പ്രബോധകന്റെ ഗുണങ്ങള്‍

എസ്.എ ഐദീദ് തങ്ങള്‍

2018 സെപ്തംബര്‍ 08 1439 ദുല്‍ഹിജ്ജ 27

ദഅ്‌വ പ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ ഓരോ പ്രവര്‍ത്തകനും ശ്രദ്ധിക്കേണ്ടതും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതുമായ പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. 

അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ടായിരിക്കണം വീട്ടില്‍ നിന്നിറങ്ങുന്നത്. ആത്മാര്‍ഥമായ പ്രാര്‍ഥനയോടെയും ഏറ്റവും നല്ല നിയ്യത്തോടെ(ഉദ്ദേശ്യം)യുമായിരിക്കണം പുറപ്പെടല്‍. നല്ല നിയ്യത്തില്ലാത്ത ഒരു കര്‍മവും അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലല്ലോ. ഇതെന്റെ അവസാനത്തെ നമസ്‌കാരമാണെന്ന ചിന്തയോടെനമസ്‌കരിക്കുമ്പോള്‍ അതില്‍ ഭയഭക്തി വര്‍ധിക്കുമെന്നതില്‍ സംശയമില്ല. അതേപോലെ ദഅ്‌വാ പ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോഴും ഇതെന്റെ അവസാന ദഅ്‌വത്താണെന്നും ഇതിനിടയില്‍ ഞാന്‍ മരണമടഞ്ഞാല്‍ സ്വര്‍ഗാവകാശിയായിക്കൊണ്ടായിരിക്കും നാളെ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നുമുള്ള ചിന്തയുണ്ടാകണം. അത് ആത്മാര്‍ഥത വര്‍ധിക്കാന്‍ കാരണമാകും.

ആദ്യമായി ഒരു വീട്ടില്‍ ചെല്ലുമ്പോള്‍ ആ വീട്ടിലെ ആളുകള്‍ എത്തരക്കാരായിരിക്കും, എന്ത് പ്രതികരണമായിരിക്കും അവരില്‍ നിന്നുമുണ്ടാവുക എന്നൊന്നും നമുക്ക് മുന്‍കൂട്ടി അറിയില്ലല്ലോ. ഒരു പ്രബോധകന് പ്രബോധിതന്റെ ശ്രദ്ധയും സ്‌നേഹവും സൗഹൃദവും പിടിച്ചുപറ്റാന്‍ കഴിയേണ്ടതുണ്ട്. മറ്റുള്ളവരെ സത്യത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാനും നരകവക്കില്‍നിന്ന് രക്ഷപ്പെടുത്താനുമുള്ള ആത്മാര്‍ഥമായ ആഗ്രഹമായിരിക്കണം നമ്മെ നയിക്കേണ്ടത്.  

നിഷ്‌കളങ്കമായ പുഞ്ചിരി വിശ്വാസിയില്‍ പ്രകടമാകേണ്ടതുണ്ട്. ഒരു വ്യക്തിയുടെ ആകര്‍ഷകമായ ഒരു ഘടകമാണത് എന്നതില്‍ സംശയമില്ല. നിസ്സാരമെന്ന് തോന്നാമെങ്കിലും വലിയ പ്രതിഫലമാണ് അതിനുള്ളത്. നബിﷺ ഫറയുന്നു: ''നന്മകളില്‍ ഒരുകാര്യവും നിസ്സാരമാക്കാതിരിക്കുക; നിന്റെ സഹോദരനെ പ്രസന്നവദനത്തോടെ കാണുന്നതാണെങ്കിലും ശരി'' (മുസ്‌ലിം).

തന്റെ സഹോദരനോട് പുഞ്ചിരിക്കുന്നത് പോലും ധര്‍മമാണെന്ന് നബിﷺ പഠിപ്പിക്കുന്നുണ്ട്. കാരുണ്യത്തിന്റെ തിരുദൂതരുടെ അധരങ്ങളില്‍ എപ്പോഴും പുഞ്ചിരി നിറഞ്ഞുനിന്നിരുന്നു. അബ്ദുല്ലാഹിബ്‌നു ഹാരിസ്(റ) പറയുന്നു: ''അല്ലാഹുവിന്റെ ദൂതരെക്കാള്‍ അധികം പുഞ്ചിരിക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല''(തുര്‍മുദി). അത്‌കൊണ്ട് തന്നെ ഏത് കടുത്ത ശത്രുവിന്റെയും ഹൃദയം കീഴ്‌പെടുത്താന്‍ നബിതിരുമേനിക്ക് സാധിച്ചു. ഒരുപുഞ്ചിരി ശത്രുവിനെ പോലും മിത്രമാക്കാന്‍ കഴിയും എന്ന് സത്യപ്രബോധകര്‍ മറക്കാതിരിക്കുക.

