ഇസ്്വലാഹിനെയും തജ്ദീദിനെയും പരിഹസിക്കുന്നവര്‍ തിരിച്ചറിയാതെ പോകുന്നത്

യൂസുഫ് സാഹിബ് നദ്‌വി

2018 മാര്‍ച്ച് 31 1439 റജബ് 13

ശൈഖ് മുഹമ്മദിബിന്‍ അബ്ദില്‍വഹാബും അനുയായികളും ഹിജാസില്‍ സ്ഥാപിച്ചെടുത്ത ഇസ്്വലാഹിനെയും തജ്ദീദിനെയും ഇസ്‌ലാമിക വിപ്ലവത്തെയും ചെറുതാക്കിക്കാണിക്കാന്‍ പലരും രംഗത്തുണ്ടായിരുന്നതിന് സംസാരിക്കുന്ന രേഖകള്‍ നിരവധിയാണ്. ദുര്‍ബലരെ ചൂഷണംചെയ്തു ജീവിച്ചിരുന്ന ബറേലവി ശിയാക്കളും സ്വൂഫികളുമായിരുന്നു ശൈഖിന്റെ ദഅ്‌വത്തിനെതിരിലെ പ്രത്യക്ഷശത്രുക്കള്‍. ഇസ്‌ലാമിനെ രാഷ്ട്രീയമായി ദുര്‍വ്യാഖ്യാനിക്കുകയും ശൈഖ് മുഹമ്മദിന്റെ നടപടികളെ തീവ്രതയുടെ പേരില്‍ ഇകഴ്ത്തിക്കാട്ടുകയും ചെയ്യുന്ന ഇഖ്‌വാനികളും ഈവിധം ആരോപണങ്ങളുമായി ഊരുചുറ്റിവരുന്നു. ഇറാനിലെ ആയത്തുല്ലമാര്‍ സ്ഥാപിച്ചെടുത്ത അട്ടിമറി ഭരണം സ്ഥാപിക്കല്‍ പദ്ധതിയെ ഇസ്‌ലാമിക വിപ്ലവമായി അംഗീകരിക്കാന്‍ തയ്യാറാകാത്തവരെല്ലാം ഇവരുടെ വീക്ഷണത്തില്‍ തീവ്രവാദികളാണ്. എന്നാല്‍ ഇറാനിലെ ഖുമൈനി ലഹളയെ മുസ്‌ലിംസമൂഹം അംഗീകരിക്കാത്തതിന്റെ കാരണം പകല്‍പോലെ വ്യക്തമാണ്. 

ഇസ്‌ലാമിന്റെ പേരില്‍ സ്ഥാപിക്കപ്പെടുന്ന എല്ലാ നവോത്ഥാനത്തിന്റെയും പരിവര്‍ത്തനങ്ങളുടെയും അടിസ്ഥാനശില തൗഹീദാണ്. ഭദ്രമായ തൗഹീദിനെ പരിഗണിക്കാതെയുള്ള സകല പരിവര്‍ത്തനങ്ങളുടെയും ആയുസ്സ് കാലാവസ്ഥയുടെ മാറ്റംപോലെ പരിമിതമായിരിക്കും. ഇറാനില്‍ ഖുമൈനി നടത്തിയ വിപ്ലവ പ്രഹസനത്തിന്റെ അലയൊലികള്‍ ഇന്നും നാം കണ്ടുകൊണ്ടിരിക്കുന്നു. ഇസ്‌ലാമുമായി രാപകല്‍ വ്യതിയാനമുള്ള ജാറസംസ്‌കാരത്തില്‍നിന്നും കരകയറാന്‍ ശീഇകള്‍ക്ക് സാധിച്ചിട്ടില്ല. ബഹുദൈവ വിശ്വാസത്തിന്റെ സകല മാലിന്യങ്ങളും ഔദ്യോഗികമായി ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് റാഫിള്വീ ശിയാക്കള്‍. ജാറങ്ങളും ഖുബ്ബകളുമില്ലാത്ത ഇസ്‌ലാം ശിയാക്കള്‍ക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയില്ല. ഇസ്‌ലാമിക വിപ്ലവം കൊണ്ട് ശിയാക്കള്‍ ഉദ്ദേശിക്കുന്നതുതന്നെ ഒരു പുതിയ ജാറസംസ്‌കാരത്തിന്റെ തുടക്കത്തെപ്പറ്റിയാകും.

തൗഹീദിനെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കാന്‍ സാധിക്കാത്തവരുടെ കസര്‍ത്തുകളെ ഇസ്‌ലാമിക വിപ്ലവമായി അംഗീകരിക്കാന്‍ സാധിക്കാത്തത് തൗഹീദും ശിര്‍ക്കും തമ്മിലുള്ള കൃത്യമായ അന്തരം തിരിച്ചറിയുന്നതുകൊണ്ട് മാത്രമാണ്. അതിനാല്‍ തൗഹീദിനെ മുഖ്യ അജണ്ടയായി കാണുന്ന എല്ലാ നവോത്ഥാന സംരംഭങ്ങളോടും ചിലര്‍ക്ക് പുഛവും വിലക്കുറവും അനുഭപ്പെടുന്നത് സ്വാഭാവികം മാത്രം. പാശ്ചാത്യവത്കരണം ഇറാനിയന്‍ സംസ്‌കാരത്തിനും പാരമ്പര്യത്തിനും വിനയാണെന്ന് പറഞ്ഞ(?) ഖുമൈനി, അലിശരീഅത്തി(തേജസ് ദിനപത്രം, ഒരു വിപ്ലവാചാര്യന്റെ ഓര്‍മയ്ക്ക്, ഔസാഫ് അഹ്‌സന്‍-ജൂണ്‍ 27, 2009-ശനി, പേജ് 4)മാരുടെ നാടുകാണിക്കല്‍ ചടങ്ങിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇഖ്‌വാനീ ഏജന്റുമാരെ ഇറാന്‍ ഭരണകൂടം എല്ലാ വര്‍ഷവും ഇറക്കുമതി ചെയ്യാറുണ്ട്. 

ഇറാനിന്റെ നാല് മൂലകളിലുമുള്ള പ്രമുഖ ജാറങ്ങളും ഖുബൂരി കേന്ദ്രങ്ങളും കാട്ടി ഇവരെ തൃപ്തിപ്പെടുത്തി മടക്കി അയക്കുകയാണ് പതിവ്. കൂട്ടത്തില്‍ ഖുമൈനിയുടേതടക്കമുള്ള മക്വ്ബറകള്‍ സിയാറത്തും. ഇറാനില്‍ അഹ്‌ലുസ്സുന്ന എന്നൊരു വിഭാഗമുണ്ടോ, അവരുടെ അവസ്ഥ എന്ത് തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഈ അതിഥികളാരും എങ്ങും അന്വേഷിച്ചതായോ എഴുതിയതായോ കണ്ടിട്ടില്ല. 

''ഇറാനികള്‍ അവരുടെ ശില്‍പചാരുതി മുഴുവന്‍ പ്രയോഗിക്കുന്നത് തീര്‍ഥാടന കേന്ദ്രങ്ങള്‍ മോടിപിടിപ്പിക്കുന്നതിലാണ്. ഖുമൈനിയുടെ ഇനിയും പണിപൂര്‍ത്തിയായിട്ടില്ലാത്ത മഖ്ബറയില്‍ ഇതിന്റെ ലാഞ്ചന കാണാം. കുന്തിരിക്കത്തിന്റെ തുളച്ചുകയറുന്ന ഗന്ധം, ഹാളിന്റെ ഒത്ത നടുവിലായി കമ്പിവേലിക്കകത്ത് ഏതാണ്ട് അഞ്ചടി ഉയരത്തില്‍ കെട്ടിപ്പൊക്കിയ ഖബര്‍ നിലകൊള്ളുന്നു. രണ്ടാം തവണയാണ് ഞങ്ങളെ ഇവിടെ കൊണ്ടുവരുന്നത്. ഖബറിന് ചുറ്റുമായി വിരിച്ച പരവതാനിയില്‍ കുറച്ചുപേര്‍. അധികവും വിദേശ പ്രതിനിധികള്‍. നമസ്‌കരിക്കുകയും ക്വുര്‍ആന്‍ ഓതുകയും മറ്റും ചെയ്യുന്നു. വിഷാദഭരിതമായ മുഖഭാവത്തോടുകൂടിയ ഏതാനും സ്ത്രീകള്‍ കൂട്ടംകൂടിയിരിക്കുന്നു. ചിലര്‍ കമ്പിവേലിക്ക് ചുറ്റും കണ്ണീരൊലിപ്പിച്ച് നില്‍ക്കുന്നു.

