മുഹമ്മദ് നബിﷺ: മാനവതയുടെ സമ്പൂര്‍ണ മാതൃക

ശരീഫ് കാര

2018 നവംബര്‍ 03 1440 സഫര്‍ 23

മാതൃകയാവുക എന്നത് പ്രയാസകരമായ കാര്യമാണ്. ലോക ചരിത്രത്തില്‍ മനുഷ്യര്‍ക്ക് ചില കാര്യങ്ങളില്‍ മാതൃകയായവര്‍ ഒരുപാടുണ്ട്. പക്ഷേ, ഭരണ രംഗത്തു മാതൃകയായവര്‍ കുടുംബരംഗത്ത് പരാജയപ്പെട്ടു. രാഷ്ട്രീയത്തില്‍ തിളങ്ങിനിന്നവര്‍ സാമ്പത്തിക രംഗത്ത് കളങ്കം വരുത്തി. ഭൗതിക മേഖലയില്‍ നിറഞ്ഞ് നിന്നവര്‍ ആത്മീയതയില്‍ തകര്‍ന്നടിഞ്ഞു. എന്നാല്‍ മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലും മാതൃകയായ ഒരേയൊരാള്‍ മുഹമ്മദ് നബിﷺ മാത്രമാണെന്ന് ചരിത്രത്തെ മഞ്ഞക്കണ്ണടവെക്കാതെ പഠിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും. അതുകൊണ്ട് തന്നെ അല്ലാഹു പറഞ്ഞു: ''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്'' (ക്വുര്‍ആന്‍ 33:21). 

ജീവിതത്തിന്റെ ഏത് മേഖലയിലും പ്രവാചകനില്‍ നമുക്ക് മാതൃകയുണ്ട്. ചില ഉദാഹരണങ്ങള്‍ നോക്കാം.

ഭര്‍ത്താവ്

ഒരു മനുഷ്യന്റെ സ്വഭാവ, പെരുമാറ്റ രീതികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഏറ്റവും യോഗ്യതയുള്ളത് ഭാര്യമാര്‍ക്കാണ്. പ്രവാചകന്‍ﷺയുടെ സ്വഭാവത്തെക്കുറിച്ച് ഭാര്യ ആഇശ(റ) പറഞ്ഞത് 'അദ്ദേഹത്തിന്റെ സ്വഭാവം ക്വുര്‍ആനാണ്' എന്നാണ്. ക്വുര്‍ആന്‍ വരച്ച് കാണിക്കുന്ന വിശ്വാസിയുടെ ജീവിതമാണ് പ്രവാചകന്‍ﷺ നയിക്കുന്നത് എന്നര്‍ഥം. നാം ജീവിതത്തിന്റെ വിവിധ മേഖലയില്‍ തിളങ്ങിനില്‍ക്കുമ്പോഴും നമ്മള്‍ ഇടപഴകുന്നവരുടെ മുമ്പില്‍ നല്ലവരാകുമ്പോഴും നമ്മെക്കുറിച്ച് സ്വന്തം ഭാര്യമാര്‍ക്ക് ഇത് പോലെ നല്ലത് പറയാന്‍ കഴിയുമോ എന്ന് നാം ചിന്തിക്കുക. 

