സൂക്ഷ്മത പാലിച്ച് ജീവിക്കുന്നവരും സ്വർഗീയാനുഗ്രഹങ്ങളും

മുനവ്വർ ഫൈറൂസ്

2025 സെപ്തംബർ 27, 1447 റബീഉൽ ആഖിർ 05

അല്ലാഹുവിന്റെ പ്രീതിയാഗ്രഹിച്ച് നബി ﷺയുടെ ചര്യ അനുധാവനം ചെയ്ത് നന്മകൾ ചെയ്യലും അല്ലാഹുവിനെ ഭപ്പെട്ടുകൊണ്ട് തിന്മകളിൽനിന്ന് വിട്ടുനിൽക്കലുമാണ് തക്വ്‌വ (സൂക്ഷ്മത).

അല്ലാഹു ആകാശഭൂമികളോളം വിശാലമായ സ്വർഗം തയ്യാറാക്കിയിരിക്കുന്നത് അവന്റെ സൂക്ഷ്മതയുള്ള അടിമകൾക്കു വേണ്ടിയാണ്. അല്ലാഹു പറയുന്നു:

“നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വർഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക. സൂക്ഷ്മത പാലിക്കുന്നവർക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്’’ (ക്വുർആൻ 3:133).

തക്വ്‌വ(സൂക്ഷ്മത)യുള്ളവർ സ്വർഗത്തിലേക്ക് നയിക്കപ്പെടുമെന്നും അല്ലാഹു നമ്മെ അറിയിക്കുന്നുണ്ട്

“തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവർ സ്വർഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും...’’ (ക്വുർആൻ 39:73).

ക്വുർആനിലെ ഒരുപാട് ആയത്തുകളിൽ സൂക്ഷ്മത പാലിച്ച് ജീവിക്കുന്നവർക്ക് സ്വർഗമുണ്ടെന്ന് പരാമർശിക്കുന്നുണ്ട്, അപ്രകാരം അവർക്ക് അല്ലാഹു അവിടെ ഒരുക്കിയ അനുഗ്രഹങ്ങളെപ്പറ്റിയും ധാരാളം ആയത്തുകളിൽ പറയുന്നുണ്ട്. ആ അനുഗ്രഹങ്ങളെ ലഘുവായി ഒന്ന് പരിചയപ്പെടാം.

  • തോട്ടങ്ങൾക്കും അരുവികൾക്കുമിടയിൽ നിർഭയമായ വാസസ്ഥലം.
  • നേർത്തതും കട്ടിയുള്ളതുമായ പട്ടുതുണികൾ.
  • വിശാലമായ നേത്രങ്ങളുള്ള വെളുത്ത തരുണികൾ.
  • വിവിധ പഴവർഗങ്ങൾ.

“സൂക്ഷ്മത പാലിച്ചവർ തീർച്ചയായും നിർഭയമായ വാസസ്ഥലത്താകുന്നു. തോട്ടങ്ങൾക്കും അരുവികൾക്കുമിടയിൽ. നേർത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവർ ധരിക്കും. അവർ അന്യോന്യം അഭിമുഖമായിട്ടായിരിക്കും ഇരിക്കുന്നത്. അങ്ങനെയാകുന്നു (അവരുടെ അവസ്ഥ). വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ അവർക്ക് ഇണകളായി നൽകുകയും ചെയ്യും. സുരക്ഷിതത്വ ബോധത്തോടുകൂടി എല്ലാവിധ പഴങ്ങളും അവർ അവിടെ വെച്ച് ആവശ്യപ്പെട്ടുകൊണ്ടിരി ക്കും. ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവർക്കവിടെ അനുഭവിക്കേണ്ടതില്ല. നരകശിക്ഷയിൽ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള ഔദാര്യമത്രെ അത്. അതുതന്നെയാണ് മഹത്തായ ഭാഗ്യം’’ (ക്വുർആൻ 44:51-57).

