ക്വുര്‍ആനിന്റെ അനുയായികളോട്

മുഹമ്മദ് അര്‍റക്ബാന്‍

2018 ശവ്വാല്‍ 23 1439 ജൂലായ് 07

അന്ധകാരങ്ങളുടെ പടുകുഴിയില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാനായി അല്ലാഹു മുഹമ്മദ് ﷺ യെ നിയോഗിക്കുകയുണ്ടായി. ആ പ്രവാചകനെ വ്യക്തമായ ദൃഷ്ടാന്തങ്ങളും, മഹത്തായ മുഅ്ജിസത്തുകളും നല്‍കി സ്തുത്യര്‍ഹനായ അല്ലാഹു ആദരിക്കുകയുണ്ടായി.

അതില്‍ ഏറ്റവും അനുഗൃഹീതവും അമൂല്യമായ സ്ഥാനവും,        മഹത്തരവുമായത് വിശുദ്ധ ക്വുര്‍ആനാകുന്നു. നബി ﷺ പറയുന്നു:

നബി ﷺ പറഞ്ഞു: ''മനുഷ്യര്‍ പ്രവാചകന്മാരില്‍ വിശ്വസിക്കേണ്ടതിനായി വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെടാത്ത ഒരു പ്രവാചകനും ഉണ്ടായിട്ടില്ല. നിശ്ചയം എനിക്ക് നല്‍കപ്പെട്ടത് ദിവ്യസന്ദേശമാകുന്നു. അവസാന നാളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്‍പറ്റപ്പെട്ടവന്‍ ഞാനാകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'' (ബുഖാരി, മുസ്‌ലിം).

അത് അല്ലാഹുവിന്റെ വിശുദ്ധ ക്വുര്‍ആനാകുന്നു, അവന്റെ അനുഗൃഹീതമായ വഹ്‌യാ(ദിവ്യസന്ദേശം) കുന്നു.

''ഒരു പ്രമാണ ഗ്രന്ഥമത്രെ ഇത്. അതിലെ വചനങ്ങള്‍ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ളതത്രെ അത്'' (ഹൂദ്:1).

ക്വുര്‍ആന്‍…അല്ലാഹുവിന്റെ കലാമാകുന്നു, അത് സൃ ഷ്ടിയല്ല, അവനില്‍ നിന്നാണത് ആരംഭിച്ചത്, അവനിലേക്ക് തന്നെ അത് മടക്കപ്പെടുകയും ചെയ്യും.…

''തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്ഥാത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്ന; നിന്റെ ഹൃദയത്തില്‍. നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്)'' (ശുഅറാഅ്: 192-195).

അത് വ്യവസ്ഥിതിയില്‍ ഏറ്റവും ഭംഗിയുള്ളതും വിശദീകരണത്തില്‍ സമ്പൂര്‍ണവും വാക്കുകളില്‍ സ്ഫുടതയും ഹലാലിന്റെയും ഹറാമിന്റെയും കാര്യത്തില്‍ ഏറ്റവും വ്യക്തതയുമുള്ള ഗ്രന്ഥമാകുന്നു.

''അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല.യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നി ന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്'' (ഫുസ്സ്വിലത്ത്:42).

അതി(ക്വുര്‍ആനി)ലുള്ളത് അതീവ ഗൗരവതരമാണ്, തമാശയല്ല. അഹങ്കാരം മുഖേന അതിനെ ആരെങ്കിലും ഉപേക്ഷിച്ചാല്‍ അല്ലാഹു അവനോട് പകരം വീട്ടുന്നതാണ്. അതല്ലാത്ത മാര്‍ഗദര്‍ശനം ആരെങ്കിലും സ്വീകരിച്ചാല്‍ അല്ലാഹു അവനെ വഴികേടിലാക്കുന്നതാണ്. അത് അല്ലാഹുവിന്റെ ബലിഷ്ടമായ കയറും യുക്തിമത്തായ ദിക്‌റും ചൊവ്വായ മാര്‍ഗദര്‍ശനവുമാകുന്നു. അത് തന്നിഷ്ടത്തിലേക്ക് വഴിനടത്തുകയോ, നാവുകള്‍ക്ക് ആശയകുഴപ്പമുണ്ടാക്കുകയോ ചെയ്യില്ല. അതില്‍ നിന്ന് പണ്ഡിതന്മാര്‍ക്ക് വിശപ്പടങ്ങുകയോ, വിമര്‍ശനങ്ങളുടെ ആധിക്യം അതിനെ നശിപ്പിക്കുകയോ ചെയ്യില്ല. അതിലെ അത്ഭുതങ്ങള്‍ അവസാനിക്കുകയില്ല. അത്‌കൊണ്ട് ആരെങ്കിലും പറഞ്ഞാല്‍ അവന്‍ സത്യം പറഞ്ഞു. അത്‌കൊണ്ട് ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവന്‍ പ്രതിഫലാര്‍ഹനായിരിക്കും, അത്‌കൊണ്ട് ആരെങ്കിലും വിധിച്ചാല്‍ അവന്‍ നീതിചെയ്തു. ആരെങ്കിലും അതിലേക്ക് ക്ഷണിച്ചാല്‍ ചൊവ്വായ മാര്‍ഗത്തിലേക്കാണ് അവന്‍ മാര്‍ഗദര്‍ശനം നല്‍കിയിരിക്കുന്നത്.

