സുന്നത്ത്: സ്വഹാബിമാരുടെ പ്രതിബദ്ധത

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2018 ഡിസംബര്‍ 08 1440 റബീഉല്‍ അവ്വല്‍ 30

നബിﷺ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ നേരിട്ടനുസരിക്കുകയായിരുന്നു സ്വഹാബികളുടെ പതിവ്. ''ഞാന്‍ എപ്രകാരം നമസ്‌കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ അപ്രകാരം നിങ്ങള്‍ നമസ്‌കരിക്കുക, ''എന്നില്‍നിന്ന് നിങ്ങളുടെ ആരാധനാകര്‍മങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുക'' എന്നിപ്രകാരം നബിﷺ പറയുകയും ചെയ്തിരിക്കുന്നു. മാത്രമല്ല തന്റെ ഒരു പ്രവൃത്തി അതേപടി സ്വീകരിക്കുവാന്‍ സ്വഹാബികളില്‍ ആര്‍ക്കെങ്കിലും മനപ്രയാസമുണ്ടെന്നറിഞ്ഞാല്‍ അദ്ദേഹം കോപിക്കുകപോലും ചെയ്തിരുന്നു. 

ഹുദൈബിയ സംഭവ ദിവസം ഉംറക്ക് ഇഹ്‌റാമില്‍ പ്രവേശിച്ചവരോട് അതില്‍നിന്ന് ഒഴിവാകുവാനും മുടി നീക്കുവാനും നബിﷺ കല്‍പിച്ചു. എന്നാല്‍ ചിലരത് ചെയ്യുവാന്‍ കൂട്ടാക്കിയില്ല. ഇതറിഞ്ഞ പ്രവാചകന്‍ﷺ പെട്ടെന്നെഴുന്നേറ്റ് തന്റെ മുടി നീക്കി ഇഹ്‌റാമില്‍ നിന്നൊഴിവായതായി കാണിച്ചുകൊടുത്തു. അതു കണ്ട് സ്വഹാബികളും അങ്ങനെ ചെയ്തു.

റസൂല്‍ﷺ ഒരു കാര്യം ചെയ്തുകണ്ടാല്‍ അതിന്റെ കാരണമന്വേഷിക്കാതെ തന്നെ സ്വഹാബികള്‍ അദ്ദേഹത്തെ പിന്തുടരുമായിരുന്നു. ഒരിക്കല്‍ റസൂല്‍ﷺ ഒരു സ്വര്‍ണമോതിരം ധരിച്ചു. അതുകണ്ട് സ്വഹാബികളും സ്വര്‍ണമോതിരം ധരിച്ചു. പിന്നീട് നബിﷺ അതൊഴിവാക്കിക്കൊണ്ട് പറഞ്ഞു:'ഇനി ഞാനൊരിക്കലും ഇതുപയോഗിക്കുകയില്ല.' അപ്പോള്‍ ജനങ്ങളും അതൊഴിവാക്കി. (ബുഖാരി ഇബ്‌നു ഉമറി(റ)ല്‍നിന്ന് ഉദ്ധരിച്ചത്).

അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: ''ഞങ്ങളൊരിക്കല്‍ നബിﷺയുടെ കൂടെ നമസ്‌കരിക്കാന്‍ നില്‍ക്കുകയാണ്. നബിﷺ തന്റെ ചെരിപ്പൂരി ഇടതുഭാഗത്ത് വെച്ചു. ഇതു കണ്ട് സ്വഹാബത്തും അതേപോലെ ചെയ്തു. നമസ്‌കാരം കഴിഞ്ഞ് നബിﷺ ചോദിച്ചു: 'നിങ്ങളെല്ലാം എന്തിനാണ് ചെരിപ്പൂരി വെച്ചത്?' അവര്‍ പറഞ്ഞു: 'അങ്ങ് ചെയ്തതുകൊണ്ട്.' നബിﷺ പറഞ്ഞു: 'എന്റെ ചെരിപ്പിന്‍മേല്‍ അശുദ്ധിയുണ്ടെന്ന് ജിബ്‌രീല്‍ അറിയിച്ചതുകൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തത്.'

