ഫിത്വ്ര്‍ സകാത്ത്

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2018 ശവ്വാല്‍ 02 1439 ജൂണ്‍ 16

ഇസ്‌ലാമിക പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് അല്ലാഹു രണ്ട് ആഘോഷങ്ങളാണ് നല്‍കിയിട്ടുള്ളത്. അതിലൊന്ന് വിശുദ്ധ റമദാന്‍ മാസത്തിലെ നിര്‍ബന്ധ വ്രതത്തിന് ശേഷം ശവ്വാല്‍ ഒന്നിനുള്ള 'ഈദുല്‍ ഫിത്വ്‌റും' ദുല്‍ഹിജ്ജ: പത്തിനുള്ള 'ഈദുല്‍ അദ്ഹ'യുമാണ്. അതല്ലാത്ത ഒരു ആഘോഷവും ഇസ്‌ലാമിലില്ല. ഈദുല്‍ ഫിത്വ്‌റിന് മുമ്പ് മുസ്‌ലിംകള്‍ നിര്‍ബന്ധമായും കൊടുത്തു വീട്ടേണ്ട സകാത്തുല്‍ ഫിത്വ്‌റിനെ സംബന്ധിച്ചാണ് ഇവിടെ അല്‍പം വിശദീകരിക്കുന്നത്. 

റമദാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കുവാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷത്താലും അതിന് അല്ലാഹുവിന് നന്ദി ചെയ്യുക എന്ന ഉദ്ദേശത്താലും അതില്‍ വന്ന്‌പോയിട്ടുള്ള വീഴ്ചകള്‍ക്ക് പരിഹാരമെന്ന നിലയ്ക്കും അല്ലാഹുവിന്റെ തൃപ്തി മാത്രം പ്രതീക്ഷിച്ച് കൊണ്ടും നിര്‍വഹിക്കേണ്ട ഒരു ആരാധനയാണ് ഫിത്വ്ര്‍ സകാത്ത് നല്‍കല്‍. പെരുന്നാള്‍ ദിനം മുസ്‌ലിംകളില്‍ പെട്ട ഒരാളും പട്ടിണി കിടക്കാതിരിക്കുവാനും അന്യരുടെ മുന്നില്‍ പോയി കൈനീട്ടുന്ന സാഹചര്യം ഉണ്ടാകാതിരിക്കുവാനുമാണ് സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഹിജ്‌റ രണ്ടാം വര്‍ഷം റമദാനിലാണ് ഇത് നിര്‍ബന്ധമാക്കപ്പെട്ടത്. ഇമാം ബുഖാരിയും, ഇമാം മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥില്‍ ''പ്രവാചകന്‍ ﷺ സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു'' എന്ന് കാണാം: 

 

ആര്‍ക്കാണ് നിര്‍ബന്ധം?

സ്ത്രീകളും പുരുഷന്മാരും ചെറിയവരും വലിയവരും സ്വതന്ത്രരും അടിമയുമടങ്ങുന്ന എല്ലാ മുസ്‌ലിംകള്‍ക്കും സകാത്തുല്‍ ഫിത്വ്ര്‍ നല്‍കല്‍ നിര്‍ബന്ധമാണ്. പെരുന്നാള്‍ ദിവസം തനിക്കും താന്‍ ചെലവിന് കൊടുക്കുന്നവര്‍ക്കുമുള്ള ഭക്ഷണത്തിനുള്ളത് കഴിച്ച് ബാക്കിയുള്ളതില്‍ നിന്ന് സകാത്തുല്‍ ഫിത്വ്ര്‍ നല്‍കേണ്ടതാണ്. പ്രവാചകന്‍ ﷺ യുടെ ഹദീഥ് ശ്രദ്ധിക്കുക:

'പ്രവാചകന്‍ ﷺ ധാന്യത്തില്‍ നിന്നോ, ഗോതമ്പില്‍ നിന്നോ ഒരു 'സ്വാഅ്' മുസ്‌ലിംകളില്‍പെട്ട വലിയവര്‍, ചെറിയവര്‍, സ്ത്രീകള്‍, പുരുഷന്മാര്‍, അടിമകള്‍, സ്വതന്ത്രന്‍ എന്നിവര്‍ക്ക് സകാത്തുല്‍ ഫിത്വ്ര്‍ നല്‍കല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു' (ബുഖാരി, മുസ്‌ലിം).

