ഓര്‍മയില്‍ ഓടിയെത്തുന്ന ചരിത്രപുരുഷന്മാര്‍

അബൂ ഫിര്‍ദൗസ് തലയോലപ്പറമ്പ്

2018 ശവ്വാല്‍ 02 1439 ജൂണ്‍ 16

നിത്യജീവിതത്തില്‍ ഓരോന്നും കാണുകയും വായിച്ചറിയുകയും ചെയ്യുമ്പോള്‍ ഓര്‍മയില്‍ ഓടിയെത്തുന്ന ഏതാനും ചരിത്രപുരുഷന്മാരെയും അവരുമായി ബന്ധപ്പെട്ട ഇസ്‌ലാമിക ചരിത്രയാഥാര്‍ഥ്യങ്ങളേയും കോര്‍ത്തിണക്കിയുള്ള ഒരു കുറിപ്പാണിത്. 

വാക്ക് പാലിക്കുന്നതിന്റെ വിഷയത്തില്‍ മനുഷ്യര്‍ വളരെ പിന്നിലായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത വാക്കുപാലനത്തിന് ഉദാഹരണമായി (അതും ജീവന്‍ നഷ്ടപ്പെടുന്ന വിഷയത്തില്‍; ചെറിയകുട്ടിയായിരിക്കെ) ചരിത്ര പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ച ഒരു ചരിത്രപുരുഷന്‍ ഓര്‍മയില്‍ ഓടിയെത്തും: ഇസ്മാഈല്‍ നബി(അ). 

ആഗോളവ്യാപകമായി മാധ്യമങ്ങള്‍വഴി മനുഷ്യര്‍ കളവ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ജീവിത്തില്‍ കളവ് പറഞ്ഞിട്ടില്ല എന്ന് വിമര്‍ശകര്‍ പോലും സമ്മതിച്ച ഒരു മഹാന്‍ ഓര്‍മയില്‍ ഓടിയെത്തും: മുഹമ്മദ് നബി ﷺ .

പത്രത്തിന്റെ ചരമക്കോളം ആദ്യം മുതല്‍ അവസാനം വരെ നോക്കിയാല്‍ ശരാശരി 60നും 70നും ഇടക്കുള്ള പ്രായത്തില്‍ മരണം സംഭവിക്കുന്നതായി വായിക്കുമ്പോള്‍ ഇത്രയേ ഭൗതികലോകത്ത് മനുഷ്യന് ആയുസ്സുള്ളൂ എന്ന വിഷമകരമായ ഒരു ചിന്ത നമുക്ക് തോന്നാറില്ലേ? ആരെങ്കിലും 100 വയസ്സ് പിന്നിട്ടവരുണ്ടോ എന്നറിയാനുള്ള താല്‍പര്യത്തോടെ പതിവായി പത്രത്തിന്റെ ചരമക്കോളം അരിച്ചുപെറുക്കി വായിച്ചാലും അങ്ങനെയുള്ള ഒരാളെയും -അത്യപൂര്‍വമായിട്ടല്ലാതെ- കാണാതിരിക്കുമ്പോള്‍, 950 വര്‍ഷം ഭൂമിയില്‍ പ്രബോധനം ചെയ്ത് ജീവിക്കാന്‍ അവസരം ലഭിച്ച ഒരു മഹാന്‍ ഓര്‍മയില്‍ ഓടിയെത്തും: നൂഹ് നബി (അ). 

 മാരകരോഗങ്ങള്‍ പിടിപെട്ട് ''ഈ അസുഖം എന്നെയും കൊണ്ടേ പോകൂ'' എന്ന് വിലപിക്കുന്ന  ധാരാളം സഹോദരീ സഹോദരങ്ങളെ കാണുമ്പോള്‍, വലിയ മാരകരോഗം കൊണ്ട് പരീക്ഷിക്കപ്പെടുകയും അല്ലാഹുവിനോടുള്ള ആത്മാര്‍ഥമായ പ്രാര്‍ഥനയിലൂടെ പൂര്‍ണ ആരോഗ്യം തിരിച്ചുകിട്ടുകയും ചെയ്ത ഒരു മഹാന്‍ ഓര്‍മയില്‍ ഓടിയെത്തും: അയ്യൂബ് നബി(അ). 

