പുത്തനാചാരത്തിനും പ്രമാണമോ?

മൂസ സ്വലാഹി, കാര

2018 ഡിസംബര്‍ 15 1440 റബീഉല്‍ ആഖിര്‍ 07

ഇസ്‌ലാം മഹത്തായ അനുഗ്രഹവും സത്യസമ്പൂര്‍ണവുമാണ്. അതിന്റെ മാര്‍ഗദര്‍ശനം പിന്‍പറ്റി ജീവിച്ചവര്‍ക്ക് മാത്രമാണ് പരലോക രക്ഷയുള്ളത്.  അല്ലാഹു പറയുന്നു: ''ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്ത്തിപ്പെട്ടു തന്നിരിക്കുന്നു'' (ക്വുര്‍ആന്‍ 5:3).

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി ഇബ്‌നു കഥീര്‍(റ) ഉദ്ധരിക്കുന്നു: ''ഇത് ഇസ്‌ലാമാണ്. നിശ്ചയം നബിﷺക്കും വിശ്വാസികള്‍ക്കും അല്ലാഹു ഈമാനിനെ (സത്യവിശ്വാസത്തെ) അതിലേക്കൊന്നും കൂട്ടിച്ചേര്‍ക്കലാവശ്യമില്ലാത്ത വിധം പൂര്‍ത്തിയാക്കി. അതില്‍ നിന്ന് ഒന്നും കുറച്ചുകളയാനില്ലാത്ത വിധം അല്ലാഹു അതിനെ പരിപൂര്‍ണമാക്കി. അതിനെ ഒരിക്കലും വെറുക്കാന്‍ പാടില്ലാത്ത വിധം അല്ലാഹു തൃപ്തിപ്പെട്ടു'' (തഫ്‌സീര്‍ ഇബ്‌നു കഥീര്‍, വാള്യം 2, പേജ്, 18).

ഇമാം മാലിക്(റഹി) പറയുന്നു: ''ആരെങ്കിലും ഇസ്‌ലാമില്‍ പുതിയ വല്ലതും നിര്‍മിച്ചുണ്ടാക്കുകയും അതിനെ നല്ലതായി കാണുകയും ചെയ്താല്‍ അവന്‍ മുഹമ്മദ് നബി ﷺ തന്റെ ദൗത്യത്തിന്റെ കാര്യത്തില്‍ വഞ്ചന കാണിച്ചു എന്നാണ് വാദിക്കുന്നത്. കാരണം ഇന്ന് നിങ്ങളുടെ മതം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു എന്ന് പറഞ്ഞു കഴിഞ്ഞു. അന്ന് മതത്തില്‍ ഉള്‍പെട്ടിട്ടില്ലാത്ത ഒരു കാര്യം ഇന്ന് മതമായി തീരുകയില്ല''(അല്‍ ഇഅ്തിസ്വാം, ഇമാം ശാത്വിബി,വാള്യം1, പേജ് 65).

എന്തും എവിടെനിന്നും എടുത്തുദ്ധരിച്ചാല്‍ പ്രമാണമാകുമെന്ന് കരുതിയ ചിലരുണ്ട്. മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ക്വുര്‍ആനും സുന്നത്തുമാണ്. വിശ്വാസ, കര്‍മ രംഗങ്ങളിലുണ്ടാകുന്ന സംശയങ്ങള്‍ക്ക് ഉത്തരം കിട്ടുക ഇവ രണ്ടില്‍ നിന്നുമാണ്. അല്ലാഹു പറയുന്നു: 

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും''(ക്വുര്‍ആന്‍ 4:59). 

ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ''മതത്തിന്റെ അടിസ്ഥാനപരവും ശാഖാപരവുമായ കാര്യങ്ങളില്‍ ജനങ്ങള്‍ അഭിപ്രായ വ്യത്യാസത്തിലായാല്‍ അതിനെ കുര്‍ആനിലേക്കും നബിചര്യയിലേക്കും മടക്കണമെന്നതിന് അല്ലാഹുവിന്റെ കല്‍പനയാണിത്'' (ഇബ്‌നു കഥീര്‍, വാള്യം1).

