പ്രവാചക വിയോഗം

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2018 മെയ് 05 1439 ശഅബാന്‍ 17

പ്രവാചക ശൃംഖലക്ക് പര്യവസാനം കുറിച്ചാണ് മുഹമ്മദ് നബി ﷺ യുടെ നിയോഗമുണ്ടായത്. ഈ പ്രവാചകനിലൂടെയാണ് അല്ലാഹു അവന്റെ മതം പൂര്‍ത്തീകരിച്ചത്. പ്രവാചകന്‍ ﷺ ജനിച്ചതും അന്‍പത്തിമൂന്ന് വയസ്സു വരെ ജീവിച്ചതും മക്കയിലാണ്; മരണമടഞ്ഞത് മദീനയിലും.

പ്രവാചകന്‍ ﷺ യുടെ മരണം മുസ്‌ലിംകളെ ബാധിക്കുന്ന ഏറ്റവും വലിയ വിപത്തായിരിക്കുമെന്ന് അവിടുന്ന് ഉണര്‍ത്തിയതായി ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം.

 

വഹ്‌യ് നിലച്ചു

ഉമ്മുഐമന്‍(റ) നിവേദനം: നബി ﷺ വഫാതായ സന്ദര്‍ഭത്തില്‍ അവര്‍ കരയുകയുണ്ടായി. എന്തുകൊണ്ടാണ് കരയുന്നതെന്ന് ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു: ''അല്ലാഹു സത്യം! നബി ﷺ മരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ, എന്നെ കരയിപ്പിച്ചത് വാനലോകത്തുനിന്ന് ഇറങ്ങുന്ന വഹ്‌യ് നിലച്ചു പോയല്ലോ എന്നതാണ്'' (അഹ്മദ്). 

അബൂബര്‍ദ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ''നക്ഷത്രങ്ങള്‍ ആകാശത്തിന് നിര്‍ഭയത്വമാണ്, നക്ഷത്രങ്ങള്‍ പോയിക്കഴിഞ്ഞാല്‍ വാനലോകത്തിന് വാഗ്ദത്തം ചെയ്യപ്പെട്ടത് വരുന്നതാണ്. ഞാനെന്റെ സ്വഹാബത്തിന് നിര്‍ഭയത്വമാണ്, ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്റെ സ്വഹാബത്തിന് വാഗ്ദത്തം ചെയ്യപ്പെട്ടത് വരുന്നതാണ്. എന്റെ സ്വഹാബത്ത് എന്റെ സമുദായത്തിന് നിര്‍ഭയത്വമാണ്, എന്റെ സ്വഹാബത്ത് പോയിക്കഴിഞ്ഞാല്‍ എന്റെ സമുദായത്തിന് വാഗ്ദത്തം ചെയ്യപ്പെട്ടത് വരുന്നതാണ്.'' (മുസ്‌ലിം: 2531).

ഈ ഹദീഥിനെ വിശദീകരിച്ച് കൊണ്ട് ഇമാം നവവി(റ) തന്റെ ശറഹില്‍ പറയുന്നു: ''ഞാനെന്റെ സ്വഹാബത്തിന് നിര്‍ഭയത്വമാണ്, ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്റെ സ്വഹാബത്തിന് വാഗ്ദത്തം ചെയ്യപ്പെട്ടത് വരുന്നതാണ്;'കുഴപ്പങ്ങള്‍, യുദ്ധങ്ങള്‍, അഅ്‌റാബികളില്‍ നിന്ന് മതപരിത്യാഗികളായവര്‍, മുസ്‌ലിംകള്‍ക്കിടയിലുള്ള ഭിന്നിപ്പുകള്‍ പോലുള്ള, വ്യക്തമായി നബി ﷺ താക്കീത് ചെയ്ത കാര്യങ്ങളാണ് ഇതുകൊണ്ടുള്ള ഉദ്ദേശം. ഇവയെല്ലാം സംഭവിച്ച് കഴിഞ്ഞു'' (ശറഉന്നവവി: 8/316).

