പ്രാര്‍ഥനയും സഹായതേട്ടവും

മൂസ സ്വലാഹി, കാര

2018 ഏപ്രില്‍ 14 1439 റജബ് 27

പ്രാര്‍ഥന അഥവാ ആരാധന അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. അത് അവന് മാത്രമെ നല്‍കാവൂ എന്നതാണ് ഇസ്‌ലാമിന്റെ പാഠം.

അല്ലാഹു പറയുന്നു: ''നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച'' (ക്വുര്‍ആന്‍ 40:60).

നബി ﷺ പറഞ്ഞു: ''പ്രാര്‍ഥന, അത് ഇബാദത്തു തന്നെയാണ്'' (തിര്‍മിദി 2969). പ്രാര്‍ഥനയും സഹായതേട്ടവും വെവ്വേറെയാണെന്നും അല്ലാഹുവിന് പുറമെ അമ്പിയാക്കള്‍, ഔലിയാക്കള്‍, സ്വാലിഹുകള്‍ എന്നിവരോട് അഭൗതിക മാര്‍ഗത്തിലൂടെയുള്ള അര്‍ഥനയും തേട്ടവും അനുവദനീയമാണെന്നും അതിനെ ശിര്‍ക്കായി ഗണിക്കല്‍ പുത്തനാശയമാണെന്നും പഠിപ്പിക്കലാണ് ശിയായിസം തലക്കു പിടിച്ച സമസ്തക്കാരുടെ തുടക്കം മുതലേയുള്ള കാര്യമായ പണി! 

'പ്രാര്‍ഥനയും സഹായാര്‍ഥനയും' എന്ന പേരില്‍ ഡിസംബര്‍ ലക്കം 'സുന്നത്ത്' മാസികയില്‍ വന്ന ഒരു  ലേഖനവും ഇപ്പണിയാണ് ചെയ്യുന്നത്. ആരാധനയില്‍ ഉറച്ച സമീപനം സ്വീകരിക്കുന്നവരെ കുത്തിനോവിക്കുക, കൊടിയ ശിര്‍ക്ക് വ്യാപിപ്പിക്കുക ഇതുമാത്രമാണ് ലേഖകന്റെ വരികളില്‍ കാണാവുന്നത്. തന്നിഷ്ട പ്രകാരം എഴുതിവിട്ട വികല ആശയങ്ങളെ ഓരോന്നായി വിലയിരുത്താം:

''എന്നാല്‍ ആരാധനക്ക് അര്‍ഹനാണെന്ന വിശ്വാസമില്ലാതെ ഒരു സൃഷ്ടിയോട് ആരെങ്കിലും തേടുന്നതും ചോദിക്കുന്നതും പ്രാര്‍ഥനയാവുകയില്ല. അതുകൊണ്ട് തന്നെ അത് ശിര്‍ക്കുമല്ല'' (സുന്നത്ത്/പേജ്22).

ഇതൊരുതരം കുതന്ത്രമാണ്. സാധാരണക്കാരെ ശിര്‍ക്കിന്റെ വഴികളില്‍ തളച്ചിടാനുള്ള ഒടുവിലത്തെ സൂത്രം! പ്രാര്‍ഥനയുടെ യഥാര്‍ഥ പൊരുള്‍ എന്താണെന്ന് പഠിപ്പിക്കുന്നേടത്ത് ഇങ്ങനെ ഒരു നയം ഇസ്‌ലാമിനില്ല. കാരണം പ്രാര്‍ഥനയുടെ സ്വഭാവം ഒന്നാണ്, അത് അല്ലാഹുവിനോട് മാത്രം ചെയ്യേണ്ടതാണ്. അല്ലാഹു പറയുന്നു:

''(നബിയേ,)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമെ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്റെ അധീനതയിലല്ല''(ക്വുര്‍ആന്‍ 72:20,21).

കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ലഭിക്കേണ്ട കാര്യങ്ങളില്‍ അല്ലാഹുവല്ലാത്തവരെ ഒട്ടും പ്രതീക്ഷിക്കാന്‍ പാടില്ല. കാര്യകാരണ ബന്ധങ്ങള്‍ക്കധീനമായ സഹായ സഹകരണങ്ങള്‍ പോലും പരസ്പരം നിറവേറ്റാന്‍ കഴിയുക അല്ലാഹുവിന്റെ നിശ്ചയത്താലാണ്. ഒരു സൃഷ്ടിയോട് ആരാധനക്കര്‍ഹനാണെന്ന് വിശ്വസിച്ച് തേടിയാലും അല്ലാതെ ചോദിച്ചാലും അത് അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ തന്നെയാണ്. 

അല്ലാഹു പറയുന്നു: ''വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ഥിക്കുന്ന പക്ഷം അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ. അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച'' (ക്വുര്‍ആന്‍ 23:117).

''ഏതു സഹായം ആരില്‍ നിന്നു ലഭിച്ചാലും അതിന്റെ സ്രോതസ്സ് അല്ലാഹുവാണ് എന്നായിരിക്കണം ഒരു മുസ്‌ലിമിന്റെ വിശ്വാസം. എന്നാല്‍ അല്ലാഹു നേരിട്ട് ആരെയും സഹായിക്കുന്ന രീതി ഭൂമിലോകത്ത് നാം കാണുന്നില്ല. എല്ലാം കാര്യകാരണ ബന്ധങ്ങള്‍ക്ക് അധീനമാണ്. ചില കാരണങ്ങള്‍ ഭൗതികമായിരിക്കാം, മറ്റു ചില കാരണങ്ങള്‍ ആത്മീയമായിരിക്കാം എന്ന വ്യത്യാസമേയുള്ളൂ. ഭൗതിക സഹായങ്ങള്‍ സൃഷ്ടികളുടെ കഴിവില്‍ പെട്ടതാണെന്നും അഭൗതികമായത് അല്ലാഹുവില്‍ നിന്നാണെന്നുമുള്ള വിഭജനം അപകടകരമാണ്'' (സുന്നത്ത്/പേജ്: 23).

ഇസ്തിഗാസ രണ്ടുവിധത്തിലാണ്. ഒന്ന്, ആരാധനയാകുന്ന സഹായതേട്ടം അഥവാ അഭൗതിക മാര്‍ഗത്തിലൂടെയുള്ളത്. രണ്ട്, സൃഷ്ടികളുടെ കഴിവില്‍പെട്ടത് ചോദിക്കല്‍ അഥവാ ഭൗതികമാര്‍ഗത്തിലൂടെയുള്ളത്. ഈ വേര്‍തിരിവ് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. ''അബ്ദുല്ലാഹ്ബ്‌നു അബ്ബാസ് (റ)വില്‍ നിന്ന്. നബി ﷺ പറഞ്ഞു: ''നീ വല്ലതും ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് തേടുക'' (തിര്‍മിദി 6516).

