വേദഗ്രന്ഥങ്ങളും വിശ്വാസിയും

ശമീര്‍ മദീനി

2018 നവംബര്‍ 03 1440 സഫര്‍ 23

ഇസ്‌ലാം പഠിപ്പിക്കുന്ന വിശ്വാസ കാര്യങ്ങളിലെ സുപ്രധാനമായ ഒന്നാണ് വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം. അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളെയൊക്കെയും അംഗീകരിക്കുവാനും സത്യപ്പെടുത്തുവാനും ഒരു വിശ്വാസി ബാധ്യസ്ഥനാണ്. അവയിലേതെങ്കിലുമൊന്ന് നിഷേധിച്ചാല്‍തന്നെ എല്ലാറ്റിനെയും നിഷേധിച്ചതിന് തുല്യമാണ്.

വിശ്വാസികളോടായി അല്ലാഹു പറയുന്നത് കാണുക:''നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്‌റാഹീമിനും ഇസ്മാഈലിനും ഇസ്ഹാക്വിനും യഅ്ക്വൂബിനും യഅ്ക്വൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വപ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി( സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു'' (2:136).

മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന്ന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്‍മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു'' (4:136)

വേദഗ്രന്ഥങ്ങള്‍ എന്ത്? എന്തിന്?

കാരുണ്യവാനായ അല്ലാഹു അവന്റെ കാരുണ്യത്തിന്റെ ഭാഗമായി സൃഷ്ടികള്‍ക്ക് മാര്‍ഗദര്‍ശനവും ഇഹപര വിജയത്തിന്റെ മാര്‍ഗരേഖകളുമായി വിവിധ വേദഗ്രന്ഥങ്ങളവതരിപ്പിച്ചുണ്ട്. മൂസാ നബി(അ)ക്ക് അവതരിച്ച തൗറാത്തും ദാവൂദ് നബി(അ)ക്ക് ലഭിച്ച സബൂറും ഈസാ(അ)ക്ക് കിട്ടിയ ഇഞ്ചീലും അവയില്‍ പെട്ടതാണ്. ഇത്തരത്തിലുള്ള ദൈവിക ഗ്രന്ഥങ്ങളുടെ അവസാനത്തെ വേദമാണ് വിശുദ്ധ ക്വുര്‍ആന്‍.

അല്ലാഹു പറയുന്നു: ''അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൗറാത്തും ഇന്‍ജീലും അവതരിപ്പിച്ചു.  ഇതിനു മുമ്പ്; മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായിട്ട് സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയാണുള്ളത്. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാകുന്നു'' (3:3,4).

വിവിധ കാലങ്ങളിലായി വ്യത്യസ്ത ജനസമൂഹങ്ങളിലേക്ക് അവതരിച്ചവയാണെങ്കിലും അടിസ്ഥാന  കാര്യങ്ങളില്‍ പരസ്പരം യോജിക്കുന്നവയാണ് ദൈവിക ഗ്രന്ഥങ്ങളൊക്കെയും. എന്നാല്‍ വിശദമായ നിയമ നിര്‍ദേശങ്ങളിലും കര്‍മാനുഷ്ഠാനങ്ങളിലും വ്യത്യാസങ്ങളുണ്ടായിരിക്കും. തികച്ചും ദൈവികമായ ഉദ്ദേശ്യലക്ഷ്യങ്ങളും യുക്തിരഹസ്യങ്ങളുമനുസരിച്ചാണ് അവയുടെ 

അവതരണവും അവയിലെ വ്യത്യാസങ്ങളും

അല്ലാഹു പറയുന്നു: ''(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു...'' (5:48).

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവില്‍നിന്നുള്ള മാര്‍ഗദര്‍ശനമാകുന്ന അവന്റെ വേദനിര്‍ദേശങ്ങള്‍ ശരിയായ രൂപത്തില്‍ മനസ്സിലാക്കി പിന്‍പറ്റുക എന്നത് സര്‍വ നന്മകളിലേക്കും ശാശ്വത വിജയത്തിലേക്കും സമാധാനപൂര്‍ണമായ ജീവിതത്തിലേക്കും മനുഷ്യരാശിയെ കൈപിടിച്ചാനയിക്കുന്ന മഹത്തായ അനുഗ്രഹമാണ്. അവ ഏതെങ്കിലും മനുഷ്യമസ്തിഷ്‌കത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും സന്ദേശങ്ങളുമല്ല. അവ എത്തിച്ചുകൊടുക്കാന്‍ ഏല്‍പിക്കപ്പെട്ട പ്രവാചകന്മാര്‍ക്കുപോലും അതില്‍ കൈ കടത്തുവാനോ മാറ്റം വരുത്തുവാനോ അര്‍ഹതയില്ല. സര്‍വസ്വവും പടച്ചു പരിപാലിക്കുന്ന സര്‍വ ചരാചരങ്ങള്‍ക്കും ശരിയായ മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്ത പടച്ചവന്റെ വാക്കുകളും ഉപദേശങ്ങളുമാണവ. അതുകൊണ്ടുതന്നെ അവ പറഞ്ഞുതരുന്ന വിശ്വാസ-ആചാര-സംസ്‌കാര-സ്വഭാവാദി സര്‍വതും സ്വീകരിച്ച് അവയ്ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. 