 

വഫാത് അടുത്തിരിക്കുന്നു

വിശുദ്ധ ക്വുര്‍ആനിലെ ഒട്ടനവധി വചനങ്ങളിലൂടെ, മരണം വന്നെത്തും മുമ്പു തന്നെ താന്‍ വിടപറയാനായിട്ടുണ്ടെന്ന കാര്യം തിരുമേനി ﷺ മനസ്സിലാക്കിയിരുന്നു.  

''തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു'' (ക്വുര്‍ആന്‍ 39:30). 

''(നബിയേ,) നിനക്ക് മുമ്പ് ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ? ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും''(ക്വുര്‍ആന്‍ 21:34,35).

''മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്'' (ക്വുര്‍ആന്‍ 3:144). 

''അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍, ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍, നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു'''(ക്വുര്‍ആന്‍ 110:1-3).

ഇബ്‌നുഉമര്‍(റ) നിവേദനം: ''അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍...'എന്ന സൂറത്ത് നബി ﷺ ക്ക് ഇറങ്ങിയത് അയ്യാമുത്തശ്‌രീക്വിന്റെ മധ്യത്തിലായിരുന്നു. ഇതില്‍നിന്ന്  താന്‍ വിടവാങ്ങാനായിരിക്കുന്നുവെന്ന് അവിടുന്ന് മനസ്സിലാക്കിയിരുന്നു'' (സുനനുല്‍ ബൈഹക്വി).

ഇബ്‌നുഉമര്‍(റ) നിവേദനം: ''അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍...എന്ന സൂറത്തിനെ കുറിച്ച് ഉമര്‍(റ) സ്വഹാബിമാരോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: 'രാജ്യങ്ങളും കൊട്ടാരങ്ങളും വിജയിച്ചടക്കുന്നതാണ് ഉദ്ദേശിക്കുന്നത്.' ഉമര്‍(റ) ഇബ്‌നുഅബ്ബാസി(റ)നോട് എന്താണഭിപ്രായമെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: 'മുഹമ്മദ് നബി ﷺ ക്ക് സ്വന്തം മരണത്തെക്കുറിച്ചും അവധിയെക്കുറിച്ചും ഉദാഹരണത്തിലൂടെ അറിയിച്ച് കൊടുത്തതാണ്'' (ബുഖാരി: 4969).

''ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു'' (ക്വുര്‍ആന്‍ 5:3)

ഈ വചനത്തെ വിശദീകരിച്ച് കൊണ്ട് ഇബ്‌നുല്‍ അറബി തന്റെ അല്‍ അവാസ്വിം മിനല്‍ ഖവാസിം എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''ഈ ദുന്‍യാവില്‍ പൂര്‍ണമായ ഒരു കാര്യത്തിന് പിന്നീട് വരാനുള്ളത് കുറവുകളും ന്യൂനതകളുമാണ്, അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിക്കുന്നതിലൂടെയാണ് പൂര്‍ണതയുണ്ടാവുക''(പേജ്: 59).

നബി ﷺ തന്റെ അവധിയെത്തിയിട്ടുണ്ടെന്നും, താന്‍ തന്റെ രക്ഷിതാവിന്റെ സന്നിധിയിലേക്ക് നീങ്ങാനായിട്ടുണ്ടെന്നും അനുചരന്മാരോട് ഒന്നിലധികം തവണ പങ്കുവെച്ചിരുന്നു. 

നബി ﷺ മുആദ്(റ)വിനെ യമനിലേക്ക് നിയോഗിച്ച വേളയില്‍ മുആദിന് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം ഇങ്ങനെ പറയുകയുണ്ടായി: ''ഓ, മുആദ്! ഒരുപക്ഷേ, ഈ വര്‍ഷത്തിന് ശേഷം നിനക്ക് എന്നെ കാണാന്‍ സാധിച്ചുവെന്ന് വരില്ല. ഒരുപക്ഷേ, എന്റെ പള്ളിക്കരികിലൂടെ പോകുമ്പോള്‍ എന്റെ ക്വബ്‌റിന്നരികിലൂടെയായിരിക്കും കടന്ന്‌പോവുക.'''മുആദ്(റ) നബി ﷺ വിട്ടുപിരിയാറായിയെന്നറിഞ്ഞ് കരഞ്ഞുപോയി. ശേഷം മദീനക്ക് നേരെ തിരിഞ്ഞ് കൊണ്ട് അവിടുന്ന് പറഞ്ഞു: ''എന്നോട് ഏറ്റവും അടുത്തയാളുകള്‍ സൂക്ഷ്മാലുക്കളാണ്. അവര്‍ ആരായിരുന്നാലും എവിടെയായിരുന്നാലും ശരി'' (അഹ്മദ്).

