മുഹമ്മദ് ഇബ്‌നു അബ്ദുല്‍വഹാബും വിമര്‍ശകരും

യൂസുഫ് സാഹിബ് നദ്‌വി

2018 മാര്‍ച്ച് 03 1439 ജുമാദില്‍ ആഖിറ 16

ശൈഖ് മുഹമ്മദ് ഒരു പുതിയചിന്തയുടെ സ്ഥാപകനായിരുന്നുവെന്ന ആരോപണത്തെ അമുസ്‌ലിം ഉള്‍പ്പെടെയുള്ള ചരിത്ര പണ്ഡിതന്മാരും സ്വതന്ത്ര ചിന്തകരും ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ''ഇസ്‌ലാമിക ദൈവശാസ്ത്രജ്ഞന്‍, അറേബ്യയില്‍ ജനിച്ച് മദീനയില്‍ പഠിച്ച ഇദ്ദേഹം വളരെക്കാലം ഇറാനിലും ഇറാക്കിലും അധ്യാപകനായിരുന്നു. ബുക്ക് ഓഫ് യൂണിറ്റി (കിതാബുത്തൗഹീദ്) എന്ന ഗ്രന്ഥത്തില്‍ അതിരുകടന്നത് എന്ന് തനിക്ക് തോന്നിയ സ്വൂഫിസത്തിന്റെ വിവിധ വിഭാഗങ്ങള്‍ക്കെതിരില്‍ അദ്ദേഹം പ്രതികരിച്ചു. മുഹമ്മദ് ﷺ  പ്രഖ്യാപിച്ചിട്ടുള്ള ഇസ്‌ലാമിന്റെ യാഥാസ്ഥിതികവും പരമ്പരാഗതവും ആയ വശങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ അദ്ദേഹം ബഹുദൈവ വിശ്വാസത്തെ നിരാകരിച്ചു. പള്ളികള്‍ മോടി പിടിപ്പിക്കുന്നതിനെയും ദിവ്യന്മാരെ ആരാധിക്കുന്നതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ വിവാദം സൃഷ്ടിച്ചു. ക്രമേണ അദ്ദേഹത്തിന്റെ ആശയങ്ങള്‍ സ്വീകാര്യമാവുകയും ശക്തിപ്പെടുകയും ചെയ്തു'' (See: Wahabi and Wahabism Encyclopedia Britannica: 2008). 

വഹ്ഹാബികള്‍ എന്ന പ്രയോഗത്തിലൂടെ ശൈഖിന്റെ സേവനങ്ങളെ ഇകഴ്ത്തി വിലയിടിക്കാനുള്ള ശ്രമങ്ങളെ ഇസ്‌ലാമുമായി ബന്ധമില്ലാത്ത പാശ്ചാത്യന്‍ ചിന്തകരും എഴുത്തുകാരും തിരിച്ചറിയുകയും ഈ ആരോപണങ്ങളിലെ കഴമ്പില്ലായ്മയെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. എന്‍സൈക്ലോപീഡിയ ബിട്ടാണിക്ക ഒരിക്കല്‍കൂടി ഇക്കാര്യം വ്യക്തമാക്കുന്നു:''18ാം നൂറ്റാണ്ടില്‍ മുഹമ്മദ്ബിന്‍ അബ്ദുല്‍വഹാബ് സ്ഥാപിച്ച, മതകാര്യങ്ങളില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുന്ന(Puritan)വരാണ് ഇവര്‍. ദൈവത്തിന്റെ പരമമായ ഏകത്വം ധ്വനിപ്പികുന്ന 'മുവഹ്ഹിദൂന്‍' എന്ന വാക്കുപയോഗിച്ചാണ് അംഗങ്ങള്‍ അറിയപ്പെടുന്നത്. എല്ലാ തരത്തിലുമുള്ള ബഹുദൈവാരാധനയെയും ദിവ്യാരാധനയെയും അവര്‍ തള്ളിക്കളഞ്ഞു. ക്വുര്‍ആനിലും ഹദീസിലുമുള്ള ഇസ്‌ലാമിന്റെ മൗലിക ആശയങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ അവര്‍ ആഹ്വാനം ചെയ്യുന്നു...'' (Encyclopedia Britannica: 2008).

