സഈദ്ബ്‌നു ആമിര്‍ അല്‍ജുമഹി

ഇര്‍ഫാന്‍ സ്വലാഹി

2018 മാര്‍ച്ച് 10 1439 ജുമാദില്‍ ആഖിറ 23

(ഭാഗം: 2)

(അവലംബം: ഡോ.അബ്ദുറഹ്മാന്‍ റഅ്ഫത് അല്‍ ബാഷായുടെ 'സ്വഹാബിമാരുടെ ജീവിതത്തില്‍ നിന്ന് എന്ന ഗ്രന്ഥം)

സഈദ്ബ്‌നു ആമിര്‍ മദീനയിലേക്ക് പലായനം ചെയ്തു. നബി ﷺ യുടെ കൂടെ നടന്നു. ഖൈബറുള്‍പ്പെടെ ശേഷമുള്ള എല്ലാ യുദ്ധങ്ങളില്‍ പങ്കെടുത്തു. നബി ﷺ  അദ്ദേഹത്തിന്റെ കാര്യത്തില്‍ പൂര്‍ണ സംതൃപ്തനായിരുന്നു. പ്രവാചകന്റെ മരണത്തിന് ശേഷം അബൂബക്കര്‍(റ)വിന്റെയും ഉമര്‍(റ)വിന്റെയും കൈകളിലെ ഊരിപ്പിടിച്ച വാളായി അദ്ദേഹം നിലകൊണ്ടു.

സത്യവിശ്വാസികള്‍ക്ക് സഈദ് എന്നും വേറിട്ട ഒരു ഉദാഹരണമാണ്. പരലോകത്തിന് വേണ്ടി ഇഹലോകത്തെ വിറ്റ പ്രവാചകന്റെ അനുയായി. മനുഷ്യമനസ്സിന്റെ സകല ആഗ്രഹങ്ങളെക്കാളും ശരീരത്തിന്റെ സര്‍വമോഹങ്ങളെക്കാളും അല്ലാഹുവിന്റെ തൃപ്തിക്ക് പ്രാധാന്യം നല്‍കിയ മഹാമനുഷ്യന്‍!

അദ്ദേഹത്തിന്റെ സത്യസന്ധതയും സൂക്ഷ്മതയും അബൂബക്കര്‍(റ)വിനും ഉമര്‍(റ)വിനും നന്നായി അറിയാമായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ പ്രാധാന്യപൂര്‍വം കേള്‍ക്കുമായിരുന്നു.

ഉമര്‍(റ)വിന്റെ ഭരണത്തിന്റെ ആദ്യകാലം. സഈദ്(റ) ഖലീഫയോട് പറഞ്ഞു: ''ഉമര്‍! ജനങ്ങളുടെ കാര്യത്തില്‍ താങ്കള്‍ അല്ലാഹുവിനെ ഭയപ്പെടുക. അല്ലാഹുവിന്റെ കാര്യത്തില്‍ ജനങ്ങളെ അങ്ങ് പേടിക്കരുത്. താങ്കളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ വൈരുധ്യമുണ്ടാകരുത്. കാരണം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സത്യപ്പെടുത്തുന്ന വാക്കാണ് ഏറ്റവും നല്ലത്. ഉമര്‍! അല്ലാഹു താങ്കളെ ഏല്‍പിച്ചിട്ടുള്ളവരുടെ കാര്യത്തില്‍ അവര്‍ സമീപസ്ഥരാണെങ്കിലും വിദൂരസ്ഥരാണെങ്കിലും ശരി-നിത്യ ശ്രദ്ധയുണ്ടാകണം. താങ്കള്‍ താങ്കള്‍ക്കും കുടുംബത്തിനും ഇഷ്ടപ്പെടുന്നത് അവര്‍ക്കുമുണ്ടാകാന്‍ ഇഷ്ടപ്പെടണം. അങ്ങേക്കും കുടുംബത്തിനും അങ്ങ് വെറുക്കുന്നത് അവരുടെ കാര്യത്തിലും വെറുക്കണം. പ്രതിസന്ധികളെ യഥാവിധി തരണം ചെയ്യുക. അല്ലാഹുവിന്റെ കാര്യത്തില്‍ ആരുടെയും ആക്ഷേപത്തെ അങ്ങ് ഭയപ്പെടരുത്.''

