റമദാന്‍ വ്രതം വിധിവിലക്കുകള്‍

ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍

2018 മെയ് 19 1439 റമദാന്‍ 03

(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

1. നോമ്പ് നിര്‍ബന്ധമാക്കിയതിലെ യുക്തിയെന്താണ്?

ഉത്തരം: താഴെ പറയുന്ന ക്വുര്‍ആന്‍ വചനം പാരായണം ചെയ്യുകയാണെങ്കില്‍ നമുക്കത് ബോധ്യമാവും. അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്'' (ക്വുര്‍ആന്‍ 2:183).

അല്ലാഹുവിനെ സൂക്ഷിക്കുക, അവനെ ആരാധിക്കുകയെന്നതാണ് വ്രതം നിര്‍ബന്ധമാക്കിയതിലൂടെ ഉദ്ദേശിക്കപ്പടുന്നത്. തക്വ്‌വ എന്നാല്‍ നിഷിദ്ധങ്ങള്‍ ഉപേക്ഷിക്കുകയും കല്‍പനകള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യലാണ്.

അബൂഹുറയ്‌റ(റ) പറയുന്നു: നബിﷺ പറഞ്ഞു: ''വ്യാജ സംസാരവും ദുഷ്പ്രവര്‍ത്തനവും ഒരാള്‍ ഉപേക്ഷിക്കുന്നില്ലെങ്കില്‍ അയാള്‍ ഭക്ഷണ പാനീയങ്ങള്‍ വര്‍ജിക്കണമെന്ന് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല'' (ബുഖാരി).

നോമ്പുകാരന് നിര്‍ബന്ധമായ കാര്യങ്ങള്‍ ചെയ്യലും നിഷിദ്ധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലും അനിവാര്യമാണെന്ന് ഹദീഥില്‍ നിന്ന് വ്യക്തമായി. ഏഷണി, പരദൂഷണം, കളവ് എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക, നിഷിദ്ധമായ കച്ചവടം ഉപേക്ഷിക്കുക, മ്ലേഛതകളില്‍ നിന്ന് അകന്ന് നില്‍ക്കുക തുടങ്ങിയവ റമദാനില്‍ പരിപൂര്‍ണമായും പാലിക്കപ്പെടുകയാണെങ്കില്‍ മറ്റു മാസങ്ങളിലും അവനത് പാലിക്കുവാന്‍ സാധിക്കുന്നതാണ്.

ഖേദകരമെന്ന് പറയട്ടെ, നോമ്പിന്റെ പരിശുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് പലരും ചെയ്തുകൊണ്ടിരിക്കുന്നത്! നിര്‍ബന്ധ കാര്യങ്ങള്‍ ഉപേക്ഷിക്കുകയും യഥേഷ്ടം നിഷിദ്ധങ്ങള്‍ ചെയ്യുകയും ചെയ്ത് കൊണ്ടാണ് അവര്‍ നോമ്പനുഷ്ഠിക്കുന്നത്. അത്‌കൊണ്ട് തന്നെ ചില കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നോമ്പിന്റെ പ്രതിഫലം കുറയുകയും മറ്റു ചിലകാര്യങ്ങള്‍ ചെയ്യുന്നതോടെ നോമ്പ് തന്നെ നിഷ്ഫലമായി പോവുകയും ചെയ്യുന്നത് കരുതിയിരിക്കേണ്ടതുണ്ട്.


2. മക്കയിലെ ഉദയാസ്തമയങ്ങളെ അടിസ്ഥാനമാക്കി ലോകത്താകമാനം നോമ്പും പെരുന്നാളും തീരുമാനിക്കുന്നതിലൂടെ മുസ്‌ലിം സമുദായത്തെ (േനാമ്പ്, പെരുന്നാള്‍ എന്നിവയില്‍) ഏകോപിപ്പിക്കുവാന്‍ സാധിക്കുമെന്ന വാദത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

ഉത്തരം: ഗോളശാസ്ത്രപ്രകാരം ഇത് അസംഭവ്യമാണ്. കാരണം ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ പറഞ്ഞത് പോലെ ഉദയാസ്തമയങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലായിരിക്കും. അത്‌കൊണ്ട് തന്നെ പ്രമാണങ്ങളുടെയും അനുഭവത്തിന്റെയും പിന്‍ബലത്തില്‍ ഓരോ രാജ്യത്തിനും അതിന്റെതായ വിധികള്‍ ഉണ്ടായിരിക്കും.

പ്രമാണങ്ങളിലുള്ള തെളിവുകള്‍: അല്ലാഹു പറയുന്നു: ''...അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തിന് സാക്ഷിയാകുന്നുവോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്...'' (ക്വുര്‍ആന്‍ 2:185).

ഇവിടെ ഭൂമിയുടെ ഏതോ ദിക്കിലുള്ളവര്‍ ചന്ദ്രപ്പിറവി ദര്‍ശിക്കാതിരിക്കുകയും മക്കയില്‍ മാസം കാണുകയും ചെയ്താല്‍ ആയത്തിലുള്ള അഭിസംബോധന എങ്ങനെ പൂര്‍ത്തിയാവും? അതുപോലെ പ്രവാചകന്‍ﷺ പറയുന്നത്:

മുഹമ്മദ്ബ്‌നുസിയാദ്(റ) പറയുന്നു: അബൂഹുറയ്‌റ(റ) പറയുന്നതായി ഞാന്‍ കേട്ടു: പ്രവാചകന്‍ﷺ പറഞ്ഞു: ''നിങ്ങള്‍ മാസപ്പിറവി കാണുമ്പോള്‍ നോമ്പെടുക്കുകയും മാസപ്പിറവി (ശവ്വാല്‍) ദര്‍ശിച്ചാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക'' (ബുഖാരി, മുസ്‌ലിം).

മേല്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ മക്കയില്‍ ചന്ദ്രപ്പിറവി കണ്ടാല്‍ എങ്ങനെയാണ് പാകിസ്താന്‍ പോലെയുള്ള രാജ്യത്തെ ജനങ്ങള്‍ നോമ്പനുഷ്ഠിക്കുക? കാരണം അവര്‍ക്ക് റമദാന്‍ മാസം ഉദിച്ചിട്ടില്ല. പ്രവാചകന്‍ﷺ പറയുന്നത് 'കണ്ടാല്‍' എന്നാണ്.

അനുഭവം: ആര്‍ക്കും നിഷേധിക്കുവാനോ, എതിരാവാനോ കഴിയാത്ത വ്യക്തമായ ഖിയാസ്. അത് ഭൂമിയുടെ പടിഞ്ഞാറെ ഭാഗത്ത് ഉദിക്കുന്നതിന് മുമ്പ് തന്നെ കിഴക്ക് ഭാഗത്ത് ഉദയമുണ്ടാകുമെന്നത് നമുക്ക് അറിവുള്ളതാണല്ലോ. അങ്ങനെയെങ്കില്‍ കിഴക്ക് ഭാഗത്ത് ഉദയമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ നാം രാത്രിയിലായിരിക്കെ നോമ്പനുഷഠിക്കേണ്ടതുണ്ടോ? അതിനുള്ള ഉത്തരം ഇല്ല എന്നാണ്. അതുപോലെ കിഴക്കന്‍ പ്രദേശത്ത് സൂര്യന്‍ അസ്തമിച്ചതിന്റെ അടിസ്ഥാനത്തില്‍ നാം പകലിലായിരിക്കെ നോമ്പ് തുറക്കുവാന്‍ പാടുണ്ടോ? അതിനുള്ള ഉത്തരവും പാടില്ലായെന്നാണ്. അതുകൊണ്ട് തന്നെ ചന്ദ്രന്റെ വിധി സൂര്യന്റെ വിധി പോലെ തന്നെയാണ്. എന്നാല്‍ ചന്ദ്രന്റെ സമയം മാസവുമായി ബന്ധപ്പെട്ടതും സൂര്യന്റെ സമയം ദിവസവുമായി ബന്ധപ്പെട്ടതുമാണ്. അല്ലാഹു പറയുന്നു:

''നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു. (ഭാര്യാസമ്പര്‍ക്കം നിഷിദ്ധമായി കരുതിക്കൊണ്ട്) നിങ്ങള്‍ ആത്മവഞ്ചനയില്‍ അകപ്പെടുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാതാപം സ്വീകരിക്കുകയും പൊറുക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഇനിമേല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുകയും (വൈവാഹിക ജീവിതത്തില്‍) അ ല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചത് തേടുകയും ചെയ്തു കൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണമായി അനുഷ്ഠിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരു(ഭാര്യമാരു)മായി സഹവസിക്കരുത്. അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കുവാനടുക്കരുത്. ജനങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാനായി അല്ലാഹു അപ്രകാരം അവന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വ്യക്തമാക്കി കൊടുക്കുന്നു'' (ക്വുര്‍ആന്‍ 2:187).

അല്ലാഹു പറയുന്നു: ''...അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തിന് സാക്ഷിയാകുന്നുവോ അവന്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്...''

മുകളില്‍ നാം വിശദീകരിച്ച തെളിവിന്റെയടിസ്ഥാനത്തില്‍ ഓരോ രാജ്യത്തിനും അവരുടെ ഉദയാസ്തമയങ്ങള്‍ക്കനുസരിച്ച് പ്രത്യേകം പ്രത്യേകം വിധികളാണുള്ളത്. നോമ്പും പെരുന്നാളും അല്ലാഹു അവന്റെ ക്വുര്‍ആനിലും പ്രവാചകന്‍ﷺ സുന്നത്തിലും വ്യക്തമാക്കിയത് പോലെ മാസം ദര്‍ശിക്കുകയെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക.

(ലോകത്ത് ഒരു ദിവസം പെരുന്നാളും നോമ്പും ആചരിക്കുക എന്ന വിഷയമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ഇത് ക്വുര്‍ആനിന്നും സ്ഥിരപ്പെട്ട പ്രവാചകചര്യക്കും ഗോളശാസ്ത്ര നിയമത്തിനുമെതിരാകുന്നു. ഉദയാസ്തമന വ്യത്യാസമനുസരിച്ച് നമസ്‌കാരം, നോമ്പ് എന്നിവയിലും സമയ/ദിവസ വ്യത്യാസമുണ്ടാകുമെന്നത് അറിയപ്പെട്ട സംഗതിയാകുന്നു. കൂടുതല്‍ അറിയേണ്ടവര്‍ 'മാസപ്പിറവി ക്വുര്‍ആനിലും ശാസ്ത്രത്തിലും' എന്ന, ഉമര്‍ ഫാറൂക്വ് എഴുതിയ പുസ്തകം നോക്കുക. വിവ:).


3. റമദാന്‍ നോമ്പനുഷ്ഠിച്ച ഒരാള്‍ മറ്റൊരു നാട്ടിലേക്ക് യാത്ര പോയി. ആ സമയം തന്റെ നാട്ടില്‍ (താന്‍ യാത്ര പുറപ്പെട്ട) ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുകയും പെരുന്നാള്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ യാത്ര ചെയ്‌തെത്തിയ നാട്ടിലാകട്ടെ ശവ്വാല്‍ പിറവി ദര്‍ശിച്ചിട്ടുമില്ല, ഈ അവസരത്തില്‍ എന്താണ് ചെയ്യേണ്ടത്?

ഉത്തരം: ഒരാള്‍ ഒരു നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക് യാത്ര പോയാല്‍ അയാള്‍ ഏതൊരു നാട്ടിലാണോ എത്തിപ്പെട്ടത് അവരുടെ വിധിയാണ് ഇസ്‌ലാമികാനുഷ്ഠാനങ്ങളില്‍ അയാള്‍ അവലംബിക്കേണ്ടത്. അതായത് അവര്‍ (എത്തപ്പെട്ട നാട്ടിലെ ജനങ്ങള്‍) എപ്പോഴാണോ പെരുന്നാള്‍ ആഘോഷിക്കുന്നത് അപ്പോഴാണ് അയാള്‍ പെരുന്നാള്‍ ആഘോഷിക്കേണ്ടത്. കാരണം ജനങ്ങള്‍ നോമ്പനുഷ്ഠിക്കുമ്പോഴാണ് നോമ്പനുഷ്ഠിക്കേണ്ടത് എന്ന് നബിﷺ പറഞ്ഞിരിക്കുന്നു. ഫിത്വ്ര്‍ പെരുന്നാളും ബലിപെരുന്നാളും ആഘോഷിക്കേണ്ടതും അവരോടൊപ്പമാണ്. അത് ഒന്നോ രണ്ടോ ദിവസം വര്‍ധിച്ചാലും ശരി അങ്ങനെയാണ് ചെയ്യേണ്ടത്. അതുപോലെ തന്നെ യാത്ര ചെയ്‌തെത്തുന്ന രാജ്യത്ത് ഒന്നോ രണ്ടോ മണിക്കൂര്‍ വൈകിയാണ് സൂര്യാസ്തമയമുണ്ടാകുന്നതെങ്കിലും അവിടെയുള്ള സമയം നോക്കിയാണ് നോമ്പ് തുറക്കേണ്ടത്. ചില സ്ഥലങ്ങളില്‍ രണ്ടോ, മൂന്നോ അതിലധികമോ മണിക്കൂര്‍ വൈകിയായിരിക്കും സൂര്യാസ്തമയം ഉണ്ടാവുക. ആ സന്ദര്‍ഭത്തില്‍ അവിടെ എപ്പോഴാണോ സൂര്യാസ്തമയം ഉണ്ടാവുന്നത് അപ്പോഴാണ് നോമ്പ് തുറക്കേണ്ടത്,

(ഉദാ: റമദാനില്‍ ഇന്ത്യയില്‍ നിന്ന് രാവിലെ 6 മണിക്ക് സുഊദി അറേബ്യയിലേക്ക് യാത്ര പുറപ്പെട്ട ഒരാള്‍ സുഊദി സമയമനുസരിച്ച് ഇന്ത്യന്‍ സമയത്തെക്കാള്‍ രണ്ടരമണിക്കൂര്‍ വൈകിയാണ് നോമ്പു തുറക്കേണ്ടത്. ഇന്ത്യയില്‍ നോമ്പു തുറക്കുമ്പോള്‍ അയാള്‍ നോമ്പ് അവസാനിപ്പിക്കാന്‍ പാടില്ല എന്ന് സാരം).

കാരണം നബിﷺ പറഞ്ഞത് 'അതിനെ കണ്ടാല്‍' അതായത് ചന്ദ്രനെ കണ്ടാല്‍ നോമ്പ് തുറക്കുകയെന്നാണ്. അതുപോലെ നേരെ തിരിച്ചും സംഭവിക്കാവുന്നതാണ്. അതായത് ഒരാള്‍ യാത്ര ചെയ്‌തെത്തിയ നാട്ടില്‍ ഒന്നോ രണ്ടോ ദിവസം മുമ്പ് ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുകയാണെങ്കില്‍ അവന്‍ അവരോടൊപ്പം പെരുന്നാള്‍ ആഘോഷിക്കണം. അവന് നഷ്ടപ്പെട്ട ഒന്നോ രണ്ടോ ദിവസത്തെ നോമ്പ് ശവ്വാല്‍ ഒന്നിന് ശേഷം നോറ്റു വീട്ടുകയും ചെയ്യണം. കാരണം റമദാന്‍ ഇരുപത്തൊന്‍പതോ, മുപ്പതോ ആയിരിക്കും. ഒരു ദിവസം നഷ്ടപ്പെട്ടാല്‍ അവന്‍ ഒന്ന് നോറ്റുവീട്ടുക, രണ്ട് ദിവസമാണ് നഷ്ടപ്പെട്ടതെങ്കില്‍ രണ്ടെണ്ണം നോറ്റുവീട്ടുക. കാരണം റമദാന്‍ അടക്കമുള്ള എല്ലാ ലൂണാര്‍ മാസങ്ങളും ഇരുപത്തൊന്‍പതില്‍ കുറയുകയില്ല. റമദാനില്‍ യാത്ര ചെയ്‌തെത്തിയ നാട്ടില്‍ അയാള്‍ക്ക് ഇരുപത്തൊന്‍പത് കിട്ടുന്നതിന് മുമ്പ് ശവ്വാല്‍ മാസപ്പിറവി കാണുകയാണെങ്കില്‍ അയാള്‍ അവരോടൊപ്പം പെരുന്നാള്‍ ആഘോഷിക്കുക, ശേഷം നഷ്ടപ്പെട്ടത് വീട്ടുകയും ചെയ്യുക. എന്നാല്‍ ഒരു ദിവസം അധികം നോമ്പനുഷ്ഠിക്കേണ്ടി വന്നാല്‍ അങ്ങനെ ചെയ്യണം. കാരണം മാസപ്പിറവി കണ്ടാലാണ് പെരുന്നാള്‍ ആഘോഷിക്കേണ്ടത്. ഒരു ദിവസത്തില്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ വര്‍ധിക്കുന്നത് പോലെ ഒരു ദിവസം വര്‍ധിച്ചുവെന്ന് കണക്കാക്കിയാല്‍ മതിയാകുന്നതാണ്.


