അറബി ഭാഷക്കായി സമര്‍പ്പിച്ച ജീവിതം

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 ദുല്‍ക്വഅദ 29 1439 ആഗസ്ത് 11

(കരുവള്ളി: നൂറ്റാണ്ടിന്റെ പാഠങ്ങള്‍ 2)

കരുവള്ളി മലപ്പുറം സ്‌കൂളില്‍ അറബി അധ്യാപകനായി ജോലി ആരംഭിച്ചപ്പോള്‍ കേരളം പിറന്നിട്ടില്ല. മലബാര്‍ അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായത് കൊണ്ട് മദ്രാസ് ഗവണ്‍മെന്റ് നിശ്ചയിക്കുന്ന പാഠ്യക്രമങ്ങളാണ് മലബാറില്‍ പിന്തുടര്‍ന്നുവന്നത്. അറബിപഠനത്തിനു വ്യവസ്ഥാപിതമായ നിയമങ്ങളോ സിലബസ്സോ ഒന്നും അവര്‍ ആസൂത്രണം ചെയ്തിട്ടില്ലായിരുന്നു. തിരുവിതാംകൂര്‍ ഭാഗത്ത് കുറെയൊക്കെ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. വക്കം മൗലവിയുടെ സാന്നിധ്യവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനവുമാണ് അതിന്റെ പ്രധാന കാരണം. മലബാറിലാവട്ടെ അറബി പഠിപ്പിക്കുന്ന ഒരു സര്‍ക്കാര്‍ സ്‌കൂള്‍ മലപ്പുറം സ്‌കൂള്‍ മാത്രമായിരുന്നു. ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലും മറ്റുമുള്ള സ്‌കൂളുകളില്‍ കുറെ അറബി അധ്യാപകര്‍ ഉണ്ടെങ്കിലും അവരെ സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വളരെ തുച്ഛമായ ആനുകൂല്യങ്ങള്‍ മാത്രമായിരുന്നു അവര്‍ക്ക് ലഭിച്ചിരുന്നത്. കരുവള്ളി മുഹമ്മദ് മൗലവിയെ ഈ പ്രശ്‌നം വല്ലാതെ വിഷമിപ്പിച്ചു. അദ്ദേഹത്തിന് സര്‍ക്കാര്‍ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ പോലെയോ അതിനേക്കാള്‍ കഠിനാധ്വാനം ചെയ്‌തോ ജോലി ചെയ്യുന്ന മറ്റുള്ളവരുടെ വിഷമം കണ്ടപ്പോള്‍ അദ്ദേഹം അവരെ മലപ്പുറത്തെ ഒരു ലോഡ്ജില്‍ ഒരുമിച്ചുകൂട്ടുകയുണ്ടായി. പ്രമുഖ അറബി സാഹിത്യകാരനും ഗോളശാസ്ത്ര പണ്ഡിതനുമായിരുന്ന ഫലക്കി മുഹമ്മദ് മൗലവി പ്രസിഡണ്ടായും കരുവള്ളി സെക്രട്ടറിയായും അറബിക് പണ്ഡിറ്റ്സ് യൂണിയന്‍ എന്ന സംഘടന രൂപീകരിച്ചു. 1944ല്‍ ആയിരുന്നു അത്. ഈ സംഘാടനമാണ് കേരളത്തിലെ അറബി വിദ്യാഭ്യാസ പ്രചാരണത്തിന്റെയും അറബി അധ്യാപകരുടെ അന്തസ്സാര്‍ന്ന അസ്തിത്വത്തിന്റെയും ബീജാവാപം. ഒരാള്‍ തന്റെ സഹോദരനുള്ള സഹായങ്ങളില്‍ ആയിക്കൊണ്ടിരിക്കെ അല്ലാഹു അയാളെയും സഹായിച്ചുകൊണ്ടിരിക്കുമെന്ന പ്രവാചക വചനം ഇവിടെ പ്രസക്തമാവുകയാണ്. സ്വന്തം കാര്യവുമായി നടന്നാല്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ജോലിയും ശമ്പളവുമായി കഴിഞ്ഞുകൂടാമായിരുന്നു. പക്ഷേ, സ്വന്തം സമുദായത്തിലെ സഹോദരങ്ങളെ സഹായിക്കുന്നതിനും ഇസ്ലാമിന്റെയും മുസ്‌ലിംകളുടെയും ജീവല്‍ ഭാഷക്കു വേണ്ടി അടരാടുന്നതിനും വേണ്ടി അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടതാണ് ഇന്നീ കാണുന്ന അറബിക് വിദ്യാഭ്യാസത്തിന്റെയും അറബിക് സ്ഥാപനങ്ങളുടെയുമെല്ലാം നിലനില്‍പിന്റെ കാരണം. 

