ഭയപ്പെടരുത്, അല്ലാഹു കൂടെയുണ്ട്

മുനവ്വര്‍ ഫൈറൂസ്

2018 മാര്‍ച്ച് 17 1439 ജുമാദില്‍ ആഖിറ 29

പ്രപഞ്ച സ്രഷ്ടാവാണ് അല്ലാഹു. അവന്റെ അറിവിലും കഴിവിലും കാഴ്ചയിലും കേള്‍വിയിലും അവന്‍ നമ്മുടെ കൂടെ തന്നെയുണ്ട്

''...നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട് താനും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു''(കുര്‍ആന്‍ 57:4).

അല്ലാഹു തന്റെ കൂടെയുണ്ടന്ന വിശ്വാസം ഒരു സത്യവിശ്വാസിക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു. എത്ര വലിയ പ്രശ്‌നങ്ങളിലും, ഏത് വലിയ പ്രയാസത്തിലും, സകല പ്രതിസന്ധികളിലും തന്നെ സഹായിക്കുവാന്‍ എല്ലാമറിയുന്ന, എല്ലാത്തിനും കഴിവുള്ള  അല്ലാഹു ഉണ്ട് എന്ന ബോധം ഒരു വിശ്വാസിയെ ധീരനാക്കി മാറ്റുന്നു.

മുഹമ്മദ് നബി ﷺ യും പ്രിയ അനുചരന്‍ അബൂബക്ര്‍ സ്വിദ്ദീക്വ്(റ)വും ശത്രുക്കളുടെ പീഡനങ്ങള്‍ സഹിക്കുവാന്‍ സാധിക്കാതെ മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്യുന്ന സന്ദര്‍ത്തില്‍ സൗര്‍ എന്ന ഗുഹയില്‍ അഭയം പ്രാപിച്ചു. തങ്ങളെ കൊന്നുകളയാന്‍ ഒരുങ്ങിപ്പുറപ്പെട്ട ശത്രുക്കള്‍ ഗുഹാമുഖത്തെത്തി. അവരുടെ സംസാരം കേട്ടപ്പോള്‍ അവരില്‍ ആരെങ്കിലും താഴോട്ട് നോക്കിയാല്‍ നമ്മെ കാണുമല്ലോ എന്ന് വേവലാതിപ്പെട്ട അബൂബക്ര്‍(റ)നോട് 'മൂന്നാമനായി അല്ലാഹു കൂടെയുള്ള രണ്ടു പേരെപ്പറ്റി താങ്കളെന്താണ് കരുതിയത്' എന്ന മറുപടിയാണ് നബി ﷺ  നല്‍കിയത്. അതില്‍ സത്യവിശ്വാസികള്‍ക്ക് വലിയ ഗുണപാഠമുണ്ട്.

പരിശുദ്ധ ക്വുര്‍ആനില്‍ ഈ സംഭവം വിവരിക്കുന്നതായി കാണാം: ''നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്‌റും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുക്കുകയും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (കുര്‍ആന്‍ 9:40).

ഒരു സത്യവിശ്വാസിക്ക് സമാധാനം പകരുന്ന വാചകമാണ് 'ദുഃഖിക്കരുത്, അല്ലാഹു കൂടെയുണ്ട്' എന്നത്. 

 മൂസാനബി(അ)യും സഹോദരന്‍ ഹാറൂന്‍ നബി(അ)യും ധിക്കാരിയും അഹങ്കാരിയും ഞാന്‍ നിങ്ങളുടെ അത്യുന്നതനായ റബ്ബാണ് എന്ന് പ്രഖ്യാപിച്ച ഭരണാധികാരിയുമായ ഫിര്‍ഔനിന്റെ കൊട്ടാരത്തിലേക്ക് അല്ലാഹുവിന്റെ മതത്തിന്റെ സന്ദേശമെത്തിക്കുവാന്‍ പോകുമ്പോള്‍ പറഞ്ഞു:

''...ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക് എടുത്തുചാടുകയോ അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്'' (കുര്‍ആന്‍ 20:45,46).