അലീശരീഅത്തിയെയും, ബാഖിര്‍ സ്വദ്‌റിനെയും, മുത്വഹ്ഹരിയെയും സുന്നീ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത് എപ്പോഴാണ്? ഇസ്‌ലാമിക ചരിത്രത്തിലെ നവോത്ഥാന നായകന്മാരുടെ പട്ടികയില്‍ ഒരു ശീഈ നേതാവിന് ഇന്നേവരെ നാം പ്രവേശനം അനുവദിച്ചിട്ടുണ്ടോ? ശീഈ ചിന്തകള്‍ക്ക് അയിത്തം കല്‍പിക്കുന്ന പ്രവണത അറബികള്‍ ഇനിയും അവസാനിപ്പിച്ചിട്ടില്ല. സുന്നികളില്‍ തന്നെ വലിയൊരു വിഭാഗത്തിനെ കീഴ്‌പ്പെടുത്തിയിരിക്കുന്ന വിശ്വാസപരമായ ഒരു ദൗര്‍ബല്യത്തില്‍ നിന്ന് ഇറാനികളെ മോചിപ്പിക്കാന്‍ വിപ്ലവത്തിന് സാധിച്ചിട്ടില്ല. ഇന്നത്തെ നിലയില്‍ സാധിക്കുകയുമില്ല. പള്ളികളെക്കാള്‍ മഖ്ബറകളുമായിട്ടാണ് ഇറാനികള്‍ക്ക് അടുപ്പമെന്ന് പറഞ്ഞാല്‍ പോലും തെറ്റാകുമെന്ന് തോന്നുന്നില്ല. പക്ഷേ, വഹാബിസം ഇതിന് നിര്‍ദേശിക്കുന്ന പരിഹാരം യഥാര്‍ഥ പരിഹാരമാണെന്ന അഭിപ്രായം എനിക്കില്ല...'' (ടെഹ്‌റാനില്‍ ഒരു പഥികന്‍, ടി.കെ.എം.ഇക്ബാല്‍, ഐ.പി.എച്ച്-1993).

ഖുമൈനി സ്ഥാപിച്ചെടുത്ത 'വിപ്ലവ'ത്തിന്റെ ചില മുഖങ്ങളാണ് ഇഖ്‌വാനീ ചിന്തകന്റെ തൂലികയിലൂടെ  പുറത്തു ചാടിയിരിക്കുന്നത്. ജൂത-ക്രൈസ്തവരെ വെല്ലുവിളിക്കുന്ന ഈ ശീഈ വിക്രിയകള്‍ക്ക് വഹാബിസം ഒരു പരിഹാരമല്ലെന്നും ഇഖ്‌വാനിസം മാത്രമാണ് പരിഹാരമെന്ന ലേഖകന്റെ കണ്ടെത്തല്‍ അതിശയകരം തന്നെ. ശീഇകളില്‍ നിന്നും മുജദ്ദിദുകളെ സുന്നികള്‍ അംഗീകരിക്കാത്തതില്‍ ലേഖകനുള്ള പ്രത്യേക ദുഃഖം എടുത്തുപറയേണ്ടതാണ്. ഇസ്‌ലാമിന്റെ പുരോഗതിയും പ്രബോധനവും ലക്ഷ്യമാക്കി കളത്തിലിറങ്ങുന്നവര്‍ക്ക് എന്നും പ്രചോദനമേകേണ്ടത് ഇസ്‌ലാമിന്റെ മൗലിക അടിത്തറ തന്നെയായിരിക്കണം. ഇതാകട്ടെ ക്വുര്‍ആനും പ്രവാചക ചര്യയുമാണ്. ഇതിനു വിരുദ്ധമായി സ്വന്തം ഭൗതിക താല്‍പര്യങ്ങളുടെ സംരക്ഷണത്തിന് മൗലിക അടിത്തറയെ ദുര്‍വ്യാഖ്യാനം ചെയ്താല്‍ അത് ഉയര്‍ത്തുന്ന ദുരന്തങ്ങള്‍ അനിയന്ത്രിതമായിരിക്കും. ഇതിന്റെ പേരില്‍ പിന്നീട് മതത്തെ പ്രതിക്കൂട്ടില്‍ കയറ്റുന്നത് അവിവേകമാണ്. 