നബിﷺയെ അനുസരിക്കുന്ന കാര്യത്തില്‍ സ്വഹാബത്തിന്റെ പ്രതിബദ്ധത തെളിയിക്കുന്ന ഒരു ഉദാഹരണം കൂടി കാണുക: അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ഒരിക്കല്‍ ജുമുഅ നമസ്‌കാരത്തിന് പള്ളിയിലെത്തിയപ്പോള്‍ നബിﷺ പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം വാതില്‍ക്കലെത്തിയതേയുള്ളു. അപ്പോള്‍ കേള്‍ക്കുന്നത് 'നിങ്ങള്‍ ഇരിക്കുവിന്‍' എന്ന നബിﷺയുടെ കല്‍പനയാണ്. ഇത് കേട്ടമാത്രയില്‍ അബ്ദുല്ല(റ) വാതില്‍ക്കല്‍ ഒറ്റയിരിപ്പിരുന്നു. ഇതു കണ്ട നബിﷺ വിളിച്ചുപറഞ്ഞു: 'അബ്ദുല്ലാ, മുന്നോട്ടു വന്നിരിക്കൂ' (അബൂദാവൂദ്, ഇബ്‌നു അബ്ദില്‍ബര്‍റ്).

ഇതായിരുന്നു സ്വഹാബികളുടെ നിഷ്ഠ. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും അംഗീകാരവും അവര്‍ മതനിയമമായിത്തന്നെ സ്വീകരിച്ചു. അക്കാര്യങ്ങളില്‍ ബദല്‍ നിര്‍ദേശിക്കാനോ അഭിപ്രായം പ്രകടിപ്പിക്കാനോ അവര്‍ മുതിര്‍ന്നില്ല. കാരണം അവ ദൈവിക ബോധനമനുസരിച്ച് ചെയ്യുന്നതാണെന്ന് അവര്‍ മനസ്സിലാക്കി. എന്നാല്‍ മതനിയമമല്ലെന്നു തോന്നിയ വിഷയങ്ങളില്‍ അവര്‍ മര്യാദയോടെ അഭി്രപായം പ്രകടിപ്പിച്ചു. യുക്തമെന്നു തോന്നിയ നിര്‍ദേശങ്ങള്‍ നബിﷺ അംഗീകരിക്കുകയും ചെയ്തു. ബദ്ര്‍ യുദ്ധ സമയത്ത് മുസ്‌ലിംകള്‍ക്ക് താവളമടിക്കാന്‍ നബിﷺ തെരഞ്ഞെടുത്ത സ്ഥലം യുദ്ധതന്ത്രത്തിനു പറ്റിയതല്ലെന്ന് ഹുബ്ബാബ്(റ) അഭിപ്രായപ്പെട്ടപ്പോള്‍ നബിﷺ അവിടെനിന്ന് മാറിയത് ഇതിന് ഉദാഹരണമാണ്.

നബിﷺയുടെ മരണശേഷം

പ്രവാചകനെ അനുസരിക്കണമെന്ന ക്വുര്‍ആനിലെ കല്‍പനകള്‍ക്ക് കാലനിര്‍ണയമില്ല. മനുഷ്യസമൂഹത്തിന്റെ സമ്പൂര്‍ണജീവിതദര്‍ശനമായി അല്ലാഹു അവതരിപ്പിച്ച ക്വുര്‍ആന്‍ ജീവിതവല്‍കരിച്ചു കാണിച്ചു കൊടുത്ത റസൂലിന്റെ ആ സുന്നത്തും കാലദേശ പരിസ്ഥിതികള്‍ക്കതീതമായ ഒരു ജീവിതമാതൃകയാണെന്ന് സൂക്ഷ്മനീരീക്ഷകര്‍ക്ക് േബാധ്യെപ്പടും. പിതാവ്, പുത്രന്‍, ഭര്‍ത്താവ്, പ്രബോധകന്‍, പടയാളി, വ്യാപാരി, തൊഴിലാളി, തൊഴിലുടമ, യജമാനന്‍, സ്‌നേഹിതന്‍, സമുഹനായകന്‍ എന്നിങ്ങനെ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും അദ്ദേഹം മാതൃകകള്‍ സൃഷ്ടിച്ചത് മനുഷ്യകുലത്തിന് എക്കാലത്തും മാതൃകയായിരിക്കണമെന്ന അല്ലാഹുവിങ്കല്‍നിന്നുള്ള നിശ്ചയപ്രകാരം തന്നെയാണ്. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ സ്വഹാബികള്‍ ആ ജീവിത ശൈലി നേരില്‍ കണ്ടു, കേട്ടു, അനുകരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം അവിടുത്തെ ചര്യ തലമുറകള്‍ കൈമാറി. ആ ചര്യയില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതിരിക്കാന്‍ പ്രവാചകന്റെ ജീവിതകാലത്തെന്നപോലെ മരണശേഷവും സ്വഹാബികള്‍ ശ്രദ്ധിച്ചു. 

