സുന്നിവിഭാഗത്തിന്റെ പരിഭാഷകള്‍

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി / വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

2018 ഒക്ടോബര്‍ 20 1440 സഫര്‍ 09

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 7)

കേരളക്കരയില്‍ സുന്നികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിഭാഗം ആദര്‍ശപരമായി വഴിതെറ്റിയ സ്വൂഫിസത്തോട് അടുത്ത് നില്‍ക്കുന്നവരാണ്. പണ്ട് മുതലേ അവരിലെ മിക്ക പണ്ഡിതരും ഏത് രീതിയിലും ഭാഷയിലും വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിന് എതിരുനിന്നവരാണ്. ക്വുര്‍ആന്‍ ആശയ വിവര്‍ത്തനത്തിനെതിരില്‍ സമൂഹത്തിന്ന് മുന്നറിയിപ്പ് നല്‍കുകയും 'തഹ്ദീറുല്‍ ഇഖ്‌വാന്‍ മിന്‍ തര്‍ജമത്തില്‍ ക്വുര്‍ആന്‍' പോലുള്ള ഗ്രന്ഥരചന നടത്തുകയും ചെയ്ത ചിലര്‍ അവരിലുണ്ട്. പ്രസ്തുത ഗ്രന്ഥകര്‍ത്താവ് വായനക്കാര്‍ക്ക് തന്റെ പിഴച്ച വാദങ്ങള്‍ സംക്ഷിപ്തമായി നല്‍കിയത് ഇപ്രകാരം ഗ്രഹിക്കാം: ''ക്വുര്‍ആനില്‍നിന്ന് ഒരു ആയത്തിന്റെയും അര്‍ഥം പഠിക്കല്‍ പൊതുജനങ്ങള്‍ക്ക് നിര്‍ബന്ധമില്ല. ഓതല്‍ നിര്‍ബന്ധമായത് ഫാതിഹ മാത്രമാണ്. അതും അര്‍ഥം പഠിക്കല്‍ നിര്‍ബന്ധമില്ല. പ്രത്യേക സുന്നത്തുമില്ല.'' 

സുന്നികളില്‍ തന്നെയുള്ള കെ.വി.മുഹമ്മദ് മുസ്‌ലിയാരുടെ വിശുദ്ധക്വുര്‍ആന്‍ പരിഭാഷക്ക് എതിരായിട്ടാണ് പ്രസ്തുത ഗ്രന്ഥം പുറത്തിറങ്ങിയത്. (കെ. വിയുടെ പരിഭാഷയെക്കുറിച്ച് പിന്നീട് നാം സംസാരിക്കുന്നുണ്ട്). കെ.വി.മുഹമ്മദ് മുസ്‌ലിയാര്‍ പരിഭാഷ നിര്‍വഹിക്കാമെന്ന് സ്ഥാപിക്കുന്നത് ഇപ്രകാരമാണ്: 'പണ്ഡിതന്മാര്‍ ക്വുര്‍ആന്‍ വ്യാഖ്യാനിക്കുകയും അവരുടെ ദര്‍സുകളിലും വഅ്‌ളുകളിലും പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അതിന്റെ ആശയങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തിരിക്കെ പ്രസ്തുത പരിഭാഷകള്‍ ഗ്രന്ഥങ്ങളില്‍ എഴുതുകയും ജനങ്ങള്‍ക്ക് ഉപകാരപ്പെടുമാറ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന് എന്താണ് തടസ്സം?'  

തഹ്ദീറുല്‍ ഇഖ്‌വാനിന്റെ രചയിതാവ് ഇ. കെ. അദ്ദേഹത്തിന് മറുപടി പറയുന്നു: 'വരമൊഴി (എഴുത്ത്) അങ്ങനെയല്ല. അത് സ്ഥിരപ്പെടുകയും പ്രചരിക്കുകയും ചെയ്യുന്നു. അപ്പോള്‍ പരിഭാഷയെഴുതിയാല്‍ ആ തെറ്റ് സ്ഥിരപ്പെടുന്നു എന്നതിനാലും അത് പ്രചരിക്കുന്നു എന്നതിനാലും എതിര്‍ക്കുന്നു. വാമൊഴി (സംസാരം) അങ്ങനെയല്ല. അത് എതിര്‍ത്തില്ലെങ്കിലും ഉടന്‍ തേഞ്ഞുമാഞ്ഞ്‌പോകും. മാത്രമോ, എതിര്‍ക്കാന്‍ കഴിവുള്ളവര്‍ കേട്ടില്ലെന്നും വരാം. എതിര്‍ത്താല്‍ തന്നെ നിഷേധിക്കുകയും ചെയ്യാം. ഈ കാര്യം മനസ്സിലാക്കാന്‍ കഴിയാത്തതിനാലാണ് എന്തുകൊണ്ട് എഴുതിക്കൂടായെന്ന് കെ.വി.ചോദിക്കുന്നത്. പറയുന്നതിനെ എതിര്‍ക്കാത്തവര്‍ എഴുത്ത് എതിര്‍ക്കുന്നത് എന്ത് എന്ന ചോദ്യം വിഡ്ഢിത്തമല്ലേ?'

