സലഫികളുടെ പരിഭാഷകള്‍

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി

2018 നവംബര്‍ 10 1440 റബിഉല്‍ അവ്വല്‍ 02

വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 9)

സലഫികള്‍ക്ക് കേരളക്കരയില്‍ ധാരാളം പരിഭാഷകളുണ്ട്. സലഫികള്‍ തങ്ങളുടെ പരിഭാഷകളില്‍ സലഫുകളുടെ മാര്‍ഗം അവലംബിക്കുകയും ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും വഴികേടിന്റെയും തന്നിഷ്ടം പിന്‍പറ്റുന്നതിന്റെയും വക്താക്കളോട് സന്ധിയില്ലാസമരം ചെയ്യുകയും ചെയ്യുന്നു. 

കേരളത്തില്‍ അങ്ങോളമിങ്ങോളം സലഫീ ദഅ്‌വത്തിന് വലിയ സ്വാധീനമുണ്ടായിട്ടുണ്ട്. സൗദിയിലെ വിവിധ സര്‍വകലാശാലകളില്‍നിന്ന് ഇസ്‌ലാമിക വിജ്ഞാനം നേടുകയും ഉപരിപഠന സര്‍ട്ടിഫിക്കറ്റുകള്‍ കരഗതമാക്കുകയും ചെയ്ത പ്രമുഖരും നിപുണരുമായ സലഫി പണ്ഡിതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. ശൈഖ് ഉമര്‍ മൗലവി(റഹ്), സഅദുദ്ദീന്‍ അഹ്മദ് മൗലവി(റഹ്), ശൈഖ് അബ്ദുസ്സമദ് അല്‍കാതിബ്(റഹ്) പോലുള്ളവര്‍ അവരില്‍ ചിലരാണ്. 

ഈ ഗവേഷണ പഠനത്തിന്റെ ആരംഭത്തില്‍ ഉമര്‍ അഹ്മദ് മൗലവിയുടെ പരിഭാഷയെക്കുുറിച്ച് ഞാന്‍ സൂചിപ്പിച്ചിരുന്നു. ഈ പഠനം ഞാന്‍ അവസാനിപ്പിക്കുന്നത് സലഫുകളുടെ മാര്‍ഗമവലംബിച്ച്, അഹ്‌ലുസ്സുന്നത്തിന്റെ വഴിയെ ചലിച്ച്, നിലവിലെ ഏറ്റവും നല്ല പരിഭാഷയെയും വിവരണത്തെയും തിരഞ്ഞെടുത്താണ്. 

മാതൃകാവിവര്‍ത്തനം; വിവരണവും

തര്‍ജമയ്ക്കുള്ള കവാടം തുറക്കപ്പെടുകയും വിധ്വംസക ചിന്തകള്‍ പേറുന്നവര്‍ പരിഭാഷകളിലൂടെ തങ്ങളുടെ വിഷബീജം കുത്തിവെക്കുകയും ചിന്തകള്‍ ചിതറുകയും സംഹാരാത്മക പ്രത്യയശാസ്ത്രങ്ങള്‍ ആണ്‍-പെണ്‍ ഭേദമന്യെ മുസ്‌ലിം മനസ്സുകളില്‍ നുഴഞ്ഞ് കയറുകയും ചെയ്തപ്പോള്‍ കേരളക്കരയിലെ ഒരു സംഘം സത്യത്തിന്റെ നെടുംതൂണുകള്‍ വിവരണത്തോടൊപ്പം ഒരു വിശുദ്ധക്വുര്‍ആന്‍ ആശയ വിവര്‍ത്തനത്തിന് ഉണ്‍മ പകരുന്നതിന്റെ അനിവാര്യത കണ്ടറിഞ്ഞു. പ്രമാണങ്ങള്‍കൊണ്ടും ലക്ഷ്യങ്ങള്‍കൊണ്ടും സത്യത്തിന്റെ വക്താക്കളുടെ മാര്‍ഗം തുറന്ന് കാട്ടുകയും വ്യതിചലിച്ചവരുടെയും കുഴപ്പക്കാരുടെയും മാര്‍ഗത്തിന്നെതിരില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുകവഴി, സത്യത്തിനും അസത്യത്തിനും ഇടയില്‍ ഒരു വിധികര്‍ത്താവിന്റെ സ്ഥാനമലങ്കരിക്കുന്നതിനുവേണ്ടിയായിരുന്നു പ്രസ്തുത തര്‍ജമ. 

