നമസ്‌കാരത്തില്‍ ആനന്ദം കണ്ടെത്തുക

ഫദ്‌ലുല്‍ ഹഖ് ഉമരി

2018 സെപ്തംബര്‍ 15 1439 മുഹര്‍റം 04

മനുഷ്യന്‍ ചെയ്യുന്ന ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠവും മുഖ്യമായതുമാണ് നമസ്‌കാരം. മതത്തിന്റെ സ്തംഭങ്ങളില്‍ പെട്ടതും സത്യവിശ്വാസികള്‍ക്ക് അല്ലാഹു നിര്‍ബന്ധമാക്കിയതുമായ ആരാധനയാണ് അത്. അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തന്നതാണ് നമസ്‌കാരം. നമസ്‌കാരമില്ലാത്തവന് മതമില്ല എന്നുതന്നെ വേണമെങ്കില്‍ പറയാം. നമസ്‌കാരം ഉപേക്ഷിക്കുന്നവന് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ല. മനസ്സില്‍ അല്ലാഹുവിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ബോധമില്ലാത്തവനാണ് നമസ്‌കാരത്തില്‍ വീഴ്ച വരുത്തുന്നതും അതില്‍ നിസ്സംഗത കാണിക്കുന്നതും. നബിﷺ നമസ്‌കാരത്തെക്കുറിച്ച് പറഞ്ഞു: ''കാര്യങ്ങളുടെ അടിസ്ഥാനം ഇസ്‌ലാമും അതിന്റെ നെടുംതൂണ്‍ നമസ്‌കാരവുമാണ്.'' 

ഇസ്‌ലാമിലെ എല്ലാ ആരാധനകളും ദിവ്യബോധന(വഹ്‌യ്)ത്തിലൂടെ ഭൂമിയില്‍ വെച്ചാണ് ലഭിച്ചതെങ്കില്‍ നമസ്‌കാരം മിഅ്‌റാജിന്റെ വേളയില്‍ ആകാശത്ത് വെച്ച് ലഭിച്ചു എന്നത് അതിന്റെ സ്ഥാനത്തെയും പ്രാധാന്യത്തെയും സൂചിപ്പിക്കുന്നു. അമ്പത് സമയങ്ങളില്‍ നിര്‍ബന്ധമാക്കപ്പെട്ട നമസ്‌കാരം അഞ്ചാക്കി ചുരുക്കി എന്നത് അല്ലാഹു സത്യവിശ്വാസികളോട് കാണിച്ച കാരുണ്യത്തെ സൂചിപ്പിക്കുന്നു. വിശുദ്ധ ക്വുര്‍ആനില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമസ്‌കാരത്തെ കുറിച്ച് പറഞ്ഞു എന്നതുതന്നെ അതിന്റെ ഗൗരവം മനസ്സിലാക്കാന്‍ നമുക്ക് മതിയായതാണ്. 

നമസ്‌കാരത്തിന്റെ കാര്യത്തില്‍ ഒരാള്‍ക്കും വിട്ടുവീഴ്ചയില്ലെന്നത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. നിന്ന് നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ ഇരുന്നും അതിനും കഴിയില്ലെങ്കില്‍ കിടന്നും ശരീരം ചലിപ്പിക്കാന്‍ സാധ്യമല്ലെങ്കില്‍ സൂചനയിലൂടെയും മനസ്സുകൊണ്ടും വുദൂഇന്ന് സാധ്യമല്ലെങ്കില്‍ തയമ്മമിലൂടെയും അതിനും കഴിയില്ലെങ്കില്‍ ഒരു നിബന്ധനയും ഇല്ലാതെയും നമസ്‌കരിക്കണമെന്നാണല്ലോ! അപ്പോള്‍ കല്യാണ വീടുകളിലും ടൂര്‍ വേളകളിലും എന്നല്ല, ഒരു കാരണവുമില്ലാതെ മനഃപൂര്‍വം നമസ്‌കാരം ഉപേക്ഷിക്കുന്നവന്റെ ഗതിയെന്താണ്? യാത്രാവേളയിലാണെങ്കില്‍ നാല് റക്അത്തുള്ളത് രണ്ടായി ചുരുക്കാനും ഈരണ്ടു നമസ്‌കാരങ്ങള്‍ ഒന്നിച്ച് നമസ്‌കരിക്കാനും ഇസ്‌ലാം അനുമതി നല്‍കി. കാരണം യാത്രയുടെ ക്ലേശം പറഞ്ഞ് നമസ്‌കാരം ഉപേക്ഷിക്കാന്‍ പാടില്ല. 

