ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ് അന്നജ്ദി: ജീവിതവും സന്ദേശവും

യൂസുഫ് സാഹിബ് നദ്‌വി

2018 ഫെബ്രുവരി 17 1439 ജുമാദില്‍ ആഖിറ 02

(ഭാഗം: 2)

ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍വഹ്ഹാബിന്റെ ജീവിതം, ഇസ്വ്‌ലാഹീ പ്രവര്‍ത്തനങ്ങള്‍, പ്രതിയോഗികള്‍, അനുയായികള്‍, ശൈഖിന്റെ ദഅ്‌വത്ത് ലോകതലത്തില്‍ സൃഷ്ടിച്ച പ്രതിധ്വനി, ശൈഖിന്റെ പേരില്‍ ചരിത്രത്തില്‍ തുന്നിച്ചേര്‍ക്കപ്പെട്ട അപവാദങ്ങള്‍, നീതിമാന്മാരായ ചരിത്രകാരന്മാരുടെ ഈ വിഷയത്തിലെ നിരൂപണങ്ങള്‍, ദഅ്‌വത്തിന്റെ ഇന്ത്യയിലേക്കുള്ള വ്യാപനം, അനുകൂലികളുടെയും പ്രതികൂലികളുടെയും ചരിത്രപരമായ പശ്ചാത്തലങ്ങള്‍, വിവിധ വ്യക്തികളിലും സംഘടനകളിലും പ്രസ്ഥാനങ്ങളിലും ശൈഖിന്റെ ദഅ്‌വത്തിന്റെ സ്വാധീനം, ഇസ്വ്‌ലാഹീ കേരളത്തിന്റെ നേതാക്കളും ശൈഖ് മുഹമ്മദിന്റെ ദഅ്‌വത്തും നജ്ദിലെ പണ്ഡിതന്മാരുമായുള്ള ചരിത്രപരമായ ബന്ധങ്ങള്‍, ഇന്ത്യയിലെ വിവിധ പണ്ഡിതന്മാരുടെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിലപാടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചരിത്രത്തിന്റെ പിന്തുണയോടെ, ആനുകാലിക രചനകളുടെ സഹായത്തില്‍ നിലവിലെ അവസ്ഥയില്‍ ഒരുരചനയുടെ അഭാവം കേരളത്തില്‍ ഇനിയും ബാക്കിയാണ്. ആരെങ്കിലും ഈ ദൗത്യം നിഷ്‌ക്കാമമായി ഇനിയെങ്കിലും ഏറ്റെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.  

ഒഴുക്കിനനുസരിച്ച് നീന്തുവാനാണ് പലര്‍ക്കും താല്‍പര്യം. വസ്തുതകള്‍ അന്വേഷിക്കാനോ ഗവേഷണ ബുദ്ധിയോടെ പഠനങ്ങള്‍ നടത്താനോ തയ്യാറാകുന്നവര്‍ നന്നേചുരുങ്ങിയിരിക്കുന്നു. എന്തു കണ്ടാലും കേട്ടാലും അതിനെ അതേപടി അനുകരിക്കുകയും അന്ധമായി വിളിച്ചു പറയുകയും ചെയ്യുന്നതിന് ഉന്നത യോഗ്യതയുള്ളവര്‍ക്ക് പോലും യാതൊരു മടിയുമില്ലാത്ത അവസ്ഥ വ്യാപകമാണ്. ശൈഖ് മുഹമ്മദിബിന്‍ അബ്ദുല്‍വഹ്ഹാബിനെയും മുസ്‌ലിം നവോത്ഥാനത്തെയും തള്ളിപ്പറഞ്ഞെങ്കില്‍ മാത്രമെ പൊതുസമൂഹത്തില്‍ സ്വാധീനവും കസേരയും ലഭിക്കൂ എന്ന് ഒരു വിഭാഗം പണ്ഡിത വേഷധാരികള്‍ക്ക് തോന്നാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അനുദിനം ആത്മീയ ചൂഷണത്തിന്റെ വ്യത്യസ്ത മുഖങ്ങളുമായി പ്രത്യക്ഷപ്പെടുന്ന, സുന്നികള്‍ എന്നവകാശപ്പെടുന്ന ബറേലവി വിഭാഗത്തിന്റെയും ആഗോള ശിയാസമൂഹത്തിന്റെയും കുത്തൊഴുക്കാണ് ഈ കളംമാറ്റിചവിട്ടലിന് അവരെ പ്രേരിപ്പിക്കുന്നത്.