ഈ ഹദീഥിനെ വിശദീകരിക്കുന്നേടത്ത് ഇമാം നവവി(റഹ്) രണ്ട് സഹായതേട്ടത്തെയും ലളിതമായി വിശദീകരിക്കുന്നത് കാണുക: ''നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക എന്ന നബി വചനം സൂചിപ്പിക്കുന്നത് ഒരു അടിമയ്ക്കും തന്റെ മനസ്സിനെ അല്ലാഹു അല്ലാത്തവരോട് ബന്ധിപ്പിച്ചുകൂടാ എന്നതാണ്. മാത്രമല്ല തന്റെ എല്ലാ കാര്യത്തിലും അവന്‍ അല്ലാഹുവിനെ അവലംബിക്കണമെന്നതുമാണ്. (പിന്നീട്) അവന്‍ ചോദിക്കുന്ന ആവശ്യം സാധാരണയായി സൃഷ്ടികളുടെ കൈകളിലൂടെ നേരിട്ട് നടക്കുന്നവയല്ലെങ്കില്‍ അത് അല്ലാഹുവിനോട് തന്നെ ചോദിക്കണം. സന്‍മാര്‍ഗലബ്ധി, വിജ്ഞാനം ലഭിക്കുക, കുര്‍ആനിലും സുന്നത്തിലും അറിവ് ലഭിക്കുക, രോഗശമനം, ആരോഗ്യം എന്നിവ ലഭിക്കുക, ഭൗതിക പരീക്ഷണങ്ങളില്‍ നിന്നും സൗഖ്യം ലഭിക്കുക, പരലോക ശിക്ഷയില്‍ നിന്നും മോക്ഷം ലഭിക്കുക ആദിയായവ ഉദാഹരണങ്ങളാണ്. ഇനി അവന്റെ ആവശ്യം സാധാരണ ഗതിയില്‍ സൃഷ്ടികളുടെ കൈകളിലൂടെ നടക്കുന്നവയാണെങ്കില്‍; ഉദാഹരണം: തൊഴിലുടമകള്‍, നിര്‍മാണ ശാലകളുടെ ഉടമസ്ഥര്‍, ഭരണാധികാരികള്‍ എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍ അവരുടെ മനസ്സുകളെ അവന്റെ (ചോദിക്കുന്നവന്റെ) മേല്‍ അനുകമ്പയുണ്ടാകാന്‍ വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കണം'' (ശറഹു അര്‍ബഊന ഹദീഥ്/പേജ് 53). സൂറ അന്‍ഫാലിന്റെ 62ാം ആയത്തിന്റെ വ്യഖ്യാനത്തില്‍ ഇമാം റാസി(റ) ഇത് പറയുന്നുണ്ട്. പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ട ഇത്തരം കാര്യങ്ങളെ അംഗീകരിക്കുന്നത് അപകടവും നിഷേധിക്കുന്നത് പുണ്യവുമാകുന്നതിലെ യുക്തി എന്താണ് എന്ന് ലേഖകന്‍ വ്യക്തമാക്കേണ്ടതുണ്ട്.

''ചുരുക്കത്തില്‍ ഭൗതികമായോ ആത്മീയമായോ സഹായിക്കാന്‍ സാധിക്കുന്നവരോട് സഹാര്‍ഥന നടത്തുന്നത് അനുവദനീയമാണ്. അല്ലാഹുവിന്റെ അമ്പിയാക്കളും ഔലിയാക്കളും ആത്മീയമായി സഹായിക്കാന്‍ കഴിവുള്ളവരാണ്. സാധാരണക്കാര്‍ക്ക് സാധാരണ രീതിയില്‍ സഹായിക്കാന്‍ സാധിക്കുന്നതു പോലെ അമ്പിയാക്കളോടും ഔലിയാക്കളോടും ചോദിക്കുന്നതിനെ സാങ്കേതിക ഭാഷയില്‍ ഇസ്തിഗാസ എന്ന് പറയും'' (സുന്നത്ത്/പേജ്: 23).

ശിര്‍ക്കിനെ വെള്ളപൂശാന്‍ സഹായതേട്ടത്തെ രണ്ടാക്കുന്നതിന്റെ ന്യായം എന്താണെന്ന് കൂടി വ്യക്തമാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു. ദുര്‍ബല ഹദീഥുകളെ ആശ്രയിക്കുന്നവര്‍ പ്രമാണങ്ങള്‍ക്ക് വിലകൊടുക്കാറില്ല. ഇത്തരം ഗതികേടില്‍ ചെന്ന് ചാടാനുള്ള പ്രധാന കാരണം ഇസ്തിഗാസ പ്രാര്‍ഥനയല്ലെന്ന തലതിരിഞ്ഞ ധാരണയാണ്. രണ്ടും ഒന്നു തന്നെയാണെന്ന് മനസ്സിലാക്കിത്തരുന്ന തെളിവുകള്‍ കാണാം:

ബദ്ര്‍യുദ്ധ വേളയില്‍ നബി ﷺ നടത്തിയ സഹായതേട്ടത്തെകുറിച്ച് അല്ലാഹു പറയുന്നു:

''നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന (ഇസ്തിഗാസ നടത്തിയിരുന്ന) സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി'' (ക്വുര്‍ആന്‍ 8:9).

ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ത്വബ്‌രി (റ) പറയുന്നു: ''നിങ്ങളുടെ ശത്രുവില്‍ നിന്ന് അല്ലാഹുവിനോട് അഭയം ചോദിക്കുകയും അവര്‍ക്കെതിരില്‍ സഹായത്തിനുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്ത സന്ദര്‍ഭം. നബി ﷺ യുടെ പ്രാര്‍ഥന കൊണ്ടും, കൂടെ നിങ്ങളുടെ പ്രാര്‍ഥന കൊണ്ടും അല്ലാഹു നിങ്ങളെ സഹായിച്ചു'' (ത്വബ്‌രി/വാള്യം:9/പേജ്: 201,202).

പ്രയാസം ബാധിക്കുന്ന അവസ്ഥയില്‍ മനുഷ്യന്‍ ചെയ്യുന്നതിനെ കുറിച്ച് അല്ലാഹു പറയുന്നു:

''നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്''(16:53). 

ഇമാം റാസി(റഹ്) ഇതിന് നല്‍കിയ വിശദീകരണം കാണുക: ''സഹായം തേടിക്കൊണ്ട് നിങ്ങളുടെ ശബ്ദം നിങ്ങള്‍ ഉയര്‍ത്തുന്നു. പ്രാര്‍ഥന കൊണ്ട് അവനിലേക്ക് നിങ്ങള്‍ വിനയത്തോടെ മടങ്ങുന്നു'' (റാസി/വാള്യം:10/പേജ്: 42).

അല്ലാഹുവിനോട് മനുഷ്യന്‍ നടത്തുന്ന പ്രാര്‍ഥനയെക്കുറിച്ച് പറയുന്നു:

''മനുഷ്യന് വല്ല വിഷമവും ബാധിച്ചാല്‍ അവന്‍ തന്റെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങിക്കൊണ്ട് പ്രാര്‍ഥിക്കും. എന്നിട്ട് തന്റെ പക്കല്‍ നിന്നുള്ള വല്ല അനുഗ്രഹവും അല്ലാഹു അവന്ന് പ്രദാനം ചെയ്താല്‍ ഏതൊന്നിനായി അവന്‍ മുമ്പ് പ്രാര്‍ഥിച്ചിരുന്നുവോ അതവന്‍ മറന്നുപോകുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിച്ച് കളയുവാന്‍ വേണ്ടി അവന്ന് സമന്‍മാരെ സ്ഥാപിക്കുകയും ചെയ്യുന്നു. (നബിയേ,) പറയുക: നീ അല്‍പകാലം നിന്റെ ഈ സത്യനിഷേധവും കൊണ്ട് സുഖിച്ചു കൊള്ളുക. തീര്‍ച്ചയായും നീ നരകാവകാശികളുടെ കൂട്ടത്തിലാകുന്നു''(ക്വുര്‍ആന്‍ 39:8).

ഇമാം ക്വുര്‍തുബി(റഹ്) ഇതിന് നല്‍കിയ വിശദീകരണം കാണുക: ''അതായത് അവനോട് സഹായം തേടിയും അനുസരമുള്ളവനായും വിധേയത്വമുള്ളവനായും അവനിലേക്ക് മടങ്ങുന്നവന്‍''(ക്വുര്‍തുബി/വാള്യം 15/പേജ് 189).

അല്ലാഹുവിനു പുറമെ പ്രാര്‍ഥിക്കപ്പെടുന്നതിന്റെ അവസ്ഥ പറയുന്നേടത്ത് അല്ലാഹു പറയുന്നു:

''നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല''(ക്വുര്‍ആന്‍ 35:14).

ഇമാം ക്വുര്‍തുബി(റഹ്) പറയുന്നു: ''പ്രയാസങ്ങളില്‍ നിങ്ങള്‍ അവരോട് സഹായം തേടിയാല്‍ നിങ്ങളുടെ പ്രാര്‍ഥന അവര്‍ കേള്‍ക്കുകയില്ല'' (ക്വുര്‍തുബി/വാള്യം14/പേജ് 336).