1956ല്‍ ഐക്യകേരളം രൂപംകൊണ്ടു. മലബാര്‍, തിരുവിതാംകൂര്‍ വ്യത്യാസങ്ങള്‍ ഇല്ലാതായെങ്കിലും തിരുവിതാംകൂറില്‍ നേരത്തെ വക്കം മൗലവിയുടെ ശ്രമഫലമായി ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ മലബാറില്‍ പുനഃസ്ഥാപിച്ചിരുന്നില്ല. 1957ലെ ഒന്നാമത്തെ കേരള മന്ത്രിസഭ അധികാരമേറ്റെടുത്തപ്പോള്‍ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡോ: ജോസഫ് മുണ്ടശ്ശേരിക്ക് കരുവള്ളി മുഹമ്മദ് മൗലവി നല്‍കിയ നിവേദനമാണ് മലബാര്‍, തിരുവിതാംകൂര്‍ വ്യത്യാസമില്ലാതെ അറബിപഠനത്തിനു ഒരു ഏകീകരണം നല്‍കിയത്. മുന്‍ മുഖ്യമന്ത്രിയും അറബി ഭാഷയുടെ കാവല്‍ പടയാളിയുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ നിര്‍ലോഭമായ സഹായങ്ങള്‍ അന്ന് കരുവള്ളിക്ക് ലഭിച്ചിരുന്നു. കേരളത്തിലെ സ്‌കൂളുകളിലെ അറബി പഠനം ഏകീകരിക്കുവാന്‍ വേണ്ടി മുണ്ടശ്ശേരി നിര്‍ദേശിച്ച കമ്മിറ്റിയുടെ കണ്‍വീനര്‍ കരുവള്ളിയായിരുന്നു. പാഠപുസ്തകങ്ങള്‍ മാത്രമല്ല, ഗൈഡുകളും അധ്യാപക സഹായികളുമെല്ലാം നിര്‍മിച്ചിരുന്നത് ഈ കമ്മറ്റിയായിരുന്നു.

1958ല്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ പിറന്നു. കരുവള്ളി പ്രസിഡണ്ടും പ്രൊഫ. മങ്കട അബ്ദുല്‍അസീസ് മൗലവി ജനറല്‍ സെക്രട്ടറിയുമായി പ്രഥമ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. അറബി ഭാഷാധ്യാപകര്‍ക്ക് വേണ്ടി കെ.എ.ടി.എഫ് പ്രസ്ഥാനവും അതിന്റെ മുഴുവന്‍ നേതാക്കളും സമര്‍പിച്ച സേവനങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷവും അറബി അധ്യാകപ പ്രസ്ഥാനത്തിന്റെ കൂടെ നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹം മരണം വരെ അതിന്റെ അനിഷേധ്യനായ അമരക്കാരനായി തുടര്‍ന്നു. കരുവള്ളി, പി.കെ അഹ്മദലി മദനി, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി എന്നീ മൂന്നു പേരുകള്‍ അറബി അധ്യാപകരുടെ മനസ്സില്‍ എന്നും മാഞ്ഞുപോകാതെ കിടക്കും. കരുവള്ളിയും മദനിയും യാത്രയായി. കൊളത്തൂര്‍ ഇന്നും കര്‍മനിരതനായി അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പി.കെ.എം അബ്ദുല്‍മജീദ് മദനിയും കക്കാട് അബ്ദുല്ല മൗലവിയും സൈനുദ്ദീന്‍ കുരുവമ്പലവും സി.എച്ച് ഹംസ മാസ്റ്ററും ഇപ്പോഴും അവശേഷിക്കുന്ന കണ്ണികളില്‍ ചിലരാണ്. 