4. ഭാരമേറിയതും പ്രയാസകരവുമായ ജോലി ചെയ്യുന്നവര്‍ക്ക് നോമ്പനുഷ്ഠിക്കുന്നത് പ്രയാസകരമായിരിക്കും. അങ്ങനെയുള്ളവര്‍ക്ക് നോമ്പ് ഒഴിവാക്കുവാന്‍ അനുവാദമുണ്ടോ?

ഉത്തരം: ജോലിയാവശ്യാര്‍ഥം നോമ്പൊഴിവാക്കുന്നത് അനുവദനീയമല്ല എന്നാണ് തെളിവിന്റെ അടിസ്ഥാനത്തില്‍ എന്റെ അഭിപ്രായം. ജോലിയും നോമ്പും ഒന്നിച്ച് കൊണ്ടുപോകുവാന്‍ സാധ്യമല്ലായെങ്കില്‍ അവന്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത് റമദാനില്‍ നോമ്പനുഷ്ഠിക്കണം. കാരണം റമദാനില്‍ നോമ്പനുഷ്ഠിക്കുകയെന്നത് ഇസ്‌ലാമിന്റെ തൂണുകളില്‍പെട്ട ഒരു തൂണാണ്. അതില്‍ ഭംഗം വരുത്തുവാന്‍ പാടുള്ളതല്ല.


4. അജ്ഞത കാരണം പെണ്‍കുട്ടി ആര്‍ത്തവ സമയത്ത് നോമ്പനുഷ്ഠിച്ചാല്‍ അവള്‍ എന്താണ് ചെയ്യേണ്ടത്?

ഉത്തരം: ആര്‍ത്തവ സമയത്ത് അനുഷ്ഠിച്ച നോമ്പ് പിന്നീട് അവള്‍ നോറ്റുവീട്ടേണ്ടതുണ്ട്. കാരണം ഋതുമതിയുടെ നോമ്പ് അജ്ഞത കാരണമാണെങ്കിലും അസ്വീകാര്യമാണ്. ഇതുപോലെ പെണ്‍കുട്ടിക്ക് ആദ്യമായി ആര്‍ത്തവമുണ്ടായി, ലജ്ജ കാരണത്താല്‍ തന്റെ വീട്ടുകാരെ അറിയിച്ചില്ല. അവള്‍ നോമ്പനുഷ്ഠിക്കാന്‍ പാടില്ല. അവള്‍ക്ക് എത്ര നോമ്പാണോ നഷ്ടപ്പെട്ടത് അത്രയും നോറ്റുവീട്ടേണ്ടതുണ്ട്. ഒരു സ്ത്രീക്ക് ആര്‍ത്തവം ആരംഭിച്ചാല്‍ അവള്‍ക്ക് പ്രായപൂര്‍ത്തിയെത്തി എന്നര്‍ഥം. അത്‌കൊണ്ട് തന്നെ അവള്‍ നഷ്ടപ്പെട്ട നോമ്പ് നോറ്റുവീട്ടല്‍ നിര്‍ബന്ധമാകുന്നു.


5. തനിക്കും തന്റെ കീഴിലുള്ളവര്‍ക്കും ഉപജീവനം കണ്ടെത്താനായി ഒരാള്‍ റമദാനിലെ നോമ്പൊഴിവാക്കിയാല്‍ അവന്റെ വിധിയെന്താണ്?

ഉത്തരം: രോഗിക്ക് നോമ്പൊഴിവാക്കാന്‍ അനുവാദമുള്ളത് പോലെത്തന്നെയാണ് ഇത്തരക്കാരുടെ കാര്യവും എന്നാണ് ഇവ്വിഷയകമായി ചില പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുള്ളത്, നോമ്പനുഷ്ഠിക്കുവാന്‍ ഒരു രോഗിക്ക് തീരെ സാധ്യമല്ലെങ്കില്‍ അയാള്‍ക്ക് നോമ്പൊഴിവാക്കാം. രോഗം ശിഫയായതിന് ശേഷം നോറ്റുവീട്ടണം; അവന്‍ ജീവിച്ചിരുന്നാല്‍. മരിക്കുകയാണെങ്കില്‍ അവന് പകരം മറ്റൊരാള്‍ അത് വീട്ടണം. അവന്റെ രക്ഷാധികാരിക്ക് അത് നോറ്റുവീട്ടാന്‍ സാധ്യമല്ലെങ്കില്‍ ഓരോ ദിവസത്തിനും പകരമായി ഒരു അഗതിയെ ഭക്ഷിപ്പിക്കേണ്ടതാണ്.

എന്നാല്‍ ഇവരെ രോഗിയോട് തുലനപ്പെടുത്താത്ത പണ്ഡിതന്‍മാരുടെ അഭിപ്രായം താഴെ കൊടുക്കുന്നത് പ്രകാരമാകുന്നു: അതായത് എല്ലാ ആരാധനകളും സമയബന്ധിതമാണ്, ആരെങ്കിലും മതിയായ കാരണമില്ലാതെ ആരാധനാകര്‍മങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട സമയത്തില്‍ നിന്നും പിന്തിപ്പിക്കുകയാണെങ്കില്‍ അവനില്‍ നിന്നത് സ്വീകരിപ്പെടുകയില്ല. സല്‍കര്‍മങ്ങളും ഐഛിക കര്‍മങ്ങളും വര്‍ധിപ്പിക്കുകയും അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുകയാണ് പിന്നീട് അവന്‍ ചെയ്യേണ്ടത്. അതിനുള്ള തെളിവ്:

നബിﷺ പറയുന്നു: ''നമ്മുടെ കല്‍പനയില്ലാത്ത വല്ല പ്രവര്‍ത്തനവും ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അത് തള്ളപ്പെടേണ്ടതാണ്''(ബുഖാരി, മുസ്‌ലിം).

ആരാധനകള്‍ അത് നിര്‍വഹിക്കേണ്ട സമയത്തിന് മുമ്പ് ആരെങ്കിലും ചെയ്താല്‍ അത് സ്വീകാര്യമല്ലാത്തത് പോലെത്തന്നെ സമയത്തിന് ശേഷം ചെയ്താലും സ്വീകരിക്കപ്പെടുകയില്ല. എന്നാല്‍ അജ്ഞത, മറവി പോലെയുള്ള കാരണങ്ങളുണ്ടായാല്‍ സ്വീകരിക്കപ്പെടും.

നബിﷺ മറവിയുടെ കാര്യത്തില്‍ പറയുകയുണ്ടായി: ''ആരെങ്കിലും നമസ്‌കാര സമയത്ത് ഉറങ്ങിപ്പോവുകയോ, അല്ലെങ്കില്‍ മറവി സംഭവിക്കുകയോ ചെയ്താല്‍ അവര്‍ ഓര്‍മ വരുമ്പോള്‍ നമസ്‌കരിക്കട്ടെ, അതല്ലാതെ മറ്റു പ്രായച്ഛിത്തമില്ല'' (മുസ്‌ലിം).

തനിക്കും തന്റെ മക്കള്‍ക്കുമുള്ള ഉപജീവനത്തിനായി റമദാനിലെ നോമ്പ് ഒഴിവാക്കിയ ആള്‍ വിചാരിക്കുന്നത് മുകളില്‍ നാം വിശദമാക്കി; രോഗിയോട് സാമ്യപ്പെടുത്തുന്ന രൂപത്തിലാണ് വിചാരിക്കുന്നത്. അല്ലാഹുവിനാണ് കൂടുതല്‍ അറിയുക.


6. നോമ്പൊഴിവാക്കാന്‍ അനുവാദമുള്ള കാരണങ്ങള്‍ ഏതെല്ലാമാണ്?

ഉത്തരം: ക്വുര്‍ആനില്‍ വന്നത് പ്രകാരം രോഗം, യാത്ര എന്നിവയാണ് അനുവദനീയമായ കാരണങ്ങള്‍. അതുപോലെ ഗര്‍ഭിണി തനിക്കോ തന്റെ ഉദരത്തിലുള്ള കുഞ്ഞിനോ അപകടം പറ്റുമെന്ന് ഭയപ്പെട്ടാല്‍ അവള്‍ക്ക് നോമ്പൊഴിവാക്കാം. അതുപോലെ മുലയൂട്ടുന്ന സ്ത്രീ തനിക്കോ, തന്റെ കുഞ്ഞിനോ നോമ്പനുഷ്ഠിക്കുന്നതിലൂടെ അപകടം ഭയപ്പെടുകയാണെങ്കില്‍ അവള്‍ക്കും ഒഴിവാക്കാം. നാശത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്തുവാനായി ഒരാള്‍ക്ക് നോമ്പൊഴിവാക്കാവുന്നതാണ്. ഉദാഹരണമായി കടലില്‍ മുങ്ങിമരിക്കാന്‍ പോകുന്ന ഒരാളെ രക്ഷപ്പെടുത്തുക, അഗ്നി പടര്‍ന്ന് പിടിച്ചിരിക്കുന്ന സ്ഥലത്ത് കുടുങ്ങിപ്പോയ ഒരാളെ രക്ഷപ്പെടുത്തുക. അതുപോലെ ഇസ്‌ലാം പഠിപ്പിക്കുന്ന ജിഹാദ് ചെയ്യാനായി ഒരാള്‍ക്ക് നോമ്പൊഴിവാക്കാവുന്നതാണ്. ഇത് ഇസ്‌ലാം അനുവദിച്ചതാണ്. കാരണം നബിﷺ ഫത്ഹ് യുദ്ധവേളയില്‍ അനുചരന്‍മാരോടായി പറയുകയുണ്ടായി:

''നാളെ നിങ്ങള്‍ ശത്രുക്കളെ അഭിമുഖീകരിക്കും, അതുകൊണ്ട് നോമ്പൊഴിവാക്കലാണ് നിങ്ങള്‍ക്ക് ആരോഗ്യവും ശക്തിയും ഉണ്ടാവാന്‍ നല്ലത്. അത്‌കൊണ്ട് നിങ്ങള്‍ നോമ്പൊഴിവാക്കുക'' (മുസ്‌ലിം).

അനുവദനീയമായ കാരണത്താല്‍ ഒരാള്‍ നോമ്പൊഴിവാക്കി, ആ കാരണം അവസാനിച്ചാല്‍ അവശേഷിക്കുന്ന സമയം അവന്‍ നോമ്പെടുക്കേണ്ടതില്ല. ഉദാ: ഒരാള്‍ വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരാളെ രക്ഷപ്പെടുത്താനായി നോമ്പൊഴിവാക്കിയാല്‍ രക്ഷപ്പെടുത്തിയതിന് ശേഷം അവശേഷിക്കുന്ന സമയം അവന്‍ നോമ്പനുഷ്ഠിക്കേണ്ടതില്ല. ഇതാണ് ഈ വിഷയത്തില്‍ അവലംബയോഗ്യമായ അഭിപ്രായം. പകലില്‍ ഒരാള്‍ക്ക് രോഗശമനമുണ്ടായിയെങ്കില്‍ അവശേഷിക്കുന്ന സമയം അവന്‍ നോമ്പെടുക്കേണ്ടതില്ല. അതു പോലെ യാത്രക്കാരന്‍ പകലില്‍ തന്റെ ദേശത്തെത്തിയെങ്കില്‍ ബാക്കിയുള്ള സമയം അവന്‍ നോമ്പെടുക്കേണ്ടതില്ല. അതുപോലെ ആര്‍ത്തവകാരി പകലില്‍ (മഗ്‌രിബിന് മുമ്പ്) ശുദ്ധി കൈവരിച്ചാലും അവള്‍ അവശേഷിക്കുന്ന സമയം നോമ്പെടുക്കേണ്ടതില്ല. കാരണം ഇവരെല്ലാം തന്നെ നോമ്പൊഴിവാക്കിയത് ഇസ്‌ലാം അനുവദിക്കുന്ന കാരണങ്ങളാലാണ്. അത്‌കൊണ്ട് തന്നെ അവരെ സംബന്ധിച്ചിടത്തോളം അവശേഷിക്കുന്ന സമയം നോമ്പെടുക്കലും ബാധ്യതയില്ല.

എന്നാല്‍ റമദാന്‍ മാസപ്പിറവിയുണ്ടായത് പകലിലാണ് മനസ്സിലായതെങ്കില്‍ അവശേഷിക്കുന്ന സമയം നോമ്പെടുക്കേണ്ടതുണ്ട്. ഇവ രണ്ടിനുമിടയിലുള്ള വ്യത്യാസം കൃത്യവും പ്രകടവുമാണ്. നോമ്പാണോ, അല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വന്ന് കഴിഞ്ഞാല്‍ ആ ദിവസം നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ വ്യക്തത വന്നെത്തുന്നതിന് മുമ്പ് അവര്‍ അജ്ഞതയെന്ന കാരണത്താല്‍ ഒഴിവ്കഴിവുള്ളവരാണ്.

ഇത്‌കൊണ്ട് തന്നെ ഇന്ന ദിവസം റമദാനില്‍ പെട്ടതാണ് എന്ന് മനസ്സിലാക്കിയവര്‍ക്ക് അവശേഷിക്കുന്ന സമയം നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ നാം ആദ്യം വിശദീകരിച്ചവര്‍ നോമ്പ് നിര്‍ബന്ധമാണെന്ന് മനസ്സിലാക്കിയവരാണ്. അവര്‍ ഇസ്‌ലാം അനുവദിക്കുന്ന കാരണങ്ങളാല്‍ നോമ്പൊഴിവാക്കിയവരാണ്. ഇതിനിടയിലെ വ്യത്യാസം വ്യക്തമാണ്.


7. റമദാന്‍ മാസപ്പിറവി ദര്‍ശിക്കുന്നതിന് മുമ്പ് നോമ്പ് നോല്‍ക്കണമെന്ന ഉദ്ദേശമില്ലാതെ ഉറങ്ങിപ്പോയ ഒരു വ്യക്തി നേരം വെളുത്തതിന് ശേഷം ഉണര്‍ന്നപ്പോള്‍ റമദാന്‍ ആരംഭിച്ചുവെന്ന് അറിഞ്ഞാല്‍ എന്താണ് ചെയ്യേണ്ടത്? ആ ദിവസത്തെ നോമ്പ് പിന്നീട് നോറ്റുവീട്ടേണ്ടതുണ്ടോ?

ഉത്തരം: റമദാന്‍ മാസപ്പിറവി ദര്‍ശിക്കുന്നതിന് മുമ്പ് നോമ്പ് നോല്‍ക്കണമെന്ന ഉദ്ദേശമില്ലാതെ ഉറങ്ങിപ്പോയ ഒരു വ്യക്തി നേരംവെളുത്തതിന് ശേഷം ഉണര്‍ന്നപ്പോള്‍ റമദാന്‍ ആരംഭിച്ചുവെന്ന് അറിഞ്ഞുകഴിഞ്ഞാല്‍ അന്ന് ശേഷിക്കുന്ന സമയം നോമ്പനുഷ്ഠിക്കുകയും ശേഷം മറ്റൊരു ദിവസം നോമ്പ് നോറ്റുവീട്ടുകയും ചെയ്യുക എന്ന അഭിപ്രായമാകുന്നു ഭൂരിപക്ഷം പണ്ഡിതന്‍മാര്‍ക്കുമുള്ളത്. ഇതിനെതിരില്‍ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹ്) മാത്രമാണ്.

