മന്‍ഹജ് വിരോധത്തിന്റെ അന്തര്‍ധാരകള്‍

മൂസ സ്വലാഹി, കാര

2018 ഡിസംബര്‍ 01 1440 റബീഉല്‍ അവ്വല്‍ 23

പണ്ഡിതരും പഠിതാക്കളും പ്രബോധകരും പ്രബോധിതരും ഇന്നേറെ കേട്ടും ഉപയോഗിച്ചും പരിചയിച്ച പദമാണ് 'മന്‍ഹജുസ്സലഫ്' എന്നത്. പ്രമാണങ്ങളുടെ വെളിച്ചെത്തില്‍ മതകാര്യങ്ങളെ അറിയാനും പഠിപ്പിക്കാനുമുള്ള രീതിശാസ്ത്രമാണിത്. ചിലരെങ്കിലും തെറ്റുധരിച്ചപ്പോലെ ഇതൊരു മദ്ഹബോ പ്രമാണമോ അല്ല. തന്നിഷ്ടങ്ങളെ പിന്‍പറ്റി കേവല ബുദ്ധികൊണ്ട് മാത്രം ദീനിനെ അറിഞ്ഞവര്‍ക്ക് ഇതെന്നും അലോസരമായിട്ടുണ്ട്. ക്വദ്‌രിയാക്കള്‍, ഖവാരിജുകള്‍, ശിയാക്കള്‍, മുഅ്തസിലിയാക്കള്‍, സ്വൂഫികള്‍ തുടങ്ങിയ വ്യതിയാന കക്ഷികളെല്ലാം അതിന്റെ വ്യക്തമായ തെളിവുകളാണ്.

മതവിഷയങ്ങളെ ഓരോരുത്തരുടെയും താല്‍പര്യങ്ങള്‍ക്കൊപ്പിച്ച് വിശദീകരിക്കാതെ ഉത്തമ തലമുറയില്‍ ജീവിച്ചവരില്‍ നിന്ന് മനസ്സിലാക്കുന്ന രീതിയാണ് ശരി. ഇതിനെ ഉപേക്ഷിക്കുന്നവര്‍ വലിയ പിഴവുകളിലകപ്പെടുന്നതില്‍ സംശയമില്ല. 

2018 സെപ്റ്റംബര്‍ 16-30 ലക്കം 'സത്യധാര'യില്‍ 'സലഫി മന്‍ഹജ് ഇവിടെ വന്നതാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാരണം' എന്ന തലക്കെട്ടില്‍ സി.പി. ഉമര്‍ സുല്ലമിയുമായുള്ള ഒരു അഭിമുഖം പ്രസിദ്ധീകരിച്ചതായി കണ്ടു. മുജാഹിദുകള്‍ എന്നോ മറുപടി നല്‍കിക്കഴിഞ്ഞ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്ന അഭിമുഖത്തിലെ ഓരോ വാക്കുകള്‍ക്കും ഈ കുറിപ്പിലൂടെ മറുപടിയാന്‍ ഉദ്ദേശിക്കുന്നില്ല. മന്‍ഹജ് വിരോധത്തിലെ പൊള്ളത്തരം വ്യക്തമാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.

സലഫുകളുടെ മന്‍ഹജ് അനുസരിച്ച് പ്രമാണങ്ങളെ മനസ്സിലാക്കുന്നത് ഒരു മഹാപാപമാണെന്ന്‌സമര്‍ഥിക്കുവാനാണ് ഇരു വിഭാഗവും ഇതിലൂടെ ശ്രമിക്കുന്നത്. അദ്ദേഹം പറയുന്നത് കാണുക: ''സലഫി മന്‍ഹജിന്റെ ഇറക്കുമതിയാണ് മുജാഹിദ് പ്രസ്ഥാനത്തിനകത്തെ എല്ലാ പ്രശ്‌നങ്ങളുടെയും കാരണം. നമ്മള്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്താണെന്നു പറയുന്നവരാണ്. നമ്മുടെ സീലും മുദ്രയും അങ്ങനെയാണ്. അതിന്റെ കൂടെ ഒരു 'മന്‍ഹജുസ്സലഫി' ചേര്‍ക്കേണ്ടതില്ല. മന്‍ഹജുസ്സലഫിയെന്നാല്‍ ഒരു സലഫിയുടെ മന്‍ഹജാണല്ലോ. ഏതു സലഫിയുടെ മന്‍ഹജാണത്?'' (സത്യധാര/പേജ്10).