ശിയാക്കളും ബറേലവികളുമൊഴികെയുള്ള ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പണ്ഡിത കൂട്ടായ്മകളും ദാര്‍ശനികമായി ഇബ്‌നു അബ്ദുല്‍വഹ്ഹാബിന്റെ പരിഷ്‌ക്കരണ ചിന്തകളെ നെഞ്ചിലേറ്റിയവരും അതിനെ പിന്തുണക്കുന്നവരുമാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍പെട്ട് പുതിയതലമുറ ഈ വസ്തുതകളെ വിസ്മരിച്ചുവെന്ന് മാത്രം. ദയൂബന്ദി ചിന്തകളുമായി അടുത്ത് ബന്ധമുള്ള പ്രമുഖരുടെ നിരവധി അഭിപ്രായങ്ങള്‍ ഈ വാദത്തിന് തെളിവായി ഉദ്ധരിക്കാന്‍ സാധിക്കും.

കഴിഞ്ഞനൂറ്റാണ്ടില്‍ ഇന്ത്യയില്‍ കഴിഞ്ഞുപോയ പണ്ഡിത പ്രമുഖന്മാരെല്ലം ശൈഖ് മുഹമ്മദിന്റെ ദഅ്‌വത്തിനെ അംഗീകരിക്കുകയും അതിനെ സ്വാഗതം ചെയ്യുകയും ചെയ്തവരാണ്. അതിന്റെ പേരില്‍ ആരെങ്കിലും അവരെ വഹ്ഹാബികള്‍ എന്ന് വിളിച്ചാല്‍ അവര്‍ അതിന്റെ പേരില്‍ അഭിമാനിച്ചു; അഹ്മദ് രിള്വാഖാന്റെ ബറേലവി പ്രസ്ഥാനത്തില്‍ താന്‍ അംഗമല്ലല്ലോ എന്നോര്‍ത്ത്. ഇന്നത്തെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. ദയൂബന്ദി ധാരയുമായിട്ടാണ് എന്റെ ഗുരുക്കന്മാരുടെ വൈജ്ഞാനിക സരണിയുടെ ബന്ധ(സനദ്)മെന്ന് അഭിമാനിക്കുന്നവര്‍ക്ക് പോലും ശൈഖ് മുഹമ്മദിനോടും അദ്ദേഹത്തിന്റെ ഇസ്വ്‌ലാഹീ പ്രവര്‍ത്തനങ്ങളോടും ഒരുതരം പുച്ഛമനോഭാവമാണ്. ശൈഖ്മുഹമ്മദിന്റെ ദഅ്‌വത്തിനെപ്പറ്റി ബറേലവികളും ശിയാക്കളും നടത്തുന്ന അപവാദ പ്രചരണങ്ങളില്‍ അറിഞ്ഞോ അറിയാതെയോ പലരും പങ്കാളികളായിക്കൊണ്ടിരിക്കുന്നു. 