''എന്നാല്‍ അല്ലാഹു നിനക്ക് അവതരിപ്പിച്ചുതന്നതിന്റെ കാര്യത്തില്‍ അവന്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. അവന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അവനത് അവതരിപ്പിച്ചിട്ടുള്ളത്. മലക്കുകളും (അതിന്) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു മതി'' (നിസാഅ്: 166).

ലോകര്‍ക്ക് അനുഗ്രഹമായിട്ടും പ്രവേശിക്കുന്നവര്‍ക്ക് വ്യക്തമായ വഴിയായിട്ടും മുഴുവന്‍ സൃഷ്ടികള്‍ക്കെതിരെയുള്ള തെളിവുമായിട്ടാണ് അല്ലാഹു അതി(ക്വുര്‍ആനി)നെ അവതരിപ്പിച്ചത്. മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും നേതാവിന്റെ അവശേഷിക്കുന്ന മുഅ്ജിസത്തുമാണത്.

അല്ലാഹു അതിന്റെ സ്ഥാനത്തെ പ്രതാപമാക്കുകയും അതിന്റെ അധികാരത്തെ ഉന്നതമാക്കുകയും ജനങ്ങള്‍ക്കിടയിലുള്ള അതിന്റെ സ്ഥാനത്തെ ഘനമുള്ളതാക്കുകയും ചെയ്തിരിക്കുന്നു.

ആരെങ്കിലും അതിനെ ഉയര്‍ത്തിയാല്‍ അല്ലാഹു അവനെയും ഉന്നതിയിലാക്കുന്നതാണ്. ആരെങ്കിലും അതിനെ അവഗണിച്ചാല്‍ അല്ലാഹു അവനെയും അവഗണിക്കുന്നതാണ്.

നബി ﷺ പറഞ്ഞു: ''ഈ ഗ്രന്ഥം മുഖേന അല്ലാഹു ചില സമുഹങ്ങളെ ഉയര്‍ത്തുകയും മറ്റുചിലരെ താഴ്ത്തുകയും ചെയ്യുന്നതാണ്'' (മുസ്‌ലിം).

അത് ആദരവാണ്,…എത്ര നല്ല ആദരവ്! നമ്മുടെ രക്ഷിതാവിന്റെ ഗ്രന്ഥം നമ്മുടെ കൈകളില്‍. നമ്മുടെ രക്ഷിതാവിന്റെ കലാം…എല്ലാത്തിനെയും ചൂഴ്ന്ന് നില്‍ക്കുന്ന വിജ്ഞാനം.…

സഹോദരങ്ങളേ, ചിന്തിക്കൂ; ക്വുര്‍ആനുമായി നമ്മുടെ ബന്ധം എന്താണ്?

പാരായണത്തിലും പഠനത്തിലും നാമതിനെ അവഗണിച്ചിരിക്കുന്നു. മനഃപാഠമാക്കുന്നതിലും ഓതുന്നതിലും നാം അലസതയിലാകുന്നു. അതിനെപ്പറ്റി ചിന്തിക്കുന്നതിലും പ്രവര്‍ത്തിക്കുന്നതിലും നാം അശ്രദ്ധയിലായിരിക്കുന്നു. അത്ഭുതകരം തന്നെ ഈ സമുദായത്തിന്റെ കാര്യം! മാഗസിനുകളും പത്രങ്ങളും വായിക്കുവാനും സീരിയലുകളും മറ്റു പരിപാടികളും കാണുവാനും സംഗീതവും മറ്റു ആസ്വാദനങ്ങളും കേള്‍ക്കുവാനുമാണ് അധികസമയവും പാഴാക്കിക്കളയുന്നത്. അവരുടെ സമയങ്ങളില്‍ വിശുദ്ധക്വുര്‍ആനിന് സ്ഥാനമില്ല, അതിലെ അഭിസംബോധനകളില്‍ ഭയപ്പെടാനും ഗുണപാഠമുള്‍ക്കൊള്ളാനും അവസരവുമില്ല!