നബിﷺ മരണയാതനയില്‍ കിടക്കുന്ന ദിവസങ്ങളില്‍ പോലും- മരണത്തിന്റെ നിമിഷങ്ങള്‍ക്ക് മുമ്പ് പോലും- സ്വഹാബികളെ ഉണര്‍ത്തിയത് 'നമസ്‌കാരം ശ്രദ്ധിക്കണേ' എന്നായിരുന്നു. മരിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെ ഇശാഇന്ന് വുദൂഅ് എടുത്ത് പള്ളിയിലേക്ക് പോകാന്‍ പുറപ്പെട്ടപ്പോള്‍ നബിﷺക്ക് ബോധക്ഷയം സംഭവിച്ചു. ബോധം തെളിഞ്ഞപ്പോള്‍ ആദ്യമായി ചോദിച്ചത് 'ആഇശാ ജനങ്ങള്‍ നമസ്‌കരിച്ചോ?'എന്നായിരുന്നു.

എല്ലാ കാലത്തുമുള്ള സമൂഹങ്ങള്‍ക്കും നമസ്‌കാരം നിര്‍ബന്ധമായിരുന്നു എന്നത് നമസ്‌കാരം അല്ലാഹുവിന് എത്രമാത്രം ഇഷ്ടമുള്ള ഇബാദത്താണെന്ന് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. ഇബ്‌റാഹീം(അ), ലൂത്വ് (അ), യഅ്ക്വൂബ് (അ). ഇസ്മാഈല്‍ (അ) തുടങ്ങിയവരെക്കുറിച്ച് പരാമര്‍ശിച്ച ശേഷം അല്ലാഹു പറയുന്നു: ''അവരെ നാം നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും നമസ്‌കാരം മുറപോലെ നിര്‍വഹിക്കണമെന്നും സകാത്ത് നല്‍കണമെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്'' (ക്വുര്‍ആന്‍ 21:73).

ഇബ്‌റാഹീം(അ) പ്രാര്‍ഥിക്കുന്നു: ''അല്ലാഹുവേ, എന്നെ നീ നമസ്‌കാരം നിലനിര്‍ത്തുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ നിന്നും...'' (ക്വുര്‍ആന്‍ 14:40). ഹാജറയെയും ഇസ്മാഈലിനെയും മക്കയില്‍ വിട്ടേച്ച് പോകുമ്പോള്‍ ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ചു: ''നാഥാ നിന്റെ പരിപാവന ഭവനത്തിനു സമീപം കൃഷിയോജ്യമല്ലാത്ത താഴ്‌വരയില്‍ എന്റെ സന്താനത്തെ ഞാനിതാ താമസിപ്പിക്കുന്നു. ഞങ്ങളുടെ നാഥാ അവര്‍ നമസ്‌കാരം നിലനിര്‍ത്താന്‍ വേണ്ടിയാകുന്നു (ഞാനിത് ചെയ്യുന്നത്)'' (ക്വുര്‍ആന്‍ 14: 37). ഈസാ നബി(അ) പറയുന്നു: ''നമസ്‌കരിക്കാനും സകാത് നല്‍കാനും എന്നോട് (എന്റെ നാഥന്‍) കല്‍പിച്ചിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം...'' (ക്വുര്‍ആന്‍ 19:31). മൂസാ നബി(അ)യോട് അല്ലാഹു പറയുന്നു: ''നിശ്ചയമായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ആരാധ്യനില്ല. അതിനാല്‍ എന്നെ മാത്രം ആരാധിക്കുക. എന്നെ ഓര്‍ക്കാന്‍ നമസ്‌കാരം നിലനിര്‍ത്തുകയും ചെയ്യുക'' (ക്വുര്‍ആന്‍ 20:14). മുഹമ്മദ് നബിﷺയോട് അല്ലാഹു പറയുന്നു: ''നിന്റെ കുടുംബത്തെ നീ നമസ്‌കാരത്തിനു കല്‍പിക്കുകയും അതില്‍ നീ ക്ഷമ അവലംബിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 20:132), സജ്ജനങ്ങളുടെ സ്വഭാവം വിശദീകരിച്ച് അല്ലാഹു പറയുന്നു: ''വേദഗ്രന്ഥത്തെ മുറുകെപിടിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവരാരോ ആ സല്‍കര്‍മകാരികള്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച'' (ക്വുര്‍ആന്‍ 7:170).