സ്വന്തം മകളെ പോലും അവിടുന്ന് ഈ ദുന്‍യാവില്‍ നിന്ന് താന്‍ യാത്ര പറയാനായിട്ടുണ്ടെന്ന് അറിയിച്ചിരുന്നു.

ആഇശ(റ) നിവേദനം: ഫാത്വിമ(റ) തിരുദൂതരുടെയടുത്തേക്ക് നടന്ന് വരികയുണ്ടായി. അവരുടെ നടത്തം നബി ﷺ യുടെ നടത്തം പോലെയായിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: 'എന്റെ മകള്‍ക്ക് സ്വാഗതം.' ശേഷം അവിടുന്ന് അവരെ തന്റെ വലത് വശത്തിരുത്തി. എന്നിട്ട് അവിടുന്ന് അവരോട് ഒരു രഹസ്യം പറയുകയും (അതു കേട്ട്) അവര്‍ കരയുകയും ചെയ്തു. ഞാനവരോട് ചോദിച്ചു: 'എന്തിനാണ് കരയുന്നത്?' ശേഷം അവിടുന്ന് വീണ്ടും രഹസ്യം പറഞ്ഞു. അപ്പോള്‍ അവര്‍ ചിരിക്കുകയും ചെയ്തു...എന്താണ് അവിടുന്ന് പറഞ്ഞതെന്ന് ഞാനവരോട് ചോദിച്ചു. അപ്പോള്‍ ഫാത്വിമ(റ) പറഞ്ഞു: 'നബി ﷺ യുടെ രഹസ്യം ഞാന്‍ പരസ്യപ്പെടുത്തുകയില്ല.' അങ്ങനെ നബി ﷺ വഫാതായപ്പോള്‍ ഞാന്‍ വീണ്ടും അതിനെപ്പറ്റി ചോദിച്ചു. അവര്‍ പറഞ്ഞു: 'അവിടുന്ന് എന്നോട് രഹസ്യം പറഞ്ഞത്; എല്ലാ വര്‍ഷവും ജിബ്‌രീല്‍(അ) ക്വു ര്‍ആന്‍ ഓതിക്കാറുള്ളത് ഒരു പ്രാവശ്യമാണ്. എന്നാല്‍ ഈ വര്‍ഷം ജിബ്‌രീല്‍(അ) രണ്ട് പ്രാവശ്യം അത് പാരായണം ചെയ്യിപ്പിച്ചു. അതിന് കാരണം എന്റെ അവധിയെത്തിയിട്ടുണ്ട് എന്നതാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നീയായിരിക്കും എനിക്ക് ശേഷം എന്റെ കുടുംബത്തില്‍ ആദ്യം എന്നെ കണ്ടെത്തുക. അപ്പോള്‍ ഞാന്‍ കരഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'സ്വര്‍ഗ സ്ത്രീകളുടെ അല്ലെങ്കില്‍ വിശ്വാസികളായ സ്ത്രീകളുടെ നേതാവാകുന്നത് നീ ഇഷ്ടപ്പെടുന്നില്ലേ?' അപ്പോള്‍ ഞാന്‍ ചിരിക്കുകയും ചെയ്തു'' (ബുഖാരി: 3624, മുസ്‌ലിം: 2450).

