യുവതലമുറയും ലഹരിയും; രക്ഷിതാക്കൾ അറിയേണ്ടത്
റോഷൻ പുനലൂർ
2025 സെപ്തംബർ 20, 1447 റബീഉൽ അവ്വൽ 27

ചിന്താശേഷി മനുഷ്യന്റെ പ്രത്യേകതയാണ്. വിശുദ്ധ ക്വുർആനിലൂടെ പ്രപഞ്ചപ്രതിഭാസങ്ങളും ദൃഷ്ടാന്തങ്ങളും ചരിത്രസംഭവങ്ങളും വിവരിക്കുന്ന അല്ലാഹു ചിന്തിക്കാനുള്ള നിർദേശവും നൽകുന്നുണ്ട്. ചിന്തകൾ നന്മയുടെയും തിന്മയുടെയും ദിശ കാണിച്ചുതരും. മനുഷ്യനെ ചിന്തിക്കുന്ന ജീവിയാക്കുന്നത് സവിശേഷ ബുദ്ധിയാണ്. സൽബുദ്ധി നന്മയിലേക്കും കുബുദ്ധി തിന്മയിലേക്കും നയിക്കും. ബുദ്ധിവിശേഷം മഹത്തായ ദൈവാനുഗ്രഹമാണ്. മനുഷ്യനെ ഉപജീവനത്തിനും അതിജീവനത്തിനും സ്വയം പ്രാപ്തനാക്കുന്നതും പര്യാപ്തനാക്കുന്നതും ബുദ്ധി തന്നെയാണ്. ബുദ്ധിശക്തി ബാധ്യത കൂടിയാണ്. ബുദ്ധിയുള്ളവർക്കാണല്ലൊ ഇസ്‌ലാമിക ശരീഅത്തിൽ വിധിവിലക്കുകൾ ബാധകമായിട്ടുള്ളത്. ദൃശ്യ-ശ്രവണ കഴിവുകളും ചിന്താശേഷിയുമൊക്കെ എങ്ങനെ വിനിയോഗിച്ചുവെന്ന് പരലോകത്ത് ഓരോരുത്തരും ചോദ്യം ചെയ്യപ്പെടുമെന്ന് വിശുദ്ധ ക്വുർആൻ പറയുന്നുണ്ട്.
“...തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്’’ (17:36). ഇതിലെ ‘ഹൃദയം’ കൊണ്ടുള്ള ഉദ്ദേശ്യം ബുദ്ധിയാണ് എന്നാണ് ഇമാം റാസി(റഹി) തന്റെ ക്വുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ പറയുന്നത് (20/341). മനുഷ്യർ ബുദ്ധിയെ എങ്ങനെ പ്രയോഗിച്ചുവെന്ന് അന്ത്യനാളിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഇബ്‌നു കസീർ(റഹി) തന്റെ തഫ്‌സീറിൽ വ്യാഖ്യാനിക്കുന്നുണ്ട് (5/75).
താൽക്കാലികമായോ നിത്യമായോ മനഃപൂർവം ബുദ്ധിക്ക് ഭ്രംശം സംഭവിപ്പിക്കുന്നതും ബുദ്ധിയെ സ്തംഭിപ്പിക്കുന്നതും നിഷിദ്ധമാണ്. ബുദ്ധിയെ മരവിപ്പിക്കുന്ന മദ്യവും മറ്റു ലഹരി പദാർഥങ്ങളും ഉപയോഗിക്കൽ അതിൽ പെടും. അവയിൽ ഏറെ അപകടകാരിയാണ് മയക്കുമരുന്നുകൾ. ആഗോള ദുരന്തമാണ് അന്താരാഷ്ട്രവിപണിയിൽ മൂന്നാം സ്ഥാനം കൈയടക്കിയ മയക്കുമരുന്ന്. നൂറ്റി എഴുപതിലധികം രാജ്യങ്ങൾ അതിന്റെ ദുരന്തഫലം അനുഭവിച്ചുക്കൊണ്ടിരിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
സർവ നീചത്വങ്ങളുടെയും ഉറവിടമാണ് ലഹരി വസ്തുക്കൾ. അത് പാനീയമാണെങ്കിലും പുകയാണെങ്കിലും പൊടിയാണെങ്കിലും ശരി ഇസ്‌ലാം നിഷിദ്ധമാക്കിയതാണ്. സത്യവിശ്വാസി അതിനോട് അടുക്കുവാനേ പാടില്ല.
“സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം’’ (5:90).
