സ്വൂഫീ വിഭാഗത്തിന്റെ പരിഭാഷകള്‍

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി

2018 ഒക്ടോബര്‍ 27 1440 സഫര്‍ 16

വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 7)

കഴിഞ്ഞ ലക്കത്തില്‍ നാം സൂചിപ്പിച്ചപോലെ, വികല തര്‍ജമകള്‍ വിശുദ്ധ ക്വുര്‍ആനിനെ വേട്ടയാടുകയായിരുന്നു. പിഴച്ച കക്ഷികളെല്ലാം ആശയവിവര്‍ത്തനത്തിലൂടെ തങ്ങളുടെ വികല ചിന്തകളുടെ വിഷം ചീറ്റുവാനുള്ള ഫലഭൂയിഷ്ഠമായ വേദിയായി വിശുദ്ധ ക്വുര്‍ആനിനെ കണ്ടു. 

ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ വ്യാപനമാരംഭിച്ച സ്വൂഫീചിന്തകള്‍ ഇറാഖ്, പേര്‍ഷ്യ, ഇന്ത്യ എന്നീ നാടുകളിലൂടെ അതിന്റെ പ്രയാണം തുടങ്ങി. വളരെ മുമ്പ് തന്നെ മുഗിളര്‍, ഗസ്‌നവികള്‍ തുടങ്ങിയ ജേതാക്കളിലൂടെ കേരളത്തിലും പ്രവേശിച്ചിട്ടുണ്ട്. എത്രത്തോളമെന്നാല്‍ സ്വൂഫീചിന്തയുടെ കാരണവന്മാരിലൊരാളായ, ഹിജ്‌റ 309ല്‍ മരണപ്പെട്ട, ഹുസൈന്‍ മന്‍സൂര്‍ അല്‍ഹല്ലാജ് ഇന്ത്യയെ ലക്ഷ്യമിടുകയും അവിടുത്തെ ജനങ്ങളെ സ്വൂഫിസത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. 

അജ്ഞത അടക്കിവാഴുകയും വിശുദ്ധ ക്വുര്‍ആനിലും സുന്നത്തിലും പണ്ഡിതന്മാര്‍ക്ക് വിവരം നഷ്ടപ്പെടുകയും ചെയ്ത നാടുകളിലെല്ലാം സ്വൂഫീ ചിന്തകള്‍ക്ക് വലിയ സ്വാധീനമുണ്ടായിട്ടുണ്ട്. എന്നാല്‍ മലബാറാകട്ടെ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പിഴച്ച സ്വൂഫീ ചിന്തകളുടെ വളരെ കുറഞ്ഞ സ്വാധീനമുള്ള നാടുകളില്‍ ഒന്നാണ്. പക്ഷേ, സലഫുസ്സ്വാലിഹുകളുടെ മാര്‍ഗമവംലംബിച്ച് ഹദീഥ് വിജ്ഞാനത്തില്‍ വ്യാപൃതരായിരുന്ന പണ്ഡിതരുടെ അഭാവം പില്‍കാലത്ത് മുസ്‌ലിം അണികളില്‍ വലിയ വിടവും ച്യുതിയും ഉണ്ടാക്കി. തന്നിഷ്ടക്കാരായ സ്വൂഫികള്‍ ഈ അവസരം നന്നായി മുതലെടുത്തു. അവരുടെ തരംതാഴ്ന്ന അഭിപ്രായങ്ങളും ന്യൂനമായ ചിന്തകളും അവര്‍ വ്യാപിപ്പിച്ചു. സുന്നീ വിഭാഗത്തില്‍പെട്ട ചിലര്‍ അവരില്‍ ആകൃഷ്ടരാവുകയും അവരുടെ അധ്യാപനങ്ങള്‍ പഠിച്ചു വളരുകയും ചെയ്തു. 

