അഹ്മദിയാക്കള്‍ പുതിയ പ്രതിസന്ധിയിലേക്ക്

അല്‍ത്താഫ് അമ്മാട്ടിക്കുന്ന്

2018 ഡിസംബര്‍ 22 1440 റബീഉല്‍ ആഖിര്‍ 14

മുഹമ്മദ് നബിﷺക്ക് ശേഷം പ്രവാചകത്വം അവകാശപ്പെട്ട് രംഗപ്രവേശനം ചെയ്ത മിര്‍സാഗുലാം അഹ്മദ് ഖാദിയാനിയുടെ പ്രസ്ഥാനമായ അഹ്മദീയ ജമാഅത്ത് 100 വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ ഒരുപാട് ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലാണ്. ചില നിവേദനങ്ങളില്‍ കാണുന്ന നൂറ്റാണ്ടിലൊരിക്കല്‍ ഒരു പരിഷ്‌കര്‍ത്താവ് വരും എന്ന പ്രവാചക വചനം ഖാദിയാനീ മതത്തിന്റെ അടിസ്ഥാനപരമായൊരു വിശ്വാസമാണ്. ഈ പ്രവചനം മുസ്‌ലിംലോകം  അംഗീകരിക്കുന്നുണ്ടെങ്കിലും ഇസ്‌ലാമിക വിശ്വാസം ഈ പ്രവചനത്തിന്റെ അടിസ്ഥാനത്തിലല്ല നിലകൊള്ളുന്നത്. എന്നാല്‍ മിര്‍സാഗുലാം ഈ ഹദീഥ് ഉയര്‍ത്തിപ്പിടിച്ചാണ് താന്‍ മുജദ്ദിദാണെന്നും പിന്നീട് മഹ്ദിയാണെന്നും ശേഷം സാക്ഷാല്‍ നബിതന്നെയാണെന്നും വാദിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാദങ്ങളെ പിന്‍താങ്ങുന്ന വ്യാഖ്യാനങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.

മിര്‍സാഗുലാമിന് ശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ (ശിഷ്യന്മാര്‍) ലാഹോരികള്‍, ഖാദിയാനികള്‍ എന്നിങ്ങനെ രണ്ടായി പിളര്‍ന്നു. ലാഹോരി വിഭാഗം മിര്‍സാഗുലാമിനെ മുജദ്ദിദ് മാത്രമായി കണക്കാക്കുന്നു. മുഹമ്മദ് നബിﷺ അവസാന പ്രവാചകനാണെന്ന് ലാഹോരികള്‍ ക്വുര്‍ആനും നബിവചനങ്ങളും മിര്‍സയുടെ പ്രഖ്യാപനങ്ങളും നിരത്തി സമര്‍ഥിക്കുകയും ചെയ്യുന്നു. സ്വന്തം ശിഷ്യന്മാരെപ്പോലും തന്റെ പ്രവാചകത്വം പ്രാമാണികമായി ബോധ്യപ്പെടുത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഈ ദുര്യോഗം അല്ലാഹു നിയോഗിച്ച ഒരു പ്രവാചകനും വന്നിട്ടില്ല. 

