുദ്ധ ക്വുര്‍ആന്‍ (21:22) പറയുന്നത് ശ്രദ്ധേയമാണ്.

ബഹുദൈവാരാധകര്‍ ഇവിടെ ഒരു കുഴപ്പവുമില്ലാതെ ജീവിക്കുന്നുവല്ലോ എന്ന് താങ്കള്‍ പറഞ്ഞു. അതും ദെവം ഒന്നേയുള്ളൂ എന്നതിന് തെളിവാണ്. ആ ദൈവം പരമകാരുണികനും കരുണാനിധിയുമാണ്. അവനില്‍ വിശ്വസിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രം എല്ലാ അനുഗ്രഹങ്ങളും ചൊരിയുക എന്നതല്ല അവന്റെ വ്യവസ്ഥിതി. ഇഹലോകത്ത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്റെ അനുഗ്രഹം അവന്‍ നല്‍കുന്നു. വായു, വെള്ളം, വെളിച്ചം, ഭക്ഷണം, ആരോഗ്യം, അറിവ്, സമ്പത്ത്...അങ്ങനെയങ്ങനെ ധാരാളം അനുഗ്രഹങ്ങള്‍ അവന്‍ നല്‍കുന്നത് അവനെ മാത്രം ആരാധിക്കുന്നവര്‍ക്ക് പ്രത്യേകമായല്ല. എന്നാല്‍ അവനെ മാത്രം ആരാധിച്ചുകൊണ്ടും അവന്റെ കല്‍പനകള്‍ അനുസരിച്ചകൊണ്ടും ജീവിച്ചവര്‍ക്ക് മാത്രമാണ് പരലോകത്ത് രക്ഷ ലഭിക്കുക.''

ഇങ്ങനെ സംശയങ്ങളും വിശദീകരണവുമായി ഏറെ നേരം കഴിഞ്ഞ ശേഷമാണ് ഞങ്ങള്‍ അവിടെനിന്നും ഇറങ്ങിയത്.