1962ല്‍ കരുവള്ളി മലബാറിലെ ആദ്യത്തെ മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടറായി നിയമിക്കപ്പെട്ടു. അറബി ഭാഷാ പഠനത്തിന്റെ നിലവാരം പരിശോധിക്കുക, മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ നിര്‍ദേശങ്ങള്‍ ഗവണ്‍മെന്റിന് സമര്‍പിക്കുക എന്നിവയായിരുന്നു പ്രധാനമായും മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടറുടെ ചുമതല. ട്രെയിനിംഗ്, പാഠപുസ്തക നിര്‍മാണവും പരിഷ്‌കരണവും, പുതിയ അറബി അധ്യാപക തസ്തികകള്‍ സൃഷ്ടിക്കല്‍, മുസ്ലിം കുട്ടികളെ സ്‌കൂളിലയക്കാന്‍ പ്രോത്സാഹനം നല്‍കല്‍ തുടങ്ങി അറബി പ്രചാരണത്തിനാവശ്യമായ പല കാര്യങ്ങളും ആ പദവിയിലിരുന്നുകൊണ്ട് അദ്ദേഹം ചെയ്തു. അന്ന് അറബി അധ്യാപകരില്‍ അധികപേരും വേണ്ടത്ര പരിശീലനം സിദ്ധിച്ചവരായിരുന്നില്ല. അതുകൊണ്ട് അവര്‍ക്ക് രണ്ടുമാസത്തിലൊരിക്കല്‍ പീര്യേഡിക്കല്‍ മീറ്റിംഗ് വേണമെന്ന നിര്‍ദേശം നല്‍കി. ഇന്നും ആ മീറ്റിംഗ് ഫലപ്രദമായി മുന്നോട്ട് പോകുന്നു. കേന്ദ്ര വിദ്യാഭ്യാസ ബോര്‍ഡ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരുന്ന അധ്യാപന ബോധന രീതി പ്രതിപാദിക്കുന്ന പുസ്തകം അറബിയിലേക്ക് മൊഴിമാറ്റം നടത്തിയത് അദ്ദേഹം വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍ ആയിരിക്കുന്ന കാലത്താണ്. കെ.പി. മുഹമ്മദ് മൗലവി, അരീക്കോട് എന്‍.വി. ഇബ്‌റാഹീം മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അത് നടന്നത്. മുസ്‌ലിം കുട്ടികളെ വിദ്യാഭാസത്തിനു പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മഹല്ലുകളിലും മദ്‌റസകളിലുമൊക്കെ ഉല്‍ബോധന പരിപാടികള്‍ സംഘടിപ്പിക്കാന്‍ അന്ന് സാധിച്ചിട്ടുണ്ട്. ക്വുര്‍ആനും ഹദീഥുമൊക്കെ ഉദ്ധരിച്ച് ഭൗതിക പഠനം നിര്‍ബന്ധമാണെന്ന് മുസ്‌ലിം സമുദായത്തെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു അതിന്റെ ഉദ്ദേശം. ഇല്‍മ് എന്ന് പറഞ്ഞാല്‍ മതവിജ്ഞാനം മാത്രമാണെന്ന് പറഞ്ഞുകൊണ്ട് പൗരോഹിത്യ കേന്ദ്രങ്ങളില്‍ നിന്നും ഇതിന്റെ പേരില്‍ അദ്ദേഹം എതിര്‍പുകള്‍ നേരിട്ടിരുന്നു. 

മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍ എന്ന വലിയ തസ്തികയിലിരുന്നുകൊണ്ട് അദ്ദേഹം ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ സമുദായത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. വിദ്യാഭ്യാസത്തെ സ്‌നേഹിച്ചിരുന്ന സമുദായത്തിലെ പണ്ഡിതരും നേതാക്കളും ഉന്നതരും ധനാഢ്യരുമെല്ലാം അദ്ദേഹത്തിന്റെ വ്യക്തിത്വവും കഴിവും ആത്മാര്‍ഥതയും തിരിച്ചറിഞ്ഞു. കേരളത്തിന്റെ ആദ്യത്തെ ചീഫ് എഞ്ചിനീയറും അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ടി.പി കുട്ട്യാമു സാഹിബ് കരുവള്ളിയിലെ ധിഷണയെ തിരിച്ചറിഞ്ഞു. കരുവള്ളിയുടെ ഓഫീസ് അന്ന് കോഴിക്കോട് ആയിരുന്നു. വിദ്യാഭ്യാസ പുരോഗതിക്ക് സമുദായത്തെ സജ്ജമാക്കുന്ന തരത്തിലുള്ള ഒരു സംവിധാനം കോഴിക്കോട് ആരംഭിക്കണമെന്നും അതിനു മദ്രാസ്, തിരുവനന്തപുരം പോലെയുള്ള നഗരങ്ങളില്‍ ആരംഭിച്ച സംവിധാനങ്ങളെ കുറിച്ച് പഠിക്കുന്നത് നല്ലതാണെന്നും സൂചിപ്പിച്ചുകൊണ്ട് കുട്ട്യാമു സാഹിബ് കരുവള്ളിക്ക് കത്തെഴുതി. കാലിക്കറ്റ് മുസ്ലിം അസോസിയേഷന്‍ (സി.എം.എ) എന്ന പ്രസ്ഥാനം രൂപം കൊണ്ടത് അങ്ങനെയാണ്. കരുവള്ളിയായിരുന്നു അതിന്റെ സെക്രട്ടറി. മുന്‍മന്ത്രി യു.എ ബീരാന്‍, ഡോ. എം.എ അബ്ദുല്ല തുടങ്ങിയവരൊക്കെ അതിലെ പ്രധാന അംഗങ്ങളായിരുന്നു. 1963 മുതല്‍ 1967 വരെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട കേരള ഇസ്ലാമിക് സെമിനാറിന്റെ മുഖ്യ സംഘാടകനും കൂടിയായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സമര്‍പിക്കപ്പെട്ട പ്രസ്തുത സെമിനാറില്‍ സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ കക്ഷിഭേദമന്യെ പങ്കെടുത്തു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, ഇ.കെ മൗലവി, സി.എച്ച് മുഹമ്മദ് കോയ, ഫലകി മുഹമ്മദ് മൗലവി, ഇ.കെ ഇമ്പിച്ചിബാവ, പി.പി ഉമര്‍ കോയ, നഫീസത്ത് ബീവി, സി.ഒ.ടി കുഞ്ഞിപ്പക്കി സാഹിബ്, എന്‍.പി. മുഹമ്മദ് തുടങ്ങിയ പ്രമുഖരുടെ ശ്രേണിയില്‍ അന്ന് കരുവള്ളിയും ഉണ്ടായിരുന്നു. ഈ പേരുകള്‍ കാണുമ്പോള്‍ തന്നെ ഒരു കാര്യം നമുക്ക് ബോധ്യപ്പെടുന്നു. രാഷ്ട്രീയം, മതം, വീക്ഷണം, മതബോധം തുടങ്ങിയ അതിര്‍വരമ്പുകള്‍ക്കപ്പുറം നിന്നുകൊണ്ട് വിദ്യാഭ്യാസകാര്യങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ സാധിക്കുമെന്ന സത്യമാണത്. അതാണ് അദ്ദേഹം സമുദായത്തെ ബോധ്യപ്പെടുത്തിയത്. ഈ സെമിനാറുകളുടെ സന്തതിയായാണ് എം.ഇ.എസ് പിറന്നത്. എം.ഇ.എസ് കെട്ടിപ്പടുക്കാന്‍ ഡോ. പി.കെ അബ്ദുല്‍ഗഫൂറിന്റെ കൂടെ അദ്ദേഹം ഓടിനടന്നു. മണ്ണാര്‍ക്കാട്, പൊന്നാനി എന്നിവിടങ്ങളിലെ എം.ഇ.എസ് കോളേജുകളുടെ സംസ്ഥാപനത്തില്‍ കരുവള്ളിയുടെ പങ്ക് രേഖപ്പെടുത്തപ്പെട്ടതാണ്. എം.ഇ.എസ്സില്‍ നിന്ന് എം.എസ്.എസ് വേര്‍പെട്ടുവന്നപ്പോള്‍ കരുവള്ളി എം.എസ്.എസ്സിന്റെ വൈസ് പ്രസിഡണ്ടായി. ഏതൊരു സംഘടനയും രൂപപ്പെടുമ്പോള്‍ അത് സമുദായത്തിന് ഗുണകരമാണെങ്കില്‍ അതിനോടെല്ലാം സഹകരിക്കുക എന്ന ക്വുര്‍ആന്‍ പറഞ്ഞ 'വ തആവനൂ...' എന്ന സന്ദേശമാണ് അദ്ദേഹം ഉള്‍ക്കൊണ്ടത് എന്ന് കാണാന്‍ സാധിക്കും. കക്ഷിത്വം ഉള്ളില്‍ സൂക്ഷിക്കാത്ത തുറന്ന മനസ്സുകളുടെ ഉടമകള്‍ക്ക് മാത്രമെ ഇങ്ങനെയൊരു വീക്ഷണം വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ. 

