തിരിച്ചറിവിന്റെ പ്രോഫ്‌കോണുകള്‍

ഡോ. പി.പി നസീഫ് (Gen. Convener, 22nd Profcon)

2018 മാര്‍ച്ച് 03 1439 ജുമാദില്‍ ആഖിറ 16

ഒരുപാട് സന്തോഷവും ആനന്ദവും തിരിച്ചറിവുകളും പകര്‍ന്ന് 22ാമത് പ്രോഫ്‌കോണും  വിട പറഞ്ഞിരിക്കുന്നു. ദൈവചിന്തയും ധാര്‍മികബോധവും പകര്‍ന്ന് നല്‍കേണ്ട കലാലയങ്ങള്‍ ആഭാസങ്ങളെയും അശ്ലീലതകളെയും ആഗോളവല്‍ക്കരിക്കുന്ന അഴുക്കുചാലുകളായി മാറുന്ന ആധുനിക ലോകത്ത് മാറ്റമില്ലാത്ത ആദര്‍ശവും മാറ്റ് കൂടിയ പ്രമാണങ്ങളുമായി എം.എസ്.എം എന്ന വിദ്യാര്‍ഥി പ്രസ്ഥാനം കലാലയങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സ്വജീവിതത്തില്‍ ഉത്തരവാദിത്ത ബോധം കൈമുതലാക്കി, സ്വപ്‌നാടനത്തില്‍ നിന്ന് ഉണര്‍ന്നെണീറ്റ് യാഥാര്‍ഥ്യബോധത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കാന്‍, ആയിരക്കണക്കിന് പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് ദിശാബോധം നല്‍കിക്കൊണ്ടാണ് ഓരോ പ്രോഫ്‌കോണും അവസാനിച്ചിട്ടുള്ളത്. 

ഫെബ്രുവരി 9,10,11 തീയതികളില്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് ബാബില്‍ ഗ്രീന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് സംഘടിപ്പിച്ച 22ാമത് പ്രോഫ്‌കോണിന്റെയും സ്ഥിതി മറ്റൊന്നായിരുന്നില്ല. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ജീവിതം അടിച്ചുപൊളിക്കാന്‍ മാത്രം അറിയുന്ന ആധുനിക ലോകത്തെ കൗമാരപ്രായക്കാരെ 3 ദിവസം തികഞ്ഞ അച്ചടക്കത്തോടെ ഒരുമിച്ചിരുത്തി, യുക്തിക്കപ്പുറം പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ അറിവ് പകര്‍ന്ന് നല്‍കാന്‍ പ്രോഫ്‌കോണിന് സാധിച്ചു.

അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ക്കായി ആറ് വേദികളില്‍ ഇംഗ്ലീഷ്, മലയാളം, അറബി തുടങ്ങി വിവിധ ഭാഷകളില്‍ 36 സെഷനുകളിലായാണ് പ്രോഗ്രാം നടന്നത്. ഷാര്‍ജ മസ്ജിദുല്‍ ഹറമൈന്‍ ഇമാം ശൈഖ് സഫറുല്‍ ഹസന്‍ മദീനി ഉദ്ഘാടനം നിര്‍വഹിച്ച്, വിവിധ സെഷനുകളിലൂടെ കടന്നുപോയ പ്രോഗ്രാമില്‍, പി.എന്‍ അബ്ദുല്‍ ലത്ത്വീഫ് മദനി, കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, ഹുസൈന്‍ സലഫി തുടങ്ങി ധാരാളം പണ്ഡിതര്‍ സംബന്ധിച്ചു.

പ്രോഫ്‌കോണുകള്‍ സാമൂഹ്യ സംസ്‌കാരിക മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമാണ് നിര്‍വഹിക്കുന്നതെന്നും 2014 പ്രോഫ്‌കോണില്‍ 'ഐ.എസ് ഇസ്‌ലാമല്ല; ഇസ്‌ലാം നിര്‍ഭയത്വമാണ് എന്നും തീവ്രവാദത്തിനെതിരെ നാം ഒറ്റക്കെട്ടായി നിലക്കൊള്ളണമെന്നും' പറഞ്ഞത് 22ാമത് പ്രോഫ്‌കോണിന്റെ അതിഥിയായെത്തിയ ബഹു.കെ.കെ രാഗേഷ് എം.പി തന്റെ ഓര്‍മയില്‍ നിന്നും എടുത്ത് പറഞ്ഞു.

പ്രോഫ്‌കോണിന്റെ വിജയത്തിനു പിന്നിലുള്ള, കണ്ണൂരുകാരുടെയും തളിപ്പറുമ്പുകാരുടെയും ആതിഥേയ മര്യാദയും നിസ്തുലമായ സേവനങ്ങളും എടുത്തു പറയേണ്ടതാണ്. ഫുഡ് കോര്‍ട്ട്, ബുക്ക് സ്റ്റാള്‍, ക്ലോക്ക് റൂം തുടങ്ങിയവയെല്ലാം പ്രതിനിധികളുടെ ആവശ്യങ്ങളനുസരിച്ച് സജ്ജീകരിക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചു.

നന്മ, തിന്മകള്‍ വ്യവഛേദിച്ചറിയാതെ മാറിമാറി വരുന്ന ട്രെന്‍ഡിനു പുറകെ പോകുന്ന ഇന്നിന്റെ ക്യാമ്പസ് കൗമാരങ്ങള്‍ക്ക് ധാര്‍മികതയുടെയും നൈതികതയുടെയും ഉത്തരവാദിത്ത ബോധത്തിന്റെയും നിറപ്പകിട്ടു നല്‍കാന്‍ കൂട്ടായ പരിശ്രമങ്ങള്‍ കൊണ്ട് നമുക്ക് സാധിച്ചു. (അല്‍ഹംദുലില്ലാഹ്!) നാഥന്‍ സ്വീകരിക്കുമാറാകട്ടെ. ആമീന്‍.