ബദ്‌റും ബദ്‌രീങ്ങളും ഇസ്‌ലാമിലും സമൂഹത്തിലും

മൂസ സ്വലാഹി, കാര

2018 ജൂണ്‍ 02 1439 റമദാന്‍ 17

ഇസ്‌ലാമിക ചരിത്രത്തില്‍ ഏറെ പ്രസിദ്ധവും മഹത്ത്വമുള്ളതുമായ ഒന്നാണ് ബദ്ര്‍ യുദ്ധം. 'യൗമുല്‍ ഫുര്‍ക്വാന്‍' (സത്യവും അസത്യവും വേര്‍തിരിക്കപ്പെട്ട ദിവസം) എന്നാണ് അല്ലാഹു അതിനെ വിശേഷിപ്പിച്ചത്. ഉറ്റാലോചിക്കുന്നവര്‍ക്ക് അതില്‍ ഒട്ടേറെ ഗുണപാഠങ്ങളുണ്ടെന്നു ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. അല്ലാഹു പറയുന്നു: 

''(ബദ്‌റില്‍) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ്‌തോന്നിയിരുന്നത്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സഹായം കൊണ്ട് പിന്‍ബലംനല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്''(ക്വുര്‍ആന്‍ 3:13).

നിഷ്‌കളങ്കമായ വിശ്വാസവും അല്ലാഹുവിനോട് മാത്രമുള്ള പ്രാര്‍ഥനയും അവനില്‍ മാത്രം ഭരമേല്‍പിച്ച് സ്ഥൈര്യമോടെ നിലകൊണ്ടതുമാണ് ദുര്‍ബലരായ മുസ്‌ലിം സൈന്യത്തിന് വിജയത്തിലേക്കുള്ള വഴി തുറന്നുകൊടുത്തത്. ആള്‍ബലവും ആയുധബലവുമുള്ള ശത്രുസൈന്യമാകട്ടെ അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കുന്നവരും അഹങ്കാരികളും ധിക്കാരികളുമായിരുന്നു. 

മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസ, കര്‍മ മണ്ഡലങ്ങളെ മലിനമാക്കുന്ന പൗരോഹിത്യത്തിന്റെ ഇടപെടല്‍ ബദ്‌റും ബദ്‌റില്‍ പങ്കെടുത്തവരുമായും ബന്ധപ്പെട്ട ചരിത്രത്തിലും ഒട്ടും കുറവല്ല എന്ന് കാണുവാന്‍ സാധിക്കും.  ബദ്ര്‍ യുദ്ധത്തിന്റെ പേരില്‍ ഇവര്‍ ദീനിലേക്ക് കടത്തിക്കൂട്ടിയ ശിര്‍ക്കും ബിദ്അത്തും അനേകമാണ്. അവയെ തുറന്നു കാണിക്കലും തിരുത്തലും സത്യസന്ധരായ പ്രബോധകരുടെ കടമയാണ്. അവയില്‍ പ്രധാനപ്പെട്ട ചിലതിലൂടെ ഒന്ന് കണ്ണോടിക്കാം. 

 

ബദ്ര്‍ദിനം ആചരിക്കുന്നു 

അല്ലാഹുവിന്റെ കല്‍പന പ്രകാരം ഉണ്ടായ ബദ്ര്‍യുദ്ധം നടന്ന ദിനത്തെ പ്രത്യേക ദിനമായി ആചരിക്കുവാനും ആണ്ടുതോറും കൊണ്ടാടുവാനും ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. എന്നാല്‍ സമസ്തക്കാര്‍ വളരെയധികം പോരിശയോടെ അത് കൊണ്ടാടുന്നു. അവര്‍ തന്നെ എഴുതുന്നു: ''നബി ﷺ യുടെ കാലത്തുണ്ടായിരുന്ന ഈ ബദ്ര്‍ മൗലിദ് പരിപാടി നമ്മുടെ കല്യാണ വീടുകളിലും പുതിയ വീട്, കട, എന്നിവയുടെ ഉദ്ഘാടന വേളയിലും പ്രത്യേകിച്ചു റമദാന്‍ പതിനേഴിനും  സസന്തോഷം നടന്നുവരുന്നത് ഏറെ മഹത്തരമാണ്''(പുണ്യ ദിനങ്ങളും ആചാരങ്ങളും: മുനീര്‍ സഅദി, പേജ് 91).