'ആഘോഷം പ്രമാണികം' എന്ന പേരില്‍ 2018 നവംബറിലെ 'സുന്നത്ത്' മാസികയില്‍ വന്ന ഒരു ലേഖനം പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും മതവിരുദ്ധ നിലപാടുകളും വെളിവാക്കുന്നതുമായിരുന്നു. അതിലെ പ്രസക്തമായ ചില കാര്യങ്ങള്‍ മാത്രം പരിശോധിക്കാം:

 ലേഖകന്‍ എഴുതുന്നു: ''ലോകാനുഗ്രഹിയായ തിരുനബിﷺ തങ്ങളുടെ ജന്മദിനം കൊണ്ട് അനുഗൃഹീതമായ പുണ്യറബീഅ് ആഗതമായിരിക്കുകയാണ്. ഇനി ഓരോ വിശ്വാസിയുടെ മനസ്സും തിരുനബിയിലേക്ക്. ഒരു മാസം ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങളാണ്'' (പേജ് 21). 

റബീഉല്‍ അവ്വലിനെ ആഘോഷ മാസമാക്കി അവതരിപ്പിക്കാനാണ് ലേഖകന്‍ ശ്രമിക്കുന്നത്. നബിﷺയുടെ നിയോഗം ലോകര്‍ക്ക് കാരുണ്യവും അനുഗ്രഹവുമാണെന്ന് ക്വുര്‍ആന്‍ സൂറഃ ആലു ഇംറാനിലും സൂറഃ അമ്പിയാഇലും പറയുന്നുണ്ട്. ഈ അനുഗ്രഹം ഒരു മാസത്തിലോ ഒരു ദിവസത്തിലോ പരിമിതവുമല്ല. അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ റസൂലാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ച് പോകുമായിരുന്നു. എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍'' (ക്വുര്‍ആന്‍ 49:7) 

ഇതിന്റ വിശദീകരണത്തില്‍ ഇബ്‌നു കഥീര്‍(റഹി)പറയുന്നു: ''നിങ്ങള്‍ അറിയുക, നിങ്ങള്‍ക്കിടയില്‍ അല്ലാഹുവിന്റെ പ്രവാചകനുണ്ട്. അദ്ദേഹത്തെ നിങ്ങള്‍ ആദരിക്കണം. ബഹുമാനിക്കണം. അദ്ദേഹത്തിന്റെ കല്‍പനക്ക് നിങ്ങള്‍ കീഴ്‌പെടുകയും മര്യാദ കാട്ടുകയും വേണം. നിങ്ങള്‍ക്കുള്ള നന്മകളെ കുറിച്ച് ഏറെ അറിയുന്നതും നിങ്ങളോട് ഏറെ സ്‌നേഹമുള്ളതും നിങ്ങളുടെ അഭിപ്രായങ്ങളെക്കാള്‍ ഏറ്റവും നല്ല അഭിപ്രായമുള്ളതും അല്ലാഹുവിന്റെ റസൂലിനാണ്'' (വാള്യം 4, പേജ് 246).

 ഇനി ലേഖകന്‍ നടത്തിയ  ദുര്‍വ്യാഖ്യാനങ്ങള്‍ പരിശോധിക്കാം:

1. ''ഈ ആഘോഷം കൊണ്ടാടാന്‍ അല്ലാഹു ക്വുര്‍ആനിലൂടെ പറയുന്നുണ്ട്: നബിയേ, അല്ലാഹുവിന്റെ ഫദ്‌ല് കൊണ്ടും റഹ്മത്ത് കൊണ്ടും ജനങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചു കൊള്ളട്ടെ. അത് അവരുടെ മുഴുവന്‍ സന്തോഷത്തെക്കാളും ഗുണകരമാണ്.' ഇമാം സുയൂത്വി(റ) ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു: റഹ്മത്ത് കൊണ്ടുള്ള ഉദേശ്യം റസൂല്‍ﷺയാണ് (ദുര്‍റുല്‍ മന്‍സ്വൂര്‍ 4/327)'' (സുന്നത്ത് മാസിക, 2018 നവംബര്‍, പേജ് 22).

