റമദാനിനു ശേഷം...?

ജംഷീന, കല്‍പ്പറ്റ

2018 ശവ്വാല്‍ 09 1439 ജൂണ്‍ 23

ഇഹലോകത്ത് സമാധാനപൂര്‍ണമായ ജീവിതവും പരലോകത്ത് ശാശ്വതമായ സ്വര്‍ഗവും കൊതിക്കുന്നവരുടെ മുമ്പില്‍ പ്രതീക്ഷയുടെ തിരിനാളമാണ് വിശുദ്ധ ക്വുര്‍ആന്‍. അത് മനസ്സുകളിലെ ഇരുളുകളകറ്റുകയും അതിനെ വിമലീകരിക്കുകയും ചെയ്യുന്നു. മാത്രമല്ല ''തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുന്നു'' എന്ന് ക്വുര്‍ആന്‍ (17:9) തന്നെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

എന്നിട്ടും സമൂഹം ഘനാന്ധകാരത്തില്‍നിന്നും കരകയറാത്തതിന് കാരണമെന്താണ്? ക്വുര്‍ആനിനോടും ഹദീഥിനോടും പുറംതിരിഞ്ഞു നില്‍ക്കുന്നതു തന്നെ കാരണം. അവ രണ്ടും പഠിക്കാന്‍ മാത്രം സമയമില്ല. ബിസിയോടു ബിസിയാണ് എല്ലാവരും! 

ചിലര്‍ക്ക് റമദാനില്‍ മാത്രം ഓതാനുള്ളതാണ് ക്വുര്‍ആന്‍! അര്‍ഥവും ആശയവും മനസ്സിലാക്കേണ്ട ആവശ്യമേ ഇല്ലാത്തതു പോലെ! ഒരു ചടങ്ങെന്ന നിലയ്ക്ക് ആണ്ടുതോറും ഒരു വട്ടം ഓതിത്തീര്‍ക്കുന്നു. അതിന്റെ വെളിച്ചം സ്വീകരിക്കാന്‍ തയ്യാറാകുന്നുമില്ല. ചിന്തിക്കാനുള്ള ക്വുര്‍ആനിന്റെ ആഹ്വാനം അവര്‍ക്ക് ബാധകമല്ലാത്തതു പോലെ.  

''അപ്പോള്‍ അവര്‍ ക്വുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കയാണോ?'' (47:24).

ഇന്റര്‍നെറ്റ്...ഫെയ്‌സ്ബുക്ക്...വാട്‌സപ്പ്...സംഗീതം...! ഇവ ദിനേന എത്രയോ മണിക്കൂറുകള്‍ അനാവശ്യമായി കാര്‍ന്നുതിന്നുന്നു! അതില്‍ ആര്‍ക്കും വിഷമമില്ല. അതിന് സമയക്കുറവില്ല; ബിസിയും! 

മണിക്കൂറുകളും രാപ്പകലുകളും മാറിമറിയുമ്പോള്‍ ഈ ദുനിയാവില്‍ അനുവദിക്കപ്പെട്ട സമയത്തില്‍ വരുന്ന കുറവിനെക്കുറിച്ച് ചിന്തിക്കാന്‍ മിക്ക ആളുകളും തയ്യാറാകുന്നില്ല. 

ഗതകാല ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുക. അല്ലാഹു നല്‍കിയ എണ്ണമറ്റ അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ടാണ് നാം ജീവിച്ചത്; ഇപ്പോള്‍ ജീവിക്കുന്നതും. പരലോക വിജയത്തിനായി നാം എന്തൊക്കെ മുന്നൊരുക്കം നടത്തിയിട്ടുണ്ട്? നമ്മുടെ ജീവിത സമ്പാദ്യം കൊണ്ട് നന്മയുടെ തുലാസോ തിന്മയുടെ തുലാസോ കനം തൂങ്ങുക? പറയത്തക്ക നന്മയൊന്നും സമ്പാദ്യമായി ഇല്ല എങ്കില്‍, തിന്മയാണ് മുന്നിട്ടു നില്‍ക്കുന്നതെങ്കില്‍ ഇനിയും സമയം വൈകിയിട്ടില്ലെന്നറിയുക. തെറ്റുകള്‍ മനുഷ്യ സഹജമാണ്. സ്രഷ്ടാവിലേക്ക് ഖേദിച്ച് മടങ്ങുക. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക. 