ഇസ്‌ലാമിന്റെ മൗലിക ആശയങ്ങളിലേക്ക് വിശ്വാസിസമൂഹം മടങ്ങിപ്പോയാല്‍ ഉണ്ടാകുന്ന നഷ്ടം സ്വൂഫിസത്തിന്റെ മറവില്‍ ഒളിഞ്ഞു നില്‍ക്കുന്ന ശീഈ/ഖുറാഫീ കൂട്ടായ്മക്ക് ആയിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. അതിലൂടെ സംഭവിക്കാന്‍ സാധ്യതയുള്ള വിവിധ നഷ്ടങ്ങളെ എങ്ങനെയും ചെറുക്കുകയെന്നതാണ് ഈ ഗ്രൂപ്പുകളുടെ ബാധ്യതയും. അതിനുവേണ്ടി എന്തു നീചമായ നടപടികള്‍ക്കും അവര്‍ തയ്യാറാകുന്നുവെന്നതാണ് ഇത്തരം അന്ധമായ വിമര്‍ശനങ്ങള്‍ തെളിയിക്കുന്നത്.  

വഹ്ഹാബികളുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും അടിസ്ഥാനമില്ലാത്ത കേവലം കളവുകള്‍ മാത്രമാണ്. 'മുഹമ്മദ് ﷺ യുടെയും അനുയായികളുടെയും കാലത്തുള്ള മൂല്യവത്തായ ഇസ്‌ലാമിലേക്ക് മടങ്ങണം എന്ന് ആഹ്വാനം ചെയ്യുന്നവരാണ് വഹ്ഹാബികള്‍...' എന്ന് സ്പാനിഷ് ചിന്തകനായ അര്‍മാണോ രേഖപ്പെടുത്തുന്നു. 

ഇസ്‌ലാമിക വിശ്വാസത്തെയും ആചാര അനുഷ്ഠാനങ്ങളെയും ഏറെ തെറ്റുധരിപ്പിക്കാന്‍ പര്യാപ്തമായ നിലയില്‍ ഗ്രന്ഥരചന നടത്തി കുപ്രസിദ്ധി നേടിയ പാശ്ചാത്യനായിരുന്നു ഗോള്‍ഡ് സീഹര്‍(Gold Ziher). ഇയാളുടെ എണ്ണമറ്റ ആരോപണങ്ങള്‍ക്ക് തടയിടാന്‍ നിരവധി മുസ്‌ലിം ചിന്തകന്മാര്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. എങ്കിലും ''മുഹമ്മദ് നബിയും അനുയായികളും നിലകൊണ്ട ഇസ്‌ലാമിന്റെ യഥാര്‍ഥ സഹായികളാണ് വഹ്ഹാബികള്‍...'' എന്ന് ഗോള്‍ഡ് സീഹര്‍ തന്റെ രചനയില്‍ സംശയരഹിതമായ നിലയില്‍ രേഖപ്പെടുത്തി. ഇസ്‌ലാമിനെ അതിന്റെ തനതായ ശൈയിലിയിലേക്ക് മടക്കിക്കൊണ്ടുവരലാണ് വഹ്ഹാബികളുടെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഇസ്‌ലാമിക നവോത്ഥാന രംഗത്ത് സജീവമായിരുന്ന ഒട്ടുമിക്ക സംരംഭങ്ങളെയും വികലമായി ചിത്രീകരിക്കാന്‍ എല്ലാ കാലത്തും ഇസ്്വലാഹിന്റെ ശത്രുക്കള്‍ ശ്രമിച്ചിട്ടുണ്ട്. പുതിയൊരു മതത്തിന്റെയും വിശ്വാസ, ആചാര, അനുഷ്ഠാനങ്ങളുടെയും വക്താവായിരുന്നു ശൈഖ് (നഊദുബില്ലാഹ്) എന്നുപോലും പറയാന്‍ ശത്രുക്കള്‍ക്ക് യാതൊരു മടിയും ഉണ്ടായിട്ടില്ല! ഈ സാഹചര്യത്തില്‍ പോലും ഇബ്‌നു സുഊദ് രാജാവിന്റെ സഹായത്തോടെ ശരീഅത്തില്‍ അധിഷ്ഠിതമായ ഒരു വ്യവസ്ഥാപിത ഭരണകൂടം സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധ്യമായി. തികച്ചും അസാധ്യമെന്ന് വിലയിരുത്തപ്പെടുന്ന ഈ അനുഭവം എങ്ങനെ ശൈഖിന് നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നത് പ്രത്യേക ഗവേഷണം അര്‍ഹിക്കുന്ന വിഷയമാണ്. 

