ഞങ്ങള്‍ മുശ്‌രിക്കുകളാണെന്നോ?

എസ്.എ ഐദീദ് തങ്ങള്‍

2018 നവംബര്‍ 10 1440 റബിഉല്‍ അവ്വല്‍ 02

മലപ്പുറം ജില്ലയില്‍പെട്ട പുത്തനത്താണിയിലായിരുന്നു അന്ന് ഞങ്ങളുടെ സ്‌കോഡ്. പതിനൊന്ന് മണിവരെ പത്തിരുപത് വീടുകള്‍ കയറിയിറങ്ങി. ആരില്‍ നിന്നും പറയത്തക്ക പ്രതികരണങ്ങളൊന്നുമുണ്ടായില്ല.  പിന്നീടാണ് ആ ഓടിട്ട വീട്ടിലേക്ക് ചെല്ലുന്നത്. വീടിന്റെ ഉമ്മറത്ത് ഗൃഹനാഥനുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ അപരിചിതരായ ഞങ്ങളെ കണ്ടപ്പോള്‍ പെട്ടെന്ന് തട്ടം തലയിലേക്ക് വലിച്ചിട്ട് വീട്ടിനുള്ളിലേക്ക് മറഞ്ഞു. സലാം ചൊല്ലി സമ്മതം ചോദിച്ച ഞങ്ങളെ ഗൃഹനാഥന്‍ വളരെ ആദരപൂര്‍വം സ്വീകരിച്ചിരുത്തി. 

ഞങ്ങള്‍ വന്നതിന്റെ ലക്ഷ്യം കൂടെയുണ്ടായിരുന്ന മുനീറാണ് അവതരിപ്പിച്ചത്. ഇത് കേട്ടയുടനെ അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ മുജാഹിദീങ്ങളാണല്ലേ! ഞാന്‍ ഒരു പക്കാ സുന്നിയാണെങ്കിലും മുജാഹിദുകള്‍ പറയുന്നതിലും കുറെയൊക്കെ ശരിയുണ്ടെന്ന് വിശ്വസിക്കുന്നവനാണ്. പക്ഷേ, എനിക്കറിയേണ്ടത്-നിങ്ങളെന്തിനാ ഞങ്ങളെയൊക്കെ കാഫിറാക്കുന്നത് എന്നാണ്. സുന്നികളെയൊക്കെ കാഫിറാക്കിയിട്ട് നിങ്ങള്‍ക്കെന്ത് കിട്ടാനാ?''

ഞാന്‍ പറഞ്ഞു: ''ആര് പറഞ്ഞു ഞങ്ങള്‍ സുന്നികളെയൊക്കെ കാഫിറാക്കുന്നു എന്ന്. മുസ്‌ല്യാക്കന്മാര്‍ വെറുതെ പ്രചരിപ്പിക്കുന്നതാണത്. പാമര ജനങ്ങളെ മുജാഹിദുകള്‍ക്കെതിരില്‍ ചിന്തിപ്പിക്കാനുള്ള സൂത്രങ്ങളില്‍ ഒന്ന് മാത്രമാണത്. കുമ്പളങ്ങ കട്ടവന്റെ തലിയല്‍ നോക്കിയാലറിയാം എന്ന് പറയുമ്പോള്‍ തലയല്‍ തപ്പിനോക്കുക കട്ടവന്‍ തന്നെയാകും. അല്ലാത്തവന്‍ എന്തിന് തപ്പണം? ശിര്‍ക്കിനെതിരെ ശബ്ദിക്കുമ്പോള്‍ ശിര്‍ക്കിലേക്ക് നയിക്കുന്നവര്‍ക്ക് ബേജാറുണ്ടാവുക സ്വാഭാവികം. ഇന്നയിന്ന കാര്യം ശിര്‍ക്കാണ്, കുഫ്‌റാണ് എന്ന് പറയുമ്പോള്‍ ഞങ്ങളെ മുശ്‌രിക്കാക്കുന്നു, കാഫിറാക്കുന്നു എന്ന് പരിതപിക്കുന്നതിനു പകരം ആ പറഞ്ഞത് ശരിയാണോ എന്ന് പരിശോധിക്കുകയല്ലേ വേണ്ടത്?''

''എങ്ങനെയാണ് അറിവില്ലാത്ത ഞങ്ങള്‍ ഇതൊക്കെ പരിശോധിക്കുക?'' അയാള്‍ നിഷ്‌കളങ്കമായി ചോദിച്ചു.