പരിഭാഷകളുടെ ലോകം വികസിക്കുകയും എല്ലാവരും തങ്ങളാലാവുന്നത് നിര്‍വഹിക്കുകയും ചെയ്തപ്പോള്‍ സ്വൂഫീ കലാലയങ്ങളില്‍ പഠിതാക്കളായ ചിലര്‍ ഇബ്‌നു അറബിയെ പോലുള്ള സ്വൂഫീശൈഖുമാരുടെ ഗ്രന്ഥങ്ങളില്‍ ചടഞ്ഞുകൂടി. സുന്നീ വിഭാഗത്തില്‍ നിന്നും ഈ കെണിയില്‍ കൂപ്പുകുത്തിയ എഴുത്തുകാരനാണ് കെ.വി.എം.പന്താവൂര്‍. സ്വൂഫീ ഗ്രന്ഥങ്ങള്‍ പഠിച്ച ഒരു കവിയായിരുന്നു അയാള്‍. വിശുദ്ധ ക്വുര്‍ആനിലും സുന്നത്തിലും വേണ്ടത്ര വിവരം അയാള്‍ക്കുണ്ടായിരുന്നില്ലെന്നാണ് മനസ്സിലാകുന്നത്. സൂഫീ ചിന്തകള്‍ പ്രചരിപ്പിക്കുന്നതില്‍ സ്വതന്ത്രമായ ഒരു പരിഭാഷ എന്ന നിലയ്ക്ക് കേരളക്കരയിലെ ആ ഇനത്തില്‍ പെട്ട പ്രഥമ പരിഭാഷയായിട്ടാണ് അയാളുടെ തര്‍ജമ ഗണിക്കപ്പെടുന്നത്. തനി സ്വൂഫിസം നിറഞ്ഞ തന്റെ പരിഭാഷയിറക്കാന്‍ നല്ലശ്രമങ്ങള്‍ കെ.വി.എം. നടത്തിയിട്ടുണ്ട്. തന്റെ പരിഭാഷക്ക് 'അത്തഫ്‌സീറുല്‍ ബാത്വിനി ലില്‍ ക്വുര്‍ആനില്‍ കരീം' എന്ന് പേരിടുകയും 1991ല്‍ അതിന്റെ ഒന്നും രണ്ടും വാല്യങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. തന്റെ പരിഭാഷയിലൂടെ വിശുദ്ധ ക്വുര്‍ആനിന് ആന്തരികവും (ബാത്വിന്‍) ബാഹ്യവുമായ (ളാഹിര്‍) രണ്ട് വശമുണ്ടെന്ന് അയാള്‍ ജല്‍പിച്ചു. വിശുദ്ധ ക്വുര്‍ആനിന്റെ ഓരോ അക്ഷരവും ചില രഹസ്യങ്ങളും നിഗൂഢതകളും ഉള്‍ക്കൊള്ളുന്നു, അത് സ്വൂഫികള്‍ക്കേ മനസ്സിലാകൂ എന്ന വികലവാദവും അയാളുടെ ജല്‍പനങ്ങളിലുണ്ടായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വൂഫീ ശൈഖായ ഇബ്‌നു അറബിയുടെ 'അത്തഫ്‌സീറുല്‍ കബീര്‍' എന്ന വിശുദ്ധ ക്വുര്‍ആന്‍ വിവരണം ഇരുപതു വാല്യങ്ങളിലായി പരിഭാഷപ്പെടുത്തണം എന്നതായിരുന്നു അയാളുടെ തീരുമാനം. പക്ഷേ, അയാള്‍ക്കതിന്ന് സാധിച്ചില്ല. അല്ലാഹുവേ നിനക്ക് സ്തുതി. 

പ്രസ്തുത പരിഭാഷക്ക് 148 പേജുകളുള്ള ഒരു ആമുഖം കെ.വി.എം. പന്താവൂര്‍ തയ്യാറാക്കി. സ്വൂഫി ശൈഖുല്‍ അക്ബര്‍ ഇബ്‌നു അറബിയുടെ ജീവിതം അതില്‍ വിവരിക്കുകയും സ്വൂഫിയ്യത്തിന്റെ പുത്തന്‍ നിര്‍മിത സാങ്കേതിക പദങ്ങള്‍ അതില്‍ വിശദീകരിക്കുകയും ചെയ്തു. 

പ്രസ്തുത പരിഭാഷയുടെ ഒന്നാം ഭാഗം സൂറതുല്‍ ഫാത്വിഹയുടെയും സൂറത്തുല്‍ ബക്വറയുടെ ഏതാനും ഭാഗങ്ങളുടെയും ആശയവിവര്‍ത്തനം ഉള്‍കൊള്ളുന്നു. രണ്ടാം ഭാഗമാകട്ടെ അല്‍ബക്വറയുടെ ബാക്കി ഭാഗത്തിന്റെയും സൂറഃ ആലു ഇംറാനിന്റെയും തര്‍ജമ ഉള്‍കൊള്ളുന്നു. 1992ല്‍ പ്രസ്തുത തര്‍ജമയുടെ മൂന്നും നാലും ഭാഗങ്ങള്‍ പുറത്തിറങ്ങി. എല്ലാ ഭാഗങ്ങളിലും 500 പേജുകള്‍ വീതമുണ്ട്. 