എന്നാല്‍ ദൈവിക ഗ്രന്ഥങ്ങളെയും ദൈവദൂതന്മാരെയും പരിഗണിക്കുകയോ സ്വീകരിക്കുകയോ ചെയ്യാതെ നിഷേധിക്കുകയും അവഹേളിക്കുകയും ചെയ്തവര്‍ ചരിത്രത്തിലനവധിയുണ്ടായിട്ടുണ്ട്. അവരില്‍ പലര്‍ക്കും ഇഹലോകത്തുതന്നെ അതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. പാരത്രിക ജീവിതത്തില്‍ ഏതായാലും അവര്‍ക്ക് രക്ഷയോ സമാധാനമോ ഉണ്ടായിരിക്കില്ലെന്ന് സ്രഷ്ടാവ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്: 

''അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവരുടെ നേര്‍ക്ക് നീ നോക്കിയില്ലേ? എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത് എന്ന്. വേദഗ്രന്ഥത്തെയും, നാം നമ്മുടെ ദൂതന്‍മാരെ അയച്ചത് എന്തൊരു ദൗത്യം കൊണ്ടാണോ അതിനെയും നിഷേധിച്ചു കളഞ്ഞവരത്രെ അവര്‍. എന്നാല്‍ വഴിയെ അവര്‍ അറിഞ്ഞു കൊള്ളും. അതെ; അവരുടെ കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളുമായി അവര്‍ വലിച്ചിഴക്കപ്പെടുന്ന സന്ദര്‍ഭം. ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ. പിന്നീട് അവര്‍ നരകാഗ്‌നിയില്‍ എരിക്കപ്പെടുകയും ചെയ്യും'' (40:69--72).

വേദഗ്രന്ഥത്തിലുടെ അവതരിപ്പിക്കപ്പെടുന്ന തെളിവുകളും നിര്‍ദേശങ്ങളും അവഗണിച്ച് ജീവിക്കുന്നവര്‍ക്ക് പാരത്രിക ജീവിതത്തില്‍ അവ എതിര്‍രേഖയായി വരുന്നതാണ്. കണ്ടില്ല, അറിഞ്ഞില്ല എന്ന് ഒഴികഴിവുകള്‍ നിരത്തി രക്ഷപ്പെടാന്‍ സാധിക്കാത്തവിധം അല്ലാഹു തെളിവുകള്‍ സ്ഥാപിക്കുകയാണ് അവയിലൂടെ.

അപ്രകാരംതന്നെ ദൈവികമായ നിര്‍ദേശങ്ങളവതരിപ്പിക്കുന്ന വേദഗ്രന്ഥങ്ങളെ പിന്‍പറ്റുന്ന ജനങ്ങള്‍ക്ക് ആ നന്മയുടെ അടിത്തറയില്‍ ഐക്യപ്പെടുവാനും ഛിദ്രകള്‍ ഇല്ലാതാക്കാനും സാധിക്കുന്നതാണ്. അല്ലാഹു പറയുന്നു: ''മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പുകല്‍പിക്കുവാനായി അവരുടെകൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്‌സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു'' (2:213).