''നിങ്ങള്‍ക്ക് തെളിവ് ചോദിക്കാമല്ലോ. താന്‍ ചെയ്യുന്ന കര്‍മങ്ങള്‍ ദീനില്‍ പെട്ടത് തന്നെയാണോ അതോ പിന്നീട് ആരെങ്കിലും കെട്ടിയുണ്ടാക്കിയതാണോ എന്ന് അറിയാന്‍ മാര്‍ഗമുണ്ടല്ലോ. അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥനയും അഭൗതികമായ രീതിലുള്ള സഹായതേട്ടവും ശിര്‍ക്കാണെന്ന് മുജാഹിദുകള്‍ പറയുന്നത് ക്വുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും ഉദ്ധരിച്ചുകൊണ്ടാണ്. എന്നാല്‍ മുഹ്‌യിദ്ദീന്‍ ശൈഖേ കാക്കണേ, ബദ്‌രീങ്ങളേ രക്ഷിക്കണേ എന്നൊക്കെ തേടുന്നത് ശരിയാണെന്നും മതം പഠിപ്പിക്കുന്നതാണെന്നും പറയുന്നവരോട് അതിനുള്ള തെളിവ് ക്വുര്‍ആനില്‍നിന്നും ഹദീഥില്‍ നിന്നും ഉദ്ധരിക്കാന്‍ ആവശ്യെപ്പടണം.''

''അത് ഉസ്താദുമാരെ ചോദ്യം ചെയ്യലല്ലേ? ബഹുമാനക്കുറവ് കാട്ടലല്ലേ?''

''അല്ല, ഉസ്താദുമാരെ ചോദ്യം ചെയ്യലല്ല, അവര്‍ പറയുന്നതിന് തെളിവ് ചോദിക്കലാണ്. പ്രമാണങ്ങളില്‍ തെളിവുണ്ടെങ്കിലേ ഒരു കാര്യം ഇസ്‌ലാമില്‍ ഇബാദത്തായി അംഗീകരിക്കപ്പെടുകയുള്ളു. പ്രാര്‍ഥന, അതുതന്നെയാണ് ആരാധന എന്നും, ആരാധനയുടെ മജ്ജയാണ് പ്രാര്‍ഥനയെന്നും നബിﷺ അരുളിയിട്ടുണ്ട്. ആരാധനയായ പ്രാര്‍ഥന അല്ലാഹു അല്ലാത്തവരോടായാല്‍ അയാള്‍ ശിര്‍ക്ക് തന്നെയാണ് ചെയ്തത്. ഇത് മുജാഹിദുകള്‍ സ്വന്തമായി കണ്ടുപിടിച്ച് പറയുന്ന വാദമല്ല. ആദം നബി(അ) മുതല്‍ അന്തിമ പ്രവാചകന്‍ മുഹമ്മദ് മുസ്തഫﷺ വരെയുള്ള പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത ആദര്‍ശമാണ്. മനുഷ്യന്റെ പാപങ്ങളില്‍ പൊറുക്കപ്പെടാത്ത ഒന്നുണ്ടെങ്കില്‍ അത് ഏകദൈവവിശ്വാസത്തിന് വിരുദ്ധമായ വിശ്വാസവും പ്രവര്‍ത്തനവുമാണ്.'' 

''ഇതിനൊക്കെ ക്വുര്‍ആനില്‍ തെളിവുണ്ടെന്നാണോ നിങ്ങള്‍ പറയുന്നത്?''