കണ്ടുമുട്ടുമ്പോള്‍ സലാം ചൊല്ലല്‍ മുസ്‌ലിംകളുടെ പരസ്പര ബാധ്യതകളിലൊന്നായി ഇസ്‌ലാമില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. സഹോദരനോടുള്ള തന്റെ സ്‌നേഹം സലാം മുഖേന പ്രകടിപ്പിക്കപ്പെടുമ്പോള്‍ മറുഭാഗത്ത് അത് പ്രാര്‍ഥനാരൂപത്തില്‍ സഹോദരനോടുള്ള ഗുണകാംക്ഷയും പ്രകടമാവുന്നു. മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീഥില്‍ നബിﷺ ഇങ്ങനെ പറഞ്ഞതായി കാണാം: ''നിങ്ങള്‍ വിശ്വാസികളാവാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്‌നേഹിക്കാതെ നിങ്ങള്‍ വിശ്വാസികളാവുകയില്ല. പരസ്പരം സ്‌നേഹിക്കാതെ നിങ്ങള്‍ വിശ്വാസികളാവുകയില്ല. ഞാന്‍ നിങ്ങള്‍ക്കൊരു കാര്യം പറഞ്ഞുതരട്ടെയോ? അത് ചെയ്താല്‍ നിങ്ങള്‍ പരസ്പരം സ്‌നേഹിതന്മാരായിത്തീരും. നിങ്ങള്‍ തമ്മില്‍ തമ്മില്‍ വ്യാപകമായി സലാം ചൊല്ലുക എന്നതാണത്.'' 'സലാം കൊണ്ട് തുടങ്ങുന്നവനത്രെ നിങ്ങളില്‍ ഉത്തമന്‍' എന്ന നബി വചനം മറക്കാതിരിക്കുക.

തന്റെ വാക്കും പ്രവൃത്തിയും ഒന്നാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. അതായത് പറയുന്ന കാര്യം സ്വജീവിതത്തില്‍ പകര്‍ത്തുക. ഇത് ഏതൊരു സത്യവിശ്വാസിക്കും ബാധകമായ കാര്യമാണെന്നോര്‍ക്കണം. പണ്ഡിതനും പാമരനും ഈ വിഷയത്തില്‍ തുല്യമാണ്. 

''നിങ്ങള്‍ ജനങ്ങളോട് നന്മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്) മറന്ന് കളയുകയുമാണോ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ? നിങ്ങളെന്താണ് ചിന്തിക്കാത്തത്?'' (ക്വുര്‍ആന്‍ 2:44).

''സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു'' (ക്വുര്‍ആന്‍ 61:2,3).

നാം മറ്റൊരാളെ ഒരു കാര്യം ഉപദേശിക്കുവാന്‍ അര്‍ഹതയുള്ളവരാകുന്നത് നമ്മുടെ ജീവിതത്തില്‍ ആദ്യം ആ കാര്യം പ്രാവര്‍ത്തികമാക്കുമ്പോഴാണ്. ഒരാളില്‍ നമ്മുടെ ഉപദേശം ഫലം ചെയ്യണമെങ്കില്‍ നാം അത് സ്വയം പ്രവൃത്തിക്കുന്നവരായിരിക്കണം. കൃത്യമായി പള്ളിയില്‍  ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാത്തവനെങ്ങനെ ജമാഅത്ത് നമസ്‌കാരത്തിന്റെ പ്രാധാന്യം മറ്റൊരാളെ പറഞ്ഞ് പഠിപ്പിക്കാന്‍ പറ്റും? പലിശ വാങ്ങുന്നവന്‍ പലിശയുടെ കുറ്റത്തെപ്പറ്റി പറയാന്‍ എങ്ങനെ അര്‍ഹനാകും? നെരിയാണിക്ക് താഴെ തുണി വലിച്ചിഴച്ചു നടക്കുന്നവന് മറ്റൊരാളുടെ പാന്റ്‌സ് നേരെയാക്കാന്‍ പറയാന്‍ എന്തവകാശം? നമ്മില്‍ ഇസ്‌ലാമിക വിരുദ്ധമായ വല്ല പ്രവര്‍ത്തനവുമുണ്ടെങ്കില്‍ നമുക്ക് മറ്റൊരാളെ ഉപദേശിക്കാനോ, നേര്‍വഴിയിലാക്കാനോ സാധ്യമല്ല എന്ന് ചുരുക്കം. 