ബുദ്ധിയെ മത്തുപിടിപ്പിക്കുന്നതെന്തും ഹറാമാണെന്നാണ് നബിﷺ പഠിപ്പിച്ചത് (ബുഖാരി, മുസ്‌ലിം).
സന്താനങ്ങൾ സ്രഷ്ടാവു നൽകിയ സമ്മാനമാണ്. അതോടൊപ്പം പരീക്ഷണവുമാണ്. അവരെ സംരക്ഷിക്കൽ മാതാപിതാക്കളുടെ ചുമതലയാണ്. മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ ദൈവസന്നിധിയിൽ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. പുരുഷൻ കുടുംബ കാര്യത്തിലും സ്ത്രീ വീട്ടുകാര്യത്തിലും ഉത്തരവാദിത്തമുള്ളവരാണെന്നാണ് നബിവചനം.
കുടുംബാന്തരീക്ഷത്തിലൂടെയാണ് കൊച്ചുമക്കൾ സംസ്‌കാരവും മര്യാദകളും പഠിച്ചുവളരുന്നത്. ആദ്യ വിദ്യാലയമായ കുടുംബത്തിലൂടെ തന്നെയാണ് മക്കൾ സ്‌നേഹവും സന്തോഷവും അനുഭവിക്കുന്നത്.
“നിങ്ങൾക്ക് സമാധാനപൂർവം ഒത്തുചേരേണ്ടതിനായി നിങ്ങളിൽ നിന്നുതന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്’’ (ക്വുർആൻ 30:21).
ഇങ്ങനെ സമാധാന ജീവിതം ആസ്വദിക്കുന്നവരാണ് ദമ്പതികളെങ്കിൽ മക്കൾക്കും ആ സമാധാനവും സന്തോഷവും അനുഭവിക്കാനാകും. കെട്ടുറപ്പുള്ള സന്തുഷ്ടകുടുംബത്തിൽനിന്ന് മാത്രമെ മക്കൾക്ക് വേണ്ടത്ര പരിഗണനയും പരിരക്ഷയും ലഭിക്കുകയുള്ളൂ.
2019ൽ ‘അൽ ഇമാറാത്തുൽ യൗം’ പത്രത്തിൽ പ്രസിദ്ധീകരിച്ച കേന്ദ്ര പുനരധിവാസ കേന്ദ്രത്തിന്റെ (നാഷണൽ റിഹാബിലിറ്റേഷൻ സെന്റർ) കണക്കു പ്രകാരം ലഹരി, മയക്കു മരുന്നുകൾക്ക് അടിമപ്പെട്ട 95 ശതമാനം പേരുടെയും കുടുംബ പശ്ചാത്തലം തീരെ ഉത്തരവാദിത്തപരമല്ല. നാടിനും സമൂഹത്തിനും അഭിമാനകരമാവും വിധം പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് കാട്ടി മുന്നേറുന്ന മിടുക്കന്മാർ സുസ്ഥിര കുടുംബത്തിന്റെ ഉൽപന്നങ്ങളാണ്.
മക്കളിൽ മതബോധം വളർത്തണം. അതാണ് അവരെ സകല ആസക്തികളിൽനിന്നും ദുശ്ശീലങ്ങളിൽ നിന്നും കാത്തുസംരക്ഷിക്കുന്നത്. മാതാപിതാക്കൾ അക്കാര്യത്തിൽ ഏറെ ജാഗ്രത പുലർത്തേണ്ടിയിരി ക്കുന്നു. ലുക്വ‌്‌മാനുൽ ഹകീം(അ) മകന് നൽകിയ ചില സാരോപദേശങ്ങൾ ക്വുർആൻ ഉദ്ധരിക്കുന്നുണ്ട്.
അല്ലാഹുവിന്റെ കഴിവുകൾ വിശദീകരിച്ച്, അവന്റെ നിരീക്ഷണത്തിലും അറിവിലുമല്ലാതെ പ്രപഞ്ചത്തിൽ ഒന്നും സംഭവിക്കുന്നില്ലെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടായിരുന്നു ആ പിതാവിന്റെ ഉപദേശങ്ങൾ.
“എന്റെ കുഞ്ഞുമകനേ, തീർച്ചയായും അത് (കാര്യം) ഒരു കടുകുമണിയുടെ തൂക്കമുള്ളതായിരുന്നാലു എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെത്തന്നെയായാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്. തീർച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു’’ (31:16).