 പക്ഷികള്‍ മരക്കൊമ്പില്‍ അടുത്തിരുന്നുകൊണ്ട് അവരുടെ ഭാഷയില്‍ കിന്നാരം പറയുന്നത് കാണുമ്പോള്‍ അവരെന്തായിരിക്കും സംസാരിക്കുന്നത് എന്നറിയാന്‍ താല്‍പര്യം തോന്നും. അപ്പോള്‍ പക്ഷികളുടെ സംസാരം മനസ്സിലാക്കാന്‍ കഴിവ് ലഭിച്ച ഒരു മഹാന്‍ ഓര്‍മയില്‍ ഓടിയെത്തും: സുലൈമാന്‍ നബി(അ). 

ഉറക്കത്തിനിടയില്‍ പരസ്പര ബന്ധമില്ലാത്തതും മനസ്സില്‍ ഉദിക്കാത്തതുമായ കാര്യങ്ങള്‍ സ്വപ്‌നത്തില്‍ കാണുമ്പോള്‍, ഇത്തരം സ്വപ്‌നത്തിന്റെ യാഥാര്‍ഥ്യം എന്തെന്നറിയാതെ മനസ്സ് വ്യാകുലപ്പെടും. അപ്പോള്‍ സ്വപ്‌നവ്യാഖ്യാനം അറിയാമായിരുന്ന ഒരു മഹാന്‍ ഓര്‍മയില്‍ ഓടിയെത്തും: യൂസുഫ് നബി (അ). 

 'കടലില്‍ പോയവരെ കാണാനില്ല' എന്ന ഭീതിജനകമായ പത്രവാര്‍ത്ത വായിക്കുമ്പോള്‍, ആഴക്കടലില്‍ ഭീമാകാരമായ ഒരു മത്സ്യത്തിന്റെ വയറ്റില്‍ അകപ്പെട്ട് മൂന്ന് ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടി അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍, വിശിഷ്യാ പ്രാര്‍ഥനയുടെ ഫലമായി, ജിവനോടെ കരയില്‍ തിരിച്ചെത്തിയ ഒരു ചരിത്രപുരുഷന്‍ ഓര്‍മയില്‍ ഓടിയെത്തും: യൂനുസ് നബി(അ). 

ഞെട്ടിക്കുന്ന മരണവാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുമ്പോള്‍, മരണത്തിന്റെ രുചി ഇതുവരെ ആസ്വദിക്കാത്ത ഒരു മഹാന്‍ ഓര്‍മയില്‍ ഓടിയെത്തും: ഈസാ നബി(അ).

കെട്ടിടങ്ങള്‍ക്കും മറ്റും തീപിടിച്ച് ആളുകള്‍ മരിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ അറിയുമ്പോള്‍, വലിയ തീക്കുണ്ഠാരത്തില്‍നിന്ന് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ രക്ഷപ്പെട്ട ഒരു ചരിത്രപുരുഷന്‍ ഓര്‍മയില്‍ ഓടിയെത്തും: ഇബ്‌റാഹീം നബി(അ).

സമുദ്രത്തില്‍ ശക്തമായ കൊടുങ്കാറ്റ് ആഞ്ഞടിച്ച് തിരമാലകള്‍ ഉയരത്തില്‍വന്ന് കരയില്‍ ആഞ്ഞടിക്കുമ്പോള്‍, കപ്പലുകള്‍ ശക്തമായ തിരമാലകളില്‍ പെട്ട് നിയന്ത്രണം വിട്ട് സഞ്ചരിച്ച് പാറകളില്‍ ഇടിച്ചുതകര്‍ന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍, അതിശക്തമായ ജലപ്രളയത്തില്‍ അനുയായികളെയും വഹിച്ചുകൊണ്ട് സ്വന്തം കപ്പലില്‍ സുരക്ഷിതമായി സഞ്ചരിച്ച് ജൂദി പര്‍വതത്തിന്റെ മുകളില്‍ ഭദ്രമായി നിലയുറപ്പിച്ച ഒരു ചരിത്രപുരുഷന്‍ ഓര്‍മയില്‍ ഓടിയെത്തും: നൂഹ് നബി(അ).