തീവ്രവാദി എന്ന പ്രയോഗം വ്യാപകമാകുന്നതിന് മുമ്പ് അധിനിവേശ കാലഘട്ടത്തില്‍ കോളനിവാഴ്ചയുടെ വക്താക്കള്‍ ഗവേഷണം ചെയ്ത് കണ്ടെത്തിയ ഒരു പ്രയോഗമായിരുന്നു വഹ്ഹാബികളെന്നത്. പക്ഷേ, വഹ്ഹാബികളായി മുദ്രയടിക്കപ്പെട്ട മഹോന്നതരുടെ ചരിത്രം വിസ്മരിച്ചുകൊണ്ട് ഇന്ത്യയിലും വിദേശത്തും ഒരിസ്‌ലാമിക ചരിത്രം നിര്‍മിക്കാനാവില്ല. അതുപോലെ തന്നെയാണ് നവോത്ഥാനത്തിന്റെ കാര്യവും. വഹ്ഹാബികളായി മുദ്രയടിക്കപ്പെട്ടവരായിരുന്നു ലോകത്ത് നവോത്ഥാനത്തിന്റെ ചക്രങ്ങള്‍ തിരിച്ചത്. ചുരുക്കത്തില്‍ വഹ്ഹാബികള്‍ വിസ്മരിക്കാനാവാത്ത ചരിത്രത്തിന്റെ ഉടമകളും നവോത്ഥാനത്തിന്റെ ശില്‍പികളുമായിരുന്നുവെന്ന് സാരം. 

മുസ്‌ലിം നവോത്ഥാനരംഗത്തെ പൊന്‍താരകങ്ങളെ വഹ്ഹാബിസത്തിന്റെ കുറ്റപത്രം നല്‍കി പൗരോഹിത്യ വിചാരണനടത്തി അസ്പൃശ്യരായി അകറ്റിനിര്‍ത്താന്‍ മുസ്‌ലിംകളില്‍ ഒരുവിഭാഗം ശ്രമിച്ചപ്പോള്‍, ഇസ്‌ലാമുമായി ബന്ധമില്ലാത്ത ക്രൈസ്തവനായ പത്തനംതിട്ട സ്വദേശിയും എന്റെ പരിചയക്കാരനുമായ ക്യാനഡയിലെ കൊണ്‍കോര്‍ഡിയ സര്‍വകലാശാലയിലെ അധ്യാപകന്‍ ജോസ്എബ്രഹാം(www.facebook.com/joseutc) ഏറെ ഗൗരവത്തിലാണ് ഈ വിഷയത്തെ സമീപിച്ചിട്ടുള്ളത്. Modernity, Islamic Reform, and the Mappilas of Kerala: The Contributions of Vakkom Moulavi(1873-1932) എന്ന ഗവേഷണ പ്രബന്ധത്തില്‍ സയ്യിദ് സനാഉള്ള മക്തി തങ്ങള്‍, സയ്യിദ് മാഹിന്‍ ഹമദാനി തങ്ങള്‍, വക്കം മൗലവി, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, കെ.എം.മൗലവി, കെ.എം.സീതി സാഹിബ്, ഇ.കെ.മൗലവി തുടങ്ങിയ പ്രബുദ്ധന്മാര്‍ക്ക് നല്‍കിയിട്ടുള്ള സ്ഥാനമാനങ്ങളും അംഗീകാരവും ഏറെ അതിശയകരമാണ്. തുര്‍ക്കിയിലെ ഉസ്മാനിയാ ഖിലാഫത്തിന്റെ നാണയത്തുട്ടുകള്‍ക്ക് പകരമായി തൂലികത്തൊഴിലാളികള്‍ കുത്തിക്കുറിച്ച വാറോലകളെ ആധികാരികതയുടെ നിറകുടത്തില്‍ മുക്കിയിറക്കി അഭിനവ യൂദാസുകളായ ഫാസിസ്റ്റുകളുടെ എഴര വെള്ളിക്കാശിനുവേണ്ടി തെക്ക്‌വടക്ക് വിചാരണനാടകം കളിക്കുന്ന 'കപടസാംസ്‌ക്കാരിക' സമൂഹത്തിന്റെ നീതിബോധത്തെ ഈ ഗവേഷണപ്രബന്ധം ചോദ്യംചെയ്യുന്നുവോ എന്ന് സംശയിക്കാന്‍ പര്യാപ്തമാണ്. കാരണം ഈ നേതാക്കളെപ്പറ്റി ഇസ്‌ലാമിന്റെ ശത്രുക്കള്‍ കാലങ്ങളായി പ്രചരിപ്പിച്ചുവരുന്ന അപവാദ പ്രചരണങ്ങള്‍ ഇടവും വലവും നോക്കാതെ വാരിവിഴുങ്ങാന്‍ പരസ്പരം മത്സരിക്കുന്നവര്‍ക്കുള്ള അക്കാദമിക് തലത്തിലെ ആധികാരിക മറുപടികൂടിയാണ് ജോസ് എബ്രഹാമിന്റെ ഈ ഗവേഷണ പ്രബന്ധം.  