പിതാവ്

ദിവസങ്ങളോളം പട്ടിണികിടന്നതിനു ശേഷം കിട്ടിയ ഭക്ഷണം കഴിക്കുമ്പോള്‍ പോലും പ്രിയപ്പെട്ട മകളെ അദ്ദേഹം മറന്നില്ല. തനിക്ക് ഒരു വേലക്കാരിയെ ആവശ്യപ്പെട്ട മകളോട് അതിനെക്കാള്‍ പ്രാധ്യാന്യം ഉള്ളതും പരലോക രക്ഷക്ക് ഗുണകരമായതുമായ ചില കാര്യങ്ങള്‍(ഉറങ്ങുന്ന സമയത്ത് സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ് എന്ന് 33 തവണയും അല്ലാഹുഅക്ബര്‍ എന്ന് 34 തവണയും ചൊല്ലാന്‍) നിര്‍ദേശിക്കുകയും അതിലൂടെ തന്റെ മകളുടെ പരലോക രക്ഷയുടെ കാര്യം ഓര്‍മപ്പെടുത്തുകയും ചെയ്തു. മകള്‍ ഫാത്വിമ(റ)യോട് പിണങ്ങിയ മരുമകന്‍ അലി(റ)യുടെ അരികില്‍ ചെന്ന് പ്രവാചകന്‍ﷺ അദ്ദേഹത്തെ സാന്ത്വനപ്പെടുത്തി വീട്ടിലേക്ക് തിരിച്ചയക്കുകയും അതിലൂടെ ഒരു പിതാവിന്റെ ബാധ്യത നിര്‍വഹിക്കുകയും ചെയ്തു. ഒരു നല്ല പിതാവ് എങ്ങനെയായിരിക്കണമെന്ന് നബിﷺ വളരെ കൃത്യമായി സ്വജീവിതത്തിലൂടെ നമുക്ക് കാണിച്ച് തന്നിട്ടുണ്ട് എന്നത് നാം ഓര്‍ക്കുക. 

പിതാമഹന്‍

ഹസന്‍(റ), ഹുസൈന്‍(റ) എന്നീ പേരക്കിടാങ്ങളുടെ മതകാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധിക്കുന്ന പിതാമഹന്‍ ആയിരുന്നു പ്രവാചകന്‍ﷺ. അവരെ സ്‌നേഹിക്കുകയും അവരോട് വാത്സല്യം കാണിക്കുകയും ചെയ്യുന്ന, മുട്ടിലിഴഞ്ഞ് അവരോടൊപ്പം കളിക്കുന്ന, മിമ്പറില്‍ നിന്ന് ഇറങ്ങിച്ചെന്ന് പോലും അവരെ ചുംബിക്കുന്ന പിതാമഹന്‍. ഒരിക്കല്‍ പേരക്കിടാങ്ങളിലൊരാള്‍ പൊതുഖജനാവില്‍ നിന്ന് ഒരു കാരക്കച്ചുള വായിലിട്ടപ്പോള്‍ വായില്‍ കയ്യിട്ട് അത് പുറത്ത് കളയുകയും അതുവഴി അവരുടെ വയറ്റില്‍ ഹറാം കലരാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുകയും ചെയ്തു. എല്ലാവിധ ഉപദ്രവങ്ങളില്‍നിന്നും അവര്‍ക്ക് രക്ഷലഭിക്കാനായി അവരുടെ തലയില്‍ കൈവെച്ചുകൊണ്ട് നബിﷺ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. 

നേതാവ്

ചരിത്രത്തില്‍ അനുയായികളെ ഇത്രയധികം സ്‌നേഹിച്ച മറ്റൊരു നേതാവും കടന്നുപോയിട്ടില്ല. നേതാവായി നിന്ന് കല്‍പിക്കുകയും അനുയായികളെക്കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്യുന്ന ആധുനിക നേതാക്കളെയല്ല പ്രവാചകനില്‍ നാം കാണുന്നത്. ചരിത്രപ്രസിദ്ധമായ ഖന്തക്വ് യുദ്ധത്തിനായി അനുചരന്മാര്‍ വിശപ്പും ദാഹവും സഹിച്ച്, വയറ്റില്‍ കല്ലുവെച്ച്‌കെട്ടി കിടങ്ങ് കീറുമ്പോള്‍ രണ്ട് കല്ലുകള്‍ കെട്ടിവെച്ച് പ്രവാചകന്‍ﷺ അവര്‍ക്ക് നേതൃത്വം നല്‍കി. തനിക്ക് കിട്ടുന്ന ഭക്ഷണം പോലും കൂട്ടുകാര്‍ക്ക് പങ്ക് വെച്ചിരുന്ന പ്രവാചകന്‍ﷺ അവരുടെ സന്തോഷത്തെ തന്റെ സന്തോഷമായും അവരുടെ വേദനകളെ തന്റെ വേദനകളായും കണക്കാക്കി. തന്റെ കൂട്ടുകാര്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ അവര്‍ പറയാതെ തന്നെ മനസ്സിലാക്കി കഴിയാവുന്ന സഹായങ്ങള്‍ അദ്ദേഹം ചെയ്തുകൊടുത്തു. 