ഇത് പച്ചയായ ദുര്‍വ്യാഖ്യാനവും തെറ്റിദ്ധരിപ്പിക്കലുമാണ്. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ ഇതിന് കൊടുത്ത വിശദീകരണം പൂര്‍ണമായും എടുക്കാതെ ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ ചികഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ലേഖകന്‍ ചെയ്തിരിക്കുന്നത്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'അനുഗ്രഹ'മെന്നാല്‍ നിങ്ങളെ ആദരിച്ചതായ ക്വുര്‍ആനും 'കാരുണ്യ'മെന്നാല്‍ നിങ്ങള്‍ക്ക് യോജിപ്പ് നല്‍കിയ ഇസ്‌ലാമുമാണ്'' (തഫ്‌സീര്‍ ഇബ്‌നു അബ്ബാസ്, പേജ് 225). 

ത്വബ്‌രി, ക്വുര്‍ത്വുബി, റാസി, ഇബ്‌നു കഥീര്‍ എന്നിവരും ഈ വിവരണം തന്നെയാണ് നല്‍കിയിട്ടുള്ളത്. ഇമാം സുയൂത്വിയും മുന്‍ഗണന കൊടുത്തത് ഈ വിശദീകരണത്തിനാണ്. അത് പൂഴ്ത്തി വെച്ച് ലേഖകന്‍ തന്റെ താല്‍പര്യമനുസരിച്ചുള്ള ഭാഗം മാത്രം അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.  ഇനി ഈ ആയത്തിന് സമസ്തയുടെ പണ്ഡിതന്മാര്‍ എഴുതിയ വിശദീകരണം എന്തെന്ന് നോക്കാം: 

അബ്ദുറഹ്മാന്‍ മക്വ്ദൂമി പൊന്നാനി എഴുതുന്നു: ''വിശുദ്ധ ക്വുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ള സദുപദേശമാണ്. ഹൃദയങ്ങളിലുള്ള സത്യനിഷേധം, കാപട്യം, സംശയം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സിദ്ധൗഷധമാണ്. സന്മാര്‍ഗദര്‍ശനമാണ്. സത്യവിശ്വാസികള്‍ക്കുള്ള കാരുണ്യമാണ്. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും കാരുണ്യവും കൊണ്ടാണ് നമുക്കത് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് നാം സന്തോഷിക്കുകയും അതനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുകയും വേണം. മനുഷ്യര്‍ ശേഖരിക്കുന്ന സമ്പത്തുകളെക്കാളും സുഖ സജ്ജീകരണങ്ങളെക്കാളും എന്തുകൊണ്ടും അത്യുത്തമമാണത്'' (ഫത്ഹുല്‍ അലീം 1/451).

കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് എഴുതുന്നു: ''മനുഷ്യര്‍ക്ക് എന്തെല്ലാം നേടുവാനും ശേഖരിക്കുവാനും കഴിയുന്നുവോ അതിനെക്കാളെല്ലാം വിലപിടിച്ചതും അവരുടെ ജീവിതവിജയങ്ങള്‍ക്ക് ഉപയുക്തവുമാണ് ക്വുര്‍ആന്‍. അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും മൂലമാണ് അതവന്‍ മനുഷ്യര്‍ക്ക് നല്‍കിയത്. അതുകൊണ്ട് അതില്‍ സന്തോഷം പ്രകടിപ്പിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്'' (ഫത്ഹുര്‍റഹ്മാന്‍ 2:453,454).

