ഒത്തുചേരലിലെ മാധുര്യം

എസ്.എ ഐദീദ് തങ്ങള്‍

2018 ഒക്ടോബര്‍ 13 1440 സഫര്‍ 02

കോഴിക്കോട്ടുവെച്ച് നടക്കാനിരിക്കുന്ന 'സാല്‍വേഷന്‍' എക്‌സിബിഷന്റെ പ്രചാരണാര്‍ഥം കൊല്ലത്ത് ഒരു സ്‌കോഡ് വര്‍ക്കിലായിരുന്നു അന്ന്. സ്‌കോഡിനായി പുറപ്പെടുന്ന ദിവസത്തിന്റെ തലേന്ന് തന്നെ മിക്കവാറും പേരും നിര്‍ദേശിക്കപ്പെട്ട പള്ളിയില്‍ എത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. 

മഗ്‌രിബിന് ശേഷമുള്ള പണ്ഡിതന്മാരുടെ ഉദ്‌ബോധനവും അത് കഴിഞ്ഞ് സ്‌കോഡ് രൂപീകരണവും അമീറിനെ നിശ്ചയിക്കലും എല്ലാം കഴിഞ്ഞപ്പോഴേക്കും അര്‍ധരാത്രി കഴിഞ്ഞിരുന്നു. എല്ലാം കഴിഞ്ഞ് പള്ളിയില്‍ കിടക്കാനെത്തി. രാത്രി ഒരുമണിയായിട്ടുണ്ട്. പലരും ഉറങ്ങിയിട്ടുണ്ട്. ചിലര്‍ ഉറങ്ങാനുള്ള പുറപ്പാടിലാണ്. എന്ത് പ്രശ്‌നമുണ്ടായാലും ഏത് സ്ഥലത്തായാലും കിടന്നയുടനെ ഉറക്കത്തിലേക്ക് വഴുതിവീഴുന്ന ചില ഭാഗ്യവാന്മാരുണ്ട്. അത്തരം ഒരു ഭാഗ്യവാന്റെ കൂര്‍ക്കം വലിയാണ് ഇപ്പോള്‍ പള്ളിമുഴുവനും അലയടിച്ച് കൊണ്ടിരിക്കുന്നത്. ഇതൊന്നും കേള്‍ക്കാത്ത ഭാവത്തില്‍ ഒന്ന് രണ്ട് പേരതാ ക്വുര്‍ആന്‍ പാരായണത്തില്‍ മുഴുകിക്കൊണ്ടിരിക്കുന്നു! മറ്റൊരു ഭാഗത്ത് കുറച്ച് പേര്‍ തഹജ്ജുദ് നമസ്‌കരിച്ചുകൊണ്ടിരിക്കുന്നു. മൊബൈല്‍ ഫോണില്‍ ക്വുര്‍ആനിന്റെ മാധുര്യം കേട്ട് ആസ്വദിച്ച് കൊണ്ടിരിക്കുകയാണ് മറ്റൊരു കൂട്ടര്‍. ചിലര്‍ വട്ടം കൂടിയിരുന്ന് ഏതോ പണ്ഡിതന്റെ പ്രഭാഷണം ഫോണില്‍ കേട്ടുകൊണ്ടിരിക്കുന്നു. എല്ലാവരും പടച്ചവന്റെ പ്രതിഫലം വാരികൂട്ടുന്ന തിരക്കിലാണ്. 

സലഫിപ്രവര്‍ത്തകരുടെ ഈ ഒത്ത് ചേരലില്‍ പങ്കെടുക്കാന്‍ കഴിയുക എന്നത് വലിയ ഭാഗ്യംതന്നെയാണ്. ഈ മഹാകൂട്ടായ്മയിലേക്ക് ഈ എളിയവനും പങ്കെടുക്കാന്‍ ഭാഗ്യം നല്‍കിയ റബ്ബിനോട് ഏത് വിധത്തിലാണ് കൃതജ്ഞത രേഖപ്പെടുത്തേണ്ടത് എന്നറിയാതെ മനസ്സ് പതറിപ്പോയി. മനസ്സിന്റെ തേങ്ങള്‍ കരച്ചിലിന്റെ രൂപത്തിലായി. 