 

രോഗവും കാരണവും

നബി ﷺ യെ മരണത്തിലേക്ക് നയിച്ച രോഗത്തിന്റെ തുടക്കവും കാരണവും പണ്ട് ജൂതസ്ത്രീ നല്‍കിയ വിഷം പുരട്ടിയ മാംസം കഴിച്ചതായിരുന്നു. അവിടുന്ന് കൂടെയുള്ളവരോട് പറഞ്ഞു: ''നിങ്ങള്‍ നിങ്ങളുടെ കൈകള്‍ ഈ ഭക്ഷണത്തില്‍ നിന്ന് പിന്‍വലിക്കൂ. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയിട്ടുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു.'' പിന്നീട് അവിടുന്ന് വഫാതായ രോഗശയ്യയില്‍ കിടന്ന് അവിടുന്ന് പറഞ്ഞു: ''ഞാന്‍ മുമ്പ് ഖൈബറില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ വേദന ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്നു. അതെന്റെ കണ്ഠനാഡികള്‍ മുറിച്ച് കളയാറായിരിക്കുന്നു'' (അബൂദാവൂദ്: 4512).

ഉമ്മുബിശ്ര്‍(റ) നിവേദനം: അവര്‍ റസൂലുല്ലാഹ് ﷺ വഫാതായ രോഗശയ്യയിലായിരിക്കെ തിരുദൂതരുടെ അടുത്ത് പ്രവേശിച്ച് പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ക്കെന്റെ മാതാപിതാക്കളെ സമര്‍പിക്കുന്നു. താങ്കളുടെ ഈ അവസ്ഥക്ക് കാരണമായി ഒന്നുമില്ല, താങ്കള്‍ മുമ്പ് ഖൈബറില്‍ നിന്ന് കഴിച്ച ഭക്ഷണമല്ലാതെ.'' അവരുടെ മകന്‍ ആ ഭക്ഷണം കഴിച്ച് വഫാതായിരുന്നു. നബി ﷺ പറഞ്ഞു: ''ഞാനും അതല്ലാതെ മറ്റൊരു കാര്യവും വിചാരിക്കുന്നില്ല, അതെന്റെ നാഡികള്‍ മുറിക്കാറായിരിക്കുന്നു'' (അഹ്മദ്).

ഇതിലൂടെ പ്രവാചകന്മാരെ വധിച്ചിരുന്ന ജൂതന്മാരിലൂടെ നബി ﷺ ക്ക് രക്തസാക്ഷ്യം (ശഹാദത്ത്)  നല്‍കിയിരിക്കുന്നു. മരണങ്ങളില്‍ ഏറ്റവും ഉദാത്തമായ മരണം ശഹാദത്തിലൂടെയുള്ള മരണമാണ്. അതോടൊപ്പം രോഗവും ബാധിച്ചിരുന്നു; ഇത് അവിടുത്തെ പദവികള്‍ ഉയര്‍ത്തെപ്പെടുന്നതുമാണ്. 

തന്റെ സ്വഹാബിമാരില്‍ ഒരാളുടെ മൃതദേഹം മറമാടിക്കഴിഞ്ഞ് മടങ്ങിവരുന്ന വേളയിലാണ്  നബി ﷺ ക്ക് രോഗം ആരംഭിച്ചത്. ആഇശ(റ) പറയുന്നു: 

ബക്വീഇല്‍ ഒരു ജനാസയെ മറമാടിയതിന് ശേഷം റസൂലുല്ലാഹ് ﷺ എന്റെയടുത്തേക്ക് മടങ്ങി വന്നു. ആ സന്ദര്‍ഭം എനിക്ക് തലവേദനയുണ്ടായിരുന്നു. ഞാനിങ്ങനെ പറഞ്ഞ് കൊണ്ടിരുന്നു:''എന്റെ തലക്ക് എന്താണ് ബാധിച്ചത്.' അവിടുന്ന് പറഞ്ഞു: 'അല്ല, എന്റെ തലക്ക് എന്താണ് ബാധിച്ചത്? നല്ല വേദനയുണ്ടല്ലോ! നബി ﷺ പറഞ്ഞു: 'നീയാണ് ആദ്യം മരണപ്പെടുന്നതെങ്കില്‍ ഞാന്‍ നിന്നെ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ശേഷം നിനക്കായി നമസ്‌കരിക്കുകയും മറമാടുകയും ചെയ്യും.' അപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഞാനങ്ങനെയായാല്‍ താങ്കളങ്ങനെ ചെയ്ത് എന്റെ വീട്ടിലേക്ക് മടങ്ങി വന്ന് മറ്റു ഭാര്യമാരുമായി ജീവിക്കുമല്ലേ?' അപ്പോള്‍ റസൂലുല്ലാഹ് ﷺ ഒന്ന് പുഞ്ചിരിച്ചു. ശേഷം അവിടുന്ന് വഫാതായ അസുഖം ആരംഭിച്ചു'' (അഹ്മദ്, ഇബ്‌നുമാജ).

