ശിയാക്കളും ക്വുര്‍ആനും

അബ്ദുല്‍ ജബ്ബാര്‍ മദീനി

2018 ജനുവരി 06 1439 റബിഉല്‍ ആഖിര്‍ 17

(ആരാണ് ശിയാക്കള്‍? ഭാഗം: 7)

ഇന്ന് മുസ്‌ലിംകളുടെ പക്കലുള്ള മുസ്വ്ഹഫ് മുഹമ്മദ് നബി ﷺ ക്ക് അല്ലാഹു അവതരിപ്പിച്ചതു പോലെയല്ലെന്നും സ്വഹാബികളുടെ കയ്യാല്‍ അതില്‍ മാറ്റത്തിരുത്തലും മുറിച്ചുമാറ്റലും നടന്നിട്ടുണ്ടെന്നുമുള്ള വികലവും വിചിത്രവുമായ വിശ്വാസം ശിയാക്കള്‍ വെച്ചുപുലര്‍ത്തുന്നു. നബികുടുംബത്തിന്റെ മഹത്ത്വം പറഞ്ഞ ആയത്തുകളും സ്വഹാബികളുടെ കുറവുകളെണ്ണിയ ആയത്തുകളും മറ്റനേകം ആയത്തുകളുമടക്കം ക്വുര്‍ആനിന്റെ മൂന്നില്‍ രണ്ട് ഭാഗം നഷ്ടപ്പെടുകയും ഏകദേശം മൂന്നിലൊന്നേ ശേഷിക്കുന്നുള്ളൂ എന്നുമാണ് ശിയാജല്‍പനം. എക്കാലത്തും ഭൂരിപക്ഷം ശിയാപണ്ഡിതരും ഈ ജല്‍പനക്കാരാണ്. 

'അല്‍കാഫി'യില്‍ ഇമാം ജഅ്ഫര്‍ സ്വാദിക്വിലേക്ക് വ്യാജമായി ചേര്‍ത്തുകൊണ്ട് കുലയ്‌നി പറയുന്നു:'നിശ്ചയം ഞങ്ങളുടെ അടുക്കല്‍ മുസ്വ്ഹഫു ഫാത്വിമയുണ്ട്.' ഞാന്‍ ചോദിച്ചു:'എന്താണ് മുസ്വ്ഹഫു ഫാത്വിമ?' ഇമാം പറഞ്ഞു:'അതാണ് മുസ്വ്ഹഫ്. അതില്‍ നിങ്ങളുടെ ഈ ക്വുര്‍ആനിന്റെ മൂന്ന് ആവര്‍ത്തി യുണ്ട്. അല്ലാഹുവാണെ സത്യം, നിങ്ങളുടെ ക്വുര്‍ആനില്‍നിന്നുള്ള ഒരു അക്ഷരം പോലും അതിലില്ല.'(50)

നഷ്ടപ്പെടുവാനുള്ള സാധ്യത കണക്കിലെടുത്ത് വിശുദ്ധ ക്വുര്‍ആനിന്റെ സംരക്ഷണം അല്ലാഹു ഒരാളെയും ഏല്‍പിച്ചിട്ടില്ല. അത്തരമൊരു സാധ്യത തന്നെ വിശുദ്ധ ഗ്രന്ഥത്തിന്റെ വിഷയത്തിലില്ല. എന്നു മാത്രമല്ല, അല്ലാഹു സ്വയമേവ സംരക്ഷണം ഏറ്റെടുത്ത ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. ഈ പരമ യാഥാര്‍ഥ്യത്തെയും ഒട്ടനവധി വചനങ്ങളെയും കളവാക്കും വിധമാണ് ശിയാ ജല്‍പനങ്ങള്‍. വിശുദ്ധ ഗ്രന്ഥത്തിന്റെ സംരക്ഷണം അല്ലാഹു ഏറ്റിരിക്കുന്നു എന്നറിയിക്കുന്ന വചനങ്ങള്‍ കാണുക:

''നിശ്ചയം നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്'' (ക്വുര്‍ആന്‍ 15:9).