ഓരോ മുസ്‌ലിമും തന്റെയും താന്‍ ചെലവിന് കൊടുക്കുന്ന ഭാര്യാസന്താനങ്ങള്‍ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്ക് വേണ്ടിയും ഫിത്വ്ര്‍ സകാത്ത് കൊടുക്കേണ്ടതാണ്. പാവപ്പെട്ടവര്‍ വീടു വിടാന്തരം കയറിയിറങ്ങി യാചിച്ച് നടക്കുന്ന സാഹചര്യം ഒഴിവാക്കുവാനായി പാവപ്പെട്ടവരുടെ വീടുകളിലേക്ക് എത്തിച്ച് കൊടുക്കുകയാണ് വേണ്ടത്. താന്‍ താമസിക്കുന്ന സ്ഥലത്ത് ഫിത്വ്ര്‍ സകാത്ത് ശേഖരിക്കുവാനും വിതരണം ചെയ്യുവാനും സംവിധാനമുണ്ടെങ്കില്‍ അതില്‍ പങ്കാളികളാവുകയാണ് അഭികാമ്യം. 

 

നിര്‍ബന്ധമാവുന്ന സമയം

ശവ്വാല്‍ ഒന്ന് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ നേരത്തെ സൂചിപ്പിച്ചവര്‍ക്ക് സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമായി. എന്നാല്‍ ഏറ്റവും ശ്രേഷ്ഠമായ സമയം പെരുന്നാള്‍ ദിനം പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പാകുന്നു. അത്‌പോലെ പെരുന്നാളിന്റെ ഒരു ദിവസമോ, രണ്ട് ദിവസമോ മുമ്പും കൊടുത്ത് വീട്ടല്‍ അനുവദനീയമാണ്. എന്നാല്‍ നമസ്‌കാരത്തിന് ശേഷം പിന്തിപ്പിക്കല്‍ അനുവദനീയമല്ല. ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീഥില്‍ ഇങ്ങനെ കാണാം:

''...ജനങ്ങള്‍ നമസ്‌കാരത്തിന് പോകുന്നതിന് മുമ്പ് അത് (ഫിത്വ്ര്‍ സകാത്ത്) കൊടുത്തു വീട്ടുവാന്‍ (പ്രവാചകന്‍ ﷺ ഞങ്ങളോട് കല്‍പിക്കുകയും ചെയ്തിരുന്നു'' (ബുഖാരി). 

പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം കൊടുത്താല്‍ അത് ഫിത്വ്ര്‍ സകാത്ത് ആവുകയില്ല, മറിച്ച് അത് ഒരു ദാനധര്‍മം മാത്രമെ ആവുകയുള്ളൂ. പ്രവാചകന്‍ ﷺ പറയുന്നു: 

''...ആരെങ്കിലുമത്  (സകാത്തുല്‍ ഫിത്വ്ര്‍) നമസ്‌കാരത്തിന് മുമ്പ് വിതരണം നടത്തിയാല്‍ അത് സകാത്തുല്‍ ഫിത്വ്ര്‍ ആകുന്നു, ആരെങ്കിലും അത് നമസ്‌കാരത്തിന് ശേഷമാണ് കൊടുത്തു വീട്ടുന്നതെങ്കില്‍ അത് ദാനങ്ങളില്‍ പെടുന്ന ഒരു ദാനം മാത്രമാണ് (അത് ഫിത്വ്ര്‍ സകാത്ത് ആവുകയില്ല)'' (അബൂദാവൂദ്). 

 

എന്താണ്, എത്രയാണ് കൊടുക്കേണ്ടത്?

