വക്കം മുഹമ്മദ് അബ്ദുല്‍ഖാദിര്‍ മൗലവിയും കേരള മുസ്‌ലിം നവോത്ഥാനവും

യൂസുഫ് സാഹിബ് നദ്‌വി

2018 ആഗസ്ത് 25 1439 ദുല്‍ഹിജ്ജ 13

ദയദീനമായിരുന്ന മുസ്‌ലിം സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്ന് വക്കംമൗലവി അതിയായി ആഗ്രഹിച്ചു. ശക്തമായ ബോധവല്‍ക്കരണമാണ് പരിഹാരമെന്ന് അദ്ദേഹം മനസ്സിലാക്കി. ഈ ആവശ്യത്തിനാണ് 1906 ജനുവരി ഒന്നുമുതല്‍ 'മുസ്‌ലിം' എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം കൂടി ആരംഭിച്ചത്. മുസ്‌ലിമിന്റെ പ്രഥമലക്കത്തില്‍ തന്നെ മൗലവി തന്റെ ലക്ഷ്യം വ്യക്തമാക്കി: ''ഇക്കഴിഞ്ഞ കാനേഷുമാരി കണക്ക് നോക്കിയാല്‍, മലയാളത്തിലെ മുസല്‍മാന്മാര്‍ വിദ്യാഭ്യാസ വിഷയത്തില്‍ വളരെ പിന്നില്‍ നില്‍ക്കുകയാണെന്ന് മനസ്സിലാക്കാം. മുസല്‍മാന്‍ന്മാരില്‍ ആയിരം ആണുങ്ങളില്‍ എണ്‍പത്തിനാലുപേര്‍ വീതം അക്ഷര ജ്ഞാനമുള്ളവരായുണ്ട്. സ്ത്രീകളാകട്ടെ നൂറിന് ഒരാള്‍ വീതമേയുള്ളു. ഇരുപതു വയസ്സിനുമേല്‍ പ്രായമുള്ളവരില്‍ നൂറിനു എഴുപത്തിമൂന്നേമുക്കാലില്‍പരം ആളുകള്‍ എഴുതാനോ വായിക്കാനോ പരിചയമില്ലാത്തവരാകുന്നു...'' മൗലവിയുടെ നടപടികള്‍ ഉന്നതങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും മുസ്‌ലിം വിദ്യാഭ്യാസത്തെ സംബന്ധിച്ച് പ്രത്യേകം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഗവ:ചീഫ് സെക്രട്ടറി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. മൗലവിയുടെ 'മുസ്‌ലിം' മാസിക പ്രസിദ്ധപ്പെടുത്തിയ വിലയേറിയ നിര്‍ദേശങ്ങള്‍ ഒട്ടുമിക്കതും സര്‍ക്കാര്‍ അംഗീകരിച്ചു.

മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ വിഷയത്തിലും ഇതു തന്നെയായിരുന്നു മൗലവിയുടെ നിലപാട്. വിവിധ വിഭാഗത്തിലെ നേതാക്കളെക്കൊണ്ട് മാസികയില്‍ മൗലവി ലേഖനം എഴുതിച്ചു. ഇസ്‌ലാമിന്റെ വൈജ്ഞാനിക പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടുന്ന ലേഖനപരമ്പരകള്‍ മുസ്‌ലിം പ്രസിദ്ധീകരിച്ചു. ഒരിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തന്നെ പറഞ്ഞു:''മൗലവിയും മുസ്‌ലിമും കൂടി മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ വിഷയത്തില്‍ ചെയ്തിട്ടുള്ള സേവനം, സര്‍ക്കാര്‍ ഇന്നുവരെ ചെയ്തിട്ടുള്ളതില്‍ എത്രയോ വലുതാണ്. ഒരുപക്ഷേ, സര്‍ക്കാരിന് ഇത്രയെങ്കിലും മുന്നോട്ടുപോകാന്‍ കഴിഞ്ഞത് ആ പ്രവര്‍ത്തനങ്ങളുടെ പിന്തുണ  ഉണ്ടായതുകൊണ്ടു മാത്രമാണ്...''