ഒരിക്കല്‍ ജാബിറുബ്‌നു അബ്ദില്ല(റ) പ്രവാചകന്റെ കൂടെ യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോള്‍ നബിﷺ അദ്ദേഹത്തോട് വിവരങ്ങള്‍ അന്വേഷിച്ചു. വീട്ടിലെ തന്റെ ബാധ്യതകളെയും പ്രയാസത്തേയും കുറിച്ച് അദ്ദേഹം നബിﷺയോട് വിവരിച്ചു. പ്രവാചകന്‍ﷺ ജാബിര്‍(റ)വിനോട് അവശനായ തന്റെ ഒട്ടകത്തെ തനിക്ക് വില്‍ക്കണോ എന്നന്വേഷിച്ചു. അദ്ദേഹം അത് നബിﷺക്ക് വില്‍പന നടത്തി. പ്രവാചകന്‍ﷺ അദ്ദേഹത്തിന് അതിന്റെ മുതല്‍ നല്‍കി തിരിച്ച് പോകുമ്പോള്‍ അദ്ദേഹം ജാബിര്‍(റ)നെ മടക്കി വിളിച്ചിട്ട് പറഞ്ഞു: 'ഈ ഒട്ടകവും നിങ്ങള്‍ക്കുള്ളത.് ഇതിനെ കൊണ്ടുപൊയ്‌ക്കോളൂ.' 


നീതിമാനായ വിധികര്‍ത്താവ്

തന്റെ ആളുകള്‍ എന്തു തെറ്റ് ചെയ്താലും അതിനെ ന്യായീകരിക്കുകയും മറ്റുള്ളവര്‍ ചെയ്യുന്നത് നിസ്സാരകാര്യമാണെങ്കിലും അവര്‍ക്കെതിരില്‍ വാളെടുക്കുകയും ചെയ്യുന്ന പുതിയ കാലത്തെ 'നീതിമാന്‍'  മാരെപ്പോലെയായിരുന്നില്ല പ്രവാചകന്‍ﷺ. മറിച്ച് ശത്രുവാണെങ്കിലും മിത്രമായിരുന്നാലും സത്യവും നീതിയും ആരുടെ ഭാഗത്താണോ അവള്‍ക്ക് അനുകൂലമായി വിധി നടപ്പിലാക്കുക എന്നതായിരുന്നു നബിﷺയുടെ രീതി. ഉന്നത ഗോത്രക്കാരിയായ ഒരു പെണ്ണ് മോഷണത്തിന്റെ പേരില്‍ പിടിക്കപ്പെടുകയും പ്രവാചകന്‍ﷺ അവള്‍ക്കെതിരില്‍ വിധി നടപ്പിലാക്കുകയും ചെയ്തു. അപ്പോള്‍ ചിലര്‍ അവളുടെ ഗോത്രത്തെക്കുറിച്ച് ഓര്‍മപ്പെടുത്തി. നബിﷺ പറഞ്ഞു: 'എന്റെ മകള്‍ ഫാത്തിമയാണ് മോഷ്ടിക്കുന്നതെങ്കില്‍ അവളുടെ കൈ ഞാന്‍ മുറിക്കുക തന്നെ ചെയ്യും.' ഈ നീതിബോധം ശത്രുക്കള്‍ പോലും തിരിച്ചറിഞ്ഞതാണ്. 