മുആദ്(റ)വിനെ യമനിലേക്ക് നിയോഗിച്ചയച്ചുകൊണ്ട് നബിﷺ ചോദിച്ചു: 'ഒരു വിഷയത്തില്‍ വിധി നല്‍കേണ്ടിവന്നാല്‍ നീ എന്തുചെയ്യും?' മുആദ്(റ) പറഞ്ഞു: 'ക്വുര്‍ആനിനെ അടിസ്ഥാനപ്പെടുത്തി  ഞാന്‍ വിധിപറയും.' നബിﷺ ചോദിച്ചു: 'ക്വുര്‍ആനിലില്ലെങ്കിലോ?' മുആദ്(റ) പറഞ്ഞു: 'ദൈവദൂതരുടെ ചര്യ അവലംബിക്കും'. 'അതിലും കണ്ടില്ലെങ്കിലോ?'-നബിﷺ ചോദിച്ചു. 'ഞാന്‍ കാര്യങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തി അഭിപ്രായം രൂപീകരിക്കും. ഒട്ടും വീഴ്ച വരുത്തുകയില്ല.' ഇതുകേട്ട നബിﷺ മുആദിന്റെ നെഞ്ചില്‍ കൈവെച്ചുകൊണ്ട് പറഞ്ഞു: 'അല്ലാഹുവിന്റെ റസൂല്‍ നിയോഗിച്ചയച്ച ഈ ദൂതന്  അല്ലാഹുവിന്റെ റസൂലിന് ഇഷ്ടമുള്ളവിധം കാര്യങ്ങള്‍ ചെയ്യാന്‍ കഴിവു നല്‍കിയ അല്ലാഹുവിന് സര്‍വസ്തുതിയും' (അഹ്മദ്, അബൂദാവൂദ്).

ക്വുര്‍ആനിലും നബിചര്യയിലും നേര്‍ക്കുനേരെ വിധികാണാത്ത കാര്യങ്ങളില്‍ അവ ആധാരമാക്കി പരിശോധിച്ചു വിധി തീരുമാനിക്കുമെന്ന മുആദിന്റെ പ്രഖ്യാപനവും റസൂലിന്റെ അംഗീകാരവും ഒരു കാര്യം വ്യക്തമാക്കുന്നു. പ്രവാചകന്റെ ശേഷം മനുഷ്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ ക്വുര്‍ആനിന്റെ അടിസ്ഥാനത്തിലും പിന്നീട് സുന്നത്തിന്റെ അടിസ്ഥാനത്തിലും ഇതു രണ്ടിലും കാണാത്തത് ഇൗ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധന നടത്തിയും തീര്‍പ്പുകല്‍പിക്കേണ്ടതാണ് എന്ന്.

പ്രവാചകന്റെ മരണശേഷവും തന്റെ ചര്യ പിന്തുടരാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാെണന്ന് നബിﷺ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: 'നിങ്ങള്‍ക്കു ഞാന്‍ രണ്ടു കാര്യം വിേട്ടച്ചു പോകുന്നു. അവ മുറുകെ പിടിക്കും കാലം നിങ്ങളൊരിക്കലും വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയുമാണത്.'

'എന്റെ സമുദായം മുഴുവനും സ്വര്‍ഗത്തില്‍ കടക്കം.; വിസമ്മതിച്ചവര്‍ ഒഴികെ.' ഇതു കേട്ടവര്‍ ചോദിച്ചു: 'ആരാണ് റസൂലേ വിസമ്മതിച്ചവര്‍?' അദ്ദേഹം പറഞ്ഞു: 'എന്നെ അനുസരിച്ചവര്‍ സ്വര്‍ഗത്തില്‍ കടക്കും. എന്നോട് അനുസരണക്കേട്  കാണിച്ചവര്‍ വിസമ്മതിച്ചവരത്രെ.'