1974ല്‍ അദ്ദേഹം മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍ എന്ന തസ്തികയിലിരിക്കെ ഗവണ്‍മെന്റ് സര്‍വീസില്‍ നിന്നും വിരമിച്ചു. വിരമിച്ച ശേഷവും കെ.എ.ടി.എഫ്. പ്രസ്ഥാനവുമായും അധ്യാപക സമൂഹവുമായും ഇസ്വ്ലാഹി പ്രവര്‍ത്തനങ്ങളുമായും അദ്ദേഹം ബന്ധം തുടര്‍ന്നു. ജീവിതവൃത്തിക്ക് വേണ്ടി മലപ്പുറം കോട്ടപ്പടിയില്‍ ഒരു 'മൗലവി ആന്‍ഡ് കമ്പനി' എന്ന പേരില്‍ തേയിലയുടെ മൊത്തവ്യാപാരം തുടങ്ങി. മലപ്പുറത്ത് എത്തുന്ന അറബി അധ്യാപകരുടെ സംഗമ കേന്ദ്രമായി അത് മാറി. തൊട്ടടുത്ത ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയുട്ടില്‍ അധ്യാപകനായി ജോലി ചെയ്യവെ അധ്യാപക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പല സംശയങ്ങളും നിവാരണം നടത്താന്‍ അന്ന് സാധിച്ചിരുന്നുവെന്ന് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ അനുസ്മരിക്കുകയുണ്ടായി. 

ഇസ്വ്‌ലാഹി പ്രസ്ഥാനവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അതിന്റെ ആദ്യകാലം തൊട്ട് തന്നെ തുടങ്ങിയതാണ്. കട്ടിലശ്ശേരിയുടെ സഹപ്രവര്‍ത്തകനും കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ ശില്പിയുമായ കെ.എം മൗലവിയുമായി അടുക്കുന്നതോടെയാണ് കരുവള്ളിയിലെ ഇസ്വ്‌ലാഹി പ്രവര്‍ത്തകന്‍ ജനിക്കുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മലപ്പുറത്ത് കെ.എം മൗലവി വരുന്നുണ്ടെന്നറിഞ്ഞു സ്വന്തം നാട്ടില്‍ നിന്നും മൈലുകള്‍ താണ്ടി കെ.എം മൗലവിയുടെ പ്രഭാഷണം കേള്‍ക്കാന്‍ പോകുകയുണ്ടായി. അന്ധവിശ്വാസങ്ങള്‍ വെടിഞ്ഞ് വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും മുസ്‌ലിംകള്‍ ഔന്നത്യം പ്രാപിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള കെ.എം. മൗലവിയുടെ പ്രസംഗം കരുവള്ളിയുടെ മനസ്സിനെ അഗാധമായി സ്വാധീനിച്ചു. കരുവള്ളി പിന്നീട് അധ്യാപകനായി അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ നേതൃസ്ഥാനത്തിരിക്കുമ്പോള്‍ 1960 ല്‍ തിരൂരങ്ങാടി യതീംഖാന കോമ്പൗണ്ടില്‍ നടന്ന കെ.എ.ടി.എഫിന്റെ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ കെ.എം മൗലവി നടത്തിയ പ്രസംഗത്തില്‍ അറബി ഭാഷയില്‍ ഒരു മാസിക തുടങ്ങുന്നതിനെ കുറിച്ച് അറബി അധ്യാപകരോട് ആഹ്വാനം ചെയ്യുകയുണ്ടായി. അതാണ് പിന്നീട് കരുവള്ളിയുടെ കാര്‍മികത്വത്തില്‍ 'അല്‍ബുഷ്‌റ' എന്ന മാസികയുടെ പിറവിക്ക് കാരണമായത്. കെ.പി മുഹമ്മദ് മൗലവി ആയിരുന്നു അതിന്റെ പത്രാധിപര്‍. 

