ശെയ്ഖിന്റെ ബാല്യവും ജീവിതവും

ഇ. യൂസുഫ് സാഹിബ് നദുവിഓച്ചിറ

2025 ആഗസ്റ്റ് 23, 1447 സഫർ 29

(ശെയ്ഖ് റബീഉബിൻ ഹാദി അൽമദ്ഖലി യാത്രയായി 3)

സൗദിഅറേബ്യയിൽ ജീസാനിലെ സാംത പട്ടണത്തിന് ഏകദേശം മൂന്ന് കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അൽജറാദിയ എന്ന കൊച്ചു ഗ്രാമത്തിൽ ഹിജ്‌റ 1351ന്റെ അവസാനത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഒന്നര വയസ്സുള്ളപ്പോൾ പിതാവ് മരണപ്പെട്ടു. പിന്നീട് മാതാവിന്റെ സംരക്ഷണയിലാണ് വളർന്നത്. സത്യസന്ധത, വിശ്വസ്തത തുടങ്ങിയ നല്ല സ്വഭാവങ്ങൾ മാതാവ് പഠിപ്പിക്കുകയും നമസ്‌കരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. അമ്മാവനും അദ്ദേഹത്തിന്റെ കാര്യങ്ങളിൽ മേൽനോട്ടം വഹിച്ചിരുന്നു.

എട്ടാമത്തെ വയസ്സിൽ ഗ്രാമത്തിലെ സാധാരണ പഠന ക്ലാസ്സുകളിൽ ചേരുകയും എഴുത്തും വായനയും പഠിക്കുകയും ചെയ്തു. ശെയ്ഖ് ശൈബാൻ അൽഅരീശി, ഖാദീ അഹ്‌മദ് ബിൻ മുഹമ്മദ് ജാബിർ അൽമദ്ഖലി, മുഹമ്മദ് ബിൻ ഹുസൈൻ മക്കി എന്നിവരിൽനിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ശെയ്ഖ് മുഹമ്മദ് ബിൻ മുഹമ്മദ് ജാബിർ അൽമദ്ഖലിയിൽ നിന്ന് ക്വുർആൻ, തൗഹീദ്, തജ്‌വീദ് എന്നിവ പഠിച്ചു. പിന്നീട് സാംതയിലെ സലഫിയ്യ സ്‌കൂളിൽ പഠനം തുടർന്നു. അവിടെ അദ്ദേഹത്തിന്റെ മുഖ്യഗുരു ശെയ്ഖ് നാസ്വിർ ഖലീഫ അയ്യാഷ് ആയിരുന്നു.

തുടർന്ന് സാംതയിൽതന്നെ ഉപരിപഠനത്തിനായി ചേർന്നു. അവിടെ പ്രമുഖരായ നിരവധി പണ്ഡിതന്മാരിൽനിന്ന് വിജ്ഞാനം കരസ്ഥമാക്കി. അവരിൽ ഏറ്റവും പ്രമുഖർ ശെയ്ഖ് ഹാഫിദ് ബിൻ അഹ്‌മദ് അൽഹകമി, അദ്ദേഹത്തിന്റെ സഹോദരൻ ശെയ്ഖ് മുഹമ്മദ് ബിൻ അഹ്‌മദ് അൽഹകമി, ശെയ്ഖ് അഹ്‌മദ് ബിൻ യഹ്‌യ അന്നജ്മി, ശെയ്ഖ് ഡോ. മുഹമ്മദ് അമാൻബിൻ അലി അൽജാമി എന്നിവരാണ്. ശെയ്ഖ് മുഹമ്മദ് സഗീർ ഖുമൈസിയിൽ നിന്ന് കർമശാസ്ത്രവും പഠിച്ചു. കൂടാതെ അറബി, സാഹിത്യം, അലങ്കാരശാസ്ത്രം എന്നിവയിലും നിരവധി പണ്ഡിതന്മാരിൽനിന്ന് പഠനം നടത്തി. ഹിജ്‌റ 1380ന്റെ അവസാനത്തിൽ സാംതയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം നേടി പുറത്തുവന്നു.

