ഒരുമയുടെ പെരുമ
മെഹബൂബ് മദനി ഒറ്റപ്പാലം
2018 ഡിസംബര്‍ 15 1440 റബീഉല്‍ ആഖിര്‍ 07
1996ല്‍ എം.എസ്.എം തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ സ്റ്റാന്റില്‍ സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നു. അതിന്റെ ഭാഗമായി വിവിധ സ്‌കൂളുകളില്‍ 'ദൈവമൊന്ന് മാനവരൊന്ന്' എന്ന പ്രമേയത്തിലുള്ള ലഘുലേഖ വിതരണം നടന്നു. ഒരു വിദ്യാര്‍ഥി തനിക്ക് കിട്ടിയ ലഘുലേഖ ചുരുട്ടി വീട്ടിലെ ചെടിച്ചട്ടിയിലേക്കെറിഞ്ഞു. അവരുടെ വീട്ടില്‍ പെയിന്റിംഗ് നടക്കുന്ന സന്ദര്‍ഭമായിരുന്നു അത്. പെയിന്ററുടെ കണ്ണിലേക്ക് അവിചാരിതമായി പെയിന്റ് തെറിച്ചു. അദ്ദേഹം തുടക്കാന്‍ നോക്കിയപ്പോള്‍ പെട്ടെന്ന് കണ്ണില്‍ പെട്ടത് ചെടിച്ചട്ടിയിലെ ചുരുണ്ട് കിടക്കുന്ന കടലാസായിരുന്നു. അദ്ദേഹം അത് എടുത്തു. അതിന്റെ ചുരുള്‍ നിവര്‍ത്തി. കണ്ണു തുടച്ചു. ശേഷം വെറുതെ അതിലെ വരികളിലൂടെ കണ്ണോടിച്ചു. വായിച്ചപ്പോള്‍ ചില സംശയങ്ങളുദിച്ചു. ആ സംശയങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടി. അദ്ദേഹം സമ്മേളനത്തിനെത്തി. ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുവാനാരംഭിച്ചു. സത്യം ഗ്രഹിച്ചു. ഇന്നദ്ദേഹം മുസ്‌ലിമായി ജീവിക്കുന്നു. സര്‍വ സ്തുതിയും അല്ലാഹുവിന് മാത്രം.
അദ്ദേഹത്തിനു മാത്രമല്ല, അദ്ദേഹത്തെപ്പോലെയുള്ള അനേകര്‍ക്ക് ഇത്തരുണത്തില്‍ അപ്രതീക്ഷിതമായി ഇസ്‌ലാമിന്റെ വെളിച്ചം ലഭിച്ചിച്ചിട്ടുണ്ടാകും. അവര്‍ക്കൊക്കെ 'ഹിദായത്ത്' കൊടുത്തത് അല്ലാഹു മാത്രമാണ്. അതിലൊരാള്‍ക്കും പങ്കില്ല. പക്ഷേ, അതിന് നിമിത്തമാകാന്‍ എം.എസ്.എമ്മിന് കഴിഞ്ഞു. സംഘടനയെന്ന നന്മകൊണ്ടുണ്ടാവുന്ന നേട്ടങ്ങള്‍ വിവരണാതീതമാണ്. ആ സമ്മേളനത്തിന് വേണ്ടി ചിന്തിച്ചവര്‍ക്കും പണിയെടുത്തവര്‍ക്കും പണം കൊടുത്തവര്‍ക്കുമൊക്കെ അതിന്റെ പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുമെന്നതില്‍ സംശയമില്ല; ആത്മാര്‍ഥമായി െചയ്തതാണെങ്കില്‍.
സമ്മേളനം നടത്താന്‍ നിര്‍ദേശിച്ചവര്‍ക്ക് പ്രതിഫലമുണ്ട്. സംഘാടകര്‍ക്ക് പ്രതിഫലമുണ്ട്. ലഘുലേഖ എന്ന ആശയം മുന്നോട്ട് വെച്ചവര്‍ക്കും പ്രതിഫലമുണ്ട്. അതെഴുതിയവര്‍ക്കും കൊടുത്തവര്‍ക്കും ലാഭങ്ങളേറെ. കുറെ ആളുകള്‍ക്ക് പ്രതിഫലമുണ്ടാകുന്നത് കാരണത്താല്‍ ആര്‍ക്കെങ്കിലും കുറഞ്ഞുപോകുമോ? ഇല്ല! എല്ലാവര്‍ക്കുമുണ്ട്. ഈ ലോകവും അതിലുള്ളതുമെല്ലാം നേടുന്നതിനെക്കാള്‍ മഹത്തരമായ പ്രതിഫലം!
സംഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് സദ്ഫലങ്ങളേറെയാണ്. വ്യവസ്ഥാപിതമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജനലക്ഷങ്ങളിലേക്ക് സന്ദേശമെത്തിക്കാമെന്നതില്‍ സംശയമില്ല.
