ക്വുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം

ഷബീബ് സ്വലാഹി തിരൂരങ്ങാടി

2018 മെയ് 26 1439 റമദാന്‍ 10

ജനങ്ങള്‍ക്ക് മാര്‍ഗദീപമായും വഴികാട്ടിയായും അല്ലാഹു ഇറക്കിയ ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. 'തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നു...' (ക്വുര്‍ആന്‍ 17::9). കേവലം പാരായണം ചെയ്യുക എന്നതിലുപരി അത് പഠിക്കലും പ്രാവര്‍ത്തികമാക്കലും നമ്മുടെ മേല്‍ അനിവാര്യമാണ്. 

വഴിപിഴച്ചുപോകാതിരിക്കാനുള്ള ഏകമാര്‍ഗം അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗദര്‍ശനം പിന്‍പറ്റുക എന്നതു മാത്രമാണ്. അല്ലാഹു പറയുന്നത് കാണുക: ''എന്നാല്‍ എന്റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല'' (ക്വുര്‍ആന്‍ 20:123). 

മാത്രവുമല്ല ഉത്തമനായ വിശ്വാസിയുടെ സ്വഭാവമായി പഠിപ്പിക്കപെട്ട കാര്യമാണ് ക്വുര്‍ആന്‍ പഠനം. നബി ﷺ  പറഞ്ഞതായി ഉഥ്മാന്‍(റ) ഉദ്ധരിക്കുന്നു: ''നിങ്ങളില്‍ ഉത്തമന്‍ ക്വുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവനാകുന്നു'' (ബുഖാരി). 

ക്വുര്‍ആന്‍ പഠനത്തിലൂടെ നാം ലക്ഷ്യമാക്കേണ്ടത് ഇരുലോക വിജയമാണ്. അത്തരക്കാരാണ് യഥാര്‍ഥ ഉല്‍ബുദ്ധത കൈവരിച്ചവര്‍. അല്ലാഹു പറയുന്നത് കാണുക: ''നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി'' (ക്വുര്‍ആന്‍ 38:29).

ക്വുര്‍ആന്‍ പഠനത്തിന്റെ മഹത്ത്വം

ക്വുര്‍ആന്‍ പഠനത്തിന്റെ മഹത്ത്വം വിവരിക്കുന്ന ചില ഹദീഥുകള്‍ നമുക്ക് പരിചയപ്പെടാം.

1. 'ക്വുര്‍ആനില്‍ നിപുണരായവര്‍ ആദരണീയരും പരിശുദ്ധരുമായ മലക്കുകളുടെ കൂടെയാണ്.' (ബുഖാരി, മുസ്‌ലിം) 2. 'ക്വുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസിയുടെ ഉപമ മധുരനാരങ്ങയെ പോലെയാണ്. അതിനു നല്ല രുചിയും പരിമളവുമാണുള്ളത്. ക്വുര്‍ആന്‍ പാരായണം ചെയ്യാത്ത വിശ്വാസിയുടെ ഉപമ കാരക്കയെപ്പോലെയാണ്. അതിന് രുചിയാണുള്ളത്; യാതൊരു പരിമളവുമില്ല' (ബുഖാരി, മുസ്‌ലിം). 3. 'ക്വുര്‍ആന്‍ നിങ്ങള്‍ പാരായണം ചെയ്യുക. അത് ക്വിയാമത്തു നാളില്‍ തന്റെയാളുകള്‍ക്കായി ശുപാര്‍ശ ചെയ്യും' (മുസ്‌ലിം). 4. 'നിങ്ങളാരെങ്കിലും പ്രഭാതത്തില്‍ പള്ളിയിലേക്ക് പുറപ്പെടുകയും അവിടെ നിന്നും രണ്ട് ആയത്തുകള്‍ പഠിക്കുകയോ പാരായണം ചെയ്യുകയോ ചെയ്താല്‍ അത് നിങ്ങള്‍ക്ക് രണ്ട് പെണ്ണൊട്ടകങ്ങള്‍ ലഭിക്കുന്നതിനെക്കാള്‍ ഉത്തമമാണ്. മൂന്ന് ആയത്തുകള്‍ മൂന്ന് ഒട്ടകത്തെക്കാളും നാല് ആയത്തുകള്‍ നാല് ഒട്ടകത്തെക്കാളും ഓരോ എണ്ണവും ഓരോ ഒട്ടകം ലഭിക്കുന്നതിനെക്കാളും ഉത്തമമാകുന്നു' (മുസ്‌ലിം). 5. 'അല്ലാഹുവിന്റെ ഭവനങ്ങളില്‍ ക്വുര്‍ആന്‍ പാരായണത്തിനും പരസ്പര പഠനത്തിനുമായി ഒരുമിച്ച് കൂടിയവരില്‍ (അല്ലാഹുവിന്റെ) സമാധാനമിറങ്ങുകയും (അല്ലാഹുവിന്റെ)കാരുണ്യം അവരെ പൊതിയുകയും മലക്കുകള്‍ അവരെ വലയം ചെയ്യുകയും അല്ലാഹു അവരെക്കുറിച്ച് തന്റെ അടുക്കലുള്ളവരോട് അനുസ്മരിക്കുകയും ചെയ്യും' (മുസ്‌ലിം). ഇത്തരത്തില്‍ ക്വുര്‍ആന്‍ പഠനത്തിന്റെ മഹത്ത്വം പരിചയപ്പെടുത്തുന്ന ധാരാളം സ്വഹീഹായ ഹദീഥുകള്‍ നമുക്ക് കാണുവാന്‍ സാധിക്കും.