ഹിജ്‌റ 1381ന്റെ തുടക്കത്തിൽ റിയാദിലെ ശരീഅത്ത് കോളേജിൽ ചേർന്നു. അവിടെ ഒന്നോ രണ്ടോ മാസം പഠനം തുടർന്നു. പിന്നീട് മദീനയിൽ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ആരംഭിച്ചപ്പോൾ അങ്ങോട്ട് മാറുകയും ശരീഅത്ത് കോളേജിൽ നാലു വർഷം പഠിക്കുകയും ചെയ്തു. ഹിജ്‌റ 1384ൽ മികച്ച നിലയിൽ ബിരുദം നേടി.

സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തി, ശെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ ബാസ്, മുഹദ്ദിസ് ശെയ്ഖ് മുഹമ്മദ് നാസിറുദ്ദീൻ അൽബാനി, ശെയ്ഖ് അബ്ദുൽ മുഹ്‌സിൻ അൽഅബ്ബാദ്, ശെയ്ഖ് മുഹമ്മദ് അമീൻ അൽശൻഖീതി, ശെയ്ഖ് സ്വാലിഹ് അൽഇറാക്വി, ശെയ്ഖ് അബ്ദുൽ ഗഫ്ഫാർ ഹസൻ അൽഹിന്ദി തുടങ്ങിയവർ അദ്ദേഹത്തിന്റെ ഗുനാഥന്മാരാണ്.

പ്രധാന സവിശേഷതകൾ

വിനയമാണ് അദ്ദേഹത്തിന്റെ പ്രധാന സവിശേഷത. സഹോദരങ്ങളോടും വിദ്യാർഥികളോടും സന്ദർശകരോടും അദ്ദേഹം വളരെ വിനയത്തോടെ പെരുമാറുകയും താമസത്തിലും വസ്ത്രത്തിലും വാഹനത്തിലുമെല്ലാം ലാളിത്യം ഇഷ്ടപ്പെടുകയും ചെയ്തു. എപ്പോഴും സന്തോഷവാനും പ്രസന്നവദനനുമായിരുന്നു. അദ്ദേഹത്തിന്റെ സംസാരം കേട്ട് ആർക്കും മടുക്കില്ല. ഹദീസ്, സുന്നത്ത് എന്നിവ പഠിപ്പിക്കുന്നതിലും ബിദ്അത്തുകളെയും അതിന്റെ ആളുകളെയും കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിലും അദ്ദേഹത്തിന്റെ സദസ്സുകൾ സജീവമായിരുന്നു.

സലഫുകളുടെ രീതിശാസ്ത്രം ഇഷ്ടപ്പെടുന്ന വിദ്യാർഥികളെ അദ്ദേഹം ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുമായിരുന്നു. സ്വന്തം കഴിവും സമ്പത്തും ഉപയോഗിച്ച് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അദ്ദേഹം എപ്പോഴും ശ്രമിച്ചു. അദ്ദേഹത്തിന്റെ വീട് വിദ്യാർഥികൾക്കായി എപ്പോഴും തുറന്നുകിടന്നു. പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ അത്താഴമോ ഒറ്റയ്ക്ക് കഴിക്കുന്നത് വളരെ അപൂർവമായിരുന്നു. തന്റെ വിദ്യാർഥികളെ ഏറെ ശ്രദ്ധിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നതിലും ക്വുർആൻ, സുന്നത്ത്, സലഫുകളുടെ വിശ്വാസം എന്നിവയോട് അങ്ങേയറ്റം താൽപര്യമുള്ള പ്രചാരകനുമായിരുന്നു. സുന്നത്തിനോടും സലഫി വിശ്വാസത്തോടുമുള്ള അദ്ദേഹത്തിന്റെ ആത്മാർഥത ഈ കാലഘട്ടത്തിൽ അപൂർവമാണ്. സലഫുസ്സാലിഹുകളുടെ മാർഗത്തെ രാവും പകലും രഹസ്യമായും പരസ്യമായും പ്രതിരോധിക്കുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിലായിരുന്നു.