ഇക്കുട്ടര്‍ വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷകള്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും, വിശിഷ്യാ തൗഹീദീ പ്രബോധകരായ സലഫികളില്‍ നിന്നും ഇറങ്ങുന്നത് കണ്ടപ്പോള്‍, തങ്ങളുടെ അഭിപ്രായങ്ങള്‍ മാറ്റാനുംമുമ്പൊരിക്കലും മറ്റൊരു ഗ്രന്ഥകാരനോ പരിഭാഷകനോ ചെയ്യാത്ത തീവ്രമായ വ്യതിയാനങ്ങള്‍ പരിഭാഷയായി പ്രസിദ്ധീകരിക്കാനും തുടങ്ങി. അവ പിന്നീട് നാം വിശദീകരിക്കുന്നുണ്ട്.

സുന്നികളില്‍ തന്നെയുള്ള, തര്‍ജമയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പരിഭാഷകള്‍ തയ്യാറാക്കിത്തുടങ്ങി. ഇസ്‌ലാമിന് അന്യമായതും സലഫുസ്സ്വാലിഹുകള്‍ പറയാത്തതുമായ പുതിയതും വിചിത്രവുമായ വാദമുഖങ്ങള്‍ അവര്‍ കൊണ്ടുവന്നു. പ്രമാണങ്ങള്‍ അവര്‍ മാറ്റിമറിക്കുകയും വിശുദ്ധ ക്വുര്‍ആന്‍ വചനങ്ങളില്‍ തെളിവന്വേഷിക്കുന്നതില്‍ സന്ദേഹങ്ങള്‍ ഇളക്കിവിടുകയും ചെയ്തു. വഹ്ദതുശ്ശുഹൂദ്, (ജഗത്തായ ജഗത്തിലെല്ലാം അല്ലാഹു ഉണ്ട്), കശ്ഫ്(വെളിപാട്), ക്വുത്വുബ്(അച്ചുതണ്ട്), ഗൗഥ്(സഹായി) തുടങ്ങിയ, സ്വൂഫികള്‍ വ്യാജമായി നിര്‍മിച്ചതും അപകടകരവുമായ ചിന്തകള്‍ സുന്നികള്‍ക്കിടയിലും അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തുതുടങ്ങി. ഇവിടെയാണ് സുന്നികളിലും സ്വൂഫികളിലും വലിയ സാദൃശ്യത നാം ദര്‍ശിക്കുന്നത്. കാരണം ഈ രണ്ട് കൂട്ടരും അല്ലാഹു അല്ലാത്തവരോട് സഹായാര്‍ഥന നടത്തലും അല്ലാഹുവിലേക്ക് ഔലിയാക്കളെയോ സ്വാലിഹുകളെയോ തവസ്സുലാക്കലും അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ചയാക്കലും അറുക്കലും പ്രശ്‌നലേശമന്യെ അനുവദനീയമായി കാണുന്നവരാണ്. ഖേദകരമെന്ന് പറയട്ടെ, ഭൂരിപക്ഷ മുസ്‌ലിംകളും സത്യദീനിലും വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലുമുള്ള അജ്ഞത നിമിത്തം ഇത്തരക്കാരുടെ വാദഗതികളാല്‍ വഞ്ചിതരായി. അല്ലാഹുവേ നിന്റെ കാവല്‍! 

സുന്നി വിഭാഗത്തിന്റെ പരിഭാഷകള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍:

കെ.വി. മുഹമ്മദ് മുസ്‌ലിയാരുടെ പരിഭാഷ 
 

'ഫത്ഹുര്‍റ്വഹ്മാന്‍ ഫീ തഫ്‌സീറില്‍ ക്വുര്‍ആന്‍' എന്നാണ് കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാടിന്റെ പരിഭാഷയുടെ പേര്. 1972-1980 കാലയളവില്‍ നാല് വാള്യങ്ങളിലായാണ് കൂറ്റനാട് തന്റെ പരിഭാഷ പൂര്‍ത്തീകരിച്ചത്. മലയാളക്കരയില്‍ സുന്നികളുടെ പ്രഥമ പരിഭാഷയായിട്ടാണ് ഇത് എണ്ണപ്പെടുന്നത്. പരിഭാഷയുടെ വണ്ണവും വലിപ്പവും അത് കേവലം ഒരു പരിഭാഷ മാത്രമല്ല, പ്രത്യുത വിവരണം കൂടിയാണെന്ന് വിളിച്ചറിയിക്കുന്നു. 

കെ.വി തന്റെ വിശദീകരണത്തിലും അടിക്കുറിപ്പുകളിലും ബിദ്ഈ ചിന്തകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചതായി കാണാം. അതോടൊപ്പം അടിക്കുറിപ്പുകളില്‍ വിഷലിപ്തമായ തന്റെ വ്യതിചലിച്ച ചിന്തകളിലേക്ക് സൂചനകള്‍ നല്‍കുന്നതും കാണാം. ഉദാഹരണമായി സൂറഃ അല്‍ഫാത്വിറിലെ 14-ാം വചനം:

''നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.'' 

പരിഭാഷകന്‍ പറയുന്നു: ''മുസ്‌ലിമീങ്ങള്‍ മഹാന്മാരോട് സഹായത്തിന് അപേക്ഷിക്കുന്നത് അവര്‍ക്ക് ഇബാദത്ത് ചെയ്യല്‍ അല്ല. കാരണം അവര്‍ ഇലാഹുകളാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നില്ല. ഇവിടെ വഹാബി നേതാക്കളായ എ. അലവി മൗലവി, മുഹമ്മദ് അമാനി മൗലവി എന്നിവര്‍ എഴുതിയ ക്വുര്‍ആന്‍ പരിഭാഷയില്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ചില പരാമര്‍ശങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതു കണ്ട് ആരും വഞ്ചിതരാവരുത്.'' 

