സ്‌നേഹമുള്ളവരാവുക  നാം

ഫദ്‌ലുല്‍ ഹഖ് ഉമരി

2018 ശവ്വാല്‍ 02 1439 ജൂണ്‍ 16

സത്യവിശ്വാസികള്‍ പരസ്പരം സ്‌നേഹിക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണ്. ഈ സ്‌നേഹം സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗവുമാണ്. തമ്മില്‍ തമ്മില്‍ കലഹിച്ചും തെറ്റിപ്പിരിഞ്ഞും കഴിയേണ്ടവരല്ല സത്യവിശ്വാസികള്‍. അങ്ങനെ തെറ്റിക്കഴിയുന്നവരുടെ കര്‍മം പോലും അല്ലാഹുവിലേക്കുയരില്ല. ഈമാന്‍ പരിപൂര്‍ണമാകണമെങ്കില്‍ ഈ സ്‌നേഹം കൂടിയേ തീരൂ. 

നബി ﷺ പറയുന്നു: ''എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. നിങ്ങള്‍ വിശ്വാസികളാകുന്നതുവരെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്‌നേഹിക്കുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയുമില്ല. പരസ്പര സ്‌നേഹത്തിന് ഉതകുന്ന ഒരു കാര്യം ഞാന്‍ നിങ്ങളെ അറിയിച്ചുതരട്ടെയോ? പരസ്പരം സലാം പറയല്‍ വ്യാപിപ്പിക്കുക'' (മുസ്‌ലിം).

ഈമാനിന്റെ ശക്തമായ പാശങ്ങളില്‍ പെട്ടതാണ് അല്ലാഹുവിന് വേണ്ടിയുള്ള സ്‌നേഹം. അല്ലാഹുവിന് വേണ്ടി സ്‌നേഹിക്കുകയും വെറുക്കുകയും നല്‍കുകയും തടയുകയും ചെയ്യല്‍ ഒരുവന്റെ ഈമാനിന്റെ അടയാളമാണ്. പരസ്പരം ശക്തിപകരുന്ന കെട്ടിടം പോലെയാണ് വിശ്വാസികള്‍ (ബുഖാരി, മുസ്‌ലിം) എന്നാണല്ലോ നബി ﷺ പറഞ്ഞത്. 

പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലുംസത്യവിശ്വാസികള്‍ ഒരു ശരീരം പോലെയാണന്നാണ് നബി ﷺ പറഞ്ഞിട്ടുള്ളത്. കാരണം ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തിന് രോഗം ബാധിച്ചാല്‍ ഉറക്കമിളച്ചും പനിവന്നും മറ്റു അവയവങ്ങളും അതിനോട് സഹകരിക്കും (ബുഖാരി, മുസ്‌ലിം).

സഹോദരന്റെ ദുഃഖത്തില്‍ ദുഃഖിക്കുകയും സന്തോഷത്തില്‍ സന്തോഷിക്കുകയും ചെയ്യുന്നവനായിരിക്കണം വിശ്വാസി. സംസാരത്തിലും എഴുത്തിലും മാത്രം ഒതുങ്ങേണ്ട ഒന്നല്ല സ്‌നേഹം എന്നര്‍ഥം. നബി ﷺ യുടെ കൂടെ ജീവിച്ച സ്വഹാബികളുടെ സ്വഭാവത്തെക്കുറിച്ച് അല്ലാഹു പറയുന്നു: 

''മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു...'' (ക്വുര്‍ആന്‍ 48:29).

''അതായത് സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്‍മാര്‍ക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം). അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍'' (ക്വുര്‍ആന്‍ 59:8).

മുഹാജിറുകള്‍ മക്കയിലെ വീടും കുടുംബവും സമ്പത്തും വിട്ടേച്ചുകൊണ്ട് മദീനയിലേക്ക് പോയി. അവിടെ സഹായിക്കാന്‍ സന്നദ്ധരായ അന്‍സ്വാരികളുണ്ട്. ഇരുകൂട്ടരും പരസ്പരം സ്‌നേഹിക്കുന്നു. തങ്ങളുടെ വീട്ടില്‍ അന്‍സ്വാറുകള്‍ മുഹാജിറുകളെ താമസിപ്പിച്ചു. സമ്പത്ത് പകുത്തുകൊടുത്തു.

''അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സ്വാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സ്വാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും...'' (ക്വുര്‍ആന്‍ 59:9).