''തീര്‍ച്ചയായും! തെളിവിനായി താങ്കള്‍ക്ക് വിശുദ്ധ ക്വുര്‍ആനിലെ ചില ആയത്തുകള്‍ ഉദ്ധരിച്ച്തരാം. ''നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്കുത്തരം നല്‍കാം. എന്നെ ആരാധിക്കുന്നതിനെ (ആര്‍) അഹങ്കാരം നടിക്കുന്നുവോ അവര്‍ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്'' (സൂറ: മുഅ്മിന്‍-66) മറ്റൊന്ന് 'പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു, അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവോടൊപ്പം മറ്റാരെയും വിളിച്ച് പ്രാര്‍ഥിക്കരുത്'' (ജിന്ന്-18) 'അല്ലാഹുവിന് പുറമെ അന്ത്യനാള്‍ വരെ തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ച് പ്രാര്‍ഥിക്കുന്നവനേക്കാള്‍ വഴിപിഴച്ചവന്‍ ആരാണുള്ളത്? അവരാകട്ടെ, ഇവരുടെ പ്രാര്‍ഥനയെ പറ്റി ബോധമില്ലാത്തവരുമാകുന്നു. മനുഷ്യരെല്ലാം (മഹ്ശറില്‍) ഒരുമിച്ച് കൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിതീരും. ഇവര്‍ അവര്‍ക്ക് ചെയ്തിരുന്ന ആരാധനയെ-(അഥവാ-പ്രാര്‍ഥനയെ) അവര്‍ നിഷേധിക്കുന്നവരായിത്തീരും.'' (അഹ്ഖാഫ്: 5-6)

അല്ലാഹുവിന് പുറമെയുള്ളവര്‍ എന്ന പ്രയോഗത്തില്‍ അവന്റെ സര്‍വസൃഷ്ടികളും ഉള്‍പെടുന്നു. അതിനാല്‍ സൃഷ്ടികെള വിളിച്ച് പ്രാര്‍ഥിക്കുന്നവരാണ് പടപ്പുകളില്‍ ഏറ്റവും വഴിപിഴച്ചവരെന്ന് ഈ വചനങ്ങള്‍ വ്യക്തമാക്കിത്തരുന്നു. ഈ സുപ്രധാന കാര്യമാണ് മുജാഹിദുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഒരാരാളെയും മുശ്‌രിക്കാക്കാനല്ല. തങ്ങളുടെ ആഗ്രഹസഫലീകരണത്തിനായി ജാറങ്ങളായ ജാറങ്ങളൊക്കെ കയറിയിറങ്ങി അവിടെ മറമാടിക്കിടക്കുന്നവരോടൊക്കെ പ്രാര്‍ഥിക്കുന്നത് അവസാനിപ്പിക്കണം. സ്വസ്ഥതയും സമാധാനവും ജാറങ്ങള്‍ സന്ദര്‍ശിച്ചാലേ ലഭിക്കൂ എന്ന ചിന്ത ഇല്ലാതാകണം. അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ഥിച്ചാലേ സ്വസ്ഥതയും സമാധാനവും അതോടൊപ്പം പരലോകരക്ഷയും ലഭിക്കൂ എന്ന് വിശ്വസിക്കുന്ന മുജാഹിദുകള്‍ ആ സത്യം ലോകത്തോട് വിളിച്ചുപറയുമ്പോഴാണ് ഞങ്ങളെ മുശ്‌രിക്കാക്കുന്നേ എന്ന ദുരാരോപണമുയരുന്നത്.''

''ഇതൊക്കെ വെറുതെ പറയുന്നതാണ് എന്നാണോ നിങ്ങള്‍ പറയുന്നത്? നിങ്ങള്‍ക്ക് സുന്നികളെ കുറ്റം പറയാതെ പ്രസംഗിച്ചുകൂടേ?''

''സഹോദരാ, ഞങ്ങള്‍ വ്യക്തികളെ കുറ്റം പറയാറില്ല. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്. അത് മതം കല്‍പിച്ചതുമാണ്. ക്വബ്ര്‍ കെട്ടിപ്പൊക്കല്‍, അവിടെ വിളക്ക് കൊളുത്തല്‍, നേര്‍ച്ചയും ഉറൂസും നടത്തല്‍, ചെണ്ട, വാദ്യമേളങ്ങളോടെ ആനകളെ അണിനിരത്തി ഗതാഗതം തടസ്സപ്പെടുത്തല്‍, മൗലൂദ്, റാത്തീബ്, തല്‍ഖീന്‍ ചൊല്ലല്‍, നബിദിനമാഘോഷം, ഫര്‍ദ് നമസ്‌കാരശേഷമുള്ള കൂട്ടുപ്രാര്‍ഥന...ഇങ്ങനെ അനേകം ബിദ്അത്തുകള്‍ മതത്തിന്റെ പേരില്‍ കൊണ്ടുനടക്കുന്നത് ഞങ്ങള്‍ എതിര്‍ക്കുന്നത് അവ മതം പഠിപ്പിക്കാത്തവയായതുകൊണ്ടാണ്. അതല്ല മതം പഠിപ്പിച്ചതാണെങ്കില്‍ അതിന് പ്രമാണങ്ങളില്‍ നിന്ന് തെളിവുദ്ധരിക്കണം. സുന്നി എന്നു പറഞ്ഞാല്‍ നബിﷺയുടെ സുന്നത്ത് അഥവാ ചര്യ പിന്തുടരുന്നവനാണ്. സുന്നത്തിലില്ലാത്തതും സുന്നത്തിന് വിരുദ്ധവുമായ കാര്യങ്ങള്‍ ചെയ്യുന്നവന് ആ പേരില്‍ അറിയപ്പെടാന്‍ എന്ത് യോഗ്യതയാണുള്ളത്?'' 