ക്വുര്‍ആനിനോടും സുന്നത്തിനോടും പ്രതിബദ്ധതയില്ലാത്തവര്‍ക്കും അഹ്‌ലുസ്സുന്നയുടെ മാര്‍ഗത്തെ അവഗണിച്ചവര്‍ക്കും മാത്രമെ ഇങ്ങനെ വിളിച്ചു പറയാനാകൂ. കാരണം പ്രമാണങ്ങള്‍ പഠിക്കുന്നതിന്റെ അടിസ്ഥാനം മന്‍ഹജാകണമെന്നത് ഇസ്‌ലാമിന്റെ നിര്‍ദേശമാണ്. 

അല്ലാഹു പറയുന്നു: ''നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ'' (ക്വുര്‍ആന്‍ 2:137).

തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'' (ക്വുര്‍ആന്‍ 4:115).

''അതായത്, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ''(ക്വുര്‍ആന്‍ 30:32). 

ഈ ആയത്തിനെ (30:32) വിശദീകരിച്ച് ഇബ്‌നു കഥീര്‍(റഹി)പറയുന്നു: ''ഈ സമൂഹത്തിലും വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒന്നൊഴികെ എല്ലാം വഴികേടാണ്. അല്ലാഹുവിന്റെ ക്വുര്‍ആനിനെയും നബിﷺയുടെ ചര്യയെയും സ്വഹാബത്താകുന്ന ആദ്യ തലമുറയെയും താബിഉകളെയും ആധുനികരും പൗരാണികരുമായ മുസ്‌ലിം പണ്ഡിതന്മാരെയും മുറുകെ പിടിക്കുന്ന അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയാണവര്‍ (വഴികേടിലാകപ്പെടാത്തവര്‍)'' (ഇബ്‌നു കഥീര്‍ വാള്യം 3, പേജ് 574)

അബ്ദുല്ലാഹ്ബ്‌നു അംറ്(റ)വില്‍ നിന്ന്: നബിﷺ പറഞ്ഞു: ''നിശ്ചയം ബനൂഇസ്‌റാഈല്യര്‍ എഴുപത്തി രണ്ട് വിഭാഗങ്ങളായി പിരിഞ്ഞു. എന്റെ സമൂഹം എഴുപത്തി മൂന്ന് വിഭാഗങ്ങളായി പിരിയും. ഒന്നൊഴികെ ബാക്കിയെല്ലാം നരകത്തിലായിരിക്കും.'' സ്വഹാബത്ത് ചോദിച്ചു: ''ആരാണ് ആ വിഭാഗം?'' നബിﷺ പറഞ്ഞു: ''ഞാനും എന്റെ സ്വഹാബത്തും നിലകൊണ്ട മാര്‍ഗത്തില്‍ നിലകൊണ്ടവര്‍ ആരാണോ അവര്‍'' (തുര്‍മുദി).

അബ്ദുല്ല(റ)വില്‍ നിന്ന്: നബിﷺ പറഞ്ഞു: ''എന്റെ തലമുറയാണ് ഉത്തമ തലമുറ. പിന്നെ അവരെ പിന്‍പറ്റി വരുന്നവര്‍. പിന്നെ അവരെ പിന്‍പറ്റി വരുന്നവര്‍'' (മുസ്‌ലിം).

ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ''നിങ്ങളില്‍ ആരെങ്കിലും മാതൃകയാക്കുന്നുവെങ്കില്‍ മുഹമ്മദ് നബിﷺയുടെ സ്വഹാബത്തിനെ മാതൃകയാക്കട്ടെ. അവരാണ് ഈ സമൂഹത്തിലെ ഏറ്റവും നല്ല അവസ്ഥയിലുള്ളവര്‍, അഗാധജ്ഞാനമുള്ളവര്‍, കൃത്രിമത്വം ഒട്ടും ഇല്ലാത്തവര്‍, നേര്‍മാര്‍ഗത്തില്‍ നിലകൊണ്ടവര്‍. തന്റെ പ്രവാചകന്റെ അനുയായികളാവാന്‍ അല്ലാഹു തെരെഞ്ഞെടുത്തവരാണവര്‍. നിങ്ങള്‍ അവരുടെ ശ്രേഷ്ഠത അംഗീകരിക്കണം. അവരുടെ കാല്‍പാടുകളെ നിങ്ങള്‍ പിന്‍പറ്റണം. കാരണം അവരായിരുന്നു നേര്‍മാര്‍ഗത്തില്‍ നിലകൊണ്ടവര്‍'' (ഇബ്‌നു അബ്ദുല്‍ ബര്‍റ്, ജാമിഉ ബയാനില്‍ ഇല്‍മ്).