നീതിനിഷ്ഠമായ വിധികളും തര്‍ക്ക പരിഹാരങ്ങളും വേദഗ്രന്ഥത്തെ അവലംബിക്കുന്ന ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സാധ്യമാണ്. നന്മ-തിന്മകള്‍ എന്തെന്ന് ആധികാരികമായി പറഞ്ഞുതരാനും ന്യൂനതകളും അന്യായങ്ങളും കലരാത്ത സുവ്യക്തമായ നിയമങ്ങളും നിര്‍ദേശങ്ങളും മനുഷ്യര്‍ക്ക് പറഞ്ഞുകൊടുക്കുന്ന ആധികാരിക രേഖയായി ദൈവിക ഗ്രന്ഥം നിലകൊള്ളുമ്പോള്‍ ആ ജനതയ്ക്കുണ്ടാകുന്ന സ്വസ്ഥതയും സമാധാനവും അനിര്‍വചനീയമായിരിക്കും. നേരെമറിച്ച് ദൈവിക ഗ്രന്ഥങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് മനുഷ്യരിലേക്ക് പ്രസ്തുത വിഷയങ്ങളും തര്‍ക്കങ്ങളും ഏല്‍പിക്കപ്പെടുമ്പോള്‍ അവരുടെ പരിഹാരങ്ങളിലും വിധി തീര്‍പുകളിലും പലതരത്തിലുള്ള മാനുഷിക ദൗര്‍ബല്യങ്ങളുമുണ്ടാവുക സ്വാഭാവികമാണ്. ഭൗതിക പ്രത്യയ ശാസ്ത്രങ്ങളുടെ കുറവുകളും പരാജയങ്ങളും അവിടെയാണ് നാം കാണുന്നത്.

പ്രവാചകത്വ വാദവുമായി വരുന്ന ദൈവദൂതന്റെ സത്യതക്കുള്ള ഒരു ഉത്തമ രേഖകൂടിയാണ് വാസ്തവത്തില്‍ അദ്ദേഹത്തിന്റെ പക്കലുള്ള വേദഗ്രന്ഥം.

ക്വുര്‍ആന്‍ അന്തിമ വേദഗ്രന്ഥം

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളില്‍ അവസാനത്തേതാണ് വിശുദ്ധ ക്വുര്‍ആന്‍. ദൈവികമെന്ന് അത് സ്വയം ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവകാശപ്പെടുന്നു:

''തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു. നിന്റെ ഹൃദയത്തില്‍. നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്)'' (26:192-195).

''അലിഫ്-ലാം-മീം. ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല'' (32:1-2).

 ''യാസീന്‍. തത്ത്വസമ്പൂര്‍ണമായ ക്വുര്‍ആന്‍ തന്നെയാണ സത്യം; നീ ദൈവദൂതന്‍മാരില്‍ പെട്ടവന്‍ തന്നെയാകുന്നു. നേരായ പാതയിലാകുന്നു (നീ). പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവന്‍ അവതരിപ്പിച്ചതത്രെ ഇത് (ക്വുര്‍ആന്‍)'' (36:1-5). 

''ഈ ഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു'' (39:1). 

''ഹാ-മീം. ഈ ഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു'' (40:1-2). 

''ഹാമീം. പരമകാരുണികനും കരുണാനിധിയുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ ഇത്. വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അറബിഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം)'' (41:1-3). 

 ''അതിന്റെ മുന്നിലൂടെയോ, പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്'' (41:42). 

 ''ഹാമീം. ഈ വേദഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു'' (45:1-2). 

46:1-2, 56:80, 69:43 തുടങ്ങിയ വചനങ്ങള്‍ കാണുക.

ദൈവികതയില്‍ സംശയിക്കുന്നവരോടായി ക്വുര്‍ആന്‍ നടത്തിയ ശക്തമായ വെല്ലുവിളി നൂറ്റാണ്ടുകളായി എതിരാളികളുടെ കര്‍ണപുടങ്ങളില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നോളം ആ വെല്ലുവിളി ധൈര്യസമേതം ഏറ്റെടുക്കാന്‍ ആരും തയ്യാറായിട്ടില്ല.

അല്ലാഹു പറയുന്നു: ''(നബിയേ,) പറയുക: ഈ ക്വുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും'' (17:88).

ക്വുര്‍ആനിനെ പോലൊരു ഗ്രന്ഥം കൊണ്ടുവരാന്‍ സാധ്യമല്ലെങ്കില്‍, വേണ്ട അതിലുള്ള 114 അധ്യായങ്ങളില്‍ 10 എണ്ണത്തിന് സമാനമായിട്ടെങ്കിലും കൊണ്ടിവരൂ എന്ന് ക്വുര്‍ആന്‍ വെല്ലുവിളിക്കുന്നു:

 ''അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? പറയുക: എന്നാല്‍ ഇതുപേലെയുള്ള പത്ത് അധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍'' (11:13).

നിരക്ഷരനായ മുഹമ്മദ് നബിﷺയുടെ നാവിലൂടെ ലോകം ശ്രവിച്ച ഈ വചനങ്ങള്‍ക്ക് തുല്യമായി തുഛമായ വചനങ്ങളെങ്കിലും കൊണ്ടുവരാന്‍ അഗ്രഗണ്യരായ സാഹിത്യകാരന്മാരെ ക്വുര്‍ആന്‍ വെല്ലുവിളിച്ചു. എന്നിട്ടും അവര്‍ക്കത് നേരിടാന്‍ സാധിച്ചില്ല.