നമസ്‌കാരം സംഘം ചേര്‍ന്നാണ് നിര്‍വഹിക്കേണ്ടത്. ഹജ്ജും അങ്ങനെത്തന്നെ. സകാത്തിന്റെ സ്ഥിതിയാണെങ്കിലും മറിച്ചല്ല. ഇസ്‌ലാമിക പ്രബോധനവും അങ്ങനെത്തന്നെയാവണം. സംഘടിതമായി പ്രവര്‍ത്തിക്കുന്ന; ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്ന സമൂഹമാകണം മുസ്‌ലിംകള്‍. അല്ലാഹു പറയുന്നു: ''നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍'' (ക്വുര്‍ആന്‍ 3:104).
മതസംഘടനകളുടെ ലക്ഷ്യം വോട്ടുബാങ്കാവരുത്. ബാലറ്റ് കാണിച്ചു മുതലെടുപ്പ് നടത്തുന്നത് രണ്ടാംകിട ഏര്‍പാടാണ്. ഭൗതിക താല്‍പര്യങ്ങളൊന്നും അതിന് പിന്നിലുണ്ടാവരുത്. ദഅ്‌വത്തിന് വേണ്ടിയാണ് സംഘടന. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നതിന് വേണ്ടി സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവന് പ്രതിഫലമുണ്ട്.
അല്ലാഹുവിന്റെ സഹായം സംഘത്തിനാണ് ഉണ്ടാവുകയെന്നതും നബിﷺയുടെ ഉപദേശം തന്നെ. ഒറ്റപ്പെട്ട് നില്‍ക്കുന്നവനെ പിശാചാണ് നയിക്കുക. സംഘത്തിന്റെ വലുപ്പം പ്രശ്‌നമല്ല. ആദര്‍ശമാണ് പ്രധാനം. ആദര്‍ശം കൃത്യമാണെങ്കില്‍ അല്ലാഹുവിന്റെ സഹായമുണ്ടാവും. സത്യസന്ദേശമുള്‍ക്കൊള്ളുന്ന കൊച്ചു സംഘങ്ങളെ സന്നാഹങ്ങളേറെയുള്ള വലിയ സംഘങ്ങളില്‍ നിന്ന് അല്ലാഹു രക്ഷിച്ചിട്ടുണ്ട്. ബദ്‌റിന്റെ ചരിത്രം ഇതിന് പ്രത്യക്ഷമായ തെളിവാണ്.
സംഘടിത പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരും സമൂഹത്തിലുണ്ട്. പക്ഷേ, അവരുടെ വാദങ്ങള്‍ക്ക് പ്രമാണങ്ങളുടെ പിന്‍ബലമില്ല. വ്യത്യസ്ത സ്വഭാവങ്ങളും കാഴ്ചപ്പാടുകളും ഉള്ള ഒരുപാട് വ്യക്തികളാണ് സംഘടനയിലുണ്ടാവുക. അവര്‍ക്കിടയിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങളെ പെരുപ്പിച്ചു കാണിച്ച് സംഘടനയില്‍ നിന്ന് പിരിഞ്ഞുനില്‍ക്കുന്നത് വിഡ്ഢിത്തമാണ്. അസ്വാരസ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടത് പ്രമാണങ്ങളിലേക്ക് മടങ്ങിക്കൊണ്ടായിരിക്കണം. അതല്ലാതെ സംഘടയില്‍ നിന്ന് വേറിട്ടു നിന്നുകൊണ്ടല്ല.
അറിഞ്ഞത് പറഞ്ഞുകൊടുക്കാനാണ് പ്രവാചകﷺന്റെ നിര്‍ദേശം. 'എന്നില്‍ നിന്ന് ഒരു ആയത്തെങ്കിലും നിങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിക്കുക'യെന്ന് നബിﷺ പറയുകയുണ്ടായി. 'എല്ലാം അറിഞ്ഞ' ശേഷമെ പ്രബോധനം നടത്താവൂ എന്ന് പറയുന്നത് ബാലിശമാണ്; അനിസ്‌ലാമികവുമാണ്. കാരണം നബിﷺ അങ്ങനെ പഠിപ്പിച്ചിട്ടില്ല. സ്വഹാബത്ത് ആ രൂപത്തില്‍ മനസ്സിലാക്കിയിട്ടില്ല. ഉത്തമ നൂറ്റാണ്ടുകാര്‍ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടില്ല.
പ്രവാചകന്മാരും അവരുടെ അനുയായികളും തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നവരും അവരുമായി സംവദിച്ചവരുമാണ്. അവരൊന്നും അറിവ് ലഭിക്കുന്നത് പൂര്‍ത്തിയാകട്ടെ, അതിനു ശേഷം ജനങ്ങളോട് പറയാം എന്ന് പറഞ്ഞ് ഇരുന്നിട്ടില്ല. സ്വഹാബികളുടെയും താബിഉകളുടെയും ചരിത്രവും ഇക്കാര്യമാണ് നമ്മെ പഠിപ്പിക്കുന്നത്.
