ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

2018 സെപ്തംബര്‍ 22 1439 മുഹര്‍റം 11

(ഡോ. അബ്ദുല്ല ജിബ്‌രീന്റെ 'അത്തആമുലു മഅ ഗൈരില്‍ മുസ്‌ലിമീന്‍' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള പഠനം)

ഇസ്‌ലാം മനവരാശിക്കുള്ള സ്രഷ്ടാവിന്റെ സ്‌നേഹ സമ്മാനം. പൂര്‍ണവും പ്രായോഗികവുമായ ദൈവിക ദര്‍ശനം. അബദ്ധജഡിലമായ ആശയങ്ങളില്‍ നിന്നും അപ്രായോഗികവും പ്രകൃതി വിരുദ്ധവുമായ ആശയ കാഴ്ചപ്പാടുകളില്‍ നിന്നും മുക്തമായ ധാര്‍മിക ജീവിത പദ്ധതി. മനുഷ്യാരംഭം മുതല്‍ ദൈവം അവതരിപ്പിക്കുകയും മനുഷ്യ പുരോഗതി സാധ്യമായ കാലഘട്ടങ്ങളിലൂടെ പരിഷ്‌കരണം നടത്തുകയും അന്തിമ പ്രവാചകന്‍ മുഹമ്മദ് നബിﷺയിലൂടെ പൂര്‍ത്തിയാക്കപ്പെടുകയും ചെയ്ത അത്യുല്‍കൃഷ്ടമായ ആദര്‍ശസംഹിത. ലോകാവസാനം വരെയുള്ള മാനവകുലം പരിഷ്‌കാരത്തിന്റെയും ഉത്തരാധുനികതയുടെയും ഏത് കോണിലേക്ക് ഭൗതികമായി സഞ്ചരിച്ചാലും സാങ്കേതികവിദ്യ എത്ര ഉത്തുംഗതയിലേക്ക് കുതിച്ചുകയറിയാലും കൂടെ സഞ്ചരിക്കുവാനും മനുഷ്യനെ ധാര്‍മികമൂല്യങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തുവാനും കഴിയുന്ന ദൈവിക മതം.

അതെ, ആ മതം ഇന്നൊരു ചോദ്യചിഹ്നത്തിന്റെ മുമ്പില്‍ നിര്‍ത്തപ്പെട്ടിരിക്കുന്നു! ബഹുമത, ബഹുസ്വര സാമൂഹിക ക്രമത്തില്‍ ഇസ്‌ലാം ഉള്‍ക്കൊണ്ട് ജീവിക്കാന്‍ സാധ്യമോ?

ഉത്തരം ലളിതമാണ്. ഇസ്‌ലാം പരിചയപ്പെടുത്താന്‍ വന്ന സകല പ്രവാചകന്മാരും ബഹുമതങ്ങളും വ്യത്യസ്ത ചിന്താധാരകളും കലര്‍ന്ന സാമൂഹിക അന്തരീക്ഷത്തില്‍ തന്നെയാണ് ജീവിച്ചതും വളര്‍ന്നതും അതിശക്തവും യുക്തിഭദ്രവുമായി പ്രബോധനം നിര്‍വഹിച്ചതും എന്നതില്‍ നിന്നു തന്നെ ഇസ്‌ലാം, ബഹുസ്വര സമൂഹത്തില്‍ പൂര്‍ണാര്‍ഥത്തില്‍ സാധ്യമാണ് എന്നതിന്റെ ചരിത്രപരവും പ്രാമാണികവുമായ ഉത്തരമാണ്.

എന്നാല്‍ ഇന്ന് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന മറ്റൊരു ശബ്ദം വ്യത്യസ്ത ആശയ സംസ്‌കാരങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ആ ആശയ സംസ്‌കാരങ്ങളെ കൂടി ഉള്‍കൊണ്ട് മുന്നോട്ട് പോകുന്നതല്ലേ ശരി എന്ന ചിന്താധാരയാണ്. സത്യത്തില്‍ ഇത് ബഹുസ്വരങ്ങളെ തകര്‍ക്കുന്നതും ചിലര്‍ മെനഞ്ഞുണ്ടാക്കുന്ന ഏകശിലാരൂപവത്ക്കരണത്തിന് അറിയാതെ തലവെച്ചു കൊടുക്കലുമാണെന്ന് ബുദ്ധിയുള്ള ആര്‍ക്കും തിരിച്ചറിയാനാകും.