അദ്ദേഹത്തിന്റെ അഭിപ്രായം; 'നോമ്പനുഷ്ഠിക്കണമെന്നുള്ള ഉദ്ദേശ്യം മാസപ്പിറവി ദര്‍ശിച്ച വിവരം അറിഞ്ഞത് മുതലാണ് വേണ്ടത്. ഈ വ്യക്തി അത് അറിഞ്ഞിട്ടില്ലാത്തത് കൊണ്ട് തന്നെ അദ്ദേഹത്തിന് ഒഴിവ് കഴിവുണ്ട്. മാസപ്പിറവി ദര്‍ശനമുണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍ അദ്ദേഹം ഒരിക്കലും നോമ്പനുഷ്ഠിക്കണമെന്ന ഉദ്ദേശമില്ലാതെ ഉറങ്ങില്ലായിരുന്നു. അയാള്‍ ആ കാര്യത്തില്‍ അജ്ഞനാണ്. അജ്ഞത ഒഴിവ് കഴിവില്‍ പെട്ടതുമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ നോമ്പ് ശരിയാവും.' ഈ അഭിപ്രായത്തിന്റെയടിസ്ഥാനത്തില്‍ പിന്നീട് നോറ്റുവീട്ടേണ്ടതില്ല.

ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം ആദിവസം നോമ്പനുഷ്ഠിക്കുകയും പിന്നീട് ഒരു ദിവസം നോറ്റുവീട്ടുകയും ചെയ്യണമെന്നാണ്. എന്റെ അഭിപ്രായത്തില്‍ സൂക്ഷ്മതക്ക് നല്ലത് ആ ദിവസത്തിന് പകരമായി ഒരു ദിവസം നോറ്റു വീട്ടുകയാണ് ചെയ്യേണ്ടത് എന്നാണ്.


8. അനുവദനീയമായ കാരണത്താല്‍ ഒരാള്‍ നോമ്പൊഴിവാക്കുകയുണ്ടായി. എന്നാല്‍ ആ കാരണം പകലിനിടക്ക് അവസാനിച്ചാല്‍ അവശേഷിക്കുന്ന സമയം നോമ്പ് പിടിക്കേണ്ടതുണ്ടോ?

ഉത്തരം: അവശേഷിക്കുന്ന സമയം അയാള്‍ നോമ്പ് പിടിക്കേണ്ടതില്ല, കാരണം അനുവദനീയമായ കാരണത്താലാണ് അയാള്‍ നോമ്പൊഴിവാക്കിയത്. അത്‌കൊണ്ട് തന്നെ ആ കാരണം അവസാനിച്ചാല്‍ ബാക്കിയുള്ള സമയം നോമ്പെടുക്കേണ്ടതില്ല. ഉദാഹരണമായി ഒരാള്‍ക്ക് വളരെ അനിവാര്യമായ മരുന്ന് കുടിക്കേണ്ടതുണ്ട്. അയാള്‍ ആ മരുന്ന് ഉപയോഗിച്ചാല്‍ തന്നെ അദ്ദേഹത്തിന്റെ നോമ്പൊഴിവായി. അനുവദനീയമായ കാരണത്താല്‍ നോമ്പൊഴിവാക്കിയതിനാല്‍ അവശേഷിക്കുന്ന സമയം നോമ്പെടുക്കേണ്ടതില്ല. പകരം ഒരു ദിവസം നോറ്റുവീട്ടിയാല്‍ മതി. അവശേഷിക്കുന്ന സമയം നോമ്പുപിടിക്കുന്നതില്‍ മതപരമായി യാതൊരു ഉപകാരവുമില്ല, അത് ശരിയാവുകയുമില്ല. അത് കൊണ്ട് ഉപകാരമില്ലാത്തതിനാല്‍ തന്നെ അവശേഷിക്കുന്ന സമയം നോമ്പെടുക്കല്‍ നിര്‍ബന്ധമില്ല.

ഉദാഹരണം: ഒരാള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടു. അത് കാണുന്ന വ്യക്തി പറയുകയാണ് 'അല്‍പം വെള്ളം കുടിച്ചാല്‍ അദ്ദേഹത്തെ എനിക്ക് രക്ഷപ്പെടുത്തുവാനുള്ള കഴിവുണ്ടാകും, വെള്ളം കുടിച്ചില്ലെങ്കില്‍ എനിക്കതിന് സാധിക്കുകയില്ല' എന്ന്. അങ്ങനെ വെള്ളം കുടിക്കുകയും അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. അവശേഷിക്കുന്ന സമയം അദ്ദേഹത്തിന് ഭക്ഷണം കഴിക്കുകയും വെള്ളംകുടിക്കുകയും ചെയ്യാവുന്നതാണ്. കാരണം അയാള്‍ നോമ്പൊഴിവാക്കിയത് ഇസ്‌ലാം അനുവദിക്കുന്ന കാരണത്താലാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അവശേഷിക്കുന്ന സമയം ആദരിക്കപ്പെടേണ്ടതല്ല. അത് കൊണ്ട് തന്നെ ബാക്കിയുള്ള സമയം നോമ്പ് പിടിക്കേണ്ടതുമില്ല. നോമ്പ് ഒഴിവാക്കുന്ന ഒരു രോഗിയോട് 'നിനക്ക് വിശന്നാലല്ലാതെ ഭക്ഷണം കഴിക്കരുത്, ദാഹിച്ചാലല്ലാതെ വെള്ളം കുടിക്കരുത്' എന്ന് നാം പറയാറുണ്ടോ? ഇല്ലല്ലോ! കാരണം രോഗിക്ക് നോമ്പൊഴിവാക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ ഇസ്‌ലാം അനുവദിക്കുന്ന കാരണത്താല്‍ ആരെങ്കിലും നോമ്പൊഴിവാക്കിയാല്‍ പകലിനിടക്ക് ആ കാരണം നീങ്ങിപ്പോയാലും അവശേഷിക്കുന്ന സമയം നോമ്പ് നോല്‍ക്കേണ്ടതില്ല. എന്നാല്‍ അനുവദനീയമായ കാരണം കൂടാതെ ആരെങ്കിലും നോമ്പൊഴിവാക്കിയാല്‍ അവശേഷിക്കുന്ന സമയം അവന്‍ നോമ്പ് പിടിക്കേണ്ടതുണ്ട്. കാരണം അവന് നോമ്പൊഴിവാക്കാന്‍ അനുവാദമില്ല. മതപരമായ അനുവാദമില്ലാതെയാണ് അവന്‍ ആ ദിവസത്തിന്റെ പവിത്രതയെ ഹനിച്ചത്. അത്‌കൊണ്ട് തന്നെ അവശേഷിക്കുന്ന സമയം അവന്‍ നോമ്പ് പിടിക്കുകയും പകരം വേറെ ഒരു ദിവസം നോറ്റുവീട്ടുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹുവിനാണ് കൂടുതല്‍ അറിയുക.


9. പക്ഷാഘാതം ബാധിച്ച ഒരു സ്ത്രീയോട് നോമ്പ് ഒഴിവാക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുന്നു എങ്കില്‍ എന്താണ് വിധി?

ഉത്തരം: അല്ലാഹു പറയുന്നു: ''ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തിന് സാക്ഷിയാണോ അവര്‍ ആമാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല...'' (ക്വുര്‍ആന്‍ 2:185).

ശമനം പ്രതീക്ഷിക്കാത്ത രോഗികളാണെങ്കില്‍ ഓരോ ദിവസത്തിനും പകരമായി ഒരു അഗതിക്ക് ഭക്ഷണം നല്‍കേണ്ടതുണ്ട്. സാധാരണ നാം കഴിക്കുന്ന ഭക്ഷണമാണ് അഗതികള്‍ക്ക് നല്‍കേണ്ടത്. നല്ലരൂപത്തിലുള്ള ഭക്ഷണം തന്നെ നല്‍കേണ്ടതുണ്ട്. ശരീരം കുഴഞ്ഞ് പോയ രോഗബാധിതയായ സ്ത്രീ ഓരോ ദിവസത്തിനും പകരമായി സാധുവിന് ഭക്ഷണം നല്‍കണം.


10. യാത്രക്കാരന്റെ നമസ്‌കാരവും നോമ്പും എപ്പോഴാണ്, എങ്ങനെയാണ്?

ഉത്തരം: യാത്രക്കാരന്‍ തന്റെ നാട്ടില്‍ നി ന്നും പുറപ്പെട്ടത് മുതല്‍ മടങ്ങിവരുന്നത് വരെ നാല് റക്അത്തുള്ള നമസ്‌കാരങ്ങള്‍ രണ്ട് റക്അത്തായിട്ടാണ് നമസ്‌കരിക്കേണ്ടത്. കാരണം ആഇശ(റ) പറയുന്നു:

''നമസ്‌കാരം ആദ്യം നിര്‍ബന്ധമാക്കിയിരുന്നത് രണ്ട് റക്അത്താണ്. യാത്രക്കാര്‍ക്ക് അത് സ്ഥിരപ്പെടുത്തുകയും നാട്ടില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് പൂര്‍ണമാക്കുകയും ചെയ്തു.'' മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്: ''നാട്ടില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് വര്‍ധിപ്പിക്കുകയും ചെയ്തു'' എന്നാണുള്ളത് (ബുഖാരി, മുസ്‌ലിം).

അനസ്ബ്‌നുമാലിക്(റ)വില്‍ നിന്ന്: ''ഞങ്ങള്‍ നബിﷺയോടൊപ്പം മദീനയില്‍ നിന്ന് മക്കയിലേക്ക് പുറപ്പെടുകയുണ്ടായി. ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിവരുന്നത് വരെ ഈ രണ്ട് റക്അത്തായിട്ടാണ് നമസ്‌കരിച്ചിരുന്നത്'' (ബുഖാരി, മുസ്‌ലിം).

എന്നാല്‍ നാട്ടില്‍ താമസിക്കുന്ന ഇമാമിനൊപ്പമാണ് യാത്രക്കാരന്‍ നമസ്‌കരിക്കുന്നതെങ്കില്‍ നാല് റക്അത്ത് പൂര്‍ത്തീകരിച്ച് നമസ്‌കരിക്കേണ്ടതുണ്ട്. ഇമാമിനൊപ്പം തുടക്കത്തില്‍ തന്നെയാണെങ്കിലും, ഇടക്ക് തുടര്‍ന്ന് നമസ്‌കരിച്ചാലും ശരി. കാരണം റസൂലുല്ലാഹ്ﷺ പറയുന്നു:

''നിങ്ങള്‍ ഇക്വാമത്ത് കേട്ടാല്‍ നമസ്‌കാരത്തിലേക്ക് നടന്ന് പോവുക. സാവധാനം ഗാംഭീര്യതയോടെയാണ് പോകേണ്ടത്. നിങ്ങള്‍ ഓടിപ്പോകാന്‍ പാടില്ല. നിങ്ങള്‍ക്ക് ലഭിച്ചത് നിങ്ങള്‍ നമസ്‌കരിക്കുക. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് പൂര്‍ത്തീകരിക്കുകയും ചെയ്യുക.''

'നിങ്ങള്‍ക്ക് ലഭിച്ചത് നിങ്ങള്‍ നമസ്‌കരിക്കുക, നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് പൂര്‍ത്തീകരിക്കുകയും ചെയ്യുക' എന്നതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരന്‍ നാല് റക്അത്ത് നമസ്‌കരിക്കുന്നവന്റെ പിന്നില്‍ നമസ്‌കരിക്കുമ്പോള്‍ പൂര്‍ണമായി നമസ്‌കരിക്കണമെന്നത് ഉള്‍കൊള്ളുന്നുണ്ട്. ഇബ്‌നു അബ്ബാസ്(റ)വിനോട് ചോദിക്കുകയുണ്ടായി: 'യാത്രക്കാരന്‍ നാട്ടില്‍ താമസിക്കുന്നവന്റെ പിന്നില്‍ നിന്ന് നമസ്‌കരിക്കുമ്പോള്‍ നാല് റക്അത്തും, അല്ലാത്ത അവസരത്തില്‍ നമസ്‌കരിക്കുമ്പോള്‍ രണ്ടു റക്അത്തും നമസ്‌കരിക്കണം. ഇതെന്ത് കൊ ണ്ടാണ്?' അപ്പോള്‍ അദ്ദേഹം പറയുകയുണ്ടായി: 'അത് പ്രവാചക ചര്യയില്‍ പെട്ടതാണ്.'

യാത്രക്കാരനില്‍ നിന്നും ജമാഅത്ത് നമസ്‌കാരം ഒഴിവാകുന്നതല്ല. കാരണം യുദ്ധത്തിന്റെ അവസരത്തില്‍ പോലും അല്ലാഹു പറഞ്ഞത് നാം കാണുക:

''(നബിയേ,) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും അവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് നമസ്‌കാരം നിര്‍വഹിക്കുകയുമാണെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്റെ കൂടെ നില്‍ക്കട്ടെ. അവര്‍ അവരുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ സുജൂദ് ചെയ്ത് കഴിഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നിലേക്ക് മാറിനില്‍ക്കുകയും നമസ്‌കരിച്ചിട്ടില്ലാത്ത മറ്റെ വിഭാഗം വന്ന് നിന്റെ കൂടെ നമസ്‌കരിക്കുകയും ചെയ്യട്ടെ...'' (ക്വുര്‍ആന്‍ 4:102).

ബാങ്ക് കേള്‍ക്കുന്നുവെങ്കില്‍ യാത്രക്കാരന്‍ അവന്റെ നാട്ടിലല്ലെങ്കിലും പള്ളികളിലെ ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കേണ്ടതാണ്. എന്നാല്‍ പള്ളി വിദൂരത്താണെങ്കിലും, തന്റെ കൂട്ടുകാരെ നഷ്ടപ്പെടുമെന്ന് ഭയപ്പെടുകയുമാണെങ്കില്‍ പങ്കെടുക്കേണ്ടതില്ല. ബാങ്കോ, ഇക്വാമത്തോ കേള്‍ക്കുന്നവര്‍ അതിന് ഉത്തരം നല്‍കി പള്ളികളില്‍ വരല്‍ നിര്‍ബന്ധമാണെന്ന പൊതുവായ തെളിവിന്റെയടിസ്ഥാനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.

അതുപോലെ തന്നെ ദുഹ്‌റിനും മഗ്‌രിബിനും ഇശാഇനും മുമ്പും ശേഷവുമുള്ള റവാതിബ് സുന്നത്തുകള്‍ ഒഴിച്ച് വിത്‌റ്, രാത്രി നമസ്‌കാരം, ദുഹാ നമസ്‌കാരം, സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് പോലെയുള്ള സുന്നത്ത് നമസ്‌കാരങ്ങളെല്ലാം യാത്രക്കാര്‍ക്ക് നമസ്‌കരിക്കാവുന്നതാണ്.

അതുപോലെ ദുഹ്ര്‍, അസ്വ്ര്‍ എന്നീ നമസ്‌കാരങ്ങള്‍ ഒരുമിച്ചും, മഗ്‌രിബും ഇശാഉം ഒന്നിച്ചും നമസ്‌കരിക്കാവുന്നതാണ്. അത് മുന്തിച്ചോ, പിന്തിച്ചോ ഏതാണോ കൂടുതല്‍ എളുപ്പവും സൗകര്യവുമുള്ളത് അതനുസരിച്ച് നിര്‍വഹിക്കാവുന്നതാണ്.

എന്നാല്‍ ഒരു സ്ഥലത്ത് താമസിക്കാന്‍ തുടങ്ങിയാല്‍ ജംഅ് ആക്കാതിരിക്കലാണ് നല്ലത്, ജംഅ് ആക്കിയാലും പ്രശ്‌നമില്ല. രണ്ടും റസൂല്‍ﷺയില്‍ നിന്ന് വന്നിട്ടുണ്ട്.

