സ്രഷ്ടാവിനെ ഭയപ്പെടുക

ഫദ്‌ലുല്‍ ഹഖ് ഉമരി

2018 ജൂണ്‍ 02 1439 റമദാന്‍ 17

ഈ ലോകത്ത് അല്ലാഹുവിനെ ഭയപ്പെട്ട് ജീവിച്ചവര്‍ക്കാണ് സ്വര്‍ഗമുള്ളത്. നോട്ടത്തിലും കേള്‍വിയിലും ധനസമ്പാദനത്തിലുമെല്ലാം ഒരു സത്യവിശ്വാസി അല്ലാഹുവിനെ ഭയപ്പെടേണ്ടതുണ്ട്. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും സുഖാനുഗ്രഹങ്ങളിലുമായിരിക്കും. തങ്ങളുടെ രക്ഷിതാവ് അവര്‍ക്കു നല്‍കിയതില്‍ ആനന്ദം കൊള്ളുന്നവരായിട്ട്. ജ്വലിക്കുന്ന നരകത്തിലെ ശിക്ഷയില്‍ നിന്ന് അവരുടെ രക്ഷിതാവ് അവരെ കാത്ത് രക്ഷിക്കുയും ചെയ്യും'' (ക്വുര്‍ആന്‍ 52:17,18).

''പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും. അവര്‍ പറയും: തീര്‍ച്ചയായും നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ഭയഭക്തിയുള്ളവരായിരുന്നു. അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും രോമകൂപങ്ങളില്‍ തുളച്ചുകയറുന്ന നരകാഗ്നിയുടെ ശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ കാത്ത് രക്ഷിക്കുകയും ചെയ്തു''(ക്വുര്‍ആന്‍ 52:25-27). 

വാക്കിലും പ്രവൃത്തിയിലും ധനസമ്പാദന മേഖലയിലുമെല്ലാമുള്ള അല്ലാഹുവിനെ കുറിച്ചുള്ള പേടി മനുഷ്യനെ സ്വര്‍ഗത്തില്‍ കൊണ്ടെത്തിക്കും. അല്ലാഹു പറയുന്നു: ''തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെട്ടവര്‍ക്ക് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്'' (അര്‍റഹ്‌റാമന്‍:46). 

''അപ്പോള്‍ ഏതൊരാള്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ  (അവന്ന്) സ്വര്‍ഗം തന്നെയാണ് വാസസ്ഥലം'' (നാസിആത്:40,41).

വിശുദ്ധ ക്വുര്‍ആന്‍ ഒരാവര്‍ത്തി നാം പരിശോധിച്ചാല്‍ വ്യത്യസ്ത വിഷയങ്ങള്‍ പറഞ്ഞ് അല്ലാഹു മനുഷ്യനെ ഭയപ്പെടുത്തുന്നത് കാണാം. തന്നെ കുറിച്ചും തന്റെ ശിക്ഷയുടെ കാഠിന്യത്തെ കുറിച്ചും ബോധ്യപ്പെടുത്തികൊണ്ട് മനുഷ്യനില്‍ ഭയം ഉണ്ടാക്കുന്നു: ''തീര്‍ച്ചയായും റബ്ബിന്റെ പിടുത്തം കഠിനമായതു തന്നെയാണ്'' (ബുറൂജ്:12).

''അല്ലാഹു തന്നെ കുറിച്ച് നിങ്ങളെ ഭയപ്പെടുത്തുന്നു'' (ആലുഇംറാന്‍:30). 

''അറിയുക നിശ്ചയമായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു'' (മാഇദ:98). 

അന്ത്യദിനത്തിലെ ശിക്ഷയെ കുറിച്ചും അതിന്റെ ഭയാനകതയെ കുറിച്ചും വിശദീകരിച്ചുകൊടുത്ത് അല്ലാഹുവിനെ കുറിച്ചുള്ള പേടി ഉണ്ടാക്കുന്നു: 

''നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുക്കൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണമായി നല്‍കപ്പെടുന്നതാണ്. അവരോട് അനീതി കാണിക്കപ്പെടുകയില്ല'' (ബക്വറ: 281). 