ശെയ്ഖിന്റെ പ്രത്യേക വസിയ്യത്ത്

“മുസ്‌ലിം സമുദായത്തിന്റെ വിശ്വാസം, ആരാധന, രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം തുടങ്ങി ജീവിതത്തിലെ എല്ലാ മേഖലകളിലും വിശുദ്ധ ക്വുർആനിലും പ്രവാചകന്റെ സുന്നത്തിലും അധിഷ്ഠിതമായി കാര്യങ്ങൾ നന്നാക്കാൻ തങ്ങളുടെ ശ്രമങ്ങൾ വർധിപ്പിക്കണമെന്ന് ഞാൻ, വിശുദ്ധ ക്വുർആനെയും സുന്നത്തിനെയും മുറുകെ പിടിക്കുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന സലഫികളോട് പ്രത്യേകം ഉപദേശിക്കുന്നു. കൂടാതെ, തങ്ങളുടെ നല്ല ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും എല്ലാ മുസ്‌ലിംകൾക്കും വ്യക്തമാക്കിക്കൊടുക്കണം. ഈ സമൂഹത്തിന് എല്ലാ നന്മയുമല്ലാതെ മറ്റൊന്നും അവർ ആഗ്രഹിക്കുന്നില്ലെന്നും ക്വുർആനെയും സുന്നത്തിനെയും മുറുകെ പിടിക്കാത്തതിന്റെ ഫലമായി ഈ സമൂഹത്തിന് വന്നുചേർന്ന എല്ലാ തിന്മകളെയും ദോഷങ്ങളെയും ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം.

“വിവിധ ചിന്താഗതിക്കാരായ പണ്ഡിതന്മാരോടും വിദ്യാർഥികളോടും ഞാൻ ഉപദേശിക്കുന്നത്; ഈ സമൂഹത്തിന്റെ കാര്യത്തിൽ അല്ലാഹുവിനെ സൂക്ഷിക്കുക എന്നതാണ്. ഈ സമൂഹത്തെ അല്ലാഹുവിന്റെ കിതാബിലേക്കും അവന്റെ റസൂലിന്റെ സുന്നത്തിലേക്കും സലഫുസ്സാലിഹുകൾക്കുണ്ടായിരുന്ന വിശ്വാസം, ആരാധന, രാഷ്ട്രീയം, സാമൂഹികം, സ്വഭാവം എന്നിവയിലേക്കും തിരികെ കൊണ്ടുവരാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുക. ഈ സമൂഹത്തിൽ വളരെയധികം പ്രശ്‌നങ്ങളുണ്ടാക്കിയ ഭിന്നതയുടെ കാരണങ്ങളിൽനിന്നും വ്യക്തിപരമായ താൽപര്യങ്ങളിൽനിന്നും പൂർണമായി വിട്ടുനിൽക്കുക. ഈ മഹത്തായ ലക്ഷ്യങ്ങൾ നേടാനും മുസ്‌ലിംകളെ ബലഹീനതയിലേക്കും നിന്ദ്യതയിലേക്കും നയിക്കുന്ന എല്ലാ കാര്യങ്ങളിൽനിന്നും അകന്നു നിൽക്കാനും അവർ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ സമുദായത്തിന്റെ അവസാന കാലഘട്ടം നന്നാകണമെങ്കിൽ അതിന്റെ ആദ്യകാലഘട്ടം നന്നാക്കിയ മാർഗത്തിലൂടെ മാത്രമെ സാധ്യമാകൂ.

എല്ലാവരും ഒരു കാര്യം മനസ്സിലാക്കണം; ഈ സമുദായം മറ്റെല്ലാ സമുദായങ്ങളെക്കാളും ഉത്തമരായത്, ജനങ്ങൾക്കായി നിയോഗിക്കപ്പെട്ട ഏറ്റവും ഉത്തമമായ സമുദായമായതുകൊണ്ടാണ്. അവർ നന്മ കൽപിക്കുകയും തിന്മ വിലക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു.

സ്വഹാബികളും അവരെ നല്ല നിലയിൽ പിന്തുടർന്നവരും ഈ ഉത്തമമായ അവസ്ഥ നേടിയത് പ്രവാചകൻﷺയുടെ സാക്ഷ്യത്തിലൂടെയാണ്: ‘ജനങ്ങളിൽ ഉത്തമർ എന്റെ തലമുറയാണ്, പിന്നീട് അവരെ തുടർന്നുള്ളവർ, പിന്നീട് അവരെ തുടർന്നുള്ളവർ.’