പ്രസ്തുത സുരക്ഷിത ചിന്തകളുടെ സാരഥികള്‍:

1. ശൈഖ് മുഹമ്മദുല്‍ കാത്വിബ് (കെ. എം. മൗലവി).

2. ശൈഖ് അലവി മൗലവി (എ. അലവി മൗലവി എടവണ്ണ).

3. ശൈഖ് മൂസ മൗലവി.

4. ശൈഖ് മുഹമ്മദ് അമാനി മൗലവി.

കെ.എം.മൗലവി(റഹ്) മദീനാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് പെന്‍ഷനായി സ്ഥാനമൊഴിഞ്ഞ അബ്ദുസ്സമദ് മൗലവിയുടെ പിതാവാണ്. 

പരിഭാഷകരെ പ്രോത്സാഹിപ്പിച്ചും അവര്‍ക്കൊപ്പം നിന്നും അവര്‍ക്കാവശ്യമായ ഗ്രന്ഥങ്ങളും നിര്‍ലോഭമായ സഹായങ്ങളുമെത്തിച്ചും തന്റെ വിലപ്പെട്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയും ഈ പരിഭാഷയൊരുക്കുന്നതില്‍ കെ.എം. മൗലവി നിര്‍മാണാത്മക പങ്ക് നിര്‍വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ പരിഭാഷകര്‍ വിശുദ്ധ ക്വുര്‍ആനിന്റെ രണ്ടാം പകുതിയുടെ തര്‍ജമ 1962 ഡിസംബര്‍ മാസത്തില്‍ ആറ് വാള്യങ്ങളിലായി പൂര്‍ത്തിയാക്കുകയും ചെയ്തു. അല്ലാഹുവേ, സ്തുതികള്‍ അഖിലവും നിനക്ക് മാത്രം. 

പരിഭാഷ പണിപ്പുരയിലായിരിക്കെ ശൈഖ് മൂസാ മൗലവി(റഹ്) രോഗഗ്രസ്തനാവുകയും മറ്റുള്ളവരോടൊപ്പം തുടരാനാവാതെ ഒഴികഴിവ് പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കുകയും ചെയ്തു. കെ.എം. മൗലവി(റഹ്) 1964ലും അലവി മൗലവി(റഹ്) 1976ലും മരണപ്പെടുകയുമുണ്ടായി. 

തര്‍ജമ പൂര്‍ത്തിയാക്കാന്‍ പിന്നീട് അവശേഷിച്ചത് ശൈഖ് മുഹമ്മദ് അമാനി മൗലവി(റഹ്) മാത്രമായിരുന്നു. തങ്ങള്‍ തുടങ്ങിവെച്ച മാര്‍ഗേണ അദ്ദേഹം തന്റെ പ്രയാണം തുടരുകയും വിശുദ്ധ ക്വുര്‍ആനിന്റെ ഒന്നാം പകുതിയുടെ വിവര്‍ത്തനം 1979ല്‍ തുടങ്ങി 1985ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. അതോടെ ഇരുപത്തിയഞ്ച് വര്‍ഷക്കാലം കൊണ്ട് ഈ മഹല്‍സംരംഭം പൂര്‍ത്തീകരിക്കപ്പെട്ടു. ഉപരിയില്‍നിന്നുള്ള ഔദാര്യം അതൊന്നു മാത്രമാണ് കെട്ടിലും മട്ടിലും മികച്ച ഇത്തരമൊരു പരിഭാഷ പുറത്തിറങ്ങാനുള്ള സ്രോതസ്സ്. പിന്നെ ശൈഖ് മുഹമ്മദ് അമാനി മൗലവി(റഹ്)യുടെ ത്യാഗപൂര്‍ണമായ പരിശ്രമവും. ഇത്തരമൊരു പരിഭാഷക്ക് കേരളക്കര ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ല. പ്രസ്തുത തര്‍ജമ അമാനി മൗലവിയുടെ പരിഭാഷ എന്ന പേരിലാണ് പിന്നീട് പ്രസിദ്ധമായത്. 