''തീര്‍ച്ചയായും അതിന്റെ(ക്വുര്‍ആനിന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു'' (ക്വുര്‍ആന്‍ 75:17,18).

അപ്രകാരം തന്നെ യാതൊരു വിധ അനര്‍ഥങ്ങളും ഒരു നിലയ്ക്കും വിശുദ്ധ ഗ്രന്ഥത്തിലേക്ക് കടന്നു വരികയില്ലെന്നതും അതിന്റെ പ്രത്യേകതയാണ്. 

''തീര്‍ച്ചയായും ഈ ഉല്‍ബോധനം തങ്ങള്‍ക്കു വന്നുകിട്ടിയപ്പോള്‍ അതില്‍ അവിശ്വസിച്ചവര്‍ (നഷ്ടം പറ്റിയവര്‍ തന്നെ). തീര്‍ച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു. അതിന്റെ മുന്നിലൂടെയോ, പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്'' (ക്വുര്‍ആന്‍ 41:41,42).


ശിയാ ദുര്‍വ്യാഖ്യാനങ്ങള്‍

ഏതാനും ഉദാഹരണങ്ങള്‍


ഒന്ന്: സൂറത്തുന്നഹ്‌ലിലെ 51ാം വചനം:

നിങ്ങള്‍ രണ്ട് ആരാധ്യന്മാരെ സ്വീകരിക്കരുത്; ഏക ആരാധ്യന്‍ മാത്രമാണുള്ളത്'എന്ന ആശയാര്‍ഥമുള്ള വിശുദ്ധ വചനമാണിത്. 

''അല്ലാഹു അരുളിയിരിക്കുന്നു: രണ്ട് ദൈവങ്ങളെ നിങ്ങള്‍ സ്വീകരിക്കരുത്. അവന്‍ ഒരേ ഒരു ദൈവം മാത്രമേയുള്ളൂ. അതിനാല്‍ (ഏകദൈവമായ) എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുവിന്‍.''

എന്നാല്‍ ശിയാതഫ്‌സീറുകളില്‍ അതിനുള്ള വിവരണം ഇപ്രകാരമാണ്:''ഈ ആയത്തിന്റെ ഉദ്ദേശ്യം നിങ്ങള്‍ രണ്ട് ഇമാമുമാരെ സ്വീകരിക്കരുത്. നിശ്ചയം ഏക ഇമാം മാത്രമാണ് ഉള്ളത്.''(51) ആരാധ്യന്‍ എന്ന് അര്‍ഥമുള്ള ഇലാഹ് എന്ന പദത്തിന് ഒരിക്കലും അനുയോജ്യമാകാത്ത ഇമാം എന്ന അര്‍ഥമാണ് ശിയാ ഇമാമുമാര്‍ നല്‍കിയിരിക്കുന്നത്.


രണ്ട്: സൂറത്തുസ്സുമറിലെ 65ാം വചനം:

തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും'' (39:65).

ആയത്തിന്റെ യഥാര്‍ഥത്തിലുള്ള ആശയാര്‍ഥമാണ് മുകളില്‍ നല്‍കിയത്. എന്നാല്‍ ശിയാക്കളുടെ തഫ്‌സീറിലും അവരുടെ ഹദീഥ് ഗ്രന്ഥത്തിലും അലിയ്യിന്റെ വിലായത്തില്‍ (ഭരണ നേതൃത്വത്തില്‍) പങ്കുചര്‍ക്കുന്നതിനെ കുറിച്ചാണ് ഈ ആയത്ത് എന്നാണുള്ളത്. 

