അല്ലാഹുവിന് പുറമെ ആരാധ്യന്മാരുണ്ടെങ്കിൽ! - 2

യാസീൻ അൽഹികമി

2025 ജനുവരി 25, 1446 റജബ് 25

ഒരു തകരാറുമില്ലാതെ, അങ്ങേയറ്റത്തെ കൃത്യതയോടെ, വ്യവസ്ഥാപിതമായ ഘടനയിൽ പ്രപഞ്ചം നിലനിൽക്കുന്നു. സർവസൃഷ്ടികളും മറ്റുള്ള സൃഷ്ടികളുമായി ഏതെങ്കിലും തരത്തിൽ ബന്ധിതമായാണ് നിലനിൽക്കുന്നത്. പരസ്പര പൂരകമായ ഈ നിലനിൽപ് അതിന്റെയെല്ലാം കൈകാര്യം ഒരുവനാണെന്ന് അറിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തെളിവ് തന്നെയാണ്. ഒരു സ്രഷ്ടാവിൽനിന്നുമാണ് ലോകം ഉണ്ടായത് എന്നതുപോലെ തന്നെ പ്രപഞ്ചത്തിന്റെ ആരാധ്യനും ഒരുവൻ തന്നെയാണ്. പ്രപഞ്ചത്തിന്റെ ഉത്ഭവത്തിലും സൃഷ്ടികർമത്തിലും പല സ്രഷ്ടാക്കൾ ഉണ്ടാവുക എന്നത് അസംഭവ്യമായത് പോലെ, പ്രപഞ്ചത്തിന്റെ ആകമാനം ആരാധനകളും ഉദ്ദേശ്യലക്ഷ്യങ്ങളും പല ആരാധ്യന്മാർക്ക് വേണ്ടി ആയിത്തീരുക എന്നതും അസംഭവ്യമാകുന്നു. രണ്ട് തുല്യ സ്രഷ്ടാക്കൾ ലോകത്തിന് ഉണ്ടാവുക എന്നത് അസംഭവ്യമായത് പോലെ ആരാധനക്ക് അർഹമായ രണ്ട് ആരാധ്യന്മാർ ഉണ്ടാവുക എന്നതും അസംഭവ്യമാണ്.

സർവശക്തനായ ആരാധ്യന് കീഴിൽ മറ്റു ആരാധ്യന്മാർ ഉണ്ടാകുമോ? ഒരിക്കലുമില്ല. ക്വുർആൻ പറഞ്ഞു: “(നബിയേ,) പറയുക: അവർ പറയും പോലെ അവനോടൊപ്പം മറ്റു ദൈവങ്ങളുണ്ടായിരുന്നെങ്കിൽ സിംഹാസനാധിപന്റെ അടുക്കലേക്ക് അവർ (ആ ദൈവങ്ങൾ) വല്ല മാർഗവും തേടുക തന്നെ ചെയ്യുമായിരുന്നു’’ (അൽഇസ്‌റാഅ് 42).

രാജാക്കന്മാർ പരസ്പരം പരാജയപ്പെടുത്താനും തോൽപിക്കാനും ശ്രമിക്കുന്നതുപോലെ ആരാധ്യന്മാർ അല്ലാഹുവിനെ പരാജയപ്പെടുത്തുവാൻ ശ്രമിക്കും എന്ന രൂപത്തിൽ ഈ ആയത്തിനെ ചില പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ ആയത്തിന്റെ അർഥത്തിൽ കൂടുതൽ ശരിയായ വീക്ഷണം അതല്ല. മറിച്ച് ഇങ്ങനെയാണ്: അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്ന ആരാധ്യന്മാർ തന്നെ അവനെ ആരാധിച്ചുകൊണ്ട് അവനിലേക്ക് സാമീപ്യം സിദ്ധിക്കുവാൻ ശ്രമിക്കുന്നു, പിന്നെ എങ്ങനെയാണ് അവനു പുറമെ അവരെ നിങ്ങൾ ആരാധിക്കുന്നത്? അവർ നിങ്ങൾ പറയുന്നതുപോലെ ആരാധ്യന്മാർ ആയിരുന്നെങ്കിൽ പിന്നെ എങ്ങനെയാണ് അവർ അല്ലാഹുവിന് അടിമകൾ ആവുക! ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ ഈ അർഥത്തെയാണ് ശരിവെക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന പല ന്യായങ്ങൾ ഉണ്ട്:

അല്ലാഹു പറഞ്ഞു: “അവർ വിളിച്ചു പ്രാർഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവർ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാർഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തിൽ അല്ലാഹുവോട് ഏറ്റവും അടുത്തവർ തന്നെ (അപ്രകാരം തേടുന്നു). അവർ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു’’ (അൽഇസ്‌റാഅ് 57).