തിരിഞ്ഞ് നടക്കുന്നവന്റെ ഉപമ

അല്ലാഹുവില്‍ നിന്നുള്ള ഉല്‍ബോധനമാണ് ക്വുര്‍ആന്‍. അതില്‍ നിന്നും തിരിഞ്ഞ് നടക്കുന്നവനെ കഴുതയോടാണ് അല്ലാഹു ഉപമിച്ചത്. അല്ലാഹു പറയുന്നത് നോക്കൂ: ''എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു. അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു. സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍)'' (ക്വുര്‍ആന്‍ 74:49-51). 

മുന്‍ഗാമികളില്‍ നിന്നും, വേദം ലഭിച്ചിട്ട് അത് ജീവിതത്തില്‍ പകര്‍ത്താത്ത, അതിനുവേണ്ടി പ്രയത്‌നിക്കാത്ത ആളുകളെയും ഇത് പോലെ തന്നെയാണ് അല്ലാഹു വിമര്‍ശിച്ചത്: ''തൗറാത്ത് സ്വീകരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെടുകയും എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു കളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത!...'' (ക്വുര്‍ആന്‍ 62:5). 

പഠിച്ചത് ജീവിതത്തില്‍ പകര്‍ത്താതെ തന്നിഷ്ടത്തെ പിന്‍പറ്റുന്നവനെ അല്ലാഹു ഉപമിച്ചത് നോക്കൂ: ''നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട് അതില്‍ നിന്ന് ഊരിച്ചാടുകയും അങ്ങനെ പിശാച് പിന്നാലെ കൂടുകയും എന്നിട്ട് ദുര്‍മാര്‍ഗികളുടെ കൂട്ടത്തിലാവുകയും ചെയ്ത ഒരുവന്റെ വൃത്താന്തം നീ അവര്‍ക്ക് വായിച്ചുകേള്‍പിച്ചു കൊടുക്കുക. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷേ, അവന്‍ ഭൂമിയിലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്. അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടെത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളിയവരുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന് വരാം. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും സ്വദേഹങ്ങള്‍ക്ക് തന്നെ ദ്രോഹം വരുത്തിക്കൊണ്ടിരിക്കുകയും ചെയ്ത ആളുകളുടെ ഉപമ വളരെ ചീത്ത തന്നെ'' (ക്വുര്‍ആന്‍ 7:175-177). അത് കൊണ്ടുതന്നെ ഇത്തരത്തില്‍ ഉപമിക്കപ്പെട്ട ആളുകളുടെ കൂട്ടത്തില്‍ നിന്നും നാം രക്ഷപ്പെടേണ്ടതുണ്ട്. അല്ലാത്തപക്ഷം വമ്പിച്ച നഷ്ടമാണ് നമ്മെ കാത്തിരിക്കുന്നത്.