“ഇതൊരു ഉൽബോധനമത്രെ. തീർച്ചയായും സൂക്ഷ്മതയുള്ളവർക്ക് മടങ്ങിച്ചെല്ലാൻ ഉത്തമമായ സ്ഥാനമുണ്ട്. അവർക്ക് വേണ്ടി കവാടങ്ങൾ തുറന്നുവെച്ചിട്ടുള്ള സ്ഥിരവാസത്തിന്റെ സ്വർഗത്തോപ്പുകൾ. അവർ അവിടെ ചാരി ഇരുന്നു വിശ്രമിച്ചുകൊണ്ട് സമൃദ്ധമായുള്ള ഫലവർഗങ്ങൾക്കും പാനീയത്തിനും ആവശ്യപ്പെട്ടുകൊണ്ടിരിക്കും. അവരുടെ അടുത്ത് ദൃഷ്ടി നിയന്ത്രിക്കുന്ന സമവയസ്‌ക്കരായ സ്ത്രീകളുണ്ടായിരിക്കും. ഇതത്രെ വിചാരണയുടെ ദിവസത്തേക്ക് നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെടുന്നത്. തീർച്ചയായും ഇത് നാം നൽകുന്ന ഉപജീവനമാകുന്നു. അത് തീർന്നുപോകുന്നതല്ല’’ (ക്വുർആൻ 38: 49-54).

  • യഥേഷ്ടം തിന്നാനും കുടിക്കാനുമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും
  • വരിവരിയായി ഇട്ട കട്ടിലുകൾ.
  • വിശ്വാസികളായ തങ്ങളുടെ സന്താനങ്ങളോടൊപ്പം വസിക്കാനുള്ള അവസരം.
  • കൊതിക്കുന്ന തരത്തിലുള്ള പഴങ്ങളും മാംസവും.
  • പ്രത്യേക പാനപാത്രങ്ങൾ.
  • അനാവശ്യവും വ്യാജവുമായ വാക്കുകളിൽ നിന്നുള്ള സംരക്ഷണം.
  • പരിചരണത്തിനായി അവരുടെ അടുത്ത് ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന കുട്ടികൾ.

“തീർച്ചയായും സൂക്ഷ്മത പാലിക്കുന്നവർ സ്വർഗത്തോപ്പുകളിലും സുഖാനുഗ്രഹങ്ങളിലുമായിരിക്കും; തങ്ങളുടെ രക്ഷിതാവ് അവർക്കു നൽകിയതിൽ ആനന്ദം കൊള്ളുന്നവരായിട്ട്. ജ്വലിക്കുന്ന നരകത്തിലെ ശിക്ഷയിൽനിന്ന് അവരുടെ രക്ഷിതാവ് അവരെ കാത്തുരക്ഷിക്കുകയും ചെയ്യും. (അവരോട് പറയപ്പെടും:) നിങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങൾ സുഖമായി തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. വരിവരിയായ് ഇട്ട കട്ടിലുകളിൽ ചാരിയിരിക്കുന്നവരായിരിക്കും അവർ. വിടർന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവർക്ക് ഇണചേർത്തു കൊടുക്കുകയും ചെയ്യും. ഏതൊരു കൂട്ടർ വിശ്വസിക്കുകയും അവരുടെ സന്താനങ്ങൾ വിശ്വാസത്തിൽ അവരെ പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം ചേർക്കുന്നതാണ്. അവരുടെ കർമഫലത്തിൽനിന്ന് യാതൊന്നും നാം അവർക്കു കുറവു വരുത്തുകയുമില്ല. ഏതൊരു മനുഷ്യനും താൻ സമ്പാദിച്ചുവെച്ചതിന് (സ്വന്തം കർമങ്ങൾക്ക്) പണയം വെക്കപ്പെട്ടവനാകുന്നു. അവർ കൊതിക്കുന്ന തരത്തിലുള്ള പഴവും മാംസവും നാം അവർക്ക് അധികമായി നൽകുകയും ചെയ്യും. അവിടെ അവർ പാനപാത്രം അന്യോന്യം കൈമാറികൊണ്ടിരിക്കും. അവിടെ അനാവശ്യവാക്കോ അധാർമിക വൃത്തിയോ ഇല്ല. അവർക്ക് (പരിചരണത്തിനായി) ബാലന്മാർ അവരുടെ അടുത്ത് ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും. അവർ സൂക്ഷിച്ച് വെക്കപ്പെട്ട മുത്തുകൾ പോലെയിരിക്കും’’ (ക്വുർആൻ 52:18-24).

തോപ്പുകൾ

“തീർച്ചയായും സൂക്ഷ്മത പാലിക്കുന്നവർക്ക് അവരുടെ രക്ഷിതാവിങ്കൽ അനുഗ്രഹങ്ങളുടെ സ്വർഗത്തോപ്പുകളുണ്ട്’’ (68:34).