ഖാദിയാനികളുടെ വിശ്വാസമനുസരിച്ച് അവര്‍ മാത്രമാണ് യഥാര്‍ഥ മുസ്‌ലിംകള്‍. ആയതിനാല്‍ നൂറ്റാണ്ടിന്റെ തലക്കല്‍ പ്രത്യക്ഷപ്പെടുന്ന മുജദ്ദിദ് അവരില്‍ നിന്നാണ് വരിക. അത്‌കൊണ്ട് തന്നെ ഒരു മുജദ്ദിദിനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ് ഖാദിയാനികള്‍. എന്നാല്‍ മുജദ്ദിദ്‌വാദം ഉന്നയിച്ച് ആരുതന്നെ വന്നാലും നിലവിലെ ഖാദിയാനീ ഖലീഫ അയാളെ അംഗീകരിക്കാന്‍ തയ്യാറല്ല എന്നാണ് വ്യക്തമാകുന്നത്. രണ്ടാം ഖലീഫ മുതല്‍ ഇത്‌വരെയുള്ള എല്ലാ ഖലീഫമാരും മിര്‍സയുടെ കുടുംബത്തില്‍ നിന്നായതിനാല്‍ ഖലീഫാ തിരഞ്ഞെടുപ്പിന്‍ മഹാഭൂരിഭാഗം പേരും അസ്വസ്ഥരാണ്. ഇതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ അടുത്ത കാലത്ത് 'ഗ്രീന്‍ അഹ്മദിയ്യത്ത്' എന്ന പ്രസ്ഥാനം ഉടലെടുത്തത് ഖാദിയാനികള്‍ക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ചു. മുസ്‌ലിം വിഭാഗങ്ങളിലേക്ക് നോക്കി അവര്‍ തമ്മിലുള്ള ഭിന്നതയും സംഘടനാ വൈജാത്യങ്ങളും ചൂണ്ടിക്കാണിച്ച് കൊണ്ട് ഞങ്ങള്‍ മാത്രം ഏക ഖിലാഫത്തിന്റെ തണലില്‍ സുരക്ഷിതരാണെന്ന് അവകാശവാദമുന്നയിക്കുന്നവരാണ് ഖാദിയാനികള്‍. എന്നാല്‍ അപരിഹാര്യമായ വിഭാഗീയത അഹ്മദിയ്യാ ജമാഅത്തിലുമുണ്ടെന്ന വസ്തുത നേതൃത്വം മറച്ചുവെക്കാന്‍ ശ്രമിക്കുന്നുവെങ്കിലും അണികള്‍ അത് തിരിച്ചറിയുന്നുണ്ട്. 

ഇസ്‌ലാമില്‍ ഖിലാഫത്ത് എന്നത് രാഷ്ട്രീയ അധികാരം കൂടി ഉള്‍പെട്ട ഒന്നാണ്. അത് കൊണ്ടാണ് 1920ല്‍ പിരിച്ചുവിടപ്പെട്ട അധികാരമുല്ലാത്ത ഉസ്മാനിയ ഖിലാഫത്തിനെ അംഗീകരിച്ചിട്ടു കൂടി അതിനെ നാമ മാത്രമായ ഖിലാഫത്ത് എന്ന് മുസ്‌ലിം ലോകം വിശേഷിപ്പിച്ചത്. എന്നാല്‍ അഹ്മദിയ്യാ ഖലീഫ ഭൂമിയില്‍ ഒരു തുണ്ട് സ്ഥലത്തിന്റെ പോലും ഭരണാധികാരിയല്ല, സ്വന്തം സംഘടനയുടെയും സ്ഥാപനങ്ങളുടെയുമല്ലാതെ.  