ശിയാമുഹദ്ദിഥായ കുലയ്‌നി ഉസ്വൂലുല്‍കാഫിയില്‍ ഈ ആയത്തിന്റെ തഫ്‌സീറായി നല്‍കുന്നു: '(അലിയ്യിന്റെ) വിലായത്തില്‍(ഭരണനേതൃത്വത്തില്‍) മറ്റുള്ളവരെ പങ്കുചേര്‍ത്താല്‍ (നിന്റെ കര്‍മം നിഷ്ഫലമായിപ്പോകും.'(52)

ശിയാ മുഫസ്സിറായ ക്വുമ്മി തന്റെ തഫ്‌സീറില്‍ ഈ ആയത്തിന് വിവരണമായി നല്‍കുന്നു: 'താങ്കളുടെ കാലശേഷം (നബി ﷺ യുടെ) അലിയ്യിന്റെ വിലായത്തിനോടൊപ്പം മറ്റൊരാളുടെ വിലായത്തുകൊണ്ട് താങ്കള്‍ കല്‍പിച്ചാല്‍ താങ്കളുടെ കര്‍മം നിഷ്ഫലമായിപ്പോകും.'(53)


മൂന്ന്: സൂറത്തുല്‍അഅ്‌റാഫിലെ 180ാം വചനം:

''അല്ലാഹുവിന് മാത്രമാകുന്നു അത്യുത്തമ നാമങ്ങള്‍. അതിനാല്‍ ആ പേരുകളില്‍ നിങ്ങള്‍ അവനെ വിളിച്ചുകൊള്ളുക.''' 

ഈ ആയത്തിന്റെ യഥാര്‍ഥ ആശയാര്‍ഥമാണിത്. എന്നാല്‍ ഇതേ ആയത്തിന് ശിയാ ഗ്രന്ഥങ്ങളും തഫ്‌സീറുകളും നല്‍കുന്ന അര്‍ഥം ഏറെ അപകടകരമാണ്.

അബൂഅബ്ദില്ല ഈ വചനത്തിന്റെ വിഷയത്തില്‍ പറഞ്ഞു: 'അല്ലാഹുവാണെ, ഞങ്ങള്‍ (ഇമാമുകള്‍) അസ്മാഉല്‍ ഹുസ്‌നയാകുന്നു. ഞങ്ങളാകുന്ന അസ്മാഉല്‍ ഹുസ്‌നയെ അറിയല്‍ കൊണ്ടല്ലാതെ അല്ലാഹു അടിയാറുകളില്‍നിന്ന് അമലുകള്‍ സ്വീകരിക്കുകയില്ല.'(54)

അല്ലാഹുവിന്റെ നാമങ്ങളെ നിഷേധിക്കുന്നതോടൊപ്പം അസ്മാഉല്‍ ഹുസ്‌ന തങ്ങളുടെ ഇമാമുമാരാണെന്ന് ഇവര്‍ വിശ്വസിക്കുന്നു.


നാല്: സൂറത്തുയാസീനിലെ 12ാം വചനം, സൂറത്തുതൗബഃയിലെ 12ാം വചനം:

''എല്ലാ കാര്യങ്ങളും ഒരു വ്യക്തമായ രേഖയില്‍ അല്ലാഹു നിജപ്പെടുത്തിവെച്ചിരിക്കുന്നു.'''

ആയത്തിന്റെ യഥാര്‍ഥത്തിലുള്ള ആശയാര്‍ഥമാണ് മുകളില്‍ നല്‍കിയത്. എന്നാല്‍ ശിയാക്കളുടെ തഫ്‌സീറുകളില്‍ ഈ ആയത്തിന്റെ തഫ്‌സീര്‍ 'എല്ലാ കാര്യങ്ങളും അലിയ്യില്‍ നാം നിജപ്പെടുത്തിവെച്ചിരിക്കുന്നു' എന്നാണ്. പ്രസ്തുത ഗ്രന്ഥങ്ങളിള്‍ അഞ്ചിലേറെ ശിയാനിവേദനങ്ങ ളും ഈ വിവരണത്തിനുണ്ട്.