നബിﷺ ഹജ്ജ് വേളയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞതായി ഹാകിം ഇബ്‌നു അബ്ബാസില്‍നിന്ന് ഉദ്ധരിക്കുന്നു: ''നിങ്ങളുെട നാട്ടില്‍ ചെകുത്താന്‍ ആരാധിക്കപ്പെടുന്ന കാര്യത്തില്‍ അവന്‍ നിരാശപ്പെടുകതന്നെ ചെയ്തിരിക്കുന്നു. എന്നാല്‍ അതല്ലാത്ത, നിങ്ങള്‍ നിസ്സാരമാണെന്ന് കരുതുന്ന നിങ്ങളുടെ കര്‍മങ്ങള്‍ കൊണ്ട് അവന്‍ സംതൃപ്തനാകുന്നതാണ്. അതുകൊണ്ട് ജാഗ്രത പുലര്‍ത്തുക. നിങ്ങള്‍ മുറുകെ പിടച്ചാല്‍ പിഴച്ചുപോകാതിരിക്കാന്‍ പര്യാപ്തമായത് ഞാന്‍ നിങ്ങളില്‍ ബാക്കിവെച്ചിട്ടുണ്ട്. അല്ലാഹുവിന്റെ ഗ്രന്ഥവും നബിയുടെ ചര്യയുമാണത്.''

നബിﷺ ഞങ്ങളോട് സാരസമ്പൂര്‍ണമായ ഒരു ഉപദേശം നല്‍കി. അതുകേട്ട് ഞങ്ങളുടെ ഹൃദയം വിറച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞങ്ങള്‍ ചോദിച്ചു: 'അങ്ങ് യാത്ര ചോദിക്കുന്നതുപോലെ തോന്നുന്നുവല്ലോ. അതിനാല്‍ ഞങ്ങളോട് വസ്വിയ്യത്ത് ചെയ്താലും.' നബിﷺ പറഞ്ഞു: 'ഞാന്‍ വസ്വിയ്യത്ത് ചെയ്യുകയാണ്; നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്നും നിങ്ങളുടെ നേതാവ് ഒരു എത്യോപ്യന്‍ അടിമയാണെങ്കില്‍ പോലും നിങ്ങള്‍ കേട്ടനുസരിക്കണമെന്നും. നിങ്ങളില്‍ ആയുസ്സുള്ളവര്‍ ധാരാളം അഭിപ്രായ വ്യത്യാസങ്ങള്‍ കാണാനിടയാകും. അപ്പോള്‍ എന്റെ ചര്യയും സന്മാര്‍ഗികളും സച്ചരിതരുമായ പിന്‍ഗാമികളുടെ ചര്യയും നിങ്ങള്‍ അവലംബിക്കണം. അണപ്പല്ലുകൊണ്ട് അവ കടിച്ചുപിടിക്കുക. പുതുതായി വരുന്ന കാര്യങ്ങള്‍ (ബിദ്അത്തുകള്‍) നിങ്ങള്‍ കരുതിയിരിക്കണം. കാരണം ബിദ്അത്തുകളെല്ലാം വഴികേടാണ്.''

മേലുദ്ധരിച്ചതും മറ്റുമായ ഒട്ടേറെ തിരുമൊഴികള്‍ ഉള്‍ക്കൊണ്ട സ്വഹാബികള്‍ നബിചര്യ അവലംബിക്കുന്ന കാര്യത്തിലും അത് പിന്‍തലമുറക്ക് കൈമാറുന്ന കാര്യത്തിലും നിഷ്‌കര്‍ഷ പുലര്‍ത്തി. പ്രവാചകന്‍ﷺ അതിനവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു:

''എന്റെ വാക്കുകള്‍ കേട്ടിട്ട് കേട്ടപോലെ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുത്തവരെ അല്ലാഹു അനുഗ്രഹിക്കട്ടെ. നേരില്‍ കേട്ടവരെക്കാള്‍ അവരില്‍ നിന്ന് അറിഞ്ഞ എത്രയോ പേര്‍ കൂടുതല്‍ കാര്യം ഗ്രഹിക്കുന്നവരായേക്കാമല്ലോ.''