ആദ്യമായി ക്വദ്‌റിനെ നിഷേധിച്ച മഅ്ബദുല്‍ ജുഹ്‌നി ബസ്വറയില്‍ വന്നപ്പോള്‍ താബിഉകളായ യഹ്‌യബ്‌നു യഅ്മറും ഹുമൈദ്ബ്‌നു അബ്ദിറഹ്മാന്‍ അല്‍ഹിമൈരിയും ഇതിനെപ്പറ്റി അറിയാന്‍ സ്വഹാബത്തിനെ തേടിപ്പോയ, ഇമാം മുസ്‌ലിം ഉദ്ധരിച്ച സംഭവം മന്‍ഹജുസ്സലഫിന്റെ പ്രാധാന്യം ബോധ്യമാക്കിത്തരുന്നു.

ഇമാമുസ്സുന്ന എന്നറിയപ്പെടുന്ന അഹ്മദ്ബ്‌നു ഹമ്പല്‍(റഹി) പറഞ്ഞു: 'നമ്മുടെ അടുക്കല്‍ സുന്നത്തിന്റെ അടിസ്ഥാനമെന്നത് റസൂല്‍ﷺയുടെ അനുചരന്മാര്‍ നിലകൊണ്ട മാര്‍ഗം മുറുകെ പിടിക്കലും അവരുടെ മാതൃക പിന്‍പറ്റലുമാണ്'' (ഉസ്വൂലുസ്സുന്ന).

ഇത്രയധികം പ്രമാണ പിന്‍ബലമുള്ള ഒന്നിനെ 'ഇറക്കുമതി,' 'മന്‍ഹജുസ്സലഫി' എന്നിങ്ങനെ പരിഹസിക്കുന്നത് അജ്ഞതയും അവിവേകവുമാണ്.

അഹ്‌ലുസ്സുന്നയുടെ ഇമാമുമാരായ ഹസനുല്‍ ബസ്വരി, സുഫിയാനു ഥൗരി, ലൈസ്ബ്‌നുസഅദ്, അബൂഹനീഫ, മാലിക് ബ്‌നു അനസ്, അഹ്മദ്ബ്‌നു ഹമ്പല്‍, ശാഫിഈ, നുഅമുല്‍ ഹമ്മാദ്, ബുഖാരി, മുസ്‌ലിം, ഇബ്‌നു ഖുസൈമ, ലാലകായി, ആജുരി, ത്വബ്‌രി, ക്വുര്‍ത്വുബി എന്നീ പണ്ഡിതരും മന്‍ഹജിന്റെ മഹത്ത്വം ഉള്‍ക്കൊണ്ടവരും അത് സമൂഹത്തെ ഉണര്‍ത്തിയവരുമാണ്.