അടിസ്ഥാനപരമായി ഒരു ക്രൈസ്തവനായിട്ടുകൂടി തന്റെ ഗവേഷണ മേഖലയോട് തികച്ചും കളങ്കരഹിതമായ കൂറ് പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത് ഈ നേതാക്കളെ ആദരവിലും മഹുമതിയിലും വീക്ഷിക്കുന്ന ഓരോരുത്തരെയും ഏറെ സന്തോഷിപ്പിക്കുന്നു. ഇനിയും നമ്മുടെ അന്വേഷണ മനസ്സുകള്‍ കടന്നുചെന്നിട്ടില്ലാത്ത മേഖലകളിലേക്ക് കൂടി വിരല്‍ചൂണ്ടുന്നതാണ് അദ്ദേഹത്തിന്റെ ഈ ഗവേഷണ പ്രബന്ധം. 

തുര്‍ക്കിയിലെ ഉസ്മാനിയാ ഖിലാഫത്തിന്റെ പ്രതിനിധിയായി മക്കയിലെ ശാഫിഈ മുഫ്തിയുടെ സ്ഥാനം അലങ്കരിച്ചിരുന്ന അഹ്മദ് സൈനീദഹ്‌ലാന്‍(ഹി:1232-1304) എന്നയാള്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ, ശൈഖ് ഇബ്‌നു അബ്ദുല്‍വഹ്ഹാബ് തുടങ്ങിയ അഗ്രഗണ്യരായ പണ്ഡിത പ്രതിഭകള്‍ക്കെതിരില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ തന്നെ പഠിച്ചുവളര്‍ന്ന, ഇസ്‌ലാമിനുവേണ്ടി ബ്രഹത്തായ സേവനങ്ങള്‍ അനുഷ്ഠിച്ച ഇമാം മുഹമ്മദ് ബശീറുദ്ദീന്‍ സഹ്‌സവാനി (ഹി:1252-1326) രചിച്ച 'സ്വിയാനതുല്‍ ഇന്‍സാന്‍, അന്‍ വസ്‌വസതി ഖൈ് ദഹ്‌ലാന്‍' എന്ന മഹത്തായ രചനയിലൂടെ നല്‍കിയ മറുപടി ഈ കൂട്ടത്തില്‍ പ്രത്യേകം ഏടുത്ത് പറയേണ്ടതാണ്. പ്രമുഖരായ പണ്ഡിത വരേണ്യന്മാര്‍ക്കെതിരിലുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടി എന്നതില്‍ ഉപരിയായി, ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദിനെതിരില്‍ ശത്രുക്കള്‍ പ്രചരിപ്പിക്കുന്ന കിംവദന്തികള്‍ക്കുള്ള സമഗ്രമറുപടി ഗ്രന്ഥമെന്ന നിലയിലാണ് ലോക സലഫി പണ്ഡിത സമൂഹം ഈ രചനയെ ഇന്നോളം വീക്ഷിക്കുന്നത്. 