ഈയിടെ മൗറീഷ്യസില്‍ നിന്ന് പുതിയ ഒരു പ്രവാചകന്‍ രംഗപ്രവേശനം ചെയ്തിരിക്കുന്നു. മുനീര്‍ അസീം എന്നാണ് അദ്ദേഹത്തിന്റെ പേര്. കാലഘട്ടത്തിന്റെ മുജദ്ദിദായും അല്ലാഹുവിന്റെ ഖലീഫയായും നബിയായും അമീറുല്‍ മുഅ്മിനീനായും അല്ലാഹു തന്നെ നിയമിച്ചുവെന്നും മുഹ്‌യിദ്ദീന്‍ എന്ന സ്ഥാനം ദൈവം തനിക്ക് നല്‍കിയതായും അദ്ദേഹം അവകാശപ്പെടുന്നു. ഈ വിവരം അദ്ദേഹം നിലവിലെ ഖലീഫയെയും ഇതിന് മുമ്പുള്ള ഖലീഫയെയും അറിയിച്ചു. ഏത് പ്രകാരമാണോ മിര്‍സാ ഗുലാം നബിയായത് അതേ പ്രകാരം തന്നെയാണ് താനും നബിയായത് എന്ന് ഇദ്ദേഹം വാദിക്കുന്നു. മുസ്‌ലിം സമൂഹത്തോട് ഇനിയും നബിമാര്‍ വരും എന്ന് ക്വുര്‍ആനിലെ വചനങ്ങള്‍ ദുര്‍വ്യാഖ്യാനിച്ച് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നവരോട് അതേ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് തന്നെയാണ് പുതിയ പ്രവാചകനും അദ്ദേഹത്തിന്റെ വാദം സ്ഥാപിക്കുന്നത്. മിര്‍സാ ഗുലാമിനെ നബിയായി അംഗീകരിച്ചവരെ സംബന്ധിച്ചിടത്തോളം ഇദ്ദേഹത്തിന്റെ വാദം അവര്‍ക്ക് സ്വീകാര്യമാണ്. എന്നാല്‍ നിലവിലെ ഖലീഫയോടുള്ള ബഹുമാനം കാടുകയറിയ ഖാദിയാനികളെ സംബന്ധിച്ചിടത്തോളം ഖലീഫ പറയുന്നതാണ് പ്രമാണം. അത് മിര്‍സയുടെ വചനങ്ങള്‍ക്ക് എതിരായാലും ശരി.

മൗറീഷ്യസിലെ പ്രവാചകനെ അധികാര മോഹിയാക്കി ചിത്രീകരിച്ച് ഒരുവിധം തടിതപ്പിയെങ്കിലും വൈകാതെ പുതിയ ചോദ്യമുയരാന്‍ തുടങ്ങി. ഹിജ് 15ാം നൂറ്റാണ്ടിലെ മുജദ്ദിദ് എവിടെ? നിലവിലെ ഖലീഫ മുജദ്ദിതാണോ?

മറ്റൊരു പ്രതിസന്ധികൂടി അഹ്മദിയ്യാ ജമാഅത്ത് നേരിടുന്നു. ജമാഅത്ത് അഹമ്മദിയ്യാ പസന്‍സ് എന്ന സംഘടന. ഇതിന്റെ നേതാവ് ജംബാ സാഹിബാണ്. അദ്ദേഹം കാലഘട്ടത്തിന്റെ വാഗ്ദത്തെ മുജദ്ദിദ് ആണ് എന്നാണ് അവകാശപ്പെടുന്നത്. മറ്റു ഖാദിയാനി ഗ്രൂപ്പുകൡ നിന്ന് വ്യത്യസ്തവും സഹിഷ്ണുതാപൂര്‍ണവുമാണ് ഇവരുടെ നിലപാടുകള്‍. മിര്‍സാഗുലാം യഥാര്‍ഥ പ്രവാചകനല്ല എന്നും ആലങ്കാരികമായ അര്‍ഥത്തിലാണ് അദ്ദേഹം നബിയാണെന്ന് അവകാശപ്പെട്ടത് എന്നും ഇവര്‍ മിര്‍സയെ ഉദ്ധരിച്ച് കൊണ്ട് സ്ഥാപിക്കുന്നു. മുജദ്ദിദ് എന്ന അര്‍ഥത്തിലാണ് മിര്‍സാഗുലാം താന്‍ നബിയാണെന്ന് അവകാശപ്പെട്ടത് എന്ന് ഇവര്‍ വാദിക്കുന്നു. മുമ്പ് ഒരു രാജ്യത്ത് അഹ്മദിയ്യാ ജമാഅത്തിന്റെ അമീറായി പ്രവര്‍ത്തിച്ച ഒരു സുഹൃത്ത് ഖാദിയാനിസം ഉപേക്ഷിച്ച് ഈ സംഘടനയില്‍ അംഗമായിട്ടുണ്ട്. അദ്ദേഹത്തിനുണ്ടായ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്ക്‌വെക്കുകയുണ്ടായി. മിര്‍സാഗുലാം നബിയാണ് എന്ന് തെളിയിച്ചാല്‍ 10 ലക്ഷം രൂപ തരാം എന്ന് പറഞ്ഞ് അദ്ദേഹം ഖാദിയാനികളെ വെല്ലുവിളിക്കുകകൂടി ചെയ്തു. ആ വെല്ലുവിളി ഇപ്പോഴും നിലനില്‍ക്കുന്നു. 