'നബി ﷺ യുടെ കാലത്തുണ്ടായിരുന്ന ഈ ബദ്ര്‍ മൗലിദ് പരിപാടി' എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഇത് ശുദ്ധമായ കളവല്ലേ? ഇവരുടെ പക്കലുള്ള ബദ്ര്‍ മൗലിദ് നബി ﷺ യുടെ കാലത്ത് ഉണ്ടായിരുന്നതാണോ? നബി ﷺ യും സ്വഹാബിമാരും 'ബദ്ര്‍ മൗലിദ് പരിപാടി' നടത്തിയതായി തെളിയിക്കാന്‍ എന്ത് പ്രമാണമാണ് ഇവരുടെ പക്കലുള്ളത്? 

 

ബദ്‌രീങ്ങളോട് പ്രാര്‍ഥിക്കല്‍ 

പ്രാര്‍ഥന അല്ലാഹുവിന്ന് മാത്രം അവകാശപ്പെട്ടതാകുന്നു. അത് മറ്റൊരാള്‍ക്ക് നല്‍കല്‍ തികഞ്ഞ നന്ദികേടാണ്. അല്ലാഹു പറയുന്നു:

''(നബിയേ,)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല'' (ക്വുര്‍ആന്‍ 72:20). 

ബദ്‌റില്‍ ഒത്തുചേര്‍ന്ന പ്രവാചകനും അനുയായികളും പ്രാര്‍ഥിച്ചത് അല്ലാഹുവിനോട് മാത്രം. പ്രാര്‍ഥന അല്ലാഹുവല്ലാത്തവരോടും ആകാം എന്നതായിരുന്നു ശത്രുക്കളുടെ വാദം. ഇത് ഇസ്‌ലാമികചരിത്രത്തിന്റെ ബാലപാഠമറിയുന്നവര്‍ക്കെല്ലാം അറിയാം. എന്നാല്‍ സമസ്തയുടെ വിശ്വാസം കാണുക: ''മുഹിയുദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണേ പോലെ മരിച്ചുപോയ മഹാത്മാക്കളെ വിളിച്ചു പ്രാര്‍ഥിക്കല്‍ ശിര്‍ക്കല്ല; അനുവദനീയം ആണെന്ന് സുന്നികള്‍...'' (കുണ്ടുതോട് വാദപ്രതിവാദം, 1974 ജൂണ്‍ 1, പേജ് 2). ഈ വിശ്വാസവും ഇസ്‌ലാമും തമ്മിലെന്ത് ബന്ധം? ഇതാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെങ്കില്‍ എന്തിനാണ് ബദ്ര്‍യുദ്ധം നടന്നത്?

 

ബദ്‌രീങ്ങളെ വിളിച്ച് സഹായംതേടല്‍ 

ബദ്‌റില്‍ ശത്രു സൈന്യത്തെ നേരിടാനൊരുങ്ങവെ 'ബദ്‌രീങ്ങള്‍' സഹായം തേടിയത് അല്ലാഹുവിനോട് മാത്രം. അല്ലാഹു പറയുന്നു: 

''നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി'' (ക്വുര്‍ആന്‍ 8:9).