തൗഹീദിനെതിരില്‍ ബറേലവികളും ശിയാക്കളും സ്വൂഫികളുമുള്‍പ്പെടെയുള്ള ഭിന്നവിഭാഗങ്ങള്‍ തുടക്കം മുതല്‍ ഒടുക്കംവരെ ഉന്നയിച്ചുവരുന്ന ഒട്ടുമിക്ക അപവാദങ്ങള്‍ക്കും പ്രാമാണികമായി ശാസ്ത്രീയ വിശകലനങ്ങളോടെ ഇമാം സഹ്‌സവാനി നല്‍കിയ മറുപടി, ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ ഒരത്ഭുതം തന്നെയാണെന്നതില്‍ സംശയമില്ല. ഇമാം സഹ്‌സവാനി(റഹ്)യുടെ ഈ വിശദീകരണങ്ങളെ വളരെയധികം ആദരവോടെയാണ് എല്ലാവരും സമീപിച്ചുവരുന്നത്. വിഭിന്ന വീക്ഷണക്കാരായ ഗുരുക്കന്മാരില്‍ നിന്നും വിവിധ വൈജ്ഞാനിക ശാഖകളില്‍ വിദ്യഅഭ്യസിച്ച ഇമാം സഹസവാനി, പ്രമാണികമായി വികല വിശ്വാസികളെ നേരിട്ടതുപോലെ ഇക്കാലം വരെയും ഒരുമുന്നേറ്റം ഇസ്‌ലാമിക ലോകത്ത് കണാനായിട്ടില്ല. ബ്രഹത്തായ രണ്ടു വാല്യങ്ങളില്‍ 923വിഷയങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നിരത്തിയിട്ടുള്ളത്. ഈജിപ്തിലെ അല്‍മനാര്‍ പത്രാധിപര്‍ സയ്യിദ് റശീദ് രിള്വ(റഹ്) ഈ മറുപടിഗ്രന്ഥത്തെ വിഷയങ്ങളെ അടിസ്ഥാനമാക്കി വേര്‍തിരിച്ച് ആമുഖസഹിതം പ്രസിദ്ധപ്പെടുത്തിയത് ഇന്ന് എല്ലായിടത്തും ലഭ്യമാണ്.

സലഫി സമൂഹത്തിന്റെ തായ്‌വഴി അവകാശപ്പെടുന്ന ഒട്ടുമിക്കവരും ഇമാം സഹ്‌സവാനി(റഹ്)യുടെ ഈ സമഗ്ര രചനയെപ്പറ്റി ഇന്നും തികഞ്ഞ അജ്ഞതയിലാണ്. സ്വൂഫി-ഖുറാഫി-ശിയാ-ബറേലവി ലോബികള്‍ പ്രചരിപ്പിക്കുന്ന ബഹുദൈവവിശ്വാസ വാദങ്ങളുടെ മുനയൊടിക്കുന്ന ഇമാം സഹ്‌സവാനിയുടെ മറുപടിയെ കവച്ചുവെക്കുവാന്‍ തക്ക മറ്റൊരു നിരൂപണഗ്രന്ഥം നിലവിലില്ല.  

ഇമാം സഹ്‌സവാനിയുടെ ഈ ഗ്രന്ഥം സലഫുകളുടെ തായ്‌വഴി അവകാശപ്പെടുന്നവരുടെ സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതികളില്‍ ഉള്‍പെടുത്തി, വരുംതലമുറയെ നമ്മുടെ ഭൂതകാല സമൂഹത്തിന്റെ മഹത്തായ സേവനങ്ങളെ ഓര്‍മപ്പെടുത്തുന്നത് ഏറ്റവും അനിവാര്യമാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ലല്ലോ. തൗഹീദിനെതിരില്‍ വൈകല്യത്തിന്റെ വക്താക്കള്‍ എയ്തുവിടുന്ന നനഞ്ഞ പടക്കങ്ങളെ നേരിടാനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ച് പകലന്തിയോളം പുതിയ പുതിയ ഗവേഷണങ്ങളുടെ വാതായങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് വിവാദങ്ങള്‍ക്ക് തിരികൊളുത്താതെ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും കൃത്യമായ ഒരു പരിധിയും പരിമിതിയും നിര്‍ണയിക്കാന്‍ നമ്മുടെ പൂര്‍വസൂരികളായ മുന്‍ഗാമികളൂടെ ഇത്തരം രചനകള്‍ക്ക് സാധിക്കുമെന്നതില്‍ ഇരുപക്ഷമില്ല. ഇമാം സഹ്‌സവാനി തൗഹീദിന്റെ വിഷയത്തില്‍ നല്‍കിയ സമഗ്രമായ 923 മറുപടികള്‍ ക്വസ്റ്റ്യന്‍ബാങ്ക് പോലെ സമാഹരിച്ച് ഭാവിതലമുറയെ ബോധവല്‍ക്കരിക്കാനുള്ള ശ്രമം ഉണ്ടാകണമെന്ന് ആശിച്ചുപോകുന്നു. 