ക്വുര്‍ആനും പ്രവാചകചര്യയും ദുര്‍വ്യാഖ്യാനിക്കുകയോ ആ സന്ദേശങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്തവര്‍ ഇസ്‌ലാമിന്റെയും മുസ്‌ലിം സമുദായത്തിന്റെയും പേരില്‍ രംഗപ്രവേശനം ചെയ്തതാണ് ലോകമെമ്പാടും മുസ്‌ലിംവിരുദ്ധ നിലപാടുകള്‍ക്കും ഉത്തമ സമുദായത്തെ സംശയിക്കുകയും ചെയ്യുന്ന അവസ്ഥക്കും കാരണമാക്കിയത്. തുടക്കം മുതല്‍ ഒടുക്കം വരെ ഇതിന്റെ പ്രചാരകര്‍ തന്നെയാണ് ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്. 

ഇസ്‌ലാമിന്റെ ലേബലില്‍ കളത്തിലിറങ്ങിയവരെല്ലാം ഞങ്ങള്‍ പ്രബോധകന്മാരാണെന്ന് അവകാശപ്പെടുന്നു. പ്രവാചകന്മാരുടെ ശൈലിയും മാര്‍ഗവുമാണ് ഞങ്ങളുടെ രീതിശാസ്ത്രമെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. പ്രവാചകന്റെയും സത്യവിശ്വാസികളുടെയും ശൈലിക്ക് വിരുദ്ധമായി ചേരിത്തിരിവുകള്‍ സൃഷ്ടിച്ച് സ്വന്തം മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് മോശമായ പര്യവസാനമാണ് ക്വുര്‍ആനില്‍ അല്ലാഹു വാഗ്ദാനം ചെയ്യുന്നത് (4:115). സത്യവിശ്വാസികളുടെ മാര്‍ഗത്തിന് വിരുദ്ധമായൊരു സരണി ഈ രംഗത്ത് ഉണ്ടാകാന്‍ പാടില്ലെന്നാണ് ക്വുര്‍ആന്‍ നിഷ്‌കര്‍ശിക്കുന്നത്. യഹൂദര്‍ 71 കക്ഷികളായി, ക്രിസ്ത്യാനികള്‍ 72ഉം. എന്റെ അനുയായികള്‍ 73ആയും ഭിന്നിക്കും. ഇവരില്‍ നിന്നും ഒരു വിഭാഗം ഒഴികെ ബാക്കി മുഴുവനും നരകത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യും. അതില്‍ ഞാനും എന്റെ അനുചരന്മാരും ചലിച്ച മാര്‍ഗത്തിലൂടെ സഞ്ചരിച്ചവര്‍ മാത്രമാണ് സ്വര്‍ഗാവകാശികളെന്ന് മുഹമ്മദ് ﷺ  വിശദീകരിച്ചു. പാര്‍ട്ടികളും കക്ഷികളും സംഘടനകളും ഈ സമൂഹത്തിന് അന്യമല്ലെന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഈ പ്രവാചക വചനം. 