ഇനി പ്രസ്ഥാന ചരിത്രം പരിശോധിക്കാം. 1924ല്‍ 'കേരള ജംഇയ്യത്തുല്‍ ഉലമ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ'യും 1950ല്‍ 'കേരള നദ്‌വതുല്‍ മുജാഹിദീനും' രൂപീകരിക്കപ്പെട്ടത് ഈ ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ വേണ്ടി മാത്രമാണ്. സംഘടനയുടെ പ്രഥമ പ്രസിഡന്റായ കെ.എം മൗലവി എഴുതുന്നു: 'അതായതു നബിﷺ ക്വുര്‍ആന്‍ സ്വഹാബികള്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും തിരുമേനിﷺയുടെ വാക്കുമൂലവും പ്രവൃത്തിമൂലവും ക്വുര്‍ആനിന്റെ ഉദ്ദേശവും താല്‍പര്യവും അവരെ മനസ്സിലാക്കുകയും ഇങ്ങനെ ക്വുര്‍ആനിനും ഹദീഥിനുമനുസരിച്ചു ജീവിക്കുവാന്‍ അവരെ പരിശീലിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി പരിശുദ്ധ ക്വുര്‍ആനും ഹദീഥും വേണ്ടതിന്‍വണ്ണം ഗ്രഹിക്കുകയും അവയെ പരിപൂര്‍ണമായി അനുസരിച്ചുകൊണ്ടുള്ള ജീവിതം നയിച്ചു പരിശീലനം സിദ്ധിക്കുകയും ചെയ്ത ഒരു ജനത തിരുമേനിയുടെ മരണത്തിന് മുമ്പുതന്നെ നിലവില്‍ വന്നിട്ടുണ്ട്. സ്വഹാബത്ത് താബിഈങ്ങള്‍ക്ക് ക്വുര്‍ആനിന്റെയും ഹദീഥിന്റെയും അര്‍ഥം പഠിപ്പിച്ചുകൊടുത്തിട്ടുമുണ്ട്. ക്വുര്‍ആനിനും ഹദീഥിനും സ്വഹാബത്തും താബിഈങ്ങളും കൊടുത്തിട്ടുള്ള അര്‍ഥങ്ങള്‍ക്കും അവയില്‍ നിന്നു മനസ്സിലാക്കിയിട്ടുള്ള സിദ്ധാന്തങ്ങള്‍ക്കും എതിരായി അര്‍ഥം കൊടുക്കുവാനോ വ്യാഖ്യാനം നല്‍കുവാനോ അവരാരും പറയാത്ത അര്‍ഥം സ്വയം കൊടുത്തു ക്വുര്‍ആനിന്റെയും ഹദീഥിന്റെയും ഉദ്ദേശത്തെ അലങ്കോലപ്പെടുത്തുവാനോ ആര്‍ക്കും അവകാശമില്ല തന്നെ'' (പരപ്പനങ്ങാടി വാദപ്രതിവാദം, പേജ് 59,60). 

വീണ്ടും അദ്ദേഹം എഴുതുന്നു: ''അല്ലാഹു ഇല്ലെന്നും യാതൊരു നബിമാരെയും അല്ലാഹു അയച്ചിട്ടില്ലെന്നും ക്വുര്‍ആനില്‍ നിന്നും ഹദീഥില്‍ നിന്നും തനിക്ക് മനസ്സിലായിട്ടുണ്ടെന്നും അതിനാല്‍ തനിക്കതനുസരിച്ചുനടക്കാമോ എന്നും ചോദിക്കും പോലെയാണ് ഈ ചോദ്യം. അത്തരക്കാരോടുള്ള മറുപടി സ്വഹാബത്തും താബിഈങ്ങളും ക്വുര്‍ആനും ഹദീഥും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തതനുസരിച്ചു പഠിക്കുവാനും മനസ്സിലാക്കുവാനും ശ്രമിക്കണമെന്നും എന്നിട്ട് അതിന്നനുസരിച്ചു പ്രവര്‍ത്തിക്കണമെന്നും ആകുന്നു'' (അതേ പുസ്തകം, പേജ് 61). 

അമാനി മൗലവിയുടെ വിശുദ്ധ ക്വുര്‍ആന്‍ വിവരണത്തിന് 1964ല്‍ കെ.എം മൗലവി എഴുതിയ അവതാരികയില്‍ ഇപ്രകാരം കാണാം: ''ഈ പരിഭാഷയും ഇതിലെ വ്യാഖ്യാനങ്ങളുമെല്ലാം 'സലഫീ'ങ്ങളുടെ മാതൃകയനുസരിച്ചുകൊണ്ടുള്ളതാണെന്ന് എനിക്ക് തീര്‍ച്ചയായും പറയുവാന്‍ കഴിയുന്നതാണ്. പൗരാണിക മഹാന്മാരുടെ മാതൃക പിന്‍പറ്റുന്നതിലാണ് നമ്മുടെ എല്ലാ നന്മയും സ്ഥിതി ചെയ്യുന്നത്. പില്‍കാലക്കാരുടെ പുത്തന്‍ നിര്‍മാണങ്ങളിലാണ് എല്ലാ തിന്മയും നിലകൊള്ളുന്നത്'' (വാള്യം1, പേജ്12).

ഇതിനെയെല്ലാം ചവിട്ടിമെതിച്ചുകൊണ്ടല്ലാതെ മന്‍ഹജ് വിരോധ പരാക്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കാനാവില്ല. പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ ഫലം കണ്ടുതുടങ്ങുന്നതിനിടിയില്‍ സമസ്ത, ജമാഅത്തെ ഇസ്‌ലാമി, സി.എന്‍ അഹ്മദ് മൗലവി, ചേകനൂര്‍ മൗലവി തുടങ്ങിയവര്‍ സച്ചരിതരായ പൂര്‍വസൂരികളുടെ പാത വിട്ട് സഞ്ചരിക്കാന്‍ തുടങ്ങി. 