മക്കളിൽ ചെറുപ്പത്തിൽ ദൈവഭയം ഉണ്ടാക്കിയെടുത്താൽ, അവരുടെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും ആവശ്യമായ ഉപദേശ നിർദേശങ്ങൾ വിവേകത്തോടെ നൽകിയാൽ ഭാവിയിൽ കുടുംബാന്തരീക്ഷം സുരക്ഷിതമാക്കാം. അത്തരത്തിലുള്ള മക്കൾ തെറ്റുകൾ തിരിച്ചറിയുകയും അവയോട് അകലം പാലിക്കുകയും ചെയ്യും. ഒരു പ്രാവശ്യം മാത്രം ഉപയോഗിച്ചു നോക്കാമെന്ന ലാഘവ ചിന്തയാണ് പലരെയും ലഹരിക്ക് അടിമയാക്കി മാറ്റുന്നത്.
മാതാപിതാക്കൾ മക്കളുടെ കൂടെ ഇരുന്ന് കൊച്ചുവർത്തമാനം പറയുന്ന, മതപരമായ കാര്യങ്ങൾ സംസാരിക്കുന്ന കാഴ്ച നയനാനന്ദകരമാണ്. പ്രവാചകർﷺ കുടുംബക്കാരോടൊന്നിച്ച് ഇരുന്ന് സുഖവിവരങ്ങൾ ചോദിച്ചറിയുമായിരുന്നു. അങ്ങനെയുള്ള കുടുംബങ്ങളിലാണ് സ്‌നേഹവും ബഹുമാനവും വാത്സല്യമെല്ലാം പൂത്തുലയുക.
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: “ഒരിക്കൽ ഞാൻ എന്റെ ഉമ്മയുടെ സഹോദരി മൈമൂന(റ)യുടെ വീട്ടിൽ രാപ്പാർത്തിരുന്നു. (നബിﷺയുടെ പത്‌നിയാണ് മഹതി). രാത്രി ഒരു മണിക്കൂറോളം കുടുംബത്തോട് സംസാരിച്ചിരുന്ന ശേഷമാണ് നബി ﷺ കിടന്നുറങ്ങിയിരുന്നത്’’ (ബുഖാരി, മുസ്‌ലിം).
പിതാക്കൾ മക്കളോടൊന്നിച്ചു കൂടാൻ സമയം കണ്ടെത്തണം. അവരോട് കൂട്ടുകൂടി കാര്യങ്ങൾ അന്വേഷിക്കുകയും അഭിപ്രായങ്ങൾ ആരായുകയും വേണം. കഥകളും അനുഭവങ്ങളും വിവരിച്ചുകൊടുക്കണം. അവരുടെ സന്തോഷങ്ങളിൽ പങ്കാളിയാവുകയും ആഗ്രഹങ്ങൾ നല്ലതാണെങ്കിൽ, സഫലീകരിച്ചു കൊടുക്കുകയും വേണം. അതിന് സാധ്യമല്ലെങ്കിൽ നയത്തോടെ അത് ബോധ്യപ്പടുത്തിക്കൊടുക്കണം. പ്രശ്‌നങ്ങൾക്ക് രമ്യമായും യുക്തിപൂർണമായും പരിഹാരം നിർദേശിക്കുകയും ചെയ്യണം. മക്കളോട് ഇടപെടുമ്പോൾ മയം കാണിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാഹു ഒരു വീട്ടിൽ നന്മയുണ്ടാകാനു ദ്ദേശിച്ചാൽ അവരിൽ മയഭാവം ഉണ്ടാക്കിക്കൊടുക്കുമെന്നാണ് ഹദീസ് (അഹ്‌മദ്).
ഇത്തരം നടപടികൾ മക്കൾക്കും രക്ഷിതാക്കൾക്കുമിടയിൽ നല്ലൊരു ആശയവിനിമയാന്തരീക്ഷം നിലിർത്തും. അതു കാരണം പരസ്പരം മനസ്സിലാക്കാനും കൂടുതൽ അടുക്കാനുമാവും. വീടുകളിൽ സ്‌നേഹവും സമാധാനവും കിട്ടാതിരിക്കുമ്പോഴാണ് മക്കൾ അന്യരോട് അടുപ്പം പുലർത്തുന്നതും അങ്ങനെ വഴിതെറ്റിപ്പോകുന്നതും ചൂഷണം ചെയ്യപ്പെടുന്നതും. മനുഷ്യൻ അവന്റെ സുഹൃത്തിന്റെ സഞ്ചാരപഥ പ്രകാരമായിരിക്കും നടപ്പ്, അതിനാൽ ആരോടാണ് കൂട്ടുകൂടുന്നതെന്ന് നോക്കിക്കാണണമെന്നാണ് നബിﷺ അരുൾ ചെയ്തിരിക്കുന്നത് (അബൂദാവൂദ്, തുർമുദി).