ഈ സ്‌നേഹത്തിന്റെ ഭാഗമാണ് മുന്‍ഗാമികള്‍ക്കു വേണ്ടി നമ്മള്‍ നടത്തുന്ന പ്രാര്‍ഥന: ''അവരുടെ ശേഷം വന്നവര്‍ക്കും; അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു'' (ക്വുര്‍ആന്‍ 59:10).

അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കണമെങ്കില്‍ വിശ്വാസികള്‍ പരസ്പരം സ്‌നേഹിക്കണം. അല്ലാഹു നമ്മെ സ്‌നേഹിച്ചാല്‍ ജിബ്‌രീലിനെ വിളിച്ചുകൊണ്ട് പറയും: അല്ലയോ ജിബ്‌രീല്‍! ഞാന്‍ ഇന്ന വ്യക്തിയെ സ്‌നേഹിക്കുന്നു. നീയും അവനെ സ്‌നേഹിക്കണം. അപ്പോള്‍ ജിബ്‌രീലും അവനെ സ്‌നേഹിക്കും. ശേഷം ജിബ്‌രീല്‍ ആകാശലോകത്തുള്ളവരെ വിളിച്ചുകൊണ്ട് പറയും: അല്ലാഹു ഇയാളെ സ്‌നേഹിച്ചിരിക്കുന്നു. നിങ്ങളും സ്‌നേഹിക്കുക. അപ്പോള്‍ ആകാശലോകത്തുള്ളവരൊക്കെ സ്‌നേഹിക്കും. ശേഷം ഭൂമിലോകത്തും അവന്നുവേണ്ടി സ്‌നേഹം വെക്കപ്പെടും.

അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ദിവസം അല്ലാഹുവിനു വേണ്ടി പരസ്പരം സ്‌നേഹിച്ചവര്‍ക്ക് അവന്‍ തന്റെ തണല്‍ നല്‍കും. അല്ലാഹുവിന് വേണ്ടി പരസ്പരം സ്‌നേഹിക്കുക മാത്രമല്ല ചിലപ്പോള്‍ വേര്‍പിരിയേണ്ടിയും വരും. അവര്‍ക്കും അല്ലാഹുവിന്റെ തണല്‍ ലഭിക്കുന്നതാണ്.

അല്ലാഹുവിന് വേണ്ടി പരസ്പരം സ്‌നേഹിച്ചവര്‍ക്ക് വേണ്ടി പ്രത്യേക പ്രകാശംതന്നെ അല്ലാഹു അവരുടെ മുഖത്തിന് നല്‍കും. ഭയമോ ദുഃഖമോ അവെര പിടികൂടുകയില്ല. 

തന്റെ സഹോദരനെ ഭൗതികതാല്‍പര്യങ്ങളില്ലാതെ അല്ലാഹുവിനു വേണ്ടി സ്‌നേഹിച്ചാല്‍ അവന്‍ ഈമാനിന്റെ മാധുര്യം അനുഭവിച്ചു എന്നാണ് നബി ﷺ പഠിപ്പിച്ചത് (ബുഖാരി, മുസ്‌ലിം).

ഇന്നത്തെ പല സ്‌നേഹങ്ങളും ബന്ധങ്ങളും ദുന്‍യാവിനു വേണ്ടി മാത്രമാണ്. ദുന്‍യാവിനുവേണ്ടി ഒരുമിച്ചുകൂടുന്നു. അതിന്റെ പേരില്‍ വേര്‍പിരിയുന്നു. അതിന്റെ പേരില്‍ പരസ്പരം ഇണങ്ങുകയും പിണങ്ങുകയും കൊടുക്കുകയും തടയുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം ബന്ധങ്ങളെല്ലാം മരണത്തോടെ അവസാനിക്കുന്നതാണ്. അല്ലാഹു പറയുന്നു:

''സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ''(ക്വുര്‍ആന്‍ 43:67).

പരസ്പരം സലാം പറയലും സന്ദര്‍ശന വേളകളില്‍ സമ്മാനങ്ങള്‍ നല്‍കലും സ്‌നേഹബന്ധം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് നബി ﷺ പറഞ്ഞുതന്നിട്ടുണ്ട്.(മുസ്‌ലിം).

ഇങ്ങനെ പ്രശ്‌നങ്ങള്‍ അറിഞ്ഞും സഹായിച്ചും സഹകരിച്ചും വിശ്വാസികള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചും സ്‌നേഹിച്ചും ജീവിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള കവാടങ്ങള്‍ അവന്റെ മുമ്പില്‍ തുറക്കപ്പെടും, തീര്‍ച്ച!

''സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണകാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്'' (ക്വുര്‍ആന്‍ 9:71).