ഖാദിയാനിലെ ബഹശ്തീ മഖ്ബറയില്‍ അടക്കം ചെയ്യപ്പെട്ടാല്‍ സ്വര്‍ഗാവകാശിയാകും എന്ന ഒരു വിശ്വാസം ഖാദിയാനികള്‍ക്കുണ്ട്. ഒരു വാട്‌സ് ആപ്പ് ചര്‍ച്ചയില്‍ മൗറീഷ്യസ് നബിയുടെ അനുയായിയായ ഒരാള്‍ മുന്‍ ഖാദിയാനി ഖലീഫയായ താഹിര്‍ അഹ്മദ് മൗറീഷ്യസിലെ നബിയെ അംഗീകരിക്കാത്തതിനാല്‍ അദ്ദേഹം വഴികേടിലാണ് എന്ന് ആരോപിച്ചപ്പോള്‍ ഒരു ഖാദിയാനീ വിശ്വാസി പറഞ്ഞത് അദ്ദേഹം ബഹശ്തി മഖ്ബറയില്‍ അടക്കം ചെയ്യപ്പെട്ടതിനാല്‍ സ്വര്‍ഗാവകാശിയാണ് എന്നാണ്. എന്നാല്‍ എവിടെയെങ്കിലും അടക്കപ്പെട്ടതിനാല്‍ സ്വര്‍ഗം ലഭിക്കില്ല എന്നാണ് മൗറീഷ്യസുകാരുടെ അഭിപ്രായം. 

ഈസാ നബി(അ) ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുന്നത് ശിര്‍ക്കന്‍ വിശ്വാസമാണ് എന്നാണ് ഖാദിയാനികള്‍ പറയുന്നത്. ഈ വിശ്വാസം ജൂത-ക്രൈസ്തവ വിശ്വാസത്തിന്റെ തുടര്‍ച്ചയാണ് എന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഈ വിശ്വാസം മിര്‍സാഗുലാമിനും ഉണ്ടായിരുന്നു എന്ന്(പ്രവാചകത്വം വാദിക്കുന്നതിനു മുമ്പ്) ഖാദിയാനി സാഹിത്യങ്ങളില്‍ കാണാം. മിര്‍സാഗുലാം പ്രവാചകത്വം വാദിക്കുന്നതിന് മുമ്പ് ശിര്‍ക്കന്‍ വിശ്വാസം പേറിയിരുന്നു എന്ന് ഇവര്‍ പറയാതെ പറയുന്നു എന്നര്‍ഥം. 

ഈസാ നബിക്ക് മാത്രം ആയുസ്സ് വര്‍ധിപ്പിച്ചുകൊടുത്തു എന്ന വിശ്വാസം ശാസ്ത്രബോധത്തിന് നിരക്കാത്തതാണെന്നും മുകളില്‍ നിന്ന് (ഗുരുത്വാകര്‍ഷണ വലയത്തിന് അപ്പുറത്ത് നിന്ന്) ഒരു വസ്തുവും താഴെവരില്ല എന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍ മിര്‍സ അല്ലാഹുവിനെ സ്വപ്‌നം കാണുകയും അല്ലാഹുവിന്റെ പേനയിലെ മഷി മിര്‍സയുടെ കുപ്പായത്തില്‍ പതിച്ചുവെന്നും ഖാദിയാനികള്‍ വിശ്വസിക്കുന്നു. പേന സ്വപ്‌നവും മഷിത്തുള്ളി യാഥാര്‍ഥ്യവും! ഇതിന്റെ ശാസ്ത്രീയത എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ഈസാ നബി(അ)യെ ആകാശത്തിലേക്കുയര്‍ത്തി എന്നത് അല്ലാഹുവിന്റെ കഴിവായി അംഗീകരിക്കാന്‍ കഴിയില്ല എന്നും അത് ക്വുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ് എന്നും പറയുന്ന ഇവര്‍ ഈസാ നബി(അ)യെ കുറിശിലേറ്റിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവരാണ്. ക്വുര്‍ആന്‍ പറയുന്നതാകട്ടെ അദ്ദേഹത്തെ കുരിശിലേറ്റിയിട്ടില്ല എന്നും!