നിങ്ങൾ എന്റെ അടിമകൾ ആണെന്നതുപോലെ എനിക്ക് പുറമെ നിങ്ങൾ ആരാധിക്കുന്ന ഇവരും എന്റെ അടിമകൾ തന്നെയാണ്. അവർ എന്റെ കാരുണ്യത്തെ പ്രതീക്ഷിക്കുകയും എന്റെ ശിക്ഷയെ ഭയപ്പെടുകയും ചെയ്യുന്നു. പിന്നെ എന്തിനാണ് എനിക്ക് പുറമെ അവരെ നിങ്ങൾ ആരാധിക്കുന്നത് എന്നർഥം.

മറ്റൊരു തെളിവ്: ആ ആയത്തിൽ അവർ അല്ലാഹുവിനെതിരെ മാർഗം തേടും എന്നല്ല പറഞ്ഞത്, മറിച്ച് അല്ലാഹുവിന്റെ അടുക്കലേക്ക് മാർഗം തേടും എന്നാണ്. അറബി ഭാഷയിൽ ഈ പ്രയോഗം സാമീപ്യം തേടുവാൻ ശ്രമിക്കുന്നതിനാണ് പറയുക. അതിനൊരു ഉദാഹരണം നോക്കൂ:

“നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാർഗം തേടുകയും അവന്റെ മാർഗത്തിൽ ധർമസമരത്തിൽ ഏർപെടുകയും ചെയ്യുക’’ (അൽമാഇദ 35).

ഒരാൾക്ക് എതിരായി അയാളെ പരാജയപ്പെടുത്തുവാൻ ശ്രമിക്കുന്നതിന് ഇങ്ങനെ പ്രയോഗിക്കുകയില്ല. അടിച്ചമർത്താനോ പരാജയപ്പെടുത്താനോ ശ്രമിക്കുക എന്നതിന് ക്വുർആനിൽ വന്ന പ്രയോഗം നോക്കുക:

“എന്നിട്ടവർ നിങ്ങളെ അനുസരിക്കുന്നപക്ഷം പിന്നെ നിങ്ങൾ അവർക്കെതിരിൽ ഒരു മാർഗവും തേടരുത്’’ (അന്നിസാഅ് 34).

അവർക്കെതിരെ മാർഗം തേടുക എന്നാണല്ലോ ഈ ആയത്തിൽ പറഞ്ഞത്. പരാജയപ്പെടുത്താൻ ശ്രമിക്കുക എന്നതിന് ഇത്തരത്തിലാണ് അറബിയിൽ പ്രയോഗിക്കുക.

മൂന്നാമത്തെ തെളിവ്: അവരുടെ ആരാധ്യന്മാർ അല്ലാഹുവിനെ അതിജയിക്കുമെന്നോ, അവനെ പരാജയപ്പെടുത്താൻ ശ്രമിക്കുമെന്നോ ബഹുദൈവ വിശ്വാസികൾ പറഞ്ഞിരുന്നില്ല. അവരുടെ ആരാധ്യന്മാർ അവനിലേക്ക് സാമീപ്യം നേടുവാൻ സഹായിക്കുന്നു, അവനിലേക്ക് അടുപ്പിക്കുന്നു എന്ന് മാത്രമായിരുന്നു അവർ പറഞ്ഞത്. അതുകൊണ്ടാണ് അല്ലാഹു ചോദിച്ചത്, അങ്ങനെയാണെങ്കിൽ എന്തിനാണ് ആ യഥാർഥ ആരാധ്യന് പുറമെ അവരെ നിങ്ങൾ ആരാധിക്കുന്നത് എന്ന്.