എന്നാല്‍ അതീവ അപകടകരമായ ഒരു സ്വരം ഈ അടുത്ത കാലത്തായി കടന്നുവന്നിട്ടുണ്ട്. വളരെ ന്യൂനാല്‍ ന്യൂനപക്ഷമായ ഒരു സ്വരം. ഇതര മതവിശ്വാസികളുമായി എല്ലാതരത്തിലും അകന്നു നിന്നാല്‍ മാത്രമെ വിശ്വാസിയായി ജീവിക്കാന്‍ സാധിക്കൂ എന്നാണ് അതിന്റെ ധ്വനി. ഇത് മുളയിലേ നുള്ളിക്കളയേണ്ടതും ന്യൂനപക്ഷമായി നിലകൊള്ളുന്ന ഇസ്‌ലാമിക സമൂഹത്തിന്റെ നിലനില്‍പിനെയും മുന്നോട്ടുപോക്കിനെയും ഗുരുതരമായി ബാധിക്കുന്നതുമാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല.

ഇസ്‌ലാം ഇന്ത്യാരാജ്യത്തേക്ക് കടന്നുവന്നത് ലഭ്യമായ ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ പ്രവാചക കാലഘട്ടത്തില്‍ തന്നെയാണ്. പിന്നീട് മാലിക്ബ്‌നു ദീനാറിന്റെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തിലും പിന്നീട് ജസീറത്തുല്‍ അറബില്‍ന്നിന്ന് കടന്നുവന്ന മുഹമ്മദ് ബിന്‍ ഖാസിമിന്റെ നേതൃത്വത്തിലുമാണ്. എല്ലാം കടന്നുവന്നത് ഇവിടെയുള്ള ദ്രാവിഡ, ആര്യ സംസ്‌കാരങ്ങളുടെ ഇടയിലേക്ക് തന്നെയാണ്. അവരുമായുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെയും വൈയക്തിക, കുടുംബ ബന്ധങ്ങളിലൂടെയും തന്നെയാണ് ഇസ്‌ലാം അതിന്റെ അതിജീവനം സാധ്യമാക്കിയത്. ഇവിടെ നിലനിന്നിരുന്ന നൂറുകണക്കിന് പ്രാദേശിക ആചാരങ്ങളോടും വിചിത്രമായ സംസ്‌കാരങ്ങളോടും രാജിയാകാതെ തന്നെ 14 നൂറ്റാണ്ടുകളായി നിലനില്‍ക്കാന്‍ ഇസ്‌ലാമിന് സാധിച്ചിട്ടുണ്ട് താനും. തെറ്റായ പ്രവണതകള്‍ ഉടലെടുത്തപ്പോഴെല്ലാം അതാത് കാലഘട്ടത്തിലുണ്ടായിരുന്ന മഹാപണ്ഡിതന്മാര്‍ അവയെ തുറന്ന് കാണിച്ചിട്ടുണ്ട് എന്നതും പ്രസ്താവ്യമത്രെ.

ഈ അതിജീവനം സൗഹാര്‍ദപരമായി സാധ്യമാക്കിയത് ക്വുര്‍ആനിന്റെയും നബിവചനങ്ങളുടെയും കൃത്യമായ തെളിവുകളുടെ പിന്‍ബലത്തില്‍ തന്നെയായിരുന്നു. എതാനും വചനങ്ങള്‍ കാണുക:

''...പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്...'' (ക്വുര്‍ആന്‍ 5:2).

''മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (ക്വുര്‍ആന്‍ 60:8).