പാരത്രിക മോചനം ലക്ഷ്യമാക്കുന്നവര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കുന്ന ഈ വചനത്തിന്റെ പ്രസക്തഭാഗം ഏറെ ചിന്തനീയമാണ്. ഞാനും എന്റെ അനുയായികളും സഞ്ചരിച്ച വീഥി, സ്വീകരിച്ച ശൈലി, ആ രീതിശാസ്ത്രം സ്വീകരിച്ചവര്‍ക്ക് മാത്രമേ മോക്ഷമുണ്ടാകൂ എന്ന പ്രവാചകന്‍ ﷺ ന്റെ കണിശ നിര്‍ദേശം, ക്വുര്‍ആന്‍ (4:115)ലെ വിശ്വാസികളുടെ മാര്‍ഗം സ്വീകരിച്ചവര്‍ എന്നതിന്റെ വിശദീകരണമാണ്. അധികാര ദുര്‍മോഹത്തിന്റെ പേരില്‍ ലോകം മുഴുവന്‍ ഒരൊറ്റ കൊടിക്കീഴിലെന്ന് ചിന്തിച്ച സാമ്രാജ്യത്ത വ്യാമോഹത്തിന്റെ അനുയായികള്‍ക്ക് മാത്രമെ മേല്‍ നബിവചനം അസഹനീയമായി അനുഭവപ്പെട്ടിട്ടുള്ളു. ഈ വചനത്തിന്റെ ഇഴകളില്‍ സൂക്ഷ്മ പരിശോധന നടത്തി തള്ളാന്‍ ശ്രമിച്ചവരില്‍ മുന്‍പന്തിയിലുള്ളത് ഇഖ്‌വാനികളാണ്. 

മതപ്രബോധനം ലക്ഷ്യമിടുന്നവര്‍ക്ക് എന്നും ഉത്തേജനം നല്‍കേണ്ടത് ക്വുര്‍ആനും സുന്നത്തുമാണ്. ഇതാണ് വിശ്വാസികളുടെ മാര്‍ഗരേഖയും. എല്ലാ വിഷയങ്ങള്‍ക്കും ക്വുര്‍ആനില്‍ നിന്നും പ്രവാചകചര്യയില്‍ നിന്നും മാര്‍ഗരേഖ സ്വീകരിക്കുന്നവര്‍ പ്രബോധന രംഗത്തെ സജീവതയ്ക്കും ഇത് തന്നെയാണ് രീതിശാസ്ത്രമായി അവലംബിക്കേണ്ടത്. മാറ്റമില്ലാത്ത ഈ രീതിശാസ്ത്രമാണ് നൂറ്റാണ്ടുകളായി സലഫുകള്‍ സ്വീകരിച്ചുവന്നത്. ഇബ്‌നു അബ്ദുല്‍വഹാബിന്റെ ഇസ്്വലാഹും തജ്ദീദും സര്‍വ എതിര്‍പ്പുകളെയും അതിജയിച്ചുകൊണ്ട് ലോകവ്യാപകമാകാനും കാരണം ഇതുമാത്രമായിരുന്നു.

പ്രവാചകന്മാര്‍(അ) പ്രചരിപ്പിച്ച മാര്‍ഗം ക്വുര്‍ആനിനും പ്രവാചകചര്യക്കും അനുസൃതമായി വിചിന്തനം നടത്തുമ്പോള്‍ മുഖ്യമായും മൂന്ന് കാര്യങ്ങളാണ് അവരുടെ ശൈലിയില്‍ നിന്നും തെളിഞ്ഞുവരുന്നത്. ഈ മൂന്ന് അടിസ്ഥാന കാര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു പ്രവാചകന്മാരുടെ പ്രബോധനവും. തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നിവയാണ് ആ മൂന്ന് ഘടകങ്ങള്‍. 

ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുക, ആരാധനയുടെ യാതൊരു അംശവും മറ്റാര്‍ക്കും അര്‍പ്പിക്കാതിരിക്കുക, ഇതിന്റെ പ്രചാരകരും പ്രബോധകരുമായിരുന്ന ദൈവദൂതന്മാരെ(അ) സമ്പൂര്‍ണമായി അനുധാവനം ചെയ്യുക എന്നിവയാണ് മോക്ഷത്തിന്റെ മാര്‍ഗം. പ്രവാചകന്മാരെയാണ് മാതൃകാ പുരുഷന്മാരായി അല്ലാഹു നിര്‍ദേശിച്ചിട്ടുള്ളത്. ഇവരില്‍ ഏറ്റവും ഉന്നതന്‍ മുഹമ്മദ് ﷺ . ഈ നിര്‍ദേശങ്ങള്‍ മനസാ വാചാ കര്‍മണാ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് വിചാരണയുടെ നാളില്‍ രക്ഷപ്രാപിക്കാന്‍ സാധിക്കുമെന്നും ശാന്തി സമാധാനത്തിന്റെ ഗേഹമായ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിപ്പിക്കപ്പെടുമെന്നുള്ള ഉറപ്പും ഈ സന്ദേശത്തിന്റെ ആകെത്തുകയാണ്. ഇതിന് വിരുദ്ധരായി ജീവിച്ചവരെയാണ് കഠിനവും ശാശ്വതവുമായ അഗ്നി കാത്തിരിക്കുന്നത്. 