സംഘടിത ശ്രമങ്ങള്‍ കൊണ്ട് ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന് കേരളത്തിനകത്തും പുറത്തും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ള ചലനങ്ങള്‍ ചെറുതല്ല. അല്ലാഹു അല്ലാത്തവരെ വിളിച്ചുപ്രാര്‍ഥിക്കുന്നത് തെറ്റായി കാണാത്ത ജനലക്ഷങ്ങളെ അവനെ മാത്രം വിളിച്ചു പ്രാര്‍ഥിക്കുന്നവരാക്കി മാറ്റിയെന്ന് പറയുന്നത് ചെറിയ കാര്യമല്ല. വിശ്വാസ രംഗത്തെപ്പോലെ ആചാരമേഖലകളിലും കടന്നുവന്ന അനാചാരങ്ങളെ ശക്തമായി എതിര്‍ക്കുവാനും സുന്നത്തിനെ പുനഃസ്ഥാപിക്കുവാനും സലഫി പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് നവോത്ഥാനത്തിന്റെ നാമ്പുകള്‍ പാകിയതും അതിന് നായകത്വം വഹിച്ചതും മുജാഹിദ് പ്രസ്ഥാനമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന കാര്യത്തിലും ഈ പ്രസ്ഥാനം ഒരിക്കലും പിന്നില്‍ നിന്നിട്ടില്ല.
ആധുനിക സമൂഹത്തില്‍ മുജാഹിദ് പ്രസ്ഥാനം നടത്തിയ നവോത്ഥാന സംരംഭങ്ങളുടെയെല്ലാം മൊത്തക്കുത്തക ചിലരെല്ലാം അവകാശപ്പെടുന്നുണ്ട്. പക്ഷേ, അവരെല്ലാം തങ്ങളുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവന്വേഷിക്കാന്‍ തയാറായാല്‍ ഉള്ളിയുടെ കാമ്പന്വേഷിച്ചവനെപ്പോലെ ഇളിഭ്യരായിത്തീരുമെന്നത് പരമയാഥാര്‍ഥ്യം മാത്രം. ഒരു കാലഘട്ടത്തില്‍ ക്വുര്‍ആന്‍ പഠനത്തെയും സ്ത്രീ വിദ്യാഭ്യാസത്തെയുമെല്ലാം എതിര്‍ത്തുകൊണ്ട് നവോത്ഥാന സംരംഭങ്ങള്‍ക്കെല്ലാം വിലങ്ങുതടിയാവാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. സമൂഹത്തെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ചിടാനായിരുന്നു ഈ ശ്രമം. ഇതെല്ലാം ഇക്കൂട്ടരുടെ ആദര്‍ശ പാപ്പരത്തമാണ് വിളിച്ചോതുന്നത്.
സംഘടനയെന്ന വാഹനത്തില്‍ നാം കയറണം. കാരണം അത് നമ്മെ ലക്ഷ്യത്തിലേക്കെത്തിക്കുന്ന രക്ഷയുടെ വാഹനമാണ്. സ്വദേഹത്തെ നരകത്തില്‍നിന്ന് രക്ഷിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കലുമാണ് സംഘടനാ പ്രവര്‍ത്തനത്തിന്റെ പരമ പ്രധാനമായ ലക്ഷ്യം. അതോടൊപ്പം സമുദായത്തിനും സമൂഹത്തിലുള്ള ഇതര വിഭാഗങ്ങള്‍ക്കും സൗഭാഗ്യത്തിലേക്കുള്ള വഴികാണിക്കലും നടക്കുന്നു.
അല്ലാഹു പറയുന്നു: ''അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?'' (ക്വുര്‍ആന്‍ 41:33). ഈ വാക്ക് ഉല്‍ഘോഷിക്കാനുള്ള സ്റ്റേജുകളും പേജുകളുമാണ് നമുക്ക് സംഘടന ഉണ്ടാക്കിത്തരുന്നത്.
സംഘടന മനുഷ്യ ശരീരത്തെപ്പോലെയാണ്. എല്ലാ അവയവങ്ങളും പ്രവര്‍ത്തന യോഗ്യമാണെങ്കില്‍ മാത്രമെ ആരോഗ്യത്തോടെ മുന്നോട്ട് പോകാനാവൂ. അതല്ലെങ്കില്‍ പ്രയാസങ്ങളും പ്രതിസന്ധികളും പിടികൂടും. സംഘടനയുടെ അവസ്ഥയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ഒത്തൊരുമയോടെ, ആത്മാര്‍ഥതയോടെ, അല്ലാഹുവിന്റെ തൃപ്തി മാത്രം ഉദ്ദേശിച്ചുകൊണ്ട് പ്രവര്‍ത്തിച്ചാല്‍ അല്ലാഹുവിന്റെ സഹായമുണ്ടാകും. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. അതിനെയൊന്നും കൂട്ടായ്മയെ തുരങ്കം വെക്കുവാനുള്ള ആയുധമാക്കരുത്.ഗുണകാംക്ഷയുള്ളവരൊന്നും അതിന് മുതിരുകയില്ല. നാം സജീവമായി ഇടപെടുക; നമ്മുടെ സ്വര്‍ഗ പ്രവേശനത്തിന് വേണ്ടി, റബ്ബിന്റെ തൃപ്തിക്ക് വേണ്ടി - അതുമാത്രമാകട്ടെ നമ്മുടെ ലക്ഷ്യം.