ഒരു പ്രബോധകന്റെ വേഷം മികച്ചതും മാന്യവും വൃത്തിയുള്ളതുമായിരിക്കണം. വൃത്തിയുള്ള വസ്ത്രം ധരിച്ച, സുഗന്ധം പൂശിയ, തക്വ്‌വയുള്ള യുവാവിനെയാണ് എനിക്ക് ഇഷ്ടമെന്ന് ഉമര്‍(റ) ഒരിക്കല്‍ പറയുകയുണ്ടായി. ഏതൊരു മനുഷ്യനെയും അവന്റെ വേഷത്തിനനുസരിച്ചായിരിക്കും ആരും വിലയിരുത്തുക എന്നത് ശ്രദ്ധേയമാണ്. വൃത്തിയും വെടിപ്പുമുള്ള ആളുകള്‍ക്കേ സമൂഹത്തില്‍ സ്ഥാനമുണ്ടാവുകയുള്ളൂ. ഒരു പ്രബോധകനുണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട ചില ഗുണങ്ങള്‍ ഈ ക്വുര്‍ആന്‍ വചനത്തില്‍ കാണാം: ''...എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. നിന്റെ രക്ഷിതാവിനെ മഹത്ത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 74:2-5).

അഹങ്കാര പൂര്‍വം ഉടുതുണി വലിച്ചിഴച്ചു നടക്കുന്നവനിലേക്ക് പുനരുത്ഥാന ദിവസം അല്ലാഹു നോക്കുകയില്ല എന്ന നബിവചനവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.

സംസാരത്തിലും മാന്യത പുലര്‍ത്തേണ്ടതുണ്ട്. ശബ്ദം കുടാതിരിക്കാന്‍ ശ്രദ്ധിക്കണം. ലുക്വ്മാന്‍(അ) തന്റെ മകനെ ഉപദേശിക്കവെ പറഞ്ഞ കാര്യം ക്വുര്‍ആനില്‍ ഇങ്ങനെ കാണാം:  ''നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ'' (ക്വുര്‍ആന്‍:19).

വാക്കുകള്‍ അധികമാവാതെയും  എന്നാല്‍ കേള്‍വിക്കാര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുന്ന രൂപത്തിലുമായിരിക്കണം സംസാരിക്കേണ്ടത്. വിഷയം മറന്ന് കാട്കയറി സംസാരിച്ച്‌പോകരുത്. വിഷയങ്ങളില്‍ നിന്ന് വ്യതിചലിച്ച് വാക്‌സാമര്‍ഥ്യം പ്രകടിപ്പിച്ച് നിര്‍ത്താതെ സംസാരിക്കുന്നവരെ കുറിച്ച് നബിﷺ പറഞ്ഞത് ശ്രദ്ധിക്കുക: ''വായാടികള്‍ നശിച്ചത് തന്നെ.'' ഈ വാക്യം തിരുമേനി മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കുകയുണ്ടായി (മുസ്‌ലിം).

നാം പറയുന്ന കാര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കഴിയുന്നത്ര സൗമ്യമായും വ്യക്തമായും സംസാരിക്കാന്‍ ശ്രമിക്കേണ്ടതാണ്. ഒരാള്‍ സംസാരിച്ച് കൊണ്ടിരിക്കെ ഇടക്ക് കയറി കൂടെയുള്ള ആള്‍ സംസാരിക്കാനിടവരരുത്. നബിﷺ ഒരാള്‍ സംസാരിച്ചുതീരും വരെ ഇടക്ക് കയറി ഒന്നും പറയുമായിരുന്നില്ല. ഇടക്ക് കയറി സംസാരിച്ചാല്‍ പറയുന്ന ആളുടെ ശ്രദ്ധ തെറ്റും. മാത്രമല്ല, ആരോടാണോ സംസാരിക്കുന്നത് അവര്‍ക്ക് നമ്മോടുള്ള മതിപ്പ് കുറയാനും അത് കാരണമാകും. 

ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നും പറയാതിരിക്കുക. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, ഊഹത്തില്‍ നിന്ന് മിക്കതും നിങ്ങള്‍വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു'' (ക്വുര്‍ആന്‍ 49:12).'' 

നബിﷺ പറയുന്നു: ''ഊഹത്തെ നിങ്ങള്‍ സൂക്ഷിക്കുക. ഊഹം സംസാരത്തില്‍ വെച്ച് ഏറ്റവും വലിയ കളവാകുന്നു. നിങ്ങള്‍ മറഞ്ഞ കാര്യങ്ങളും സ്ഥിതിഗതികളും തേടി നടക്കരുത്. ജനങ്ങളുടെ കുറ്റങ്ങളും കുറവുകളും ചുഴിഞ്ഞന്വേഷിക്കരുത്. പരസ്പരം പിണങ്ങി നില്‍ക്കരുത്. ദ്വേഷ്യപ്പെടരുത്. അല്ലാഹുവിന്റെ അടിമകളേ- നിങ്ങള്‍ സഹോദരങ്ങളായി വര്‍ത്തിക്കുക'' (മുസ്‌ലിം).