ഇത് സത്യപ്രബോധകര്‍ക്കെതിരിലും തൗഹീദിന്റെ കാവലാളുകള്‍ക്കെതിരിലുമുള്ള ശബ്ദമാണ്. കെ. വി.തന്റെ പരിഭാഷയുടെ ആമുഖക്കുറിപ്പില്‍ ഈ പൊതുമുന്നറിയിപ്പ് രേഖപ്പെടുത്തിയതിന്റെ ആശയച്ചുരുക്കം ഇപ്രകാരമാണ്: യുവാക്കള്‍ അറബിമലയാളം ഭാഷ ഉപയോഗിക്കുന്നതില്‍നിന്നും തുടര്‍ന്ന് പ്രസ്തുത ഭാഷയില്‍ രചിക്കപ്പെട്ട തങ്ങളുടെ രചനകളില്‍നിന്നും അകലുകയും മാതൃഭാഷയായ മലയാളത്തിലേക്കവര്‍ ചായുകയും ചെയ്തപ്പോള്‍ തങ്ങളുടെ ചൊല്‍പ്പടിയിലുള്ള യുവാക്കള്‍ പുത്തന്‍വാദികള്‍ എന്ന് തങ്ങള്‍ വിശേഷിപ്പിക്കുന്ന സത്യത്തിന്റെ വക്താക്കള്‍ (സലഫികള്‍) നിര്‍വഹിച്ച വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷകളിലും തങ്ങളുടെ വിശ്വാസാചാരങ്ങള്‍ക്കെതിരിലുള്ള പ്രസിദ്ധീകരണങ്ങളിലും വശംവദരാകുമോ എന്ന് കെ.വി ഭയപ്പെട്ടു. ആയതിനാലാണ് കെ.വി തങ്ങളുടെ യുവാക്കളെ 'രക്ഷപ്പെടുത്തുവാന്‍' ഒരു വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷ തയ്യാറാക്കാന്‍ തിരക്കുകൂട്ടിയത്. ഈ ഭാഷ്യം തന്റെ പരിഭാഷയുടെ ഒന്നിലധികം സ്ഥലങ്ങളില്‍ കെ.വി ആവര്‍ത്തിച്ചിട്ടുണ്ട്. സംഘടനയോടുള്ള കൂറ് കാണിക്കലും തന്റെ കരാറും പരിഭാഷയിലുടനീളം കെ.വി.നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. അവസരം ലഭിക്കുമ്പോഴെല്ലാം അദ്ദേഹം സത്യത്തിന്റെ വക്താക്കളെ കൈകാര്യം ചെയ്യുകയും സ്വൂഫികളിലും മുബ്തദിഉകളിലും പെട്ട ദേഹേച്ഛയുടെ വക്താക്കളെ ന്യായീകരിച്ച് പ്രതിരോധിക്കുകയും ചെയ്തിട്ടുണ്ട്. 

ടി. കെ. അബ്ദുല്ല മുസ്‌ലിയാരുടെ പരിഭാഷ

1977ല്‍ മരണപ്പെട്ട ടി.കെ.അബ്ദുല്ല മുസ്‌ലിയാരുടെ വിശുദ്ധക്വുര്‍ആന്‍ പരിഭാഷ വിവര്‍ത്തനത്തോടൊപ്പം ജലാലൈനി തഫ്‌സീറിന്റെ പരിഭാഷ കൂടിയാണ്. ടി.കെയുടെ പരിഭാഷയും കെ.വിയുടെ പരിഭാഷയും ഏകദേശം സമകാലീനമാണ്. ടി. കെയുടെ പരിഭാഷയും കേരളക്കരയില്‍ വലിയ കോളിളക്കം സ്യഷ്ടിച്ചു. സലഫി പണ്ഡിതരില്‍ നിന്നും സുന്നികളില്‍ നിന്ന് പോലും തീവ്രമായ നിരൂപണമാണ് ടി. കെ. അബ്ദുല്ല മുസ്‌ലിയാര്‍ക്ക് നേരെയുണ്ടായത്. 

സുന്നികള്‍ അദ്ദേഹത്തെ എതിര്‍ക്കാനിടയായ കാരണം സുന്നികള്‍ക്ക് നിഷിദ്ധവും അനനുവദനീയവുമായ പരിഭാഷക്ക് അദ്ദേഹം മുതിര്‍ന്നു എന്നതും പ്രസ്തുത വിവര്‍ത്തനം അമുസ്‌ലിംകള്‍ കൈയിലെടുക്കുകയും പാരായണം നടത്തുകയും ചെയ്യുന്നതോടെ വിശുദ്ധ ക്വുര്‍ആനിന്റെ സ്ഥാനവും പാവനത്വവും കളഞ്ഞു കുളിക്കാന്‍ അയാള്‍ കാരണക്കാരനായി എന്നതുമായിരുന്നു. എന്നാല്‍ ടി.കെ. തന്റെ പാര്‍ട്ടിക്കാര്‍ തന്നെ തനിക്കെതിരില്‍ തിരിയുമെന്ന് കണക്ക്കൂട്ടിയിരുന്നു. അദ്ദേഹം തന്റെ പരിഭാഷയുടെ ആമുഖക്കുറിപ്പില്‍ 'താനീ പരിഭാഷ ഇറക്കുന്നത് മുസ്‌ലിംകള്‍ക്ക് മാത്രമാണ്, ഒരിക്കലും അമുസ്‌ലിംകള്‍ക്ക് വേണ്ടിയല്ല' എന്നെഴുതിയത് വിളിച്ചറിയിക്കുന്നത് പ്രസ്തുത കണക്ക് കൂട്ടലിനെയാണ്. 