അതുല്യമായ വിട്ടുവീഴ്ച

ഇങ്ങോട്ട് ശത്രുത കാണിക്കുന്നവരോടും അങ്ങോട്ട് സ്‌നേഹത്തില്‍ വര്‍ത്തിക്കുക എന്നത് വിശ്വാസവും ക്ഷമാശീലവും കൊണ്ട് അനുഗൃഹീതരായവര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. ക്വുര്‍ആന്‍ പറയുന്നു: ''നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കെല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവനല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല'' (41:34,35). ഇതിനുള്ള ഉത്തമ ഉദാഹരണമാണ് പ്രവാചകന്‍ﷺയുടെ ജീവിതം 

പല യുദ്ധങ്ങളിലും ശത്രുഭാഗത്ത് നിലകൊള്ളുകയും ബദ്ര്‍യുദ്ധത്തില്‍ ബന്ധനസ്ഥനാവുകയും ചെയ്യപ്പെട്ട വ്യക്തിയാണ് സുഹൈലുബ്‌നു അംറ്. ബന്ധിതനായ അദ്ദേഹത്തെ നോക്കിക്കൊണ്ട് ഉമര്‍(റ) പറഞ്ഞു: ''നബിയേ, സുഹൈലിനെ എനിക്ക് വിട്ട് തരൂ. അവന്റെ മുന്‍പല്ലുകള്‍ ഞാന്‍ ഊരിക്കളയട്ടെ. ഇനി ഒരിക്കലും അവന്‍ ഇസ്‌ലാമിനെതിരെ സംസാരിക്കരുത്.'' നബിﷺ അദ്ദേഹത്തിന് അനുവാദം നല്‍കിയില്ല. പിന്നീട് ഹുദൈബിയ സന്ധിയുടെ സന്ദര്‍ഭത്തിലും പ്രവാചകന് എതിരുനിന്നത് സുഹൈലുബ്‌നു അംറ് തന്നെ! അവിടെയും പ്രവാചകന്‍ﷺ അദ്ദേഹത്തിന് വിട്ടുവീഴ്ച നല്‍കി. അക്കാരണത്താല്‍ തന്നെ പ്രമാണിയും വാഗ്മിയുമായിരുന്ന  സുഹൈലുബ്‌നു അംറ് ഇസ്‌ലാം ആശ്ലേഷിക്കുകയുണ്ടായി. ധാരാളം സുന്നത്ത് നമസ്‌കരിക്കുകയും ധര്‍മം ചെയ്യുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്ന, ഇസ്‌ലാമിന് വേണ്ടി തന്റെ സംസാര വൈഭവം ഉപയോഗിക്കുന്ന പ്രവാചകാനുചരനായി അദ്ദേഹം മാറുകയും ചെയ്തു. 

തന്നെ ശക്തമായി എതിര്‍ക്കുകയും പിറന്ന മണ്ണില്‍നിന്ന് തന്നെ പുറത്താക്കുകയും ചെയ്ത ജനതയുടെ മേല്‍ ആധിപത്യം ലഭിച്ചപ്പോള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത രൂപത്തില്‍ വിട്ടുവീഴ്ചയും വിശാലമനസ്‌കതയും കാണിച്ചു ലോകത്തിന്റെ പ്രവാചകന്‍. തന്റെ പള്ളിയില്‍ കയറി മൂത്രമൊഴിച്ച ഗ്രാമീണനോട് നബിﷺ ക്ഷമിക്കുകയും അയാളെ തടയാന്‍ ചെന്നവരോട് നബിﷺ അരുതെന്ന് പറയുകയും ചെയ്തത് പ്രസിദ്ധമാണ്. ഇതെല്ലാം പ്രവാചകന്റെ വിട്ടുവീഴ്ചാമനോഭാവത്തിന്റെ മഹത്തായ ഉദാഹരണങ്ങളാണ്. 