ഇതൊന്നും സമസ്തക്കാര്‍ കണ്ട മട്ടില്ല. അവരുടെ ധിക്കാരത്തിന്റെയും പ്രമാണനിഷേധത്തിന്റെയും ആഴം കാണുക: ''ഏതേതു പ്രശ്‌നങ്ങളായിരുന്നാലും ശരി ഐഹികമാകട്ടെ പാരത്രികമാകട്ടെ ബദരീങ്ങളെ വിളിച്ച് സഹായം തേടിയാല്‍ തീര്‍ച്ചയായും സഹായം ലഭിക്കപ്പെടും. ഇസ്‌ലാമിക പ്രമാണങ്ങളില്‍ അതിനു മതിയായ രേഖകള്‍ പ്രസ്പഷ്ടമായിരിക്കെ അത് ശിര്‍ക്കാണെന്ന് പറയുന്നവരുടെ തലക്കാണ് വട്ട്'' (ബദ്ര്‍ മൗലിദ് പരിഭാഷയും വിവരണവും, പേജ് 43). വിശ്വാസികളുടെ ദിനേനയുള്ള പ്രതിജ്ഞ മാത്രമാണ് ഇതിനുള്ള മറുപടി. അല്ലാഹു പറയുന്നു: ''നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു'' (ക്വുര്‍ആന്‍ 1:5).

 

ബദ്‌രീങ്ങളുടെ പേരില്‍ നേര്‍ച്ചയാക്കല്‍ 

നേര്‍ച്ച ആരാധനയും അല്ലാഹുവിനു ഇഷ്ടമുള്ളതുമായതിനാല്‍ അവന്റെ നാമത്തിലും അവനെ അനുസരിക്കുന്നതിലുമാണ് നേരേണ്ടത്. നേര്‍ച്ച നേര്‍ന്നവര്‍ അത് പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: 

''നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്ന് പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും'' (ക്വുര്‍ആന്‍ 76:7).

ഇന്ന് പ്രചാരത്തിലുള്ള, ഇസ്‌ലാമുമായി ബന്ധമില്ലാത്ത അനേകം നേര്‍ച്ചാഘോഷങ്ങള്‍ ഉണ്ട്. അതിലൊന്നാണ്  ബദ്‌രീങ്ങളുടെ പേരിലുള്ള നേര്‍ച്ച. സമസ്തയുടെ വിശ്വാസം കാണുക: ''ബദ്‌രീങ്ങളുടെ പേരില്‍ ഫാതിഹയും യാസീനും പാരായണം ചെയ്ത് ഹദ്‌യ ചെയ്യലും അവരുടെ പേരിലുള്ള ആണ്ടു നേര്‍ച്ചകളും ഈമാന്‍ സലാമത്താകാനുള്ള മാര്‍ഗങ്ങളാണ്, നമ്മുടെ മുന്‍ഗാമികള്‍ കാണിച്ചുതന്ന ഈ സദാചാരം നാമും മുറുകെ പിടിക്കണം'' (സുന്നി അഫ്കാര്‍, 2015 ജനുവരി 21, പേജ് 7). 

സലഫുസ്സ്വാലിഹുകളില്‍ ഇതിന് മാതൃക കണ്ടെത്താന്‍ കഴിയില്ലെന്നുറപ്പാണ്. മുന്‍ഗാമികള്‍ എന്നതുകൊണ്ട് ഇവര്‍ ഉദ്ദേശിച്ചത് ശിയാക്കളും സ്വൂഫികളും ബറേല്‍വികളും ആണെങ്കില്‍ ശരി. അല്ലാതെ സ്വഹാബികളും താബിഉകളും അവരുടെ ശേഷക്കാരുമാകുന്ന സച്ചരിതരായ മുന്‍ഗാമികളില്‍ ഇതിന് മാതൃക കണ്ടെത്തുവാന്‍ സാധ്യമല്ല. 

 