രക്ഷിതാക്കൾ മക്കളടെ കൂട്ടുകാർ ആരൊക്കെയെന്ന് നിർബന്ധമായും അറിഞ്ഞിരിക്കണം. നന്മയിലേക്കാനയിക്കുന്ന, തിന്മയുടെ സാധ്യതകൾ ഇല്ലാതാക്കുന്ന അനുയോജ്യനായ സുഹൃത്തിനെ കണ്ടെത്തുന്നതിന് സഹായിക്കണം. ലഹരിക്കടിമപ്പെട്ട 90 ശതമാനം പേരും അതിന്റെ ആദ്യ രുചി നുണയുന്നത് മോശം കൂട്ടുകാരിൽനിന്നാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
മക്കളുടെ വ്യക്തിത്വ രൂപീകരണത്തിൽ മാതാപിതാക്കൾക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. അവരുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയും നൈപുണ്യങ്ങൾ വളർത്തിയെടുക്കുകയും വേണം. അതിനായി എല്ലാവിധ പിന്തുണയും നൽകണം. അവരുടെ ദുർബലതകൾ കണ്ടറിഞ്ഞ് പരിഹരിക്കുകയും ചെയ്യണം. മക്കൾക്ക് നീന്തലും അമ്പെയ്ത്തും കുതിരസവാരിയും പഠിപ്പിക്കണമെന്നാണ് ഉമറുബ്‌നുൽ ഖത്ത്വാബി(റ)ന്റെ നിർദേശം. നൂതന വിദ്യകളും ഉപകാരപ്രദമായ സാങ്കേതികതകളും മക്കളെ പഠിപ്പിക്കണം. സ്വയം സന്നദ്ധ സേവനത്തിന് പരിശീലിപ്പിക്കുകയും കായികാഭ്യാസം നൽകുകയും ചെയ്യണം.
സ്വന്തത്തിനും കുടുംബത്തിനും നന്മ പഠിപ്പിക്കണമെന്നാണ് അലിയ്യുബ്‌നു അബൂത്വാലിബ്(റ) ഉപദേശിക്കുന്നത്. ഉപ്പമാർ ചെറുപ്പത്തിൽ തന്നെ മക്കളെ ഉത്തരവാദിത്തബോധമുള്ളവരാക്കണം. മതവിജ്ഞാന സദസ്സുകളിലും ക്വുർആൻ പഠനക്ലാസ്സുകളിലും പങ്കെടുപ്പിച്ച് മതത്തിലുള്ള അറിവ് വർധിപ്പിക്കണം. ആരാധനകളിൽ നിഷ്ഠയുള്ളവരാക്കണം. എല്ലാം കാണുന്ന അല്ലാഹു അറിയാതെ ഒന്നും ചെയ്യാൻ സാധ്യമല്ലെന്നും പരലോകത്ത് രക്ഷപ്പെടണമെങ്കിൽ അവന്റെ നിയമനിർദേശങ്ങൾ പിൻപറ്റുകയല്ലാതെ വഴിയില്ലെന്നും ബോധ്യപ്പെടുത്തണം. പുതുതലമുറയെ ലഹരിയുടെയും മറ്റു അധർമങ്ങളുടെയും കരാള ഹസ്തങ്ങളിൽ പെടാതെ സൂക്ഷിക്കാൻ ഇതൊക്കെയാണ് മാർഗങ്ങൾ.
നബിﷺ പറയുന്നു: ‘ബലഹീനനായ വിശ്വാസിയെക്കാൾ ശക്തനായ വിശ്വാസിയാണ് ഉത്തമനും അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളവനും. എല്ലാത്തിലും നന്മയുണ്ട്. നിനക്ക് ഉപകാരപ്രദമായത് ആഗ്രഹിക്കാം. അല്ലാഹുവിനോട് സഹായമർഥിക്കുക. അബലനാവരുത്’ (മുസ്‌ലിം).
ലഹരിയിൽ പെട്ടുപോയവരെ ഒറ്റപ്പെടുത്താതെ അതിൽനിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ് വേണ്ടത്. അതിന് സഹായകമായ പല സംവിധാനങ്ങളും ഇന്നുണ്ട്.