എന്നാല്‍ മലയാളം അറിയാത്ത മലയാളി മുസ്‌ലിംകള്‍ക്കിടയില്‍ മൗലവിയുടെ ചിന്തകള്‍ അത്രവേഗം പ്രതിഫലിച്ചില്ല. സാധാരണക്കാര്‍ക്ക് അറബി മലയാളം ലിപിയേ തിരിയൂ എന്ന കാര്യം അദ്ദേഹത്തിന് ബോധ്യമായി. സാമ്പത്തികമായി ഞെരുക്കമുണ്ടായിട്ടും അറബിമലയാളം അച്ചടിക്കാന്‍ ലിത്തോപ്രസ്സ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. 1916ല്‍ അത്യാധുനിക സംവിധാനങ്ങളുള്ള ലിത്തോപ്രസ്സ് വക്കത്ത് സ്ഥാപിച്ചു. 1918 ഏപ്രില്‍ മുതല്‍ 'അല്‍ഇസ്‌ലാം' എന്ന പേരില്‍ അറബിമലയാളം ലിപിയിലെ മാസിക പ്രസിദ്ധീകരിച്ചു തുടങ്ങി. കേരള മുസ്‌ലിംകളില്‍ വ്യാപകമായിരുന്ന ദുരാചാരങ്ങള്‍ക്കെതിരില്‍ ഒന്നാമത്തെ ലക്കം തന്നെ മൗലവി ആഞ്ഞടിച്ചു.

ലണ്ടനില്‍ നടന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തിന്റെ വിവരങ്ങള്‍ ലണ്ടന്‍ ടൈംസില്‍ നിന്നും ഉദ്ധരിച്ച്, അല്‍ഇസ്‌ലാം പ്രസിദ്ധീകരിച്ചു. സയ്യിദ് റഷീദ്‌രിദയുടെ അല്‍മനാറില്‍വന്ന ക്വുര്‍ആന്‍ വിശദീകരണം പ്രഥമ ലക്കം മുതല്‍ പ്രസിദ്ധപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയും രോഗബാധയും കാരണം ഈ ദൗത്യം ഏറെ മുന്നോട്ട് പോയില്ല. എങ്കിലും സാമുദായിക പരിഷ്‌ക്കരണ രംഗത്ത് മൗലവി വ്യാപൃതനായിരുന്നു.

1931ല്‍ ആരംഭിച്ച 'ദീപിക'യില്‍ പ്രഗല്‍ഭന്മാരായ എഴുത്തുകാര്‍ അണിനിരന്നു. അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകൡലെ ലേഖനങ്ങളും വാര്‍ത്തകളും ദീപികയില്‍ പരിഭാഷപ്പെടുത്തപ്പെട്ടു. പ്രശസ്ത അമേരിക്കന്‍ പണ്ഡിതനായ ലൂതൊറാപ്പ് സ്റ്റൊഡാഡ്‌ന്റെ The new world of Islam എന്ന ഗ്രന്ഥം രചയിതാവിന്റെ രേഖാമൂലമുള്ള അനുമതിയോടെ ദീപികയില്‍ പ്രസിദ്ധപ്പെടുത്തി.

കേരള മുസ്‌ലിം ഐക്യസംഘം, കേരള ജംഇയ്യത്തുല്‍ ഉലമ- ഇവയുടെ പ്രവര്‍ത്തനത്തിനാവശ്യമായ സംഘടനാ സ്വഭാവം വക്കംമൗലവിയുടെ സംഭാവനയാണ്. ഐക്യസംഘത്തിന്റെ പ്രഥമ വാര്‍ഷിക യോഗത്തില്‍ മൗലവിയായിരുന്നു അധ്യക്ഷന്‍. ഒട്ടേറെ സ്ഥാപനങ്ങള്‍ ആരംഭിക്കാനും മൗലവി മുന്‍കയ്യെടുത്തു. പ്രഗത്ഭന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംവാദങ്ങളും സമ്മേളനങ്ങളും മൗലവി തന്നെ സംഘടിപ്പിച്ചു. മൗലവിതന്നെ അറിയപ്പെടുന്ന പ്രഭാഷകനായിരുന്നു. 

