കരുവള്ളി ഒരു നിത്യയൗവനം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2018 ദുല്‍ക്വഅദ 22 1439 ആഗസ്ത് 04

കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ, സാംസ്‌കാരിക നവോത്ഥാനത്തിന്റെ തുടക്ക കാലം മുതല്‍ അതിന്റെ മുഴുവന്‍ ചുവടുവയ്പുകളിലും നിറസാന്നിധ്യവും സാക്ഷിയുമായി കൂടെസഞ്ചരിച്ച അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് കരുവള്ളി മുഹമ്മദ് മൗലവി. അവഗാഹമായ വിദ്യാഭ്യാസ കാഴ്ചപ്പാടുകളോടൊപ്പം അഗാധ മതപാണ്ഡിത്യവും അതിനനുസരിച്ച വിനയവും ഉറച്ചനിലപാടുകളും ആ വ്യക്തിത്വത്തെ വേറിട്ടുനിര്‍ത്തി.കേരളീയ പൊതുസമൂഹത്തിന്റെ കൂടെയാണ് അദ്ദേഹം വളര്‍ന്നത്. എല്ലാ മത-ആദര്‍ശ വിഭാഗങ്ങളുമായും ഊഷ്മള ബന്ധമുണ്ടായിരുന്ന മൗലവി, സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം തേയിലക്കച്ചവടം ചെയ്യാനാണ് തീരുമാനിച്ചത്. 

മദ്രാസ് സംസ്ഥാനത്തെ ഉമറാബാദിലെ ദാറുസ്സലാമില്‍ പഠിച്ചതുമൂലം ഇന്ത്യയിലെ, പ്രത്യേകിച്ചും വടക്കെ ഇന്ത്യയിലെ അറിയപ്പെട്ട ഒട്ടേറെ പണ്ഡിതന്മാരുമായും ഗ്രന്ഥകര്‍ത്താക്കളുമായും അടുത്തബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന്ന് കഴിഞ്ഞു. ആ ബന്ധം അദ്ദേഹത്തിന്റെ സാധാരണ സംസാരങ്ങളില്‍ തന്നെ പ്രകടമായിരുന്നു. മലപ്പുറം കോട്ടപ്പടിയിലെ ഗവ.എല്‍.പി സ്‌കൂളിന്റെ മുന്നിലെ ഒരു പഴയ കെട്ടിടത്തിലായിരുന്നു മൗലവി നടത്തിയിരുന്ന തേയിലക്കട കാല്‍നൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ചത്. ആ കൊച്ചുവരാന്ത പട്ടണത്തിന്റെ ഒരനുഗൃഹീത കേന്ദ്രമായിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍, അറിയപ്പെട്ട വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, രാഷ്ട്രീയ-സാംസ്‌കാരിക നായകന്മാര്‍, മതപണ്ഡിതന്മാര്‍, നാനാജാതിമതസ്ഥരായ പൗരന്മാര്‍, അധ്യാപക സംഘടനാനേതാക്കള്‍ തടങ്ങിയവര്‍ അവിടെ നിത്യസന്ദര്‍ശകരായിരുന്നു. അവിടെ ആ വരാന്തയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്ന ഉപര്യുക്ത പ്രഗത്ഭമതികള്‍ അധികവും മൗലവിയുടെ ശിഷ്യന്മാരുമായിരുന്നു. മദ്രാസ് ഗവണ്‍മെന്റിന്റെ കാലം മുതല്‍ തുടര്‍ന്നുപോന്ന കേരള എഡ്യുക്കേഷന്‍ റൂളിനെപ്പറ്റി അവഗാഹ ജ്ഞാനിയായിരുന്ന മൗലവി അറബിക് ടീച്ചേര്‍സ് ഫെഡറേഷന്റെ സ്ഥാപകാധ്യക്ഷനും അറബി-ഉറുദു ഭാഷാ രംഗത്ത് വികസനങ്ങളുടെ തുടക്കക്കാരനുമായിരുന്നു. 

