ഇസ്‌ലാമിന്റെ നൈസര്‍ഗിക വ്യതിരിക്തത

ശമീര്‍ മദീനി

2018 ഒക്ടോബര്‍ 13 1440 സഫര്‍ 02

ഇസ്‌ലാം ലോകരക്ഷിതാവായ അല്ലാഹുവിന്റെ മതമാണ്. മനുഷ്യനെ അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്തുെകാണ്ടുള്ള തികച്ചും ജീവല്‍ഗന്ധിയായ ആദര്‍ശങ്ങളും നിര്‍ദേശങ്ങളുമാണ് അതിലുള്ളത്. സ്രഷ്ടാവിനെയും പാരത്രിക ജീവിതത്തെയും പറ്റി മാത്രം പറഞ്ഞ് മനുഷ്യന്‍ ജീവിക്കുന്ന സാഹചര്യങ്ങെളയും അഭിമുഖീകരിക്കുന്ന ്രപശ്‌നങ്ങളെയും അവഗണിച്ചുകൊണ്ടുള്ള രീതി ഇസ്‌ലാമിന് പരിചയമില്ല. മറിച്ച് ക്രിയാത്മകമായി അവയില്‍ ഇടപെടുകയും അത്തരം മേഖലകളിലൊക്കെ മനുഷ്യന് കൃത്യവും വ്യക്തവുമായ ദിശാബോധം നല്‍കുകയും ചെയ്യുന്നു എന്നതാണ് ഇസ്‌ലാമിന്റെ സവിശേഷത. 

കുടുംബം, മാതാപിതാക്കള്‍, മക്കള്‍, ബന്ധുമി്രതാതികള്‍, അയല്‍ക്കാര്‍ തുടങ്ങി എല്ലാവരോടുമുള്ള കടമകളും കടപ്പാടുകളും ഇസ്‌ലാം വിശദീകരിച്ചിട്ടുണ്ട്. എന്തിനേറെ പ്രകൃതിയോടും സസ്യലതാതികളോടും വരെ മാന്യമായ രീതിയില്‍ ഇടപഴകണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. 

പൂച്ചയെ ഭക്ഷണം കൊടുക്കാതെ കെട്ടിയിട്ട് കൊന്ന സത്രീയെക്കുറിച്ച് അതുനിമിത്തം അവള്‍ നരകത്തിലാണെന്നും ദാഹിച്ചുവലഞ്ഞ നായക്ക് വെള്ളംകൊടുത്ത വ്യക്തി അക്കാരണത്താല്‍ സ്വര്‍ഗപ്രവേശനത്തിന് അര്‍ഹനാണെന്നും നബിﷺ വിവരിച്ചിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം).

''മിണ്ടാപ്രാണികള്‍ക്ക് നന്മ ചെയ്താലും പ്രതിഫലം ലഭിക്കുമോ?' എന്ന ചോദ്യത്തിന് നബിﷺ നല്‍കിയ മറുപടി 'അതെ, ജീവന്റെ തുടിപ്പുള്ള എല്ലാറ്റിനും പ്രതിഫലമുണ്ട്' എന്നായിരുന്നു (ബുഖാരി, മുസ്‌ലിം).

''നിങ്ങളിലാരെങ്കിലും കയ്യില്‍ ഒരു ചെടിയുണ്ടായിരിക്കെ അന്ത്യദിനം സംഭവിക്കുകയാണെങ്കില്‍ സാധിക്കുമെങ്കില്‍ അയാള്‍ അത് നട്ടുകൊള്ളട്ടെ'' (അഹ്മദ്, അബൂദാവൂദ്).

ഒരു സത്യവിശ്വാസി നട്ടുവളര്‍ത്തിയ ചെടിയില്‍നിന്നും മൃഗങ്ങളോ പക്ഷികേളാ എന്ത് തന്നെ തിന്നുകയാണെങ്കിലും അയാള്‍ക്കത് ഒരു ദാനമായി അഥവാ പുണ്യമായി ഭവിക്കുമെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം).