''എന്നാല്‍ നിങ്ങള്‍ അവിശ്വസിക്കുകയാണെങ്കില്‍ കുട്ടികളെ നരച്ചവരാക്കിത്തീര്‍ക്കുന്ന ഒരു ദിവസത്തെ നിങ്ങള്‍ക്ക് എങ്ങനെ സൂക്ഷിക്കാനാകും'' (മുസമ്മില്‍: 17). 

ഭയവിഹ്വലത നിമിത്തം കുട്ടികള്‍ പെട്ടെന്ന് വാര്‍ധക്യം ബാധിച്ച് നരച്ചവരായിത്തീരുന്ന ഒരു ഭയങ്കര ദിവസത്തെ ശിക്ഷയില്‍നിന്ന് നിങ്ങള്‍ക്കെങ്ങനെ സ്വയം രക്ഷിക്കാനാകും എന്നര്‍ഥം. 

''മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുവിന്‍. തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരുകാര്യം തന്നെയാകുന്നു. നിങ്ങള്‍ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താന്‍ മുലയൂട്ടുന്ന കുഞ്ഞിനെ പറ്റി അശ്രദ്ധയിലായിപ്പോകും. ഗര്‍ഭവതിയായ ഏതൊരു സ്ത്രീയും തന്റെ ഗര്‍ഭത്തിലുള്ളത് പ്രസവിച്ചുപോകുകയും ചെയ്യും. ജനങ്ങളെ മത്തുപിടിച്ചവരായി നിനക്കു കാണുകയും ചെയ്യാം. അവര്‍ ലഹരിബാധിച്ചവരല്ല.പക്ഷേ, അല്ലാഹുവിന്റെ ശിക്ഷ കഠിനമാകുന്നു'' (ഹജ്ജ്: 1,2).

നരകശിക്ഷയും അതിലെ കാഠിന്യതയും എടുത്തുകാണിച്ചുകൊണ്ട് അല്ലാഹു ജനങ്ങളില്‍ ഭയമുണ്ടാക്കുന്നു: ''അവര്‍ക്ക് അവരവരുടെ മുകള്‍ഭാഗത്ത് തീയിന്റെ തട്ടുകളുണ്ട്. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകള്‍. അതിനെപ്പറ്റിയാകുന്നു അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്. ആകയാല്‍ എന്റെ ദാസന്മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍'' (സുമര്‍:16).

സര്‍വ സന്തോഷങ്ങളെയും തകര്‍ത്തുകളയുന്ന മരണമെന്ന യാഥാര്‍ഥ്യം അല്ലാഹു നിശ്ചയിച്ചതാണ്. അതു സംഭവിച്ചാല്‍ പിന്നെ സല്‍കര്‍മങ്ങള്‍ ചെയ്യാനോ തൗബ ചെയ്യാനോ അവസരമില്ല. അത് ചിന്തിച്ചുകൊണ്ടെങ്കിലും തന്റെ രക്ഷിതാവിനെ കുറിച്ചുള്ള ഭയം ഉണ്ടാക്കുന്ന നിലയ്ക്ക് വ്യത്യസ്ത രീതിയില്‍ മരണത്തെ കുറിച്ച് അല്ലാഹു മനുഷ്യനെ ഓര്‍മപ്പെടുത്തുന്നു. 

''മരണ വെപ്രാളം യാഥാര്‍ഥ്യവും കൊണ്ട് വരുന്നതാണ്. ഏതൊന്നില്‍ നിന്ന് നീ ഒഴിഞ്ഞുമാറിക്കൊണ്ടിരിക്കുന്നുവോ അതത്രെ ഇത്'' (ഖാഫ്:19).

''നബിയേ, പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍നിന്ന് നിങ്ങള്‍ ഓടിയകലുന്നുവോ, തീര്‍ച്ചയായും അത് നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്. പിന്നീട് അദൃശ്യവും ദൃശ്യവും അറിയുന്നവന്റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നതിനെ പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്'' (ജുമുഅ: 8). 

''നിങ്ങള്‍ എവിടെയാണെങ്കിലും മരണം നിങ്ങളെ പിടികൂടുക തന്നെചെയ്യും'' (നിസാഅ്: 78).