വീണ്ടും ഒരുപടികൂടി ഇറങ്ങിച്ചെന്നുകൊണ്ട് ക്വുര്‍ആന്‍ അതിന്റെ വെല്ലുവിളി ഒന്നുകൂടി ശക്തമായി ആവര്‍ത്തിക്കുന്നു:

 ''നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ക്വുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റെത്‌പോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതാണല്ലോ വേണ്ടത്)'' (2:23).

''അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്? (നബിയേ,) പറയുക: എന്നാല്‍ അതിന്ന് തുല്യമായ ഒരു അധ്യായം നിങ്ങള്‍ കൊണ്ടുവരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍'' (10:38).

അതിന് സാധ്യമല്ലെന്ന് തറപ്പിച്ച് പറഞ്ഞ ക്വുര്‍ആന്‍ ശക്തമായ ഓരോ താക്കീതും എതിരാളികള്‍ക്ക് നല്‍കുന്നുണ്ട്:

 ''നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല. മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്‌നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കു വേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്'' (2:24).

സ്രഷ്ടാവും രക്ഷിതാവുമായ അല്ലാഹുവിന്റെ അന്തിമവേദമായ വിശുദ്ധ ക്വുര്‍ആന്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനോ ദേശക്കാര്‍ക്കോ മാത്രമായുള്ളതല്ല. പ്രത്യുത സര്‍വരിലേക്കുമായുള്ള സര്‍വലോക രക്ഷിതാവിന്റെ സന്ദേശമത്രെ അത്.

''ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍...'' (2:185).

(3:138), (14:52), (17:89), (18:54), (30:58) മുതലായ സൂക്തങ്ങള്‍ കാണുക. ക്വുര്‍ആന്‍ ആഴത്തില്‍ പഠിക്കുവാനും ഉറ്റാലോചിക്കുവാനും ആഹ്വാനം ചെയ്യുന്ന ക്വുര്‍ആന്‍ അതിന്റെ വചനങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചയും ആശയപൊരുത്തവും അതിന്റെ ദൈവികതക്കുള്ള മറ്റൊരു ദൃഷ്ടാന്തമായി എടുത്തുകാട്ടുന്നു:

  ''അവര്‍ ക്വുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു'' (4:82).

പില്‍ക്കാലത്ത് കൈകടത്തലും മാറ്റത്തിരുത്തലുകളും സംഭവിച്ച മുന്‍വേദങ്ങളുടെ അടിസ്ഥാന ആശയങ്ങളെ സംരക്ഷിക്കുന്നതും സന്മാര്‍ഗ ദര്‍ശനവും ദൈവികാനുഗ്രഹവുമാണ് വിശുദ്ധ ക്വുര്‍ആന്‍. കിടയറ്റ ധാര്‍മികതയും സദാചാരവുമാണ് ക്വുര്‍ആന്‍ മാനവരാശിക്കുമുമ്പില്‍ സമര്‍പ്പിക്കുന്നത്. ക്വുര്‍ആന്‍ നിഷിദ്ധമാക്കിയ വല്ലതും മനുഷ്യ സമൂഹത്തിന് നന്മയും ഉത്തമവുമാണ് എന്നോ ക്വുര്‍ആന്‍ അനുവദിച്ച വല്ലതും ദോഷകരമായതിനാല്‍ വിലക്കേണ്ടതായിരുന്നുവെന്നോ വസ്തുനിഷ്ഠമായി വിമര്‍ശിക്കാന്‍ ഇന്നോളം ആര്‍ക്കും സാധിച്ചിട്ടില്ല.

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു'' (17:9).

 ''അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു'' (5:16).

മുന്‍വേദങ്ങള്‍ക്ക് സംഭവിച്ചതുപോലെയുള്ള കൈകടത്തലുകളില്‍നിന്ന് സംരക്ഷിച്ച് അന്ത്യനാള്‍ വരെയുള്ള സര്‍വ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശക ഗ്രന്ഥമായി ക്വുര്‍ആനിനെ നിലനിര്‍ത്തുമെന്നും അല്ലാഹു സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ട്:

 ''തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്'' (15:9).

മുന്‍ വേദങ്ങള്‍ക്ക് എന്ത് സംഭവിച്ചു?