യാത്രക്കാര്‍ക്ക് റമദാനില്‍ നോമ്പനുഷ്ഠിക്കാവുന്നതാണ്. ഒഴിവാക്കിയാല്‍ പ്രശ്‌നവുമില്ല. എത്ര ദിവസമാണോ ഒഴിവാക്കിയത് അത്രയും ദിവസം പകരം നോറ്റുവീട്ടേണ്ടതാണ്. യാത്രക്കാരന് നല്ലതും എളുപ്പവും നോമ്പൊഴിവാക്കലാണെങ്കില്‍ അതാണ് ഏറ്റവും നല്ലത്. കാരണം അല്ലാഹുവിന്റെ ലഘൂകരണം ഉപയോഗപ്പെടുത്തുന്നതാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടമുള്ളത്. ലോക രക്ഷിതാവിനാണ് സര്‍വസ്തുതയും.


11. പ്രയാസപ്പെട്ടുകൊണ്ട് യാത്രക്കാരന്‍ നോമ്പനുഷ്ഠിക്കുന്നതിന്റെ വിധിയെന്താണ്?

ഉത്തരം: പ്രയാസത്തോടെയാണ് യാത്രക്കാരന്‍ നോമ്പനുഷ്ഠിക്കുന്നതെങ്കില്‍ അത് വെറുക്കപ്പെടേണ്ടതാണ്. താഴെ കൊടുത്ത പ്രവാചക വചനം കാണുക:

ഒരാള്‍ക്ക് മറ്റൊരാള്‍ തണല്‍ വിരിച്ച് കൊടുക്കുകയും ജനങ്ങള്‍ അദ്ദേഹത്തിന് ചുറ്റും കൂടിനില്‍ക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ നബിﷺ ചോദിക്കുകയുണ്ടായി: 'എന്താണത്?' അവര്‍ പറഞ്ഞു: 'അയാള്‍ (തണല്‍ വിരിക്കപ്പെട്ടയാള്‍) നോമ്പുകാരനാണ്'. അപ്പോള്‍ നബിﷺ പറയുകയുണ്ടായി: 'യാത്രയില്‍ നോമ്പനുഷ്ഠിക്കുന്നത് പുണ്യത്തില്‍ പെട്ടതല്ല' (ബുഖാരി, മുസ്‌ലിം).

വളരെയധികം പ്രയാസമുള്ള സന്ദര്‍ഭത്തിലാണെങ്കില്‍ നോമ്പൊഴിവാക്കല്‍ യാത്രക്കാര്‍ക്ക് നിര്‍ബന്ധമാണ്. കാരണം പ്രവാചകന്‍ﷺയോട് ജനങ്ങള്‍ (യാത്രയില്‍) നോമ്പനുഷ്ഠിക്കുന്നത് പ്രയാസമാണ് എന്നറിയിച്ചപ്പോള്‍ നോമ്പൊഴിവാക്കുവാന്‍ പറയുകയുണ്ടായി. ചിലയാളുകള്‍ നോമ്പനുഷ്ഠിച്ചിരിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ നബിﷺ പറയുകയുണ്ടായി: 'അവര്‍ ധിക്കാരികളാണ്, അവര്‍ ധിക്കാരികളാണ്' (മുസ്‌ലിം).

യാത്രക്കാര്‍ക്ക് യാതൊരു പ്രയാസവുമില്ലെങ്കില്‍ നോമ്പനുഷ്ഠിക്കലാണ് നല്ലത്. കാരണം നബിﷺ യാത്രയില്‍ നോമ്പനുഷ്ഠിച്ചതായും സ്ഥിരപ്പെട്ടിരിക്കുന്നു.

അബൂദര്‍ദ്ദാഅ്(റ) പറയുകയുണ്ടായി: 'റമദാനില്‍ ശക്തമായ ചൂടുള്ള സമയത്ത് ഞങ്ങള്‍ നബിയോടൊപ്പം ഒരു യാത്രയിലായിരുന്നു. ഞങ്ങളില്‍ നബിﷺയും അബ്ദുല്ലാഹ് ഇബ്‌നു റവാഹയും ഒഴിച്ച് മറ്റാരും(ഈ യാത്രയില്‍) നോമ്പനുഷ്ഠിച്ചിരുന്നില്ല' (ബുഖാരി, മുസ്‌ലിം).

(നബിﷺ നോമ്പനുഷ്ഠിച്ചതായി ഹദീഥില്‍ വന്നതിനാല്‍ അപ്രകാരം ചെയ്യലും അനുവദനീയമാകുന്നു എന്ന് ഉപരി സൂചിത വചനം വ്യക്തമാക്കുന്നു. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്ത പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടതു പോലെ യാത്രക്കാരന് സ്വയം തീരുമാനമെടുക്കാവുന്നതാണ് എന്ന് തെളിവുകളില്‍ നിന്ന് മനസ്സിലാകുന്നു. ഓരോരുത്തരുടെയും ആരോഗ്യാവസ്ഥയെക്കുറിച്ച് അവര്‍ക്കാണല്ലൊ നന്നായറിയുക. വിവ:)


12. ആധുനിക കാലത്ത് അത്യാധുനിക യാത്രാസൗകര്യങ്ങളുള്ളതിനാല്‍ യാത്രക്കാരന് നോമ്പനുഷ്ഠിക്കല്‍ (പഴയ കാലത്തെ അപേക്ഷിച്ച്) പ്രയാസമുള്ള കാര്യമല്ല. ഈ സാഹചര്യത്തില്‍ യാത്രക്കാരന്‍ നോമ്പനുഷ്ഠിക്കുന്നതിന്റെ വിധിയെന്താണ്?

ഉത്തരം: യാത്രക്കാരന് നോമ്പനുഷ്ഠിക്കുകയും നോമ്പൊഴിവാക്കുകയും ചെയ്യാവുന്നതാണ്. അല്ലാഹു പറയുന്നു: ''...ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്)...'' (ക്വുര്‍ആന്‍ 2:185).

പ്രവാചകന്‍ﷺയോടൊപ്പം സ്വഹാബാക്കള്‍ യാത്ര ചെയ്യാറുണ്ടായിരുന്നു, അവരില്‍ നോമ്പനുഷ്ഠിക്കുന്നവരും നോമ്പൊഴിവാക്കിയവരും ഉണ്ടായിരുന്നു. നോമ്പനുഷ്ഠിച്ചവരെ ഒഴിവാക്കിയവര്‍ ആക്ഷേപിക്കുകയോ, നോമ്പൊഴിവാക്കിയവരെ അനുഷ്ഠിച്ചവര്‍ ആക്ഷേപിക്കുകയോ ചെയ്തിരുന്നില്ല. നബിﷺ യാത്രയില്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു.

അബൂദര്‍ദ്ദാഅ്(റ) പറയുകയുണ്ടായി: ''റമദാനില്‍ ശക്തമായ ചൂടുള്ള സമയത്ത് ഞങ്ങള്‍ നബിﷺയോടൊപ്പം ഒരു യാത്രയിലായിരുന്നു. ഞങ്ങളില്‍ നബിﷺയും അബ്ദുല്ലാഹ് ഇബ്‌നു റവാഹയും ഒഴിച്ച് മറ്റാരും (ഈ യാത്രയില്‍) നോമ്പനുഷ്ഠിച്ചിരുന്നില്ല'' (ബുഖാരി, മുസ്‌ലിം).

യാത്രക്കാരനുള്ള നിയമം അവന് നോമ്പനുഷ്ഠിക്കുകയോ, ഒഴിവാക്കുകയോ ചെയ്യാം എന്നതാണ്. എന്നാല്‍ യാത്രക്കാരന് പ്രയാസമില്ലെങ്കില്‍ നോമ്പനുഷ്ഠിക്കലാണ് നല്ലത്. കാരണം അതില്‍ മൂന്ന് പ്രയോജനങ്ങള്‍ ഉണ്ട്:

1. നബിﷺയുടെ ചര്യ പിന്‍തുടരല്‍ 2. സൗകര്യം: ജനങ്ങളോടൊപ്പം വ്രതമനുഷ്ഠിക്കലാണ് ഒറ്റക്ക് നോമ്പനുഷ്ഠിക്കുന്നതിനെക്കാള്‍ കൂടുതല്‍ സൗകര്യപ്രദമായത്. 3. തന്റെ ബാധ്യത പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു.


13. നോമ്പനുഷ്ഠിച്ച് യാത്രക്കാരന്‍ മക്കയിലെത്തിയാല്‍ ഉംറ നിര്‍വഹിക്കാനായി നോമ്പൊഴിവാക്കാന്‍ പാടുണ്ടോ?

ഉത്തരം: മക്കാവിജയ വേളയില്‍ പ്രവാചകന്‍ﷺ റമദാന്‍ ഇരുപതിന് മക്കയില്‍ പ്രവേശിച്ചപ്പോള്‍ നോമ്പൊഴിവാക്കിയിരുന്നു. തിരുമേനിﷺ മക്കക്കാരെയും കൊണ്ട് രണ്ട് റകഅത്ത് നമസ്‌കരിക്കുകയും മക്കക്കാരോട് പൂര്‍ത്തിയാക്കി നമസ്‌കരിക്കുവാന്‍ കല്‍പിക്കുകയും ചെയ്തിരുന്നു. അതാണ് ഹദീഥില്‍ കാണുന്നത്:

''...മക്കക്കാരോട് പറഞ്ഞു: 'അല്ലെയോ മക്കാ നിവാസികളേ, നിങ്ങള്‍ പൂര്‍ത്തിയാക്കി നമസ്‌കരിക്കുക, ഞങ്ങള്‍ യാത്രക്കാരാണ്' (ബുഖാരി). അവശേഷിച്ച ദിവസവും നബിﷺ നോമ്പൊഴിവാക്കിയാണ് മക്കയില്‍ താമസിച്ചതെന്ന് ഇമാം ബുഖാരിയുടെ സ്വഹീഹില്‍ കാണാവുന്നതാണ്. ഉംറ ചെയ്യാന്‍ മക്കയിലെത്തിയാല്‍ യാത്ര അവസാനിക്കുന്നില്ല. അത്‌കൊണ്ട് തന്നെ നോമ്പനുഷ്ഠിക്കുകയും ചെയ്യേണ്ടതില്ല. ചിലയാളുകള്‍ യാത്രയില്‍ നോമ്പനുഷ്ഠിക്കുന്നത് കാണാം. അവരതിന് കാരണം പറയുന്നത് യാത്ര വളരെ പ്രയാസം കുറഞ്ഞതാണെന്നാണ്. എന്നിട്ട് വളരെയധികം ക്ഷീണിക്കുകയും പ്രയാസപ്പെടുകയും ചെയ്യും. നോമ്പ് തുറന്നതിന് ശേഷം ഉംറ ചെയ്താല്‍ മതിയോ, അതല്ല പെട്ടെന്ന് നോമ്പൊഴിവാക്കി ഉംറ ചെയ്യേണ്ടതുണ്ടോ എന്നെല്ലാം അവര്‍ ചോദിക്കാറുമുണ്ട്.

ഈ അവസ്ഥയില്‍ അങ്ങനെയുള്ളവരോട് നാം പറയട്ടെ; ഉംറ ചെയ്യാനായി ആദ്യം തന്നെ നോമ്പൊഴിവാക്കുക. എന്നാല്‍ ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും മക്കയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. ഉംറ ചെയ്യാന്‍ ഉദ്ദേശിച്ച് കൊണ്ട് മക്കയിലേക്ക് വരുന്നവര്‍ പെട്ടെന്ന് തന്നെ ആ കര്‍മം ചെയ്ത് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കാരണം നബിﷺ ഉംറ ചെയ്യാനായി മക്കയില്‍ പ്രവേശിച്ചാല്‍ പെട്ടെന്ന് ആ കര്‍മം പൂര്‍ത്തിയാക്കാനായി പള്ളിയിലേക്ക് ധൃതിപ്പെടാറുണ്ടായിരുന്നു. തന്റെ മൃഗത്തെ പോലും പള്ളിക്ക് സമീപമാണ് തളച്ചിടാറുള്ളത്. അത് കൊണ്ട് തന്നെ റമദാനില്‍ ഉംറ ഉദ്ദേശിച്ച് മക്കയില്‍ വരുന്നവര്‍ നോമ്പൊഴിവാക്കി ഉന്മേഷത്തോടെ പകലില്‍ തന്നെ ഉംറ പൂര്‍ത്തീകരിക്കലാണ് നോമ്പ് തുറന്ന് രാത്രിയില്‍ ഉംറ ചെയ്യുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്.

താഴെ കൊടുക്കും പ്രകാരം നബിﷺയില്‍ നിന്ന് സ്ഥിരപ്പെട്ട് വന്നിരിക്കുന്നു: ''മക്കാവിജയ വേളയിലെ യാത്രയില്‍ പ്രവാചകന്‍ﷺ നോമ്പുകാരനായിരുന്നു. അപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിനടുത്ത് വന്ന് പറയുകയുണ്ടായി: 'ഓ, പ്രവാചകരേ, ജനങ്ങള്‍ക്ക് നോമ്പ് കാരണത്താല്‍ വളരെയധികം പ്രയാസമുണ്ട്. അവര്‍ താങ്കള്‍ എന്താണ് ചെയ്യുന്നതെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ്.' ഇങ്ങനെ സംഭവിക്കുന്നത് അസ്വ്‌റിന് ശേഷമാണ്. അപ്പോള്‍ നബിﷺ വെള്ളം കൊണ്ടുവരാന്‍ പറയുകയും യാത്രക്കിടയില്‍ തന്റെ നോമ്പ് മുറിക്കുകയും ചെയ്തു. മാത്രമല്ല, പകലിന്റെ അവസാന ഭാഗത്താണ് നോമ്പൊഴിവാക്കിയത്'' (മുസ്‌ലിം).

ഇതെല്ലാം നബിﷺ ചെയ്തത് യാത്രയില്‍ നോമ്പൊഴിവാക്കാം എന്ന് ജനങ്ങളെ പഠിപ്പിക്കാനായിരുന്നു. വളരെ പ്രയാസപ്പെട്ട് യാത്രയില്‍ നോമ്പെടുക്കുകയെന്നത് പ്രവാചക സുന്നത്തിനെതിരാണെന്ന കാര്യത്തില്‍ സംശയമില്ല. 'യാത്രയില്‍ നോമ്പനുഷ്ഠിക്കുകയെന്നത് പുണ്യത്തില്‍ പെട്ടതല്ല' എന്ന പ്രവാചക വചനം അതാണ് പഠിപ്പിക്കുന്നത്.


14. മുലയൂട്ടുന്നവര്‍ക്ക് നോമ്പൊഴിവാക്കാമോ? അവര്‍ എപ്പോഴാണത് നോറ്റുവീട്ടേണ്ടത്? അവര്‍ അഗതികള്‍ക്ക് ഭക്ഷണം നല്‍കേണ്ടതുണ്ടോ?

ഉത്തരം: നോമ്പനുഷ്ഠിച്ചാല്‍ കുട്ടിക്ക് കൊടുക്കേണ്ട മുലപ്പാല്‍ കുറഞ്ഞ് പോകുമെന്നോ, മറ്റു വല്ല പ്രയാസവും കുട്ടിക്കുണ്ടാകുമോ എന്നോ ഭയപ്പെട്ടാല്‍ അവര്‍ക്ക് നോമ്പൊഴിവാക്കാം. പക്ഷേ, രോഗിയെ പോലെ പിന്നീട് നോറ്റു വീട്ടേണ്ടതുണ്ട്. അതിനെ സംബന്ധിച്ച് അല്ലാഹു പറയുന്നു:

''...ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല...'' (ക്വുര്‍ആന്‍ 2:185).