വനപ്രദേശങ്ങളില്‍ കാട്ടുതീ കാണുമ്പോള്‍, പരിസരവാസികള്‍ ഭയപ്പെട്ട് ഓടിരക്ഷപ്പെടുന്ന വാര്‍ത്ത നാം അറിയുമ്പോള്‍, കാട്ടിലൂടെ ഇരുട്ടില്‍ വഴിയറിയാതെ ഭാര്യയുമായി ദൂരയാത്ര ചെയ്യുന്ന വേളയില്‍, അകലെ ഒരു തീ കാണുകയും അതില്‍ പ്രതീക്ഷ വച്ചുകൊണ്ട് അതിന്റെ സമീപത്തേക്ക് നടക്കുകയും ചെയ്ത ഒരു ചരിത്രപുരുഷന്‍ ഓര്‍മയില്‍ ഓടിയെത്തും: മൂസാ നബി(അ).

പഴവര്‍ഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവുള്ള, മരുഭൂമിയായ ഗള്‍ഫ് രാജ്യങ്ങളിലെ അങ്ങാടികളില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിവിധയിനം പഴവര്‍ഗങ്ങള്‍ സുലഭമായി കാണുമ്പോള്‍, അതിനായി പ്രത്യേകം പ്രാര്‍ഥിച്ച ഒരു മഹാന്‍ ഓര്‍മയില്‍ ഓടിയെത്തും: ഇബ്‌റാഹീം നബി(അ).

'പിഞ്ചുബാലന്‍ കിണറ്റില്‍ വീണു മരിച്ചു' എന്ന പത്രവാര്‍ത്ത വായിക്കുമ്പോള്‍, സ്വന്തം സഹോദരങ്ങള്‍ പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ച് പോയിട്ടും അതുവഴികടന്നുവന്ന യാത്രാസംഘത്തിന്റെ ശ്രദ്ധയില്‍പെട്ട് അത്ഭുതകരമായി രക്ഷപ്പെടുകയും പിന്നീട് ഈജിപ്തിലെ ഭക്ഷ്യവകുപ്പു മന്ത്രിയായി വിശ്വസ്തസേവനം അനുഷ്ഠിക്കുവാന്‍ അവസരം ലഭിക്കുകയും പ്രവാചകനായി നിയോഗിക്കപ്പെടുകയും ചെയ്ത ഒരു മഹാന്‍ ഓര്‍മയില്‍ ഓടിയെത്തും: യൂസുഫ് നബി(അ).

വളരെ പ്രായംചെന്ന് വടികുത്തിപ്പിടിച്ച് നടക്കുന്ന വൃദ്ധന്മാരെ കാണുമ്പോള്‍, വടിയില്‍ ഊന്നിനിന്ന അവസ്ഥയില്‍ മരണപ്പെടുകയും അതേ അവസ്ഥയില്‍ ഒരു വര്‍ഷക്കാലം നില്‍ക്കുകയും ചെയ്ത ഒരു ചരിത്രപുരുഷന്‍ ഓര്‍മയില്‍ ഓടിയെത്തും: സുലൈമാന്‍ നബി(അ).     

അഴകും ആരോഗ്യവുമുള്ള കുതിരകളുടെ അതിവേഗത്തിലുള്ള മത്സരയോട്ടം ദൃശ്യമാധ്യമങ്ങളില്‍ ദര്‍ശിക്കുമ്പോള്‍, കുതിച്ചോടാന്‍ തയ്യാറായി നില്‍ക്കുന്ന വിശിഷ്ടമായ കുതിരകള്‍ വൈകുന്നേരസമയത്ത് കണ്‍മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നതായി വിശുദ്ധക്വുര്‍ആനില്‍ (സൂറതുസ്സ്വാദ്:31) പരിചയപ്പെടുത്തിയ ഒരു ഭാഗ്യവാന്‍ ഓര്‍മയില്‍ ഓടിയെത്തും: സുലൈമാന്‍ നബി(അ).         

വെള്ളപ്പൊക്കം സംഭവിക്കുമ്പോള്‍ നദിയിലൂടെ പല വീട്ടുസാധനങ്ങളും ജീവികളും മറ്റും ഒഴുകിപ്പോകുന്നതും അവയില്‍ പലതും മറ്റു തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ലഭിക്കുന്നതുമൊക്കെ നമ്മില്‍ പലരും കാണാറുണ്ട്. മാധ്യമങ്ങളിലൂടെ അറിയാറുണ്ട്. അപ്പോള്‍ നൈല്‍ നദിയിലൂടെ ഒഴുകിവന്ന ഒരു പെട്ടിയില്‍ നിന്ന് ജീവനോടെ കണ്ടെത്തുകയും തുടര്‍ന്ന് രാജകൊട്ടാരത്തില്‍ എത്തുകയും രാജസന്നിധിയില്‍ വളരാന്‍ ഭാഗ്യം ലഭിക്കുകയും പിന്നീട് ഇസ്‌ലാമിക ലോകത്ത് അറിയപ്പെടുന്ന പ്രവാചകനായിത്തീരുകയും ചെയ്ത ഒരു മഹാന്‍ ഓര്‍മയില്‍ ഓടിയെത്തും: മൂസാ നബി(അ).    