ഓരോ പ്രത്യേക കാലഘട്ടത്തിലേക്ക് മാത്രമായിട്ടായിരുന്നു മുന്‍ വേദഗ്രന്ഥങ്ങളവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ വിശുദ്ധ ക്വുര്‍ആന്‍ ലോകാവസാനം വരെയുള്ള സര്‍വ ജനങ്ങളിലേക്കുമായി അവതരിപ്പിക്കപ്പെട്ട അന്തിമ വേദഗ്രന്ഥമാണ്.

ക്വുര്‍ആനിന്റെ അവതരണത്തോടെ പരിമിതകാലത്തേക്ക് അവതരിക്കപ്പെട്ട മുന്‍വേദഗ്രന്ഥങ്ങളുടെ കാലപരിധിയും ദൗത്യവും അവസാനിച്ചു.

അല്ലാഹു പറയുന്നു:'''ഇതിനു മുമ്പ്; മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായിട്ട് സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയാണുള്ളത്. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാകുന്നു. ഭൂമിയിലോ ആകാശത്തോ ഉള്ള യാതൊരു കാര്യവും അല്ലാഹുവിന്ന് അവ്യക്തമായിപ്പോകുകയില്ല; തീര്‍ച്ച'' (3:4,5).

മുന്‍ വേദഗ്രന്ഥങ്ങളെ ഏല്‍പിക്കപ്പെട്ട സമൂഹങ്ങള്‍ അവയോട് വേണ്ടപോലെ നീതി പുലര്‍ത്തിയില്ലായെന്ന് മാത്രമല്ല, അവയില്‍ കൈകടത്തലുകള്‍ നടത്തുകയും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ദുര്‍വ്യാഖ്യാനിക്കുകയും ചെയ്തു: ''എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്). അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം'' (2:79).

''നിങ്ങള്‍ വരൂ. അല്ലാഹുവിന്റെ ദൂതന്‍ നിങ്ങള്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ഥിച്ചുകൊള്ളും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അവരുടെ തല തിരിച്ചുകളയും. അവര്‍ അഹങ്കാരം നടിച്ചു കൊണ്ട്തിരിഞ്ഞുപോകുന്നതായി നിനക്ക് കാണുകയും ചെയ്യാം'' (63:5).

ക്വുര്‍ആന്‍ പറഞ്ഞ ഈ വസ്തുതകള്‍ നൂറുശതമാനവും ശരിവെക്കുന്നതാണ് ഇന്ന് നിലവിലുള്ള മുന്‍ വേദഗ്രന്ഥങ്ങളുടേതായി പറയപ്പെടുന്ന ഗ്രന്ഥങ്ങളുടെ അവസ്ഥ. നിഷ്പക്ഷവും വസ്തുനിഷ്ഠവുമായി അവ പഠനവിധേയമാകുന്ന ആര്‍ക്കും ഇത് ബോധ്യപ്പെടുന്നതാണ്. പരസ്പര വിരുദ്ധമായ വചനങ്ങളും ആശയപ്പൊരുത്തമില്ലാത്ത വിവരണങ്ങളും അവയില്‍ കാണാം. മനുഷ്യര്‍ക്ക് മാതൃകയും സന്മാര്‍ഗദര്‍ശികളുമായി ദൈവത്താല്‍ നിയോഗിതരായ പ്രവാചകന്മാരെ പോലും ദുര്‍മാര്‍ഗികളും കൊള്ളരുതാത്തവരുമായി ചിത്രീകരിക്കുന്ന വചനങ്ങള്‍ അവയില്‍ കാണുന്നു എന്നത് എന്തുമാത്രം വിരോധാഭാസമല്ല!

അതിനാല്‍, കൈകടത്തലുകളില്‍നിന്നും സുരക്ഷിതവും നൂറുശതമാനവും ദൈവികമെന്ന് ഉറപ്പുള്ളതുമായ അന്തിമ വേദഗ്രന്ഥം വിശുദ്ധ ക്വുര്‍ആന്‍ മാത്രമാണ്. അതനുസരിച്ച് ജീവിക്കുകയാണ് വിജയത്തിന്റെ മാര്‍ഗം. ദൈവികമായ മാര്‍ഗനിര്‍ദേശങ്ങള്‍ പഠിച്ചറിഞ്ഞ് പിന്‍പറ്റുവാനും അതുവഴി ശാശ്വതമായ സമാധാനവും വിജയവും കരസ്ഥമാക്കുവാനും സര്‍വശക്തന്‍ തുണക്കട്ടെ! ആമീന്‍

''എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ടുവരുന്നതുമാണ്. അവന്‍ പറയും: എന്റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വന്നത്? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ! അല്ലാഹു പറയും: അങ്ങനെത്തന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അത് പോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു'' (20:124-126).