അമുസ്‌ലിമിനോട് നബിﷺ കാണിച്ച ഹൃദയവിശാലത

നബിﷺയുടെ മദിനാ ജീവിത കാലഘട്ടം പരിപൂര്‍ണമായ മുസ്‌ലിം സാമൂഹ്യ സാഹചര്യത്തിലായിരുന്നു. ആ സാഹചര്യത്തില്‍ നബിﷺ ഇതര മതവിശ്വാസികേളാട് കാണിച്ച വിശാല മനസ്‌കതയും അവരുമായുള്ള പരസ്പര ഇടപഴകലും കാരുണ്യത്തോടെയുള്ള സമീപനവും നല്ല സംസ്‌കാരത്തോടെയുള്ള പെരുമാറ്റവും ശ്രദ്ധേയമാണ്. അവരില്‍നിന്നുണ്ടായ വീഴ്ചകള്‍ക്ക് മാപ്പ് കൊടുക്കുവാനും അവര്‍ക്ക് സന്മാര്‍ഗം ലഭിക്കുവാന്‍ വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുവാനും അവിടുന്ന് സദാ സന്നദ്ധനായിരുന്നു. ഇതിനെല്ലാം എത്രയോ ഉദാഹരണങ്ങള്‍ കാണാനാകും.

ബഹുമതങ്ങളും സമുദായങ്ങളും ജനവിഭാഗങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിമിന് ഇത്തരം നബിപാഠങ്ങളില്‍ ധാരാളം മാതൃക കണ്ടെത്താന്‍ സാധിക്കും. നബിജീവിതത്തിലെ ചില ഉദാഹരണങ്ങള്‍ കാണുക.

അമുസ്‌ലിമിനെ ഉപദ്രവിക്കരുത്

ഒരു സമഗ്രാധിപത്യ രാഷ്ട്ര വ്യവസ്ഥിതി നിലനില്‍ക്കുന്ന ഇസ്‌ലാമിക രാജ്യത്ത് ഇതര മതവിശ്വാസികള്‍ വിവിധ രൂപത്തില്‍ അധിവസിക്കുന്നുണ്ടാകാം. അവര്‍ മുആഹിദ് (കരാറിലേര്‍പെട്ടവര്‍), മുസ്തഅ്മിന്‍ (സ്ഥിരതാമസക്കാരനല്ലാത്തവര്‍) ദിമ്മിയ്യ് (സംരക്ഷിത ന്യൂനപക്ഷം) എന്നിങ്ങനെ അറിയപ്പെടുന്നു. ഇതില്‍ ഏത് വിഭാഗത്തില്‍ പെട്ടവരാണെങ്കിലും അവരോട് ഇസ്‌ലാമിക ഭരണകൂടവും മുസ്‌ലിം പ്രജകളും കാണിക്കേണ്ട സഹിഷ്ണുതാപരവും സൗഹാര്‍ദ പൂര്‍ണവുമായ നിലപാടുകളില്‍ ഒന്നാമത്തേതാണ് അകാരണമായി അവരെ ഒരിക്കലും ഉപദ്രവിക്കരുത് എന്നത്. താഴെവരുന്ന നബി വചനങ്ങള്‍ അതിന്റെ നേര്‍സാക്ഷ്യങ്ങളാണ്:

അബ്ദുല്ലാഹിബ്‌നു അംറ്ബ്‌നുല്‍ ആസ്വ്(റ) നിവേദനം; നബിﷺ പറഞ്ഞു: ''ആരെങ്കിലും ഒരു സംരക്ഷിത അമുസ്‌ലിമിനെ വധിച്ചാല്‍ അവന്ന് സ്വര്‍ഗത്തിന്റെ വാസന പോലും ലഭിക്കില്ല, നാല്‍പത് സംവത്സരങ്ങള്‍ അകലേക്കെത്തുന്ന സുഗന്ധമാണ് സ്വര്‍ഗീയ സുഗന്ധം'' (ബുഖാരി: 3166).

ഇമാം അഹ്മദ് ഉദ്ധരിക്കുന്ന ഹദീഥില്‍ ഇങ്ങനെ വായിക്കാം: ''ആരെങ്കിലും ഒരു സംരക്ഷിത അമുസ്‌ലിമിനെ വധിച്ചാല്‍ അവന്‍ സ്വര്‍ഗീയ വാസനക്ക് പോലും അര്‍ഹനല്ല'' (അഹ്മദ്).