1985 മുതല്‍ 2007 വരെ ഞാന്‍ മലപ്പുറം ഗവ.ടി.ടി.ഐയില്‍ അധ്യാപകനായിരുന്നപ്പോള്‍ നേരില്‍ അനുഭവപ്പെട്ട വസ്തുകളാണിത്. മലപ്പുറം ഗവ.ഹൈസ്‌കൂളിന്റെ ചരിത്രത്തില്‍ ഗണനീയ സ്ഥാനം നേടിയ മര്‍ഹൂം കുഞ്ഞിപ്പക്കി സാഹിബിന്റെ പ്രൗഢമായ വ്യക്തിത്വവും വിദ്യാഭ്യാസ കാഴ്ചപ്പാടും അധ്യാപന നൈപുണിയും മൗലവിക്ക് സ്വന്തമായത് അദ്ദേഹത്തിന്റെ കീഴില്‍ മലപ്പുറം ഹൈസ്‌കൂളില്‍ ജോലി ചെയ്ത കാലത്താണ്. 1962ല്‍ മലപ്പുറം ഹൈസ്‌കൂള്‍ കേന്ദ്രമായി അറബി-ഉര്‍ദു എല്‍.ടി.ടി. കോഴ്‌സ് ആരംഭിച്ചപ്പോള്‍ സംസ്ഥാനത്ത് ആ കോഴ്‌സിന്റെ കരിക്കുലത്തിന്റെ ഊടുംപാവും നെയ്ത മൗലവി തന്നെയായിരുന്നു അതിന്റെ ഇന്‍സ്ട്രക്റ്റര്‍. 

അറബി, ഉറുദു, ഇംഗ്ലീഷ്, പാര്‍സി, തമിഴ് തുടങ്ങിയ ഭാഷകള്‍ മാതൃഭാഷപോലെ ശുദ്ധസ്ഫുടമായി സംസാരിച്ചിരുന്ന മൗലവിയുടെ പ്രഗത്ഭമതികളായ ശിഷ്യന്മാര്‍ മലബാര്‍ പ്രദേശത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന്ന് പില്‍കാലത്ത് നേതൃത്വം നല്‍കി. മതവിഷയത്തിലാവട്ടെ, വിദ്യാഭ്യാസപരമായ കാഴ്ചപ്പാടിലും സര്‍വീസ് മാറ്ററുകളിലും എന്തൊക്കെ വീക്ഷണ വ്യത്യാസങ്ങളുണ്ടായാലും കൃത്യമായ നിലപാട് സ്വീകരിക്കുകയും അതില്‍ പ്രതിസന്ധികളെയും അവഗണിക്കുകയും ചെയ്യുവാന്‍ കണിശത പുലര്‍ത്തിയ അദ്ദേഹം, തന്റെ സ്വതസിദ്ധമായ സൗമ്യതകൊണ്ടും വിനയത്തോടെയും ഗുണകാംക്ഷയോടെയുമാണ് എല്ലാ വിഭാഗത്തെയും അഭിമുഖീകരിച്ചത്. കേരളത്തിലെ ഇസ്വ്‌ലാഹി നവോത്ഥാനത്തിന്റെ തുടക്കം മുതല്‍ ആ രംഗത്തുണ്ടായിരുന്ന നൂറ് വയസ്സ് പിന്നിട്ട ഈ വന്ദ്യഗുരുനാഥന്‍ സ്ഥാനമാനങ്ങളില്ലാതെത്തന്നെ സമൂഹമനസ്സില്‍ ഇടംനേടിയത് ആ കണിശമായ നലപാടിന്റെ പ്രത്യേകതയാണ്.

1974-75 അധ്യയന വര്‍ഷത്തില്‍ പുളിക്കല്‍ എ.എം. ഹൈസ്‌കൂളില്‍ ഈ ലേഖകന്‍ അധ്യാപകനായി ജോലി ചെയ്യുന്ന കാലത്താണ് കരുവള്ളിയുമായി ആദ്യ ബന്ധം തുടങ്ങുന്നത്. ഒന്നാം പിരീഡില്‍ കുട്ടികളുടെ ഹാജര്‍ വിളിച്ചു കഴിഞ്ഞിട്ടേയുള്ളു; അപ്പോള്‍ പ്യൂണ്‍ വന്ന് പറഞ്ഞു ഇന്‍സ്‌പെക്ടര്‍ സന്ദര്‍ശനത്തിന്ന് വന്നിട്ടുണ്ടെന്ന്. പിന്നീട് ഹെഡ്മാസ്റ്റര്‍ ജോസഫ് സാര്‍ വന്ന് പറഞ്ഞു; അറബിക് ഇന്‍സ്‌പെക്ടര്‍ കരുവള്ളി മൗലവിയാണ് വന്നതെന്ന്. അറബി ക്ലാസുകളുടെ പരിശോധന കഴിഞ്ഞശേഷം അധ്യാപനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് അദ്ദേഹം ഒരു ഉപദേശം തന്നു. ഇതിന്നിടക്ക് അദ്ദേഹത്തിന്റെ ബഹുമുഖ വ്യക്തിത്വത്തെയും കഴിവിനെയും മനസ്സിലാക്കിയ ഹെഡ്മാസ്റ്റര്‍ ഒരു ഇടവേളക്ക് സ്റ്റാഫ്‌റൂമില്‍ അധ്യാപകരുമായി ഒരു ഹൃസ്വ കൂടിക്കാഴ്ചയൊരുക്കി, അല്‍പം മലയാളം കലര്‍ന്ന അദ്ദേഹത്തിന്റെ ചുരുങ്ങിയ ഇംഗ്ലീഷ് സംഭാഷണം ബിസ്മി ചൊല്ലിക്കൊണ്ടാണ് തുടങ്ങിയത്. ഇന്ത്യന്‍ ഭരണഘടന, കരിക്കുലം, അധ്യാപകന്റെ ബാധ്യത എന്നീ വിഷയങ്ങളില്‍ കുറഞ്ഞ നേരത്തെ സംസാരം പിന്നീട് എന്നും അധ്യാപകര്‍ ഓര്‍ക്കുമായിരുന്നു. നിങ്ങളുടെ ഇന്‍സ്‌പെക്ടര്‍ ഇനിയെന്നാണ് വരിക എന്ന് അറബി അധ്യാപകരായ ഞങ്ങളോട് മറ്റുള്ളവര്‍ ചോദിക്കാറുണ്ടായിരുന്നു.