 

നബി ﷺ മരണം തെരഞ്ഞെടുക്കുന്നു

അബൂസഈദുല്‍ ഖുദ്‌രി(റ) നിവേദനം: റസൂലുല്ലാഹ് ﷺ ജനങ്ങളോട് ഖുതുബ പറയുന്ന കൂട്ടത്തില്‍ പറഞ്ഞു: ''നിശ്ചയം! അല്ലാഹു ഒരടിമക്ക് ഐഹിക ലോകവും അവന്റെയടുത്തുള്ളതും തെരഞ്ഞെടുക്കുവാന്‍ അവസരം നല്‍കി. ആ അടിമ അല്ലാഹുവിന്റെ അടുത്തുള്ളതാണ് തെരഞ്ഞെടുത്തത്. ഇത്‌കേട്ടപ്പോള്‍ അബൂബക്ര്‍(റ) കരഞ്ഞു. അദ്ദേഹത്തിന്റെ കരച്ചില്‍ കണ്ടിട്ട് ഞങ്ങള്‍ക്ക് അത്ഭുതമായി. തെരഞ്ഞെടുക്കുവാനുള്ള ഒരവസരം അല്ലാഹു അവന്റെ ഒരടിമക്കല്ലേ നല്‍കിയത്. അതിനെന്തിന് കരയണം? പക്ഷേ, തെരഞ്ഞെടുക്കുവാനുള്ള അവസരം നല്‍കപ്പെട്ട അടിമ നബി ﷺ യായിരുന്നു. ഞങ്ങളില്‍ ഏറ്റവും കൂടുതല്‍ അറിവുള്ളയാള്‍ അബൂബക്‌റായിരുന്നു'' (ബുഖാരി: 3654, മുസ്‌ലിം: 2383).

ആഇശ(റ) പറയുന്നു: നബി ﷺ പൂര്‍ണ ആരോഗ്യവാനായിരിക്കെ ഒരിക്കല്‍ പറഞ്ഞു: ''ഒരു നബിയും തന്റെ സ്വര്‍ഗത്തിലെ സ്ഥാനം കാണാതെ മരണപ്പെടുകയില്ല. ശേഷം തെരഞ്ഞെടുക്കുവാനുള്ള അവസരം നല്‍കും. അങ്ങനെ അവിടുന്ന് രോഗിയായിരിക്കെ, ആഇശ(റ)യുടെ മടിത്തട്ടില്‍ തലചായ്ച്ച് കിടക്കുന്നു. ഇടയ്ക്കിടക്ക് ബോധക്ഷയമുണ്ടാകുന്നു. ബോധം തിരിച്ച് കിട്ടിയ സമയം തന്റെ നയനങ്ങള്‍ വീടിന്റെ മേല്‍ക്കൂരയിലേക്ക് പായിച്ച് കൊണ്ട് പറഞ്ഞു: 'അല്ലാഹുവേ, ഉന്നതരായ കൂട്ടുകാരിലേക്ക്...'' (ബുഖാരി 4437).

ഉന്നതരായ കൂട്ടുകാര്‍ എന്നത്‌കൊണ്ട് അവിടുന്ന് ഉദ്ദേശിച്ചത് മലക്കുകളെയാണ്, നബിമാരെയാണ്,സ്വര്‍ഗത്തെയാണ് തുടങ്ങിയ വ്യത്യസ്ത അഭിപ്രായങ്ങള്‍ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോഅഭിപ്രായം പറഞ്ഞവര്‍ക്കും അവരുടേതായ തെളിവുകളുമുണ്ട്.