ടി.കെ. അബ്ദുല്ല മുസ്‌ലിയാര്‍ എഴുതുന്നു: ''പറയുക; അല്ലാഹുവിന്റെ ഔദാര്യവും (ഇസ്‌ലാം) അവന്റെ കാരുണ്യവും (ക്വുര്‍ആന്‍) കൊണ്ട് അവര്‍ സന്തോഷിക്കട്ടെ. അവര്‍ സ്വീകരിക്കുന്നവയെക്കാള്‍ ഉത്തമം അതാകുന്നു'' (തഫ്‌സീറുല്‍ ക്വുര്‍ആന്‍, പേജ് 284).

കൂടുതല്‍ വിശദീകരിക്കേണ്ടത്തവിധം സമസ്തയുടെ പണ്ഡിതന്മാര്‍ സത്യം എഴുതിവെച്ചിട്ടുണ്ടെന്ന് വ്യക്തമായല്ലോ. ദുര്‍വ്യാഖ്യാന വീരന്മാര്‍ക്ക് ഇത്തരം ഉദ്ധരണികള്‍ ചില്ലറ തലവേദനയല്ല സൃഷ്ടിക്കുന്നത്. 

2. ''ഇതിന് ഉപോല്‍ബലകമാണ് നബിതങ്ങളെ ക്വുര്‍ആന്‍ റഹ്മത്ത് എന്ന് വിശേഷിപ്പിച്ചതും. നബിദിനാഘോഷത്തിന് ക്വുര്‍ആനിന്റെ പിന്‍ബലവുമുണ്ടെന്നു ചുരുക്കം. മാത്രമല്ല ഈസാ നബിക്ക് പെരുന്നാള്‍ ആഘോഷത്തിന് സുപ്ര ഇറക്കിക്കൊടുത്ത സംഭവം വിവരിക്കുന്ന ആയത്തിനു തഫ്‌സീറായി ഇമാം ഇസ്മാഈലുല്‍ ഹീഖി(റ) പറയുന്നു: ഇതിനെക്കാളും വലിയ ബഹുമതിയാണ് നബിയുടെ മീലാദ്''(പേജ് 22).

മൂന്ന് തരം കബളിപ്പിക്കലാണ് ലേഖകന്‍ ഇവിടെ നടത്തിയത്. ഒന്ന്, നബിﷺക്ക് അല്ലാഹു നല്‍കിയ 'റഹ്മത്ത്' എന്ന വിശേഷണത്തിന്റെ അര്‍ഥത്തെ 'ആഘോഷം' എന്നാക്കി മാറ്റി. ഇമാം ക്വുര്‍തുബി(റഹി) പറയുന്നു: ''ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന്: മുഹമ്മദ്ﷺ ലോകര്‍ക്ക് കാരുണ്യമാണ്. ആര് റസൂലില്‍ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്തുവോ അവന്‍ വിജയിക്കും'' (തഫ്‌സീര്‍ ക്വുര്‍തുബി, പേജ് 6: 232, വാള്യം).

രണ്ട്, ഈസാ നബി(അ)യുടെ പ്രാര്‍ഥനാ ഫലമായി ആകാശത്തുനിന്ന് അല്ലാഹു ഇറക്കിക്കൊടുത്ത ദൃഷ്ടാന്തമായ ഭക്ഷണത്തളികയുടെ മറവില്‍ തന്റെ പ്രമാണ ദുര്‍വ്യാഖ്യാനത്തിന് പൊലിമ കൂട്ടല്‍.

മൂന്ന്, മീലാദ് ആഘോഷത്തിന്റെ പൂര്‍വപിതാക്കളായ സ്വൂഫികളിലെ പ്രധാന പണ്ഡിതന്‍ ഇസ്മാഈല്‍ അല്‍ ഹിഖിയുടെ വാക്കുകള്‍ എടുത്ത് അഹ്‌ലുസ്സുന്നയുടെ നിലപാടിനെ ഒഴിവാക്കി. 