വ്യതിരിക്തമായ വിവര്‍ത്തനം

അമാനി മൗലവിയുടെ തര്‍ജമയില്‍ ഇതര പരിഭാഷകള്‍ ഉള്‍കൊള്ളാത്ത ധാരാളം മേന്മകള്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. അവ സംക്ഷിപ്തമായി പറയാം:  

1. എല്ലാ സൂറത്തുകളുടെ തുടക്കത്തിലും ആ സൂറത്തുകളുടെ ഉള്ളടക്കം ചുരുക്കി നല്‍കപ്പെട്ടിട്ടുണ്ട്. 

2. സൂറത്തുകള്‍ക്ക് വല്ല ശ്രേഷ്ഠതയും ഹദീഥുകളില്‍ വന്നിട്ടുണ്ടെങ്കില്‍ അവ എടുത്തുദ്ധരിക്കപ്പെട്ടിട്ടുണ്ട്. 

3. സസൂക്ഷ്മവും സരളവുമായ വിവര്‍ത്തനം. 

4. ഒറ്റവാക്കുകളുടെ ആശയാര്‍ഥങ്ങള്‍ അടിക്കുറിപ്പുകളില്‍ നല്‍കപ്പെട്ടിട്ടുണ്ട്. 

5. അവലംബയോഗ്യമായ തഫ്‌സീറുകള്‍ ഉദ്ധരിച്ച് വിശദമായ വ്യാഖ്യാനം. 

6. ആയത്തുകളുമായി ബന്ധമുള്ളതും അവയെ വിശദീകരിക്കുന്നതുമായ ഹദീഥുകള്‍ നല്‍കപ്പെട്ടിട്ടുണ്ട്. 

7. ആയത്തുകള്‍ വല്ല ചരിത്രസംഭവങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നുവെങ്കില്‍ അത് പൂര്‍ണമായും അവലംബ യോഗ്യമായ ഗ്രന്ഥങ്ങളില്‍നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. 

8. ബൈബിള്‍ കെട്ടുകഥകളില്‍നിന്നും ദുര്‍ബല ഹദീഥുകളില്‍നിന്നും തഫ്‌സീറിനെ മുക്തമാക്കാനുള്ള തികഞ്ഞ ശ്രദ്ധ. 

9. വായനക്കാരന് സൗകര്യപ്രദമാകുംവിധം വിശദമായ വിഷയ സൂചിക എല്ലാ വാള്യങ്ങള്‍ക്കും നല്‍കപ്പെട്ടിട്ടുണ്ട്. 

10. അവതരണ പശ്ചാത്തല സംഭവം, നാസിഖും മന്‍സൂഖും (മുമ്പ് സ്ഥിരപ്പെട്ട വിധിയെ പിന്നീട് ദുര്‍ബലപ്പെടുത്തുമ്പോള്‍ ദുര്‍ബലപ്പെടുത്തിയ വചനവും ദുര്‍ബലപ്പെടുത്തപ്പെട്ട വചനവും) കര്‍മശാസ്ത്ര വീക്ഷണങ്ങളും എടുത്തുദ്ധരിക്കുന്നതിലുള്ള മുഴുശ്രദ്ധ. 