കല്‍പണിക്ക് ദിവസക്കൂലി വര്‍ധിക്കുകയും പണിക്ക് ആളെ കിട്ടാന്‍ പ്രയാസം നേരിടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍, കൂലിയൊന്നും വാങ്ങാതെ (അതും ദാഹജലം പോലും കൊടുക്കാതിരുന്ന ഒരു നാട്ടുകാര്‍ക്ക്) അവരുടെ പൊളിഞ്ഞുവീഴാറായ മതില്‍ നന്നാക്കിക്കൊടുത്ത ഒരു ചരിത്രപുരുഷന്‍ ഓര്‍മയില്‍ ഓടിയെത്തും: ഖിള്ര്‍ നബി(അ).    

സ്‌കൂളിലേക്ക് പോകുന്ന മകനോട് 'എന്റെ പൊന്നുമോനേ, നീ റോഡ് മുറിച്ച് കടക്കുമ്പോള്‍ ശ്രദ്ധിക്കണം, നീ നന്നായി പഠിക്കണം, മിടുക്കനാകണം...' എന്നൊക്കെ ഇഹലോകജീവിതത്തിന്റെ സുരക്ഷയ്ക്കാവശ്യമുള്ള ഉപദേശങ്ങള്‍ കൊടുക്കുന്ന രക്ഷിതാക്കളെ കാണുമ്പോള്‍, സ്വന്തം മകനെ വിളിച്ചുകൊണ്ട് 'എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്, തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമമാകുന്നു' എന്ന് പരലോക ജീവിതത്തിന്റെ സുരക്ഷയ്ക്കാവശ്യമുള്ള ഉപദേശങ്ങള്‍  കൊടുക്കുന്ന ഒരു നല്ല പിതാവ് ഓര്‍മയില്‍ ഓടിയെത്തും: മഹാനായ ലുക്വ്മാന്‍(അ).

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും കുഞ്ഞിനെ ലഭിക്കാത്തതില്‍ നിരാശരായ ദമ്പതികള്‍ വിദഗ്ധ ഡോക്ടര്‍മാരെ സമീപിച്ച് ചികില്‍സ നടത്തി അവസാനം കുഞ്ഞിനെ ലഭിച്ചു എന്നൊക്കെയുള്ള വിവരമറിയുമ്പോള്‍, വാര്‍ധക്യത്തിലെത്തിയിട്ടും സന്താനത്തെ ലഭിക്കാതെയായപ്പോള്‍ ഒട്ടും നിരാശയില്ലാതെ നിരന്തരം അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും സന്താനസൗഭാഗ്യം ലഭിക്കുകയും ചെയ്ത രണ്ട് അനുഗൃഹീതര്‍ ഓര്‍മയില്‍ ഓടിയെത്തും: ഇബ്‌റാഹീം നബി(അ), സകരിയ്യ നബി(അ).  

ശൂന്യാകാശയാത്രയ്ക്ക് ആരെങ്കിലും തെരെഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ വാര്‍ത്താമാധ്യമങ്ങള്‍ അതിനു വലിയ പബ്ലിസിറ്റി കൊടുക്കുന്നത് കാണാം. ഇനി അവരില്‍നിന്ന് ഏതാനും പേര്‍ ദീര്‍ഘകാലത്തെ പരിശീലനത്തിന് ശേഷം എല്ലാവിധ അത്യാധുനിക വാഹന/സാങ്കേതിക/വാര്‍ത്താവിനിമയ സജ്ജീകരണത്തോടും കൂടി പോയിവന്നാല്‍ അവരുടെ ഭാവം പറയേണ്ടതില്ല! അപ്പോള്‍,യാതൊരു മുന്നൊരുക്കവും സജ്ജീകരണങ്ങളും കൂടാതെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ആകാശലോകത്തിന്റെ അതിരുകള്‍ ഭേദിച്ച് പോയി അത്ഭുതക്കാഴ്ചകള്‍ കണ്ട് മടങ്ങിയെത്തി കൂടുതല്‍ വിനീതനായി ജീവിച്ച ഒരു ചരിത്രപുരുഷന്‍ ഓര്‍മയില്‍ ഓടിയെത്തും: മുഹമ്മദ് നബി ﷺ .