മറ്റു വാള്യങ്ങള്‍ പുറത്തിറക്കുന്നത് കെ.വി.എം. പന്താവൂര്‍ നിര്‍ത്തിവെച്ചു. സ്വൂഫീ പ്രസ്ഥാനത്തിന്റെ അണികളില്‍പ്പെട്ട മിക്കവരും അദ്ദേഹത്തിനെതിരില്‍ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടു എന്നതിനാലായിരുന്നു അത്. സ്വൂഫീ ചിന്തകളും അവ വഹിക്കുന്ന, ഉലൂമ്(ജ്ഞാനങ്ങള്‍), മുകാശഫാത്(വെളിപാടുകള്‍) അസ്‌റാര്‍ (രഹസ്യങ്ങള്‍) തുടങ്ങിയ ഗൂഢമായ ആശയങ്ങളും പണ്ഡിതന്മാരുടെയും പാമരന്മാരുടെയും മുമ്പില്‍ ഒരുപോലെ വിവരിക്കാന്‍ സാധ്യമല്ലാത്തതാണ് അതിന് കാരണം. 'അവയില്‍ മിക്കതും സ്വൂഫി ശൈഖുമാര്‍ക്ക് മാത്രം ഗ്രാഹ്യമായവയാണ്. കൂടാതെ വിവരണവും വിവര്‍ത്തനവും സൂഫീ ചിന്തകളെ വികൃതമാക്കുകയും ചെയ്യും' എന്ന ചിന്തയും സ്വൂഫികളില്‍നിന്നുള്ള വിമര്‍ശനത്തിന് കാരണമായിത്തീര്‍ന്നു. പന്താവൂരിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍, പ്രസ്തുത പരിഭാഷ നിര്‍ത്തിവെക്കാനുള്ള കാരണം സ്വൂഫീ ചിന്തകളുടെ വിശുദ്ധിക്ക് പോറലേല്‍ക്കുമോ എന്ന ഭയപ്പാടായിരുന്നു. അല്ലാതെ, വിശുദ്ധ ക്വുര്‍ആനിന്റെ വിശുദ്ധിയെ തന്റെ പിഴച്ച, തലതിരിഞ്ഞ ചിന്തകള്‍കൊണ്ട് മലീമസമാക്കാന്‍ താന്‍ ഉദ്ദേശിച്ചുവല്ലോ എന്ന ഭയപ്പാടായിരുന്നില്ല. 

ഹൃദയങ്ങളെയും ചിന്തകളെയും മാറ്റിമറിക്കുന്നവനായ അല്ലാഹുവേ, നീ പരമ പരിശുദ്ധന്‍. മുന്നിലോ പിന്നിലോ യാതൊരു തെറ്റും വരാത്ത വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിച്ച അല്ലാഹുവേ നീയാകുന്നു വിശുദ്ധന്‍. സ്തുത്യര്‍ഹനും തത്ത്വജ്ഞനുമായവനില്‍ നിന്ന് അവതീര്‍ണമായതാകുന്നു വിശുദ്ധ ക്വുര്‍ആന്‍. 

മലയാള പരിഭാഷകളില്‍ അശ്അരീ ത്വരീക്വത്തിന്റെ സ്വാധീനം

വിവിധ നൂറ്റാണ്ടുകളില്‍ ശാഫിഈ മദ്ഹബുകാരായ അറബികളിലെ ഹദ്‌റമികള്‍ കേരളത്തിലേക്ക് വന്ന കാലം മുതല്‍ അശ്അരിയത്ത് കേരളത്തില്‍ പ്രസിദ്ധമായി. അശ്അരികളായ ഭൂരിപക്ഷം മുസ്‌ലിംകളെയും നയിച്ച ചിന്ത ഇമാം അബുല്‍ഹസന്‍ അല്‍ അശ്അരിയുടെ മദ്ഹബ് പ്രകാരം അല്ലാഹുവിന്റെ നാമവിശേഷണങ്ങളെ വ്യാഖ്യാനിക്കാം എന്നതായിരുന്നു. അതിനാല്‍ ഗ്രന്ഥ രചനകള്‍ പൊതുവിലും വിശുദ്ധ ക്വുര്‍ആന്‍ വിവരണങ്ങള്‍ വിശേഷിച്ചും നടത്തിയിരുന്നത് ആക്ഷേപാര്‍ഹമായ വ്യാഖ്യാനങ്ങള്‍ കൊണ്ടായിരുന്നു. 