സ്വഫ്‌വാനുബ്‌നു സുലൈം(റ) നിവേദനം; നബിﷺ പറഞ്ഞു: ''അറിയണം, ആരെങ്കിലും ഒരു സംരക്ഷിത ന്യൂനപക്ഷത്തിലെ അമുസ്‌ലിമിനെ ഉപദ്രവിക്കുക, അവന്ന് കിട്ടേണ്ട അവകാശങ്ങളില്‍ കുറവ് വരുത്തുക, സാധ്യമാകുന്നതിലുപരി വഹിക്കാന്‍ അവനെ നിര്‍ബന്ധിക്കുക, മനപ്പൊരുത്തമില്ലാതെ അവനില്‍ നിന്നും വല്ലതും കവര്‍ന്നെടുക്കുക എന്നിവ ചെയ്യുന്നവനുമായി ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ ഞാന്‍ തര്‍ക്കത്തിലേര്‍പെടും'' (അബൂദാവൂദ്: 3052).

അമുസ്‌ലിമിന് നന്മചെയ്യല്‍, അനുകമ്പ കാണിക്കല്‍, അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കല്‍

ഇസ്‌ലാമിക രാജ്യത്ത് ജീവിക്കുന്ന അമുസ്‌ലിം സഹോദരങ്ങളോട് നന്മയില്‍ സഹകരിച്ചും സൗഹൃദം നിലനിര്‍ത്തിയും ജീവിക്കേണ്ടതെങ്ങനെയെന്ന് മുഹമ്മദ് നബിﷺ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. പൂര്‍ണാധികാരമുള്ള ഇസ്‌ലാമിക രാജ്യത്തെ ഇതര മതവിശ്വാസികളോട് പോലും നന്മയോടെ സഹകരിച്ച് ജീവിക്കേണ്ടവരാണ് മുസ്‌ലിംകള്‍ എന്നിരിക്കെ, അവര്‍ ന്യൂനപക്ഷമായ ബഹുമതസമൂഹ രാജ്യത്ത് സൗഹൃദങ്ങള്‍ക്കും സേവന ബന്ധങ്ങള്‍ക്കും എത്രമാത്രം പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് പറയേണ്ടതില്ലല്ലോ. ഈ നബി വചനങ്ങള്‍ നോക്കുക:

അബൂഹുറയ്‌റ(റ) നിവേദനം: തുഫൈല്‍ ബ്‌നു അംറ് അദ്ദൗസി(റ) നബിﷺയുടെ അടുക്കലേക്ക് വന്ന് പറയുകയുണ്ടായി: ''നിശ്ചയം ഔസ് ഗോത്രം അല്ലാഹുവിന് കീഴൊതുങ്ങാന്‍ വിസമ്മതം കാണിക്കുകയും ധിക്കാരം പ്രവര്‍ത്തിക്കുകയും സ്വയം നശിക്കുകയും ചെയ്തിരിക്കുന്നു. പ്രവാചകരേ, അങ്ങ് അവര്‍ക്കെതിരില്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം.'' അപ്പോള്‍ നബിﷺ ഇപ്രകാരം പ്രാര്‍ഥിച്ചു: ''അല്ലാഹുവേ, അവര്‍ക്ക് സന്മാര്‍ഗം നല്‍കേണമേ. അവരെ ഞങ്ങളുടെ ദീനിലേക്ക് കൊണ്ടുവരികയും ചെയ്യേണമേ'' (ബുഖാരി: 4392).