എന്നാല്‍ സലഫി പണ്ഡിതര്‍ അദ്ദേഹത്തെ നിരൂപിക്കാനുണ്ടായ കാരണം ടി.കെ.ധാരാളം വിശുദ്ധ വാക്യങ്ങളെ (ജലാലൈനി തഫ്‌സീറിനെതിരായി പോലും) തന്റെ വിവര്‍ത്തനത്തില്‍ സ്വേച്ഛാനുസാരം വ്യാഖ്യാനിച്ചു എന്നതാണ്. ചില ഉദാഹരണങ്ങള്‍:

ഒന്ന്. സൂറഃ അല്‍ബക്വറയിലെ 165ാം വചനം: ''അല്ലാഹുവിന് പുറമെയുള്ളവരെ അവന്ന് സമന്മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്‌നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്‌നേഹിക്കുന്നു...'' 

ഈ വചനത്തിന്റെ പരിഭാഷയുടെ അടിക്കുറിപ്പില്‍ ടി.കെ.പറയുന്നു: ''അപ്പോള്‍ സത്യവിശ്വാസികള്‍ മാത്രമാണ് അല്ലാഹുവിനെ യഥാര്‍ഥമായി സ്‌നേഹിക്കുന്നവര്‍. എന്നാല്‍ അമ്പിയാ, ഔലിയാ പോലുള്ളവരെ സ്‌നേഹിക്കല്‍ അല്ലാഹുവിനെ സ്‌നേഹിക്കല്‍ തന്നെയാണ്. അങ്ങിനെയാണെങ്കില്‍ അവിശ്വാസികളും തങ്ങളുടെ ആരാധ്യവസ്തുക്കളെ അല്ലാഹുവിങ്കല്‍ അടുപ്പിക്കുന്നതിനായി സ്‌നേഹിക്കുന്നുണ്ടല്ലോ. അപ്പോള്‍ അത് അല്ലാഹുവിനോടുള്ള സ്‌നേഹമാകണ്ടേ എന്നതിന്നു മറുപടി: അവര്‍ അവയെ സ്‌നേഹിക്കല്‍ കൊണ്ട് മാത്രമല്ല അവിശ്വാസികളായത്, അവയെ ആരാധിക്കല്‍ കൊണ്ടാണ്. അപ്പോള്‍ ആരാധനയും സ്‌നേഹവും തമ്മില്‍ അന്തരമുണ്ട്. അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കും ആരാധന  പാടില്ല. സ്‌നേഹം അങ്ങിനെയല്ല. അമ്പിയാ, ഔലിയാ തുടങ്ങിയവര്‍ അല്ലാഹുവിന്റെ സ്‌നേഹം നേടിയവരാകയാല്‍ അവരെ സ്‌നേഹിക്കേണ്ടതാണ്.'' 

സലഫുസ്സ്വാലിഹുകളില്‍പെട്ട പ്രാമാണികരായ മുഫസ്സിറുകളുടെ വരികള്‍ക്ക് എതിരാണ് പ്രസ്തുത വിവരണം. കാരണം, വിശുദ്ധ വചനത്തിലെ 'അന്‍ദാദ്' എന്ന പദംകൊണ്ട്അര്‍ഥമാക്കുന്നത് 'അല്ലാഹുവോടൊപ്പം ആരാധിക്കപ്പെടുകയും അല്ലാഹുവിനെപ്പോലെ സ്‌നേഹിക്കപ്പെടുകയും ചെയ്യുന്ന തുല്യന്മാര്‍, സമന്മാര്‍' എന്നാണ്. ഇതാണ് ഇമാം ഇബ്‌നുകഥീര്‍(റഹ്)യെ പോലുള്ളവര്‍ പറയുന്നത്. അതില്‍ ബിംബങ്ങളും അവയല്ലാത്തവയും ഉള്‍പെടും. ഇബാദത്തുമായി ബന്ധപ്പെട്ട സ്‌നേഹവും സഹായാര്‍ഥനയും നേര്‍ച്ചയും ആഗ്രഹതേട്ടവും ഭയവും ഭരമേല്‍പിക്കലും എല്ലാം അല്ലാഹു അവനൊരുവന്നു മാത്രം. പ്രസ്തുത ആയത്ത് കൊണ്ട് തെളിയുന്നത് ആരെങ്കിലും അല്ലാഹു അല്ലാത്തവരെ അല്ലാഹുവോടുള്ള സ്‌നേഹത്തെപ്പോലെ സ്‌നേഹിക്കുന്നുവെങ്കില്‍ അവര്‍ അല്ലാഹുവില്‍ പങ്ക്‌ചേര്‍ക്കുകയാണ്; സ്‌നേഹിക്കപ്പെടുന്നവര്‍ ബിംബങ്ങളായാലും അല്ലാഹുവിന്റെ ദാസന്മാരാണെങ്കിലും എന്നാണ്. ഈ ആയത്തിലും ഇതുപോലുള്ള ഇതര ആയത്തുകളിലും ഉദ്ദേശിക്കപ്പെടുന്നത് ബിംബങ്ങള്‍ മാത്രമാണെന്ന് സച്ചരിതരായ മുന്‍ഗാമികള്‍ ആരും പറഞ്ഞിട്ടില്ല. 