ഇവിടെ, അശ്അരി വിഭാഗത്തിലേക്ക് ചേര്‍ത്ത് പറയപ്പെടുന്ന, പലര്‍ക്കും അറിയാതെ പോയ ഒരു യാഥാര്‍ഥ്യത്തിലേക്ക് വെളിച്ചം വീശാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അഥവാ ഇമാം അബുല്‍ഹസന്‍ അല്‍ അശ്അരി(റഹ്) താന്‍ കൊണ്ടുനടന്ന മുഅ്തസലിയത്തിന്റെയും മുഅത്വിലയുടെയും മറ്റും ബിദ്ഈ ചിന്തകളില്‍നിന്ന് പശ്ചാത്തപിച്ച് മടങ്ങുകയും പ്രസ്തുത തൗബ തന്റെ 'അല്‍ ഇബാന അന്‍ ഉസ്വൂലിദ്ദിയാ നഃ' എന്ന ഗ്രന്ഥത്തില്‍ വിളംബരം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇമാം ഹാഫിദ് ഇബ്‌നുല്‍ അസാകിര്‍ തന്റെ 'തബ്‌യീനു കദ്ബില്‍ മുഫ്തരീ...' എന്ന ഗ്രന്ഥത്തില്‍ ഈ യാഥാര്‍ഥ്യം വ്യക്തമാക്കുന്നുണ്ട്. അതുപോലെ, അല്ലാഹുവിന്റെ നാമവിശേഷണങ്ങളിലുള്ള അബുല്‍ഹസന്‍ അല്‍അശ്അരി(റ)യുടെ വീക്ഷണം സലഫുസ്സ്വാലിഹുകളുടെയും പ്രമാണിക പണ്ഡിതരുടേയും വീക്ഷണത്തോട് യോജിച്ചതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അഥവാ അല്ലാഹുവും നബിﷺയും അല്ലാഹുവിന്ന് എന്തെല്ലാം നാമങ്ങളും വിശേഷണങ്ങളും സ്ഥിതീകരിച്ചുവോ അത് നിഷേധിക്കാതെ, രൂപപ്പെടുത്താതെ, സാദ്യശ്യപ്പെടുത്താതെ അല്ലാഹുവിന്ന് സ്ഥിരീകരിക്കുക എന്ന മാര്‍ഗം. അതാണല്ലോ അല്ലാഹു വിശുദ്ധ ക്വുര്‍ആനില്‍ പറഞ്ഞതും:

''അവന്ന് തുല്യമായി യാതൊന്നുമില്ല. അവനെല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു.'' (ക്വുര്‍ആന്‍ 42:11). 

അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃയുടെ, അഥവാ സലഫികളുടെ പരിഭാഷകളൊഴിച്ചുള്ള മിക്ക കക്ഷികളുടെയും പരിഭാഷകളിലെല്ലാം ''പരമ കാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു'' (ക്വുര്‍ആന്‍ 20:05) എന്ന സൂക്തത്തിലെ 'സിംഹാസനസ്ഥനായ' എന്ന വിശേഷണത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. 

ഇത്തരം വചനങ്ങളില്‍ സലഫുസ്സ്വാലിഹുകളുടെ മാര്‍ഗത്തെയാണ് അബുല്‍ ഹസന്‍ അല്‍അശ്അരി(റഹ്)യും മാര്‍ഗമായി സ്വീകരിച്ചതെന്ന് ഇക്കൂട്ടര്‍ അറിഞ്ഞിരുന്നുവെങ്കില്‍ യഥാര്‍ഥ വഴിയിലേക്കവര്‍ മടങ്ങുമായിരുന്നു. ഇമാം അബുല്‍ ഹസന്‍ അല്‍അശ്അരി(റഹ്) പറയുന്നു: ''ഒരാള്‍ 'സിംഹാസനസ്ഥനാവുക' എന്നതിനെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു എന്നു ചോദിച്ചാല്‍, ഞാന്‍ അവരോടു പറയും: 'നിശ്ചയം അല്ലാഹു അവന്റെ സിംഹാസനത്തില്‍ ഉപവിഷ്ഠനാണ്. അല്ലാഹു പറഞ്ഞപോലെ; 'പരമ കാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു.''