വ്യതിചലിച്ച അഭിപ്രായങ്ങളോടുള്ള ഈ പരിഭാഷയുടെ നിലപാട്

അധിക്ഷേപാര്‍ഹമായ വ്യാഖ്യാനങ്ങളും വ്യതിചലിച്ച ചിന്തകളും നിറഞ്ഞ കേരളത്തിലെ ചില തര്‍ജമകളെക്കുറിച്ച് നാം സൂചിപ്പിച്ചു കഴിഞ്ഞു. പ്രസ്തുത പരിഭാഷകള്‍ വ്യക്തികളിലേക്കോ സംഘടനകളിലേക്കോ ചേര്‍ക്കപ്പെടട്ടെ; അമാനി മൗലവിയുടെ പരിഭാഷ ഇത്തരം പിഴച്ച ചിന്തകള്‍ക്ക് സുചിന്തിതമായ മറുപടി നല്‍കുന്നതില്‍ ധീരമായ നിലപാടാണ് സ്വീകരിച്ചത്. ഒപ്പം വിശുദ്ധ ക്വുര്‍ആനിലും സുന്നത്തിലും സ്ഥിരപ്പെട്ട തെളിവുകളും പ്രമാണങ്ങളും സ്ഥാപിച്ചുകൊണ്ട് സത്യത്തെ പുലര്‍ത്തിക്കാണിക്കാനും അസത്യത്തെ അസാധുവാക്കാനും മഹാപരിശ്രമമാണ് നടത്തിയത്. അപ്രകാരം തന്നെ ശൈഖ് മുഹമ്മദ് അമാനി മൗലവിയും കൂട്ടുകാരും അക്വ്‌ലാനികള്‍ക്കും ഖാദിയാനികള്‍ക്കും അഹ്‌ലുല്‍ ക്വുര്‍ആനിന്റെ ആളുകള്‍ക്കും അവര്‍ തങ്ങളുടെ വിഷബീജങ്ങള്‍ കുത്തിവെക്കാനും പിഴച്ച ചിന്തകള്‍ പ്രചരിപ്പിക്കാനും ശ്രമിച്ച സ്ഥലങ്ങളിലെല്ലാം അവര്‍ക്കു മറുപടി നല്‍കാന്‍ പരിഭാഷയില്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതിനാല്‍ പ്രസ്തുത തര്‍ജമ കേവലമൊരു പരിഭാഷ മാത്രമല്ല, പ്രത്യുത നിവേദകശാസ്ത്രവും വൈജ്ഞാനികനിരൂപണവുമടങ്ങിയ ഒരു വിവരണ ഗ്രന്ഥം കൂടിയാണ്. 

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇതത്രെ ഏറ്റവും നല്ല തര്‍ജമ എന്ന് നമുക്ക് വിധി പറയാനാകും. മാത്രമല്ല ഇന്നേവരെ മലയാളത്തിലേക്ക് ഭാഷാന്തരീകരണം നിര്‍വഹിക്കപ്പെട്ട ഏറ്റവും നല്ല വിശുദ്ധ ക്വുര്‍ആന്‍ വിവരണവുമാണിത്; അക്വീദയുടെ വീക്ഷണകോണിലൂടെ നാം അതിലേക്ക് നോക്കിയാലും വീക്ഷണങ്ങളും മാര്‍ഗവും സുരക്ഷിതമാകാനുള്ള അതിന്റെ മുഴുശ്രദ്ധയുടെ കോണിലൂടെ നോക്കിയാലും. 