നശീകരണമല്ല നിര്‍മാണാത്മകതയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത് എന്നര്‍ഥം. നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവര്‍ക്ക് ഇസ്‌ലാമുമായി ബന്ധമില്ല. അല്ലാഹു പറയുന്നു: 

''ഭൂമിയില്‍ നന്മ വരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം സല്‍കര്‍മകാരികള്‍ക്ക് സമീപസ്ഥമാകുന്നു'' (ക്വുര്‍ആന്‍ 7:56).

മദ്‌യന്‍ നിവാസികളിലേക്ക് നിയോഗിക്കപ്പെട്ട ശുഐബ് നബി(അ)യുെട വാക്കുകളിലും ഇത് കാണാം:

 ''മദ്‌യന്‍കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനെയും (അയച്ചു). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളവും തൂക്കവും തികച്ചുകൊടുക്കണം. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്തരുത്. ഭൂമിയില്‍ നന്മവരുത്തിയതിന് ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം'' (ക്വുര്‍ആന്‍ 7:85).

നാം വസിക്കുന്ന പ്രേദശെത്ത സാമൂഹികബന്ധങ്ങള്‍ പരിഗണിക്കാനും അവ കാത്തുസൂക്ഷിക്കാനുമാണ് ഇസ്‌ലാം പറയുന്ന്. സമൂഹത്തിലുള്ളവരുടെ മതവും ആദര്‍ശവും ഏതായിരുന്നാലും അവയോടുള്ള വിയോജിപ്പുകള്‍ക്കിടയിലും മാനുഷികമായ യോജിപ്പിന്റെ തലങ്ങള്‍ പരിഗണിക്കണമെന്നാണ് ഇസ്‌ലാമികാധ്യാപനം.  

മറ്റുള്ളവരുടെ വിശ്വാസങ്ങളും ആദര്‍ശങ്ങളും പകര്‍ന്നെടുത്തുകൊണ്ട് സ്വന്തം അസ്തിത്വവും വ്യക്തിത്വവും കളഞ്ഞുകുളിക്കുന്ന രീതിയും മറ്റു മത-ആദര്‍ശക്കാരോട് അയിത്തം കല്‍പിക്കുന്ന രീതിയും ഇസ്‌ലാമിന് അന്യമാണ്. 

നബിﷺ ജീവിച്ച സമൂഹത്തിലെ ഇതര മതവിശ്വാസികളോട് സഹിഷ്ണുതയോടെയാണ് അവിടുന്ന് പെരുമാറിയിട്ടുള്ളത്. തന്റെ പടയങ്കി ഒരു ജുതന്റെ പക്കല്‍ പണയം വെച്ചുകൊണ്ട് കുടുംബത്തിന് ആഹാരം വാങ്ങിയ നിലയിലാണ് അവിടുന്ന് ഇൗ ലോകത്തോട് വിടപറഞ്ഞതെന്ന് സ്വഹീഹ് ബുഖാരിയില്‍ നമുക്ക് കാണാം.

അയല്‍ക്കാര്‍ അന്യമതക്കാരാണെങ്കിലും അയല്‍ക്കാരോടുള്ള കടപ്പാട് അവരോടുണ്ടായിരിക്കേണ്ടതുണ്ടെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഭയന്ന് സമൂഹത്തില്‍നിന്ന് ഉള്‍വലിഞ്ഞ് പോകാനല്ല, പ്രത്യുത അവരുമായി ഇടപഴകി അവരില്‍നിന്ന് േനരിടേണ്ടിവരുന്ന വിഷമങ്ങള്‍ സഹിക്കുവാനാണ് നബിﷺ ഉപദേശിച്ചിട്ടുള്ളത്. അവിടുന്ന് പറഞ്ഞു: ''ജനങ്ങളോട് ഇടപഴകുകയും അവരുടെ പ്രയാസങ്ങളെ സഹിക്കുകയും ചെയ്യുന്ന വിശ്വാസിയാണ് അവരോട് ഇടപഴകാതെയും അവരുടെ ഉപദ്രവങ്ങളെ സഹിക്കാതെയുമിരിക്കുന്ന വിശ്വാസിയെക്കാള്‍ ഉത്തമന്‍'' (തിര്‍മുദി).