പിന്നീട് 1985ല്‍ മൗലവിയുടെ തട്ടകത്തില്‍ തന്നെ എനിക്ക് ജോലിചെയ്യാന്‍ അവസരം ലഭിച്ചു. മലപ്പുറം ഗവ. ടി.ടി.ഐയില്‍ ആദ്യമായി ക്ലാസിലെത്തിയപ്പോള്‍ ട്രെയ്‌നികളായ മുതിര്‍ന്ന വിദ്യാര്‍ഥികളെ അഭിമുഖീകരിക്കാന്‍ ഭയംതോന്നി. ഇക്കാര്യം മൗലവിയോട് സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം അധ്യാപകവിദ്യാഭ്യാസത്തിന്റെ ബാലപാഠം എന്നെ ഓര്‍മിപ്പിച്ചു. അധിക പഠനത്തിന്നായി ചില റഫറന്‍സ് ഗ്രന്ഥങ്ങള്‍ പറഞ്ഞുതന്നു. പിന്നീട് 23 വര്‍ഷവും ടി.ടി.ഐയിലെ അധ്യാപനകാലത്ത് ഈ നിര്‍ദേശങ്ങളുമായും പ്രോത്സാഹനവുമായും തൊട്ടടുത്ത തേയിലക്കടയിലെ പണ്ഡിത ശ്രേഷ്ഠനായ ആ കച്ചവടക്കാരന്‍ കുറച്ചൊന്നുമല്ല പിന്തുണയായത്.

കേരളത്തിലെ അറബി വിദ്യാഭ്യാസത്തിന്റെ അണിയറ ശില്‍പിയായി പ്രവര്‍ത്തിച്ച മൗലവിയുടെ നേതൃത്വത്തില്‍ തന്നെ മൂന്നു ഘട്ടങ്ങളിലായി പാഠപുസ്തക പരിഷ്‌കരണം നടന്നിട്ടുണ്ട്. മര്‍ഹൂം എന്‍.കെ. അഹ്മദ് മൗലവി കടവത്തൂര്‍ (പ്രസിദ്ധ അറബി കവി), കൊളത്തൂര്‍ ടി.മുഹമ്മദ് മൗലവി, അഹ്മദലി മദനി, കവി മൂസാ അയിരൂര്‍ തുടങ്ങിയവര്‍ നയിച്ച ഭാഷാപാഠപുസ്തക രചന, പരിശീലന സമിതിയില്‍ ഇടം ലഭിച്ചപ്പോള്‍ ആ മാര്‍ഗദര്‍ശനങ്ങളും അതുല്യമായ അനുഭവങ്ങളായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഏറെക്കുറെ വീട്ടില്‍ വിശ്രമത്തിലായിരുന്നുവെങ്കിലും തന്റെ സാന്നിധ്യം ആവശ്യമുണ്ടെന്ന് തോന്നുന്നിടത്തൊക്കെ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചും അദ്ദേഹം പങ്കെടുത്തു. ഒരു നൂറ്റാണ്ടിന്റെ അനുഭവസ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ട കരുവള്ളി മൗലവി സത്യസന്ധത, വിനയം, സമൂഹത്തിലെ ഏല്ലാവിഭാഗം ജനങ്ങളോടുമുള്ള മാന്യമായ സമീപനം തുടങ്ങിയ മഹദ്ഗുണങ്ങളില്‍ എന്നും മാതൃകയായിരിക്കും. പ്രത്യേകിച്ചും ആ മഹാനുഭാവന്റെ ശിഷ്യഗണങ്ങള്‍ക്ക്. റബ്ബ്, അദ്ദേഹത്തെയും നമ്മെയും ഇരുലോകത്തും നന്മയില്‍ ഒന്നിപ്പിക്കുമാറാകട്ടെ.