ബദ്‌രീങ്ങളെകൊണ്ടുള്ള ഇടതേട്ടം

ഇടതേട്ടം അനുവദനീയമായതും അല്ലാത്തതുമുണ്ട്. നാം ചെയ്ത സല്‍കര്‍മങ്ങളെ മുന്‍നിര്‍ത്തിയും നല്ലവരുടെ പ്രാര്‍ഥന കൊണ്ടും അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടും നമുക്ക് റബ്ബിനോട് തേടാം. എന്നാല്‍ പ്രവാചകന്റെയോ സ്വാലിഹുകളുടെയോ ഹഖ്, ജാഹ്, ബര്‍കത്ത് കൊണ്ട് ഇടതേടല്‍ ഇസ്‌ലാം പഠിപ്പിച്ചതല്ല. ബദ്‌രീങ്ങളുടെ പേരില്‍ സമസ്തക്കാര്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസം ഒന്ന് കാണുക: ''എല്ലാവിധ കാവലിനും പ്രധാന വഴി ബദ്‌രീങ്ങളെ തവസ്സുലാക്കുക (ഇടതേടുക) തന്നെ. എത്രത്തോളം, മരണസമയത്ത്ഇബ്‌ലീസിന്റെ ഫിത്‌നയില്‍ നിന്ന് കാവല്‍ തേടാനും അത് ഉപയുക്തമാകുന്നു.''(ബദ്ര്‍ മൗലിദ് പരിഭാഷയും വിവരണവും, പേജ് 51).

ഇസ്‌ലാം പഠിപ്പിക്കുന്നത് എല്ലാവിധ കാവലും അല്ലാഹുവിനോട് നേരിട്ട് ചോദിക്കുവാനാണ്; അല്ലാതെ ബദ്‌രീങ്ങളെ തവസ്സുലാക്കി ചോദിക്കുവാനല്ല. ബദ്ര്‍യുദ്ധ ശേഷം ജീവിച്ച നബി ﷺ ക്കും സ്വഹാബത്തിനും പരിചയമില്ലാത്ത ഒരു വിശ്വാസം എങ്ങനെയാണ് മുസ്‌ലിംകള്‍ക്ക് അംഗീകരിക്കുവാന്‍ കഴിയുക?

 

ബദ്ര്‍ബൈതും ബദ്ര്‍മൗലിദും 

തമിഴ്‌നാട്ടുകാരനായ 'അല്ലാമാ മാപ്പിള ലബ്ബൈ അലീം' ആണ് ബദ്ര്‍ മൗലിദിന്റെ രചയിതാവ്. സമസ്തക്കാര്‍ ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇത് എന്തിനു വേണ്ടിയാണെന്ന് അവര്‍ തന്നെ വ്യക്തമാക്കുന്നു: ''ഉദ്ദേശ സഫലീകരണത്തിന്, ബാലാഉ മുസ്വീബത്തുകളില്‍ നിന്നും മോചനം ലഭിക്കുന്നതിന്, വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കാവല്‍ ലഭിക്കുന്നതിന് എല്ലാം തന്നെ ബദ്ര്‍ മൗലിദ് ഓതി വരുന്നു'' (ബദ്ര്‍ മൗലിദ് പരിഭാഷയും വിവരണവും, പേജ് 6). 

ഇത് ചൂഷണത്തിന്റെ വഴിയാണെന്ന് അവര്‍ തന്നെ തെളിയിക്കുന്നത് കാണുക: ''ഇവിടെയാണ് പൂര്‍വികര്‍ നടപ്പിലാക്കിയ ഇത്തരം ആത്മീയ സംരംഭങ്ങളെ നാം ഗൗരവത്തോടെ വിലയിരുത്തേണ്ടത്. മന്‍ക്വൂസ് മൗലിദ് പാരായണം ചെയ്താണ് അവര്‍ വസൂരി മാറ്റിയിരുന്നത്, സുഖ പ്രസവം ഉറപ്പു വരുത്തിയത്. ഖുതുബിയ്യതും ബദ്ര്‍, മുഹ്‌യിദ്ദീന്‍ മാലകളും ആലപിച്ചാണവര്‍ സൈ്വര്യം ഭദ്രമാക്കിയത്'' (സുന്നി അഫ്കാര്‍: 2015, പേജ് 11). 

എത്ര വലിയ അപരാധമാണ് ഇക്കൂട്ടര്‍ ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും! 