മന്‍ഹജുസ്സലഫ് മാത്രമല്ല സലഫി എന്ന പേരുതന്നെ പരമാവധി ഒഴിവാക്കുവാനും മുജാഹിദ് പ്രസ്ഥാനത്തെ ഇഖ്‌വാനിസത്തിന്റെ ആലയത്തില്‍ കൊണ്ടുപോയി തളയ്ക്കുവാനും അണിയറ ശ്രമങ്ങള്‍ നടത്തിയ മടവൂര്‍ വിഭാഗത്തിന് 2002ല്‍ പ്രസ്ഥാനത്തില്‍ നിന്ന് വേറിട്ടു പ്രവര്‍ത്തിക്കേണ്ട അവസ്ഥ വന്നത് ഓര്‍ക്കുക. സലഫി മന്‍ഹജിനെ അഞ്ചാം മദ്ഹബ് എന്ന് പരിഹസിക്കാനും ഇവര്‍ മടികാണിച്ചില്ല. എന്നാല്‍ കേരളത്തില്‍ മന്‍ഹജുസ്സലഫിനെ പരിഹസിച്ചു നടന്ന അതേസമയം തന്നെ സുഊദി അറേബ്യയിലെ പണ്ഡിതന്മാരുടെയും ഭരണാധികാരികളുടെയും പിന്തുണയും സഹായസഹകരണങ്ങളും ലഭിക്കുവാന്‍ തങ്ങള്‍ സലഫി മന്‍ഹജ് പിന്തുടര്‍ന്ന് പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണെന്ന് പ്രചിപ്പിക്കുന്ന ഇരട്ടത്താപ്പ് നയവും ഇവര്‍ കാണിച്ചിരുന്നു. 

2002ല്‍ കെ.എന്‍.എം എറണാകുളത്തുവെച്ച് ആറാം സംസ്ഥാന സമ്മേളനം നടത്തിയപ്പോള്‍ വേറെ സംഘടനയുണ്ടാക്കി പുറത്തുപോയ മടവൂര്‍ വിഭാഗം കോഴിക്കോട് വെച്ച് ആറാം സംസ്ഥാന സമ്മേളനം നടത്തുകയുണ്ടായി. 2002 ഡിസംബര്‍ 15 മുതല്‍ 18 കൂടിയ ദിവസങ്ങളിലായിരുന്നു പ്രസ്തുത സമ്മേളനം. ഈ സമ്മേളനവുമായി ബന്ധപ്പെട്ട് മക്കയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തില്‍ (2002 ഡിസംബര്‍ 12ന് പുറത്തിറങ്ങിയത്) സമ്മേളനവുമായി ബന്ധപ്പെട്ട പ്രസ്താവന വന്നിരുന്നു. (അതിന്റെ ഫോട്ടോ കാണുക).

അര നൂറ്റാണ്ടുകാലമായി സലഫി മന്‍ഹജും വിശ്വാസവും അനുസരിച്ച് പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് തങ്ങള്‍ എന്ന് അതില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്! എന്നാല്‍ കേരളത്തില്‍ ഇവര്‍ പ്രചരിപ്പിച്ചിരുന്നത് സലഫി മന്‍ഹജ് ഗള്‍ഫിലെ ഇറക്കുമതിയാണെന്നും അഞ്ചാം മദ്ഹബെന്നും! മടവൂര്‍ സാഹിബ് വീണ്ടും വഴിതിരിഞ്ഞപ്പോള്‍ മുജാഹിദുകളെ ശത്രുക്കളായി മാത്രം കാണുന്നവര്‍ക്ക് അവരുടെ പ്രസിദ്ധീകരണത്തിന് അഭിമുഖം നല്‍കി ഉമര്‍ സുല്ലമി ഇതാ (2002ലെ പിളര്‍പ്പിനെ തുടര്‍ന്നും ഇദ്ദേഹം ഈ മാര്‍ഗം പിന്തുടര്‍ന്നിരുന്നു) രംഗത്തുവന്നിരിക്കുന്നു. 