മനുഷ്യരെക്കാള്‍ എത്രയോ വലുതും ശക്തരുമാണല്ലോ മലക്കുകള്‍. രാപകല്‍ വ്യത്യാസമില്ലാതെ അല്ലാഹുവിനെ ആരാധിച്ചുകൊണ്ടിരിക്കുവന്നവരാകുന്നു അവര്‍. എന്നിട്ട് പോലും തന്റെ രക്ഷിതാവിനെ അവര്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് നിസ്സാരനായ മനുഷ്യനെ അല്ലാഹു ബോധ്യപ്പെടുത്തുന്നു: 

''അവര്‍ക്കു മീതെയുള്ള അവരുടെ രക്ഷിതാവിനെ അവര്‍ ഭയപ്പെടുകയും അവര്‍ കല്‍പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു'' (നഹ്ല്‍:50).

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരും പ്രിയങ്കരരുമായ ആളുകളാണ് അമ്പിയാക്കള്‍. അവരും തങ്ങളുടെ രക്ഷിതാവിനെ സദാ ഭയപ്പെട്ടു ജീവിക്കുന്നവരായിരുന്നു: ''തീര്‍ച്ചയായും അവര്‍ ഉത്തമ കാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും ആശിച്ചുകൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മകാണിക്കുന്നവരുമായിരുന്നു'' (അമ്പിയാഅ:90). 

ലോകരില്‍ ശ്രേഷ്ഠനും ആദ്യമായി സ്വര്‍ഗപ്രവേശനത്തിനു അനുമതി ലഭിക്കുന്ന മഹാനുമായ മുഹമ്മദ് നബി ﷺ  പോലും എനിക്ക് സ്വര്‍ഗമാണല്ലോ എന്ന് പറഞ്ഞ് നിര്‍ഭയനായി കഴിഞ്ഞിരുന്ന ആളായിരുന്നില്ല. നബി ﷺ യോട് പറയാന്‍ അല്ലാഹു കല്‍പിക്കുന്നു: ''പറയുക: ഞാന്‍ എന്റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷയെപ്പറ്റി തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു'' (അന്‍ആം:15).

സ്വര്‍ഗം ആഗ്രഹിച്ച് ജീവിക്കുന്ന സത്യവിശ്വാസികളുടെ സ്വഭാവം വിശദീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ''ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുന്നവരായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും. എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല'' (സജദ:16,17).

ക്വുര്‍ആനില്‍ മാത്രമല്ല ഒട്ടവനവധി നബിവചനങ്ങളിലും അല്ലാഹുവിനെ കുറിച്ചുള്ള ഭയം ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. നബി ﷺ  ഒരു ദിവസം തന്റെ അനുചരന്‍മാരോട് ചോദിച്ചു: ''ഞാന്‍ കേള്‍ക്കുന്നത് നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?'' സ്വഹാബികള്‍ പറഞ്ഞു: ''ഞങ്ങള്‍ ഒന്നും കേള്‍ക്കുന്നില്ലല്ലോ പ്രവാചകരേ''. നബി ﷺ  പറഞ്ഞു: ''ആകാശത്തിന്റെ ഇരമ്പല്‍ ഞാന്‍ കേള്‍ക്കുന്നു... ആകാശലോകത്ത് ഒരു ചാണ്‍ സ്ഥലമുണ്ടെങ്കില്‍ അവിടെ ഒരു മലക്ക് സുജൂദിലോ നിറുത്തത്തിലോ ആണ്'' (സില്‍സിലതുല്‍ അഹാദീഥിസ്സ്വഹീഹഃ 852).

മറ്റൊരിക്കല്‍ നബി ﷺ  പറഞ്ഞു: ''അല്ലാഹുവാണ് സത്യം. ഞാന്‍ അറിയുന്നത് നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ വളരെ കുറച്ചു മാത്രം ചിരിക്കുകയും ഒരുപാട് കരയുകയും ചെയ്യുമായിരുന്നു. ഭാര്യമാരുമൊത്ത് കിടപ്പറകളില്‍ നിങ്ങള്‍ ആസ്വദിച്ചു കഴിയുമായിരുന്നില്ല'' ''(രിയാദുസ്സ്വാലിഹീന്‍, അല്‍ബാനി 481).