ഉമര്‍(റ) ചോദിച്ചു: ''സഈദേ, അങ്ങനെ ആര്‍ക്കാണ് സാധിക്കുക?''

അദ്ദേഹം പറഞ്ഞു:'''മുഹമ്മദ് നബി ﷺ യുടെ ഉമ്മത്തിന്റെ കാര്യം അല്ലാഹു ഏല്‍പിച്ചിട്ടുള്ള താങ്കളെ പോലെയുള്ളയാള്‍ക്ക് അതിന് സാധിക്കും, തീര്‍ച്ച! അങ്ങനെയുള്ളവര്‍ക്കും അല്ലാഹുവിനുമിടയില്‍ മറ്റാരുമില്ലല്ലോ.''

ഭരണനിര്‍വഹണത്തില്‍ ഉമര്‍(റ) സഈദി(റ)നോട് നിര്‍ണായകമായ ഒരു സഹായം ആവശ്യപ്പെട്ടു: ''സഈദേ, നാം താങ്കളെ ഹിംസ്വിലെ ജനങ്ങളുടെ കൈകാര്യം ഏല്‍പിക്കുന്നു.'''  

സഈദ്(റ) പറഞ്ഞു: ''ഉമര്‍! ദുന്‍യാവിലേക്ക് തിരിയുന്നവനായി താങ്കള്‍ എന്നെ തള്ളിവിടാതിരിക്കാന്‍ ഞാന്‍ അല്ലാഹുവോട് പ്രാഥിക്കുന്നു!'' 

ഉമര്‍(റ)വിന് കോപം വന്നു. അദ്ദേഹം പറഞ്ഞു:

''ഈ ഭരണം എന്റെ പിരടിയില്‍ വെച്ച് നിങ്ങള്‍ എന്നില്‍ നിന്നും ഒഴിഞ്ഞു മാറുകയാണോ? അല്ലാഹുവാണെ, ഞാന്‍ താങ്കളുടെ കാര്യത്തില്‍ പിന്നോട്ടുപോകില്ല.'''

അങ്ങനെ ഉമര്‍(റ) സഈദി(റ)നെ ഹിംസിലെ ഗവര്‍ണറായി നിയോഗിച്ചു. 

ജീവിത ചെലവിനായി ശമ്പളം നിശ്ചിക്കുവാന്‍ ഉമര്‍(റ) ഒരുങ്ങിയെങ്കിലും 'ബൈതുല്‍മാലില്‍ നിന്ന് എനിക്ക് ലഭിക്കുന്നത് എന്റെ ആവശ്യങ്ങള്‍ വര്‍ധിപ്പിക്കും''എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ അദ്ദേഹം ഹിംസ്വിലേക്ക് പോയി.

അല്‍പകാലം കഴിഞ്ഞു ഹിംസ്വില്‍ നിന്നും വിശ്വസ്തരായ ഒരു സംഘം ഖലീഫയുടെ അടുത്തെത്തി. 

ഉമര്‍(റ) അവരോട് പറഞ്ഞു: ''നിങ്ങള്‍ അവിടുത്തെ ദരിദ്രരുടെ പേരുകള്‍ എഴുതിത്തരിക. അവരുടെ ആവശ്യങ്ങള്‍ നമുക്ക് നിറവേറ്റിക്കൊടുക്കാം.'' ദരിദ്രരുടെ ലിസ്റ്റ് അവര്‍ തയ്യാറാക്കി. 

ഒന്ന്............, രണ്ട്: സഈദ്ബ്‌നു ആമിര്‍

ഉമര്‍: ''ആരാണ് ഈ സഈദ്ബ്‌നു ആമിര്‍?'' 

സംഘം: ''ഞങ്ങളുടെ ഭരണാധികാരി.''

ഉമര്‍: ''നിങ്ങളുടെ ഭരണാധികാരി ദരിദ്രനാണോ?''