''ഇനി അവര്‍ കരാറില്‍ ഏര്‍പെട്ടതിന് ശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും, നിങ്ങളുടെ മതത്തെ പരിഹസിക്കുകയും ചെയ്യുകയാണെങ്കില്‍ സത്യനിഷേധത്തിന്റെ നേതാക്കളോട് നിങ്ങള്‍ യുദ്ധം ചെയ്യുക.'' കരാര്‍ ലംഘിക്കുന്ന കുഫ്‌റിന്റെ നേതാക്കളോട് യുദ്ധം ചെയ്യുക'എന്നാണ് ഇതില്‍ പറയുന്നത്.

ഇഹലോകത്ത് വെച്ചു തന്നെ സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്തയറിയിക്കപ്പെട്ട സ്വഹാബികളാണ് ത്വല്‍ഹത് ഇബനു ഉബയ്ദില്ല(റ)യും സുബയ്‌റുബ്‌നുല്‍ അവ്വാമും(റ). സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തു പേരില്‍ ഉള്‍പ്പെട്ടവര്‍. എന്നാല്‍ ശിയാക്കളുടെ തഫ്‌സീറുകളില്‍ ഈ ആയത്തിന്റെ തഫ്‌സീറില്‍ കുഫ്‌റിന്റെ നേതാക്കളെന്നാല്‍ അത് ത്വല്‍ഹതും സുബയ്‌റും ആണ് എന്നാണ് പറയുന്നത്. പ്രസ്തുത ഗ്രന്ഥങ്ങളിള്‍ എട്ടിലേറെ വ്യാജമായ ശിയാ നിവേദനങ്ങള്‍ ഈ വിവരണത്തിന് നല്‍കപ്പെട്ടിട്ടുണ്ട്.


അഞ്ച്: സൂറത്തുര്‍റഹ്മാനിലെ 19,20,22 ആയത്തുകള്‍:

അബൂബകര്‍(റ), ഉമര്‍(റ), ഉഥ്മാന്‍(റ) എന്നിവരെക്കാള്‍ ഖിലാഫതിന് അര്‍ഹന്‍ അലി(റ)യാണ് എന്ന് സ്ഥാപിക്കുവാന്‍ ശിയാക്കളുടെ അല്ലാമയായ ഇബ്‌നുല്‍ മുത്വഹ്ഹര്‍ നിരത്തിയ തെളിവുകളിലൊന്ന് താഴെ വരുന്ന സൂറത്തുര്‍റഹ്മാനിലെ 19,20,22 ആയത്തുകളാണ്. ആയത്തുകളും അവയുടെ യഥാര്‍ഥത്തിലുള്ള ആശയാര്‍ഥവും നല്‍കിയ ശേഷം ശിയാ ദുര്‍വ്യാഖ്യാനം തുടര്‍ന്ന് നല്‍കാം.

''രണ്ട് കടലുകളെ (ജലാശയങ്ങളെ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു. അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? അവരണ്ടില്‍നിന്നും മുത്തും പവിഴവും പുറത്തുവരുന്നു''(ക്വുര്‍ആന്‍ 55:19,20,21). ആയത്തിന്റെ യഥാര്‍ഥ ആശയാര്‍ഥമാണിത്.

ഇവിടെ രണ്ടു കടലുകള്‍ അലി(റ)യും ഫാത്വിമ(റ)യുമാണ്, അവ രണ്ടിനും ഇടയിലെ ബര്‍സഖ് (തടസ്സം) നബി ﷺ യാണ്. അവ രണ്ടില്‍ നിന്നും പുറപ്പെടുന്ന മുത്തും പവിഴവും ഹസനും ഹുസൈനുമാണ് എന്നാണ് ആയത്തിന്റെ ശിയാ വ്യാഖ്യാനം. 