3. ''ക്വുര്‍ആന്‍ തന്നെ പറയുന്നു: നിശ്ചയം അല്ലാഹുവും അവന്റെ മാലാഖമാരും തിരുനബിക്ക് 'സ്വലാത്ത്' ചൊല്ലുന്നു. അതിനാല്‍ നിങ്ങളും സ്വലാത്തും സ്വലാമും ചൊല്ലുക.' ഇവിടെ സ്വലാത്ത് എന്ന പദത്തിന്റ വിവക്ഷ നബിയുടെ ശ്രേഷ്ഠത വെളിവാക്കിക്കൊണ്ടും ബഹുമാനിച്ച് കൊണ്ടും നബിയുടെ ബര്‍ക്കത്ത്  കൊണ്ടും ദുആ ഇരക്കുക എന്നതാണെന്ന് ഇമാം ബൈളാവി(റ) വ്യക്തമാക്കുന്നുണ്ട്'' (പേജ്,22).

നബിﷺക്ക് കാരുണ്യവും ശാന്തിയും കിട്ടുന്നതിന് വേണ്ടി വിശ്വാസികള്‍ പ്രാര്‍ഥിക്കണമെന്ന കല്‍പനയാണ് സൂറഃ അഹ്‌സാബിലെ 56ാം വചനം.  സ്വലാത്ത് എങ്ങനെ ചൊല്ലണമെന്നും അവിടുന്ന് പഠിപ്പിച്ചുതന്നിട്ടുണ്ട്. എന്നാല്‍ പല നിര്‍മിത സ്വലാത്തുകളും അതിലൂടെ നബിﷺയെ അമിതമായി പ്രശംസിക്കലും ശിര്‍ക്കും ബിദ്അത്തുമെല്ലാം ഈ ആയത്തിനെ മറവില്‍ പുരോഹിതന്മാര്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. 

കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് ഈ ആയത്തിന് കൊടുത്ത വിശദീകരണം കാണുക: ''അല്ലാഹു നബിയുടെ മേല്‍ സ്വലാത്ത് നിര്‍വഹിക്കുക എന്നത് മലക്കുകളുടെ അടുത്ത് വെച്ച് നബിﷺയെ പ്രശംസിക്കലാണെന്നും മലക്കുകള്‍ സലാത്ത് ചൊല്ലുക എന്നത് അവര്‍ നബിക്ക് വേണ്ടി പ്രാര്‍ഥിക്ക ലാണെന്നും ഇമാം അബുല്‍ ആലിയ(റ) പ്രസ്താവിച്ചതായി ഇമാം ബുഖാരി ഉദ്ധരിച്ചിരിക്കുന്നു. അല്ലാഹു വിന്റെ 'സ്വലാത്ത്' അവന്റെ കാരുണ്യവര്‍ഷമാണെന്നും വ്യാഖ്യാനമുണ്ട്. സത്യവിശ്വാസികള്‍ സ്വലാത്ത് ചൊല്ലുക എന്നത് നബിﷺക്ക് അല്ലാഹുവിങ്കല്‍ നിന്നും കാരുണ്യം ചൊരിച്ചുകൊടുക്കുവാനായി പ്രാര്‍ഥിക്കലാണ്. സലാം എന്ന വാക്കിന് സമാധാനം, ശാന്തി, രക്ഷ എന്നീ അര്‍ഥങ്ങളുണ്ട്. നബിക്ക് സലാം ചൊല്ലുക എന്നതിന്റെ വിവക്ഷ നബിക്ക് ശാന്തിയും സമാധാനവും വര്‍ധിപ്പിച്ചുകൊടുക്കാന്‍ വേണ്ടി പ്രാര്‍ഥിക്കലാണ്'' (ഫത്ഹുര്‍റഹ്മാന്‍ 3/545, 546). 

ഇമാം ബൈളാവി(റഹി) പറയാത്ത ഒന്ന് അദ്ദേഹത്തിലേക്ക് ചേര്‍ത്തിപ്പറയുകയാണ് ലേഖകന്‍ ചെയ്തിരിക്കുന്നത്. ''അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകന്റെ മഹത്ത്വം പ്രകടമാക്കുന്നതിനും അദ്ദേഹത്തെ മഹത്ത്വപ്പെടുത്തുന്നതിനും പരിഗണന നല്‍കുന്നു. (വിശ്വാസികളേ) നിങ്ങളും അത് പ്രകാരം പരിഗണന നല്‍കുക. കാരണം നിങ്ങളാണതിന് ഏറ്റവും അര്‍ഹരായിട്ടുള്ളത്'' (തഫ്‌സീര്‍ ബൈളാവി 4/375) എന്ന ഈ വിവരണത്തെയാണ് മേല്‍പ്രകാരം ലേഖകന്‍ കോട്ടി മാട്ടിയിരിക്കുന്നത്.