അബുഉമാമ(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു നബിവചനം ഓര്‍മയില്‍ വന്നു: ''രണ്ട് തുള്ളികളെക്കാളും രണ്ട് അടയാളങ്ങളെക്കാളും അല്ലാഹുവിന് ഇഷ്ടപ്പെട്ട മറ്റൊന്നില്ല. അതിലൊന്ന് അല്ലാഹുവെ ഭയപ്പെട്ടുകൊണ്ട് തൂകിയ കണ്ണുനീര്‍തുള്ളിയാണ്.' 'കറന്നെടുത്ത പാല്‍ അകിട്ടിലേക്ക് തിരിച്ചുപോകും വരെ അല്ലാഹുവിനെ ഓര്‍ത്ത് ഭയപ്പെട്ട് കരഞ്ഞവനെ നരകം സ്പര്‍ശിക്കുകയില്ല' എന്ന മറ്റൊരു നബിവചനവും മനസ്സിന് കുളിര്‍മതരുന്നതായി.

എല്ലാ ശബ്ദങ്ങളും അടങ്ങി. എല്ലാവരും നിദ്രയുടെ പിടിയിലമര്‍ന്നു. എന്നാല്‍ ഉറക്കം എന്നോട് മാത്രം പിണങ്ങിയ പോലെ. തഹജ്ജുദ് നമസ്‌കാരത്തിന് ഇതിനെക്കാള്‍ പറ്റിയ അവസരം ഏതാണ്? താഴെ പോയി അംഗശുദ്ധിവരുത്തി ഞാന്‍ നമസ്‌കാരത്തില്‍ മുഴുകി.

അല്ലാഹുവേ, നാളെ രാവിലെ മുതല്‍ അന്യനാട്ടില്‍ വെയിലും ചൂടുമേറ്റ് കാല്‍നടയായി നിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കാനായി വിവിധ ദേശങ്ങളില്‍ നിന്നെത്തിച്ചേര്‍ന്ന പാവപ്പെട്ട നിന്റെ കുറെ ദാസന്മാരിതാ... നാഥാ ഞങ്ങളെയൊക്കെയും നിന്റെ പ്രവാചകന്മാരുടെ കൂടെ, ഉത്തമരായ സ്വഹാബിമാരുടെ കൂടെ നിന്റെ സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടേണമേ എന്ന പ്രാര്‍ഥനയോടെ ഉറങ്ങാമെന്ന് കരുതി വിരിപ്പിലേക്ക് നീങ്ങുമ്പോള്‍ സമയം രണ്ടരമണി!

രാവിലെ 8 മണിയോടെ ചായ കുടിയും കഴിഞ്ഞ് ഓരോ അമീറിന്റെ നേതൃത്വത്തില്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞ് നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് പുറപ്പെട്ടു തുടങ്ങി. ഞങ്ങള്‍ 3 പേരായി പുറപ്പെട്ട സ്‌കോഡ് 11 മണിയായപ്പോഴേക്കും 35 വീടുകള്‍ കയറിക്കഴിഞ്ഞു. ആ പ്രദേശത്ത് പേരിന് ഒരു മുസ്‌ലിം വീട് മാത്രമാണ് കാണാനായത്. ആ വീട്ടിലെ ആളുകളും 'പേരിന്' മുസ്‌ലിംകളായിരുന്നു എന്നത് വീട്ടിനുള്ളില്‍ കടന്നുചെന്നപ്പോഴാണറിയുന്നത്. കോളിങ്ങ് ബെല്ലടിച്ചപ്പോള്‍ സാരിയുടുത്ത് ഹാഫ് കൈ ബ്ലൗസുമിട്ട് തലമുഴുക്കെ തുറന്നിട്ടുകൊണ്ട് ഒരു സ്ത്രീയാണ് വാതില്‍ തുറന്നത്. ഇതും ഒരു അമുസ്‌ലിം വീടായിരിക്കുമെന്ന വിചാരത്തോടെയാണ് ഞങ്ങള്‍ അവിടേക്ക് ചെന്നത്. ചുമരില്‍ അജ്മീര്‍ ജാറത്തിന്റെ  ഫോട്ടോ ഫ്രെയിം ചെയ്ത് വച്ചിരിക്കുന്നത് കണ്ടപ്പോഴാണ് ഞങ്ങളുടെ ആ ധാരണ നീങ്ങിയത്. ഞങ്ങളോട് കയറിയിരിക്കാന്‍ പറഞ്ഞ്‌കൊണ്ട് ആ സ്ത്രീ അകത്തേക്ക് പോയി. ഈ സമയത്താണ് ഹാളിന്റെ മൂലയിലുള്ള ടി.വിയുടെ മുകളിലേക്ക് ഞങ്ങളുടെ ശ്രദ്ധതിരിഞ്ഞത്. അവിശ്വസനീയമായ ആ കാഴ്ച ഞങ്ങളെ ഏവരെയും നടുക്കിക്കളഞ്ഞു.

(അവസാനിച്ചില്ല)