പ്രവാചകന്റെയും അനുചരന്മാരുടെയും കാലത്തെ കലര്‍പ്പില്ലാത്ത ഇസ്‌ലാമിലേക്ക് വിശ്വാസി സമൂഹത്തെ മടക്കി വിളിക്കുകയും ശീഈ സ്വൂഫീ ബഹുദൈവ വിശ്വാസത്തിനെതിരില്‍ സന്ധിയില്ലാത്ത സമരം നടത്തുകയും ചെയ്ത ശൈഖ,് പ്രവാചകന്മാരും ഉത്തമ നൂറ്റാണ്ടുകാരും സഞ്ചരിച്ച അതേ മാര്‍ഗത്തില്‍ തന്നെ ആയിരുന്നു സഞ്ചരിച്ചിരുന്നത് എന്നതിന് അദ്ദേഹത്തിന്റെ രചനകള്‍ സാക്ഷിയാണ്.

പ്രവാചകന്മാരുടെ രീതിശാസ്ത്രത്തില്‍നിന്നും ഒട്ടും വ്യതിചലിക്കാത്ത നിലയിലുള്ള പ്രബോധന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു ശൈഖ് മുഹമ്മദും സ്വീകരിച്ചിരുന്നത്. ഭൂമിയില്‍ നിയുക്തരായ എല്ലാ പ്രവാചകന്മാരും സമൂഹേത്താട് മുഖ്യമായും ഒന്നാമതായും ഊന്നിപ്പറഞ്ഞത് തൗഹീദ് അഥവാ ഏകദൈവ വിശ്വാസത്തെപ്പറ്റി ആയിരുന്നു. കാരണം തൗഹീദില്‍ പരാജയപ്പെട്ടവര്‍ സര്‍വരംഗങ്ങളിലും പരാജിതരായിരിക്കും. ഹിജാസിലെ സമൂഹത്തോട് മുഖ്യമായും പ്രാഥമികമായും അദ്ദേഹം ഇതിന്റെ ഗൗരവത്തെക്കുറിച്ച് ഓര്‍മപ്പെടുത്തി. മക്കയും മദീനയും ഉള്‍പ്പെടുന്ന പുണ്യപ്രദേശങ്ങള്‍ മദ്ഹബീ പക്ഷപാതികളുടെ വിളയാട്ട കേന്ദ്രങ്ങള്‍ ആയിരുന്നു. ക്വുര്‍ആനിലും സ്വഹീഹായ ഹദീഥിലുകളിലും സുസ്ഥിരമായ ഇസ്‌ലാമിന്റെ ആധികാരിക പ്രമാണങ്ങളെ നേതാക്കള്‍ക്ക് ഹിതമല്ലാത്തതിന്റെ പേരിലും മദ്ഹബീ പക്ഷപാതത്തിന്റെ അടിസ്ഥാനത്തിലും പരസ്യമായി ധിക്കരിക്കാന്‍ യാതൊരു വൈമനസ്യവും ഇല്ലാതിരുന്ന സാഹചര്യത്തിലായിരുന്നു ശൈഖ് മുഹമ്മദിന്റെ കടന്നുവരവ്.

ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലാത്ത അന്ധവിശ്വാസ-അനാചാരങ്ങളെ ഇറാന്‍, ഇറാക്ക് ഉള്‍പ്പെടുന്ന ശീഈ നാടുകളില്‍ നിന്നും ഹിജാസിലേക്ക് സ്വൂഫിസത്തിന്റെ മറവില്‍ വ്യാപകമായി ഇറക്കുമതി ചെയ്തിരുന്നു. മദ്ഹബീ വീക്ഷണങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത സമയങ്ങളില്‍ വിവിധ ഇമാമുമാര്‍ക്ക് പിന്നിലായിരുന്നു ഹറമില്‍പോലും നമസ്‌കാരം നടന്നിരുന്നത്. ഏകദൈവ വിശ്വാസത്തിന് പ്രത്യക്ഷ വൈരുധ്യമുള്ള ക്വബ്ര്‍ ആരാധന, മരങ്ങളെ പൂജിക്കല്‍, ദിവ്യന്മാരെ വാഴ്ത്തല്‍, ത്വരീക്വത്ത് തുടങ്ങി നിരവധി നൂലാമാലകളുടെ കേദാരമായിരുന്നു അന്നത്തെ ഹിജാസ്. പൂര്‍വകാല പ്രവാചകന്മാരുടെ മാതൃക അനുസരിച്ച് ശൈഖ് മുഹമ്മദ് ഹിജാസിലെ ജനതയെ തൗഹീദിലേക്ക് ക്ഷണിച്ചു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹ്) നേരത്തെ സ്വീകരിച്ചിരുന്ന അതേ രീതിശാസ്ത്രം തന്നെയായിരുന്നു ഈ മാര്‍ഗത്തില്‍ ശൈഖിനും സ്വീകരിക്കാനുണ്ടായിരുന്നത്.

ഹിജാസിലേക്ക് പ്രബോധകനായി കടന്നുവരുന്നതിനുമുമ്പ് തന്റെ പിതാവ് ഉള്‍പ്പെടെയുള്ള പ്രമുഖ പണ്ഡിതന്മാരില്‍നിന്നും കൃത്യമായി വിജ്ഞാനം അഭ്യസിച്ചിരുന്നു. വിവിധ നാടുകളില്‍ ഇസ്‌ലാമിക പ്രബോധകനായി സേവനം അനുഷ്ഠിച്ച് നേടിയെടുത്ത അനുഭവ പരിചയം ഈ രംഗത്ത് ശൈഖിന് ഒരു മുതല്‍ക്കൂട്ടായിരുന്നു. നിഷ്‌ക്കളങ്കതയും ആത്മാര്‍ഥതയും ശൈഖിന്റെ ഓരോ പ്രവര്‍ത്തനത്തിലും പ്രകടമായിരുന്നു. അന്ധകാര നിബിഢമായ ഒരു സമൂഹത്തിനോട്, അല്ലാഹുവിലേക്കും റസൂലിലേക്കും മടങ്ങിവന്ന് അന്തസ്സും ആഭിജാത്യവും തിരികെപ്പിടിക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ സങ്കല്‍പങ്ങല്‍ക്കും ഉപരിയാണല്ലോ. പ്രത്യേകിച്ച് ലോകനേതാക്കളും ഭരണാധികാരികളും ഇതര സന്നാഹങ്ങളും ശക്തമായി മറുപക്ഷത്ത് അണിനിരന്നുകൊണ്ട്, ശൈഖിന്റെ പ്രവര്‍ത്തനങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന സാഹചര്യത്തില്‍. ഏതിര്‍പ്പിന്റെ തീവ്രതയും കരുത്തും ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രത്യേകം വിലയിരുത്തേണ്ടതുണ്ട്.