ഞാന്‍ അയാളുടെ കയ്യില്‍ പരിശുദ്ധ ക്വുര്‍ആനിന്റെ പരിഭാഷ വെച്ച്‌കൊടുത്ത് കൊണ്ട് പറഞ്ഞു: ''ഇത് നിങ്ങള്‍ വായിച്ച് നോക്കുക. ഏതെങ്കിലും ഒരു പ്രവാചകന്‍ തനിക്ക് മുമ്പ് മരണപ്പെട്ടുപോയ ഏതെങ്കിലും പ്രവാചകനോട് പ്രാര്‍ഥിച്ചതായി, നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ സഹായം തേടിയതായി ഒരുതെളിവെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുക.'' 

അയാള്‍ ക്വുര്‍ആന്‍ എനിക്ക് തന്നെ തിരിച്ചുതന്നുകൊണ്ട് പറഞ്ഞു: ''എനിക്ക് കുറെയൊക്കെ മനസ്സിലായി; നിങ്ങള്‍ പറയുന്നതില്‍ സത്യസന്ധതയും ആത്മാര്‍ഥതയും ഉണ്ടെന്ന്. കാരണം, നിങ്ങള്‍ എന്റെ വീട്ടില്‍ വന്നത് എന്തെങ്കിലും ഭൗതികനേട്ടങ്ങള്‍ ആഗ്രഹിച്ചല്ല. പിരിവിന് വന്നതുമല്ല. ദീനിന്റെ കാര്യം മാത്രം പറയാന്‍ വേണ്ടി വന്നതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങളുടെ സംഘടനയില്‍ അംഗമാകുവാനും നിങ്ങള്‍ പറയുന്നില്ല. അതിനാല്‍ അസത്യം പറയേണ്ട ആവശ്യവും നിങ്ങള്‍ക്കില്ല. അതിനാല്‍, ഇന്ന് മുതല്‍ ഇന്‍ശാ അല്ലാഹ് ഞാന്‍ ഈ വിഷയം പഠിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നു. നിങ്ങളൊക്കെ എനിക്ക്‌വേണ്ടി പ്രാര്‍ഥിക്കണം.''

ഞാന്‍ പറഞ്ഞു: ''ഇതാണ് സത്യത്തിന്റെ വഴി എന്ന് പരിപൂര്‍ണ ഉറപ്പുള്ളത് കൊണ്ടാണ് ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്. നമ്മുടെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തി പഠിക്കാന്‍ ശ്രമിക്കുക. മരണം നമ്മുടെ സമീപത്താണെന്നും മരണപ്പെട്ടാല്‍ നമ്മുടെ കര്‍മങ്ങള്‍ മാത്രമെ നമ്മുടെ രക്ഷയ്ക്കുണ്ടാവുകയുള്ളു എന്നുമുള്ള യാഥാര്‍ഥ്യം മറക്കാതിരിക്കുക. അല്ലാഹു നമുക്ക് അനുഗ്രഹിച്ച് നല്‍കിയ ബുദ്ധി ആര്‍ക്ക് മുമ്പിലും അടിയറവെക്കാനുള്ളതല്ല. യാതൊരു മുന്‍വിധിയും കൂടാതെ, പഠിച്ച് ചിന്തിച്ച് തീരുമാനമെടുക്കുക. സത്യം മനസ്സിലാക്കാനും അത് ഉള്‍ക്കൊള്ളാനും അസത്യത്തെ കയ്യൊഴിയാനും സര്‍വശക്തനായ നാഥന്‍ നമുക്ക് തൗഫീക്വ് നല്‍കുമാറാവട്ടെ.'' ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നുവോ?