സംഘം: ''അതെ, അല്ലാഹുവാണെ, നാളുകളോളം അദ്ദേഹത്തിന്റെ വീട്ടില്‍ തീ പുകയാറില്ല.'

ഉമര്‍ അത് കേട്ടപ്പോള്‍ കുറെ നേരം കരഞ്ഞു. അദ്ദേഹത്തിന്റെ താടിരോമങ്ങള്‍ കണ്ണീരില്‍ നനഞ്ഞു. ആയിരം ദീനാര്‍ ഒരു കിഴിയിലാക്കി അവരെ ഏല്‍പിച്ചിട്ട് അദ്ദേഹം പറഞ്ഞു: ''അദ്ദേഹത്തോട് എന്റെ സലാം പറയുക. താങ്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അമീറുല്‍ മുഅ്മിനീന്‍ തന്നതാണ് ഇത് എന്നും പറയുക.'''

പണക്കിഴിയുമായി ദൗത്യസംഘം സഈദിന്റെയടുത്തെത്തി, കിഴി തുറന്നു. ദീനാറുകള്‍! അത് തട്ടിമാറ്റി കൊണ്ട് അദ്ദേഹം പറഞ്ഞു:'''ഇന്നാലില്ലാഹി വ ഇന്നാ ഇലൈ റാജിഊന്‍.''' 

അദ്ദേഹത്തിന്റെ പത്‌നി ഞെട്ടിത്തരിച്ചു. സംഭവിച്ചതൊന്നും അറിയാത്ത അവര്‍ ചോദിച്ചു: ''അങ്ങേക്ക് എന്ത് പറ്റി? നമ്മുടെ ഖലീഫ മരണപ്പെട്ടോ?'' 

സഈദ്: ''അല്ല, അതിനെക്കാള്‍ ഗുരുതരമാണ് കാര്യം.''

പത്‌നി: ''മുസ്‌ലിംകള്‍ക്ക് വല്ല ആപത്തും സംഭവിച്ചോ?''

സഈദ്: ''അതിനെക്കാളും ഗുരുതരമാണ് കാര്യം.''

പത്‌നി: ''അതിനെക്കാളും ഗുരുതരം! അതെന്താണ്?''

സഈദ്: ''എന്റെ പരലോകം നഷ്ടപ്പെടുത്താന്‍, ദുനിയാവ് എന്നിലേക്ക് കടന്നുവന്നു, എന്റെ വീട്ടില്‍ കുഴപ്പമുണ്ടാകുന്നു.''

പത്‌നി: ''അതില്‍ നിന്നും താങ്കള്‍ രക്ഷപ്പെടുക.''

സഈദ്: ''നീ അതിന് എന്നെ സഹായിക്കുമോ?''

പത്‌നി: ''തീര്‍ച്ചയായും.''

അങ്ങനെ ആ സംഖ്യ പല കിഴികളിലാക്കി അവര്‍ പാവങ്ങള്‍ക്ക് വിതരണം ചെയ്തു. കൂടുതല്‍ കാലം കഴിഞ്ഞില്ല. ഖലീഫ ഉമര്‍ സിറിയയിലെ വീടുകകളും അവരുടെ സ്ഥിതിഗതികളും പരിശോധിക്കാന്‍ നേരിട്ട് ചെന്നു. അദ്ദേഹം ഹിംസ്വിലെത്തി. ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം ആരാഞ്ഞു:''നിങ്ങളുടെ അമീര്‍ എങ്ങനെയുണ്ട്?''

അമീറിന്റെ നാല് പ്രവര്‍ത്തന രീതികളെക്കുറിച്ച് അവര്‍ ഖലീഫയോട് പരാതികള്‍ നിരത്തി. അവയില്‍ ഓരോന്നും മറ്റൊന്നിനെക്കാള്‍ ഗുരുതമായിരുന്നു.

ഉമര്‍(റ) പറയുന്നു:'''ഞാന്‍ സഈദിനെയും അവരെയും ഒരുമിച്ചിരുത്തി. അദ്ദേഹത്തെക്കുറിച്ച് എനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. എന്റെ ധാരണകള്‍ തെറ്റാതിരിക്കാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു.'ഞാന്‍ അവരോട് ചോദിച്ചു:

'അമീറിനെ കുറിച്ച് നിങ്ങളുടെ പരാതിയെന്താണ്?'