കാശ്മീരില്‍ യേശുവിന്റെയും മര്‍യമിന്റെയും ക്വബ്ര്‍ ഉണ്ട് എന്ന് ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇന്ന് പല രാജ്യങ്ങളിലും യേശുവിന്റെയും മാതാവിന്റെയും ക്വബ്ര്‍ ഉള്ളതായി അവിടങ്ങളില്‍ ഉള്ളവര്‍ വിശ്വസിക്കുന്നതായി നമുക്ക് അറിയാന്‍ കഴിയും. ജപ്പാന്‍, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ യേശുവിന്റെ ക്വബ്ര്‍ നിലകൊള്ളുന്നു എന്ന് പല ക്രൈസ്തവ വിഭാഗങ്ങളും വിശ്വസിക്കുന്നു.

യേശു മരിച്ചു എന്ന് മിര്‍സയാണ് ആദ്യം പ്രഖ്യാപിച്ചത് എന്നും അത് ഈസാ നബി(അ) വീണ്ടും വരുമ്പോള്‍ 'കുരിശ് തകര്‍ക്കും' എന്ന പ്രവാചക വചനത്തിന്റെ പുലര്‍ച്ചയാണ് എന്നും അഹ്മദിയാക്കള്‍ വിശ്വസിക്കുന്നു. 

എന്നാല്‍ യേശു സ്വഭാവിക മരണം വരിച്ചു എന്നും ഭൂമിയില്‍ സാധാരണ രീതിയില്‍ അടക്കം ചെയ്യപ്പെട്ടു എന്നുമുള്ള വിശ്വാസം ചില ക്രൈസ്തവ സഭാവിഭാഗങ്ങളുടെതാണ്. അങ്ങനെ വരുമ്പോള്‍ ഈസാനബി കുരിശുടക്കും എന്ന പ്രവചനത്തിന്റെ പുലര്‍ച്ച ചില ക്രൈസ്തവ സഭാവിഭാഗങ്ങളിലൂടെയാണ് പൂര്‍ത്തീകരിച്ചത് എന്ന് പറയേണ്ടിവരും. മാത്രവുമല്ല മിര്‍സയാണ് ആദ്യമായി ഈ കാര്യങ്ങള്‍ ലോകത്തോട് പറഞ്ഞത് എന്ന വാദവും ഇവിടെ തകര്‍ന്നടിയുന്നു. ഇതെല്ലാം കാദിയാനി മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളാണെന്നും പ്രത്യേകം ഓര്‍ക്കുക.

ഖാദിയാനീ വിഭാഗങ്ങളില്‍ നിന്ന് വേര്‍പ്പെട്ട് കൊണ്ട് മിര്‍സാഗുലാമിനെ പരിഷ്‌കര്‍ത്താവായി മാത്രം കാണുന്ന അഹ്മദിയ്യാ ജമാഅത്ത് പസന്‍സ് എന്ന വിഭാഗത്തിന്റെ തലവന്‍ ജംബാസാഹിബ് വാദിക്കുന്നത് അദ്ദേഹമാണ് ഇബ്‌നുമര്‍യം എന്നാണ്. ഹദീസുകളില്‍ പറയപ്പെട്ട ഈസബ്‌നു മര്‍യം ഒരു വ്യക്തിയല്ല എന്നും അതൊരു ഉന്നതമായ പദവി(സ്ഥാനം)യാണെന്നുമാണ് അഹ്മദിയ്യാക്കളുടെ വിശ്വാസം. അങ്ങനെ ഇനിയും ഈസബ്‌നുമര്‍യം വരും എന്ന് മിര്‍സ പ്രവചിച്ചിട്ടുണ്ട് എന്നും ജംബാസാഹിന്റെ അനുയായികള്‍ മിര്‍സയുടെ പ്രമാണമുദ്ധരിച്ച് കൊണ്ട് സ്ഥാപിക്കുകയും ചെയ്യുന്നു.