എപ്പോഴാണോ കാരണം നീങ്ങിപ്പോകുന്നത് ആ സമയം നോറ്റു വീട്ടാനാരംഭിക്കുകയും ചെയ്യണം. അന്തരീക്ഷം തണുക്കുകയും പകല്‍ സമയം കുറയുകയും ചെയ്യുന്ന ശൈത്യകാലത്തോ, അതല്ലെങ്കില്‍ അടുത്ത വര്‍ഷമോ നോറ്റു വീട്ടാവുന്നതാണ്. നീങ്ങിപ്പോവാത്ത കാരണങ്ങളോ, ശമനം പ്രതീക്ഷിക്കാത്ത രോഗമോ ഉള്ളവരാണ് ഓരോ ദിവസത്തിനും പകരമായി ഓരോ അഗതികള്‍ക്ക് ഭക്ഷണം നോമ്പിന് പകരമായി നല്‍കേണ്ടത്.


15. വിശപ്പും ദാഹവും കാരണത്താല്‍ നോമ്പുകാരന്‍ പകലില്‍ അധിക സമയവും വിശ്രമിക്കുകയാണെങ്കില്‍ അത് നോമ്പിന്റെ സ്വീകാര്യതയെ ബാധിക്കുമോ?

ഉത്തരം: നോമ്പിന്റെ സ്വീകാര്യതയെ അത് ബാധിക്കുകയില്ല. മറിച്ച് ക്ഷീണം കൂടുന്നതിനനുസരിച്ച് പ്രതിഫലം വര്‍ധിക്കുകയാണ് ചെയ്യുക. കാരണം ആഇശ(റ)യോട് നബിﷺ പറയുന്നത് കാണുക:

''നിങ്ങളുടെ പ്രതിഫലം നിങ്ങളുടെ ക്ഷീണത്തിനനുസരിച്ചാകുന്നു'' (ബുഖാരി). അല്ലാഹുവിനെ അനു സരിക്കാന്‍ ആരാണോ ക്ഷീണിതരാകുന്നത് ആ ക്ഷീണത്തിനനുസരിച്ച് പ്രതിഫലം കൂടുന്നതാണ്. നോമ്പുകാരന്‍ ക്ഷീണിക്കുമ്പോള്‍ വെള്ളം കൊണ്ട് ശരീരം തണുപ്പിക്കുകയും തണുപ്പുള്ള സ്ഥലത്ത് ഇരിക്കുകയും ചെയ്ത്‌കൊണ്ട് ക്ഷീണം ലഘൂകരിക്കാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല.


16. ഭക്ഷണം കഴിക്കുകയോ, വെള്ളം കുടിക്കുകയോ ചെയ്യാതെ നോമ്പ് മുറിച്ചുവെന്ന ദൃഢമായ ഉദ്ദേശമുണ്ടായാല്‍ നോമ്പ് മുറിയുമോ?

ഉത്തരം: തീര്‍ച്ചയായും നോമ്പ് എന്ന ആരാധന ഉദ്ദേശം, നോമ്പിനെ മുറിച്ചുകളയുന്ന കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്യുക എന്നിവ ഉള്‍കൊള്ളുന്നതാകുന്നു. നോമ്പിലൂടെ ഒരാള്‍ ഉദ്ദേശിക്കുന്നത് നോമ്പിനെ നിഷ്ഫലമാക്കിക്കളയുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടുനിന്ന് കൊണ്ട് അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുകയെന്നതാണ്. അത്‌കൊണ്ട് തന്നെ ഈ ഉദ്ദേശം ഒഴിവാക്കിയെന്ന് ദൃഢമായി കരുതിയാല്‍ തന്നെ നോമ്പ് നിഷ്ഫലമാകുന്നതാണ്. റമദാനിലാണ് ഇപ്രകാരം ചെയ്യുന്നതെങ്കില്‍ അവശേഷിക്കുന്ന സമയം അവന്‍ നോമ്പ് പിടിക്കേണ്ടതുണ്ട്. കാരണം ഇസ്‌ലാം അനുവദിക്കുന്ന കാരണത്താലല്ലാതെ നോമ്പ് ഒഴിവാക്കുകയാണെങ്കില്‍ അവശേഷിക്കുന്ന സമയം നോമ്പ് പിടിക്കുകയും അത് നോറ്റുവീട്ടുകയും ചെയ്യേണ്ടതുണ്ട്.

എന്നാല്‍ ദൃഢമായ തീരുമാനമെടുക്കാതെ, സംശയമാണുള്ളതെങ്കില്‍ ആ വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. ചില പണ്ഡിതന്‍മാര്‍ പറയുന്നത് അവന്റെ നോമ്പ് നിഷ്ഫലമാവും എന്നാണ്. കാരണം സംശയം ഖണ്ഡിതമായതിനെ നീക്കിക്കളയുന്നതാണ്.

ഒരു വിഭാഗം പണ്ഡിതന്‍മാര്‍ വ്യക്തമാക്കുന്നത് നോമ്പ് നിഷ്ഫലമാവുകയില്ല എന്നാണ്. കാരണം അടിസ്ഥാനപരമായി ഉദ്ദേശം അവശേഷിക്കുന്നു. ഖണ്ഡിതമായി ഉദ്ദേശിച്ചാലല്ലാതെ ആദ്യത്തെ ഉദ്ദേശം നീങ്ങിപ്പോവുകയില്ല. ഈ അഭിപ്രായമാണ് എന്റെയടുത്ത് പ്രബലയോഗ്യമായിട്ടുള്ളത്. അല്ലാഹുവിനാണ് കൂടുതല്‍ അറിയുക.


17. നോമ്പുകാരന്‍ മറന്നുകൊണ്ട് ഭക്ഷണം കഴിച്ചാല്‍ എന്താണ് വിധി? അത് കാണുന്നവന്‍ എന്താണ് ചെയ്യേണ്ടത്?

ഉത്തരം: ഒരാള്‍ മറന്നുകൊണ്ട് ഭക്ഷണം കഴിക്കുകയോ, വെള്ളം കുടിക്കുകയോ ചെയ്താല്‍ അവന്റെ നോമ്പ് ശരിയാവും. പക്ഷേ, എപ്പോഴാണോ ഓര്‍മ വരുന്നത് അപ്പോള്‍ അവസാനിപ്പിക്കേണ്ടതാണ്. തല്‍സമയം തന്നെ വായിലുള്ളത് ഒഴിവാക്കല്‍ നിര്‍ബന്ധവുമാണ്. നോമ്പ് ശരിയാവും എന്നതിനുള്ള തെളിവ് കാണുക:

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: ''ആരെങ്കിലും മറന്നുകൊണ്ട് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍ നോമ്പ് പൂര്‍ത്തിയാക്കട്ടെ. കാരണം അല്ലാഹുവാണ് അവനെ തീറ്റുകയും കുടിപ്പിക്കുകയും ചെയ്തത്'' (ബുഖാരി, മുസ്‌ലിം).

മറവി കാരണം ആരെങ്കിലും നിരോധിച്ച കാര്യം ചെയ്താല്‍ അതിന് ശിക്ഷയില്ല. അല്ലാഹു പറയുന്നു:

''...ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ...'' (ക്വുര്‍ആന്‍ 2:28).

എന്നാല്‍ നോമ്പുകാരന്‍ മറന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നത് കാണുകയാണെങ്കില്‍ അവനെ ഓര്‍മപ്പെടുത്തല്‍ നിര്‍ബന്ധമാകുന്നു. കാരണം അത് തിന്‍മ വിരോധിക്കലാകുന്നു.

നബിﷺ പറയുകയുണ്ടായി: ''നിങ്ങളില്‍ ആരെങ്കിലും ഒരാള്‍ തിന്‍ന്മ ചെയ്യുന്നത് കാണുകയാണെങ്കില്‍ അവന്റെ കൈകൊണ്ട് തടുക്കട്ടെ. അതിന് സാധ്യമല്ലെങ്കില്‍ അവന്റെ നാവ്‌കൊണ്ട് തടയട്ടെ. അതിനും സാധ്യമല്ലെങ്കില്‍ അവന്റെ ഹൃദയം കൊണ്ട് തടയട്ടെ'' (മുസ്‌ലിം).

നോമ്പുകാരനായിരിക്കെ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും വിരോധിച്ച കാര്യത്തില്‍ പെട്ടതാണ്. അത് തടയുക തന്നെ വേണം. എന്നാല്‍ മറവിയെന്ന കാരണം കൊണ്ട് വിട്ട്‌വീഴ്ച ചെയ്യുകയാണ് നോമ്പിന്റെ സ്വീകാര്യതയുടെ കാര്യത്തില്‍. എന്നാല്‍ അത് കണ്ട് കൊണ്ടിരിക്കുന്നവന് അത് തടയുന്ന കാര്യത്തില്‍ വിട്ട്‌വീഴ്ചയില്ല താനും.


18. നോമ്പുകാരന്‍ സുറുമയിടുന്നതിന്റെ വിധിയെന്താണ്?

ഉത്തരം: നോമ്പുകാരന് സുറുമയിടാവുന്നതാണ്, അതിന് പ്രശ്‌നമില്ല. അതുപോലെ കണ്ണുകളിലും ചെവിയിലും തുള്ളിമരുന്നും ഉപയോഗിക്കാവുന്നതാണ്. കാരണം അത് ഭക്ഷണപാനീയം കഴിക്കലല്ല. കണ്ണിലും മൂക്കിലും തുള്ളിമരുന്ന് ഉപയോഗിക്കുന്നതിന് ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുകയെന്ന് പറയില്ല. തന്നെ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നതാണ് വിലക്കിയിട്ടുള്ളത്. ഈ അഭിപ്രായമാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹ്)ക്ക് ഉള്ളത്. എന്നാല്‍ മൂക്കില്‍ മരുന്ന് ഉപയോഗിച്ച് മനഃപൂര്‍വം അത് വായില്‍ എത്തിയാല്‍ നോമ്പ് നിഷ്ഫലമാകുന്നതാണ്. ഒരു ഹദീഥ് കാണുക:

നബിﷺ പറയുകയുണ്ടായി: ''നീ നോമ്പുകാരനല്ലായെങ്കില്‍ മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുന്നത് അധികരിപ്പിക്കുക'' (അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ).


19. നോമ്പുകാരന്‍ പല്ല് തേക്കുന്നതിന്റെയും സുഗന്ധം ഉപയോഗിക്കുന്നതിന്റെയും വിധി എന്താണ്?

ഉത്തരം: നോമ്പ്കാരന്‍ പകലിന്റെ തുടക്കത്തിലോ, അവസാനത്തിലോ പല്ല് തേക്കുന്നത് പ്രവാചക ചര്യയില്‍ പെട്ടതാണ്. ഹദീഥ് കാണുക:

നബിﷺ പറയുകയുണ്ടായി: ''പല്ല് തേക്കല്‍ വായക്ക് ശുദ്ധിയുണ്ടാക്കുന്നതും രക്ഷിതാവിന് തൃപ്തിയുമുള്ള കാര്യമാണ്'' (ബുഖാരി).

നബിﷺ പറഞ്ഞു: ''എന്റെ സമുദായത്തിന് പ്രയാസമുണ്ടാകുമായിരുന്നില്ലെങ്കില്‍ ഓരോ നമസ്‌കാരത്തിന് മുമ്പും മിസ്‌വാക്ക് ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു''(ബുഖാരി, മുസ്‌ലിം).

അതുപോലെ നോമ്പുകാരന് പകലിന്റെ ആദ്യത്തിലോ, അവസാനത്തിലോ എപ്പോഴാണെങ്കിലും സുഗന്ധം ഉപയോഗിക്കാവുന്നതാണ്. അത് പുകരൂപത്തിലോ, ദ്രാവക രൂപത്തിലോ, മറ്റു വല്ല രൂപത്തിലോ ആണെങ്കിലും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ സുഗന്ധം കലര്‍ന്ന പുക മൂക്കിലൂടെ കടത്തിവിടരുത്. കാരണം സുഗന്ധം കലര്‍ന്ന പുക മൂക്കിലൂടെ പ്രവേശിച്ച് അത് വയറില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇത് കൊണ്ടാണ് നബിﷺ ലുഖൈത്വ്ബ്‌നു സ്വബ്‌റയോട് പറഞ്ഞത്: ''നീ നോമ്പുകാരനല്ലായെങ്കില്‍ മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുന്നത് അധികരിപ്പിക്കുക'' (അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ).


20. നോമ്പിനെ നിഷ്ഫലമാക്കിക്കളയുന്ന കാര്യങ്ങള്‍ ഏതെല്ലാം?

ഉത്തരം: താഴെ കൊടുക്കുന്ന കാര്യങ്ങള്‍ മുഖേന നോമ്പ് നിഷ്ഫലമാകും.

1. സംയോഗം ചെയ്യല്‍

2. ഭക്ഷണം കഴിക്കല്‍

3. പാനീയം കുടിക്കല്‍

4. വികാരത്തോടെ ശുക്ലം പുറത്ത് വരല്‍

5. ഭക്ഷണ പാനീയത്തിന് പകരമായുള്ളവ ഉപയോഗിക്കല്‍

6. മനഃപൂര്‍വം ഛര്‍ദിക്കല്‍

7. കൊമ്പ് (ചീത്ത രക്തം ഒഴിവാക്കുവാനുള്ള ഒരു ചികില്‍സ) വെക്കല്‍

8. ആര്‍ത്തവരക്തം, പ്രസവരക്തം എന്നിവ പുറത്ത് വരല്‍.

ഭക്ഷണ പാനീയം, സംയോഗം എന്നിവ നോമ്പുകാരന് നിഷിദ്ധമാണെന്നതിനുള്ള തെളിവ്. അല്ലാഹു പറയുന്നു: ''അതിനാല്‍ ഇനിമേല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുകയും (വൈവാഹിക ജീവിതത്തില്‍) അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചത് തേടുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണമായി അനുഷ്ഠിക്കുകയും ചെയ്യുക'(ക്വുര്‍ആന്‍ 2: 187).

വികാരത്തോടെ ശുക്ലം (മനിയ്യ്) പുറത്ത് വന്നാല്‍ നോമ്പ് അസാധുവാകുമെന്നതിന് തെളിവ്:

ക്വുദ്‌സിയായ ഹദീഥില്‍ ഇങ്ങനെ കാണാവുന്നതാണ്: ''അവന്റെ ഭക്ഷണവും പാനീയവും വികാരവും എനിക്ക് വേണ്ടി അവന്‍ ഉപേക്ഷിക്കുന്നു'' (ഇബ്‌നു മാജ).

ഒരു ഹദീഥ് കൂടി കാണുക: നബിﷺ പറയുകയുണ്ടായി: 'നിങ്ങള്‍ ഭാര്യമാരുമായി സംസര്‍ഗത്തില്‍ ഏര്‍പ്പെടുന്നത് ധര്‍മമാണ്.' അവര്‍ ചോദിക്കുകയുണ്ടായി: 'ഓ, അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങളില്‍ ഒരാള്‍ തന്റെ വികാരം ശമിപ്പിക്കുന്നതിലും പ്രതിഫലം ഉണ്ടോ?' അദ്ദേഹം പറഞ്ഞു: 'അത് നിഷിദ്ധമായ മാര്‍ഗത്തില്‍ ശമിപ്പിക്കുകയാണെങ്കില്‍ അതിന് കുറ്റമുണ്ടോ? നിങ്ങളുടെ അഭിപ്രായമെന്താണ്? അപ്രകാരം തന്നെ അതിനെ അനുവദനീയമായതില്‍ വെക്കുകയാണെങ്കില്‍ അതിന് പ്രതിഫലവുമുണ്ട്' (മുസ്‌ലിം).

ഇവിടെ അതിനെ വെക്കുകയെന്നത് കൊണ്ടുദ്ദേശിക്കുന്നത് മനിയ്യാണ്. പ്രബലമായ അഭിപ്രായ പ്രകാരം മദ്യ്യ് (വികാരമുണ്ടാകുന്ന സന്ദര്‍ഭത്തില്‍ ലിംഗത്തില്‍ നിന്നും പുറപ്പെടുന്ന ഒരുതരം ദ്രാവകം) വികാരത്തോടെയോ, ചുംബനം കൊണ്ടോ മറ്റോ സംയോഗം കൂടാതെ പുറപ്പെട്ടാല്‍ നോമ്പ് മുറിയില്ലായെന്ന് പറയുവാന്‍ കാരണം ഇതാണ്.