പാരമ്പര്യത്തിലും ഗ്രാമീണതയിലും അണുവിട വ്യതിചലിക്കാന്‍ ആഗ്രഹിക്കാത്ത സമൂഹമാണല്ലോ ഹിജാസിലെ പൗരാണിക അറബി സമൂഹം. നിസ്സാരമായ വിഷയങ്ങളില്‍ പോലും രൂക്ഷമായ പ്രതികരണം ഇവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. പാരമ്പര്യതയുടെ പേരില്‍ ദുരഭിമാനം വെച്ചുപുലര്‍ത്തുന്ന ഒരു സമൂഹത്തോട് നന്മ ഉപദേശിക്കുകയും തിന്മവെടിയാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണം സങ്കല്‍പിക്കാവുന്നതേയുള്ളു. പക്ഷേ, തന്റെ ദൗത്യം ഹിജാസിലെ സമൂഹത്തില്‍ കൃത്യമായി നിര്‍വഹിക്കുന്ന വിഷയത്തില്‍ ശൈഖ് വിജയം കൈവരിച്ചു. പ്രബോധനത്തിന്റെ വീഥിയില്‍ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ ഗുണകാംക്ഷാ മനസ്സോടെ ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് ശൈഖ് അവര്‍കളുടെ പ്രത്യേകതയായിരുന്നു. സത്യവും ക്ഷമയും കൊണ്ട് നിങ്ങള്‍ പരസ്പരം ഉപദേശിക്കുക എന്ന ക്വുര്‍ആന്‍ വചനത്തിന്റെ(103:03) പ്രയോക്താവായിട്ടായിരുന്നു ഹിജാസിലെ ശൈഖിന്റെ ഇസ്്വലാഹീ പ്രവര്‍ത്തനങ്ങളും. 

നൂറുശതമാനവും അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന ഒരു ഗുണകാംക്ഷാ മനസ്സ് ശൈഖിന്റെ എഴുത്തിലും പ്രസംഗത്തിലും നമുക്ക് വായിക്കാന്‍ കഴിയും. പ്രവാചകന്മാര്‍ നിര്‍വഹിച്ച പ്രബോധന പ്രവര്‍ത്തനങ്ങളുടെ അടിത്തറ തന്നെ ഈ ഗുണകാംക്ഷാ മനസ്സായിരുന്നുവല്ലോ. എഴുത്തിലും പ്രസംഗത്തിലും ഒരിക്കലും തന്റെ വ്യക്തിഗത ചിന്തകളിലേക്ക് ക്ഷണിക്കുന്ന ഒരു നേതാവിനെയല്ല നമുക്ക് കാണാന്‍ സാധിക്കുന്നത്. 'ഞാന്‍' എന്ന 'അനാനിയ്യത്തി'ന്റെ ഒരു പ്രയോഗം ശൈഖിന്റെ രചനകളില്‍ കാണാനേ സാധിക്കില്ല. ക്ഷമയും സഹവും കൈമുതലായുള്ള, പ്രവാചകന്മാരുടെ രീതിശാസ്ത്രമനുസരിച്ച് തികച്ചും അല്ലാഹുവിലേക്കും അവന്റെ റസൂല്‍ ﷺ യുടെ മാര്‍ഗത്തിലേക്കും ക്ഷണിക്കുന്ന ഉന്നതഗുണങ്ങള്‍ കൈമുതലുണ്ടായിരുന്ന കൃത്യമായ ഒരു ഇസ്‌ലാമിക പ്രബോധകന്‍ ആയിരുന്നു ശൈഖ് മുഹമ്മദ്. 

പൂര്‍വസൂരികളായ സലഫുകളുടെ രീതിശാസ്ത്രത്തിന്റെ പ്രബോധന അടിത്തറതന്നെ പ്രവാചകന്മാരല്ലാത്ത വ്യക്തികളെയും വ്യക്തിത്വത്തെയും ഉയര്‍ത്തിക്കാട്ടി പ്രബോധനം നടത്താതിരിക്കലാണ്; അവര്‍ എത്രതന്നെ ഉന്നതരും മാന്യരും ആണെങ്കില്‍ പോലും. കാരണം മനുഷ്യരുടെ പ്രവര്‍ത്തനങ്ങളില്‍ ശരിയും തെറ്റും സ്വാഭാവികമാണ്. വാക്കിലും വരിയിലും സ്വാഭാവികതയും അസ്വാഭാവികതയും സാധാരണമാണ്. അബദ്ധങ്ങളുടെ സാധ്യതയും കൂടുതലാണല്ലോ. എന്നാല്‍ അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ മാത്രം അനുസരിച്ച് പ്രബോധനം നടത്തുന്ന പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും പിഴവുകള്‍ പ്രതീക്ഷിക്കേണ്ടതില്ല. കാരണം അവരുടെ ഗതിവിഗതികള്‍ അല്ലാഹുവിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആയിരിക്കും. ഈ മാര്‍ഗം യഥാവിധി പിന്തുടരുന്നവര്‍ക്കും അവരുടെ മാര്‍ഗത്തില്‍ തികച്ചും വിജയം പ്രതീക്ഷിക്കാനാവും. 