അങ്ങനെയെങ്കില്‍ 'എനിക്കും ഈസാക്കുമിടയില്‍ പ്രവാചകനില്ല' എന്ന ഹദീഥ് പ്രകാരം മിര്‍സാഗുലാം നബിയല്ല എന്ന് പിന്നെയും വ്യക്തമാകുന്നു. കാരണം ഈ ഹദീഥിലെ 'ഈസ' മിര്‍സയാണ് എന്നാണ് അഹ്മദിയ്യാക്കളുടെ വിശ്വാസം. ഈസബ്‌നു മര്‍യം എന്നത് ഒരു പദവിയാകുകയും  ഈസ തനിക്ക് ശേഷവും വരുമെന്ന് മിര്‍സ പറയുകയും ചെയ്യുമ്പോള്‍ ഈ വരുന്ന ഈസാക്കും മുഹമ്മദ് നബിക്കും ഇടയില്‍ പ്രവാചകനില്ല എന്ന് വരുമല്ലോ. അപ്പോള്‍ മിര്‍സ വീണ്ടും നബിയല്ലാതാകുന്നു!

ഇസ്‌ലാമിക ഖിലാഫത്തും ഖാദിയാനീ ഖിലാഫത്തും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഖുലഫാഉര്‍റാഷിദുകള്‍ രാഷ്ട്രീയാധികാരം ഉള്ളവരും ദൈവികഗ്രന്ഥമനുസരിച്ച് വിധി പറയുന്നവരുമായിരുന്നു. എന്നാല്‍ ഖാദിയാനി ഖലീഫ പേരുകൊണ്ട് മാത്രം ഖലീഫയാണ്. ഖാദിയാനി ഖലീഫയെ പോലെ കേവലം ബൈഅത്ത് വാങ്ങുന്നവരാണ് ഖലീഫയെങ്കില്‍ ഖാദിയാനി ഗ്രൂപ്പുകളില്‍ തന്നെയുള്ള എല്ലാ പ്രവാചകത്വവാദികളും മുജദ്ദിദ് വാദികളും ഖലീഫ തന്നെ. അവരില്‍ ആരാണ് യഥാര്‍ഥ ഖലീഫ? ഏര്‍വാടി, അജ്മീര്‍ പോലുള്ള വ്യാജ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ചുറ്റിക്കറങ്ങുന്ന ചിലരും ത്വരീക്വത്തിന്റെ പിന്തുടര്‍ച്ചക്കാരും അവകാശപ്പെടുന്നത് അവര്‍ 'ഖലീഫ'യാണ് എന്നാണ്. അവകാശവാദംകൊണ്ട് മാത്രം ഖലീഫയാകുമെങ്കില്‍ ഇവരെല്ലാം ഖലീഫമാര്‍ തന്നെ! അതല്ല അധികാരം കൊണ്ട് മാത്രം ഖലീഫയാകുമെങ്കില്‍ ഇസ്‌ലാമിക രാജ്യങ്ങൡലെ ചില ഭരണാധികാരികളും ഖലീഫ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരാണ്; എങ്കില്‍ അവരും യഥാര്‍ഥ ഖലീഫമാരല്ലേ? 

