രക്ഷിതാക്കള്‍ മാതൃകയാവുക

സി.മുഹമ്മദ് റാഫി ചെമ്പ്ര

2018 മെയ് 05 1439 ശഅബാന്‍ 17

പണ്ട് ഒരുഗ്രാമത്തില്‍ ഒരു ചെറുപ്പക്കാരന്‍ നിധിയുണ്ടെന്ന് കരുതി ഒരു സ്ഥലത്ത് കുഴിയെടുക്കാനാരംഭിച്ചു. ആദ്യദിനം അയാള്‍ കുഴിയെടുക്കുന്നതിന് സാക്ഷികളായി വന്‍ ജനക്കൂട്ടം എത്തി. സഹായിക്കാനും ധാരാളമാളുകള്‍. രണ്ടു ദിവസം കുഴിച്ചു. നിധിയുടെ ഒരു ലക്ഷണവുമില്ല. കൂടെയുള്ളവരുടെ എണ്ണം കുറയാന്‍ തുടങ്ങി. മൂന്നും നാലും ദിവസം കഴിഞ്ഞു. നിധിയില്ല! കൂടെയുള്ളവര്‍ ഏറെക്കുറെ എല്ലാവരും വിട്ടുപോയി. ഓരോ ദിനം കുഴിച്ചപ്പോഴും കുഴിക്ക് ആഴം കൂടിയത് മിച്ചം. അവസാനംവരെ കൂടെയുണ്ടാകുമെന്ന് കരുതിയ ഭാര്യയും പറഞ്ഞു: 'നിങ്ങള്‍ക്ക് ഭ്രാന്താണ.് ഞാനെന്റെ പാട്ടിനുപോകുന്നു.'

 അവസാന പ്രതീക്ഷയില്‍ ആറാം ദിനം കുഴിച്ചു. അയാളുടെ മുമ്പില്‍ കുഴിമാത്രം. നിധിയില്ല! നിരാശനായ അയാള്‍ ആ ഉദ്യമം അവസാനിപ്പിച്ചു. നാട്ടുകാര്‍ മുഴുവന്‍ അയാളെ ഒരു ഭ്രാന്തനായിമാത്രം നോക്കിക്കണ്ടു. മാസങ്ങള്‍ക്ക് ശേഷം അതുവഴി വന്ന ഒരന്യ നാട്ടുകാരന്‍ ഈ വലിയ കുഴി കണ്ട് കാര്യമന്വേഷിച്ചു. സംഗതി അറിഞ്ഞപ്പോള്‍ അദ്ദേഹം ചില പരിശോധനകള്‍ നടത്തി. ഏഴാം ദിവസത്തെ കുഴികൂടി കുഴിച്ചു. ഒന്നുമില്ല. എട്ടാം ദിവസം കുഴിച്ചപ്പോള്‍ ആ വലിയ നിധി അദ്ദേഹത്തിന് ലഭിച്ചു. 

ഈ കഥ നമുക്ക് നല്‍കുന്നത് നമ്മളെത്ര ചെയ്തു എന്നതിനെക്കാള്‍ പ്രധാനം ലക്ഷ്യം നേടുന്നതുവരെ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക എന്നതാണ്. നീ മരണം വരെ നിന്റെ രക്ഷിതാവിനെ ആരാധിച്ചുകൊണ്ടേയിരിക്കണം എന്ന് വിശുദ്ധ ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. നമ്മുടെ മക്കള്‍ ഈ കര്‍മനൈരന്തര്യത്തിലൂടെ ലക്ഷ്യത്തിലേക്കെത്തുന്നവരാകണം. ഇഹലോകത്തും പരലോകത്തും. 

പക്ഷേ, പലപ്പോഴും  അവര്‍ കേള്‍ക്കുന്നതെല്ലാം നിരുത്സാഹപ്പെടുത്തലിന്റെ വാക്കുകള്‍ മാത്രമല്ലേ? ആത്മാര്‍ഥമായി നാം ആലോചിച്ച് നോക്കുക. 'നീയൊന്നും ഒരിക്കലും നന്നാവില്ലെടാ...' എന്ന ശാപവാക്കാണ് വീട്ടില്‍നിന്നും അവര്‍ കേള്‍ക്കുന്നത്. കുടുംബക്കാരും നാട്ടുകാരും 'നശിച്ച തലമുറ' എന്നു മുദ്രകുത്തുന്നു. ദൃശ്യ-ശ്രാവ്യ-പത്ര മാധ്യമങ്ങള്‍, അധ്യാപകര്‍... അങ്ങനെയെല്ലാവരും കുട്ടികളെയും പുതുതലമുറയെയും കുറ്റക്കാരും നന്നാവാന്‍ തയാറില്ലാത്തവരുമായി മാത്രം കാണുന്ന അവസ്ഥ! 