ഈ തര്‍ജമ തയ്യാറാക്കുന്നതില്‍ വിവര്‍ത്തകര്‍ തഫ്‌സീര്‍ ത്വബ്‌രി, തഫ്‌സീര്‍ ഇബ്‌നുകഥീര്‍, ക്വുര്‍ത്വുബി പോലുള്ള അവലംബയോഗ്യമായ തഫ്‌സീറുകളെയാണ് ആശ്രയിച്ചിരിക്കുന്നത്. കൂടാതെ സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്‌ലിം, സുനനു അബീദാവൂദ്, സുനനുന്നസാഈ, സുനനുത്തിര്‍മിദി, സുനനു ഇബ്‌നി മാജ, മുസ്‌നദുല്‍ ഇമാം അഹ്മദ്, ഇമാം മാലികിന്റെ മുവത്വ, സുനനുദ്ദാരിമി തുടങ്ങിയ അവലംബയോഗ്യമായ ഹദീഥ് ഗ്രന്ഥങ്ങളെയും ആശ്രയിച്ചിട്ടുണ്ട്. 

യഥാര്‍ഥത്തില്‍ മലയാളികളുടെ ഇസ്‌ലാമിക ഗ്രന്ഥശേഖരത്തിലെ ഒരു വലിയ വിടവ് ഈ തര്‍ജമ നികത്തി, അതിലൊട്ടും അതിശയോക്തിയില്ല. പ്രസ്തുത തര്‍ജമക്ക് ഉപയോഗിച്ച ഭാഷയും ശൈലിയുമാകട്ടെ തീര്‍ത്തും സുഗമവും ലളിതവുമാണെന്നത് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. 

തര്‍ജമയുടെ രംഗത്ത് വിസ്മയകരമായൊരു വികാസം

യു.എ.ഇ ഇന്ത്യന്‍ ഇസ്വ്‌ലാഹീ സെന്റര്‍ ഓഡിയോ കാസറ്റുകളിലൂടെ വിശുദ്ധ ക്വുര്‍ആന്‍ സമ്പൂര്‍ണ ആശയ വിവര്‍ത്തനത്തിന് ശബ്ദം നല്‍കാന്‍ തീരുമാനിച്ചതോടെ വിവര്‍ത്തന രംഗത്ത് വിശാലമായ വികാസമാണ് സംഭവിച്ചത്. ഇസ്വ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകര്‍ കേരള സലഫി പണ്ഡിതരോട് വിഷയങ്ങള്‍ കൂടിയാലോചിക്കുകയും ഈ മഹല്‍കര്‍മത്തിന്, ശൈഖ് അമാനി മൗലവിയുടെ പരിഭാഷയാവണം അവലംബിക്കേണ്ടതെന്ന നിബന്ധനയോടെ പണ്ഡിതര്‍ അതിന് സമ്മതം മൂളുകയും ചെയ്തു. അതോടെ പണ്ഡിതരായ ശൈഖ് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും ശൈഖ് കുഞ്ഞി മുഹമ്മദ് മദനിയും അമാനി മൗലവിയുടെ വിശുദ്ധ ക്വുര്‍ആന്‍ വിവരണത്തെ സംക്ഷിപ്തമാക്കാനും അതിലൂടെ ഒരു വിവര്‍ത്തന സംഗ്രഹം തയ്യാറാക്കാനും ഏല്‍പിക്കപ്പെട്ടു. യു.എ. ഇ. ഇസ്വ്‌ലാഹി സെന്റര്‍ ക്യാസറ്റുകളിലേക്ക് റിക്കോര്‍ഡാക്കുന്നതിനു വേണ്ടിയും അതോടെ മലയാളികളുടെ ഓഡിയോ ലൈബ്രറികളില്‍ മലയാള ഭാഷയില്‍ വിശുദ്ധ ക്വുര്‍ആന്‍ സമ്പൂര്‍ണ ആശയവിവര്‍ത്തനത്തിന്റെ ഏക ഓഡിയോകാസറ്റ് സെറ്റ് സ്ഥാനം നേടാനുമായിരുന്നു പ്രസ്തുത സംക്ഷേപം. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവര്‍ ഈ ഉദ്യമത്തില്‍ പ്രകടമായ വിജയമാണ് നേടിയത്. കാരണം പ്രസ്തുത തര്‍ജമയുടെ ആയിരക്കണക്കിന് കോപ്പികളാണ് സൗദിഅറേബ്യയിലും ഗള്‍ഫ് നാടുകളിലും ഇന്ത്യയിലും ചുരുങ്ങിയ സമയംകൊണ്ട് പ്രചുരപ്രചാരം നേടിയത്. 1987ലായിരുന്നു പ്രസ്തുത കാസറ്റ് സെറ്റിന്റെ പ്രചാരണ തുടക്കം. 