ഇത്തരം പ്രശ്‌നങ്ങളെ നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് ഖാദിയാനീ ഖലീഫ ക്രൈസ്തവരുടെ പോപ്പ് സമ്പ്രദായത്തെ അദ്ദേഹത്തിന്റെ ഖിലാഫത്തുമായി ഉപമിച്ച കാര്യം 'ബദര്‍' പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഖാദിയാനികള്‍ക്ക് പുതിയ ഒരു തിരിച്ചടിയായി. അതോടെ ഇത് ദൈവിക ഖിലാഫത്തല്ല എന്ന വസ്തുത ഖാദിയാനികള്‍ക്ക് തന്നെ അംഗീകരിക്കേണ്ടിവന്നു. മാത്രവുമല്ല മിര്‍സാഗുലാം അദ്ദേഹത്തിന് ശേഷം ഖിലാഫത്തിനെപ്പറ്റി ചിന്തിച്ചിട്ടുകൂടിയില്ല എന്നാണ് മൗറീഷ്യസ് പ്രവാചകന്റെ അനുയായികള്‍ പറയുന്നത്. 'സദര്‍ അഞ്ചുമന്' ഒരു പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ മാത്രമാണ് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നതത്രെ.

ക്വുര്‍ആന്‍, ഹദീഥ് തുടങ്ങിയവയാണ് മുസ്‌ലിംകളുടെ പ്രമാണങ്ങള്‍. എന്നാല്‍ ഖാദിയാനികള്‍ക്ക് ഇതിന് പുറമെ ബൈബിള്‍ കൂടി പ്രമാണമാണ്. ബൈബിള്‍ കൂടാതെ അവരുടെ വിശ്വാസം സ്ഥാപിക്കുക സാധ്യമല്ല. ഈസാനബി(അ)യുടെ രണ്ടാംവരവ് വിശ്വാസം ശിര്‍ക്കാണെന്ന് സ്ഥാപിക്കാന്‍ ബൈബിളില്‍ ഏലിയാവ് വരും എന്ന മൂഢ വിശ്വാസം ജൂതന്മാര്‍ക്കുണ്ടായിരുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അത്‌പോലെ യേശുവിനെ കുരിശില്‍ തറച്ചുവെന്ന് സ്ഥാപിക്കുവാന്‍ ഇവര്‍ ബൈബിളിനെ കൂട്ടുപിടിക്കുന്നു. 

ഇത് പറയുമ്പോള്‍ ഇവര്‍ പറയാറുള്ളത് 'നിനക്കറിവില്ലാത്ത കാര്യങ്ങള്‍ വേദക്കാരോട് ചോദിക്കാന്‍ ക്വുര്‍ആന്‍ പറഞ്ഞിട്ടുണ്ട്' എന്ന ന്യായമാണ്. ഇതേന്യായ പ്രകാരം മിര്‍സാഗുലാം പ്രവാചകനാണോ എന്ന് ക്രിസ്ത്യാനികളോട് ചോദിച്ച് സംശയ നിവാരണം നടത്താന്‍ ഇവര്‍ തയ്യാറാണോ?

മുസ്‌ലിംകള്‍ അന്യമതസ്ഥരുമായി സംവദിക്കുമ്പോള്‍ ബൈബിള്‍ ഉദ്ധരിക്കാറുണ്ടല്ലോ എന്നാണ് ഇവര്‍ ഇവ്വിഷയമായി മുസ്‌ലിംകളോട് ചോദിക്കുന്നത്. എന്നാല്‍ മുസ്‌ലിംകളുടെ വിശ്വാസം സ്ഥാപിക്കാന്‍ ബൈബിള്‍ അവര്‍ പ്രമാണമാക്കാറില്ല. മാത്രവുമല്ല ക്രിസ്ത്യാനികളോട് സംവദിക്കുമ്പോള്‍ അവര്‍ അംഗീകരിക്കുന്ന ബൈബിള്‍ അവര്‍ക്കെതിരെ സാക്ഷിയാകുന്നത് ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ അതെല്ലാം സത്യമാണ് എന്ന അര്‍ഥത്തിലല്ല. ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ അംഗീകരിക്കുന്ന ക്വുര്‍ആനും ഹദീഥും ഉദ്ധരിച്ച് കൊണ്ട് ഖാദിയാനികള്‍ക്ക് അവരുടെ വാദം സമര്‍ഥിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ക്വുര്‍ആന്‍ കൊണ്ടും ഹദീഥ് കൊണ്ടും മാത്രം മിര്‍സയുടെ പ്രവാചകത്വം സ്ഥാപിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ബൈബിളിനെ കൂടി ദുര്‍വ്യാഖ്യാനിക്കുന്നത് എന്ന് വ്യക്തം.