മൂസാനബി(അ) ഇസ്‌റാഈല്‍ സന്തതികളെ ഫിര്‍ഔനില്‍ നിന്നും അവന്റെയാളുകളില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടുപോകുന്ന സന്ദര്‍ഭത്തില്‍ ഫിര്‍ഔനും പട്ടാളവും അവരെ പിന്തുടര്‍ന്നു. അവരുടെ മുന്നില്‍ കടല്‍. പിന്നില്‍ ഫിര്‍ഔനും പരിവാരങ്ങളും. കടലിനും ചെകുത്താനും മധ്യത്തിലെന്നത് അക്ഷരാര്‍ഥത്തില്‍ പുലര്‍ന്ന സാഹചര്യം! ഈ സന്ദര്‍ഭത്തില്‍ പ്രതീക്ഷയറ്റുപോയ ഇസ്‌റാഈല്‍ സമൂഹം മൂസാനബി(അ)യോട് പറഞ്ഞു:

''...തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്'' (കുര്‍ആന്‍ 26:61).

അവര്‍ക്ക് മറുപടിയായി മൂസാനബി(അ) പറഞ്ഞു: ''...ഒരിക്കലുമില്ല! തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട.് അവന്‍ എനിക്ക് വഴി കാണിച്ചുതരും'' (കുര്‍ആന്‍ 26:62).

അപ്പോള്‍ അല്ലാഹു വിന്റെ സഹായം അവര്‍ക്ക് ലഭിച്ചു. അല്ലാഹു മൂസാനബി(അ)ക്ക് ഇപ്രകാരം ബോധനം നല്‍കി:

''...നീ നിന്റെ വടികൊണ്ട് കടലില്‍ അടിക്കൂ എന്ന.് അങ്ങനെ അത് (കടല്‍) പിളരുകയും എന്നിട്ട് (വെള്ളത്തിന്റെ) ഓരോ പൊളിയും വലിയ പര്‍വതം പോലെ ആയിത്തീരുകയും ചെയ്തു. മറ്റവരെ(ഫിര്‍ഔനിന്റെ പക്ഷം)യും നാം അതിന്റെ അടുത്തെത്തിക്കുകയുണ്ടായി. മൂസായെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തി'' (കുര്‍ആന്‍ 26:63-65).

നാം യഥാര്‍ഥ വിശ്വാസികളാണെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായം നാം വിചാരിക്കാത്ത രൂപത്തില്‍ നമുക്ക് ലഭിക്കും. ലോകത്തുള്ള സകലരും ഒറ്റക്കെട്ടായി നമ്മെ നശിപ്പിക്കുവാനായി ഒരുങ്ങിപ്പുറപ്പെട്ടാലും നാം ഒറ്റപ്പെട്ടുപോയാലും ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യരുത്. കാരണം അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല, തീര്‍ച്ച!

ഇബ്‌റാഹീം നബി(അ)ക്കെതിരെ പിതാവും കുടുബവും നാട്ടുകാരും രാജാവും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തെ ചുട്ടുകരിക്കുവാന്‍ വലിയ തീകുണ്ഠാരം അവര്‍ തയ്യാറാക്കി. അദ്ദേഹത്തെ അവരതിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ രോമത്തിനു പോലും യാതൊരു പോറലുമേല്‍ക്കാതെ അദ്ദേഹത്തെ അല്ലാഹു രക്ഷപ്പെടുത്തി. തീയിന് ചൂട് നല്‍കിയ അല്ലാഹു അന്നേരം അതിനെ തണുപ്പുള്ളതാക്കി മാറ്റി! അഗ്‌നിയിലേക്കെറിയപ്പെടുമ്പോള്‍ 'എനിക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ' എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. 

മുഹമ്മദ് നബി ﷺ യും അനുചരന്മാരും ഇപ്രകാരം പ്രഖ്യാപിച്ചതായി കുര്‍ആന്‍ പറയുന്നുണ്ട്:

''ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ'' (കുര്‍ആന്‍ 3:173).