നബി ﷺ  പറയുന്നു: ''അല്ലാഹുവിന്നും നിങ്ങള്‍ക്കുമിടയില്‍ ഒരു വിവര്‍ത്തകനുമില്ലാതെ അല്ലാഹു അന്ത്യദിനത്തില്‍ സംസാരിക്കാത്ത ആരും തന്നെ നിങ്ങളിലില്ല. അപ്പോള്‍ അവന്‍ തന്റെ വലതുഭാഗത്തേക്ക് നോക്കും. താന്‍ ചെയ്തുവെച്ചത് മാത്രം കാണും. ഇടതുവശത്തേക്ക് നേക്കും. അവിടെയും താന്‍ ചെയ്തുവെച്ചത് മാത്രമെ കാണൂ. തന്റെ മുന്നിലേക്കവന്‍ നോക്കും. അപ്പോള്‍ തന്റെ മുന്നില്‍ നരകമല്ലാതെ കാണുകയില്ല. അതിനാല്‍ ഒരു കാരക്കയുടെ ചീളുകൊണ്ടെങ്കിലും നരകത്തെ തടഞ്ഞുകൊള്ളുക; ഒരു നല്ലവാക്കുകൊണ്ടെങ്കിലും'' (സ്വഹീഹുല്‍ ജാമിഅ്: 5674).

എന്തിനാണ് ഇത്രയും ഗൗരവത്തോടെ അല്ലാഹുവും അവന്റെ പ്രവാചകനും ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുന്നത്? അല്ലാഹുവിനെ കുറിച്ചുള്ള പേടിയുണ്ടാക്കാന്‍, ജീവിതം സംശുദ്ധമാക്കാന്‍, സല്‍കര്‍മങ്ങള്‍ ചെയ്യാന്‍, ദുഷ്‌കര്‍മങ്ങള്‍ ഒഴിവാക്കാന്‍. അങ്ങനെ നരകത്തില്‍ നിന്നും രക്ഷപ്പെട്ട് സ്വര്‍ഗത്തിലെത്താന്‍. 

അല്ലാഹുവിനെ പേടിയുള്ളവനേ നമസ്‌കാരം കൃത്യമായി പള്ളിയിലെത്തി ജമാഅത്തായി നിര്‍വഹിക്കൂ. തന്റെ സമ്പത്തില്‍ നിന്ന് സകാത്ത് നല്‍കൂ. കുടുംബ ബന്ധം പുലര്‍ത്തൂ. അല്ലാഹുവിനെ പേടിയുള്ളവന്‍ വ്യഭിചരിക്കുകയില്ല, മദ്യപിക്കുകയില്ല, ഏഷണിയും പരദൂഷണവും പറയുകയില്ല. പലിശ തിന്നുകയില്ല. ഇത്തരം തിന്മകള്‍ ഒഴിവാക്കിയാലേ സ്വര്‍ഗപ്രവേശം സാധ്യമാകുകയുള്ളൂ. നേരെ ചൊവ്വെ നിലകൊള്ളുന്നവര്‍ക്ക് മാത്രമാണല്ലോ അല്ലാഹു സ്വര്‍ഗം വാഗ്ദാനം ചെയ്തിട്ടുള്ളത്.

''ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: (മരണവേളയില്‍) നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരിക്കുന്ന സ്വര്‍ഗത്തെ പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞുക്കൊള്ളുക'' (ഫുസ്സ്വിലത്: 30).

അല്ലാഹുവിനെ കുറിച്ചുള്ള പേടിയുണ്ടായപ്പോള്‍ ജനങ്ങള്‍ പരലോകത്തേക്കുവേണ്ടി ഒരുങ്ങി. തങ്ങളാലാവുന്നത് അവര്‍ ചെയ്തു. ''ആഹാരത്തോട് പ്രിയമുള്ളതോടൊപ്പംതന്നെ അഗതിക്കും അനാഥക്കും തടവുകാരനും അവരത് നല്‍കുകയും ചെയ്തു. (അവര്‍ പറയും) അല്ലാവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍നിന്ന് യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മുഖംചുളിച്ചുപോകുന്നതും ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു. അതിനാല്‍ ആ ദിവസത്തിന്റെ തിന്‍മയില്‍ നിന്ന് അല്ലാഹു അവരെ കാത്ത് രക്ഷിക്കുകയും പ്രസന്നതയും സന്തോഷവും അവര്‍ക്കു അവന്‍ നല്‍കുകയും ചെയ്യുന്നതാണ്'' (അല്‍ ഇന്‍സാന്‍: 8-12).