പഠനവും ചിന്തയും

പഠനത്തെയും ചിന്തയെയും പടിക്കുപുറത്ത് നിര്‍ത്തുന്ന രീതിയല്ല ഇസ്‌ലാമിനുള്ളത്. ഉപകാരപ്രദമായ വിജ്ഞാനത്തിന്റെ വര്‍ധനവും വ്യാപനവും ഇസ്‌ലാം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വായിക്കുവാനും പഠിക്കുവാനും പ്രേരണയും പ്രോത്സാഹ്നവും നല്‍കുന്ന നിരവധി വചനങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലും പ്രവാചകാധ്യാപനങ്ങളിലും നമുക്ക് കാണുവാന്‍ കഴിയും. 

വായിക്കുവാനുള്ള ആഹ്വാനവുമായിട്ടാണ് ക്വുര്‍ആനിന്റെ അവതരണാരംഭം തന്നെ! അങ്ങനെയുള്ള ഒരു ഗ്രന്ഥവും അതിന്റെ അനുയായികളും എങ്ങനെയാണ് വിജ്ഞാനത്തിനും ഗവേഷണത്തിനും എതിരാവുക?  ഇസ്‌ലാം ഒരിക്കലും ഗുണപരമായ ഗവേഷണ, പഠന, മനനങ്ങള്‍ക്ക് എതിരില്ല.

എന്നാല്‍ മനുഷ്യന്റെ ബുദ്ധിക്കും ചിന്തക്കും പഠനത്തിനുമൊക്കെ പരിമിതിയുണ്ട് എന്ന യാഥാര്‍ഥ്യം മറന്നുകൊണ്ട് ദൈവിക ബോധനങ്ങളെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ടുള്ള, അഹങ്കാരത്തിന്റെയും നിേഷധത്തിന്റെയും രീതികളെ ഇസ്‌ലാം ശക്തമായി തിരുത്തുന്നുണ്ട്.

സത്യസന്ധമായ പഠന ഗവേഷണങ്ങളും നന്മനിറഞ്ഞ വിജ്ഞാനത്തിന്റെ വ്യാപനവും ഉണ്ടാകണമെന്നാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്.അല്ലാഹു പറയുന്നു: 

''ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷേ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്'' (ക്വുര്‍ആന്‍ 22:46).

സമൂഹത്തിന് ഉപകാരപ്രദമായ സംഭാവനകള്‍ ചെയ്യാനും ആ മാര്‍ഗത്തിലുള്ള പഠന ഗവേഷണങ്ങളില്‍ ഏര്‍പെടുന്നതിനും ഒരു യഥാര്‍ഥ വിശ്വാസിക്ക് സാധിക്കുമ്പോള്‍ ആ വഴിയിലുള്ള നിഷ്‌കളങ്കമായ അധ്വാനവും ത്യാഗവുമെല്ലാം അയാള്‍ക്ക് പ്രതിഫലം നേടിക്കൊടുക്കുന്ന നന്മകളായിരിക്കും. സദാ നന്മകള്‍ പ്രദാനം ചെയ്യുന്ന ഒരു വടവൃക്ഷത്തോടാണ് സത്യവിശ്വാസിയെ അല്ലാഹു ഉപമിച്ചിരിക്കുന്നത്.

''അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത് ) ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു'' (ക്വുര്‍ആന്‍ 14:24,25).