നമുക്കും നമ്മുടെ അല്ലാഹു മതി. അല്ലാഹു നമ്മെ സഹായിക്കുന്നുവെങ്കില്‍ ആര്‍ക്കും നമ്മെ തോല്‍പിക്കാന്‍ കഴിയില്ല.

''നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവന്നു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ'' (കുര്‍ആന്‍ 3:160).

അവന്‍ നല്‍കുവാന്‍ ഉദ്ദേശിച്ചത് തടയുവാനോ, തടഞ്ഞുവെച്ചത് നല്‍കുവാനോ, അവന്റെ വിധിയെ തട്ടിമാറ്റാനോ ആര്‍ക്കും സാധ്യമല്ല. 

ലോകത്ത് ആരെല്ലാം അധികാരത്തിലേറിയാലും അവര്‍ ക്രൂരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നാലും അധികാരത്തിന്റെ ചെങ്കോലുപയോഗിച്ച് വിശ്വാസികളെ അടിച്ചമര്‍ത്തിയാലും അന്തിമ വിജയം സത്യവിശ്വാസികള്‍ക്കാണന്ന കാര്യം ചരിത്രം പഠിപ്പിക്കുന്നുണ്ട്. ആധിപത്യം താല്‍ക്കാലികമായി അല്ലാഹു ചിലര്‍ക്ക് നല്‍കുന്നതാണ്.

''പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമത്രെ നന്‍മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു'' (കുര്‍ആന്‍ 3:26).

എന്നാല്‍ ലോകത്തിന്റെ യഥാര്‍ഥ അധികാരം അല്ലാഹുവിന്റെ കയ്യിലാണ്.

''അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു'' (കുര്‍ആന്‍ 3:189).

''ആധിപത്യം ഏതൊരുവന്റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു'' (കുര്‍ആന്‍ 67:1).

അവനാണ് യഥാര്‍ഥ രാജാവ്: ''എന്നാല്‍ യഥാര്‍ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. മഹത്തായ സിംഹാസനത്തിന്റെ നാഥനത്രെ അവന്‍'' (ക്വുര്‍ആന്‍ 23:116).

എല്ലാ ഭരണാധികാരികളുടെയും മീതെ എല്ലാം അടക്കിഭരിക്കുന്ന ഏകനായ അല്ലാഹു ഉണ്ടെന്നത് നാം മറക്കാതിരിക്കുക. അവന്‍ നമ്മെ കാത്തുരക്ഷിക്കും. അല്ലാഹു പറയുന്നു:

''ഹേ; റസൂലേ, നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്റെ ദൗത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. സത്യനിഷേധികളായ ആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല'' (കുര്‍ആന്‍ 5:67).

അല്ലാഹു വിധിച്ചത് മാത്രമേ നമുക്ക് ബാധിക്കുകയുള്ളു: ''പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്'' (കുര്‍ആന്‍ 9:51).

അല്ലാഹു നമുക്ക് മരണം വിധിച്ച സമയത്ത് മാത്രമെ നാം മരിക്കൂ. പിന്നെയെന്തിന് നാം മറ്റുള്ളവരെ ഭയപ്പെടണം? 

''തന്റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല. വല്ലവനെയും അല്ലാഹു നേര്‍വഴിയിലാക്കുന്ന പക്ഷം അവനെ വഴിപിഴപ്പിക്കുവാനും ആരുമില്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി എടുക്കുന്നവനും അല്ലയോ? ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്'' (കുര്‍ആന്‍ 39:36-38).

ഇങ്ങനെയുള്ള സ്രഷ്ടാവ് നമ്മുടെ കൂടെയുണ്ടെന്ന ബോധം നല്‍കുന്ന സുരക്ഷിതത്വത്തെക്കാള്‍ വലിയ സുരക്ഷിതത്വവും നിര്‍ഭയത്വവും ആര്‍ക്കാണ് നല്‍കാനാവുക?