ഇതിനെല്ലാം പുറമെ എന്തുകൊണ്ട് ഈസാനബി(അ) തിരിച്ചുവരും എന്ന വിശ്വാസത്തെ നിങ്ങള്‍ എതിര്‍ക്കുന്നു എന്ന ചോദ്യത്തിന് ഖാദിയാനികള്‍ മറുപടി പറയുന്നത് അത്തരം വിശ്വാസം ക്വുര്‍ആനിന് എതിരാണ് എന്നത് കൊണ്ടാണ് എന്നാണ്.

ഹദീസുകളില്‍ കാണുന്ന ഈസബ്‌നുമറിയം മറ്റൊരു വ്യക്തിയാണെന്ന് ഇവര്‍ വാദിക്കുന്നു. ക്വുര്‍ആനില്‍ ഈസാ(അ) യെ മര്‍യമിലേക്ക് ചേര്‍ത്തിപ്പറയുന്നത് അദ്ദേഹം പിതാവില്ലാതെ ജനിച്ചു എന്ന കാരണത്താലാണ്. അതിനാല്‍ ഹദീഥില്‍ പരാമര്‍ശിക്കുന്ന ഈസബ്‌നു മര്‍യമും മറ്റൊരാളല്ല എന്ന് വ്യക്തം. ഹദീഥിലെ ഈസബ്‌നു മര്‍യം മറ്റൊരാളാണെന്ന് സ്ഥാപിക്കുവാന്‍ ഖാദിയാനികള്‍ തെളിവായി ഉപയോഗിക്കുന്നത് ഈസാനബി(അ) കഅ്ബ ത്വവാഫ് ചെയ്യുന്നത് സ്വപ്‌നം കണ്ടു എന്ന ഹദീഥാണ്. ഈ സ്വപ്‌നത്തില്‍ തന്നെയാണ് മുഹമ്മദ് നബിﷺ ദജ്ജാലിനെയും കാണുന്നത്. എന്നാല്‍ ദജ്ജാലിനെ ഒരു വ്യക്തിയായി കാണാതെ ഒരു ആശയവും സംഭവവുമായി കാണുകയും അതേസ്വപ്‌നത്തിലെ ഈസാനബിയെ ഒരു വ്യക്തിയായി കാണുകയും ചെയ്യുന്നത് എന്ത്‌കൊണ്ട്?

ഒന്നുകില്‍ രണ്ടുപേരെയും വ്യക്തിയായികാണുക, അല്ലെങ്കില്‍ രണ്ട് പേരെയും ആശയമായി കാണുക. ആശയമായി കണ്ടാല്‍ രണ്ട് ഈസബ്‌നു മര്‍യം എന്ന ഇവരുടെ സങ്കല്‍പം തകരും. വ്യക്തിയായി കണ്ടാല്‍ ദജ്ജാലിനെ പറ്റിയുള്ള കാദിയാനികളുടെ സങ്കല്‍പം തകരും.

ഇത്തരുണത്തില്‍ പുതിയ അനേകം പ്രതിസന്ധികള്‍ ഒരു നൂറ്റാണ്ട് കുഴിയുമ്പോഴേക്കും അഹ്മദിയ്യാ പ്രസ്ഥാനത്തെ വലയം ചെയ്തു കഴിഞ്ഞിരിക്കുന്നു.