ശൈഖുല്‍ഇസ്‌ലാം ഇബ്‌നുടതൈമിയ, ഇബ്‌നു അബ്ദുല്‍വഹാബ് എന്നിവരെക്കുറിച്ച് ശത്രുക്കള്‍ പരത്തിവിട്ട അപവാദങ്ങളില്‍ പ്രസക്തമായവയെ മാത്രം പരിഗണിച്ചുകൊണ്ട് വക്കംമൗലവി തയ്യാറാക്കിയ 'ഇമാം ഇബ്‌നുതൈമിയയും ആരോപണങ്ങളും' എന്ന മറുപടി ഗ്രന്ഥം, മൗലവിയുടെ വൈജ്ഞാനികതയുടെ ആഴമളക്കാന്‍ ഉപയുക്തമാണ്. കഴിഞ്ഞനൂറ്റാണ്ടിന്റെ പ്രാരംഭത്തിലാണ് ഈ രചന അദ്ദേഹം തയ്യാറാക്കിയതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ശൈഖുല്‍ ഇസ്‌ലാമിനെ അനുകൂലിച്ച സമകാലികരും പിന്‍ഗാമികളുമായ എണ്ണമറ്റ പ്രഗത്ഭമതികളുടെ അഭിപ്രായങ്ങള്‍ ഈ രചനയുടെ പ്രത്യേകതയാണ്. മൗലവി എഴുതുന്നു: ''ഒരാള്‍ പറഞ്ഞിട്ടില്ലാത്തതും അറിഞ്ഞിട്ടില്ലാത്തതുമായ സംഗതികളെ മെനഞ്ഞുണ്ടാക്കിയും പറഞ്ഞിട്ടുള്ളതിനെ ഒന്നിനൊന്നായി മറിച്ചുകെട്ടിയും അയാളുടെ മേല്‍ അപവാദങ്ങള്‍ പരത്തുകയും സംഗതിയുടെ സത്യാസത്യത്തെപ്പറ്റി യാതോരു അന്വേഷണമോ ചിന്തയോ കൂടാതെ ഒരുവകക്കാര്‍ അവയെ കണ്ണുമടച്ച് വിശ്വസിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന സമ്പ്രദായം ഇന്ന് നമുക്കിടയില്‍ കാണപ്പെടുന്നതുപോലെത്തന്നെ, ലോകത്ത് എന്നുമുണ്ടായിരുന്നു... ഒരാളുടെ വല്ലഅഭിപ്രായവും വാസ്തവത്തില്‍ കിതാബിനോടും സുന്നത്തിനോടും യോജിച്ചതല്ലാതിരുന്നേക്കാം. എന്നാല്‍ അത് അയാളുടെ തെറ്റായി ഗണിക്കുകയല്ലാതെ അയാള്‍ അതുനിമിത്തം മതത്തില്‍ നിന്നും പിഴച്ചുപോയി എന്നു പറയുന്നത് പിഴവാകുന്നു. തെറ്റുവരാത്തവരായി ഉലമാക്കളിലും ഇമാമുകളിലും യാതൊരാളെയും കാണാന്‍ കഴിയില്ല.''