ഇമാം മാലികി(റഹ്)ന്റെ വാക്കും ഈ വിഷയത്തില്‍ പ്രസിദ്ധമാണ്. ഒരാള്‍, അല്ലാഹു സിംഹാസനസ്ഥനായി എന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇമാം മാലിക്(റഹ്) പറഞ്ഞു: 'സിംഹാസനസ്ഥനായി എന്നത് (ക്വുര്‍ആനിലൂടെയും ഹദീഥിലൂടെയും) അറിയപ്പെട്ട കാര്യമാണ്. എങ്ങനെയെന്നത് അജ്ഞാതമാണ്. അത് വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. ചോദ്യം ചെയ്യല്‍ ബിദ്അത്താണ്. നിന്റെ തട്ടിക്കയറിയുള്ള ഈ ചോദ്യത്തിലൂടെ നീയൊരു പിഴച്ചവനായിട്ടാണ് ഞാന്‍ കരുതുന്നത്.'' താര്‍ക്കികനായതിനാല്‍ പിന്നീട് അയാളെ ഇമാമിന്റെ കല്‍പന പ്രകാരം പുറത്താക്കുകയാണുണ്ടായത്. 

വിവര്‍ത്തന രംഗത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ പങ്ക്

മലയാള ഭാഷയില്‍ വിശുദ്ധ ക്വുര്‍ആനിന് പരിപൂര്‍ണമായ ആശയവിവര്‍ത്തനം ജമാഅത്തെ ഇസ്‌ലാമിക്ക് ഉള്ളതായി ഞാനറിഞ്ഞിട്ടില്ല. ഒരു സംഘം നിപുണരായ എഴുത്തുകാര്‍ ശൈഖ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ 'തഫ്ഹീമുല്‍ ക്വുര്‍ആന്‍' പരിഭാഷ ഉറുദുവില്‍നിന്ന് മലയാളത്തിലേക്ക് 'ക്വുര്‍ആന്‍ ഭാഷ്യം' എന്ന പേരില്‍ ഭാഷാന്തരം നടത്തുകയാണ് ചെയ്തത്. പ്രസ്തുത പരിഭാഷ അറബിയില്‍നിന്ന് നേരിട്ടുള്ളതല്ല, പ്രത്യുത പരിഭാഷയുടെ പരിഭാഷയാണ്. അമാനുഷികമായ അല്ലാഹുവിന്റെ വചനങ്ങള്‍ പ്രഥമവിവര്‍ത്തനത്തിന് വിധേയമാകുമ്പോള്‍ തന്നെ അതിന്റെ സ്വാധീനം നേര്‍ത്തുപോകുമെന്നത് സുവിദിതമാണല്ലോ. എന്നാല്‍ പരിഭാഷതന്നെ വീണ്ടുമൊരു ഭാഷാന്തരത്തിന് വിധേയമായാല്‍ ഉദ്ദിഷ്ട ആശയനിര്‍വഹണത്തില്‍ അത് തീര്‍ത്തും ദുര്‍ബലമാകും. 

'ക്വുര്‍ആന്‍ ഭാഷ്യം' ആറ് വാള്യങ്ങളില്‍ 1972-1998 കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 

ടി.കെ. ഉബൈദ് സാഹിബിന്റെ പരിഭാഷ

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ 'തഫ്ഹീമുല്‍ ക്വുര്‍ആന്‍' എന്ന ഉറുദു പരിഭാഷയുടെ ഉള്ളടക്കം രത്‌നച്ചുരുക്കമാക്കി രചിക്കുകയാണ് ടി. കെ. ഉബൈദ് സാഹിബ് ചെയ്തത്. അദ്ദേഹം പ്രസ്തുത സംഗ്രഹം ഒരു വാള്യത്തിലാക്കി ചുരുക്കി. 