ഭക്ഷണ പാനീയത്തിന് പകരമായി ഉപയോഗിക്കുന്ന ഇഞ്ചക്ഷന്‍ പോലെയുള്ളത് ഉപയോഗിക്കുകയാണെങ്കില്‍ നോമ്പ് നിഷ്ഫലമാകുന്നതാണ്. അവ ഭക്ഷണ പാനീയമല്ലെങ്കിലും ആ ലക്ഷ്യത്തിന്‌വേണ്ടി ഉപയോഗിക്കുന്നതായത്‌കൊണ്ട് അവ ഉപയോഗിച്ചാല്‍ നോമ്പ് നിഷ്ഫലമാവും.

മനഃപൂര്‍വം ഛര്‍ദിക്കുന്നതിലൂടെ നോമ്പ് അസാധുവാകുമെന്നതിന് തെളിവ്:

അബൂഹുറയ്‌റ(റ)വില്‍ നിന്ന്: നബിﷺ പറയുകയുണ്ടായി: ''ആരെങ്കിലും ഛര്‍ദിക്കുകയാണെങ്കില്‍ അവന്‍ ആ നോമ്പ് നോറ്റുവീട്ടേണ്ടതില്ല. എന്നാല്‍ ആരെങ്കിലും മനഃപൂര്‍വം ഛര്‍ദിക്കുകയാണെങ്കില്‍ അവന്‍ അത് നോറ്റുവീട്ടട്ടെ. ആരെങ്കിലും മനഃപൂര്‍വമല്ലാതെ ഛര്‍ദിക്കുകയാണെങ്കില്‍ അവന് ക്വള്വാഅ് ഇല്ല'' (അബൂദാവൂദ്, തിര്‍മിദി).

കൊമ്പ് വെക്കുന്നതിലൂടെ നോമ്പ് മുറിയുമെന്നതിനുള്ള തെളിവ്:

നബിﷺ പറയുകയുണ്ടായി: ''കൊമ്പ് വെക്കുന്നവനും വെപ്പിക്കുന്നവനും നോമ്പ് തുറന്നിരിക്കുന്നു'' (ബുഖാരി തഅ്‌ലീക്വായി ഉദ്ധരിച്ചത്).

ആര്‍ത്തവരക്തമോ പ്രസവരക്തമോ പുറപ്പെടല്‍: ഒരു സ്ത്രീയോട് നബിﷺ പറയുകയുണ്ടായി:

''ആര്‍ത്തവമുണ്ടായാല്‍ അവള്‍ നോമ്പനുഷ്ഠിക്കുകയും നമസ്‌കരിക്കുകയും ചെയ്യേണ്ടതില്ല'' (ബുഖാ രി). ആര്‍ത്തവ, പ്രസവ രക്തമുള്ളവരുടെ നോമ്പ് ശരിയാവുകയില്ലായെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു.

മൂന്ന് ഉപാധികളോട് കൂടി മാത്രമെ മുകളില്‍ കൊടുത്ത ഏഴ് കാര്യങ്ങള്‍ കൊണ്ട് നോമ്പ് നിഷ്ഫലമാവുകയുള്ളൂ.

അവ താഴെ കൊടുക്കുന്നു:

1. ഇന്ന കാര്യം ചെയ്താല്‍ നോമ്പ് നിഷ്ഫലമായി പോകുമെന്നതിനെക്കുറിച്ച് അറിവുള്ളവനായിരിക്കണം.

2. സ്വബോധത്തോടെയാവണം.

3. ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയിട്ടാകരുത്. സ്വന്തം ഇഷ്ടപ്രകാരമാവണം. ഒരാള്‍ നിര്‍ബന്ധിപ്പിച്ച് മറ്റൊരാളെ വെള്ളം കുടിപ്പിച്ചാല്‍ നോമ്പ് മുറിയുകയില്ല.

അറിവില്ലാതെയോ ഉദ്ദേശ്യമില്ലാതേയോ മുമ്പു പ്രസ്താവിച്ച കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന് ചെയ്താല്‍ നോമ്പു മുറിയുകയില്ല. നോമ്പ് സാധുവായിത്തീരുന്നതാണ്. അല്ലാഹു പറയുന്നു:

''...ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റു പറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ...'' (ക്വുര്‍ആന്‍ 2:286).

''...അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തുപോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷേ, നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ് കൊണ്ടുചെയ്തത്' (കുറ്റകരമാകുന്നു)...'' (ക്വുര്‍ആന്‍ 33:5).

പ്രവാചക ചര്യയില്‍ നിന്ന് ഇതിന് തെളിവായി നമുക്ക് കാണാം:

അദിയ്യുബ്‌നുഹാത്വിം(റ)വില്‍ നിന്ന്: ''അദ്ദേഹം നോമ്പനുഷ്ഠിക്കുകയും തലയിണക്കടിയില്‍ രണ്ട് കയര്‍ വെക്കുകയും ചെയ്തു. (ആ രണ്ട് കയറുകള്‍ ഒട്ടകത്തെ കെട്ടിയിടാന്‍ ഉപയോഗിക്കുന്നതായിരുന്നു). അതില്‍ ഒന്ന് കറുപ്പും മറ്റൊന്ന് വെളുപ്പുമായിരുന്നു. അങ്ങനെ കറുപ്പില്‍നിന്ന് വെളുപ്പ് കൃത്യമായി കാണുന്നത് വരെ ഭക്ഷണം കഴിക്കുകയും വെള്ളംകുടിക്കുകയും ചെയ്തു. എന്നിട്ടാണ് നോമ്പെടുത്തത്. നേരം പുലര്‍ന്നപ്പോള്‍ നബിﷺയുടെ അടുത്ത് ചെന്ന് കാര്യം പറയുകയും ചെയ്തു. അപ്പോള്‍ നബിﷺ അദ്ദേഹത്തിന് വിശദീകരിച്ച് കൊടുക്കുകയുണ്ടായി: 'ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട കറുത്ത നൂലും വെളുത്ത നൂലും കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെയടുത്ത കറുപ്പും വെളുപ്പും നൂലല്ല. മറിച്ച് വെളുത്ത നൂല്‍കൊണ്ട് ഉദ്ദേശിക്കുന്നത് പകലിന്റെ വെളുപ്പും കറുപ്പ് നൂല് കൊണ്ട് ഉദ്ദേശിക്കുന്നത് രാത്രിയുടെ കറുപ്പുമാണ്.' എന്നാല്‍ അദ്ദേഹത്തോട് നബിﷺ നോമ്പ് കള്വാഅ് വീട്ടാന്‍ കല്‍പിച്ചില്ല'' (ബുഖാരി, മുസ്‌ലിം). അദ്ദേഹം വിധിയെ സംബന്ധിച്ച് അജ്ഞനായതിനാല്‍ നോമ്പ് നിഷ്ഫലമായില്ല.

സമയത്തെ സംബന്ധിച്ച് അജ്ഞതയാണെങ്കിലും നോമ്പ് നിഷ്ഫലമാവില്ല. അതിന് തെളിവായി നമുക്ക് കാണാം: അസ്മാഅ് ബിന്‍ത് അബൂബക്കര്‍(റ)വില്‍ നിന്ന്: അവര്‍ പറയുകയുണ്ടായി: ''നബിﷺയുടെ കാലത്ത് മേഘാവൃതമായ സമയത്ത് ഞങ്ങള്‍ നോമ്പ് തുറന്നു. അതിന് ശേഷമാണ് സൂര്യനസ്തമിച്ചത്'' (ബുഖാരി). അവരോട് നബിﷺ ആ നോമ്പ് നോറ്റുവീട്ടാന്‍ പറഞ്ഞില്ല. ഇങ്ങനെയുള്ള അവസരത്തില്‍ നോറ്റുവീട്ടല്‍ നിര്‍ബന്ധമായിരുന്നെങ്കില്‍ അവരോട് കല്‍പിക്കുമായിരുന്നു. അവരോട് കല്‍പിച്ചിരുന്നെങ്കില്‍ സമുദായത്തിനായി അവരത് ഉദ്ധരിക്കുകയും ചെയ്യുമായിരുന്നു. കാരണം അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നാമാണ് ഈ ഉല്‍ബോധനത്തെ അവതരിപ്പിച്ചത്. നാം തന്നെ അതിനെ സംരക്ഷിക്കുന്നതാണ്'' (ക്വുര്‍ആന്‍ 15:9).

ആവശ്യമുള്ള സാഹചര്യമുണ്ടായിട്ടും അങ്ങനെ ഉദ്ധരിക്കപ്പെടാത്തതിനാല്‍ നബിﷺ അവരോട് അങ്ങനെ കല്‍പിച്ചില്ലായെന്നാണ് മനസ്സിലാക്കേണ്ടത്. നോറ്റുവീട്ടാന്‍ കല്‍പിക്കാത്തത്‌കൊണ്ട് തന്നെ അത് നിര്‍ബന്ധമല്ലായെന്നും മനസ്സിലാക്കാവുന്നതാണ്. അതുപോലെ തന്നെ ഒരാള്‍ ഉറക്കില്‍ നിന്ന് എഴുന്നേല്‍ക്കുകയും ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയും ചെയ്തു. അതിന് ശേഷമാണ് താന്‍ ഭക്ഷണപാനീയം കഴിച്ചത് പ്രഭാതോദയത്തിന് ശേഷമാണെന്ന് മനസ്സിലായത്. എങ്കില്‍ അവന് ആ നോമ്പ് ക്വള്വാഅ് വീട്ടേണ്ടതില്ല. കാരണം അവന്‍ അറിയാതെ ചെയ്തതാണ്.

രണ്ടാമത്തെ നിബന്ധന: സ്വബോധത്തോടെയായിരിക്കണം. മറന്നുകൊണ്ട് ഭക്ഷണം കഴിക്കുകയോ, പാനീയം കുടിക്കുകയോ ചെയ്താല്‍ നോമ്പ് ശരിയാകും. അത് നോറ്റ് വീട്ടേണ്ടതില്ല. അല്ലാഹു പറയുന്നു:

''...ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ...''(ക്വുര്‍ആന്‍ 2:286).

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: ''ആരെങ്കിലും മറന്നുകൊണ്ട് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍ നോമ്പ് പൂര്‍ത്തിയാക്കട്ടെ. കാരണം അല്ലാഹുവാണ് അവനെ തീറ്റുകയും കുടിപ്പിക്കുകയും ചെയ്തത്'' (ബുഖാരി, മുസ്‌ലിം).

മൂന്നാമത്തെ നിബന്ധന: സ്വമേധയാ ചെയ്യുന്നതായിരിക്കണം. ആരെങ്കിലും നിര്‍ബന്ധിപ്പിക്കുകയോ മറ്റോ ചെയ്തിട്ടാവരുത്. സ്വമേധയാ അല്ലാതെയാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ നോമ്പ് നിഷ്ഫലമാവില്ല. അല്ലാഹു പറയുന്നു:

''വിശ്വസിച്ചതിന് ശേഷം അല്ലാഹുവില്‍ അവിശ്വസിച്ചവരാരോ അവരുടെ -തങ്ങളുടെ ഹൃദയം വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും'' (ക്വുര്‍ആന്‍ 16:106).

നിര്‍ബന്ധിപ്പിച്ച് കൊണ്ട് കുഫ്‌റിന്റെ കാര്യം ചെയ്യുന്നതിനെ സംബന്ധിച്ചുള്ള വിധി ഇതാണെങ്കില്‍ അതിനേക്കാള്‍ ഗൗരവം കുറഞ്ഞ കാര്യത്തില്‍ നാം സംശയിക്കേണ്ടതില്ലല്ലോ. ഒരു ഹദീഥ് കാണുക:

നബിﷺപറയുന്നു: ''അബദ്ധവും മറവിയും നിര്‍ബന്ധിപ്പിക്കപ്പെട്ടതും എന്റെ സമുദായത്തിന് മാപ്പു നല്‍കപ്പെട്ടിരിക്കുന്നു'' (ഇബ്‌നുമാജ, ത്വബ്‌റാനി).

ഇതുപോലെ തന്നെ നോമ്പുകാരന്റെ മൂക്കിലൂടെ പൊടിപടലമോ മറ്റോ പ്രവേശിക്കുകയും അതിന് രുചിയുണ്ടാവുകയും അത് വയറില്‍ പ്രവേശിക്കുകയും ചെയ്താല്‍ അത് കാരണത്താല്‍ അവന്റെ നോമ്പ് നിഷ്ഫലമാവില്ല, കാരണം അവന്റെ ഉദ്ദേശത്തോടെയല്ലല്ലോ അങ്ങനെ സംഭവിക്കുന്നത്. അതുപോലെ തന്നെ ഒരാളെ നിര്‍ബന്ധിപ്പിച്ച് വെള്ളം കുടിപ്പിക്കുകയാണെങ്കില്‍ അത് കൊണ്ടും നോമ്പ് മുറിയുകയില്ല. ഉറക്കത്തില്‍ സ്വപ്‌നസ്ഖലനമുണ്ടായാലും നോമ്പ് നിഷ്ഫലമാവില്ല, കാരണം അവന്റെ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലല്ലല്ലോ അങ്ങനെ സംഭവിക്കുന്നത്. അതുപോലെ ഭര്‍ത്താവ് ഭാര്യയെ നോമ്പ് അസാധുവാകുന്ന കാര്യങ്ങള്‍ക്ക് നിര്‍ബന്ധിപ്പിച്ചാല്‍ ഭാര്യയുടെ നോമ്പിന് ഭംഗം വരുകയില്ല. കാരണം അവള്‍ സ്വമേധയാ ചെയ്തതല്ല, മറിച്ച് ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന്റെ മുമ്പില്‍ വിധേയമായതാണ്.

ഒരു പ്രത്യേകം ഇവിടെ ഉണര്‍ത്തുന്നു; റമദാനില്‍ നോമ്പ് നിര്‍ബന്ധമുള്ള ഒരു പുരുഷന്‍ (ഇളവില്ലാത്തവന്‍) പകലില്‍ സംയോഗം ചെയ്താല്‍ അഞ്ച് കാര്യങ്ങള്‍ അതിലൂടെ അവന് വരുന്നതാണ്:

1. അവശേഷിക്കുന്ന സമയം അവന്‍ നോമ്പ് പിടിക്കണം. 2. അവന്റെ നോമ്പ് നിഷ്ഫലമാവും. 3. ക്വള്വാഅ് വീട്ടണം. 4. പ്രായച്ഛിത്തം ചെയ്യണം. 5. അവന്‍ തെറ്റു ചെയ്തു.

ഈ കാര്യത്തില്‍ അറിവുള്ളവന്‍, അറിവില്ലാത്തവന്‍ എന്ന വ്യത്യാസമില്ല. അതായത് നോമ്പ് നിര്‍ബന്ധമായ ഒരു പുരുഷന്‍ റമദാനിന്റെ പകലില്‍ സംയോഗം ചെയ്താല്‍ അവന് പ്രായച്ഛിത്തം നിര്‍ബന്ധമാണെന്ന് അറിയാതെയാണ് ചെയ്തതെങ്കിലും അവന്, മുകളില്‍ നാം വിശദമാക്കിയ വിധികള്‍ ബാധകമാണ്. കാരണം നോമ്പിനെ മുറിക്കുന്ന കാര്യം ബോധപൂര്‍വം ചെയ്തതാണ്. നോമ്പിനെ നിഷ്ഫലമാക്കിക്കളയുന്ന കാര്യം ബോധപൂര്‍വം ചെയ്താല്‍ അതിന്റെ വിധിയും അതിന് ബാധകമാണ്. ഹദീഥില്‍ നമുക്ക് കാണാം:

അബൂഹുറയ്‌റ(റ) നിവേദനം ചെയ്ത ഹദീഥില്‍ ഒരാള്‍ നബിﷺയുടെ അടുത്ത് വന്ന് പറയുന്നു: 'പ്രവാചകരേ, ഞാന്‍ നശിച്ചു.' നബിﷺചോദിച്ചു: 'എന്താണ് നിന്നെ നശിപ്പിച്ചത്?' അയാള്‍ പറഞ്ഞു: 'റമദാനിന്റെ പകലില്‍ നോമ്പുകാരനായി ഞാന്‍ ഭാര്യയുമായി ലൈംഗിക വേഴ്ചയിലേര്‍പെട്ടു പോയി' (ബുഖാരി).