ശക്തിയായി അടിച്ചുവീശുന്ന കാറ്റ് കാണുമ്പോള്‍ കാറ്റിനെ കീഴ്‌പ്പെടുത്തി, അതുപയോഗപ്പെടുത്തി ദൂരദേശങ്ങളില്‍ സഞ്ചരിക്കാന്‍ അല്ലാഹു അനുഗ്രഹം നല്‍കിയ ഒരു മഹാന്‍ ഓര്‍മയില്‍ ഓടിയെത്തും: സുലൈമാന്‍ നബി(അ).

ആരെയും വിശ്വസിക്കാന്‍ കഴിയാത്ത കാലമെന്ന് ചിലര്‍ പഴിപറയുന്നത് കേള്‍ക്കുമ്പോള്‍, വിശ്വസ്തന്‍(അല്‍-അമീന്‍) എന്ന പേര് ചെറുപ്പത്തില്‍ തന്നെ കരസ്ഥമാക്കിയ ഒരു മഹാന്‍ ഓര്‍മയില്‍ ഓടിയെത്തും: മുഹമ്മദ് നബി ﷺ .

പാറക്കെട്ടുകള്‍ക്കിടയിലൂടെ തെളിനീര്‍ ചാലിട്ടൊഴുകുന്ന മനോഹരമായ കാഴ്ച കണ്ട് ആസ്വദിക്കുമ്പോള്‍, അല്ലാഹുവിന്റെ അനുമതിയാല്‍ ഉണങ്ങിവരണ്ട പാറയില്‍ വടികൊണ്ടടിച്ച് ശുദ്ധജലത്തിന്റെ 12 അരുവികള്‍ ഒഴുക്കിയ ഒരു മഹാന്‍ ഓര്‍മയില്‍ ഓടിയെത്തും: മൂസാ നബി(അ).

മരിച്ചവര്‍ എങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് പരലോകവിശ്വാസം ഉറപ്പില്ലാത്തവര്‍ നമ്മോട് ചോദിക്കുമ്പോള്‍, തെളിവ് സഹിതം അക്കാര്യം എങ്ങനെ ബോധ്യപ്പെടുത്തിക്കൊടുക്കുമെന്ന ചിന്ത നമ്മുടെ മനസ്സിനെ അലട്ടിയേക്കാം. അപ്പോള്‍, അല്ലാഹുവിന്റെ അനുമതിപ്രകാരം ഒരു പക്ഷിയെ നാല് കഷ്ണങ്ങളാക്കി ഓരോ കഷ്ണവും ഓരോ മലയില്‍ െവച്ചശേഷം തിരിച്ചുവിളിച്ചപ്പോള്‍ ഒരു പക്ഷിയായി പൂര്‍വാവസ്ഥയില്‍ ജീവനോടെ സമീപത്തേക്ക് വന്ന രംഗത്തിന് സാക്ഷ്യം വഹിച്ച ഒരു മഹാന്‍ ഓര്‍മയില്‍ ഓടിയെത്തും: ഇബ്‌റാഹീം നബി(അ).

കടല്‍ത്തീരത്ത് ഇരിക്കുമ്പോള്‍ അനന്തവിശാലമായ ആ കടലില്‍ അല്‍പം ഇറങ്ങിനടക്കാന്‍ നമുക്കൊക്കെ ആഗ്രഹം തോന്നും. ആഴം കുറവുള്ള ഭാഗം നോക്കി അല്‍പം നടക്കാമെന്നുവച്ചാലും രണ്ടോ മൂന്നോ കാലടി വെച്ചുകഴിയുമ്പോള്‍ത്തന്നെ ഭയപ്പാടോടെ തിരികെപ്പോരും. അപ്പോള്‍, കടല്‍ പിളര്‍ന്ന് അതിനിടയിലൂടെ തന്റെ അനുയായികളെയും കൂട്ടി മറുകര എത്താന്‍ അവസരം ലഭിച്ച ഒരു ചരിത്രപുരുഷന്‍ ഓര്‍മയില്‍ ഓടിയെത്തും: മൂസാ നബി(അ).