ഇബ്‌നുമുത്വഹ്ഹര്‍ ഈ ആയത്തുകളെ ഇപ്രകാരം ദുര്‍വ്യാഖ്യാനിച്ചപ്പോള്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) പറഞ്ഞു: 'ഇതും ഇതുപോലുള്ളതുമായ വ്യാഖ്യാനം ബുദ്ധിയില്ലാത്തവര്‍ മാത്രമാണ് പറയുക. ക്വുര്‍ആന്‍ വ്യാഖ്യാനത്തെക്കാള്‍ ഇതിന് സാദൃശ്യത പിച്ചും പേയും പറയുന്നതിനോടാണ്. ഇതാണ് നിരീശ്വര നിര്‍മതവാദികളുടെയും ബാത്വിനിയാക്കളായ ക്വറാമി ത്വകളുടെയും തഫ്‌സീറിന്റെ അതേ വകുപ്പില്‍പെട്ട തഫ്‌സീര്‍. എന്നുമാത്രമല്ല ഇത് അതില്‍ പലതിനെക്കാളും മോശമാകുന്നു.(55)


ആറ്:സൂറത്തുഫുര്‍ക്വാനിലെ 55ാം ആയത്ത്:

''അല്ലാഹുവിന് പുറമെ അവര്‍ക്ക് ഉപകാരമുണ്ടാക്കുകയോ ഉപദ്രവമുണ്ടാക്കുകയോ ചെയ്യാത്തതിനെ അവര്‍ ആരാധിക്കുന്നു. സത്യനിഷേധി തന്റെ രക്ഷിതാവിനെതിരെ (ദുശ്ശക്തികള്‍ക്ക്) പിന്തുണ നല്‍കുന്നവനായിരിക്കുന്നു'' (ക്വുര്‍ആന്‍ 25:55).

ആയത്തിന്റെ യഥാര്‍ഥ ആശയാര്‍ഥമാണ് മുകളില്‍ നല്‍കിയത്. എന്നാല്‍ ശിയാ തഫ്‌സീറില്‍ ശിയാ മുഫസ്സിറായ ഇബ്‌റാഹീമുല്‍ക്വുമ്മി ആയത്തില്‍ വന്ന കാഫിര്‍ ഉമര്‍(റ) ആണെന്നും ഉമര്‍(റ) അമീറുല്‍ മുഅ്മിനീനെതിരില്‍ സഹായിയായിരുന്നുവെന്നുമാണ്.(56) തന്റെ തഫ്‌സീറില്‍ ഉമര്‍(റ)വിനെ കാഫിറായി ചിത്രീകരിക്കുന്നതോടൊപ്പം അലി(റ)വിനെ റബ്ബായി അവതരിപ്പിക്കുക കൂടി ചെയ്യുന്നു ഇബ്‌റാഹീമുല്‍ ക്വുമ്മി!


ഏഴ്: സൂറത്തുസ്സുമറിലെ 69ാം ആയത്ത്:

''ഭൂമി അതിന്റെ രക്ഷിതാവിന്റെ പ്രഭ'കൊണ്ട് പ്രകാശിക്കുകയും ചെയ്യും'' (ക്വുര്‍ആന്‍ 39:69).

ഇതാണ് ശരിയായ അര്‍ഥം. എന്നാല്‍ ശിയാതഫ്‌സീറില്‍ ആയത്തിന്റെ അര്‍ഥം റബ്ബുല്‍ അര്‍ദ്വ് (ഭൂമിയുടെ റബ്ബ്) എന്നാല്‍ ഇമാമുല്‍ അര്‍ദ്വ് അഥവാ ഭൂമിയുടെ ഇമാമ് എന്നാണ്. (57)


എട്ട്: സൂറത്തുല്‍ബക്വറയിലെ 2ാം ആയത്ത്:

''ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്''(ക്വുര്‍ആന്‍ 2:2).

ആയത്തിന്റെ ആശയാര്‍ഥമാണ് മുകളില്‍ നല്‍കിയത്. എന്നാല്‍ ശിയാ തഫ്‌സീറുകളില്‍ ആയത്തിലെ കിതാബ് എന്നതിന് അര്‍ഥം അലിയ്യ് എന്നാകുന്നു. അഥവാ അലിയ്യില്‍ യാതൊരു സംശയവുമില്ല എന്ന്.(58) 


ഒമ്പത്: സൂറത്തുല്‍അഅ്‌റാഫിലെ 31ാം ആയത്ത്:

''എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചു കൊള്ളുക'' (ക്വുര്‍ആന്‍ 7:31).