നമസ്‌കാരത്തിന്റെ പ്രാധാന്യം പഠിപ്പിക്കുന്നു എന്ന് മാത്രമല്ല, അത് നഷ്ടപ്പെടുത്തുന്നവര്‍ക്കുള്ള ശിക്ഷയും ശക്തമായ താക്കീതുകളും ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. സന്മാര്‍ഗദര്‍ശനം നല്‍കപ്പെട്ട നബിമാരെക്കുറിച്ച് പറഞ്ഞ ശേഷം അല്ലാഹു പറയുന്നു: ''എന്നിട്ട് അവര്‍ക്കുശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്‌കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്'' (ക്വുര്‍ആന്‍ 19:59).

പരലോകത്ത് മുഖം ചുളിഞ്ഞ് പോകുന്ന, ഭയവിഹ്വലരാകുന്ന ആളുകള്‍ ഈ അവസ്ഥയില്‍ എത്താനുളള കാരണം അല്ലാഹു പറയുന്നു: ''എന്നാല്‍ അവര്‍ വിശ്വസിച്ചില്ല. നമസ്‌കരിച്ചതുമില്ല. പക്ഷേ, അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു. എന്നിട്ടു ദുരഭിമാനം നടിച്ചുകൊണ്ട് അവന്‍ അവന്റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി. (ശിക്ഷ) നിനക്കേറ്റവും അര്‍ഹമായു തന്നെ. നിനക്കേറ്റവും അര്‍ഹമായതുതന്നെ. മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ അവന്‍ വെറുതെയങ്ങ് വിട്ടേക്കപ്പെടുമെന്ന്'' (ക്വുര്‍ആന്‍:75:31-36). സ്വര്‍ഗക്കാര്‍ നരകക്കാരോട് 'നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണ്' എന്ന് ചോദിക്കുമ്പോള്‍ അവരുടെ മറുപടി 'ഞങ്ങള്‍ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല' എന്നായിരിക്കും. (ക്വുര്‍ആന്‍ 74:42,43).