ഭൗതികസുഖങ്ങളോ ധനസമ്പാദന മേഖലകളോ പരലോക വിജയം നേടുന്നതില്‍ ഇത്തരക്കാര്‍ക്ക് തടസ്സമായി മാറുകയില്ല. ''അവയില്‍ (പള്ളികളില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും) ചില ആളുകള്‍ അവന്റെ മഹത്ത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധ തിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടുക്കൊണ്ടിരിക്കുന്നു. അല്ലാഹു അവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചതിനുള്ള ഏറ്റവും നല്ല പ്രതിഫലം നല്‍കുവാനും അവന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് കൂടുതലായി നല്‍കുവാനും വേണ്ടിയത്രെ അത്. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക്‌നോക്കാതെ നല്‍കുന്നു'' (അന്നൂര്‍: 37,38).

നരകത്തെ കുറിച്ച് ഭയമുണ്ടായപ്പോള്‍ രാത്രികളില്‍ അവര്‍ നമസ്‌കരിച്ചു. പ്രാര്‍ഥനയിലും സുജൂദിലുമായി അവര്‍ കഴിച്ചുകൂടി. നരകരക്ഷക്കായി അവര്‍ പ്രാര്‍ഥിച്ചു. ഇന്ന് പലരും രാത്രി കഴിച്ചുകൂട്ടുന്നത് സിനിമകള്‍ക്കും സീരിയലുകള്‍ക്കും മുന്നില്‍. നമസ്‌കരിക്കാനവര്‍ക്ക് സമയമില്ല. നടക്കുന്നത് ഏഷണിയും പരദൂഷണവുമായി. നല്ലതു പറയാനവര്‍ക്ക് മനസ്സില്ല. തിന്നുന്നത് പലിശയിലൂടെയും മറ്റു ഹറാമായ മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന ധനത്തില്‍നിന്ന്! സുഖം തേടുന്നത് വ്യഭിചാരത്തിലൂടെ!

അല്ലാഹുവിനെ കുറിച്ചുള്ള പേടി തിന്മയില്‍ നിന്നും തടയുമെന്ന് സൂചിപ്പിച്ചല്ലോ. ഗുഹയില്‍ അകപ്പെട്ട മൂന്ന് സുഹൃത്തുക്കള്‍. രക്ഷപ്പെടാനാവാത്തവിധം ഗുഹാമുഖം പാറക്കല്ലിനാല്‍ അകപ്പെട്ടു. ഓരോരുത്തരും താന്‍ ചെയ്ത സല്‍കര്‍മങ്ങള്‍ എടുത്തുപറഞ്ഞപ്പോള്‍ പാറക്കല്ല്  നീങ്ങുകയും ഗുഹയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇതില്‍ ഒരു വ്യക്തി പറഞ്ഞ വിഷയം എന്തായിരുന്നു? താന്‍ പ്രാപിക്കാന്‍ ആഗ്രഹിച്ചിരുന്ന, തന്റെ പിതൃസഹോദരന്റെ മകള്‍. പക്ഷേ, അവളതിന് കൂട്ടാക്കിയില്ല. എന്നാല്‍ അവള്‍ക്ക് സാമ്പത്തികമായ ആവശ്യം വരികയും തന്റെ മുമ്പില്‍ കീഴൊതുങ്ങുകയും ചെയ്തു. ഞാന്‍ അവളിലേക്കടുത്തപ്പോള്‍ അവള്‍ പറഞ്ഞു: 'നീ അല്ലാഹുവിനെ സൂക്ഷിക്കുക...' അവള്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ടവളായിട്ടുപോലും അല്ലാഹുവിനെ ഭയപ്പെടൂ എന്ന വാക്ക് കേട്ടതിനാലാണ് താന്‍ മാറിനിന്നത്. 

അതെ! മനുഷ്യനെ സര്‍വതിന്മകളില്‍ നിന്നും അകറ്റുന്നത് ഈയൊരു ചിന്ത തന്നെയാണ്. രാജാവിന്റെ കൊട്ടാരത്തില്‍ ഏതു തിന്മയും മറച്ചുവെക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ 'അല്ലാഹുവേ, അവള്‍ എന്നെ ക്ഷണിക്കുന്ന കാര്യത്തെക്കാളും എനിക്കിഷ്ടം ജയില്‍വാസമാണെ'ന്ന് യൂസുഫ് നബി(അ) പറഞ്ഞു എങ്കില്‍ അതിനുള്ള കാരണവും മറ്റൊന്നായിരുന്നില്ല.