ശൈഖ് മുഹമ്മദിബിന്‍ അബ്ദുല്‍വഹ്ഹാബ്(റഹ്)യുടെ തൗഹീദി ചിന്തകളിലും അദ്ദേഹം ഹിജാസിലും നജ്ദിലും തുടക്കമിട്ട നവോത്ഥാന പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളിലും അതിന്റെ പ്രാരംഭത്തില്‍ തന്നെ സ്വാധീനിക്കപ്പെട്ട നിരവധി ഇന്ത്യന്‍ പണ്ഡിതന്മാരെ നമുക്ക് കണ്ടെത്താനാവും. ഷാഹ് വലിയ്യുല്ലാഹ് അദ്ദഹ്‌ലവിയുടെ രചനകള്‍ ഇക്കൂട്ടത്തില്‍ പ്രത്യേകം എടുത്ത് പറയേണ്ടത് തന്നെയാണ്. ഹറമൈനിയിലെ പണ്ഡിത പ്രമുഖരില്‍നിന്നും വിദ്യഅഭ്യസിച്ച അദ്ദേഹത്തിന്റെ കൃതികളില്‍ ഒട്ടുമിക്കതിലും ശൈഖ് ഇബ്‌നുതൈമിയ്യ, ഇബ്‌നുല്‍ഖയ്യിം തുടങ്ങിയവരുടെ വ്യക്തമായ സ്വാധീനം നമുക്ക് കാണാനാവും. പ്രത്യേകിച്ച്, ഇസ്‌ലാമിന്റെ ആന്തരിക ബദ്ധവൈരികളായ ശിയാക്കളെയും സ്വൂഫികളെയും പ്രാമാണികമായി നേരിടുന്ന വിഷയത്തില്‍. ഇതേ സ്വാധീനം തന്നെ ഇമാം ഷാഹ് ഇസ്മാഈല്‍ അദ്ദഹ്‌ലവിയുടെ കൃതികളിലും നമുക്ക് കാണാം. അദ്ദേഹത്തിന്റെ 'തക്വ്‌വിയ്യത്തുല്‍ ഈമാന്‍' എന്ന കൃതി ഇബ്‌നു അബ്ദുല്‍വഹ്ഹാബിന്റെ 'കിതാബുത്തൗഹീദി'ന്റെ വ്യഖ്യാനമാണെന്ന് വാദിക്കുന്നവരും കുറവല്ല. 

ഇന്ത്യന്‍ പണ്ഡിതന്മാരുടെ ബ്രഹത്തായ ഇത്തരം സേവന പാരമ്പര്യങ്ങളെ ഭാവിതലമുറക്ക് കൂടി പരിചയപ്പെടുത്തുന്ന നിലയില്‍ പാഠ്യപദ്ധതികളെ ക്രമീകരിക്കണമെന്ന നിര്‍ദേശം വീണ്ടും ആവര്‍ത്തിക്കുകയാണ്. കേരളീയ സലഫിസമൂഹത്തിന്റെ തായ്‌വേരുകള്‍ കൃത്യമായി ചെന്നവസാനിക്കുന്നത് വക്കം അബ്ദുല്‍ഖാദര്‍ മൗലവി(റഹ്)യിലാണ്. അദ്ദേഹത്തിന്റെ മൂല്യവത്തായ നിരവധി ഗ്രന്ഥങ്ങളും സേവനത്തിന്റെ ജീവസ്സുറ്റ കാല്‍പാടുകളും മുസ്‌ലിം സമൂഹത്തില്‍ നല്ലൊരു വിഭാഗത്തിനും ഇന്നും അജ്ഞാതമാണ്. ഇവ കൃത്യമായി ക്രോഢീകരിക്കാനും പുനഃപ്രസിദ്ധീകരിക്കാനുമുള്ള നടപടികള്‍ ഊര്‍ജസ്വലമാകേണ്ടതുണ്ട്.