നമ്മുടെ വസ്ത്രധാരണ രീതിയും ജീവിത ശൈലിയും തീരുമാനിക്കുന്നത് പരസ്യക്കമ്പനികളോ സിനിമ, സ്‌പോര്‍സ് താരങ്ങളോ കൂട്ടുകാരോ ആയിക്കുടാ; ഇസ്‌ലാമിക പ്രമാണങ്ങളായിരിക്കണം. അതില്‍ അഭിമാനിക്കാന്‍ നമുക്കാവണം. വസ്ത്രത്തിന്റെ ധര്‍മം ശരിയാംവണ്ണം നിര്‍വഹിക്കാത്ത, മാന്യതയ്ക്കും മനുഷ്യത്വത്തിനും നിരക്കാത്ത വസ്ത്രധാരണ രീതികൊണ്ട് നമുക്കെന്ത് നേട്ടം? കോട്ടങ്ങള്‍ എമ്പാടുമുണ്ട് താനും. 

നേരെ നടന്നാല്‍ സമൂഹം പഴഞ്ചനെന്നും ആധുനിക ലോകത്ത് ജീവിക്കാന്‍ അര്‍ഹതയില്ലാത്തവന്‍ എന്നുമൊക്കെ മുദ്ര കുത്തിയേക്കാം. വെറുതെ ജീവിത സുഖങ്ങള്‍ പാഴാക്കിക്കളയുന്നവന്‍ എന്ന് പരിഹസച്ചേക്കാം. എന്നാല്‍ ഓര്‍ക്കുക; ഐഹിക ജീവിതം വളരെ ഹ്രസ്വമാണ്. അതില്‍ നഷ്ടപ്പെട്ട ഒരു സെക്കന്റ് പോലും തിരിച്ചു പിടിക്കാന്‍ കഴിയില്ല; ഒരാള്‍ക്കും.  

നബി ﷺ പറഞ്ഞു: ''ആരെങ്കിലും ഇഹലോകത്തെ സ്‌നേഹിച്ചാല്‍ പരലോകത്ത് അത് നഷ്ടമുണ്ടാക്കും. ആരെങ്കിലും പരലോകത്തെ സ്‌നേഹിച്ചാല്‍ ഇഹലോകത്ത് അത് നഷ്ടമുണ്ടാക്കും. അതുകൊണ്ട് നശിക്കുന്നതിനെക്കാള്‍ ശേഷിക്കുന്നതിന് നിങ്ങള്‍ പ്രാധാന്യം നല്‍കുക'' (അഹ്മദ്, ബൈഹഖി).

ഇബ്‌നു മസ്ഉൗദ്(റ) നിവേദനം. നബി ﷺ പറഞ്ഞു: ''നിങ്ങളില്‍ ആര്‍ക്കാണ് സ്വന്തം സ്വത്തിനെക്കാള്‍ തന്റെ അനന്തരാവകാശികളുടെ സ്വത്തിനോട് പ്രിയമുണ്ടാവുക?'' അവര്‍ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലെല്ലാവര്‍ക്കും കൂടുതല്‍ പ്രിയം അവനവന്റെ സ്വത്തിനോടു തന്നെയാണ്. അങ്ങനെയല്ലാത്ത ഒരാളും ഞങ്ങളിലില്ല''. നബി ﷺ പറഞ്ഞു: ''എന്നാല്‍ ഒരാളുടെ സ്വന്തം സ്വത്ത് അയാള്‍ മുന്‍കൂട്ടി ചെലവുചെയ്തതത്രെ. പിന്നേക്ക് എടുത്തുവെച്ചത് അയാളുടെ അനന്തരാവകാശികളുടെ സ്വത്താണ്''. (ബുഖാരി)

സ്വത്തിനോടുള്ള അമിതാര്‍ത്തി ഇല്ലാതാക്കുകയും മരണചിന്തയുണര്‍ത്തുകയും ചെയ്യുന്ന നബിവചനമാണ് മുകളില്‍ കൊടുത്തത്. വര്‍ത്തമാനകാലത്ത് ഒരാള്‍ എന്തിന്റെയൊക്കെ ഉടമസ്ഥനും അധിപനുമാണെങ്കിലും അയാള്‍ക്കതെല്ലാം ഏതുനിമിഷവും നഷ്ടപ്പെട്ടേക്കാം. സര്‍വവിധ ആസ്വാദനങ്ങളെയും തകര്‍ത്തുകളയുന്ന മരണം ഒരു മനുഷ്യനെ അവന്‍ ഉടുത്തുകൊണ്ടിരിക്കുന്ന വസ്ത്രത്തിന്റെ പോലും ഉടമയല്ലാതാക്കി മാറ്റുന്നു! അയാളുടെ സ്വത്തിന്റെയും ഉടുതുണിയുടെ പോലും അവകാശി അവനല്ല; അവന്റെ അനന്തരാവകാശിയാണെന്നര്‍ഥം.  

അതിനാല്‍ മതത്തെ റമദാനില്‍ ഒതുക്കാതിരിക്കുക. അത് വിശ്വാസിയുടെ ജീവവായുവാണ്. ഓരോ സെക്കന്റിലും ഒരു മുസ്‌ലിം മുസ്‌ലിമായിരിക്കണം, മുഅ്മിനായിരിക്കണം.