ഏറ്റവും വലിയ മനുഷ്യ സ്‌നേഹി

എല്ലാവരും സ്വര്‍ഗാവകാശികളായിത്തീരണമെന്ന ആഗ്രഹമാണ് പ്രവാചകന്‍ﷺക്ക് ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ ഓരോരുത്തര്‍ക്കും സത്യമതത്തിന്റെ സന്ദേശം എത്തിക്കാന്‍ അദ്ദേഹം ആവതു ശ്രമിക്കുകയും ചെയ്തു. ജൂതനായ ഒരു കുട്ടി മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ പ്രവാചകന്‍ﷺ അവരുടെ വീട്ടിലെത്തി ഇസ്‌ലാം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. തന്റെ അരികില്‍ നില്‍ക്കുന്ന തന്റെ പിതാവിന്റെ മുഖത്ത് നോക്കിയ കുട്ടി പിതാവിന്റെ സമ്മത പ്രകാരം ഇസ്‌ലാം സ്വീകരിച്ചു. ആ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പ്രവാചകﷺ പറഞ്ഞു: ''ആ കുട്ടിയെ നരകത്തില്‍ നിന്നും കാത്തുരക്ഷിച്ച അല്ലാവിന്നാകുന്നു സ്തുതികളഖിലവും.'' 

പ്രവാചകന്റെ സവിശേഷതയായി ക്വുര്‍ആന്‍ പറയുന്നത് കാണുക: ''തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങൡ നിന്നു തന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം' (ക്വുര്‍ആന്‍ 9:128).

സത്യസന്ധതക്ക് ശത്രുവിന്റെ പോലും അംഗീകാരം

നബിﷺയുടെ നീതിയും സത്യസന്ധതയും ശത്രുവിന് പോലും അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്. ഹുദൈബിയ സന്ധി നിലനില്‍ക്കുന്ന സമയത്ത് ഒരിക്കല്‍ അബുസുഫ്‌യാനെ ഹിര്‍ഖല്‍ ചക്രവര്‍ത്തി തന്റെ ദര്‍ബാറിലേക്ക് ക്ഷണിച്ചു. സംസാരത്തിനിടയില്‍ നബിﷺയെ കുറിച്ച് ചില ചോദ്യങ്ങള്‍ ചോദിച്ചു: 'അദ്ദേഹം കള്ളം പറയാറുണ്ടോ?' അബുസുഫ്‌യാന്‍ പറഞ്ഞു: 'ഇല്ല.' ഹിര്‍ഖല്‍ ചോദിച്ചു: 'അദ്ദേഹം വഞ്ചന നടത്തിയിട്ടുണ്ടോ?' അബുസുഫ്‌യാന്‍ പറഞ്ഞു: 'ഇല്ല.' 

ഈ സംഭവം നടക്കുമ്പോള്‍ അബൂസുഫ്‌യാന്‍(റ) ഇസ്‌ലാം സ്വീകരിച്ചിട്ടില്ല. അദ്ദേഹം ശത്രുപാളയത്തിലായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് പ്രവാചകന്റെ സദ്ഗുണങ്ങള്‍ സമ്മതിക്കേണ്ടിവന്നു എന്നത് ശ്രദ്ധേയമാണ്. 

ഇതര ജീവികളോടും സ്‌നേഹം

മനുഷ്യരോട് മാത്രമല്ല ഇതര ജന്തുജാലങ്ങളോടും സ്‌നേഹവും കാരുണ്യവും കാണിക്കുകയും അതിനായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് പ്രവാചകന്‍ﷺ. അന്യായമായി ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ലാത്ത പ്രവാചകന്‍ﷺ പച്ചക്കര ളുള്ള എന്തിനോടും കാരുണ്യം കാണിക്കല്‍ പുണ്യമാണെന്ന് ലോകത്തെ പഠിപ്പിച്ചിട്ടുണ്ട്. ഉരുവിനെ അറുക്കുന്ന സന്ദര്‍ഭത്തില്‍ മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് അറുത്ത് അതിന്റെ വേദന ലഘൂകരിക്കാന്‍ അവിടുന്ന് നിര്‍ദേശം നല്‍കിയത് ജീവികളോടുള്ള അദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ നിദര്‍ശനമാണ്.