മന്‍ഹജിനെ മുജാഹിദുകള്‍ സ്വതന്ത്രമായ ഒരു പ്രമാണമായിട്ടാണ് കാണുന്നത് എന്ന് വരുത്തിത്തീര്‍ക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം കാണുക: ''മുമ്പ് സമാനമായ ഒരു പ്രശ്‌നം ഉടലെടുത്തപ്പോള്‍ ഇരുപക്ഷത്തുനിന്നുമുള്ള പത്തുവീതം പണ്ഡിതന്മാര്‍ ചേര്‍ന്നു നമ്മുടെ പ്രമാണമെന്താണെന്ന് തീരുമാനിച്ചതാണ്. അതുപ്രകാരം വിശുദ്ധക്വുര്‍ആന്‍, സ്വഹീഹായ ഹദീസ്, സര്‍വാംഗീകൃത ഇജ്മാഅ്, വ്യക്തമായ ഖിയാസ് എന്നിവയാണ് പ്രമാണങ്ങളെന്ന് അംഗീകരിച്ചതാണ്. അതിനു പുറമെ സലഫീ മന്‍ഹജ് എന്ന പേരില്‍ ഒരു പ്രമാണമില്ല'' (പേജ്10).

ഇസ്‌ലാം പ്രമാണമാക്കാത്ത ഒന്നിനെ യഥാര്‍ഥ മുജാഹിദുകളാരും ഇന്നുവരെ പ്രമാണമാക്കിയിട്ടില്ലെന്നത് പകല്‍ പോലെ വ്യക്തമാണ്. കെ.എം മൗലവി എഴുതുന്നു: ''ക്വുര്‍ആനിന്റെയും ഹദീഥിന്റയും വ്യാഖ്യാനത്തില്‍ സ്വഹാബത്ത് വിവരിച്ചതും ഗ്രഹിച്ചതുമാണ് പ്രമാണമാക്കേണ്ടത് എന്ന സംഗതി അഹ് ലുസ്സുന്നഃ വല്‍ജമാഅഃ ആണ് തങ്ങളെന്ന് ഓരോ കക്ഷിയും വാദിക്കുന്നതു കൊണ്ടു വ്യക്തമായിരിക്കുന്നു'' (പരപ്പനങ്ങാടി വാദപ്രതിവാദം, പേജ് 15).

'ആദര്‍ശ വ്യതിയാനം ആരോപിച്ച് കൊണ്ടാണല്ലോ രണ്ടായിരത്തില്‍ ഞങ്ങളെ മാറ്റിനിര്‍ത്തിയത്' എന്ന് സുല്ലമി പരിതപിക്കുന്നുണ്ട്. മാറ്റിനിര്‍ത്തപ്പെട്ട വിഭാഗത്തിന് ആദര്‍ശ വ്യതിയാനം ഉണ്ടെന്ന് 2000 ല്‍ ചൂണ്ടിക്കാണിക്കപ്പെട്ടതില്‍ ഒന്നാമത്തേത് മന്‍ഹജ് തന്നെയാണ്. 2001ല്‍ ഇദ്ദേഹമടക്കം ഇരുപത് പേര്‍ ഒപ്പിട്ട തീരുമാനങ്ങള്‍ ഇവിടെ ചേര്‍ക്കാം.

വ്യതിയാനം: 'ക്വുര്‍ആനും ഹദീഥും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റെ മാര്‍ഗം(മന്‍ഹജ്) അവലംബിക്കേണ്ടതില്ലെന്നും അങ്ങനെ ഒരു മന്‍ഹജ് തന്നെ ഇല്ലെന്നുമുള്ള വാദം നാം ഇതുവരെ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങളില്‍ നിന്നുള്ള വ്യതിയാനമാണ്.'

പ്രതികരണം:'ക്വുര്‍ആനും ഹദീഥും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റ മാര്‍ഗം അവലംബിക്കേണ്ടതില്ലെന്ന വാദം ഞങ്ങള്‍ക്കില്ല. ഇതില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു മന്‍ഹജ് ഇല്ല.'

തീരുമാനം: ക്വുര്‍ആനും ഹദീഥും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റ മാര്‍ഗമാണ് നാം സ്വീകരിക്കേണ്ടത് എന്ന് യോഗം അംഗീകരിച്ചു' (കെ.ജെ.യു നിര്‍വാഹകസമിതി യോഗ തീരുമാനങ്ങള്‍).