എന്നാല്‍ വ്യക്തികളെ ഉയര്‍ത്തിക്കാട്ടി വ്യക്തിമാഹാത്മ്യത്തിലൂടെ സംഘടനാ പ്രവര്‍ത്തനത്തിലും പ്രചാരണത്തിലും ഏര്‍പെടുന്നവര്‍ക്ക് എന്നും ഓരോ വിഷയത്തിലും മാറ്റിയും തിരുത്തിയും പ്രസ്താവനകള്‍ പുറപ്പെടുവിക്കേണ്ടുന്ന അവസ്ഥ ഉണ്ടാകും. പ്രവാചകന്മാരുടെ രീതിശാസ്ത്രത്തില്‍ നിന്നും വ്യതിചലിച്ചാല്‍ ഉണ്ടാകുന്ന ദുര്‍ഗതിയാണിത്. ഭരണകൂടങ്ങളും നേതാക്കളും വ്യക്തമായ എതിര്‍ചേരിയില്‍ നിലകൊണ്ടിട്ടും ശൈഖ് മുഹമ്മദിന്റെ ഇസ്‌ലാമിക പ്രബോധനം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപകമാകാനുള്ള വ്യക്തമായ കാരണം ദഅ്‌വത്തിന്റെ വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച നയവും ഈ രീതിശാസ്ത്രവുമായിരുന്നു.

പ്രബോധകന്‍ പറയുന്നത് പ്രബോധിത സമൂഹത്തിന് മനസ്സിലാകാതെ പോകുന്നുവെന്ന മുഖ്യകാരണം ഈ രംഗത്തെ ഒരു കീറാമുട്ടിയാണ്. എന്താണ് പറയുന്നതെന്ന് കൃത്യമായ അറിവും ബോധവുമില്ലാതെ സമൂഹത്തിനോട് വാചാലരാകുന്ന നേതാക്കള്‍, എന്തോ ഒന്ന് 'ഘോരശബ്ദത്തില്‍' പുലമ്പിയെന്നല്ലാതെ ഞങ്ങള്‍ക്കൊന്നും തിരിഞ്ഞില്ലെന്ന മട്ടില്‍ പിരിഞ്ഞുപോകുന്ന ജനസമൂഹം...! ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ശൈഖിന്റെ ഇസ്്വലാഹീ ദഅ്‌വത്ത്. വ്യക്തമായ ഭാഷയിലും ശൈലിയിലും തനിക്ക് പറയാനുള്ളത് ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സമൂഹേത്താട് ശൈഖ് വ്യക്തമാക്കി. 

ശാന്തസുന്ദരവും ലളിതവുമായിരുന്നു ശൈഖിന്റെ വരികള്‍. വാക്കുകളുടെ ഊരാക്കുടുക്കുകള്‍ ഇല്ലാതെ, വളച്ചൊടിക്കാതെ സമൂഹത്തിന്റെ നന്മയും ശാശ്വതമായ പരലോകവും മുന്‍നിര്‍ത്തി കൃത്യമായ ഗുണകാംക്ഷയോടെയായിരുന്നു ശൈഖിന്റെ ഓരോ വരികളും. പരുക്കന്‍ പ്രതലത്തില്‍ ഈര്‍ഷ്യതക്കൊപ്പം പാരമ്പര്യത്തിനെ നെഞ്ചിലേറ്റി കഴിഞ്ഞിരുന്ന പൗരാണിക അറേബ്യന്‍ സമൂഹത്തിലേക്ക് ശൈഖിന്റെ സന്ദേശം കടന്നുചെല്ലുകയും അവര്‍ അതിനെ സ്വീകരിക്കുകയും ചെയ്തതിന്റെ മുഖ്യകാരണം ശൈഖിന്റെ ഈ ലാളിത്യവും നിഷ്‌ക്കളങ്കതയും മാത്രമായിരുന്നു. 