''(നബിയേ,) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 5:76) എന്ന അല്ലാഹുവിന്റെ വചനത്തിന്റെ പൊരുള്‍ ഇവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

 

ബദ്‌രീങ്ങളുടെ പേരില്‍ കാവലാക്കല്‍ 

അസ്മാഉല്‍ ബദ്‌രിയ്യീന്‍ ഏറെ പ്രചാരത്തിലുള്ള ഒന്നാണ്. ബദ്‌റില്‍ ശുഹദാക്കളായ സ്വഹാബികളുടെ നാമങ്ങള്‍ വീട്ടിലോ മറ്റു വസ്തുക്കളിലോ തൂക്കിയിട്ടാല്‍ അതിനുള്ള കാവലാണത്രെ. നബി ﷺ യും സ്വഹാബത്തും കാവല്‍തേടിയത് അല്ലാഹുവിനോട് മാത്രം. വിശ്വാസികള്‍ അതാണ് പിന്‍പറ്റേണ്ടത്. 

അല്ലാഹു പറയുന്നു: ''അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട''(ക്വുര്‍ആന്‍ 65:3). 

ഇതിനെതിരാണ് സമസ്തക്കാരുടെ നിലപാട്. ബദ്ര്‍ ശുഹദാക്കളുടെ നാമങ്ങളെ പ്രശംസിച്ച് അവര്‍ എഴുതിയത് കാണുക: ''ബദ്‌രീങ്ങളുടെ നാമങ്ങള്‍ ജപിക്കലും അവരെ കൊണ്ട് ഇടതേടലും അവരുടെ നാമം എഴുതലും അതിനെ ചുമക്കലും നാമങ്ങള്‍ വീട്ടില്‍ ബന്ധിപ്പിക്കലും സംരക്ഷണത്തിനും വിജയത്തിനും രക്ഷപ്പെടുവാനും മറ്റു പല പ്രയോജനങ്ങള്‍ക്കും കാരണമാണ്'' (സുന്നി അഫ്കാര്‍: 2015 ജനുവരി 21, പേജ് 7). 

ഇത് സമസ്തയുടെ ആചാര്യന്‍ അഹ്മദ് കോയ ശാലിയാത്തി രചിച്ചതായതിനാല്‍ തന്നെ 1933ല്‍ അവര്‍ പാസ്സാക്കിയ എട്ടാം പ്രമേയത്തില്‍ ഇതിനെ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

 

മജ്‌ലിസ്സുന്നൂറും അല്‍മഹഌറത്തില്‍ ബദ്‌രിയ്യയും 

സമസ്ത ആശയപരമായി ഒന്നായത് കൊണ്ട് സംഘടനാപക്ഷപാതിത്വം മൂലം ഉണ്ടായിവന്ന കാര്യങ്ങളാണിത്. അവരുടെ സംഘടനാകാര്യം എന്തുമാകട്ടെ, അത് അവരുടെ സ്വാതന്ത്ര്യം. പക്ഷേ, മതത്തിന്റെ പേരില്‍ നൂതനകാര്യങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിക്കലാണ് പ്രശ്‌നം. 2012ല്‍ സയ്യിദ് ഹൈദരലി  ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് ഇ.കെ വിഭാഗം മജ്‌ലിസ്സുന്നൂര്‍ എന്ന സംഗമം തുടങ്ങുന്നത്. അതിന്റെ ലക്ഷ്യം ഇതാണ്: ''അര മണിക്കൂറില്‍ കവിയാത്ത ആത്മീയ ബോധനവും തുടര്‍ന്ന് അസ്മാഉല്‍ ബദ്ര്‍ ആലാപനവും യാസീന്‍ പാരായണവും നടത്തി ദുആ ചെയ്ത് പിരിഞ്ഞു പോകുന്നതാണ് ജില്ലാ കമ്മിറ്റി നിര്‍ദേശിക്കുന്നതിന്റെ രീതി '(സുന്നി അഫ്കാര്‍, 2015ജനുവരി, പേജ് 9). ഇതിന്റെ പോക്ക് കണ്ട് സഹിക്കവയ്യാതെ എ.പി വിഭാഗം കാന്തപുരത്തിന്റെ നിര്‍ദേശ പ്രകാരം ഈ അടുത്ത് തുടങ്ങിയ ഏര്‍പ്പാടാണ് അല്‍മഹഌറത്തില്‍ ബദ്‌രിയ്യ. ഇതിന്റെ ക്രമം ഇങ്ങനെയാണ്: ''ഒന്നര മണിക്കൂര്‍ സമയമെടുക്കുന്ന മഹഌറയുടെ 45 മിനിറ്റ് ദിക്ര്‍, 30 മിനിറ്റ് ഉദ്‌ബോധനം, 15 മിനിറ്റ് പ്രാര്‍ഥന എന്നിങ്ങനെ ക്രമീകരിക്കണം'' (അല്‍ മഹഌറത്തില്‍ ബദ്‌രിയ്യ, പേജ്2). 