വാമൊഴിയില്‍ നിന്ന് വരമൊഴിയിലേക്ക്

ഉപരിസൂചിത ഓഡിയോ കാസറ്റ് സെറ്റിനുണ്ടായ ഉപഭോക്താക്കളുടെ വര്‍ധനവും മലയാളികളുടെ അതിയായ താല്‍പര്യവും കാരണത്താല്‍, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും കുഞ്ഞി മുഹമ്മദ് മദനി പറപ്പൂരും അത് ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിന്ന് തയ്യാറാക്കാന്‍ തിരക്ക് പിടിച്ചു പണി ചെയ്തു. സസൂക്ഷ്മം അവര്‍ അത് പരിശോധിച്ചു. ശൈഖ്. കെ.പി.മുഹമ്മദ് മൗലവി അതിന്റെ അവസാനത്തെ സംശോധന നിര്‍വഹിക്കുകയും 1990ല്‍ അതിന്റെ പ്രഥമ പതിപ്പ് കേരളത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. 

മലിക് ഫഹ്ദ് ക്വുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സ് 

കോംപ്ലക്‌സിന്റെ ഏറ്റവും നല്ല തീരുമാനം

അഭിമാനത്തോടെയും അതിലേറെ സന്തോഷത്തോടെയും ഇവിടെ പ്രസ്താവയോഗ്യമായ വിഷയമാണ്, പ്രസ്തുത പരിഭാഷ വിശുദ്ധ മദീനയിലെ മലിക് ഫഹ്ദ് ക്വുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സ് കോംപ്ലക്‌സില്‍ നിന്ന് പ്രസിദ്ധീകരിക്കാനുള്ള തീരുമാനം ലഭിച്ചത്. അതോടെ പ്രസ്തുത ഗ്രന്ഥം സൗദി ഭരണാധികാരി ഫഹ്ദ് രാജാവിന്റെ ഒരു മഹാപദ്ധതിയില്‍ ഉള്‍പെട്ടു. പൗരസ്ത്യ-പശ്ചിമദേശങ്ങളിലെ വിവിധ  ഭാഷകളിലേക്ക് വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തി അതു പ്രസിദ്ധീകരിച്ചുകൊണ്ട് വിശുദ്ധ ക്വുര്‍ആനിന് സേവനം ചെയ്യാനായിരുന്നു പ്രസ്തുത പദ്ധതി. 

ക്വുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സ് കോംപ്ലക്‌സ് ചുമതലപ്പെടുത്തിയതിനാല്‍, ഞാനാണ് അതിന്റെ പുനഃപരിശോധന നടത്തിയത്. സരളമായ ശൈലിയും സൂക്ഷ്മമായ ആഖ്യാനവും വിശ്വാസപരമായ തെറ്റുകളില്‍നിന്ന് സുരക്ഷിതവുമാണെന്ന് അതെന്ന് എനിക്ക് കണ്ടെത്താന്‍ സാധിച്ചു. 

സൗദി അറേബ്യക്കകത്തും പുറത്തുമുള്ള ജനങ്ങളുടെ അത്യാവശ്യം പരിഗണിച്ച് വിശുദ്ധ ക്വുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സില്‍ നാലു തവണ തര്‍ജമ അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മലിക് ഫഹ്ദ് ക്വുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സ് എന്ന ഇസ്‌ലാമിക മഹല്‍സൗധത്തിന്റെ നടത്തിപ്പുകാര്‍ക്ക് അല്ലാഹു ഉത്തമമായ പ്രതിഫലം പ്രദാനം ചെയ്യട്ടെ.