ആയത്തിന്റെ യഥാര്‍ഥ ആശയാര്‍ഥമാണ് മുകളില്‍ നല്‍കിയത്. എന്നാല്‍ ആയത്തിലെ മസ്ജിദ് എന്നതിന് ശിയാതഫ്‌സീറുകളില്‍ അര്‍ഥം ഇമാം എന്നാണ്.


പത്ത്: സൂറത്തുല്‍ ഗാഫിറിലെ 7ാം ആയത്ത്:

തെറ്റുകളില്‍നിന്ന് വിരമിച്ചും അതില്‍ ഖേദിച്ചും അല്ലാഹുവിലേക്ക് പശ്ചാതപിച്ചു മടങ്ങലാണ് തൗബ. എന്നാല്‍ ശിയാ തഫ്‌സീറുകള്‍ വിശുദ്ധ ക്വുര്‍ആനിലെ സൂറത്തുല്‍ ഗാഫിറിലെ ഏഴാം ആയത്തിന് തഫ്‌സീര്‍ നല്‍കിയപ്പോള്‍ അബൂബകറി(റ)ന്റെയും ഉമറി(റ)ന്റെയും ഉഥ്മാന്റെയും അമവികളുടെയും വിലായത്തില്‍ (ഭരണത്തില്‍) നിന്ന് അലിയ്യിന്റെ ഭരണത്തിലേക്ക് മടങ്ങലാണ് തൗബ.

''ആകയാല്‍ പശ്ചാതപിക്കുകയും നിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ''(ക്വുര്‍ആന്‍ 40:7).

ആയത്തിന്റെ യഥാര്‍ഥ ആശയാര്‍ത്ഥമാണ് മുകളില്‍ നല്‍കിയത്. എന്നാല്‍ ഇവിടെ ശിയാതഫ്‌സീറുകള്‍(59) പറയുന്നത്, 'മൂന്ന് ത്വാഗൂത്തുകളുടെയും (അബൂബകര്‍(റ), ഉമര്‍(റ), ഉഥ്മാന്‍(റ)) അമവികളുടെയും വിലായത്തില്‍നിന്ന് മടങ്ങുകയും അലിയ്യിന്റെ വിലായത്ത് പിന്‍പറ്റുകയും ചെയ്തവര്‍ക്ക് നീ പൊറുക്കേണമേ' എന്നാണ്.


കഅ്ബയോ കര്‍ബലയോ?

മുസ്‌ലിം സമുദായത്തെ കഅ്ബയില്‍ നിന്ന് ശ്രദ്ധ തിരിക്കുവാനും അവരുടെ ആദര്‍ശം ചോര്‍ത്തുവാനും ഐക്യം ശിഥിലമാക്കുവാനും ഹജ്ജിലും ഉംറയിലും അവര്‍ക്ക് വിരക്തിയുണ്ടാക്കുവാനും ശിയാ നേതാക്കള്‍ പണിയെടുക്കുകയും ശത്രുവിന് ഒത്താശ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒട്ടനവധി ശിയാഗ്രന്ഥങ്ങളില്‍നിന്നുള്ള അനേകം നിവേദനങ്ങള്‍ ഈ യാഥാര്‍ഥ്യം നമ്മോടോതുന്നു. ഇത് വ്യക്തമാക്കുന്ന രണ്ട് വിഷയങ്ങളും ശിയാ ഗ്രന്ഥങ്ങളിലെ നിവേദനങ്ങളും ഇവിടെ നല്‍കുന്നു.