നാം സന്ദര്‍ശിക്കുന്ന വീട്ടുകാരില്‍ പലരും ഇസ്‌ലാമിന്റെ പ്രാഥമിക പാഠങ്ങള്‍ പോലും ശരിയായി പഠിക്കാത്തവരായിരിക്കാം. അങ്ങനെയുള്ള ആള്‍ക്കാര്‍ ചിലപ്പോള്‍ വുദൂഇന്റെയോ, നമസ്‌കാരത്തിന്റെയോ കാര്യത്തില്‍ വല്ല സംശയവും ചോദിച്ചാല്‍ 'അങ്ങനെയല്ലെന്നാണ് തോന്നുന്നത്', 'ഇങ്ങനെയാവാനാണ് സാധ്യത' എന്നൊക്കെ ഊഹിച്ച് പറയാന്‍ പാടുള്ളതല്ല എന്ന് സാരം.

മറ്റൊരാളുടെ വീട്ടില്‍ ചെന്ന് അവരെ ആക്ഷേപിച്ചും അവരോട് തട്ടിക്കയറിയും തിരിച്ചുപോരുന്ന അവസ്ഥയുണ്ടാകരുത്. പറയുന്ന കാര്യം വ്യക്തവും പ്രമാണബദ്ധവുമായിരിക്കുക എന്നതാണ് എന്തിനെക്കാളും പ്രധാനം എന്ന് മറക്കാതിരിക്കുക. ക്ഷമ എന്ന സദ്ഗുണം ഒരു സന്ദര്‍ഭത്തിലും കൈവിട്ടുപോകരുത്.

ഒരു വീടിന്റെ അടഞ്ഞ് കിടന്നിരുന്ന ഗേറ്റ് തുറന്ന് നാം അകത്ത് പ്രവേശിച്ചാല്‍ തിരിച്ച് പോരുമ്പോള്‍ തുറന്നിട്ട ഗേറ്റ് അടക്കാതെ അതേപടി വിട്ടേച്ച് തിരിച്ചു പോരുന്നത് മര്യാദകേടാണ്. നാല്‍ക്കാലികള്‍ കയറി അവരുടെ ചെടികളും മറ്റും നശിപ്പിക്കാന്‍ അത് ഇടവരുത്തിയേക്കാം. 

'ഞങ്ങള്‍ക്ക് നിങ്ങളുടെ ലഘുലേഖ വേണ്ട, നിങ്ങളുടെ സംസാരം കേള്‍ക്കുവാന്‍ താല്‍പര്യവുമില്ല' എന്ന് പറയുന്നവരോട് പുഞ്ചിരിയോടെ 'എന്നാല്‍ ശരി' എന്നു പറഞ്ഞ് മടങ്ങിപ്പോരുകയാണ് വേണ്ടത്. അല്ലാതെ നിര്‍ബന്ധപൂര്‍വം സംസാരം കേള്‍പ്പിക്കുകയല്ല. അങ്ങനെ നിര്‍ബന്ധിക്കല്‍ അവരുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമായി അവര്‍ മനസ്സിലാക്കും. അങ്ങനെ നിര്‍ബന്ധിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുമില്ല.

ഒരു വീട്ടില്‍ നിന്നും തിരിച്ച ഉടനെ ആ വീട്ടുകാരെപ്പറ്റിയും അവിടെ കണ്ടതിനെയും കേട്ടതിനെയും പറ്റിയും യാതൊരു കമന്റും പാസ്സാക്കാന്‍ പാടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. 

സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ അകത്തേക്ക് കയറാതെ പുറത്ത് നിന്ന് തന്നെ സംസാരിക്കലാണ് ഉത്തമം; ഒരു സ്ത്രീ മാത്രമാണുള്ളതെങ്കില്‍ പ്രത്യേകിച്ചും.

കോളിങ്ങ് ബെല്‍ തുടര്‍ച്ചയായി അടിക്കുകയോ, ആരുമില്ലെന്ന് കണ്ടിട്ടും സിറ്റൗട്ടില്‍ കയറിയിരിക്കുകയോ, ടീപോയില്‍ ഇരിക്കുന്ന പേപ്പര്‍ എടുത്ത് വായിക്കുകയോ, ചെടികളില്‍നിന്ന് പൂപറിക്കുകയോ ഒന്നും ചെയ്യാവുന്നതല്ല.

ഇക്കാര്യങ്ങളെല്ലാം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ തൃപ്തിനേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കനുകരിച്ച് അവന്‍ പ്രതിഫലം നല്‍കാതിരിക്കില്ല.