'പരലോകത്ത് ആദ്യമായി വിചാരണ ചെയ്യുക നമസ്‌കാരത്തെക്കുറിച്ചായിരിക്കും,' 'നമ്മളും അവരും (അവിശ്വാസികള്‍) തമ്മിലുള്ള അന്തരം നമസ്‌കാരമാണ്,' 'മനഃപൂര്‍വം വല്ലവനും അത് ഒഴിവാക്കിയാല്‍ അവന്‍ അവിശ്വാസിയായി'... തുടങ്ങിയ നബിവചനങ്ങളെ വളരെ ഗൗരവത്തോടെ തന്നെ നാം കാണേണ്ടതുണ്ട്. നമസ്‌കാരം ഒഴിവാക്കുന്നവനെക്കുറിച്ച് അവന്‍ ഫാസിക്വാണോ (മ്ലേഛം ചെയ്യുന്നവന്‍), കാഫിറാണോ അതോ മുസ്‌ലിമാണോ എന്ന ചര്‍ച്ച പോലും പണ്ഡിതന്‍മാര്‍ നടത്തിയിട്ടുണ്ട്. എന്നിട്ടും നമസ്‌കാരം ഒഴിവാക്കുന്ന യുവാക്കളേ ചിന്തിക്കുക! കാരുണ്യവാനായ അല്ലാഹു, വിദ്യാഭ്യാസം, സമ്പത്ത്, ആരോഗ്യം, കുടുംബം തുടങ്ങിയ ഒട്ടനവധി അനുഗ്രഹങ്ങള്‍ കോരിച്ചൊരിഞ്ഞ് തന്നിട്ടും അവന്റെ മുമ്പില്‍ സുജൂദ് ചെയ്യാനും റുകൂഅ് ചെയ്യാനും നമുക്കാകുന്നില്ല എങ്കില്‍ പിന്നെ എന്തിന് നാം മുസ്‌ലിമിന്റെ പേരിട്ട് നടക്കണം? നരകശിക്ഷ ഒരു നേരത്തേക്ക് സഹിക്കാന്‍ നമുക്ക് സാധ്യമാണോ? വയസ്സ് നാല്‍പതും അമ്പതും കഴിഞ്ഞിട്ട് പോലും നമസ്‌കാരത്തില്‍ വീഴ്ച വരുത്തുന്ന എത്രയെത്ര മുസ്‌ലിം സഹോദരങ്ങള്‍ ഇന്ന് സമൂഹത്തില്‍ ജീവിക്കുന്നു! അവരും ശ്വസിക്കുന്നത് നമസ്‌കരിക്കാന്‍ കല്‍പിച്ച അല്ലാഹുവിന്റെ വായു. അവര്‍ കുടിക്കുന്നത് അല്ലാഹുവിന്റെ വെള്ളം. അവര്‍ ഉപയോഗപ്പെടുത്തുന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍. എന്തൊരു നന്ദികേടാണിത്. ഇവിടെ സുജൂദ് ചെയ്യാത്ത ആളുകള്‍ക്ക് നാളെ പരലോകത്ത് അല്ലാഹു ഇറങ്ങി വരുമ്പോള്‍ സുജൂദ് ചെയ്യാന്‍ കഴിയില്ല; സുജൂദ് ചെയ്യാന്‍ പരലോകത്ത് അവര്‍ ശ്രമിച്ചാലും ശരി. 

''സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും'' (ക്വുര്‍ആന്‍ 66:6).

നമസ്‌കാരം സ്ഥിരമായി പാഴാക്കുന്നവന്‍ തിന്മയില്‍ ആപതിച്ചുകൊണ്ടേയിരിക്കും. മദ്യപാനം, വ്യഭിചാരം, മാതാപിതാക്കളോടും ഭാര്യയോടും കാണിക്കുന്ന ക്രൂരതകള്‍, നന്മ ചെയ്യാന്‍ തോന്നാതിരിക്കല്‍ തുടങ്ങിയവയെല്ലാം നമസ്‌കാരം പാഴാക്കിയതിന്റെ ദുരന്തഫലങ്ങളാണ്. നമസ്‌കാരം കൃത്യമായി അഞ്ചുനേരം ജമാഅത്തായി നിര്‍വഹിക്കുന്നവന് വൃത്തികേടുകള്‍ പറയാനും പ്രവര്‍ത്തിക്കുവാനും ചിന്തിക്കുവാനും സാധിക്കുകയില്ല: ''നിശ്ചയമായും നമസ്‌കാരം മ്ലേഛവും നികൃഷ്ടവുമായ കാര്യങ്ങളില്‍ നിന്നും മനുഷ്യനെ തടയുന്നു'' (ക്വുര്‍ആന്‍ 29:45).

എന്തുകൊണ്ട് നമസ്‌കരിക്കുന്നില്ല എന്ന് ചിലരോട് ചോദിച്ചാല്‍ പലതരം മറുപടികള്‍ ലഭിക്കുന്നു. 

1. 'അവന്‍ സ്ഥിരമായി നമസ്‌കരിക്കുന്നവനല്ലേ, എന്നിട്ടും അവനെന്ത് ഗുണം? അവന്റെ മക്കള്‍ക്ക് എന്നും അസുഖമാണ.് അവനെന്നും ദാരിദ്ര്യമാണ്. ഞാനിതാ നമസ്‌കരിക്കാെതയിരുന്നിട്ട് പോലും സുഖമായി കഴിയുന്നു.' 