അറഫാദിനത്തിലും പെരുന്നാളിനും കര്‍ബലാ സിയാറത്ത് 

അറഫാദിനത്തിലും പെരുന്നാളിനും കര്‍ബലയില്‍ ഹുസൈന്‍(റ)വിന്റെ ക്വബ്ര്‍ സിയാറത്ത് ചെയ്യന്നതിനുള്ള മഹത്ത്വമറിയിക്കുന്ന ഒരു ശിയാനിവേദനം ഇപ്രകാരമുണ്ട്. പ്രസ്തുത നിവേദനമുള്ള ശിയാക്കളുടെ ഗ്രന്ഥങ്ങള്‍ നിരവധിയാണ്. അവ അടിക്കുറിപ്പായി നല്‍കാം. 

''വല്ലവനും പെരുന്നാളല്ലാത്ത ദിനം ഹുസയ്‌നിന്റെ കബ്‌റിനെ അതിന്റെ അര്‍ഹതയറിഞ്ഞ് സന്ദര്‍ശിച്ചാല്‍ അല്ലാഹു അവന് പുണ്യകരവും സ്വീകാര്യവുമായ ഇരുപത് ഹജ്ജും ഇരുപത് ഉംറയും രേഖപ്പെടുത്തും... വല്ലവനും പെരുന്നാള്‍ സുദിനം ഹുസയ്‌നിന്റെ ക്വബ്‌റിനരികിലെത്തിയാല്‍ അല്ലാഹു അവന് നൂറ് ഹജ്ജും നൂറ് ഉംറഃയും രേഖപ്പെടുത്തും. വല്ലവനും അറഫാദിനം ഹുസയ്‌നിന്റെ കബ്‌റിനെ അതിന്റെ അര്‍ഹതയറിഞ്ഞ് സന്ദര്‍ശിച്ചാല്‍ അല്ലാഹു അവന് പുണ്യകരവും സ്വീകാര്യവുമായ ആയിരം ഹജ്ജും ആയിരം ഉംറയും രേഖപ്പെടുത്തും; നിയോഗിച്ചയക്കപ്പെട്ട നബിയോടൊപ്പമോ നീതിമാനായ ഇമാമിനോടൊപ്പമോ നിര്‍വഹിച്ച ആയിരം യുദ്ധവും രേഖപ്പെടുത്തും.''(60)

കഅ്ബയെക്കാള്‍ മഹത്ത്വം കര്‍ബലക്ക്!

കഅ്ബ മുസ്‌ലിംകളുടെ ക്വിബ്‌ലയാണ്. ലോകര്‍ക്കു വേണ്ടി നിര്‍മിക്കപ്പെട്ട ആദ്യത്തെ ആരാധനാഭവനം. അല്ലാഹു അതിനെ ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും സുരക്ഷിത കേന്ദ്രവുമായി നിശ്ചയിച്ചിരിക്കുന്നു. അതാകട്ടെ അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും നിലകൊള്ളുന്നു. ഇതെല്ലാം കഅ്ബയെ കുറിച്ചുള്ള ഇസ്‌ലാമികമായ ഏതാനും കാഴ്ചപ്പാടുകളാണ്. എന്നാല്‍ ശിയാക്കളുടെ ആധികാരിക നിവേദനങ്ങള്‍ കഅ്ബയെക്കാള്‍ പദവിയും പവിത്രതയും പുണ്യവും കര്‍ബലക്ക് നല്‍കിയത് കാണാം. അലിയ്യ് ഇബ്‌നു ഹസനിലേക്ക് –വ്യാജമായി  ചേര്‍ത്ത് ശിയാ ശെയ്ഖ് മജ്‌ലിസീ പറയുന്നു:

അല്ലാഹു കഅ്ബയുള്ള ഭൂമിയെ (മക്കയെ) സൃഷ്ടിക്കുകയും അതിനെ പവിത്രമായി (ഹറമായി) സ്വീകരിക്കുകയും അനുഗ്രഹീതമാക്കുകയും വിശുദ്ധപ്പെടുത്തുകയും ചെയ്യുന്നതിന് ഇരുപത്തിനാലായിരം വര്‍ഷം മുമ്പ് അല്ലാഹു കര്‍ബലയെ അനുഗൃഹീതവും നിര്‍ഭയത്വവുമുള്ള ഹറമായി സ്വീകരിച്ചിരിക്കുന്നു. സൃഷ്ടികളെ അല്ലാഹു പടക്കുന്നതിന് മുമ്പുതന്നെ കര്‍ബല വിശുദ്ധവും അനുഗൃഹീതവുമായിരുന്നു. അല്ലാഹു കര്‍ബലയെ, സ്വര്‍ഗത്തിലെ ഏറ്റവും ശ്രേഷ്ഠമായ സ്ഥലവും അവന്റെ ഔലിയാക്കള്‍ക്ക് പാര്‍ക്കുവാനുള്ള ഏറ്റവും ഉത്തമമായ ഭവനവും വാസസ്ഥലവും ആക്കുന്നതുവരെയും അത് അപ്രകാരം ആയിക്കൊണ്ടിരിക്കുക തന്നെ ചെയ്യും.(61)


റഫറന്‍സ്:

50. അല്‍കാഫി, കുലയ്‌നി.

51.ശിയാതഫ്‌സീറുകളായ തഫ്‌സീറുല്‍അയ്യാശി. വാ:2:261, അല്‍ബുര്‍ഹാന്‍ ഫീ തഫ്‌സീ രില്‍ ക്വുര്‍ആന്‍ 2:371,  തഫ്‌സീറു നൂരിഥക്വുലയ്‌നി. 3:60.

52. കുലയ്‌നിയുടെ ഉസ്വൂലുല്‍കാഫി 1:427. 

53. തഫ്‌സീറുല്‍ക്വുമ്മി. 2:251.

54. കുലയ്‌നിയുടെ ഉസ്വൂലുല്‍കാഫി 1:143, 144. തഫ്‌സീറുല്‍അയ്യാശി. 2:42, അല്‍ബുര്‍ഹാന്‍ ഫിതഫ്‌സീരില്‍ക്വുര്‍ആന്‍ 2:52, തഫ്‌സീറുസ്സ്വാഫി 2:254, 255. അന്നൂരി അത്ത്വബറസിയുടെ മുസ്തദ്‌റകുല്‍ വസാഇല്‍ 1:371.

55. മിന്‍ഹാജുസ്സുന്നഃ 4:66.

56. തഫ്‌സീറുല്‍ക്വുമ്മി. 2:115.

57. തഫ്‌സീറുല്‍ക്വുമ്മി. 2:253, അല്‍ബുര്‍ഹാന്‍ 4:87, തഫസീറുസ്സ്വാഫി 4:331.

58. തഫ്‌സീറുല്‍ക്വുമ്മി. 1:30, തഫ്‌സീറുല്‍അയ്യാശി. 1:26, അല്‍ബുര്‍ഹാന്‍ 1:53, തഫ്‌സീറുസ്സ്വാഫി 1:91,92.

59. തഫ്‌സീറുല്‍ക്വുമ്മി. 2:255,  അല്‍ബുര്‍ഹാന്‍ 4:92, 933, തഫ്‌സീറുസ്സ്വാഫി 4:335.

60. കുലയ്‌നിയുടെ ഫുറൂഉല്‍ കാഫി. 1:324, ഇബ്‌നുബാബവയ്ഹിയുടെ മന്‍ലായഹഌറുഹുല്‍ ഫക്വീഹ് 1:182, അത്ത്വൂസിയുടെ അഹ്ദീബ് 2:16, ഇബ്‌നുകൂലവയ്ഹിയുടെ കാമിലുസ്സിയാറാത്ത് പേ:169, ഇബ്‌നുബാബവയ്ഹിയുടെ ഥവാബുല്‍ അഅ്മാല്‍ പേ:50, അല്‍ഹുര്‍റുല്‍ ആമിലീയുടെ വസാഇലുശ്ശീഅഃ 10:359 എന്നിവയാണ് പ്രസ്തുത ശിയാഗ്രന്ഥങ്ങള്‍.

61. ബിഹാറുല്‍ അന്‍ വാര്‍ 101:107

0
0
0
s2sdefault