ആമുഖക്കുറിപ്പില്‍ ടി. കെ. ഉബൈദ് സാഹിബ് പറയുന്നു: ''തന്റെ പരിഭാഷ ഒരിക്കലും വിശുദ്ധ ക്വുര്‍ആനിന്റെ പദാനുപദ വിവര്‍ത്തനമല്ല. പ്രത്യുത മൗദൂദി സാഹിബിന്റെ 'തഫ്ഹീമുല്‍ ക്വുര്‍ആനില്‍' വന്ന ചിന്തകള്‍ കൂട്ടി വെക്കുകയും സാഹിത്യ സൗന്ദര്യത്തോടെ അതിനെ വാര്‍ത്തെടുക്കുകയും പ്രസ്താവനാ രൂപത്തില്‍ ഓരോ സംഘം ആയത്തുകള്‍ക്ക് താഴെ അവ ചേര്‍ക്കുകയും ചെയ്തതാണ്. ചിലപ്പോഴെല്ലാം പത്ത് ആയത്തുകളുടെ ഉള്ളടക്കം ഒരിടത്ത് തന്നെ ആയത്ത് നമ്പറോ ഇന്ന ആയത്തിന്റെ അര്‍ഥമെന്നോ നിര്‍ണയിക്കാതെ നല്‍കപ്പെട്ടിട്ടുണ്ട്.'' 

ഈ പരിഭാഷയും മറ്റു പരിഭാഷകളെപോലെ നേരിട്ട് വിശുദ്ധ ക്വുര്‍ആനിന്റെ ആശയ വിവര്‍ത്തനമല്ല പ്രത്യുത ഉറുദുവിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ട പരിഭാഷയുടെ നവീനശൈലിയിലുള്ള പരിഭാഷയാണ്.  ഭാഷയിലും കോര്‍വയിലും പരിഭാഷകന്‍ നിപുണനാണെങ്കിലും വായനക്കാരന്‍ ഒരു ആയത്തിന്റെ അര്‍ഥം തിരഞ്ഞ് പിടിച്ച് പഠിക്കാന്‍ നോക്കിയാല്‍ പ്രയാസം നേരിടും. പ്രസ്തുത പരിഭാഷ 1988-ല്‍ പ്രസാധനം ചെയ്യപ്പെട്ടു. 

ക്വുര്‍ആനിന്റെ തണലില്‍

ജമാഅത്തെ ഇസ്‌ലാമിയിലേക്ക് ചേര്‍ത്ത് പറയപ്പെടുന്ന ശൈഖ് വി. എസ്. സലീമും ശൈഖ് കുഞ്ഞിമുഹമ്മദ് സാഹിബും സയ്യിദ് ക്വുതുബിന്റെ 'ഫീദിലാലില്‍ ക്വുര്‍ആന്‍' എ ന്ന വിശുദ്ധ ക്വുര്‍ആന്‍ വിവരണം 'ക്വുര്‍ആനിന്റെ തണലില്‍' എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. 1995-ല്‍ പ്രസ്തുത പരിഭാഷയുടെ നാല് വാള്യങ്ങള്‍ പുറത്തിറങ്ങി. 

ഈ പരിഭാഷകള്‍ എല്ലാം തന്നെ നമ്മുടെ പഠനവ്യത്തത്തില്‍നിന്ന് പുറത്താണ്. കാരണം അവയൊന്നും വിശുദ്ധ ക്വുര്‍ആനിന്റെ നേരിട്ടുള്ള ആശയവിവര്‍ത്തനത്തില്‍ ശ്രദ്ധയൂന്നിയിട്ടില്ല. അതിനാല്‍ തന്നെ നാംഅവയെപ്പറ്റി ആഴത്തിലുള്ള ഒരു വിശകലനത്തിന് മുതിരാതെ സൂചനയില്‍ മാത്രം ഒതുക്കുകയാണ്. വിശുദ്ധ ക്വുര്‍ആന്‍ മലയാളത്തിലേക്കുള്ള ഭാഷാന്തരീകരണ രംഗത്തെ വികാസം വിവരിക്കാന്‍ മാത്രമാണ് ഇവയെ ല്ലാം എടുത്തുപറഞ്ഞത്.