സ്വഹാബികളുടെ ജാഗ്രത

സ്വഹാബത്ത് പ്രവാചകനോടൊപ്പമാണ് ജീവിച്ചത്. നാട്ടിലും വീട്ടിലും മസ്ജിദിലും അങ്ങാടിയിലുമെല്ലാം അവരദ്ദേഹെത്ത അനുഗമിച്ചു. മുഴുവന്‍ സമയവും സഹവസിക്കാന്‍ സാധിക്കാത്തവര്‍ അതിന് പരിഹാരം കണ്ടെത്തി. കാരണം അവര്‍ അജ്ഞരായിരുന്നു. ഇപ്പോഴാണവര്‍ വിശ്വാസികളായി മാറിയത്. എന്താണ് വിശ്വാസം, കര്‍മങ്ങള്‍ എന്ന് റസൂലില്‍നിന്ന് അറിയുക തന്നെ വേണം. അതിന്നായി കഴിയുന്നത്ര റസൂലിനോട് ഒത്തുകൂടാന്‍ അവര്‍ ബദ്ധപ്പെട്ടു. ഉമര്‍(റ)വില്‍ നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: ''ഞാനും അന്‍സ്വാറുകളില്‍ പെട്ട എന്റെ അയല്‍ക്കാരനും കൂടി ഊഴംവെച്ച് നബിﷺയോട് സഹവസിക്കുകയാണ് പതിവ്. ഇത് പോലെ ദൂരദിക്കുകളില്‍ താമസിക്കുന്ന ഗോത്രങ്ങള്‍ നബിﷺയുടെ അടുത്ത് വന്ന് കാര്യങ്ങള്‍ പഠിക്കുവാന്‍ പ്രതിനിധികളെ അയച്ചു. മക്കയില്‍ താമസിച്ചുവരുന്ന ഉക്വ്ബത്ത്ബ്‌നു ഹാരിസിന്റെ അടുത്ത് ഒരുദിവസം ഒരു സ്ത്രീ വന്നു പറഞ്ഞു: 'നിനക്കും നിന്റെ ഭാര്യക്കും ഞാന്‍ മുലപ്പാലു തന്നിട്ടുണ്ട്.' ഇതുകേട്ട ഉക്വ്ബത്ത് എത്രയും വേഗം മദീനയിലേക്ക് നബിﷺയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. അവിടെയെത്തി ഈ പ്രശ്‌നത്തെപ്പറ്റി നബിﷺയോട് ചോദിച്ചു. മുലകുടിബന്ധത്തിലുള്ള സഹോദരിയെ അറിയാതെ വിവാഹം ചെയ്താല്‍ എന്തു ചെയ്യണം? നബിﷺ പറഞ്ഞു: 'ആ സ്ത്രീ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇനി എന്തു ചെയ്യാനാണ്?' (വിവാഹബന്ധം ദുര്‍ബലപ്പെട്ടു എന്നര്‍ഥം). അദ്ദേഹം മക്കയിലേക്ക് മടങ്ങി ഭാര്യയുമായി വേര്‍പിരിഞ്ഞു' (ബുഖാരി ഉദ്ധരിച്ചത്).

സ്വഹാബത്തിന്ന് നേരിട്ടു പഠിക്കാന്‍ പ്രയാസമുള്ള നബിﷺയുടെ കുടുംബജീവിതത്തിലെ ചര്യകളെപ്പറ്റി അവിടുത്തെ പത്‌നിമാരോട് ചോദിക്കാവുന്നതെല്ലാം അവര്‍ ചോദിക്കുമായിരുന്നു. അതിന്ന് പറ്റാത്ത കാര്യങ്ങള്‍ക്കായി തങ്ങളുടെ ഭാര്യമാരെ നബിﷺയുടെ വീട്ടിലേക്കയച്ച് ചോദിപ്പിക്കുകയായിരുന്നു പതിവ്. നോമ്പുകാരന് ഭാര്യയെ ചുംബിക്കാമോ എന്ന് അന്വേഷിക്കാന്‍ ഒരു സ്വഹാബി തന്റെ ഭാര്യയെ പ്രവാചക പത്‌നി ഉമ്മുസലമ(റ)യുടെ വീട്ടിേലക്കയച്ചു. നബിﷺ അങ്ങനെ ചെയ്തിരുന്നതായി ഉമ്മുസലമ(റ) പറയുകയും ചെയ്തു. ഈ വിവരം ആ സ്ത്രീ ചെന്ന് തന്റെ ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഞാന്‍ റസൂലിനെപ്പോലെയല്ല. റസൂലിന് അല്ലാഹു അതൊക്കെ അനുവദിച്ചുകാണും. 'ഈ വിവരം പിന്നീട് അറിഞ്ഞപ്പോള്‍ നബിﷺ കോപത്തോടുകൂടി പറഞ്ഞു: 'ഞാനാണ് അല്ലാഹുവിനോട് കൂടുതല്‍ അടുത്തവന്‍. അവന്റെ നിയമ പരിധികള്‍ നന്നായി അറിയുന്നതും എനിക്കാണ്' (മുസ്‌ലിം).