ഇതിന്റെ മറുവശം നാം ഗൗരവത്തില്‍ ആലോചിച്ചിട്ടുണ്ടോ? അടുക്കളയില്‍ ചപ്പാത്തിക്കുള്ള മാവ് എടുത്ത് കുഴച്ച് പരത്തി ചുട്ടെടുക്കാന്‍ അടുപ്പത്ത് വെച്ചനേരത്ത് 'അയ്യോ! ഞാന്‍ നെയ്യപ്പമുണ്ടാക്കാനായിരുന്നല്ലോ ഉദ്ദേശിച്ചത്'എന്ന് പറഞ്ഞാല്‍ ചപ്പാത്തിമാവില്‍ നിന്നും നമുക്ക് നെയ്യപ്പം കിട്ടുമോ? ഇല്ല; തീര്‍ച്ച! അതറിയുന്ന നമ്മള്‍ ആ ചപ്പാത്തിയെ നാലുഭാഗത്തു നിന്നും അടിച്ചൊതുക്കി അതില്‍ ശര്‍ക്കരയും എണ്ണയും  ഒഴിച്ചാല്‍ നെയ്യപ്പമാകുമോ...? ഇല്ല!

സത്യത്തില്‍ കേരളത്തിലെ പല രക്ഷിതാക്കളും നേരിടുന്ന പ്രതിസന്ധി ഇതുതന്നെയാണ്. അവര്‍ ചപ്പാത്തി ചുടുന്നു; നെയ്യപ്പത്തെ പ്രതീക്ഷിക്കുന്നു. മക്കള്‍ നന്മയുടെ വഴിയില്‍ സഞ്ചരിക്കണം എന്നാണ് ആഗ്രഹം. പക്ഷേ, അതിനുള്ള പാതയൊരുക്കിക്കൊടുക്കുന്നില്ല. ഇസ്‌ലാം മക്കളുടെ നന്മനിറഞ്ഞ വളര്‍ച്ചക്കുള്ള മാര്‍ഗങ്ങള്‍ പറഞ്ഞ് തരുന്നുണ്ട്. 

ഇബ്‌റാഹീം നബി(അ) നീണ്ട വര്‍ഷങ്ങള്‍ മക്കളില്ലാതെ വിഷമിച്ചപ്പോഴും പ്രാര്‍ഥിച്ചത് 'നാഥാ! എനിക്ക് സദ്‌വൃത്തനായ സന്താനത്തെ നല്‍കേണമേ' എന്ന് തന്നെയായിരുന്നു. മക്കളെ ആഗ്രഹിക്കുമ്പോള്‍ തന്നെ പ്രാര്‍ഥനയും പ്രതീക്ഷയും അനിവാര്യം. ഗര്‍ഭ കാലത്ത് മാതാവിന്റെ ചിന്തകളും കുഞ്ഞിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്ന് ആധുനിക ശാസ്ത്രം. ഇതു പരിഗണിച്ചുവേണം മാതാവിന്റെ ചലനങ്ങളും പെരുമാറ്റങ്ങളും. ക്വുര്‍ആന്‍ പാരായണവും നല്ല ചിന്തകളും വയറ്റില്‍ വളരുന്ന കുഞ്ഞില്‍ സ്വാധീനം ചെലുത്താതിരിക്കുമോ? ജനന ശേഷം ആ കുഞ്ഞ് പലതും കാണുന്നതും കേള്‍ക്കുന്നതും പഠിക്കുന്നതും ആദ്യപാഠശാലയായ ഉമ്മയില്‍ നിന്നാണ്. ഉപ്പയില്‍ നിന്നാണ്. അവരുടെ മാതൃകകളാകാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുന്നുവോ?