ഏച്ചുകൂട്ടിയാല്‍ മുഴച്ചിരിക്കും എന്ന പഴമൊഴി എത്ര അര്‍ഥപൂര്‍ണം. മതത്തില്‍ ഇല്ലാത്തത് അതിലേക്ക് കൂട്ടിച്ചേര്‍ത്താല്‍ അത് വേറിട്ട് നില്‍ക്കുമെന്നതില്‍ സംശയമില്ല. സമസ്ത പണ്ഡിതരും അനുയായികളുമാണ് ബദ്‌റില്‍ പങ്കെടുത്തതെന്നു തോന്നിക്കും വിധമാണ് അവരുടെ പ്രവര്‍ത്തനം. സൂറഃ അഹ്ക്വാഫിലെ പതിനൊന്നാം വചനത്തെ വിശദീകരിച്ച ഇബ്‌നുകഥീര്‍(റഹ്) പറഞ്ഞത് ഇവിടെ ശ്രദ്ധേയമാണ്: '' സ്വഹാബത്തില്‍ നിന്ന് സ്ഥിരപ്പെട്ടിട്ടില്ലാത്ത വാക്കും പ്രവൃത്തിയും ബിദ്അത്താണ്. കാരണം അത് നല്ലതാണെങ്കില്‍ അവര്‍ അതിലേക്ക് മുന്‍കടക്കുമായിരുന്നു. നല്ലതായിട്ടുള്ള ഒന്നിനെയും അതിലേക്ക് മുന്‍കടന്നിട്ടല്ലാതെ അവര്‍ ഒഴിവാക്കിയിട്ടില്ല'' (തഫ്‌സീര്‍ ഇബ്‌നുകഥീര്‍). ബദ്‌റില്‍ പങ്കെടുത്തവര്‍ പഠിപ്പിക്കാത്തതും അവര്‍ക്ക് പരിചയമില്ലാത്തതുമായ കാര്യങ്ങളെ ദീനിന്റെ കാര്യമായി അവതരിപ്പിക്കുമ്പോള്‍ നബി ﷺ യുടെ ഉപദേശങ്ങളെ ഓര്‍ക്കുന്നത് നന്നാകും. 

ആഇശ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: 'നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്.'' മറ്റൊരു റിപ്പോര്‍ട്ടില്‍ വന്നതായി കാണാം: ''നമ്മുടെ കല്‍പനയില്ലാത്ത വല്ല കര്‍മവും ആരെങ്കിലും ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്'' (ബുഖാരി, മുസ്‌ലിം). 

ഇമാം മാലിക്(റഹ്) പറയുന്നു: ആരെങ്കിലും ഇസ്‌ലാമില്‍ പുതിയ വല്ലതും നിര്‍മിച്ചുണ്ടാക്കുകയും അതിനെ നല്ലതായി കാണുകയും ചെയ്താല്‍ അവന്‍ മുഹമ്മദ് നബി ﷺ  തന്റെ ദൗത്യത്തിന്റെ കാര്യത്തില്‍ വഞ്ചന കാണിച്ചു എന്നാണു വാദിക്കുന്നത്. കാരണം ഇന്ന് നിങ്ങളുടെ മതം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു എന്ന് പറഞ്ഞു കഴിഞ്ഞു. അന്ന് മതത്തില്‍ ഉള്‍പെട്ടിട്ടില്ലാത്ത ഒരു കാര്യം ഇന്ന് മതമായി തീരുകയില്ല'' (അല്‍ ഇഹ്തിസ്വാം, ഇമാം ശാത്വിബി 1:65).