മുഹമ്മദ് നബി ﷺ യോട് പ്രബോധനം ചെയ്യാന്‍ അല്ലാഹു നിര്‍ദേശിച്ച ഇസ്്വലാഹിന്റെയും തജ്ദീദിന്റെയും സന്ദേശം ഒരു പുതിയ ആശയമായിരുന്നില്ല. മറിച്ച്, മുന്‍കാലത്ത് നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ(അ) ഉള്‍പ്പെടെയുള്ള പൂര്‍വീക പ്രവാചകന്മാരോട് നിര്‍ദേശിക്കപ്പെട്ടിരുന്ന അതേ ആശയമാണത്. ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഇസ്‌ലാം ഇതിനെ പ്രബോധനം ചെയ്യാനും ഇതിന്റെ നിലനില്‍പിനായി പരിശ്രമിക്കാനുമാണ് മുഹമ്മദ്  ﷺ യോട് നിര്‍ദേശിച്ചത് (42:13). 

ബഹുദൈവത്വം അഥവാ ശിര്‍ക്ക് ജീവിതത്തിന്റെ ഭാഗമായും മുഖ്യഉപാധിയായും സ്വീകരിച്ചവര്‍ക്ക് മാത്രമായിരുന്നു ഇതിനോട് സഹകരിക്കാന്‍ പ്രയാസം. ഇവരുടെ ചിരകാല പാരമ്പര്യത്തിന് വിരുദ്ധമായ സംഗതികള്‍ മുഹമ്മദ് ﷺ  പ്രചരിപ്പിച്ചതിനാലാണ് പുത്തന്‍മതം എന്നപേരില്‍ എതിര്‍പ്പുകള്‍ ഉടലെടുത്തത്. ശൈഖ് മുഹമ്മദ് ഉള്‍പ്പെടെയുള്ളവരുടെ ദഅ്‌വത്തിനെപ്പറ്റി ശത്രുക്കള്‍ക്ക് ഉന്നയിക്കാനുണ്ടായിരുന്ന ആരോപണവും ഇതുതന്നെയായിരുന്നു. 'തീര്‍ച്ചയായും ഓരോ സമുദായത്തിനും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും ത്വാഗൂത്തിനെ വെടിയുകയും ചെയ്യുക എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി' (16:36), 'ഞാനല്ലാതെ യാതൊരു ദൈവവുമില്ല, അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരുദൂതനെയും നാം നിയോഗിച്ചിട്ടില്ല' (21:25) എന്ന വചനങ്ങളെല്ലാം നല്‍കുന്ന സൂചന മതപ്രബോധന രംഗത്ത് പ്രവാചകന്മാര്‍ സ്വീകരിച്ചിരുന്ന മുന്‍ഗണനാ ക്രമത്തിലേക്കാണ്. ഏകദൈവ വിശ്വാസത്തിന്റെ പ്രചാരണമായിരുന്നു മുഖ്യ ലക്ഷ്യമെന്നും എല്ലാ സമുദായങ്ങളിലും പ്രവാചകന്മാര്‍ നിയുക്തരായിരുന്നുവെന്നും ഈ വചനങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. 