ഇതിന്‌ശേഷം ഉമര്‍ സുല്ലമി തന്റെ, 'എന്റെ നിലപാട്' എന്ന കൃതിയില്‍ എഴുതിയത് കാണുക: 'എന്നാല്‍ ഒരഞ്ചാം പ്രമാണത്തിന്റെ അനുകരണം അതിലേക്ക് കടന്നുവരുന്നത് മുജാഹിദുകള്‍ ഒരിക്കലും അംഗീകരിക്കുകയില്ല' (പേജ് 3).

മേല്‍വിലാസമില്ലാതെ ഇവര്‍ പുറത്തിറക്കിയ നീലപുസ്തകവും ഇവരുടെ മന്‍ഹജ് വ്യതിയാനം സത്യമാണെന്ന് തെളിയിക്കാന്‍ ആക്കം കൂട്ടി. 2014ല്‍ ശബാബില്‍ തന്നെയും വന്നത് ഇങ്ങനെ: 'മദ്ഹബിനെയും തഖ്‌ലീദിനെയും എതിര്‍ക്കുന്നുവെങ്കിലും ഒരു സലഫീമന്‍ഹജ് വാദം പ്രത്യക്ഷപ്പെട്ടു' (ശബാബ് 2014 ഫെബ്രുവരി 7, പേജ്10). 

ആദര്‍ശ ശത്രുവിന് സുല്ലമി തന്റെ അഭിമുഖത്തിലൂടെ മുഴുവന്‍ മുജാഹിദുകെളയും അടിക്കുവാന്‍ കൊടുത്ത മുട്ടന്‍ വടി കാണുക: ''ഈ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം മുജാഹിദ് പ്രസ്ഥാനത്തിനകത്ത് സലഫീ മന്‍ഹജ് കടന്ന് കൂടിയതാണ്. കാരണം സലഫികളില്‍ തീവ്രവാദികളുണ്ട്'' (പേജ് 13). 

സച്ചരിതരായ പൂര്‍വികരെ പിന്‍പറ്റി ജീവിക്കുന്നവരാണ് സലഫികള്‍. ഈ പേരില്‍ തീവ്രവാദികളെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ചിലരുണ്ട്. സ്വന്തം തീവ്രത മറയ്ക്കലാണതിന്റെ ഉദ്ദേശ്യം. ആദര്‍ശ നിഷ്ഠയും പ്രമാണങ്ങളെ പിന്‍പറ്റല്‍ അനിവാര്യമാണെന്ന ബോധവും ആരിലാണോ ഒന്നിക്കുന്നത് അവര്‍ ആരോപണങ്ങള്‍ക്ക് വിധേയരാവുക സ്വാഭാവികം. കാരണം ഇസ്‌ലാം അതിന്റെ തനിമയോടെ ലോകത്ത് നിലനിക്കുന്നത് പലരുടെയും ഉറക്കം കെടുത്തുന്ന കാര്യമാണ്. 

ശിര്‍ക്കും ബിദ്അത്തും പ്രചരിപ്പിക്കുന്നതില്‍ മത്സരിക്കുന്ന സമസ്ത വിഭാഗങ്ങള്‍ അഹ്‌ലുസ്സുന്ന വല്‍ ജമാഅയായി അവതരിപ്പിക്കപ്പെടുന്നതും ബുദ്ധിക്ക് പ്രമാണത്തെക്കാള്‍ മുന്‍ഗണന നല്‍കുന്ന അക്വ്‌ലാനികള്‍ പ്രവാചകാധ്യാപനങ്ങളെ പിന്‍പറ്റുന്നവരായി അറിയപ്പെടുന്നതും എത്രമേല്‍ വൈരുധ്യം നിറഞ്ഞതാണോ അത്രമേല്‍ വൈരുധ്യം നിറഞ്ഞതാണ് മുജാഹിദുകള്‍ക്കെതിരുള്ള ആരോപണങ്ങളും.

സത്യത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്നവര്‍ ആരാണെങ്കിലും അവര്‍ക്കൊന്നും അല്ലാഹുവിന്റെ പ്രകാശത്തിന് മങ്ങലേല്‍പിക്കാന്‍ കഴിയില്ല. ആത്മാര്‍ഥത വറ്റാത്ത, ഊര്‍ജസ്വലതയുള്ള ഒരു ചെറു സംഘം നേരിനായി എപ്പോഴും പ്രത്യക്ഷമായി തന്നെ നിലകൊള്ളും. അല്ലാഹു പറയുന്നു: 

''അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു'' (ക്വുര്‍ആന്‍ 61:8).