വിശുദ്ധ കുര്‍ആന്‍ വിവര്‍ത്തന രംഗത്ത് പങ്കാളിത്തം വഹിച്ചവരില്‍ നാം മുമ്പ് സൂചിപ്പിച്ച പ്രൊ. ടി. കെ. ഉബൈദ് സ്വാഹിബിന്റെ 'ക്വുര്‍ആന്‍ ബോധനം' എന്ന വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയുടെ ഒന്നാം വാള്യം ഈയിടയായി എനിക്ക് ലഭിച്ചു. ജമാഅത്തെ ഇസ്‌ലാമിയിലേക്ക് ചേര്‍ത്ത് വിളിക്കപ്പെടുന്നവരില്‍ നിന്നുള്ള സമ്പൂര്‍ണ ക്വുര്‍ആന്‍ പരിഭാഷയുടെ പ്രഥമഘട്ടമാണെന്നതിനാല്‍ അത് നമ്മുടെ ഈ പഠനത്തിന്റെ ഭാഗമാണ്. 

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി സ്വന്തമായി ആവിഷ്‌കരിക്കുകയും പ്രബോധനം നടത്തുകയും ചെയ്യുന്ന ചിന്തകളെയും അഭിപ്രായങ്ങളെയും വ്യക്തമാക്കാന്‍ കേരളക്കരയില്‍ നടത്തുന്ന ശ്രമങ്ങളില്‍ പെട്ടതാണ് പ്രസ്തുത തര്‍ജമ. അത് മലയാള ഭാഷയിലുള്ള ജമാഅത്തിന്റെ സ്വതന്ത്രവും പ്രഥമവുമായ പരിഭാഷയാണ്. 

പ്രസ്തുത പരിഭാഷയുടെ ഒന്നാം വാള്യത്തിലൂടെ ഒരു മിന്നല്‍ പരിശോധന നടത്തിയപ്പോള്‍; വിവര്‍ത്തകന്‍ ടി.കെ. ഉബൈദ് സ്വാഹിബ് തന്റെ തര്‍ജമയില്‍ സരളമായ ശൈലി നല്‍കിയിട്ടും വ്യാഖ്യാതാക്കളുടെ അഭിപ്രായങ്ങള്‍ വ്യാപകമായി പ്രതിപാദിച്ചിട്ടും അറബീ മൂലപദങ്ങള്‍ക്ക് സംക്ഷിപ്തവും വിശദവുമായ അര്‍ഥകല്‍പന നല്‍കിയിട്ടും ഇതരവിവര്‍ത്തകര്‍ക്ക് സംഭവിച്ചത് പോലെ അദ്ദേഹത്തിനും വീഴ്ച വന്നു. അഥവാ അക്വ്‌ലാനികളുടെയും തത്ത്വചിന്തകരുടെയും ചിന്തകളില്‍ അദ്ദേഹം ആക്യഷ്ടനാവുകയും തനിക്കിഷ്ടപ്പെട്ട അഭിപ്രായം അവയാണെന്ന് വരുത്തിതീര്‍ക്കും വിധം മിക്കപ്പോഴും മുഖ്യപരിഗണന അത്തരം അഭിപ്രായങ്ങള്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. 

നമുക്ക് വ്യക്തമായിടത്തോളം വീഴ്ചയുടെ കാരണം; അദ്ദേഹം പൂര്‍വികരുടെ അഭിപ്രായങ്ങളും ഗ്രന്ഥങ്ങളും നോക്കാതെ സമകാലീനരായ വിവര്‍ത്തകരുടെ പരിഭാഷകളെ അവലംബിക്കാന്‍ തുനിഞ്ഞു എന്നതാണ്. (അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍). ഇമാം ഇബ്‌നുജരീര്‍, ഇമാം ഇബ്‌നു അബീ ഹാതിം, ഇമാം ബഗവി, ഇമാം ഇബ്‌നു കഥീര്‍ തുടങ്ങിയ പൂര്‍വസൂരികളുടെ അവലംബയോഗ്യമായ ഗ്രന്ഥങ്ങളിലേക്ക് മടങ്ങലും അവയെ അവലംബമാക്കലും അനിവാര്യമാണെങ്കില്‍ മാത്രം പില്‍കാലക്കാരുടെ വിവരണങ്ങളില്‍നിന്ന് വിവരമെടുക്കലുമാണ് ഉചിതമായത്; വിശ്വാസപരവും ചിന്താപരവുമായ വ്യതിയാനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കരണീയവും.