അബൂഹുറയ്‌റ(റ)നിവേദനം, നബി ﷺ പറഞ്ഞു: 'ഞങ്ങള്‍ പ്രവാചക സമൂഹം സഹോദരങ്ങളാണ്. ഞങ്ങളുടെ മതം ഒന്നാണ്' (ബുഖാരി). ചുരുക്കത്തില്‍ പ്രവാചകന്മാരുടെ ലക്ഷ്യവും മാര്‍ഗവും ഒന്നായിരുന്നു. ഏകദൈവ വിശ്വാസത്തിന്റെ അഭാവത്തിലുള്ള നന്മകള്‍ക്ക് പ്രസക്തിയില്ല. അതിനുവിരുദ്ധമായി മരണം പ്രാപിക്കുന്നവന്റെ അവസ്ഥയും മറിച്ചൊന്നുമല്ല. അതിനാല്‍ ക്വുര്‍ആനില്‍ നാലില്‍ മൂന്ന് ഭാഗവും ഏക ദൈവവിശ്വാസത്തിന്റെ പ്രസക്തിയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ഇതുകൊണ്ട് പ്രസക്തമായതിന് മുന്‍ഗണന നല്‍കിക്കൊണ്ടാണ് പ്രവാചകന്മാര്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. ഏകദൈവ വിശ്വാസത്തിന്റെ പ്രസക്തി ബോധ്യപ്പെടാത്തവരുടെ വിപ്ലവ പ്രഹസനങ്ങളെ അംഗീകരിക്കാന്‍ മുസ്‌ലിംകള്‍ക്കാവില്ല. അതിനാലാണ് ഇറാനിലെ അഭിനവ വിപ്ലവ പ്രഹസത്തിനോട് മുസ്‌ലിംസമൂഹം മുഖംതിരിഞ്ഞു നില്‍ക്കുന്നത്. ശിയാ/ബറേലവി നേതാക്കളെ മുസ്‌ലിം നവോത്ഥാന നായകന്മാരായി അംഗീകരിക്കാന്‍ കഴിയാതെ പോകുന്നതും ഇക്കാരണത്താലാണ്.

''തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍ തന്റെ കല്‍പനപ്രകാരം (സത്യസന്ദേശമാകുന്ന) ചൈതന്യവും കൊണ്ട് മലക്കുകളെ അവന്‍ ഇറക്കുന്നു. ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ നിങ്ങളെന്നെ സൂക്ഷിച്ച് കൊള്ളുവിന്‍ എന്ന് നിങ്ങള്‍ താക്കീത് നല്‍കുക. (എന്നത്രെ ആ സന്ദേശം)'' (ക്വുര്‍ആന്‍ 16:2).

''...അല്ലാഹുവോട് വല്ലവനുംപങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും...'' (5:72). 

''തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും'' (39:65). 

ഏകദൈവ വിശ്വാസത്തിന്റെ പ്രസക്തിയെയാണ് ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നത്. അതോടൊപ്പം ബഹുദൈവ വിശ്വാസത്തിന്റെ ഗൗരവമേറിയ അപകടവും. വിവിധ സാമൂഹ്യതിന്മകള്‍ നടമാടിയിരുന്ന സമൂഹത്തിലേക്ക് നിയുക്തരായ പ്രവാചകന്മാര്‍ പ്രാഥമികമായി തൗഹീദി(വിശ്വാസകാര്യങ്ങള്‍)നായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്. കാരണം ഒരു സമൂഹം തൗഹീദിനെ അംഗീകരിക്കുവാനും സ്വീകരിക്കുവാനും തയ്യാറായാല്‍ അവരിലെ ഇതര സാമൂഹ്യതിന്മകള്‍ ക്രമേണ അവരെ ഉപേക്ഷിക്കും. ഈമാനിന് നിരവധി ശാഖകളുണ്ടെന്നും വഴിയിലെ ഉപദ്രവം നീക്കം ചെയ്യല്‍ പോലും അതിന്റെ ശാഖയാണെന്നും വിശദീകരിക്കപ്പെടുമ്പോള്‍ പ്രഥമമായി തൗഹീദ് സ്വീകരിക്കുന്നവരില്‍ ഉണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ക്കുള്ള സൂചനകളാണിവ. വഴിയില്‍ ദുര്‍ഘടം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തൗഹീദിന്റെ യഥാര്‍ഥ അനുയായികളാകാന്‍ സാധിക്കില്ലെന്നര്‍ഥം. അല്ലെങ്കില്‍, മാര്‍ഗതടസ്സം സൃഷ്ടിക്കുന്ന നിസ്സാര പ്രവര്‍ത്തനങ്ങളില്‍ പോലും തൗഹീദിന്റെ യഥാര്‍ഥ അനുയായിക്ക് ഏര്‍പ്പെടാന്‍ സാധിക്കില്ലെന്ന് വിവക്ഷ.