അല്‍മനാര്‍, ശബാബ് തുടങ്ങിയ ഇസ്വ്ലാഹി പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം ലേഖനങ്ങള്‍ എഴുതിയിരുന്നു. തൗഹീദിന്റെ പ്രാധാന്യവും ശിര്‍ക്കിന്റെ ഗൗരവവും വിശദമാക്കുന്ന തുടര്‍ലേഖനങ്ങള്‍ പിന്നീട് പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1985 മുതലാണ് അദ്ദേഹം കേരള നദ്വത്തുല്‍ മുജാഹിദീന്റെ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. ജില്ലാ സംസ്ഥാന നേതൃസ്ഥാനങ്ങളില്‍ അദ്ദേഹം ഭാരവാഹിയായിട്ടുണ്ട്. ഇടക്കാലത്ത് സംഘടനയിലുണ്ടായ അനഭിലഷണീയമായ ചില സംഭവങ്ങള്‍ കാരണം അദ്ദേഹം മാറി നില്‍ക്കുകയായിരുന്നു. മുജാഹിദുകളെയും ഇസ്വ്‌ലാഹി ആദര്‍ശത്തെയും അദ്ദേഹം അതിരറ്റു സ്‌നേഹിച്ചു. അനാവശ്യമായ സംഘടനാ കിടമത്സരങ്ങളെ അദ്ദേഹം വെറുത്തു. വേങ്ങരയിലെ ജാമിഅ അല്‍ഹിന്ദ് അല്‍ഇസ്ലാമിയക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കിവന്നു. പീസ് റേഡിയോ ലോഞ്ചിങിലും അന്താരാഷ്ട്ര ക്വുര്‍ആന്‍ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ മാത്രമല്ല മുസ്ലിം സമുദായത്തിന്റെ തന്നെ ജീവിച്ചിരിക്കുന്ന കാരണവരായിരുന്ന അദ്ദേഹത്തെ എല്ലാ വിഭാഗം ജനങ്ങളും ആദരിച്ചിരുന്നു.

കേരള വിദ്യാഭ്യാസ ടെക്സ്റ്റ് ബുക്ക് പരിശോധന സമിതി, സര്‍ക്കാര്‍ പരീക്ഷ ബോര്‍ഡ്, ജില്ലാ സാക്ഷരതാ മിഷന്‍ അക്കാദമിക് ചെയര്‍മാന്‍, തുടര്‍ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍, കരിക്കുലം വിജയഭേരി കമ്മിറ്റി അംഗം, വിദ്യാഭ്യാസ ജില്ലാ പ്ലാനിങ് മോണിറ്ററിങ് കമ്മിറ്റി അംഗം തുടങ്ങിയ സമിതികളിലെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചു. ചരിത്രത്തെ തിരുത്തിക്കുറിച്ച അദ്ദേഹത്തിന്റെ ചരിത്രം എഴുതാന്‍ പേജുകള്‍ മതിയാവില്ല. ഒട്ടനവധി സവിശേഷതകളുടെ വിളനിലമായ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും സമുദായം ഒരു പാട് പഠിക്കേണ്ടിയിരിക്കുന്നു. ഒരു ഇസ്‌ലാമിക പണ്ഡിതനായിരിക്കെ മറ്റു ഭാഷകളില്‍ വ്യുല്‍പത്തി നേടുക, മറ്റു വിജ്ഞാനീയങ്ങളില്‍ തല്‍പരനാവുക, അവിശ്രമം തന്റെ സമൂഹത്തിനു വേണ്ടി ഓടിനടക്കുക, വലിയ ചിന്തകളിലൂടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ സമുദായത്തിന് മാര്‍ഗദര്‍ശിയാവുക, അറബി ഭാഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത വിധം അധികാരികള്‍ക്ക് മുമ്പില്‍ അടരാടുക, സമുദായത്തിന്റെ ഐക്യത്തിന് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാതിരിക്കാന്‍ ശ്രദ്ധിക്കുക തുടങ്ങി ഒട്ടേറെ നല്ല ഗുണങ്ങള്‍ അദ്ദേഹത്തില്‍ നിന്നും മാതൃകയാക്കേണ്ടതുണ്ട്. 

അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി എനിക്കും വലിയ നഷ്ടമാണ്. കഴിഞ്ഞ ആഗസ്തില്‍ ഉമ്മ മരണപ്പെട്ടപ്പോള്‍ അവശതകള്‍ പോലും അവഗണിച്ചുകൊണ്ട് ആശ്വസിപ്പിക്കാന്‍ അദ്ദേഹം വീട്ടില്‍ ഓടിയെത്തി. എന്റെ പിതാവിനെ കുറിച്ച് 'എന്റെ അഹ്മദലി' എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അവര്‍ തമ്മിലുള്ള ബന്ധം അത്രമാത്രം ഗാഢമായിരുന്നു. കരുവള്ളിയും കൊളത്തൂരും അഹ്മദലി മദനിയും സി.എച്ച് ഹംസ മാസ്റ്ററും അവരുടെ വാര്‍ധക്യത്തിലും എവിടെയെങ്കിലും ഒരുമിച്ചുകൂടുക പതിവായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍, വീണു പരിക്കുപറ്റി കിടക്കുന്ന സന്ദര്‍ഭത്തില്‍ ജ്യേഷ്ഠ സഹോദരന്‍ മുഹമ്മദ് സുഹൈലിന്റെ കൂടെ അദ്ദേഹത്തെ സന്ദര്‍ശിക്കുകയുണ്ടായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് വെച്ച് അദ്ദേഹം ഒരു കെട്ടിടത്തില്‍ നിന്നും താഴെ ഇറങ്ങി വരുമ്പോള്‍ ഞാന്‍ അദ്ദേഹത്തിനൊരു കൈത്താങ്ങായി ഓടിച്ചെല്ലുകയും അപ്പോള്‍ അദ്ദേഹം പുഞ്ചിരി തൂകിക്കൊണ്ട് എന്റെ സഹായം നിരസിക്കുകയും എനിക്കാരുടെയും താങ്ങ് ആവശ്യമില്ലെന്ന് തമാശയായി പറയുകയും പരസഹായമില്ലാതെ നടന്നുനീങ്ങുകയും ചെയ്ത സംഭവം ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് അദ്ദേഹം എന്നെ ഓര്‍മിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഓര്‍മശക്തിയില്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ശരിയാണ്. അദ്ദേഹത്തിന് ആരുടെയും താങ്ങ് ആവശ്യമായിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ താങ്ങിലായിരുന്നു കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനവും അറബി അധ്യാപകസമൂഹവും മുസ്ലിം സമുദായവും സുരക്ഷിതമായി കഴിഞ്ഞിരുന്നത്. അദ്ദേഹത്തോട് എത്രമാത്രം നീതിപുലര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ തണല്‍ ലഭിച്ച ഓരോ പ്രസ്ഥാനവും ചിന്തിക്കേണ്ടതുണ്ട്. കേരളത്തില്‍ അഭിമാനകരമായി ജീവിതം നയിക്കുന്ന മുസ്ലിം സമുദായത്തിലെ ഓരോരുത്തരും കരുവള്ളി മുഹമ്മദ് മൗലവിയോട് കടപ്പെട്ടിരിക്കുന്നു.

0
0
0
s2sdefault