ഔസ് ഗോത്രത്തിന്റെ തലവനായിരുന്ന തുഫൈല്ബ്‌നു അംറ്(റ) നബിﷺയില്‍ വിശ്വസിച്ചു. പിന്നീട് തന്റെ ഗോത്രത്തിലേക്ക് മടങ്ങിച്ചെന്ന് അവരെ സത്യപാതയിലേക്ക് ക്ഷണിച്ചപ്പോള്‍ അവര്‍ വലിയ വിമുഖത കാണിച്ചു. ഇതിലുള്ള സങ്കടമാണ് നബിﷺയുടെ അടുക്കല്‍ വന്ന് അവര്‍ക്കെതിരെ അങ്ങ് പ്രാര്‍ഥിക്കണം എന്ന് പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്നാല്‍ കാരുണ്യത്തിന്റെ പ്രവാചകന്‍ ചെയ്തത് അവരുടെ ആത്യന്തിക നന്മക്ക് വേണ്ടി, സന്മാര്‍ഗദര്‍ശനത്തിനു വേണ്ടി പ്രാര്‍ഥിക്കുകയാണ്. ഇസ്‌ലാമിനോട് ശത്രുതാ മനോഭാവം കാണിക്കുന്നവരോടു പോലും ഒരു മുസ്‌ലിമിനുണ്ടാകേണ്ട സഹിഷ്ണുതയും, ഗുണകാംക്ഷാതാത്പര്യത്തിന്റെയും മികച്ച ഉദാഹരണമത്രെ ഇത്.

അബൂ മൂസല്‍അശ്അരി(റ) നിവേദനം: ''ജൂതന്മാര്‍ നബിﷺയുടെ അടുക്കല്‍ വന്ന് തുമ്മുമായിരുന്നു. നബിﷺ അവര്‍ക്കുവേണ്ടി 'യര്‍ഹമുകല്ലാഹ്' എന്ന് പ്രാര്‍ഥിക്കുമോ എന്ന് നോക്കാന്‍ നേണ്ടിയായിരുന്നു അത്. എന്നാല്‍ റസൂല്‍ﷺ അവര്‍ക്കുവേണ്ടി ഇപ്രകാരം പ്രാര്‍ഥിക്കുമായിരുന്നു: ''അല്ലാഹു നിങ്ങള്‍ക്ക് സന്മാര്‍ഗം നല്‍കട്ടെ, നിങ്ങളുടെ അവസ്ഥകള്‍ അവന്‍ നിങ്ങള്‍ക്ക് നന്നാക്കിത്തരട്ടെ'' (അഹ്മദ്).

ഇസ്‌ലാമിനോടും മുഹമ്മദ് നബിﷺയോടും അതികഠിനമായ വിരോധം വെച്ചു പുലര്‍ത്തിയിരുന്ന ജൂതന്മാരുടെ നന്മക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ നബിﷺക്ക് വൈമനസ്യമുണ്ടായിരുന്നില്ല എന്ന് വ്യക്തം. 