4. ''തിരുനബിﷺ ഖദീജ ബീവിയെ പ്രകീര്‍ത്തിച്ചതും ആടിനെ അറുത്ത് ഭക്ഷണം കൊടുത്തതും ഇമാം ബുഖാരി (റ) സ്വഹീഹില്‍ ഉദ്ധരിക്കുന്നുണ്ട്. ഇതെല്ലാം മൗലിദിന് വ്യക്തമായ രേഖകളാണ്'' (പേജ് 22).

വലിയ തെളിവായി നബിദിനാഘോഷവാദികള്‍ കൊണ്ട് നടക്കുന്ന സംഭവമാണിത്. ഇമാം ബുഖാരി(റഹി) മര്യാദകള്‍ പഠിപ്പിക്കുന്ന അധ്യായത്തിലും ഇമാം മുസ്‌ലിം(റഹി) സ്വഹാബത്തിന്റെ ശ്രേഷ്ഠതകള്‍ പറയുന്ന ഭാഗത്തുമാണ് ഈ ഹദീഥ് ചേര്‍ത്തിട്ടുള്ളത്. അല്ലാഹുവിലേക്കുള്ള അടുപ്പം, ദാനധര്‍മം, ഖദീജ(റ)യോടുള്ള സ്‌നേഹം തുടരല്‍, അവരുടെ കൂട്ടുകാരികളുമായുള്ള ബന്ധം ചേര്‍ക്കല്‍ ഇതെല്ലാമാണ് നബിﷺ ഇത് കൊണ്ട് ലക്ഷ്യം വെച്ചത്. അല്ലാതെ ജനനത്തിലും മരണത്തിലും സന്തോഷം പ്രകടിപ്പിച്ചോ, പ്രത്യേക സമയം കണ്ടോ അല്ല ഇത് ചെയ്തിട്ടുള്ളത്. പിന്നെ ഇതെങ്ങനെ നബിﷺയുടെ ജന്മദിനമാഘോഷിക്കാനും റബീഉല്‍ അവ്വല്‍ മാസം മുഴുവനായി ആടിത്തിമര്‍ക്കാനും ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാനും ഇവര്‍ക്ക് രേഖയാകും? 

5. അബൂബക്ര്‍(റ) പറയുന്നു: ''ആരെങ്കിലും നബിയുടെ മൗലിദില്‍ ഒരു ദിര്‍ഹം ചിലവഴിച്ചാല്‍ അവന്‍ സ്വര്‍ഗത്തില്‍ എന്റെ സതീര്‍ഥ്യനാണ്.' ഉമര്‍(റ) പറയുന്നു: 'വല്ലവനും മൗലിദ് ആഘോഷം മഹത്ത്വമാക്കിയാല്‍ അവന്‍ ഇസ്‌ലാമിനെ ജീവിപ്പിച്ചു' (ഇബ്‌നു ഹജര്‍(റ), നിഅ്മതുല്‍ കുബ്‌റാ).(സുന്നത്ത് മാസിക, പേജ് 23).''

മഹാന്മാരായ സ്വഹാബിമാരുടെ പേരില്‍ പറയുന്ന ശുദ്ധനുണയാണിതെന്ന് പറയാതിരിക്കാന്‍ വയ്യ. ഇരുവരെയും ഇസ്‌ലാമില്‍ നിന്ന് പുറത്താക്കണമെന്ന് പരസ്യപ്പെടുത്തിയ ശിയാക്കളുടെ ആദര്‍ശം പേറുന്നവര്‍ക്ക് എന്തും എഴുതിവിടാമല്ലോ.  