നബി ﷺ യുടെ രോഗം

തിരുദൂതര്‍ ﷺ വഫാതായ രോഗത്തെ കുറിച്ച് ആഇശ(റ) പറയുന്നു: ''നബി ﷺ ക്ക് രോഗം കഠിനമായപ്പോള്‍ അതിശക്തമായ വേദന അനുഭവപ്പെടുകയുണ്ടായി. അവിടുന്ന് രോഗാവസ്ഥയില്‍ എന്റെ വീട്ടില്‍ കഴിയാനായി മറ്റു ഭാര്യമാരോട് അനുവാദം ചോദിക്കുകയുണ്ടായി. അവരെല്ലാം അനുവാദം നല്‍കുകയും ചെയ്തു. അവിടുന്ന് അബ്ബാസിന്റെയും മറ്റൊരു വ്യക്തിയുടെയും ഇടയില്‍ അവരുടെ ചുമലില്‍ കൈവെച്ച് ഇരുകാലുകളും ഭൂമിയിലൂടെ വലിക്കുന്നതുപോലെ നമസ്‌കാരത്തിനായി പുറപ്പെട്ടു. ഉബൈദുല്ലാഹ് പറയുന്നു: മറ്റൊരു വ്യക്തി ആരാണെന്ന് താങ്കള്‍ക്കറിയുമോയെന്ന് അബ്ദുല്ലാഹ്ബ്‌നു അബ്ബാസ്(റ) ചോദിച്ചു. അദ്ദേഹം പറഞ്ഞു: 'ഇല്ല.' അലിയ്യുബ്‌നു അബൂത്വാലിബ്(റ) ആയിരുന്നു അയാള്‍. ആഇശ(റ) വീണ്ടും തുടരുന്നു: അവിടുന്ന് തന്റെ വീട്ടിലേക്ക് പ്രവേശിച്ചപ്പോള്‍ അവിടുത്തെ വേദന അതികഠിനമായി. അവിടുന്ന് പറഞ്ഞു: എന്റെ മേല്‍ നിങ്ങള്‍ ഏഴ് പ്രാവശ്യം വെള്ളം ഒഴിക്കൂ. ഒരുപക്ഷേ, ആശ്വാസം ലഭിച്ച് എനിക്ക് ജനങ്ങള്‍ക്കായി വസ്വിയ്യത്ത് ചെയ്യാനായേക്കാം. അങ്ങനെ പ്രവാചക പത്‌നി ഹഫ്‌സ്വ(റ)യുടെ അടുത്തുണ്ടായിരുന്ന ഒരു വലിയ പാത്രത്തില്‍ പ്രവാചകനെ ഇരുത്തി. ശേഷം വെള്ളം ഒഴിക്കുകയും ചെയ്തപ്പോള്‍ അല്‍പം ആശ്വാസം ലഭിക്കുകയും ചെയ്തപ്പോള്‍ ജനങ്ങളിലേക്ക് പുറപ്പെടുകയും ചെയ്തു.'''(ബുഖാരി, മുസ്‌ലിം).    

ഇബ്‌നു അബ്ബാസ്(റ) നിവേദനം: ''അവിടുന്ന് വഫാതായ രോഗം ബാധിച്ചപ്പോള്‍ അവിടുന്ന് തലയില്‍ ഒരു തുണിക്കഷ്ണം കെട്ടി മിമ്പറില്‍ കയറി, അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തിപ്പറയുകയും ചെയ്തതിന് ശേഷം പറഞ്ഞു: 'തന്റെ സമ്പത്ത് കൊണ്ടോ, ശരീരം കൊണ്ടോ അബൂബക്‌റുബ്‌നു അബൂ കുഹാഫ സഹായിച്ചത് പോലെ ജനങ്ങളില്‍ ഒരാളും എന്നെ സഹായിച്ചിട്ടില്ല. ഞാന്‍ ജനങ്ങളില്‍ നിന്ന് ഒരാളെ ഖലീലായി സ്വീകരിച്ചിരുന്നെങ്കില്‍ അബൂബക്‌റിനെ ഖലീലായി സ്വീകരിക്കുമായിരുന്നു. പക്ഷേ, ഇസ്‌ലാമിന്റെ മിത്രമാണ് ഏറ്റവും ശ്രേഷ്ഠമായത്. അബൂബക്ര്‍(റ) വരുന്ന ആ ചെറിയ വാതിലൊഴിച്ച് ഈ പള്ളിയിലേക്കുള്ള എല്ലാ ചെറിയ വാതിലുകളും കൊട്ടിയടക്കുക.'