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ''ഞാന്‍ എന്റെ ഉമ്മയെ നിരന്തരമായി ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ ഞാനവരെ സത്യമതത്തിലേക്ക് വിളിച്ചപ്പോള്‍ അല്ലാഹുവിന്റെ പ്രവാചകനെക്കുറിച്ച് അവര്‍ ഞാന്‍ ഒട്ടും കേള്‍ക്കാനാഗ്രഹിക്കാത്ത പദപ്രയോഗം നടത്തി. അത്‌കേട്ട് ഞാന്‍ കരഞ്ഞുകൊണ്ട് പ്രവാചക സന്നിധിയിലെത്തി പറഞ്ഞു: ''എന്റെ മാതാവിനെ ഞാന്‍ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. എന്നാല്‍ അവര്‍ വിസമ്മതിക്കുകയാണ് ചെയ്തത്. ഇന്നും ഞാനവരെ ക്ഷണിച്ചു. അപ്പോള്‍ അവര്‍ പ്രതികരിച്ചത് അവരില്‍നിന്ന് ഞാനൊട്ടും കേള്‍ക്കാനാഗ്രഹിക്കാത്ത പദപ്രയോഗങ്ങളുമായാണ്. അതിനാല്‍ എന്റെ മാതാവിന്റെ ഹിദായത്തിനു അങ്ങ് പ്രാര്‍ഥിക്കണം. അപ്പോള്‍ നബിﷺ അവര്‍ക്കു വേണ്ടി ഇപ്രകാരം പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, അബൂഹുറയ്‌റയുടെ മാതാവിന് സന്മാര്‍ഗം നല്‍കേണമേ.' ഞാന്‍ ഈ സുവാര്‍ത്തയുമായി വീട്ടിലേക്ക് പോയി വാതിലില്‍ മുട്ടി. വാതില്‍ അടഞ്ഞുകിടക്കുന്നു. എന്റ കാലടി ശബ്ദം മാതാവ് കേട്ടിട്ടുണ്ടായിരുന്നു. അവര്‍ വീട്ടില്‍ നിന്നും വിളിച്ചു പറഞ്ഞു: 'അബൂഹുറയ്‌റാ, അല്‍പ സമയം അവിടെ നില്‍ക്കൂ.' ഞാന്‍ അവിടെ നില്‍ക്കുമ്പോള്‍ കുളിപ്പുരയില്‍ വെള്ളം വിഴുന്ന ശബ്ദം കേട്ടു. അല്‍പം കഴിഞ്ഞു അവര്‍ കുളിച്ച് വസ്ത്രങ്ങളണിഞ്ഞ് ധൃതിയില്‍ പുറത്ത് വന്നപ്പോള്‍ മുഖമക്കന ധരിക്കാന്‍ മറന്ന് പോയിരുന്നു. വാതില്‍ തുറന്ന് തന്നു. എന്നിട്ട് എന്നോട് പറഞ്ഞു: ''അബൂഹുറയ്‌റാ, അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹനെന്നും മുഹമ്മദ് അവന്റെ അടിമയും പ്രവാചകനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു.' ഞാന്‍ റസൂലിനടുത്തേക്ക് സന്തോഷാധിക്യത്താല്‍ കരഞ്ഞുകൊണ്ട് ഓടി. ഞാന്‍ റസൂലിനോടു പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ പ്രാര്‍ഥനക്ക് അബൂഹുറയ്‌റയുടെ മാതാവിന്റെ സന്മാര്‍ഗപ്രവേശനം കൊണ്ട് അല്ലാഹു ഉത്തരം നല്‍കിയിരിക്കുന്നു. അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു, 'നല്ലത്' എന്ന് പ്രതിവചിച്ചു. ഞാന്‍ വീണ്ടും നബിﷺയോട് അഭ്യര്‍ഥിച്ചു: 'അല്ലാഹുവിന്റെ ദുതരേ, എന്നെയും എന്റെ മാതാവിനെയും അല്ലാഹുവിന്റെ വിശ്വാസികളായ അടിമകള്‍ക്ക് ഇഷ്ടമുള്ളവരും അവരെ ഇഷ്ടപ്പെടുന്നവരുമാക്കി മാറ്റാന്‍ അങ്ങ് പ്രാര്‍ഥിക്കണം.' റസൂല്‍ﷺ പ്രാര്‍ഥിച്ചു: ''അല്ലാഹുവേ, നിന്റെ ഈ അടിമ (അബൂഹുറയ്‌റ)യെയും ഉമ്മയെയും നിന്റെ അടിമകളായ വിശ്വാസികള്‍ക്ക് പ്രിയപ്പെട്ടവരാക്കുകയും അവരെ ഇവര്‍ക്ക് പ്രിയപ്പെട്ടവരാക്കുകയും ചെയ്യേണമേ.' പിന്നീട് എന്നെ കേള്‍ക്കുകയും കാണുകയും ചെയ്ത ഒരു വിശ്വാസിയും എന്നെ ഇഷ്ടപ്പെടാതിരുന്നിട്ടില്ല'' (മുസ്‌ലിം: 2491).

ഇതായിരുന്നു പ്രവാചകന്‍! തന്നെക്കുറിച്ച് മോശമായ വാക്കുകള്‍ പറഞ്ഞ അമുസ്‌ലിം സ്ത്രീക്കുവേണ്ടി പ്രാര്‍ഥിക്കുവാനും അവരുടെ പാരത്രിക മോക്ഷം ആഗ്രഹിക്കുവാനും മറ്റെല്ലാ വിശ്വാസികളുടെ മനസ്സിലും അവരെക്കുറിച്ച് നല്ലത് തോന്നിക്കാനും അവരോട് സ്‌നേഹമുണ്ടാകാനും പ്രാര്‍ഥിച്ച നബിﷺയുടെ മാതൃക എത്ര ഉദാത്തമാണ്! 