ഇബ്‌നുസുഊദ് എന്ന ഭരണാധികാരിയുടെ മനസ്സുപോലും തനിക്ക് അനുകൂലമായ നിലയില്‍ പാകപ്പെടുത്താന്‍ ശൈഖിന് സാധിച്ചുവെങ്കില്‍, അത് ശൈഖ് സ്വീകരിച്ച രീതിശാസ്ത്രത്തിന്റെ മഹിമയും അതിലുപരി അല്ലാഹുവിന്റെ സഹായവുമല്ലാതെ മറ്റൊന്നുമല്ല. രാജാവിനും പ്രജകള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വാക്കുകളും വരികളുമെന്നാണ് ശൈഖിന്റെ രചനകളെപ്പറ്റി പഠനം നടത്തിയ പ്രമുഖര്‍ അഭിപ്രായപ്പെട്ടത്. നബി ﷺ യും അനുചരന്മാരും ജീവിച്ച് മാതൃക കാട്ടിയപോലെ ജീവിക്കുന്ന ഒരുത്തമ കൂട്ടായ്മയെ പുനഃസൃഷ്ടിക്കാന്‍ ശൈഖിന്റെ രചനകള്‍ക്കും ഇസ്്വലാഹീ പ്രവര്‍ത്തനത്തിനും സാധ്യമായിട്ടുണ്ടെന്നത് വിമര്‍ശകരും സമ്മതിച്ച വസ്തുതയാണ്. 

നബി ﷺ യുടെ വിയോഗത്തിനും സച്ചരിതരായ ഖലീഫമാരുടെ ഖിലാഫത്തിനും ശേഷം ഹിജാസിന്റെ ഭൂമികയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരിവര്‍ത്തനത്തിനാണ് ശൈഖ് തുടക്കമിട്ടത്. സ്വൂഫിചിന്തയുടെ മറവില്‍ നുഴഞ്ഞുകയാന്‍ ശ്രമിച്ച ശീഇസത്തെ തൗഹീദിന്റെ പടവാളുകൊണ്ട് നിഷ്പ്രഭമാക്കുവാനും അധികാര സ്ഥാനങ്ങളെ തൗഹീദില്‍ അധിഷ്ഠിതമായ ക്വുര്‍ആനിക ചിന്തകള്‍കൊണ്ട് പുനര്‍നിര്‍മിക്കുവാനും ശൈഖിന് സാധിച്ചു. ആധുനിക അറേബ്യന്‍ ഉപദ്വീപിന്റെ തുടക്കം, ഹി:12ാം നൂറ്റാണ്ടിന്റെ പകുതിയില്‍ ഹിജാസില്‍ പ്രവര്‍ത്തനം ആരംഭിച്ച മുവഹ്ഹിദുകളുടെ തുടക്കം മുതലാണെന്ന് അറബികളുടെ ചരിത്രം (History Of The Arabs, Print: 2001,P: 740) എന്ന ഗ്രന്ഥത്തില്‍ ഭാഷാസഹിത്യ ചരിത്രകാരനായ ഫിലിപ്.കെ.ഹിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. 