സ്ത്രീകളെ മാത്രം ബാധിക്കുന്ന ആര്‍ത്തവസംബന്ധമായ വിധികളും മറ്റും ചിലപ്പോള്‍ നബിﷺയോട് സ്വഹാബി വനിതകള്‍ ചോദിക്കുമ്പോള്‍ പത്‌നിമാരോട് ചോദിക്കുവാന്‍ നബിﷺ നിര്‍ദേശിക്കാറുണ്ടായിരുന്നു. (ബുഖാരി, മുസ്‌ലിം, നസാഈ-ആഇശ(റ)യില്‍ നിന്ന്).

ഇങ്ങനെ നബിﷺയില്‍ നിന്ന് വിജ്ഞാനം നേടുന്ന വിഷയത്തില്‍ സ്വഹാബികള്‍ സ്വാഭാവികമായും തുല്യരായിരുന്നില്ല. കാരണം അവരുടെ കൂട്ടത്തില്‍ അങ്ങകലെയുള്ള മരുഭൂവാസികളും വ്യാപാരത്തിനും മറ്റുമായി നാടുചുറ്റി നടക്കുന്നവരും നാട്ടില്‍തന്നെ ജീവിതപ്രശ്‌നങ്ങൡ മുഴുകിയവരും മറ്റു ജോലികളൊന്നുമില്ലാതെ കിടപ്പാടം പോലുമില്ലാതെ പ്രവാചകന്റെ പള്ളിയുടെ മൂലയില്‍ നിത്യവും കഴിഞ്ഞുകൂടിയിരുന്നവരുമെല്ലാമുണ്ടായിരുന്നു. അതിനാല്‍ ചിലര്‍ക്ക് നബിﷺയോടാപ്പം വളരെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞു. ചിലര്‍ക്ക് കുറച്ചുമാത്രവും. എല്ലാവരും ഒത്തുചേരുക ജുമുഅക്കും പെരുന്നാള്‍ ദിവസങ്ങളിലുമായിരിക്കും. ഇതിന്നു പുറമെ ജനങ്ങളെ ഉപദേശിച്ചു മടുപ്പിക്കാതിരിക്കാനും നബിﷺ ശ്രദ്ധിച്ചിരുന്നു. 

ആദ്യത്തെ നാലു ഖലീഫമാര്‍, നബി പത്‌നിമാര്‍, അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) തുടങ്ങിയവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് നബിചര്യ കൂടുതല്‍ അറിയാമായിരുന്നു. അതുപോലെ നബിﷺയെ ചുറ്റിപ്പറ്റി മാത്രം ജീവിച്ചവരോ, നബിയുടെ എഴുത്തുകാരോ ഒക്കെയായിരുന്നവര്‍ക്കും ആപേക്ഷികമായി സുന്നത്ത്കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിച്ചു. അബൂഹുറയ്‌റ(റ), അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വ്(റ) എന്നിവര്‍ ഈ രണ്ടാം വിഭാഗത്തില്‍ പെടുന്നവരാണ്. കൂടുതല്‍ കാലം നബിﷺയോട് സഹവസിച്ചവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. കാലദൈര്‍ഘ്യം കുറവാണെങ്കിലും കൂടുതല്‍ സമയം അദ്ദേഹത്തോട് സഹവസിച്ചവര്‍ക്കും കൂടുതല്‍ കേള്‍ക്കാനും കാണാനും അനുഭവിക്കാനും അവസരം ലഭിക്കുക സ്വാഭാവികം മാത്രം. ഇതുകൊണ്ടാണ് പല സ്വഹാബികളും നന്നെക്കുറച്ചു മാത്രം ഹദീഥുകള്‍ ഉദ്ധരിച്ചപ്പോള്‍ മറ്റു ചിലര്‍ ചെറിയതും വലിയതുമായ ഒട്ടേറെ ഹദീഥുകള്‍ ഉദ്ധരിച്ചത്.