മഷിനോട്ടം, ഗൗളിശാസ്ത്രം, കൈനോട്ടം, കവടിനിരത്തല്‍ തുടങ്ങിയ സകലമാന അന്ധവിശ്വാസങ്ങള്‍ക്കും ഉന്നത സര്‍വകലാശാലകളുടെ അകത്തളങ്ങളില്‍ വിപുലമായ സംവിധാനങ്ങളും ചെയറുകളും യു.ജി.സി.യുടെ പിന്‍ബലത്തോടെ അനുവദിക്കാന്‍ രാഷ്ട്രീയ സാംസ്‌ക്കാരിക നായകന്മാര്‍ മത്സരബുദ്ധിയോടെ മുറവിളി കൂട്ടിവരികയാണ്. അവരുടെ നിലവിളികള്‍ക്ക് റിസല്‍റ്റുണ്ടാക്കാന്‍ രാഷ്ടീയ നേതാക്കള്‍ പരസ്പരം മത്സരിക്കുകയും പൊതുഖജനാവിലെ ലക്ഷങ്ങള്‍ ഇതിനായി നിര്‍ലോഭം വാരിവിതറുകയും ചെയ്തുവരുന്നു. എന്നാല്‍ ജന്മഭൂമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സകലതും ത്യജിച്ച വക്കംമൗലവി, ഖിലാഫത്ത് കമ്മറ്റിയില്‍ സജീവമായതിന്റെ പേരില്‍ ബ്രിട്ടീഷ് പട്ടാളം വധശിക്ഷക്ക് വിധിച്ച കെ.എം മൗലവി, പീഡന പരമ്പരകള്‍ക്ക് തകര്‍ക്കാനാവാതെ നൂറ്റാണ്ടിന്റെ അവസാനംവരെ ജീവിച്ചിരുന്ന കെ.മൊയ്തു മൗലവി സാഹിബ് തുടങ്ങിയ ധീരദേശാഭിമാനികളുടെ ചരിത്രം പറയാനോ, അവരുടെ സേവനങ്ങളെപ്പറ്റി ഗവേഷണം നടത്തി വരുംതലമുറയെ ഉത്ബുദ്ധരാക്കാനോ കേരളമണ്ണില്‍ ഒരു കാലിക്കസേരപോലും ഇല്ലായെന്നതാണ് വസ്തുത. ഇടക്കാലത്ത് തുടക്കമിട്ട പലതും കൊടുംകാടുകളെ അനുസ്മരിപ്പിക്കുന്ന നിലയില്‍ പ്രവര്‍ത്തനരഹിതമായി അവശേഷിക്കുന്നു. 