മറ്റുള്ളവര്‍ക്ക് സാധിക്കാത്ത ചില അസാധാരണ നേട്ടങ്ങള്‍ സാധിച്ചുകഴിഞ്ഞാല്‍ അതിന്റെ പേരില്‍ വലിയ പൊങ്ങച്ചം പറഞ്ഞു നടക്കുന്ന ചില ആളുകളെ  കാണുമ്പോള്‍, ഉറുമ്പിന്റെ സംസാരം മനസ്സിലാക്കാനുള്ള അമാനുഷിക കഴിവ് ലഭിച്ചിട്ടും അതില്‍ ഒരു പെരുമയും നടിക്കാതെ കൂടുതല്‍ വിനീതനായി 'എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്‍കണമേ...' എന്ന് രക്ഷിതാവിനോട് പ്രാര്‍ഥിച്ച ഒരു മഹാന്‍ ഓര്‍മയില്‍ ഓടിയെത്തും: സുലൈമാന്‍ നബി(അ).

അധികാരക്കസേരയില്‍ ഒരല്‍പകാലം ഇരിക്കാന്‍ അവസരം ലഭിച്ചാല്‍ ആ തുഛമായ കാലഘട്ടത്തിടയില്‍ തലമുറകള്‍ക്ക് ജീവിക്കുവാനുള്ള അവിഹിത സമ്പാദ്യമുണ്ടാക്കുന്ന രാഷ്ട്രീയ നേതാക്കളെയും മറ്റും കാണുമ്പോള്‍, രാജഭരണത്തിന്റെ അധികാരക്കസേരയില്‍ ഇരുന്നിട്ടും സ്വന്തം കരങ്ങള്‍ക്കൊണ്ട് അധ്വാനിച്ച് ഭക്ഷണം കഴിച്ചിരുന്ന ഒരു ചരിത്രപുരുഷന്‍ ഓര്‍മയില്‍ ഓടിയെത്തും: ദാവൂദ് നബി(അ). 

ചില കുട്ടികളോട് അവരുടെ പേര് ചോദിച്ചാല്‍ അവര്‍ പേര് പറയുകയും അഭിമാനത്തോടെ 'ഇതെന്റെ മാമന്‍ ഇട്ടപേരാണ്...ബാപ്പ ഇട്ട പേരാണ് എന്നൊക്കെ പറയുകയും ചെയ്യാറുണ്ട്. അപ്പോള്‍ ആകാശലോകത്തുനിന്ന് ലോകരക്ഷിതാവ് പേര് നല്‍കിയ (അതും ജനിക്കുന്നതിന് മുമ്പേ), പിന്നീട് പ്രവാചകന്മാരായിത്തീര്‍ന്ന രണ്ടു മഹാന്മാര്‍ ഓര്‍മയില്‍ ഓടിയെത്തും: യഹ്‌യാ നബി(അ), ഈസാ നബി(അ).

കച്ചവടച്ചരക്കുകള്‍ അളന്നും തൂക്കിയും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കച്ചവടക്കാര്‍ അന്യായമായ തോതില്‍ കള്ളത്തരവും തട്ടിപ്പും നടത്തുന്നത് കാണുമ്പോള്‍, അതിനെതിരെ ശബ്ദിച്ച ഒരു ചരിത്രപുരുഷന്‍ ഓര്‍മയില്‍ ഓടിയെത്തും: ശുഐബ് നബി(അ). 

ചില വ്യക്തികള്‍ അനാഥക്കുട്ടികളെ ദത്തെടുത്ത് വളര്‍ത്താറുണ്ട്. ആ മക്കള്‍ പഠിച്ച് ഉന്നത നിലയിലെത്തുമ്പോള്‍ അത് വലിയ വാര്‍ത്തയാകാറുണ്ട്. അവരെ വളര്‍ത്തിയ രക്ഷിതാക്കള്‍ അതിന്റെ പേരില്‍ അഭിമാനിക്കാറുമുണ്ട്. ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെടുമ്പോള്‍, ലോകാവസാനം വരെയുള്ള സത്യവിശ്വാസികള്‍ക്ക് മാതൃക എന്ന ഏറ്റവും വലിയ അംഗീകാരം ക്വുര്‍ആനിലൂടെ അല്ലാഹു നല്‍കിയ മറിയം എന്ന മഹതിയെ കുട്ടിയായിരിക്കുമ്പോള്‍ എടുത്തുവളര്‍ത്താന്‍ അനുഗ്രഹം ലഭിച്ച ചരിത്രപുരുഷന്‍ ഓര്‍മയില്‍ ഓടിയെത്തും: സക്കരിയ്യ നബി(അ)  