അപ്പോള്‍ നബിﷺ അയാളോട് പ്രായച്ഛിത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു. അയാള്‍ക്കറിയില്ലായിരുന്നു ഇങ്ങനെ ചെയ്താല്‍ പ്രായച്ഛിത്തം ചെയ്യണമെന്നത്. ഇവിടെ നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമുള്ളവന്‍ എന്ന് പ്രത്യേകം പറയാന്‍ കാരണമുണ്ട്. ഭാര്യയും ഭര്‍ത്താവും യാത്ര ചെയ്ത് തിരിച്ചെത്തിയ ശേഷം അവര്‍ സംസര്‍ഗത്തിലേര്‍പെട്ടാല്‍ അവര്‍ക്ക് പ്രായച്ഛിത്തം നിര്‍ബന്ധമില്ല. കാരണം യാത്രക്കാരായതിനാല്‍ അവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ലല്ലോ. അതുപോലെ യാത്രക്കാരന്‍ നോമ്പനുഷ്ഠിച്ചാല്‍ അത് പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമില്ല. അവന്‍ ഉദ്ദേശിച്ചാല്‍ പൂര്‍ത്തിയാക്കാം, ഉദ്ദേശിച്ചില്ലെങ്കില്‍ പൂര്‍ത്തീകരിക്കേണ്ടതുമില്ല. പൂര്‍ത്തീകരിച്ചില്ലെങ്കില്‍ (യാത്രക്കാരന് നോമ്പ് നിര്‍ബന്ധമില്ലാത്തത് കൊണ്ട്) അവന്‍ ക്വള്വാഅ് വീട്ടിയാല്‍ മതി.


21. ശ്വാസോഛ്വാസം എളുപ്പമാവാന്‍ വേണ്ടി ആസ്ത്മ രോഗികള്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് മുഖേന നോമ്പ് മുറിയുമോ?

ഉത്തരം: ഇന്‍േഹലര്‍ ഉപയോഗിക്കുന്നത് കൊണ്ട് വയറിലേക്ക് ഒന്നും എത്തുന്നില്ലല്ലോ, അത് തടിയില്ലാത്ത ഒരു വസ്തുവായതിനാല്‍ അതുമുഖേന നോമ്പ് നിഷ്ഫലമാവുകയുമില്ല.


22. ഛര്‍ദി കാരണത്താല്‍ നോമ്പ് നിഷ്ഫലമാവുമോ?

ഉത്തരം: മനഃപൂര്‍വം ഛര്‍ദിക്കുകയാണെങ്കില്‍ നോമ്പ് നിഷ്ഫലമാവുന്നതാണ്. എന്നാല്‍ സ്വാഭാവികമായ ഛര്‍ദിമൂലം നോമ്പ് നിഷ്ഫലമാവില്ല. ഹദീഥ് കാണുക:

അബൂഹുറയ്‌റ(റ)വില്‍ നിന്ന്: നബിﷺ പറയുകയുണ്ടായി: ''ആരെങ്കിലും ഛര്‍ദിക്കുകയാണെങ്കില്‍ അവന്‍ ആ നോമ്പ് നോറ്റുവീട്ടേണ്ടതില്ല. എന്നാല്‍ ആരെങ്കിലും മനഃപൂര്‍വം ഛര്‍ദിക്കുകയാണെങ്കില്‍ അവന്‍ അത് നോറ്റുവീട്ടട്ടെ, ആരെങ്കിലും മനഃപൂര്‍വമല്ലാതെ ഛര്‍ദിക്കുകയാണെങ്കില്‍ അവന് ക്വള്വാഅ് ഇല്ല'' (അബൂദാവൂദ്, തിര്‍മിദി).


23. നോമ്പുകാരന്റെ മോണയില്‍ നിന്നോ മറ്റോ അല്‍പം രക്തം വന്നാല്‍ നോമ്പ് നിഷ്ഫലമാവുമോ?

ഉത്തരം: പല്ലിന്റെ ഭാഗങ്ങളില്‍ നിന്ന് വരുന്ന രക്തം കാരണത്താല്‍ നോമ്പിന് ഒന്നും സംഭവിക്കുകയില്ല. പക്ഷേ, അത് വയറിലേക്ക് ഇറക്കാന്‍ പാടില്ല. അതുപോലെ ജലദോഷമോ മറ്റോ ഉണ്ടായാലും നോമ്പ് അസാധുവാകില്ല, അവന് ഖള്വാഉം ഇല്ല.


24. ഋതുമതി സ്വുബ്ഹിക്ക് മുമ്പ് ശുദ്ധിയാവുകയും പ്രഭാതോദയത്തിന് ശേഷം കുളിക്കുകയും ചെയ്താല്‍ അവളുടെ നോമ്പ് സാധുവാകുമോ?

ഉത്തരം: ഫജ്‌റിന് മുമ്പ് (സുബ്ഹിന് മുമ്പ്) ശുദ്ധിയായിട്ടുണ്ടെങ്കില്‍ (രക്തം നിന്നാല്‍) അവളുടെ നോമ്പ് സാധുവാകും. ഫജ്‌റിന് മുമ്പേ ശുദ്ധിയായിട്ടുണ്ടെന്ന് കൃത്യമായി ഉറപ്പ് വരുത്തേണ്ടതുണ്ട്. ചില സ്ത്രീകള്‍ വിചാരിക്കും ശുദ്ധിയായിട്ടുണ്ടെന്ന്, എന്നാല്‍ യഥാര്‍ഥത്തില്‍ അവര്‍ ശുദ്ധിയായിട്ടുണ്ടാവില്ല. അത്‌കൊണ്ട് തന്നെ ചില സ്ത്രീകള്‍ ആഇശ(റ)യുടെ അടുത്ത് വന്ന് ശുദ്ധിയുടെ അടയാളമായി പഞ്ഞിയുമായി വരാറുണ്ടായിരുന്നു. അപ്പോള്‍ ആഇശ(റ) അവരോട് പറയുമായിരുന്നു: 'നിങ്ങള്‍ ധൃതിപ്പെടാതിരിക്കൂ, വെളുത്ത നിറം കാണുന്നത് വരെ നിങ്ങള്‍ ശുദ്ധിയാവില്ല.' (മാസമുറ സമയത്ത് ഉപയോഗിക്കുന്ന പാഡില്‍ വെളുത്ത നിറം ദര്‍ശിക്കുക എന്ന് വിവക്ഷ). കൃത്യമായി ശരിക്കും ശുദ്ധിയാകുന്നത് വരെ സ്ത്രീകള്‍ സാവകാശം കാണിക്കേണ്ടതുണ്ട്. അങ്ങിനെ ശുദ്ധിയായാല്‍ നോമ്പിന്റെ നിയ്യത്ത് വെക്കുക. പ്രഭാതോദയത്തിന് ശേഷം കുളിച്ചാലും മതിയാവുന്നതാണ്. അതുപോലെ നമസ്‌കാരത്തിന്റെ കാര്യവും ഗൗരവത്തിലെടുക്കേണ്ടതുണ്ട്. എത്രയും പെട്ടെന്ന് തന്നെ കുളിച്ച് സമയത്ത് നമസ്‌കരിക്കേണ്ടതുണ്ട്.

ചില സ്ത്രീകള്‍ പ്രഭാതോദയത്തിന് മുമ്പോ ശേഷമോ ശുദ്ധിയാവും. പക്ഷേ, സൂര്യനുദിച്ചതിന് ശേഷം വൈകിയാണ് കുളിക്കാറുള്ളത്. കൃത്യമായി വൃത്തിയാക്കാനും കുളിക്കാനും കൂടുതല്‍ വൃത്തിയുണ്ടാവാനുമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അവര്‍ ന്യായം പറയുകയും ചെയ്യും. ഇത് റമദാനിലാവട്ടെ, അല്ലാത്ത അവസരത്തിലാവട്ടെ തെറ്റാണ്. യഥാര്‍ഥത്തില്‍ പെട്ടെന്ന് കുളിച്ച് ശുദ്ധിയായി നമസ്‌കാരം അതിന്റെ സമയത്ത് തന്നെ നിര്‍വഹിക്കേണ്ടതുണ്ട്. അവള്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാനായുള്ള നിര്‍ബന്ധമായ കുളി കുളിച്ചാല്‍ മതിയാവുന്നതാണ്. കൂടുതല്‍ ശുദ്ധിയും വൃത്തിയുമെല്ലാം ഉദ്ദേശിക്കുന്നുവെങ്കില്‍ പിന്നീട് ഒരിക്കല്‍ കൂടി കുളിക്കുന്നതിനും കുഴപ്പമില്ല. അതുപോലെ വലിയ അശുദ്ധിയുള്ള സ്ത്രീ പ്രഭാതോദയത്തിന് ശേഷം കുളിച്ചാലും മതിയാവും. അവരുടെ നോമ്പും ശരിയാവുന്നതാണ്. വലിയഅശുദ്ധിയുള്ള, നോമ്പനുഷ്ഠിച്ച പുരുഷന്‍ പ്രഭാതോദയത്തിന്‌ശേഷം കുളിക്കുന്നത് പോലെ. അവന്റെ നോമ്പിനും പ്രശ്‌നമില്ല, അത് ശരിയാവുന്നതാണ്. ഒരു ഹദീഥ് കാണുക:

''നബിﷺ ഭാര്യമാരില്‍ നിന്ന് വലിയ അശുദ്ധിയുള്ളവരായി നോമ്പനുഷ്ഠിക്കുകയും പ്രഭാതോദയത്തിന് ശേഷം കുളിക്കുകയും ചെയ്തിരുന്നു'' (ബുഖാരി, മുസ്‌ലിം)


25. നോമ്പുകാരന്‍ പല്ല് പറിച്ചാല്‍ നോമ്പ് നിഷ്ഫലമാവുമോ?

ഉത്തരം: പല്ല് പറിക്കുകയോ, അതുപോലെയുള്ളത് ചെയ്യുന്നതിലൂടെയോ വരുന്ന രക്തം (കുറച്ച് രക്തം) കാരണത്താല്‍ നോമ്പ് നിഷ്ഫലമാവില്ല, കൊമ്പ് വെക്കുന്നതിലുള്ള വിധി അതിന് ബാധകമല്ല.


26. പരിശോധിക്കാനായി അല്‍പം രക്തം എടുത്താല്‍ നോമ്പ് നിഷ്ഫലമാവുമോ?

ഉത്തരം: പരിശോധനക്കായി അല്‍പം രക്തം എടുക്കുന്നത് കൊണ്ട് നോമ്പ് നിഷ്ഫലമാവില്ല. രോഗിയെ പരിശോധിക്കാനായി ഡോക്ടര്‍മാര്‍ക്ക് രക്തം എടുക്കേണ്ടി വരും. അത്‌കൊണ്ട് അവന്റെ നോമ്പ് നിഷ്ഫലമാവില്ല. അത് കൊമ്പ് വെച്ച് രക്തം എടുക്കുന്ന പോലെയല്ല. (കൊമ്പ് വെച്ചാല്‍ നോമ്പ് മുറിയുമെന്ന അഭിപ്രായമാകുന്നു ശരിയായത്. ശൈഖ് തെരഞ്ഞെടുത്തതും അതാകുന്നു. ഈ ഹദീഥിനെ അവലംബിച്ചാകുന്നു രക്തം കൊടുത്താല്‍ നോമ്പ് മുറിയുമെന്ന് പണ്ഡിതന്‍മാര്‍ പറയുന്നത്. കൊമ്പ് വെച്ചാല്‍ മുറിയില്ല എന്ന അഭിപ്രായവുമുണ്ട.് ഫത്ഹുല്‍ബാരി നോക്കുക. വിവ:) അത് കൊണ്ട് തന്നെ നോമ്പ് നിഷ്ഫലമാവും എന്നതിന് മതപരമായി തെളിവ് വേണം. എന്നാല്‍ പരിശോധനക്കായി അല്‍പം രക്തം എടുത്താല്‍ നോമ്പ് നിഷ്ഫലമാവും എന്നതിന് തെളിവില്ല. മറ്റൊരാള്‍ക്ക് രക്തം നല്‍കാനായി ധാരാളം രക്തം എടുക്കുകയാണെങ്കില്‍ അവന്റെ നോമ്പ് നിഷ്ഫലമാവുന്നതാണ്. അത് കൊണ്ട് തന്നെ അനിവാര്യ ഘട്ടങ്ങളിലല്ലാതെ നിര്‍ബന്ധ നോമ്പനുഷ്ഠിച്ചവന്‍ മറ്റൊരാള്‍ക്ക് രക്തം കൊടുക്കാന്‍ പാടില്ല. സൂര്യാസ്തമയം വരെ കാത്ത് നില്‍ക്കാന്‍ സാധ്യമല്ലാത്ത അടിയന്തിര സാഹചര്യത്തില്‍ നോമ്പനുഷ്ഠിച്ച വ്യക്തിക്ക് രക്തം നല്‍കാവുന്നതാണ്, അതിലൂടെ അവന്റെ നോമ്പ് മുറിയുകയും ചെയ്യും. അവശേഷിക്കുന്ന സമയം അവന് ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാം. അപ്രകാരം ചെയ്തവന്‍ ക്വള്വാഅ് വീട്ടുകയും ചെയ്യണം.


27. നോമ്പുകാരന്‍ സുഗന്ധം വാസനിക്കാന്‍ പാടുണ്ടോ?

ഉത്തരം: വ്രതമനുഷ്ഠിച്ചവന് സുഗന്ധം വാസനിക്കാവുന്നതാണ്. സുഗന്ധം പുകക്കുന്നതിനും പ്രശ്‌നമില്ല. എന്നാല്‍ സുഗന്ധത്തിന്റെ പുക മൂക്കിലൂടെ അകത്തേക്ക് പ്രവേശിപ്പിക്കുവാന്‍ പാടുള്ളതല്ല. കാരണം പുകക്ക് വെള്ളത്തെപ്പോലെ വയറിലേക്ക് എത്തുവാനുള്ള സാഹചര്യമുണ്ട്. വാസനിക്കല്‍ മാത്രമാണെങ്കില്‍ യാതൊരു കുഴപ്പവുമില്ല.


28. പുക ശ്വസിക്കുന്നതും തുള്ളിമരുന്ന് ഉപയോഗിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്? പുക ശ്വസിച്ചാല്‍ നോമ്പ് നിഷ്ഫലമാവുകയും തുള്ളിമരുന്ന് ഉപയോഗിച്ചാല്‍ നിഷ്ഫലമാവാതിരിക്കുകയും ചെയ്യുന്നത് എന്ത് കൊണ്ടാണ്?

ഉത്തരം: പുക ശ്വസിക്കുന്നവന്‍ മനഃപൂര്‍വം അവന്റെ വയറിലേക്ക് പ്രവേശിക്കാന്‍ ഉദ്ദേശിച്ച് കൊണ്ട് ചെയ്യുന്നതാണ്. എന്നാല്‍ കണ്ണിലോ, മൂക്കിലോ മറ്റോ ഉപയോഗിക്കുന്ന തുള്ളിമരുന്ന് വയറിലേക്ക് പ്രവേശിക്കാന്‍ ഉദ്ദേശിച്ച് കൊണ്ടല്ല ഉപയോഗിക്കുന്നത്. മറിച്ച് അത് തരിമൂക്കില്‍ എത്താന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നത്. അതാണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം.


29. മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുമ്പോഴും വായില്‍ വെള്ളം കൊപ്ലിക്കുമ്പോഴും അറിയാതെ അല്‍പം വെള്ളം വായയിലൂടെ ഇറങ്ങിപ്പോയാല്‍ അവന്റെ നോമ്പിന് ഭംഗം വരുമോ?