ചെറിയ കുട്ടികള്‍ക്ക് മുമ്പില്‍ സ്‌നേഹപ്രകടനത്തിന്റെ ഉദാത്ത മാതൃക കാണിച്ചുതന്ന പ്രവാചക ജീവിതത്തില്‍നിന്ന് നാം പാഠം ഉള്‍ക്കൊള്ളുന്നുണ്ടോ? വീട്ടിലേക്ക് വരുന്ന ഫാത്വിമയെ എഴുന്നേറ്റ് നിന്ന് ചുംബിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്ന പിതാവ്. ഹസന്‍(റ), ഹുസൈന്‍ (റ) എന്നീ േപരക്കിടാങ്ങള്‍ക്കുവേണ്ടി ആനകളിക്കുന്ന വല്യുപ്പ. കുഞ്ഞിനെ എടുത്ത് നമസ്‌കരിക്കുന്ന ഇമാം. കുഞ്ഞിനെ ലാളിച്ച് ഖുത്വുബ പറയുന്ന ഖത്വീബ്. പരസ്യമായി തന്റെ കൊച്ചുമക്കളെ ചുംബിച്ച് അവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ച് അവരോടുള്ള സ്‌നേഹം പറയാതെ പറയുന്ന ദയാലു. അവിടുന്ന് നമ്മെ പഠിപ്പിച്ചത് ഗുണപരമായ പാഠങ്ങളാണ്. 

നാം ചില ആലോചനകള്‍ നടത്തണം. കൗമാരപ്രായക്കാര്‍ വഴിതെറ്റാനുള്ള മാര്‍ഗം കണ്‍മുന്നില്‍ ധാരാളം. മദ്യം, മയക്ക് മരുന്നുകള്‍, സിനിമ, ചീത്തകൂട്ടുകെട്ട്. മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ്, ക്ലബ്ബുകള്‍, മ്യൂസിക്... അങ്ങനെയങ്ങനെ.

അവരെ കയറൂരി വിടാതിരിക്കുക. എന്നാല്‍ തടവിലാക്കാതെയുമിരിക്കുക. മതബോധം പകര്‍ന്നുകൊടുക്കുക. അതിനുള്ള വഴികള്‍ കാണിച്ചുകൊടുക്കുക. ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം  ഉന്നതജോലി നേടി ഉയര്‍ന്ന ശമ്പളം പറ്റലല്ലെന്നും മരണശേഷം വിജയംവരിക്കലാണെന്നും സ്രഷ്ടാവിന്റെ ശ്രദ്ധയില്‍ പെടാതെ ഒന്നും പറയാനും കാണാനും കേള്‍ക്കാനും ചെയ്യാനും സാധ്യമല്ലെന്നുമുള്ള ബോധമുള്ള മക്കളെ നമുക്കു വിശ്വസിക്കാം. അവരിലൂടെ നമുക്ക് സമാധാനവും കണ്‍കുളിര്‍മയും ലഭിക്കുമെന്നതില്‍ സംശയമില്ല.

ആക്ഷേപിച്ച് മാറ്റി നിര്‍ത്താതെ നന്മയുടെ തീരത്തേക്ക് വിദ്യാര്‍ഥി ലോകത്തെ ആനയിക്കുന്ന, മൂല്യബോധമുള്ള തലമുറയായി അവരെ വാര്‍ത്തെടുക്കുന്ന പുണ്യകര്‍മമാണ് വിസ്ഡം സ്റ്റുഡന്റ്‌സ് വിംഗ് ചെയ്തുകൊണ്ടിരിക്കുന്നത്. 

തിന്മകളുടെ മലവെള്ളപ്പാച്ചിലിനിടയില്‍, ബഹളമയമായ പരസ്യങ്ങളുടെ അകമ്പടിയില്‍ പൊങ്ങിനില്‍ക്കുന്ന തിന്മകളുടെ ലോകം നമ്മുടെ മക്കളെ മാടിവിളിക്കുമ്പോള്‍ ആ നുരകളും പതകളും നിമിഷാര്‍ധങ്ങള്‍ക്കിടയില്‍ പൊട്ടിപ്പോകുമെന്ന് തിരിച്ചറിഞ്ഞ് വെള്ളത്തിനടിയില്‍ ഊറിക്കിടക്കുന്ന സത്യത്തെ കണ്ടെത്താന്‍ നമ്മുടെ മക്കളെ നമുക്ക് ചേര്‍ത്തു പിടിക്കാം.