6. ''നബിദിനത്തോടനുബന്ധിച്ച് ഇന്ന് കാണുന്ന ഘോഷയാത്രയും അന്നദാനവും മറ്റും സൂറത്ത് യൂനുസില്‍ പറഞ്ഞ ആഘോഷ പരിധിയില്‍ പെട്ടതാണ്. മുഅവ്‌വിദിന്റെ മകള്‍ റുബയ്അയുടെ വിവാഹ ദിവസം ബദര്‍ ശുഹദാഇനെ സ്മരിച്ച് ദഫ്മുട്ടി പാടുന്നത് നബിയുടെ ശ്രദ്ധയില്‍ പെടുകയും തങ്ങള്‍ അത് അംഗീകരിക്കുകയും ചെയ്തു. ഈ സംഭവം ബുഖാരിയില്‍ കാണാം. ഇതില്‍ നിന്ന് ആവശ്യത്തിന് ദഫ് ഉപയോഗിക്കാം എന്ന് വ്യക്തമാണ്'' (സുന്നത്ത് മാസിക, പേജ്23). 

പറയപ്പെട്ട ആയത്തും ഹദീഥും ദീനില്‍ പുതുതായി ഉണ്ടാക്കപ്പെട്ട ആഘോഷത്തെ സംബന്ധിച്ചല്ലാത്തതിനാല്‍ ക്വുര്‍ആനിന്റെയും ഹദീഥിന്റെയും ഉദ്ദേശത്തെ  തങ്ങള്‍ വിചാരിക്കുന്നതിലേക്ക് മാറ്റുക എന്ന സ്വഭാവം രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഇവര്‍ക്കുള്ള മറുപടി ഇവരിലുള്ള ചിലര്‍ തന്നെ നല്‍കിയിട്ടുണ്ട്. മര്‍ക്കസ് ശരീഅത്ത് കോളേജ് പ്രൊഫസറായിരുന്ന അണ്ടോണ പി.കെ മുഹിയിദ്ദീന്‍ മുസ്‌ലിയാര്‍ എഴുതുന്നു: ''ഭക്തിപ്രകടനമായി ആരംഭിച്ച മൗലിദാഘോഷം സ്‌കൗട്ട്, വടി വീശല്‍, കുന്തപ്പയറ്റ്, പന്തംകൊളുത്ത് തുടങ്ങിയവയിലൂടെ ശക്തിപ്രകടനമായി മാറുന്നുണ്ട്. ഈമാനിന്റെ അത്യുന്നത ശിഖരം ലാഇലാഹ ഇല്ലല്ലാഹ് എന്നതാണെന്നും അതിന്റെ ഏറ്റവും താഴെ കിടയിലുള്ളത് മാര്‍ഗതടസ്സം നീക്കലാണെന്നും പഠിപ്പിച്ച പ്രവാചകന്റെ ജന്മദിനത്തിന്റെ പേരില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മാര്‍ഗതടസ്സം സൃഷ്ടിക്കുന്നത് ശരിയല്ല. വാഹനങ്ങള്‍ റൂട്ടുമാറ്റി വിടാറുള്ളത് കൊണ്ട് മാര്‍ഗതടസ്സം വരില്ലെന്നാണ് വാദമെങ്കില്‍ മാറിയ റൂട്ടിന്റെ നീളം കാരണം ധനനഷ്ടവും സമയനഷ്ടവും അനുഭവപ്പെടുമെന്ന് തീര്‍ച്ച. ഇത്തരം കാരണത്താല്‍ നബിﷺയെ വല്ലവരും പഴിക്കാന്‍ ഇടവന്നാല്‍ (നഊദുബില്ലാഹ്) അതിന്റെ പ്രത്യാഘാതം ഊഹാതീതമാണ്.