ആഇശ(റ) നിവേദനം: ''റസൂലുല്ലാഹ് ﷺ വഫാതായ രോഗം ബാധിച്ച സമയം നമസ്‌കാരത്തിനു ബാങ്ക് വിളിക്കാനായി ബിലാല്‍(റ) വരികയുണ്ടായി. അപ്പോള്‍ നബി ﷺ പറഞ്ഞു: 'അബൂബക്‌റിനോട് ജനങ്ങളെയും കൊണ്ട് നമസ്‌കരിക്കുവാന്‍ കല്‍പിക്കുക.' ഞാന്‍ അവിടുത്തോട് പറഞ്ഞു: 'അബൂബക്ര്‍ ലോല ഹൃദയിത്തിനുടമയാണ്. അദ്ദേഹത്തിന് താങ്കള്‍ നില്‍ക്കുന്ന സ്ഥാനത്ത് നിന്നാല്‍ കരച്ചില്‍ കാരണം ക്വുര്‍ആന്‍ പാരായണം ചെയ്യുവാന്‍ കഴിയില്ല.' നബി ﷺ പറഞ്ഞു: 'അബൂബക്‌റിനോട് നമസ്‌കരിക്കുവാന്‍ കല്‍പിക്കുക.' അവര്‍ മറുപടി ആവര്‍ത്തിച്ചു. മൂന്നാമതും അല്ലെങ്കില്‍ നാലാമതും അതുതന്നെ ആവര്‍ത്തിച്ചപ്പോള്‍ അവിടുന്ന് പറയുകയുണ്ടായി: 'തീര്‍ച്ചയായും നിങ്ങള്‍ യൂസുഫിനെ കെണിയില്‍ പെടുത്തിയവരാണ്. അബൂബക്‌റിനോട് നമസ്‌കരിക്കാന്‍ കല്‍പിക്കൂ. അങ്ങനെ അബൂബക്ര്‍ നമസ്‌കരിക്കുകയുണ്ടായി. അപ്പോള്‍ നബി ﷺ രണ്ടാളുകള്‍ക്കിടയില്‍ നിന്ന് കൊണ്ട് നമസ്‌കാരത്തിലേക്ക് നടന്നു. പ്രവാചകന് കാല്‍ നിലത്തുറപ്പിക്കാന്‍ കഴിയാതെ രണ്ടു കാലുകളും നിലത്തിഴഞ്ഞ് പോകുന്നത് ഞാന്‍ കാണുകയുണ്ടായി. തിരുനബിയെ അബൂബക്ര്‍ കാണാനിടയായപ്പോള്‍ പിന്നിലേക്ക് നില്‍ക്കാന്‍ ഭാവിച്ചു. അപ്പോള്‍ അവിടെത്തന്നെ നില്‍ക്കാനായി നബി ﷺ ആംഗ്യം കാണിച്ചു. അങ്ങനെ പ്രവാചകന്‍ ﷺ അബൂബക്‌റിന്റെ ഒരു വശത്ത് ഇരിക്കുകയുണ്ടായി. അബൂബക്ര്‍ ജനങ്ങളെ തക്ബീര്‍ കേള്‍പിക്കുകയുണ്ടായി'' (ബുഖാരി, മുസ്‌ലിം).