ഹിംസ്വുകാര്‍: 'പകല്‍ കുറെ കഴിഞ്ഞിട്ടല്ലാതെ അദ്ദേഹം ഞങ്ങളിലേക്ക് വരികയില്ല.'

ഉമര്‍: 'സഈദ്, താങ്കള്‍ എന്ത് പറയുന്നു?'

സഈദ്: (അല്‍പ നേരം ഒന്നും പറഞ്ഞില്ല.) 'അല്ലാഹുവാണേ, അതിന്റെ കാരണം വെളിപ്പെടുത്താന്‍ എനിക്ക് ആഗ്രഹിമില്ല. എന്നാല്‍ ഇവിടെ അത് നിര്‍ബന്ധമായിരിക്കുന്നു. എന്റെ വീട്ടില്‍ വേലക്കാരനില്ല. എല്ലാ ദിവസവും രാവിലെ ഞാന്‍ റൊട്ടിക്കുള്ള മാവ് തയ്യാറാക്കും. അത് പാകപ്പെട്ട് വരുന്നതുവരെ അല്‍പ നേരം കാത്തിരുന്ന് റൊട്ടിയുണ്ടാക്കും. ശേഷം വുദൂഅ് ചെയ്ത് ജനങ്ങളുടെ കാര്യങ്ങളിലേക്കിറങ്ങും.'

ഉമര്‍: (ഹിംസ്വുകളോട്) 'വേറെയെന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്?'

ഹിംസ്വുകാര്‍:''ഇദ്ദേഹം രാത്രിയില്‍ ഒരാള്‍ക്കും മുഖം കൊടുക്കാറില്ല.'

ഉമര്‍: 'സഈദ്, എന്ത് പറയുന്നു?'

സഈദ്: 'ഇതും പുറത്തൊരാളോട് പറയുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാന്‍ എന്റെ പകല്‍ സമയം ജനങ്ങള്‍ക്കും രാത്രി എന്റെ റബ്ബിനും വേണ്ടി നീക്കിവെച്ചിരിക്കുന്നു.'

ഉമര്‍: 'വേറെയെന്താണ് നിങ്ങളുടെ പരാതി?'

ഹിംസ്വുകാര്‍: 'മാസത്തിലൊരു ദിവസം അദ്ദേഹം തീരെ പുറത്തിറങ്ങാറില്ല.'

ഉമര്‍: 'ഇതെന്താണ് സഈദേ?'

സഈദ്: 'അമീറുല്‍ മുഅ്മിനീന്‍, എനിക്ക് വേലക്കാരനില്ല. ഞാന്‍ ഉടുത്ത ഈ വസ്ത്രമല്ലാതെ മറ്റു വസ്ത്രങ്ങളുമില്ല. അത് അലക്കിയുണങ്ങും വരെ ഞാന്‍ കാത്തിരിക്കും. അന്ന് പകലിന്റെയവസാനം ഞാന്‍ പുറത്തിറങ്ങുകയും ചെയ്യും.'

ഉമര്‍: 'വേറെ വല്ലതും?'

ഹിംസ്വുകാര്‍: 'ചിലപ്പോള്‍ അദ്ദേഹത്തെ ഒരു ബോധക്ഷയം പിടികൂടും. അങ്ങനെ അദ്ദേഹം സദസ്സില്‍ നിന്ന് അപ്രത്യക്ഷനാകും.'

ഉമര്‍: 'സഈദ്, ഇതെന്തുകൊണ്ടാണ്?'