സുഹൃത്തേ! ഇഹലോകത്തെ സുഖങ്ങള്‍ക്കുള്ളതല്ല നമസ്‌കാരം. മറിച്ച് കത്തിയാളുന്ന നരകത്തില്‍ നിന്ന് രക്ഷപ്പെടാനുള്ളതാണ്. അവിടെ സമ്പത്തും കൂട്ടുകെട്ടും രക്തത്തിളപ്പും ഫലം ചെയ്യുകയില്ല. 

2. 'നമസ്‌കരിക്കുന്ന എത്രയെത്രയാളുകള്‍ മോഷ്ടിക്കുന്നു, വ്യഭിചരിക്കുന്നു, മദ്യപിക്കുന്നു! നമസ്‌കരിക്കാത്ത ഞാനല്ലേ അവരെക്കാള്‍ നല്ലവന്‍?'
 

 മറ്റുള്ളവരുടെ ദോഷങ്ങള്‍ എന്തിന് നാം നമ്മുടെ സല്‍കര്‍മങ്ങള്‍ ഒഴിവാക്കാന്‍ ന്യായീകരണമായി കാണുന്നു. അവര്‍ ചെയ്ത തിന്മകളുടെ പേരില്‍ അല്ലാഹു നമ്മോട് ചോദിക്കുകയോ നമ്മെ ശിക്ഷിക്കുകയോ ഇല്ല. നമസ്‌കരിച്ചിട്ടും ചില ആളുകള്‍ തിന്മ ചെയ്യുന്നു എന്നത് നമസ്‌കരിക്കാത്ത നമ്മുടെ ശിക്ഷ ഇല്ലാതാക്കുകയില്ലല്ലോ. പിന്നെ എന്തിനീ ന്യായീകരണം. അവര്‍ മോശക്കാരായിക്കൊള്ളട്ടെ. നാം നന്നാകാന്‍ ശ്രമിക്കുക. അവരുടെ ക്വബ്‌റിലേക്ക് നമ്മളില്ല. നമ്മുടെ ക്വബ്‌റിലേക്ക് അവരുമില്ല.

നമസ്‌കാരത്തിലൂടെയാണ് വിജയം. ''സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്‌കാരത്തില്‍ ഭക്തിയുള്ളവരായ''(ക്വുര്‍ആന്‍ 23: 1-2). 

നമസ്‌കരിക്കുന്നവര്‍ക്കാണ് സ്വര്‍ഗം: ''തങ്ങളുടെ നമസ്‌കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ (ആ വിശ്വാസികള്‍)''(ക്വുര്‍ആന്‍ 23:9). 

നമസ്‌കാരം തിന്മകളെ മായ്ച്ച് കളയും: ''പകലിന്റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മങ്ങള്‍ ദുഷ്‌കര്‍മങ്ങളെ നീക്കിക്കളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്'' (ക്വുര്‍ആന്‍ 11:114). 

നമസ്‌കാരം നമ്മുടെ അടയാളമായിരിക്കണം. കണ്‍കുളിര്‍മയാകണം. നമസ്‌കരിക്കാതിരുന്നാല്‍ മനസ്സ് അസ്വസ്ഥമാകണം. മരണമെന്ന യാഥാര്‍ഥ്യം കടന്നുവന്ന്, നമ്മുടെ സഹോദരങ്ങള്‍ മൂന്ന് വെള്ളത്തുണിയില്‍ നമ്മളെ പൊതിഞ്ഞ് കൊണ്ടുപോയി, നമുക്ക് വേണ്ടി അവര്‍ മയ്യിത്ത് നമസ്‌കരിക്കുമ്പോള്‍ അത് നമുക്ക് ഗുണം ചെയ്യണമെങ്കില്‍ നമുക്ക് വേണ്ടി നമ്മള്‍ മരണത്തിനുമുമ്പായി നമസ്‌കരിക്കുക: ''തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ക്ഷമകൈക്കൊള്ളുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും തിന്മയെ നന്മകൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവസാനം. അതായത്, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്...''(ക്വുര്‍ആന്‍ 13: 22,23).