ഉത്തരം പറയാന്‍ തയ്യാറാവുക.

ക്വബ്‌റിലെ രക്ഷാശിക്ഷകളില്‍ വിശ്വസിക്കുന്നവരാണല്ലോ നാം. ക്വബ്‌റിലെ ചോദ്യങ്ങളില്‍ സുപ്രധാനമായ ഒരു ചോദ്യം നമ്മുടെ അറിവിനെ കുറിച്ചാണ്. വിശ്വാസികള്‍ അതിനു പറയുന്ന മറുപടി നബി  ﷺ  നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്. അത് ഇപ്രകാരമാകുന്നു: 'ഞാന്‍ അല്ലാഹുവിന്റെ ഗ്രന്ഥം വായിച്ചു. അതില്‍ ഞാന്‍ വിശ്വസിച്ചു. അതിനെ ഞാന്‍ സത്യപ്പെടുത്തി' (മുസ്‌ലിം). 

നമുക്ക് ഈ ഉത്തരം പറയുവാന്‍ കഴിയുേമാ? നാം അതിന് തയ്യാറായിട്ടുണ്ടോ? ഒരിക്കലും ദുരന്തം പേറേണ്ട അവസ്ഥ നമ്മില്‍ ഉണ്ടാകരുത്. തലയിലേക്ക് വലിയ പാറക്കല്ലുകള്‍ എറിയപ്പെടുകയും തല ഛിന്നഭിന്നമാക്കപ്പെടുകുയും ചെയ്യുന്ന വമ്പിച്ച ശിക്ഷ ലഭിക്കുന്നവര്‍ നിര്‍ബന്ധ നമസ്‌കാരത്തിന്റെ സമയത്ത് കിടന്നുറങ്ങുകയും ക്വുര്‍ആന്‍ ലഭിച്ചിട്ടും അത് തിരസ്‌കരിക്കുകയും ചെയ്തവരാണെന്ന് (ബുഖാരി) നബി ﷺ  നെമ്മ അറിയിച്ചത് നാം എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്. പഠിക്കാന്‍ അവസരം ലഭിച്ചിട്ടും പഠിക്കാത്തവരും പഠിച്ചത് ജീവിതത്തില്‍ പകര്‍ത്താതിരിക്കുന്നവരുമെല്ലാം ഈ ഗണത്തിലാണ് ഉള്‍പെടുക.

താക്കീതിനെ കണ്ടില്ലെന്ന് നടിക്കരുത്

അല്ലാഹു പറയുന്നു: ''എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്. അവന്‍ പറയും: എന്റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വന്നത്? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ! അല്ലാഹു പറയും: അങ്ങനെ തന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അത് പോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു. അതിരുകവിയുകയും തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് അപ്രകാരമാണ് നാം പ്രതിഫലം നല്‍കുന്നത്. പരലോകത്തെ ശിക്ഷ കൂടുതല്‍ കഠിനമായതും നിലനില്‍ക്കുന്നതും തന്നെയാകുന്നു'' (20:124-127) 

ഇത് അല്ലാഹു നല്‍കുന്ന താക്കീതാണ്. ഇത് കണ്ടില്ലെന്ന് നാം നടിക്കരുത്. നമുക്ക് വേണ്ടി ക്വുര്‍ആന്‍ ശുപാര്‍ശ പറയണമെങ്കില്‍ ക്വുര്‍ആനിനനുസരിച്ച് നാം ജീവിതത്തെ ക്രമപ്പെടുത്തണം. നബി ﷺ  പോലും നമുക്കെതിരില്‍ സാക്ഷിയായി കടന്നുവരുന്ന മഹാദുരന്തത്തില്‍ നാം അകപ്പെടരുത്. അല്ലാഹു പറയുന്നു: ''(അന്ന്) റസൂല്‍ പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ക്വുര്‍ആനിനെ അഗണ്യമാക്കി തള്ളിക്കളഞ്ഞിരിക്കുന്നു'' (ക്വുര്‍ആന്‍ 25:30).