ഈ രണ്ടു കാര്യങ്ങളില്‍ ഏത് കാര്യമാണ് അവര്‍ക്ക് കൂടുതല്‍ ഇ ഷ്ടകരം… ഈ രണ്ട് കാര്യങ്ങളില്‍ ഏതാണ് അവരിലേക്ക് കൂടുതല്‍ അടുത്തത്

നബി ﷺ പറയുന്നു: ''ഒരു മനുഷ്യന്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ളതിന്റെ കൂടെയായിരിക്കും പരലോകത്ത്'' (ബുഖാരി, മുസ്‌ലിം).

നമ്മളില്‍ ഒരാള്‍ ക്വുര്‍ആന്‍ പാരായണം ചെയ്താല്‍ പദങ്ങള്‍ കൃത്യമായി ഉച്ചരിക്കാന്‍ കഴിയുന്നില്ല,അതിന്റെ ആശയങ്ങളെ സംബന്ധിച്ച് ഉറ്റാലോചിക്കുവാനോ ഉദ്ദേശങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനോ സാധിക്കുന്നില്ല.…

കരഞ്ഞവര്‍ കരയുകയും ഭയഭക്തി കാണിച്ചവര്‍ ഭയഭക്തി കാണിക്കുകയും ചെയ്ത ആയത്തുകളിലൂടെ നമ്മള്‍ സഞ്ചരിച്ചാലും നമുക്ക് ഒന്നും അനുഭവപ്പെടുന്നില്ല. എന്തത്ഭുതം! അത് വല്ല മലയിലെങ്ങാനും അവതരിച്ചിരുന്നെങ്കില്‍...

''...അത് (പര്‍വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു'' (ഹശ്ര്‍:21).

നമ്മുടെ ഹൃദയം മൃദുലമാവുന്നില്ല. മനസ്സുകള്‍ക്ക് ഭയഭക്തി ലഭിക്കുന്നില്ല. കണ്ണുകള്‍ കണ്ണുനീര്‍ പൊഴിക്കുന്നില്ല. ഇത് വ്യക്തമാക്കിയ അല്ലാഹു പറഞ്ഞത് എത്ര സത്യം!

''പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു'' (അല്‍ബഖറ: 74).

ക്വുര്‍ആനിനെ ഇങ്ങനെ വെടിയുന്നതിനെക്കാള്‍ വലിയ വെടിയല്‍ മറ്റെന്തുണ്ട്? ഈ നഷ്ടത്തെക്കാള്‍ വലിയ നഷ്ടം മറ്റെന്തുണ്ട്?

നബി ﷺ പറയുന്നു: ''ക്വുര്‍ആന്‍ നിനക്ക് സാക്ഷിയാവും, അല്ലെങ്കില്‍ നിനക്കെതിരെ (സാക്ഷിയാവും)'' (മുസ്‌ലിം).

ഉഥ്മാന്‍(റ) പറഞ്ഞു: ''നിങ്ങള്‍ നിങ്ങളുടെ ഹൃദയങ്ങള്‍ ശുദ്ധീകരിച്ചിരുന്നെങ്കില്‍ നിങ്ങളുടെ രക്ഷിതാവിന്റെ കലാമുകളെ കൊണ്ട് നിങ്ങളുടെ വയറ് നിറയില്ലായിരുന്നു.''

ക്വുര്‍ആനിന്റെ ആളുകളെയും അവരുടെ ശ്രേഷ്ഠതകളെയും കുറിച്ച് അറിയുക. ഒരുപക്ഷേ, ഓര്‍മപ്പെടുത്തല്‍ ഒരു ഉറച്ച തീരുമാനമെടുക്കാനും നാം ആ മഹത്തായ അനുഗ്രഹത്തെ കുറിച്ച് ചിന്തിക്കാനും ഒരു തുടക്കമായിരിക്കാം.