ഭരണരംഗത്ത് എവിടെയും അനീതി നടമാടുമ്പോള്‍, 'നീതിമാനായ ഭരണാധികാരി' എന്ന വിശേഷണം ചരിത്രത്തിന്റെ താളുകളില്‍ സ്ഥാനംപിടിക്കുകയും അമുസ്‌ലിംകളായ പല രാഷ്ട്രനായകന്മാര്‍ പോലും പ്രശംസിക്കുകയും ചെയ്ത ഒരു ഭരണാധികാരി ഓര്‍മയില്‍ ഓടിയെത്തും: ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ).

സാഹോദര്യസ്‌നേഹം വിനഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത സാഹോദര്യസ്‌നേഹത്തിന് മകുടോദാഹരണമായി കടന്നുപോയ ഒരു ജനത ഓര്‍മയില്‍ ഓടിയെത്തും: അന്‍സ്വാരികള്‍.

മരണശയ്യയില്‍ കിടന്നുകൊണ്ട് 'ഞാന്‍ മക്കള്‍ക്ക് വേണ്ടി ഒന്നും സമ്പാദിച്ചില്ലല്ലോ' എന്ന് ദുനിയാവിന്റെ വിഷയത്തില്‍ വിലപിക്കുന്നവരെ കാണുമ്പോള്‍, മരണ ശയ്യയില്‍ കിടന്നുകൊണ്ട് 'സുദീര്‍ഘമായ യാത്രയ്ക്ക് വേണ്ടി ഞാന്‍ വളരെക്കുറച്ച് വിഭവങ്ങളേ കരുതിയിട്ടുള്ളു. സ്വര്‍ഗമാകുന്ന കുന്നിന്റെയും നരകമാകുന്ന കുഴിയുടെയും ഇടയ്ക്കാണ് ഞാനിപ്പോള്‍. എവിടെയാണ് ഞാന്‍ പതിക്കുക എന്നെനിക്കറിയില്ല' എന്ന് പരലോകവിഷയത്തില്‍ വിലപിച്ചിരുന്ന ഒരു ചരിത്രപുരുഷന്‍ ഓര്‍മയില്‍ ഓടിയെത്തും: അബൂഹുറയ്‌റ(റ) 

വിദ്യാഭ്യാസച്ചെലവും ചികിത്സാചെലവും ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ചെലവുകളൊന്നുമില്ലാത്ത പക്ഷികളെനോക്കി 'അവരെപ്പോലെ ആയിരുന്നെങ്കില്‍' എന്ന് ഇഹലോകത്തിന്റെ വിഷയത്തില്‍ സങ്കടം പറയുന്ന ചില ആളുകളെ  കാണുമ്പോള്‍, പക്ഷികളെ നോക്കിക്കൊണ്ട് 'അല്ലയോ പക്ഷികളേ, നിങ്ങള്‍ക്ക് എവിടെയും വിഹരിക്കാം, എന്തും തിന്നാം, എന്റെ കാര്യം അങ്ങനെയല്ലല്ലോ' എന്ന് പരലോകത്തിന്റെ വിഷയത്തില്‍ സങ്കടം പറഞ്ഞ ഒരു ചരിത്രപുരുഷന്‍ ഓര്‍മയില്‍ ഓടിയെത്തും: അബൂബക്കര്‍ സ്വിദ്ദീഖ്(റ).

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ എറ്റുവാങ്ങിയ മേല്‍പറഞ്ഞ ത്യാഗീവര്യന്മാരായ ചരിത്രപുരുഷന്മാര്‍ എത്തിച്ചേരുന്ന സ്വര്‍ഗലോകം സ്വപ്‌നം കാണാന്‍പോലും നമ്മള്‍ യോഗ്യരല്ല എന്നതല്ലേ ശരി? എന്നിരുന്നാലും നമ്മുടെ എളിയ സല്‍ക്കര്‍മങ്ങളും അതിലുപരി പ്രാര്‍ഥനയും സ്വീകരിച്ചുകൊണ്ട് നമ്മളെയും പരമകാരുണികന്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.