അനസ്ബ്‌നു മാലിക്(റ) നിവേദനം: ''രോഗം കാരണം നബി ﷺ മൂന്ന് ദിവസം പുറത്തിറങ്ങിയില്ല. നമസ്‌കാരത്തിന് ഇക്വാമത്ത് വിളിക്കപ്പെട്ടപ്പോള്‍ അബൂബക്ര്‍(റ) ഇമാമത്ത് നില്‍ക്കാനായി പുറപ്പെട്ടു. അപ്പോള്‍ നബി ﷺ തന്റെ വീടിന്റെ വിരി ഉയര്‍ത്തി. ആ സമയം ഞങ്ങള്‍ക്ക് അവിടുത്തെ മുഖം വ്യക്തമായി കാണാന്‍ സാധിച്ചു. അന്നേരം നബി ﷺ യുടെ മുഖം വളരെ അത്ഭുതകരമായ രൂപത്തില്‍ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ച രൂപത്തില്‍ ഞങ്ങള്‍ ഒരു കാഴ്ചയും കണ്ടിട്ടില്ല. അങ്ങനെ അവിടുന്ന് അബൂബക്‌റിനോട് തന്നെ ഇമാമായി നില്‍ക്കാന്‍ സൂചന നല്‍കി. ശേഷം നബി ﷺ തന്റെ വിരി താഴ്ത്തിയിടുകയും ചെയ്തു. തുടര്‍ന്ന് മരണം വരെ വീട്ടില്‍ തന്നെയായിരുന്നു'' (ബുഖാരി, മുസ്‌ലിം).

ഹിശാം തന്റെ പിതാവില്‍ നിന്നും നിവേദനം: ''നബി ﷺ രോഗിയായ സന്ദര്‍ഭത്തില്‍ അവിടുന്ന് തന്റെ ഭാര്യമാരുടെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞിരുന്നു: 'ഞാന്‍ നാളെ എവിടെയാണ്? ഞാന്‍ നാളെ എവിടെയാണ്?' ആഇശ(റ)യുടെ വീടാഗ്രഹിച്ച് കൊണ്ടായിരുന്നു അവിടുന്നിങ്ങനെ പറഞ്ഞിരുന്നത്. ആഇശ(റ) പറയുന്നു: 'എന്റെ ദിവസമായാല്‍ അവിടുന്ന് ശാന്തനായിരുന്നു.'' (ബുഖാരി). 

ആഇശ(റ) പറയുന്നു: ''അവിടുന്ന് രോഗബാധിതനായാല്‍ മുഅവ്വിദാത് സൂറത്തുകള്‍ പാരായണം ചെയ്ത് തന്റെ കൈകള്‍ കൊണ്ട് സ്വയം തടവിയിരുന്നു. എന്നാല്‍ അവിടുന്ന് വഫാതായ രോഗ ശയ്യയിലായിരിക്കെ അവിടുന്ന് പാരായണം ചെയ്ത് ഊതാറുള്ളത് പോലെ ഞാന്‍ പാരായണം ചെയ്തു. അവിടുത്തെ ശരീരത്തിലേക്ക് ഞാന്‍ ഊതാറുണ്ടായിരുന്നു, അവിടുത്തെ കൈകള്‍ കൊണ്ട് തന്നെ ശരീരം ഞാന്‍ തടവാറുണ്ടായിരുന്നു.'' (ബുഖാരി, മുസ്‌ലിം).

ആഇശ(റ) പറയുന്നു: ''നബി ﷺ യുടെ രോഗ സംഗതികള്‍ ഞങ്ങള്‍ അവിടെ നിന്ന് പറഞ്ഞ് കൊണ്ടിരുന്നപ്പോള്‍ അവിടുന്ന് പറഞ്ഞു: 'നിങ്ങളെന്റെ രോഗത്തെപ്പറ്റി പറയരുത്.' അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: 'മരുന്നിനോടുള്ള രോഗിയുടെ വെറുപ്പാണത്.' അങ്ങനെ ബോധം തിരിച്ചു വന്നപ്പോള്‍ പറഞ്ഞു: 'നിങ്ങളിലൊരാളും എന്റെ രോഗത്തെ കുറിച്ച് പറയാതെ അവശേഷിച്ചിട്ടില്ല അബ്ബാസ് ഒഴിച്ച് കാരണമദ്ദേഹം നിങ്ങളോടൊപ്പം ഹാജറായിട്ടില്ല.'' (ബുഖാരി, മുസ്‌ലിം). (തുടരും)