ക്വുര്‍ആനിന്റെയാളുകള്‍ മാത്രമാണ് ക്വുര്‍ആനിനെ തങ്ങളുടെ ജീവിതത്തിന്റെ മാര്‍ഗരേഖയും സ്വഭാവങ്ങളുടെ മാനദണ്ഡവുമാക്കിയിട്ടുള്ളത്. അവര്‍ക്കേ അതിനു സാധിക്കുകയുള്ളൂ. അവരുടെ പ്രതാപത്തിനും സമാധാനത്തിനും നിദാനം വിശുദ്ധ ക്വുര്‍ആന്‍ തന്നെ!…

അല്ലാഹുവിന്റെ ഗ്രന്ഥത്തിന് അര്‍ഹമായ സ്ഥാനവും അവകാശവും അവര്‍ നല്‍കുകയുണ്ടായി. അതിന്റെ പാരായണവും മനഃപാഠവും അതിന്റെ അവകാശമാണ്. ഉറ്റാലോചനയും ആശയങ്ങള്‍ യഥാര്‍ഥ രൂപത്തില്‍ മനസ്സിലാക്കലും അതിന്റെ അവകാശമാണ്. അത് പ്രാവര്‍ത്തികമാക്കലും ജീവിതത്തില്‍ പകര്‍ത്തലും അതിന്റെ അവകാശത്തില്‍ പെട്ടതു തന്നെയാണ്.

അവരെ കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നതു കാണുക:

''അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍'' (അന്‍ഫാല്‍:2).

ക്വുര്‍ആനിന് അവര്‍ അതിന്റെ യഥാര്‍ഥ സ്ഥാനം നല്‍കിയതിനാല്‍ അല്ലാഹു അവരുടെ പദവികള്‍ ഉയര്‍ത്തുകയുണ്ടായി. 

അനസ്ബ്‌നു മാലിക്(റ) നിവേദനം: നബി ﷺ പറഞ്ഞു: ''ജനങ്ങളില്‍ അല്ലാഹുവിന് രണ്ട് വിഭാഗം ആളുകളുണ്ട്. അതില്‍ ക്വുര്‍ആനിന്റെ ആളുകള്‍ അല്ലാഹുവിന്റെ ആളുകളും അവന്റെ അടുത്തയാ ളുകളുമാകുന്നു'' (അഹ്മദ്, നസാഇ).

അവര്‍ ക്വുര്‍ആനിനെ മഹത്ത്വപ്പെടുത്തി, അപ്പോള്‍ അവരെ അല്ലാഹുവും മഹത്ത്വപ്പെടുത്തി.

അനസ്ബ്‌നു മാലിക്(റ) നിവേദനം: റസൂലുല്ലാഹ് ﷺ പറഞ്ഞു:''അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുന്നതില്‍ പെട്ടതാണ് വയോവൃദ്ധരായ മുസ്‌ലിംകളെ ആദരിക്കലും ക്വുര്‍ആനിനെ അവഗണിക്കുകയോ, അതിര് കവിയുകയോ ചെയ്യാതെ പരിഗണിക്കുന്നതും'' (അബൂദാവൂദ്).

ഒരാളുടെയും ശ്രേഷ്ഠത പോലെയല്ല അവരുടെ ശ്രേഷ്ഠത. അവരുടെ പ്രതാപം ഒരാളുടെയും പ്രതാപം പോലെയല്ല.…അവര്‍ ജനങ്ങളില്‍ വെച്ച് നല്ലരൂപത്തില്‍ സംസാരിക്കുന്നവരാണ്. സദസ്സുകളിലും മറ്റും ഏറ്റവും ശ്രേഷ്ഠരാണവര്‍, അവരുടെ സദസ്സുകളെ മലക്കുകള്‍ വലയം ചെയ്യുകയും അവര്‍ക്ക് സമാധാനമിറങ്ങുകയും ചെയ്യും.…

നബി ﷺ പറഞ്ഞു: ''സമാധാനമിറങ്ങാതെയും കാരുണ്യം ചുറ്റിപ്പൊതിയാതെയും മലക്കുകള്‍ വലയം ചെയ്യാതെയും അല്ലാഹു അവന്റെയടുത്ത് ഉള്ളവരോട് അവരെപ്പറ്റി പറയാതെയും ഒരു സമൂഹവും അല്ലാഹുവിന്റെ വീടുകളില്‍ ഒരു വീട്ടിലും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയോ, അവര്‍ക്കിടയില്‍ പഠനം നടത്തുകയോ ചെയ്യുന്നില്ല'' (മുസ്‌ലിം).

(അവസാനിച്ചില്ല)