ഉത്തരം: നോമ്പുകാരന്‍ മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുമ്പോഴും, വായില്‍ വെള്ളം കൊപ്ലിക്കുമ്പോഴും അറിയാതെ അല്‍പം വെള്ളം വായിലൂടെ ഇറങ്ങിപ്പോയാല്‍ അതില്‍ പ്രശ്‌നമില്ല. അവന്റെ നോമ്പ് ശരിയാവും. കാരണം അവന്‍ ചെയ്യുന്നത് മനഃപൂര്‍വമല്ലല്ലോ. അല്ലാഹു പറയുന്നു:

''...അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷേ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്‌കൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു)...''(ക്വുര്‍ആന്‍ 33:5).


30. നോമ്പുകാരന്‍ സുഗന്ധദ്രവ്യം ഉപയോഗിക്കുന്നതിന്റെ വിധിയെന്താണ്

ഉത്തരം: സുഗന്ധദ്രവ്യം റമദാനിന്റെ പകലില്‍ ഉപയോഗിക്കുന്നതിന് കുഴപ്പമില്ല, അത് ശ്വസിക്കുന്നതിനും വിരോധമില്ല, എന്നാല്‍ പുകക്കുന്നത് ശ്വസിക്കാന്‍ പാടില്ല, അത് വയറിലേക്ക് എത്തുന്നതാണ്.


31. ജലദോഷമോ മറ്റോ കാരണത്താല്‍ മൂക്കില്‍ നിന്ന് വല്ലതും വന്നാല്‍ നോമ്പ് അസാധുവാകുമോ?

ഉത്തരം: മൂക്കില്‍ നിന്ന് ചലം വന്നാല്‍ നോമ്പ് നിഷ്ഫലമാവില്ല, അത് അധികം വന്നാലും ശരി. കാരണം മനഃപൂര്‍വമല്ലല്ലോ വരുന്നത്.


32. ചില കലണ്ടറുകളില്‍ റമദാന്‍ മാസത്തിന്റെ നമസ്‌കാര സമയ വിവരപട്ടികയില്‍ ഫജ്‌റ് ബാങ്കിന് പത്തോ പതിനഞ്ചോ മിനിട്ട് മുമ്പ് (നോമ്പ് പിടിക്കല്‍) എന്ന് പേരില്‍ സമയം എഴുതിയതായി കാണാം. ഇതിന് പ്രവാചക ചര്യയില്‍ വല്ല രേഖയും ഉണ്ടോ?

ഉത്തരം: ഇത് ബിദ്അത്തില്‍ (നൂതനാചാരം) പെട്ടതാണ്. പ്രവാചക സുന്നത്തില്‍ ഇതിന് യാതൊരു അടിസ്ഥാനവുമില്ല. സുന്നത്തിനെതിരാണത്. കാരണം അല്ലാഹു ക്വുര്‍ആനില്‍ പറയുന്നു:

''...നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ'' (ക്വുര്‍ആന്‍ 2:187).

ഹദീഥ് കാണുക: നബിﷺ പറയുകയുണ്ടായി: ''തീര്‍ച്ചയായും ബിലാല്‍ രാത്രിയില്‍ ബാങ്ക് വിളിക്കും. എന്നാല്‍ ഇബ്‌നു ഉമ്മുമക്തൂം ബാങ്ക് കൊടുക്കുന്നത് വരെ നിങ്ങള്‍ ഭക്ഷണ പാനീയം കഴിച്ചോളൂ. കാരണം അദ്ദേഹം (ഇബ്‌നു ഉമ്മുമക്തൂം) പ്രഭാതം പ്രകടമാവുന്നത് വരെ ബാങ്ക് വിളിക്കുകയില്ല'' (ബുഖാരി, മുസ്‌ലിം).

'ഇംസാക്' എന്ന് പറഞ്ഞ് ഇങ്ങനെ പ്രത്യേകമായി ഒരു സമയം ജനങ്ങള്‍ ഉണ്ടാക്കുന്നത് അല്ലാഹു നിര്‍ബന്ധമാക്കിയതില്‍ വര്‍ധനവുണ്ടാക്കലാണ്. അത് അല്ലാഹുവിന്റെ മതത്തില്‍ അതിര് കവിയലാണ്. അവരെപ്പറ്റി നബിﷺ പറയുകയുണ്ടായി: ''അതിര് കവിയുന്നവര്‍ നശിച്ചിരിക്കുന്നു, അതിര് കവിയുന്നവര്‍ നശിച്ചിരിക്കുന്നു'' (മുസ്‌ലിം).


33. ഒരാള്‍ ഭൂമിയിലായിരിക്കെ സൂര്യനസ്തമിച്ച് ബാങ്ക് വിളിച്ചപ്പോള്‍ വിമാനത്താവളത്തില്‍ നിന്ന് നോമ്പു തുറന്നു, അതിന് ശേഷം വിമാനം പറന്നുയര്‍ന്നപ്പോള്‍ സൂര്യനെ കാണുകയാണെങ്കില്‍ അവശേഷിക്കുന്ന സമയം നോമ്പ് പിടിക്കേണ്ടതുണ്ടോ?

ഉത്തരം: ചോദ്യത്തില്‍ പറഞ്ഞ രൂപത്തിലാണെങ്കില്‍ അവശേഷിക്കുന്ന സമയം നോമ്പ് പിടിക്കേണ്ടതില്ല. അവന്‍ വിമാനത്താവളത്തിലായിരിക്കെ നോമ്പ് തുറയുടെ സമയമായിട്ടുണ്ട്. അവന്‍ ഏതൊരു സ്ഥലത്തായിരുന്നോ ആ സ്ഥലത്ത് സൂര്യനസ്തമിച്ചിരുന്നു. ഒരു ഹദീഥ് കാണുക:

റസൂലുല്ലാഹ്ﷺ പറയുകയുണ്ടായി: ''ഇവിടെ നിന്ന് രാത്രി പുറപ്പെടുകയും പകല്‍ പിന്‍വാങ്ങുകയും സൂര്യന്‍ അസ്തമിക്കുകയും ചെയ്താല്‍ നോമ്പുകാരന്‍ നോമ്പ് തുറക്കുകയായി'' (ബുഖാരി).

എയര്‍പോര്‍ട്ടിലായിരിക്കെ സൂര്യനസ്തമിച്ചപ്പോള്‍ നോമ്പുതുറന്നാല്‍ അവന്റെ ആ ദിവസം അവസാനിച്ചു. പിന്നീട്ട് അടുത്ത ദിവസമല്ലാതെ അവന് നോമ്പ് നിര്‍ബന്ധമില്ല.


34. കഫം, മൂക്കില്‍ നിന്നും വരുന്നവ തുടങ്ങിയവ വിഴുങ്ങിയാല്‍ നോമ്പ് മുറിയുമോ?

ഉത്തരം: കഫം, മൂക്കില്‍ നിന്നും വരുന്നവ എന്നിവ വായിലേക്കെത്തുന്നില്ലെങ്കില്‍ നോമ്പ് അസാധുവാകില്ല, അതില്‍ മദ്ഹബുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ അവ വായിലെത്തുകയും അത് വിഴുങ്ങുകയും ചെയ്യുന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ രണ്ട് അഭിപ്രായത്തിലാണ്: ഭക്ഷണ പാനീയത്തോട് ചേര്‍ത്തിക്കൊണ്ട് നോമ്പ് മുറിയും എന്ന് പറഞ്ഞവരാണ് ഒരു വിഭാഗം പണ്ഡിതന്‍മാര്‍. എന്നാല്‍ മറുവിഭാഗം പറയുന്നത് ഉമിനീരിനോട് സാദൃശ്യപ്പെടുത്തി നോമ്പ് അസാധുവാകില്ലായെന്നാണ്. ഉമിനീര് വിഴുങ്ങിയാല്‍ നോമ്പ് നിഷ്ഫലമാകാത്തത് പോലെ തന്നെ.

പണ്ഡിതന്‍മാര്‍ അഭിപ്രായ വ്യത്യാസത്തിലായാല്‍ അവലംബം ക്വുര്‍ആനും സുന്നത്തുമാണ്. ഈ കാര്യം കൊണ്ട് ആരാധന കുഴപ്പത്തിലാവുമോ, കുഴപ്പത്തിലാവുകയില്ലേ എന്ന കാര്യത്തില്‍ നാം സംശയത്തിലായാല്‍, അതിന്റെ അടിസ്ഥാനം കുഴപ്പത്തിലാവില്ലായെന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നോമ്പ് അസാധുവാകില്ല എന്നാണ് പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ കഫം, അതുപോലെ മൂക്കില്‍ നിന്ന് വരുന്നവ പോലെയുള്ളവ വായില്‍ വന്നാല്‍ തന്നെ നോമ്പുകാരനാണെങ്കിലും, അല്ലെങ്കിലും ശരി അത് പുറത്തേക്ക് തുപ്പിക്കളയുകയാണ് ഒരു മുസ്‌ലിം ചെയ്യേണ്ടത്. എന്നാല്‍ നോമ്പ് നിഷ്ഫലമാവും എന്ന് പറയാന്‍ അല്ലാഹുവിന്റെ മുമ്പില്‍ സ്ഥാപിക്കാന്‍ തെളിവ് ആവശ്യമാണ്.


35. ഭക്ഷണം രുചി നോക്കുന്നതിലൂടെ നോമ്പ് അസാധുവാകുമോ?

ഉത്തരം: ഭക്ഷണം രുചി നോക്കുന്നതിലൂടെ നോമ്പ് അസാധുവാകുകയില്ല. എന്നാല്‍ വല്ലതും വയറിലേക്ക് ഇറങ്ങിപ്പോകുന്നത് ശ്രദ്ധിക്കണം. അത്യാവശ്യത്തിന് മാത്രമെ അങ്ങനെ ചെയ്യാവൂ. ഭക്ഷണത്തിന് ഉപ്പുണ്ടോ, മുളകുണ്ടോ എന്ന് രുചി നോക്കുന്നതിനിടയില്‍ വല്ലതും അറിയാതെ (മനഃപൂര്‍വമല്ലാതെ) വയറിലേക്ക് ഇറങ്ങിപ്പോയാല്‍ അതിന് പ്രശ്‌നമില്ല, അവന്റെ നോമ്പ് ശരിയാവുന്നതാണ്.


36. നോമ്പുകാരനായിരിക്കെ കള്ളസാക്ഷ്യം പറയുന്നതിലൂടെ നോമ്പ് അസാധുവാകുമോ?

ഉത്തരം: കള്ളസാക്ഷ്യം പറയുന്നത് വന്‍പാപത്തില്‍ പെട്ടതാണ്. അതില്‍നിന്ന് ഒരു മുസ്‌ലിം വിട്ടുനില്‍ക്കല്‍ നിര്‍ബന്ധമാണ്. കള്ളസാക്ഷ്യം പറയുന്നതിലൂടെ നോമ്പ് അസാധുവാകില്ല. എന്നാല്‍ നോമ്പിന്റെ ചൈതന്യത്തിനും പ്രതിഫലത്തിനും കാര്യമായ ഭംഗമുണ്ടാകുന്നതാണ്.


37. റമദാനില്‍ രോഗി നോമ്പൊഴിവാക്കി. നാല് ദിവസത്തിന് ശേഷം അയാള്‍ മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തിന് പകരം നോമ്പെടുക്കേണ്ടതുണ്ടോ?

ഉത്തരം: പെട്ടെന്ന് വന്ന രോഗമാവുകയും മരണം വരെ ആ രോഗം തുടരുകയും ചെയ്താല്‍ അദ്ദേഹത്തിന് പകരമായി നോമ്പെടുക്കേണ്ടതില്ല. അല്ലാഹു പറയുന്നു:

''...ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്... (ക്വുര്‍ആന്‍ 2:185).

ഈ വ്യക്തി രോഗം സുഖപ്പെട്ടത്തിന് ശേഷം അത്രയും നോമ്പ് ക്വളാഅ് വീട്ടണം. എന്നാല്‍ അതിനുള്ള സാഹചര്യം ഉണ്ടാകുന്നതിന് മുമ്പ് മരണപ്പെടുകയാണെങ്കില്‍ അവനില്‍ നിന്ന് ആ ബാധ്യത ഒഴിവാകുന്നതാണ്. കാരണം അദ്ദേഹത്തിന് നോമ്പ് നിര്‍ബന്ധമാവുന്ന സമയം വന്നെത്തിയില്ല. അയാള്‍ ശഅ്ബാനില്‍ മരണപ്പെട്ട വ്യക്തിയെ പോലെയാണ്. എന്നാല്‍ ശമനം പ്രതീക്ഷിക്കാത്ത അസുഖമാണെങ്കില്‍ ഓരോ ദിവസത്തിനും പകരമായി ഒരു സാധുവിന് ഭക്ഷണം നല്‍കേണ്ടതുണ്ട്.


38. ഒരാള്‍ക്ക് റമദാനിലെ ഒരു നോമ്പ് ക്വളാഅ് വീട്ടാനുണ്ട്. എന്നാല്‍ അടുത്ത റമദാന്‍ വരുന്നതിന് മുമ്പ് അത് വീട്ടാന്‍ സാധിച്ചില്ല, എന്താണ് ചെയ്യേണ്ടത്?

ഉത്തരം: അല്ലാഹു വ്യക്തമായി പറയുന്നു: ''...അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്)...'' (ക്വുര്‍ആന്‍ 2:185).

മതപരമായ കാരണത്താല്‍ നോമ്പൊഴിവാക്കിയ വ്യക്തി ഉന്നതനും പ്രാതാപവാനുമായ അല്ലാഹുവിന്റെ കല്‍പന പ്രകാരം നോറ്റുവീട്ടേണ്ടതുണ്ട്. അതേവര്‍ഷം തന്നെ അത് നോറ്റുവീട്ടല്‍ നിര്‍ബന്ധവുമാണ്. അടുത്ത റമദാന്‍ കഴിയുന്നത് വരെ അത് നീട്ടിവെക്കാന്‍ പാടുള്ളതല്ല. അതാണ് ആഇശ(റ)യുടെ ഹദീഥ് നമ്മെ കൃത്യമായി പഠിപ്പിക്കുന്നത്:

ആഇശ(റ)യില്‍ നിന്ന്. അവര്‍ പറയുന്നു: ''എനിക്ക് റമദാനിലെ നോമ്പ് ക്വളാഅ് വീട്ടുവാനുണ്ടാകും. പ്രവാചകന്‍ﷺയുടെ സാന്നിധ്യം കാരണം എനിക്ക് ശഅ്ബാനിലല്ലാതെ അത് വീട്ടുവാന്‍ സാധിച്ചിരുന്നില്ല' (ബുഖാരി).

'എനിക്ക് ശഅ്ബാനിലല്ലാതെ വീട്ടാന്‍ സാധിച്ചിരുന്നില്ല' എന്ന ആഇശ(റ)യുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത് അടുത്ത റമദാന്‍ വരുന്നതിന് മുമ്പ് വീട്ടണം എന്നതാണ്. എന്നാല്‍ അടുത്ത റമദാനിന് ശേഷവും പിന്തിപ്പിക്കുകയാണെങ്കില്‍ അവന്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും പശ്ചാത്തപിക്കുകയും പിന്തിപ്പിച്ചതില്‍ ഖേദിക്കുകയും ക്വളാഅ് വീട്ടുകയും ചെയ്യേണ്ടതുണ്ട്. സമയം പിന്തിപ്പിച്ചതിനാല്‍ ക്വളാഅ് വീട്ടല്‍ ഒഴിവാകുകയില്ല. അടുത്ത റമദാനിന് ശേഷമാണെങ്കില്‍ അവനത് നോറ്റുവീട്ടേണ്ടതുണ്ട്. അല്ലാഹുവാണ് തൗഫീക്വ് നല്‍കുന്നവന്‍.

(തഅ്‌ലീക്: ഇമാം ബുഖാരിയുടെ നിബന്ധനകള്‍ക്ക് വിധേയമായി പരമ്പര ശരിയായി വരാത്ത ഹദീഥുകളാണ് തഅ്‌ലീക്വ്.)

0
0
0
s2sdefault