ഒരു തരത്തിലുള്ള തകരാറും വീഴ്ചയും കുഴപ്പവുമില്ലാതെ ഈ പ്രപഞ്ചം നിലനിൽക്കുന്നത് അല്ലാഹുവിന് പുറമെ മറ്റു ആരാധ്യന്മാർ പ്രപഞ്ചത്തിൽ ഇല്ല എന്നതിനുള്ള തെളിവാണ്. അല്ലാഹുവിന്റെ കീഴിൽ മറ്റു ആരാധ്യന്മാർ നിലവിലുണ്ടെന്ന് സങ്കൽപിച്ചാൽതന്നെ അവരുടെ ആവശ്യങ്ങളും ആരാധനകളും മുഴുവൻ അവർ അല്ലാഹുവിന്റെ മുമ്പിലായിരിക്കുമല്ലോ സമർപ്പിക്കുന്നത്. അവർക്ക് സ്വന്തമായി ഒരു നിലനിൽപുമുണ്ടാകില്ല. അതുകൊണ്ട് അവരെ ആരാധിക്കുന്നതിന് പകരം അവരുടെ കൂടി ആരാധ്യനായ ഏക ആരാധ്യനെ ആരാധിക്കലാണല്ലോ യുക്തി.

മനുഷ്യന്റെ ഹൃദയത്തിൽ അല്ലാഹുവല്ലാത്ത മറ്റേതെങ്കിലും ആരാധ്യൻ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിൽ അവന്റെ ഹൃദയം അങ്ങേയറ്റത്തെ കുഴപ്പത്തിലാണ് അകപ്പെടുക. പ്രസ്തുത ആരാധ്യനെ മനസ്സിൽനിന്ന് കുടിയിറക്കാതെ ആ ഹൃദയം ശരിയാകുകയില്ല. സർവ സന്ദർഭങ്ങളിലും ഒരു അടിമക്ക് അനിവാര്യമായിട്ടുള്ള അവന്റെ ആരാധ്യൻ ഒരൊറ്റ ആരാധ്യനാണ്. അവനല്ലാത്തതെല്ലാം നിരർഥകമാണ്. അടിമ എവിടെയാണെങ്കിലും അറിവുകൊണ്ടും സഹായം കൊണ്ടും അവന്റെ കൂടെയുള്ളവൻ അല്ലാഹു മാത്രമാണ്. അങ്ങനെയുള്ള ആരാധ്യനിലേക്ക് അടിമയുടെ അനിവാര്യതയും ആവശ്യകതയും മറ്റെല്ലാ അനിവാര്യതയെക്കാളും ആവശ്യകതയെക്കാളും വലുതാണ്. അല്ലാഹുവിനോടുള്ള പ്രാർഥനയിലും സ്‌നേഹത്തിലും ഭയത്തിലും പ്രതീക്ഷയിലും ഭരമേൽപിക്കുന്നതിലും സത്യം ചെയ്യുന്നതിലും നേർച്ച ചെയ്യുന്നതിലുമൊന്നും മറ്റാരെയും പങ്കു ചേർക്കാതിരിക്കുക എന്നതിന് ഒരു അടിമ വളരെയധികം കടമപ്പെട്ടവനാണ്.

അവന്റെ ശരീരത്തിന് റൂഹിനെ ആവശ്യമുള്ളതിനെക്കാൾ, കണ്ണിന് പ്രകാശം ആവശ്യമുള്ളതിനെക്കാൾ അവന് ആവശ്യമുള്ളതാകുന്നു ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കൽ. അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെയാണ് ഒരു വിശ്വാസിക്ക് യഥാർഥത്തിൽ മനസ്സമാധാനം ലഭിക്കുക. അറിവിലൂടെ അവനെ കണ്ടെത്തൽ അതിന് അനിവാര്യമാണ്.

ആകാശഭൂമികൾ പോലും അല്ലാഹുവിന് കീഴ്‌പെട്ടിരിക്കുന്നു എന്നിരിക്കെ മനുഷ്യർക്കെങ്ങനെ അത് ബാധകമല്ലാതിരിക്കും? അവന്റെതല്ലാത്ത മാർഗം തേടുന്നത് നന്ദികേടല്ലേ?

“അപ്പോൾ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവർ ആഗ്രഹിക്കുന്നത്? (വാസ്തവത്തിൽ) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിർബന്ധിതമായോ അവന്ന് കീഴ്‌പെട്ടിരിക്കുകയാണ്. അവനിലേക്ക് തന്നെയാണ് അവർ മടക്കപ്പെടുന്നതും’’ (ആലു ഇംറാൻ 83).