കലാലയങ്ങള്‍ കൊലാലയങ്ങളാണ്, ഇംഗ്ലീഷ് ഭാഷ നരകത്തിന്റെ ഭാഷയാണ്, സര്‍ക്കാര്‍ ജോലി ഇസ്‌ലാമിക വിരുദ്ധമാണ് തുടങ്ങിയ വികലചിന്തകള്‍ സമൂഹത്തില്‍ വിതറി, മുസ്‌ലിം സമുദായത്തെ പിന്നോട്ട് വിളിക്കാന്‍ ശ്രമിച്ച പലരും, വാക്കുകളിലും വരികള്‍ക്കിടയിലും മുസ്‌ലിം നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ തങ്ങളുടെ ഇല്ലാത്ത ഭാഗധേയം കൃത്രിമമായി തിരുകിക്കയറ്റാനുള്ള ശ്രമത്തിലാണ്. പ്രബുദ്ധസമൂഹം ഇത്തരം കുടിലശ്രമങ്ങളെ കണ്ടില്ല എന്ന് നടിക്കുന്നത് ശരിയല്ല. സലഫി രീതിശാസ്ത്രത്തിന്റെ അടിത്തറയില്‍ ഈ ഭൂമികയില്‍ കഴിഞ്ഞുപോയ പൂര്‍വസൂരികളുടെ രചനകളും കൃത്യമായ ചരിത്ര പാരമ്പര്യവും ശേഖരിച്ച് അടുത്ത തലമുറക്ക് കൈമാറുന്നതിനുള്ള ശ്രമങ്ങള്‍ സജീവമാകേണ്ടതാണ്. 

പിന്നിട്ട ദിനരാത്രങ്ങളെപ്പറ്റി കൃത്യമായ ചരിത്രബോധമില്ലാത്ത സമൂഹത്തിന് മാര്‍ഗഭ്രംശനം സംഭവിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. വഴിപിഴവുകള്‍ക്കും താളം തെറ്റലുകള്‍ക്കും മുഖ്യ കാരണം ഈ ചരിത്ര ബോധത്തിന്റെ കൃത്യമായ അഭാവമാണെന്ന് ആനുകാലിക സംഭവവികാസങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ശരിയായ ചരിത്രത്തിനെ ധ്വംസിച്ചുകൊണ്ട് മാത്രമെ ശത്രുനിരക്ക് അധിനിവേശം പൂര്‍ണമാക്കാന്‍ സാധിക്കുകയുള്ളു. ഇന്ത്യയുടെ ഭൂതകാല ചരിത്രത്തില്‍ സൂക്ഷ്മമായ കൈകടത്തലുകള്‍ നടത്തി സ്വാതന്ത്ര്യബോധത്തെ വികലമാക്കി വഴിതരിച്ചുവിടാന്‍ ശ്രമിച്ച ബ്രിട്ടീഷുകാരന്റെ കുത്സിതശ്രമങ്ങള്‍ നമുക്കെന്നും ഗുണപാഠമായിരിക്കണം. പൂര്‍വസൂരികളുടെ കാല്‍പാടുകള്‍ പിന്‍ഗാമികള്‍ക്കുള്ള വഴിവിളക്കുകളാണ്. ഈ വഴിവിളക്കിനെ ബാധിക്കുന്ന സകല വിപത്തുകളും വിശ്വാസി സമൂഹത്തിന്റെ നിലനില്‍പിനെ അപകടത്തിലാക്കുമെന്ന ബോധം എപ്പോഴും നമ്മെ നയിക്കട്ടെ.

ഇബ്‌നു അബ്ദുല്‍വഹ്ഹാബിന്റെ നേതൃത്വത്തില്‍ ഹിജാസിലും നജ്ദിലും തുടക്കമിട്ട പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍, മക്കയിലും മദീനയിലും നജ്ദിലും മാത്രം പരിമിതമായിരുന്നില്ല. ഭൂമിശാസ്ത്രത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് ഈ ദഅ്‌വത്തിന്റെ സന്ദേശം അറേബ്യന്‍ ഉപദ്വീപില്‍ ഒന്നടങ്കവും- വിശിഷ്യാ മധ്യേഷ്യയില്‍ ഒട്ടുമിക്കപ്രദേശങ്ങളിലും- ഏഷ്യന്‍ ഭൂഖണ്ഡത്തിലാകമാനവും ആഞ്ഞുവീശി. ശത്രുക്കള്‍ പോലും നിസ്സംശയം അംഗീകരിച്ച ചരിത്രയാഥാര്‍ഥ്യങ്ങളാണിവ. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേവലം പദപ്രയോഗങ്ങളുടെ പരിമിതികളില്‍മാത്രം ഒതുങ്ങരുതെന്നും ഉണര്‍ത്തുകയാണ്.