ഇമാം ഇബ്‌നുകഥീര്‍ പറയുന്നു: ''എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്‌നേഹമുള്ളവരത്രെ...' (ക്വുര്‍ആന്‍ 2:165). അല്ലാഹുവിനെ അവര്‍ സ്‌നേഹിക്കുന്നതിനാലും പരിപൂര്‍ണമായി അറിയുന്നതിനാലും ആദരിക്കുന്നതിനാലും ഏകപ്പെടുത്തുന്നതിനാലും അവര്‍ അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കുന്നില്ല. പ്രത്യുത അവര്‍ അവനെ മാത്രം ആരാധിക്കുകയും അവനില്‍ ഭരമേല്‍പിക്കുകയും അവരുടെ മുഴുവന്‍ കാര്യങ്ങളിലും അവനില്‍ അഭയം തേടുകയും ചെയ്യുന്നു.''

രണ്ട്: സൂറഃ അസ്സുമറിലെ 45ാം വചനം: ''അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു.''

ഈ വചനത്തിന്റെ പരിഭാഷയുടെ അടിക്കുറിപ്പില്‍ ടി.കെ. എഴുതുന്നു: ''ഇവിടെ പരലോകത്തില്‍ വിശ്വസിക്കാത്ത ബിംബാരാധകര്‍ സന്തോഷിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. അത് 'നേര്‍ച്ചക്കാരെ കൂട്ടി പറഞ്ഞാല്‍ സന്തോഷിക്കുകയും ചെയ്യുന്നവര്‍ യഥാര്‍ഥ മുഅ്മിനുകളല്ല' എന്ന് ചില പരിഭാഷകന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്തത് മനഃപൂര്‍വം മുസ്‌ലിംകളെ മുശ്‌രിക്കുകളാക്കലാണ്. അങ്ങനെ സന്തോഷിക്കുന്നവര്‍ മുസ്‌ലിംകളില്‍ ഉണ്ടായിരിക്കയില്ല.'' ഇത് ടി.കെയുടെ വിശദീകരണത്തിന്റെ രത്‌നച്ചുരുക്കവും അടിക്കുറിപ്പില്‍ രേഖപ്പെടുത്തിയതുമാണ്. 

മുകളില്‍ ഉദ്ധരിച്ച രണ്ട് ഉദാഹരണങ്ങളില്‍ നിന്ന് ടി. കെയുടെ തൗഹീദിനെക്കുറിച്ചുള്ള വീക്ഷണവും മഹല്ലിയും സുയൂത്വിയും ഒരിക്കലും തങ്ങളുടെ തഫ്‌സീറില്‍ കൈകാര്യം ചെയ്തിട്ടില്ലാത്ത വ്യതിചലിച്ച ചിന്തകള്‍ പ്രചരിപ്പിക്കുന്നതിലുള്ള ശ്രദ്ധയും നമുക്ക് മനസ്സിലാക്കാം. ഇതെല്ലാം താന്‍ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ മികവുറ്റ ശ്രദ്ധയില്‍നിന്ന് ഉടലെടുത്തതാണ്. അക്വീദയുമായി ബന്ധപ്പെട്ട മിക്ക ആയത്തുകളുടെയും തര്‍ജമയില്‍ ഇത് നന്നായി പ്രകടമാകുന്നുണ്ട്. അത്‌പോലെ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നതിനെ അതികഠിനമായി എതിര്‍ക്കുന്ന വചനങ്ങളുടെ പരിഭാഷകളിലും ടി.കെ. ക്വുര്‍ആന്‍ സ്ഥാപിച്ചതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കാണാം. പ്രസ്തുത വചനങ്ങളുടെ പരിഭാഷയില്‍ ടി.കെ. പറയുന്നു:

''നിശ്ചയം ഇവിടെ ഉദ്ദേശം ഇബാദത്ത് ആണ്. ദുആഅ് ഇബാദത്തില്‍ പെട്ടതല്ല. ഇത്‌പോലെ ഔലിയാക്കളോടും സ്വാലിഹീങ്ങളോടുമുള്ള സഹായാര്‍ഥനയും നേര്‍ച്ചയും ഇബാദത്തില്‍ പെട്ടതല്ല. ഇപ്രകാരം ആരെങ്കിലും ക്വുര്‍ആന്‍ വ്യാഖ്യാനിക്കുന്നപക്ഷം അവന്‍ ക്വുര്‍ആന്‍ ഗ്രഹിച്ചിട്ടില്ല, തഫ്‌സീര്‍ മനസ്സിലാക്കിയിട്ടുമില്ല.'' 

അല്ലാഹുവിന്റെ ഏകത്വവും അക്വീദയുമായി ബന്ധപ്പെട്ട വിശുദ്ധ വചനങ്ങള്‍ക്കുള്ള അടിക്കുറിപ്പുകളിലെല്ലാം വിവര്‍ത്തകന്‍ ആവര്‍ത്തിക്കുന്നത് ഇതാണ്. ഉദാഹരണത്തിന് ഏതാനും ആയത്തുകള്‍: (1) സൂറഃ അസ്സുഖ്‌റൂഫ്: 40. (2) സൂറഃ അസ്സുമര്‍: 45. (3) സൂറഃ അല്‍അഹ്ക്വാഫ്: 4. (4) സൂറഃ അശ്ശൂറാ: 8.

അഹ്മദ് സ്വാവിയുടെ ഒരു വാക്യം അടിക്കുറിപ്പില്‍ ടി.കെ. കൊടുക്കുന്നത് കാണുക: 'അല്ലാഹു അല്ലാത്തവരെ കൊണ്ട് ഇടതേടുന്നവരെയും സഹായാര്‍ഥന നടത്തുന്നവരെയും കാഫിറാക്കുന്നവര്‍ ഖവാരിജുകളാണ്. അവരെ സൂക്ഷിക്കുക.''