ഇബ്‌നു തൈമിയയെയും ഇബ്‌നു അബ്ദുല്‍വഹാബിനെയും അധിക്ഷേപിക്കാന്‍ മാത്രം ക്ഷുദ്ര കൃതികള്‍ രചിച്ച ലബനാനിലെ യൂസുഫ് അന്നബഹാനിയെപ്പറ്റി, വക്കം മൗലവി എഴുതി: ''നബഹാനി വെള്ളത്തില്‍ വീണു മുങ്ങുവാന്‍ പോകുന്നവനെപ്പോലെ, കാണുന്ന പുല്ലുകളിലെല്ലാം പറ്റിപ്പിടിക്കുന്നു. കുട്ടികളുടെ പക്കല്‍ നിന്നായാലും തന്റെ ഇഛക്ക് യോജിച്ചതായി കാണുന്ന വാക്കുകളൊക്കെ അയാള്‍ പ്രമാണമാക്കി കാണുന്നു. നബഹാനിയുടെ ഉദ്ദേശം തന്റെ പുസ്തകത്തിന് വലിപ്പം കൂട്ടി തന്നെപ്പോലുള്ളവരെ ഭ്രമിപ്പിക്കുകയാണ്'' (ഇമാം ഇബ്‌നുതൈമിയയും അരോപണങ്ങളും: പേജ്:46).

ക്വബ്ര്‍ സിയാറത്തിന്റെ വിഷയത്തില്‍ ശൈഖുല്‍ ഇസ്‌ലാമിനെതിരില്‍ പ്രതിയോഗികള്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങളെ, ശൈഖുല്‍ ഇസ്‌ലാമിന്റെ ഗ്രന്ഥങ്ങളുടെ ഉദ്ധരണികള്‍ ഉപയോഗിച്ചു തന്നെ വക്കംമൗലവി തകര്‍ക്കുന്നതായി കാണാനാവും.(ഇമാം ഇബ്‌നുതൈമിയയും അരോപണങ്ങളും, വക്കംമൗലവി, യുവത ബുക്ക്ഹൗസ്, കോഴിക്കോട്-2).

അല്‍മനാര്‍ മാസികയുടെ പത്രാധിപരും പ്രമുഖ ഈജിപ്ഷ്യന്‍ പണ്ഡിതനുമായ സയ്യിദ് റഷീദ്‌രിദ, വക്കം മൗലവിയുടെ ജീവിതകാലത്ത് കേരളത്തിലെത്തി മൗലവിയുമായി കൂടിക്കാഴ്ച നടത്തുകയും ഗഹനമേറിയ പലവിഷയങ്ങളും നേരില്‍ ചര്‍ച്ച ചെയ്തതായും ചില പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്. വക്കം മൗലവിയുടെ ആത്മാര്‍ഥ സുഹൃത്ത് എന്‍.എ.മുഹമ്മദ് എന്ന വ്യക്തിക്കൊപ്പമാണ് റഷീദ്‌രിദ  മൗലവിയുടെ ഭവനത്തില്‍ എത്തിയത്. സംഭാഷണങ്ങളുടെ ഒടുവില്‍ സയ്യിദ് റഷീദ്‌രിദ തന്റെ കൈവശമുണ്ടായിരുന്ന അല്‍മനാറിന്റെ ലക്കങ്ങള്‍ മൗലവിക്ക് സമ്മാനമായി നല്‍കിയെന്നും കാണുന്നുണ്ട്. റഷീദ് രിദ ഇന്ത്യയില്‍ എത്തി ലക്‌നോവിലെ നദ്‌വത്തുല്‍ ഉലമയില്‍ നടന്ന പണ്ഡിതന്മാരുടെ സംഗമത്തില്‍ പങ്കെടുത്തതിനെപ്പറ്റി ഈയുള്ളവന്റെ ഗുരുനാഥന്‍ കൂടിയായ സയ്യിദ് അബുല്‍ഹസന്‍ നദ്‌വി(റഹി) തന്റെ 'ഫീ മസീറത്തില്‍ ഹയാത്ത്' എന്ന ജീവചരിത്രത്തില്‍ പരാമര്‍ശിച്ചത്കൂടി ചേര്‍ത്തുവായിച്ചാല്‍ ഈ കൂടിക്കാഴ്ചക്ക് കൃത്യമായ ചരിത്ര പിന്‍ബലം ലഭ്യമാകും.

ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍.എ. മുഹമ്മദ്, വക്കംമൗലവി മുന്‍കൈ ഏടുത്ത് ആലപ്പുഴയില്‍ സ്ഥാപിച്ച ലജ്‌നത്തുല്‍ മുഹമ്മദിയ്യ സംഘത്തിന്റെ ജ:സെക്രട്ടറിയായി. 1921 ആഗസ്റ്റ് 21ന് തിരുവനന്തപുരം ആര്യശാലാ ഹാളില്‍ നടന്ന തിരുവിതാംകൂര്‍ മുസ്‌ലിം മഹാസഭയുടെ യോഗത്തിലും എന്‍.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.

അധിനിവേശ കാലഘട്ടത്തില്‍, നവോത്ഥാന നായകന്മാരായ സയ്യിദ് സനാഉല്ല മക്തി തങ്ങള്‍, സയ്യിദ് മാഹിന്‍ ഹമദാനി തങ്ങള്‍, വക്കംമൗലവി, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, കെ.എം.മൗലവി, കെ.എം.സീതി സാഹിബ്, ഇ.കെ.മൗലവി തുടങ്ങിയ പ്രബുദ്ധന്മാരുടെ നിര മുസ്‌ലിം നവോത്ഥാന രംഗത്ത് കാഴ്ചവെച്ച മഹത്തായ സേവന പരിശ്രമങ്ങളെക്കുറിച്ച് കേരളത്തിനകത്തും പുറത്തും വിശദമായ പഠനങ്ങളും ഗവേഷണങ്ങളും തുടര്‍ന്ന് വരികയാണ്. ജാതിമത ഭേദമന്യെ, ഈ ബഹുമാന്യ വ്യക്തിത്വങ്ങളൂടെ കളങ്കരഹിതമായ സേവന പരിശ്രമങ്ങളെ അംഗീകരിക്കാന്‍ അനുദിനം മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നു. പത്തനംതിട്ട സ്വദേശിയും എന്റെ പരിചയക്കാരനുമായ ക്യാനഡയിലെ കൊണ്‍കോര്‍ഡിയ സര്‍വകലാശാലയിലെ അധ്യാപകന്‍ ജോസ് എബ്രഹാം (Institute of Islamic Studies McGiIl University, Montreal 2008) നടത്തിയ ഗവേഷണ പഠനം ഈരംഗത്ത് എന്തുകൊണ്ടും ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. Modernity, Islamic Reform, and the Mappilas of Kerala: The Contributions of Vakkom Moulavi (1873þ1932) എന്ന ലേബലില്‍ ജോണ്‍ എബ്രഹാമിന്റെ ഗവേഷണം അദ്ദേഹത്തെ മുസ്‌ലിം പൈതൃകത്തിന്റെ അതിരുകളില്ലാത്ത ഒരു ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതായി പ്രബന്ധം വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. അടിസ്ഥാനപരമായി ഒരു ക്രൈസ്തവനായ അദ്ദേഹത്തിന് തന്റെ ഗവേഷണ മേഖലയോട് തികച്ചും കളങ്കരഹിതമായ കൂറ് പ്രകടിപ്പിക്കാന്‍ സാധിച്ചത് ഈ നേതാക്കളെ ആദരിക്കുന്ന ഓരോരുത്തരെയും ഏറെ സന്തോഷിപ്പിക്കുന്നു. ഇനിയും നമ്മുടെ അന്വേഷണ മനസ്സുകള്‍ കടന്നുചെന്നിട്ടില്ലാത്ത മേഖലകളിലേക്ക് കൂടി വിരല്‍ചൂണ്ടുന്നതാണ് അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം. 

(അവസാനിച്ചില്ല)