ഇസ്‌ലാമിന്റെ യഥാര്‍ഥ ആദര്‍ശം മനസ്സിലാക്കേണ്ടത് അതിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍നിന്നുമാണ്. വിശുദ്ധ ക്വുര്‍ആനും ദൈവികബോധനത്തിന്റെ പിന്‍ബലത്തില്‍ ്രപവാചകന്‍ﷺ പറഞ്ഞതും ചെയ്തതും അംഗീകരിച്ചതുമായ പ്രവാചകാധ്യാപനങ്ങള്‍ അഥവാ നബിചര്യ(സുന്നത്ത്)യുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍.

ഒരു മുസ്‌ലിം തന്റെ വിശ്വാസ-ആചാര-അനുഷ്ഠാനങ്ങള്‍ ഗ്രഹിക്കേണ്ടത് ഈ പ്രമാണങ്ങളില്‍നിന്നുമാണ്. എന്താണ് ഇസ്‌ലാം എന്ന് പുറമെനിന്ന് പഠിക്കുവാന്‍ ശ്രമിക്കുന്നവരും ഇസ്‌ലാമിനെ നേര്‍ക്കുനേര്‍ അറിയണമെങ്കില്‍ അവലംബിക്കേണ്ടതും ഈ അടിസ്ഥാനപ്രമാണങ്ങളെയാണ്. 

ഇസ്‌ലാമും പൗരോഹിത്യവും

സ്രഷ്ടാവായ അല്ലാഹുവിനോട് അവന്റെ സൃഷ്ടികളായ മനുഷ്യര്‍ക്ക് മധ്യവര്‍ത്തികളില്ലാതെ, നേര്‍ക്കുനേര്‍ സമീപിക്കാനും അവരുെട സങ്കടങ്ങളും ആവലാതികളും ബോധിപ്പിക്കാനും സാധിക്കുന്നതാണ്. അബദ്ധങ്ങള്‍ പിണഞ്ഞുപോയിട്ടുണ്ടെങ്കില്‍ നിഷ്‌കളങ്കമായി അല്ലാഹുവിനോട് കുറ്റമേറ്റുപറഞ്ഞ് പശ്ചാത്തപിക്കുവാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അപ്പോള്‍ കാരുണ്യവാനായ അല്ലാഹു പാപങ്ങള്‍ പൊറുത്ത് നന്മകള്‍ പകരം നല്‍കും. 

''പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്മകള്‍ക്ക് പകരം നന്മകള്‍ മാറ്റിക്കൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു. വല്ലവനും പശ്ചാത്തപിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കലേക്ക് ശരിയായ നിലയില്‍ മടങ്ങുകയാണ് അവന്‍ ചെയ്യുന്നത്'' (ക്വുര്‍ആന്‍ 25:70,71).

ഇതില്‍നിന്ന് വ്യത്യസ്തമായ കുമ്പസാരക്രിയകളും ചൂഷണ പൗരോഹിത്യവും ഇസ്‌ലാമിനന്യമാണ്. അല്ലാഹു പറയുന്നു: 

''നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്'' (ക്വുര്‍ആന്‍ 2:186).

ശരിയായ സ്രോതസ്സുകളില്‍നിന്ന് മതം പഠിക്കാനും അത് പ്രയോഗവത്കരിക്കാനും സമുഹം തയ്യാറായാല്‍ ദൈവിക മതത്തെക്കുറിച്ചുള്ള തെറ്റുധാരണകള്‍ തീര്‍ക്കാനും മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ ഒഴിവാക്കാനും സാധിക്കുന്നതാണ്. അല്ലാഹു പറയുന്നത് കാണുക: 

''സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക'' (9:34).

ദൈവികമതത്തെ ശരിയായ രൂപത്തില്‍ പഠിക്കാനും പ്രമാണങ്ങളെ പിന്‍പറ്റി ജീവിക്കുവാനും കാരുണ്യവാനായ അല്ലാഹു സഹായിക്കുമാറാകട്ടെ.