സൂറഃ അല്‍ഫത്ഹ്‌ലെ പത്താം വചനത്തില്‍ ''നിശ്ചയം നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍'' എന്ന വചനം വിവര്‍ത്തനം ചെയ്യവെ സ്വാവിയുടെ വരി ടി. കെ. ഉദ്ധരിക്കുന്നത് കാണുക: 'നമ്മുടെ ഇക്കാലത്ത് സ്വൂഫി ത്വരീഖത്തിന്റെ ശൈഖുമാര്‍ക്ക് അവരുടെ മുരീദുകള്‍ നല്‍കുന്ന ബൈഅത്ത് ഈ ഗണത്തില്‍ പെട്ടതാണ്. അതിനാലാണ് സ്വൂഫിയാക്കള്‍ ബൈഅത്ത് ചെയ്യുമ്പോള്‍ ഈ ആയത്ത് പാരായണം ചെയ്യുന്നതായി നാം കാണുന്നത്.''

മുസ്ത്വഫല്‍ ഫൈസിയുടെ പരിഭാഷ

സുന്നി വിഭാഗത്തിനിടയില്‍ വിശുദ്ധക്വുര്‍ആന്‍ വിവര്‍ത്തനം വികാസംപൂണ്ടു. അതോടെ അട്ടിമറി വിവര്‍ത്തനത്തിന്റെ മര്‍മത്തില്‍ തന്നെയായി. മുന്‍മാതൃകയില്ലാത്തവിധം മാറ്റത്തിരുത്തലില്‍ വിവര്‍ത്തകര്‍ മത്സരിച്ചു തുടങ്ങി. സുന്നികളില്‍ അറിയപ്പെട്ട എഴുത്തുകാരനായ മുസ്തഫല്‍ ഫൈസി ഒരു അപകടകാരിയായ തര്‍ജമയാണ് പുറത്തിറക്കിയിരിക്കുന്നത്. വിശ്വാസികളെ വേദനിപ്പിക്കുന്നതാണ് പ്രസ്തുത പരിഭാഷ. അതില്‍ സൂറതുല്‍ഫാതിഹയുടെ പരിഭാഷ മാത്രമാണ് ഞാന്‍ നോക്കിയത്. അതുതന്നെ മതിയായി. അല്ലാഹുവേ നിന്റെ കാവല്‍! 

അയാള്‍ അല്ലാഹുവില്‍  പങ്കുചേര്‍ക്കുന്നവര്‍ക്ക് തന്റെ തര്‍ജമയിലൂടെ നിര്‍ലോപം രംഗം വിശാലമാക്കിക്കൊടുക്കുകയും ശിര്‍ക്കിന്റെ വാതില്‍ മലര്‍ക്കെ തുറന്ന് കൊടുക്കുകയുമാണ് ചെയ്തിട്ടുള്ളത്. 

''ഇയ്യാകനഅ്ബുദു' എന്നതിന്റെ വിവര്‍ത്തനമായി 'നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു' എന്നും 'ഇയ്യാക നസ്തഈന്‍' എന്നതിന്റെ വിവര്‍ത്തനമായി 'നന്മ ഞങ്ങള്‍ നിന്നോട് ആവശ്യപ്പെടുന്നു' എന്നുമാണ് അയാള്‍ നല്‍കിയിട്ടുള്ളത്. ഈ വിശുദ്ധ വചനത്തില്‍ അന്തര്‍ലീനമായ 'മാത്രം' എന്ന ആശയം മനഃപൂര്‍വം വിട്ടുകളഞ്ഞിരിക്കുന്നു. ഇന്നുവരെ വിശ്വാസയോഗ്യരായ ഒരു മുസ്‌ലിം പണ്ഡിതനും ഇങ്ങനെ പറഞ്ഞിട്ടില്ല; തന്നിഷ്ടങ്ങള്‍ക്കൊത്ത് ചലിച്ചവരൊഴികെ. അല്ലാഹുവേ, നിന്നെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശേഷിയുമില്ല. 

തീര്‍ത്തും വിചിത്രമായ ഈ തര്‍ജമക്ക് ന്യായവാദമെന്നോണം ഫൈസി പറഞ്ഞു: 'ഔലിയാക്കളോടും സ്വാലിഹീങ്ങളോടും സഹായം തേടല്‍ അല്ലാഹു നമ്മോട് കല്‍പിച്ച കാര്യമാണ്. അതും ഇബാദത്ത് ആണ്.' അഥവാ ഫൈസിയുടെ വാദപ്രകാരം 'മാത്രം' എന്ന അര്‍ഥം ഉണ്ടായാലും ഇല്ലെങ്കിലും ആയത്തിന്റെ വിവക്ഷ 'നിന്നോടും നീ അല്ലാത്തവരോടും ഞങ്ങള്‍ ദുആ ഇരക്കുന്നു, എല്ലാം നിനക്കുള്ള ദുആയാണ്' എന്നാണ്! 