അസ്മാഅ് ബിന്‍ത് അബൂബക്ര്‍(റ) പറയുന്നു: ''എന്റെ മാതാവ് എന്നെ സന്ദര്‍ശിക്കാന്‍ വന്നു. അവര്‍ ബഹുദൈവ വിശ്വാസിയായിരുന്നു. അവരുടെ വിഷയത്തില്‍ ഞാന്‍ നബിﷺയെ ഉത്തരത്തിനായി സമീപിച്ചു. ഞാന്‍ ചോദിച്ചു: 'എന്റെ മാതാവ് എന്റെ അടുത്തെത്തിയിരിക്കുന്നു. എന്നാല്‍ അവര്‍ ഇസ്‌ലാം സ്വീകരിക്കാന്‍ തയ്യാറല്ല. ഈ അവസ്ഥയില്‍ എനിക്കവരുമായി കുടുംബ ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റുമോ?' നബിﷺ പറഞ്ഞു: 'അതെ, നീ അവരുമായി കുടുംബബന്ധം നിലനിര്‍ത്തണം.'' (ബുഖാരി: 2620, മുസ്‌ലിം: 1003)

സമകാലിക ലോകത്ത് ഏറെ പ്രസക്തമായ നിര്‍ദേശങ്ങളാണിവ. ഇസ്‌ലാം സ്വീകരിക്കുന്നതോടുകൂടി ഒരാള്‍ അയാളുടെ ബന്ധങ്ങളില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും പുറംതിരിഞ്ഞ് ഒറ്റപ്പെട്ടു നടക്കുകയല്ല വേണ്ടത;് അങ്ങനെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത് എന്ന് ചിലര്‍ ധരിച്ചുവെച്ചിട്ടുണ്ട്. അത് ശരിയല്ല. ബന്ധങ്ങള്‍ പുലര്‍ത്താന്‍ തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.  

ആഇശ (റ) നിവേദനം: ''ചില ജൂത സഘങ്ങള്‍ നബിﷺയുടെ അടുത്തേക്ക് വന്ന് അദ്ദേഹത്തെ ഇപ്രകാരം അഭിവാദ്യം ചെയ്യും: 'അസ്സാമു അലൈക്കും' (താങ്കള്‍ക്ക് ദൈവ ശാപ മുണ്ടാകട്ടെ എന്നര്‍ഥം വരുന്നതും എന്നാല്‍ ഉച്ചാരണത്തില്‍ ഇസ്‌ലാമിന്റെ അഭിവാദ്യമായ സലാമിനോട് അടുത്തു നില്‍ക്കുന്നതുമായ പ്രയോഗം). അപ്പോള്‍ ഞാന്‍ (ആഇശ) അവരോടും തിരിച്ചു പറഞ്ഞു: 'നിങ്ങള്‍ക്കും ദൈവശാപവും കോപവുമുണ്ടാകട്ടെ.' ഇത് കേട്ട നബിﷺ പറയുകയുണ്ടായി: ''ആഇശാ, അല്‍പം അവധാനത കാണിക്കൂ. അല്ലാഹു ഏതൊരു കാര്യത്തിലും അവധാനത കാണിക്കാന്‍ ഇഷ്ടപ്പെടുന്നു.' ഞാന്‍ ദൈവദൂതരോട് ചോദിച്ചു: 'അങ്ങ് കേട്ടില്ലേ അവര്‍ പറയുന്നത്?' അപ്പോള്‍ അവിടുന്ന് പ്രതികരിച്ചു: 'അതിന് ഞാനവരോട് തിരികെ 'നിങ്ങള്‍ക്കും' എന്ന് പ്രതികരിച്ചിട്ടുണ്ടല്ലോ'' (ബുഖാരി: 6024, മുസ്‌ലിം: 2165).