ശൈഖ് മുഹമ്മദ് ഒരു പുതിയ മദ്ഹബിന്റെ സ്ഥാപകനോ നിലവിലെ ഏതെങ്കിലും കര്‍മശാസ്ത്ര സരണികളുടെ തീവ്രപക്ഷക്കാരനോ ആയിരുന്നില്ല. വിശ്വാസത്തിന്റെ വിഷയത്തില്‍ അല്ലാഹുവിന്റെ ക്വുര്‍ആനും പ്രവാചകചര്യയും അടിസ്ഥാനപ്പെടുത്തി സച്ചരിതരായ ഉത്തമനൂറ്റാണ്ടിലെ പുണ്യപുരുഷന്മാര്‍ മാര്‍ഗമാക്കിയ അതേമാര്‍ഗം തന്നെയായിരുന്നു ശൈഖിന്റെയും സരണി. കര്‍മശാസ്ത്രം, ക്വുര്‍ആന്‍, ഹദീഥ് എന്നിവയില്‍ അഗ്രഗണ്യനും നബി ﷺ യുടെ ജീവിതകാലത്തോട് സമീപസ്ഥനുമായിരുന്ന ഇമാം അഹ്മദ് ബിന്‍ ഹമ്പലി(ഹി: 164-241)ന്റെ മാര്‍ഗത്തെ അദ്ദേഹം കൂടുതല്‍ അവലംബിച്ചിരുന്നു. ഇത് ഏതെങ്കിലും തരത്തിലുള്ള മദ്ഹബീ തീവ്രപക്ഷപാതത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല. മറിച്ച് ശരിയോട് കൂടുതല്‍ അടുത്ത അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തി എന്ന നിലയില്‍ മാത്രമായിരുന്നു. കര്‍മശാസ്ത്ര രംഗത്തെ ഈ വീക്ഷണത്തിന്റെ പേരില്‍ ശരിയല്ലാത്തതോ ദുര്‍ബലമായതോ ആയ ഏതെങ്കിലും അഭിപ്രായത്തെ ന്യായീകരിക്കാനോ, ശരിയാക്കി സമര്‍ഥിക്കാനോ ശൈഖ് മുഹമ്മദ് ഒരിക്കലും തുനിഞ്ഞിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അന്ധമായ മദ്ഹബീ പക്ഷപാതം അഥവാ തക്വ്‌ലീദ് ശൈഖിലോ അദ്ദേഹത്തിന്റെ ശിഷ്യന്മാരിലോ കാണാന്‍ കഴിയില്ല. 

ശൈഖ് മുഹമ്മദിന്റെ ചിന്തകള്‍ സ്വാഗതം ചെയ്തവരെ രാഷ്ട്രീയ ഭൗതിക  താല്‍പര്യം മുന്നില്‍ക്കണ്ട ചിലര്‍ 'വഹ്ഹാബികള്‍' എന്ന് സംബോധന ചെയ്യാറുണ്ട്. ഇവരുടെ താല്‍പര്യങ്ങള്‍ നേരത്തെ വിശദീകരിച്ചതുപോലെ വളരെ വ്യക്തവും ആണ്. അബ്ദുല്‍വഹ്ഹാബ് എന്നത് ശൈഖിന്റെ പിതാവിന്റെ പേരാണെന്നത് പോലും ഇവര്‍ മനസ്സിലാക്കുന്നില്ല. ശെഖിന്റെ അനുയായികളെ അദ്ദേഹത്തിന്റെ പേരിലേക്ക് ചേര്‍ത്തിക്കൊണ്ട് വിളിക്കുകയാണെങ്കില്‍ 'മുഹമ്മദി'കള്‍ എന്നായിരുന്നേല്ലാ വിളിക്കേണ്ടിയിരുന്നത്. 'വഹ്ഹാബ്' എന്നത് അല്ലാഹുവിന്റെ നാമ വിശേഷണങ്ങളില്‍ അറിയപ്പെട്ട ഒരു നാമമാണ്. 

ഇമാം ശാഫിഈ(റഹ്)യുടെ രണ്ടുവരി കവിത ഏറെ പ്രശസ്തമാണ്:

''തിരുനബി ﷺ യുടെ കുടുംബത്തോടുള്ള പ്രണയം

റാഫിള്വി ശീഇകളുടെ അടയാളമാണെങ്കില്‍…

എല്ലാവരും അറിയുക ഞാനും റാഫിള്വി ശീഈ തന്നെ...''

ഈ മറുപടി തന്നെയാണ് ശൈഖിന്റെ വിഷയത്തിലും ഏറ്റവും അനുയോജ്യം. അല്ലാഹുവിനോടും മുഹമ്മദ് ﷺ യോടുമുള്ള വ്യക്തമായ കൂറുകാരണം ആരെങ്കിലും വഹ്ഹാബി എന്നാക്ഷേപിക്കപ്പെട്ടാല്‍, അത് അല്ലാഹുവിന്റെ നാമ വിശേഷണങ്ങളിലെ, മഹോന്നതമായ ഒരു ഗുണമാണെന്ന് മനസ്സിലാക്കാന്‍ കഴിവുള്ള ബുദ്ധിമാന്മാര്‍ അതിന്റെ പേരില്‍ ആത്മസായൂജ്യമടയുന്നത് സ്വാഭാവികമാണ്.