'ഇയ്യാക നസ്തഈന്‍' എന്നതിന്റെ വിവര്‍ത്തനക്കുറിപ്പില്‍ ഫൈസി പറയുന്നു: 'നിന്നോട് ഞങ്ങള്‍ നന്മ തേടുന്നു. കാരണം നന്മകള്‍ മുഴുവന്‍ നിന്നില്‍നിന്നാണ്. എന്നാല്‍ സഹായം അത് അല്ലാഹുവില്‍ നിന്നും നബിമാര്‍, ഔലിയാക്കള്‍ പോലുള്ള അല്ലാഹു അല്ലാത്തവരില്‍ നിന്നും തേടാവുന്നതാണ്. അടിസ്ഥാനപരമായി അതും അല്ലാഹുവില്‍നിന്നുള്ള സഹായം തേടല്‍ തന്നെയാണ്.' 

ഈ രീതിയില്‍ ശിര്‍ക്കിനെ സ്ഥാപിക്കുവാനും തൗഹീദിനെ തകര്‍ക്കുവാനും തന്റെ മനസ്സ് വിവര്‍ത്തകന് പ്രേരണയേകി. പക്ഷേ, അല്ലാഹു സത്യത്തെ സ്ഥാപിക്കും. അസത്യത്തെ ഫലശൂന്യമാക്കും; ബഹുദൈവവിശ്വാസികള്‍ വെറുത്താലും. 

പ്രാമാണികരുടെ വിശദീകരണങ്ങള്‍

മുസ്‌ലിംകള്‍ പൊതുവായും കേരള മുസ്‌ലിംകള്‍ വിശേഷിച്ചും പ്രശ്‌നത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതിനു വേണ്ടി, ഇവ്വിഷയകമായി പ്രാമാണികരായ പണ്ഡിതന്മാരില്‍നിന്ന് ഉദ്ധരിക്കപ്പെട്ട വചനങ്ങളില്‍ ചിലത് ഇവിടെ ഉദ്ധരിക്കുന്നത് നന്നായിരിക്കും. അത് ഇപ്രകാരമാണ്:

'മനുഷ്യന്‍ ചെയ്യുന്ന ഏതൊരു പ്രവര്‍ത്തനത്തിന്റെയും ഫലവും വിജയവും നിലകൊള്ളുന്നത് അതിലേക്ക് നയിക്കുന്ന നിമിത്തങ്ങളായി ദൈവയുക്തി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍ ഉണ്ടാകുന്നതിനാലാണ്, അതിന് തടസ്സങ്ങളായി ദൈവയുക്തി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍ ഇല്ലാതാകുന്നതിലുമാണ്. അല്ലാഹു മനുഷ്യന് നല്‍കിയ അറിവും കഴിവും കൊണ്ട് അത്തരം തടസ്സങ്ങളില്‍ ചിലത് നീക്കാനും അത്തരം നിമിത്തങ്ങളില്‍ ചിലത് നേടാനും അവന് സൗകര്യം ചെയ്ത് കൊടുത്തിരിക്കുന്നു. അവയില്‍ മറ്റു ചിലത് അവന് നിഷേധിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവയില്‍ നിന്ന് നമുക്ക് കഴിയുന്നത് നിര്‍വഹിക്കാന്‍ നാം ബാധ്യസ്ഥരാണ്. നമ്മുടെ കര്‍മങ്ങള്‍ കഴിയുന്നത്ര ഭദ്രമാക്കുന്നതിനു വേണ്ടി പരമാവധി ശക്തിയും കഴിവും നാം വിനിയോഗിക്കേണ്ടതാണ്, നാം പരസ്പരം സഹകരിക്കേണ്ടതാണ്, പരസ്പരം സഹായിക്കേണ്ടതാണ്. നമ്മുടെ കഴിവനപ്പുറമുള്ള കാര്യങ്ങള്‍ എല്ലാറ്റിനും കഴിയുന്ന അല്ലാഹുവിനെ ഏല്‍പിക്കേണ്ടതാണ്. നാം അഭയം തേടേണ്ടത് അല്ലാഹുവിനോട് മാത്രമാണ്, നമ്മുടെ കര്‍മങ്ങളുടെ ഫലപ്രാപ്തിക്കും പരിസമാപ്തിക്കും വേണ്ട സഹായം തേടേണ്ടത് അവനോട് മാത്രമാണ്; മറ്റാരോടും ആയിക്കൂടാ. കാരണം, എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ നല്‍കപ്പെട്ട കാര്യകാരണങ്ങള്‍ക്കപ്പുറമുള്ളത് സാധിപ്പിക്കാന്‍ കാര്യകാരണങ്ങള്‍ നിശ്ചയിച്ച, ഉടമകളുടെ ഉടമസ്ഥനായ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല.' 

'നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു' എന്ന വചനം 'നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു' എന്ന വചനത്തിന്റെ ആശയം പൂര്‍ത്തിയാക്കുന്നു. കാരണം, ദുആ എന്നാല്‍ ഹൃദയത്തില്‍നിന്ന് അല്ലാഹുവിലേക്ക് പോകുന്ന ഭയപ്പാടാണ്, ആത്മാവിന് അവനോടുള്ള ബന്ധമാണ്, അത് ആരാധനയുടെ മജ്ജയാണ്. ഒരു അടിമ അതുമായി അല്ലാഹു അല്ലാത്തവരിലേക്ക് തിരിഞ്ഞാല്‍ ആ നടപടി ക്വുര്‍ആനിന്റെ അവതരണകാലത്തും അതിന്റെ മുമ്പും പ്രചാരത്തിലുണ്ടായിരുന്ന വിഗ്രഹാരാധനയുടെ ഒരിനമായിത്തീരും. ഇക്കാര്യം പ്രത്യേകമായി പറഞ്ഞത്, അല്ലാഹുവിന് പുറമെ ഔലിയാക്കളെ സ്വീകരിച്ച് അവരോട് സഹായം തേടുന്നതും ആര്‍ക്കും ചെയ്യാന്‍ സാധിക്കാത്ത, കാര്യകാരണബന്ധങ്ങള്‍ക്കപ്പുറമുള്ള വിഷയങ്ങളില്‍ അവരോട് സഹായമര്‍ഥിക്കുന്നതും കാര്യകാരണങ്ങളുടെ അടിസ്ഥാനത്തില്‍ സാധാരണ ജനങ്ങളോട് സഹായം ചോദിക്കുന്നതു പോലെയാണെന്ന് വിവരദോഷികള്‍ തെറ്റിദ്ധരിക്കാതിരിക്കാനാണ്. ഈ സംശയം അല്ലാഹു തന്റെ അടിയാറുകള്‍ക്ക് ദൂരികരിച്ചുകൊടുക്കാന്‍ ഉദ്ദേശിച്ചു. മനുഷ്യരുടെ കഴിവില്‍ പെട്ട കാര്യങ്ങളില്‍ സഹായം ചോദിക്കുന്നത് അല്ലാഹു നിശ്ചയിച്ച നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ഒരു രീതി മാത്രമാണ്. യന്ത്രസാമഗ്രികള്‍ക്ക് എന്ത് സ്ഥാനമാണോ ഉള്ളത് അതേ സ്ഥാനം തന്നെയായിരിക്കും അതിനുമുള്ളത്. എന്നാല്‍, അവര്‍ക്ക് ദാനമായി നല്‍കപ്പെട്ട കഴിവുകള്‍ക്കും തോതുകള്‍ക്കും അപ്പുറമുള്ള കാര്യങ്ങളില്‍ സഹായം തേടുന്നത് അങ്ങനെയല്ല. രോഗശമനത്തിനായി ഔഷധങ്ങള്‍, പ്രതിവിധികള്‍ എന്നിവക്ക് അപ്പുറമുള്ള കാര്യങ്ങളില്‍ സഹായം തേടുക, ശത്രുവിനെ പരാജയപ്പെടുത്താന്‍ ആള്‍ബലം, യുദ്ധസന്നാഹം എന്നിവക്ക് അപ്പുറമുള്ള കാര്യങ്ങളില്‍ സഹായം തേടുക ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം അല്ലാഹു അല്ലാത്തവരിലേക്ക് തിരിയുന്നതും ഭയപ്പാടോടുകുടി അവരെ സമീപിക്കുന്നതും അനുവദിക്കപ്പെടാത്തതാകുന്നു. 

'നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക'  എന്ന നബിവചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റഹ്) പറഞ്ഞു: 'അടിയാന്‍ തന്റെ മനസ്സ് അല്ലാഹു അല്ലാത്തവരില്‍ ബന്ധിച്ചിടാന്‍ പാടില്ല എന്ന് ഇതില്‍ സൂചനയുണ്ട്. മറിച്ച് തന്റെ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഭരമേല്‍പിക്കണം. ഹിദായത്ത്, പാണ്ഡിത്യം, ക്വുര്‍ആനിലും സുന്നത്തിലുമുള്ള അറിവ്, രോഗശമനം, ഇഹത്തിലും പരത്തിലും ഉണ്ടായേക്കാവുന്ന പരീക്ഷണങ്ങളില്‍നിന്നും ശിക്ഷകളില്‍നിന്നും ഉള്ള കാവല്‍ പോലെ താന്‍ തേടുന്ന കാര്യങ്ങള്‍ സാധാരണ നിലയില്‍ സ്യഷ്ടികളുടെ കൈക്ക് നടക്കുന്നതല്ലെങ്കില്‍ അത് അല്ലാഹുവിനോട് മാത്രം ചോദിക്കുക. കരകൗശല വിദ്യകളും ജോലിവേലകളും ചെയ്യുന്നവര്‍ ഭരണകര്‍ത്താക്കള്‍ എന്നിവരുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ പോലെ സാധാരണനിലയില്‍ സൃഷ്ടികളുടെ കൈക്ക് അല്ലാഹു നടത്തുന്ന കാര്യങ്ങളാണ് താന്‍ തേടുന്നതെങ്കില്‍ അവരുടെ ഹ്യദയങ്ങളില്‍ തന്നോടുള്ള അനുകമ്പ ജനിപ്പിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം.' അങ്ങനെ അദ്ദേഹം ഇത്രവരെ പറഞ്ഞു:'സൃഷ്ടികളോട് ചോദിക്കുന്നതും അവരെ അവലംബിക്കുന്നതും അധിക്ഷേപാര്‍ഹമായ നടപടിയാണ്. വേദങ്ങളില്‍ അല്ലാഹുവിനെ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: അവന്‍ തന്റെ ഹ്യദയവികാരങ്ങളുമായി അവരവരുടെ കവാടങ്ങള്‍ മുട്ടുകയാണോ, എന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നുകിടന്നിട്ടും ഞാന്‍ എല്ലാറ്റിനും കഴിവുറ്റ രാജാധിരാജനായിരിക്കെ വിപല്‍ഘട്ടങ്ങളില്‍ മറ്റുള്ളവരിലാണോ അവന്‍ പ്രതീക്ഷയര്‍പിക്കുന്നത്? ഇതരരില്‍ പ്രതീക്ഷയര്‍പിച്ചവനെ ഞാന്‍ നിന്ദ്യതയുടെ മേലാടയണിക്കും തീര്‍ച്ച.'