സഈദ്: 'അത്.... ഞാന്‍ ബഹുദൈവവിശ്വാസിയായിരിക്കെ ഖുബൈ്ബ്‌നു അദിയ്യ്(റ)ന്റെ വധത്തിന് സാക്ഷിയായിട്ടുണ്ട്. ക്വുറൈശികള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് മാംസം മുറിച്ചെടുക്കുമ്പോള്‍ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു; നിന്റെ സ്ഥാനത്ത് മുഹമ്മദ് ആയിരിക്കാന്‍ നീ ആഗ്രഹിക്കുന്നില്ലേ? അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണെ, മുഹമ്മദ് ﷺ ക്ക് ഒരു മുള്ള് തറക്കുകയും ഞാന്‍ എന്റെ കുടുംബത്തില്‍ മക്കളോടൊപ്പം നിര്‍ഭയനായിരിക്കുകയും ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല...' അല്ലാഹുവാണെ, ആ ദിവസത്തെ ഞാന്‍ ഓര്‍ക്കുമ്പോഴെല്ലാം അന്ന് അദ്ദേഹത്തെ സഹായിക്കാന്‍ കഴിയാതെ പോയതില്‍ അല്ലാഹു എനിക്ക് പൊറുത്തുതരാതിരിക്കുമോ എന്ന ചിന്ത എന്നെ വേട്ടയാടും. അപ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്.

ഉമര്‍: 'സഈദിനെക്കുറിച്ചുള്ള എന്റെ ധാരണകള്‍ തെറ്റിക്കാതിരുന്ന അല്ലാഹുവിനാകുന്നു സര്‍വസ്തുതികളും.'

തന്റെ അത്യാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഖലീഫ ആയിരം ദീനാര്‍ അദ്ദേഹത്തിന് നല്‍കി. പ്രിയ പത്‌നി അത് കണ്ടപ്പോള്‍ ഇങ്ങനെ പറഞ്ഞു: താങ്കള്‍ക്ക് സേവനം ചെയ്യാന്‍ ധന്യത നല്‍കിയ അല്ലാഹുവിന് സ്തുതി. നമുക്ക് ഭക്ഷണം വാങ്ങുകയും വേലക്കാരനെ ഏര്‍പെടുത്തുകയും ചെയ്യാം.'

സഈദ്: 'അതിനെക്കാള്‍ മെച്ചപ്പെട്ടതായി ഒന്നുമില്ലേ?'

പത്‌നി: 'അതെന്താണ്?'

സഈദ്: 'നമ്മുടെയടുത്തേക്ക് വരുന്നവര്‍ക്ക് നമുക്കത് നല്‍കാം. അതാണ് നമ്മുടെ ഏറ്റവും വലിയ ആവശ്യം.'

പത്‌നി: 'അത് എങ്ങനെയാണ്?'

സഈദ്: 'ആവശ്യക്കാരെ സഹായിക്കുന്നതിലൂടെ നാം അല്ലാഹുവിന് ഏറ്റവും നല്ല കടം നല്‍കുകയാണ് ചെയ്യുന്നത്.'

പത്‌നി: 'ശരിയാണ്, ധാരാളം നന്മകള്‍ പ്രതിഫലമായി പകരംലഭിക്കുമല്ലോ.'

ആ ദീനാറുകള്‍ മുഴുവന്‍ കിഴികളിലാക്കിയ ശേഷം മാത്രമാണ് അദ്ദേഹം അവിടെ നിന്ന് എഴുന്നേറ്റത്. എന്നിട്ട് കുടുംബക്കാരില്‍ ഒരാളോട് വിളിച്ച് ഇങ്ങനെ നിര്‍ദേശം നല്‍കി: 'ഇത് ഇന്ന വ്യക്തിയുടെ വിധവക്ക്, ഇത് ഇന്നയിന്ന അനാഥര്‍ക്ക്, ഇത് ഇന്ന വ്യക്തിയുടെ കുടുംബത്തിലെ പാവപ്പെട്ടവര്‍ക്ക്, ഇത് ഇന്ന വ്യക്തിയുടെ കുടുംബത്തിലെ ദരിദ്രര്‍ക്ക്...''

അതെ, സഈദ്ബ്‌നു ആമിറിനെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. ശക്തമായ ദാരിദ്ര്യമുണ്ടായിട്ട് പോലും സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയവരില്‍ പെട്ടവനായിരുന്നു അദ്ദേഹം.

0
0
0
s2sdefault