ഒരു 'സ്വാഅ്' ഗോതമ്പ്, മുന്തിരി, പാല്‍കട്ടി, കാരക്ക എന്നിവയാണ് (അതാത് നാട്ടിലെ പ്രധാന ഭക്ഷ്യ വസ്തുക്കള്‍) കൊടുക്കേണ്ടത്. അത്‌പോലെ മനുഷ്യന്‍ ഭക്ഷിക്കുന്ന ഏത് ഭക്ഷ്യ പദാര്‍ഥങ്ങളും ഉപയോഗിക്കാവുന്നതാണ്. കാരണം അബൂസഈദുല്‍ ഖുദ്‌രി(റ) പറയുന്നു:

''ഞങ്ങള്‍ പ്രവാചക ﷺ ന്റെ കാലത്ത് പെരുന്നാള്‍ ദിനത്തില്‍ ഞങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഒരു 'സ്വാഅ്'ഫിത്വ്ര്‍ സകാത്തായി നല്‍കാറുണ്ടായിരുന്നു. ഞങ്ങളുടെ ഭക്ഷണം ഗോതമ്പോ, മുന്തിരിയോ, പാല്‍കട്ടിയോ, കാരക്കയോ ആയിരുന്നു'' (ബുഖാരി).

ആധുനിക കാലത്തെ കിലോയും സ്വാഉം തമ്മില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം. എന്നാല്‍ ഒരു മധ്യനിലവാരത്തിലുള്ള ധാന്യമാണെങ്കില്‍ ഒരു സ്വാഅ് ഏകദേശം 2.40 കിലോ ഗ്രാം വരും. 

 

ആര്‍ക്കാണ് നല്‍കേണ്ടത്?

മുസ്‌ലിംകളിലെ സാധുക്കള്‍ക്കാണ് നല്‍കേണ്ടത്. പ്രവാചകന്‍ ﷺ പറയുന്നു:

ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ''നോമ്പ്കാരനില്‍ വന്നിരിക്കുന്ന ചെറിയ വീഴ്ചകളെയും ചെറിയ പാപങ്ങളെയും ശുദ്ധീകരിക്കുവാനും, സാധുക്കള്‍ക്ക് ഭക്ഷണമായും പ്രവാചകന്‍ ﷺ ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കുകയുണ്ടായി' (അബൂദാവൂദ്). 

ഈ ഹദീഥിന്റെ അടിസ്ഥാനത്തില്‍ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നതും, മഹാന്മാരായ പണ്ഡിതന്മാര്‍ മനസ്സിലാക്കിയതും ഫിത്വ്ര്‍ സകാത്ത് സാധുക്കള്‍ക്കും ദരിദ്രര്‍ക്കുമാണ് നല്‍കേണ്ടത് എന്നാണ്. 

 

ധാന്യത്തിന് പകരം പണം കൊടുക്കല്‍ 

സകാത്തുല്‍ ഫിത്വ്‌റായി ഭക്ഷണത്തിന് പകരം പണം കൊടുക്കല്‍ സുന്നത്തിന് വിപരീതമാണ്. കാരണം പ്രവാചകന്‍ ﷺ യില്‍ നിന്നോ, സ്വാഹാബികളില്‍ നിന്നോ അങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടില്ല. മറിച്ച് ഹദീഥുകളില്‍ നിന്ന് വ്യക്തമാകുന്നത് ഭക്ഷണം നല്‍കണമെന്നാണ്. അന്ന് നിലവിലുണ്ടായിരുന്ന ഭക്ഷണങ്ങളുടെ പേരുകള്‍ പ്രവാചകന്‍ എടുത്ത് പറയുവാന്‍ അതാണ് കാരണം. അത്‌കൊണ്ട് തന്നെ അതിന്റെ വില നല്‍കിയാല്‍ ഫിത്വ്ര്‍ സകാത്ത് ശരിയാവില്ല എന്നര്‍ഥം. എന്നാല്‍ ഏതെങ്കിലും മഹല്ലുകളോ, ഇസ്‌ലാമിക സംഘങ്ങളോ ആളുകളില്‍ നിന്ന് ഫിത്വ്ര്‍ സകാത്തിന്റെ പണം സ്വരൂപിക്കുകയും എന്നിട്ട് അതിന് ഭക്ഷണ സാധനങ്ങള്‍ വാങ്ങി അവര്‍ എവിടെയാണോ താമസിക്കുന്നത് അവിടെയുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് അതിന്റെ സമയത്ത് തന്നെ വിതരണം ചെയ്യുകയുമാണെങ്കില്‍ അത് ശരിയാണ്; അതാണ് കൂടുതല്‍ ഫലപ്രദവും.