അരുവികൾ

“തീർച്ചയായും സൂക്ഷ്മത പാലിക്കുന്നവർ സ്വർഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും. അവർക്ക് അവരുടെ രക്ഷിതാവ് നൽകിയത് ഏറ്റുവാങ്ങിക്കൊണ്ട്. തീർച്ചയായും അവർ അതിനു മുമ്പ് സദ്‌വൃത്തരായിരുന്നു’’ (51:15,16).

അല്ലാഹുവിന്റെയടുക്കൽ പ്രത്യേക സ്ഥാനം

“തീർച്ചയായും ധർമ്മനിഷ്ഠ പാലിച്ചവർ ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും. സത്യത്തിന്റെ ഇരിപ്പിടത്തിൽ, ശക്തനായ രാജാവിന്റെ അടുക്കൽ’’ (54:54,55).

തണലുകൾ

“തീർച്ചയായും സൂക്ഷ്മത പാലിച്ചവർ (സ്വർഗത്തിൽ) തണലുകളിലും അരുവികൾക്കിടയിലുമാകുന്നു. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവർഗങ്ങൾക്കിടയിലും. (അവരോട് പറയപ്പെടും:) നിങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. തീർച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തർക്ക് പ്രതിഫലം നൽകുന്നത.്’’ (77:41-44).

മുന്തിരികൾ, നിറഞ്ഞ പാനപാതങ്ങൾ

“തീർച്ചയായും സൂക്ഷ്മത പാലിച്ചവർക്ക് വിജയമുണ്ട്. അതായത് (സ്വർഗത്തിലെ) തോട്ടങ്ങളും മുന്തിരികളും തുടുത്ത മാർവിടമുള്ള സമപ്രായക്കാരായ തരുണികളും നിറഞ്ഞ പാനപാത്രങ്ങളും. അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാർത്തയോ അവർ കേൾക്കുകയില്ല. (അത്) നിന്റെ രക്ഷിതാവിങ്കൽനിന്നുള്ള ഒരു പ്രതിഫലവും കണക്കൊത്ത ഒരു സമ്മാനവുമാകുന്നു’’ (78:31-36).

അല്ലാഹുവിന്റെ പ്രീതി

“സൂക്ഷ്മത പാലിച്ചവർക്ക് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗത്തോപ്പുകളുണ്ട്. അവർ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവർക്കുണ്ടായിരിക്കും). കൂടാതെ അല്ലാഹുവിന്റെ പ്രീതിയും. അല്ലാഹു തന്റെ ദാസൻമാരുടെ കാര്യങ്ങൾ കണ്ടറിയുന്നവനാകുന്നു’’ (3:15).

നിത്യവാസം, അല്ലാഹുവിൽനിന്നുള്ള സൽക്കാരം

“എന്നാൽ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചതാരോ അവർക്കാണ് താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളുള്ളത്. അവരതിൽ നിത്യവാസികളായിരിക്കും. അല്ലാഹുവിന്റെ പക്കൽനിന്നുള്ള സൽക്കാരം! അല്ലാഹുവിന്റെ അടുക്കലുള്ളതാകുന്നു പുണ്യവാൻമാർക്ക് ഏറ്റവും ഉത്തമം’’ (3:198).

മേൽക്കുമേൽ തട്ടുകളായി നിർമിക്കപ്പെട്ടിട്ടുള്ള മണിമേടകൾ

“പക്ഷേ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവർക്കാണ് മേൽക്കുമേൽ തട്ടുകളായി നിർമിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്. അവയുടെ താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനമത്രെ അത്. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല’’ (39:20).

‘സലാം’ (സമാധാനം) എന്ന അഭിവാദ്യം

“തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവർ സ്വർഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങൾ തൂറന്ന് വെക്കപ്പെട്ട നിലയിൽ അവർ അതിന്നടുത്ത് വരുമ്പോൾ അവരോട് അതിന്റെ കാവൽക്കാർ പറയും: നിങ്ങൾക്ക് സമാധാനം. നിങ്ങൾ സംശുദ്ധരായിരിക്കുന്നു. അതിനാൽ നിത്യവാസികളെന്ന നിലയിൽ നിങ്ങൾ അതിൽ പ്രവേശിച്ചുകൊള്ളുക. അവർ പറയും: നമ്മളോടുള്ള തന്റെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വർഗത്തിൽനിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്ന വിധം ഈ (സ്വർഗ) ഭൂമി നമുക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി. അപ്പോൾ പ്രവർത്തിച്ചവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!’’ (39:73,74).