തെളിവുകള്‍ ഇങ്ങനെ നീണ്ടുകിടക്കുന്നു. എന്നാല്‍ കേരള ശിയാക്കള്‍ക്ക് എന്ത് പ്രമാണം! 

''മുഅ്ജിസത്തും കറാമത്തുമാകുന്ന ആത്മീയ മാര്‍ഗത്തിലൂടെ സഹായിക്കുമെന്നു വിശ്വസിച്ചു കൊണ്ട് അല്ലാഹുവിന്റെ ഇഷ്ടദാസന്മാരോടു ചോദിക്കുന്നത് പ്രാര്‍ഥനയല്ല; അത് സഹായാര്‍ഥനയാണ്. ഇത് അനുവദനീയവും പുണ്യകര്‍മവുമാണ്. പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടതും സലഫുസ്സ്വാലിഹീങ്ങള്‍ മാതൃക കാണിച്ചതുമാണ്'' (സുന്നത്ത്/പേജ് 23).

മതവാണിഭക്കാരുടെ എപ്പോഴത്തെയും പ്രധാന വില്‍പന വസ്തുക്കളാണ് മുഅ്ജിസത്തും കറാമത്തും. പ്രവാചകന്മാര്‍ക്കും ഔലിയാക്കള്‍ക്കും അല്ലാഹു നല്‍കുന്ന ഈ പദവികളെ കൂട്ടുപിടിച്ച് ആത്മീയ ചൂഷണം നടത്തുന്ന രീതി ഇവരുടെ പതിവ് സമ്പ്രദായമാണ്. പ്രവാചകന്മാരുടെ ചരിത്രം അല്ലാഹു ക്വുര്‍ആനിലൂടെ പഠിപ്പിക്കുന്നത് വെറുതെ വായിച്ചു രസിക്കുവാനല്ല; അതില്‍നിന്ന് ഗുണപാഠമുള്‍െക്കാള്ളുവാനാണ്. മുഅ്ജിസത്തുകള്‍ പ്രകടമാക്കിയ ഏതെങ്കിലും പ്രവാചകന്‍ അതിന്റെ പേരില്‍ എന്നോട് ചോദിക്കൂ, അത് പ്രാര്‍ഥനയാകില്ല എന്ന് പറഞ്ഞതായി കാണുവാന്‍ സാധ്യമല്ല. സച്ചരിതരായ മുന്‍ഗാമികളാരും ഇങ്ങനെയാരു വിശ്വാസം പേറി നടക്കുന്നവരായിരുന്നില്ല.

ഈ വികല വിശ്വാസത്തിന്റെ മറവില്‍ തന്നെയാണ് കേരളത്തിലെ ചെറുതും വലുതുമായ സകല ജാറങ്ങളും ദര്‍ഗകകളും പടുത്തുയര്‍ത്തിയിരിക്കുന്നത്. സ്ഥിരപ്പെട്ട പ്രമാണങ്ങളില്‍ നിന്ന് ഒരു വരിയോ, അതിനെ അറിഞ്ഞ് ജീവിച്ച പൂര്‍വികരില്‍നിന്ന് ഒരു മാതൃകയോ ഇതിന് ചൂണ്ടിക്കാണിക്കുവാന്‍ ഇവര്‍ക്ക് ഒരുകാലത്തും സാധിക്കുകയില്ല. സ്വീകാര്യമല്ലാത്ത കെട്ടുകഥകളും കളവുകളും മാത്രമാണ് ഇവര്‍ക്ക് ആശ്രയം.

തെളിമയാര്‍ന്ന തൗഹീദിന്റെ മാര്‍ഗത്തില്‍നിന്ന് മലിനമായ ശിര്‍ക്കിന്റെ വഴിയിലേക്ക് വിശ്വാസി സമൂഹത്തെ നയിക്കുന്നതിന്റെ പിന്നില്‍ ഇവരുടെ പ്രേരകം ഭൗതിക ലാഭം മാത്രമാണെന്ന് പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്.