വീടിന്റെ ഉള്ളില്‍ അടങ്ങിയൊതുങ്ങിയിരിക്കാന്‍ കല്‍പിക്കപ്പെട്ട തരുണീമണികള്‍ കൈക്കുഞ്ഞുങ്ങളെയുമേന്തി അര്‍ധനഗ്‌നകളായി റോഡിനിരുവശത്തും സ്ഥലം പിടിച്ച് പരപുരുഷ ദര്‍ശനത്തിനും സ്പര്‍ശനത്തിനും കാരണമാകുന്നതിന്റെ മുഖ്യ പങ്ക് ഇന്നത്തെ സ്‌കൗട്ടിനും ദഫ്ഫിനും മറ്റുമാണെങ്കില്‍ ആ സ്‌കൗട്ടിന്റെയും ദഫ്ഫിന്റെയും കാര്യവും പണ്ഡിത സഭയുടെ ചിന്തക്ക് വിഷയീഭവിക്കേണ്ടതാണ്. അത് കൊണ്ട് അത്തരം കാര്യങ്ങള്‍ക്കൊന്നും ഇടം കൊടുക്കാത്ത വിധം ഭക്ത്യാദര പ്രകടനം മാത്രമായി നബിദിനാഘോഷം മാറേണ്ടിയിരിക്കുന്നു എന്നതാണ് എന്റെ വിനീതമായ അഭിപ്രായം'' (അല്‍ ഇര്‍ഫാദ്, 1993 സെപ്തംബര്‍, പേജ് 9).

7. 'അടുത്ത കാലം വരെ ഇതിലൊന്നും കാര്യമായി തര്‍ക്കമുണ്ടായിരുന്നില്ല. എന്നാല്‍ എന്തും വിവാദമാക്കാനുള്ള പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ അജണ്ടയുടെ ഭാഗമായി മുത്ത് നബിയെ ചൊല്ലിയും മുസ്‌ലിം സമൂഹത്തില്‍ തര്‍ക്കമുയരുന്നത് നാം കാണേണ്ടി വന്നു. മുഹമ്മദ് നബിﷺയുടെ സ്ഥാനവും മാനവും മനസ്സിലാക്കുന്നതില്‍ ചിലര്‍ക്ക് കാര്യമായ തകരാറ് വന്നു എന്ന് നാം പറയുന്നത് ഇതിന്റെയടിസ്ഥാനത്തിലാണ്'' (സുന്നത്ത് മാസിക, പേജ്21).

നബിﷺയെ സമൂഹമധ്യത്തില്‍ നിന്ദിക്കുന്ന തരത്തില്‍ മുടിയും വടിയും പൊടിയും ചെരിപ്പും ഇമ്മാതിരി ആഘോഷയാത്രയും ചുമന്ന് നടക്കുന്ന ഇവര്‍ക്ക് ബാധിച്ച തകരാര്‍ ഓര്‍ത്താല്‍ ആര്‍ക്കും സങ്കടംവരും. മതവിരുദ്ധ വിശ്വാസാചാരങ്ങള്‍ ആരില്‍ നിന്ന് എന്നെല്ലാം ഉണ്ടായിട്ടുണ്ടോ അന്നെല്ലാം സത്യസന്ധര്‍ മുഖം നോക്കാതെ എതിര്‍ത്തിട്ടുമുണ്ട്. അത് വിവാദമാക്കലല്ല, ശരിപ്പെടുത്തലാണ്.

നബിദിനാഘോഷം ഇസ്‌ലാമികമെന്ന് വാദിക്കുന്നവരാണ് തെളിവ് ഹാജറാക്കേണ്ടത്. ഒന്നുകില്‍ നേരിട്ട് വിഷയം പറയുന്നതോ, അല്ലെങ്കില്‍ വിഷയത്തെ ഉള്‍കൊള്ളുന്നതോ ആയ സ്വീകാര്യമായ തെളിവുകള്‍. അല്ലാതെ പ്രമാണങ്ങളെ വക്രീകരിച്ച് തെളിവു നിര്‍മിക്കുന്നത്  പരലോകബോധമുള്ളവര്‍ക്ക് ഭൂഷണമല്ല.