പ്രവാചകൻﷺയുടെ മറ്റൊരു വചനം: ‘സജ്ജനങ്ങൾ ഒന്നൊന്നായി ഇല്ലാതാകും, പിന്നീട് ബാക്കിയാകുന്നത് ബാർലിയുടെയും ഈന്തപ്പഴത്തിന്റെയും തുരുമ്പുപോലെ അല്ലെങ്കിൽ ചവറുപോലെ ഒരുപറ്റം ആളുകളാണ്. അവരെ അല്ലാഹു ഒട്ടും പരിഗണിക്കില്ല.’

അതുകൊണ്ട്, വിജ്ഞാനം പേറുന്നവർ അല്ലാഹുവിനോടും അവന്റെ കിതാബിനോടും അവന്റെ റസൂലിനോടും സത്യവിശ്വാസികളോടും പൊതുവായ മുസ്‌ലിംകളോടും പ്രത്യേകമായവരോടും ഉപദേശം നൽകണം. അങ്ങനെ, അല്ലാഹു മുസ്‌ലിംകളിൽ നിന്ന് ആരെയാണോ രക്ഷിക്കാൻ ഉദ്ദേശിക്കുന്നത്, അവരെ ഈ ചവറ് പോലെയുള്ള അവസ്ഥയിൽ നിന്ന് രക്ഷിക്കാൻ സാധിക്കും. അതിന്റെ ഏകകാരണം അവരിൽ പലരും അല്ലാഹുവിന്റെ കിതാബിനെ മുറുകെ പിടിക്കുന്നതിൽനിന്നും അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും വിധി തേടുന്നതിൽനിന്നും അകന്നുപോയതാണ്. അവർ ഈ കാര്യം ഗൗരവത്തോടെയും സത്യസന്ധതയോടെയും പ്രഖ്യാപിക്കുകയാണെങ്കിൽ, ഈ സമുദായത്തിന് വളരെയധികം നന്മകൾ കൈവരും.

അല്ലാഹു ഇത് യാഥാർഥ്യമാക്കാനും, ഈ സമുദായത്തിന് നന്മ ആഗ്രഹിക്കുന്ന എല്ലാവർക്കും അനുഭവവേദ്യമാകുന്ന ഭിന്നതയുടെയും അസൂയയുടെയും വിദ്വേഷത്തിന്റെയും പകയുടെയും എല്ലാ കാരണങ്ങളിൽ നിന്നും മുസ്‌ലിംകളെ അകറ്റിനിർത്താനും നാം അല്ലാഹുവിനോട് പ്രാർഥിക്കുന്നു.’’(4)

25/11/1420 റബീഉബിൻ ഹാദി അൽമദ്ഖലി (ഒപ്പ്)

ശെയ്ഖ് അബ്ദുൽ അസീസ് ഇബ്‌നു ബാസിന്റെ പ്രശംസ

ശെയ്ഖ് ഇബ്‌നു ബാസിനോട് ശെയ്ഖ് റബീഅ് ബിൻ ഹാദിയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി നൽകി: “നിസ്സംശം, ശെയ്ഖ് റബീഅ് സുന്നത്തിലെ പണ്ഡിതന്മാരിൽ ഒരാളാണ്.’ ശെയ്ഖ് മുഹമ്മദ് അമാൻ അൽജാമിഅയെക്കുറിച്ച് പരാമർശിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘അവർ ഇരുവരും അറിവും ശ്രേഷ്ഠതയുമുള്ളവരായി അറിയപ്പെടുന്നു.’

അദ്ദേഹം തുടർന്നു പറഞ്ഞു: ‘മദീനയിലെ നമ്മുടെ പ്രിയപ്പെട്ട ശെയ്ഖുമാരെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു സംശയവുമില്ല. അവർ ഉത്തമമായ വിശ്വാസമുള്ളവരും അഹ്‌ലിസ്സുന്നത്തി വൽജമാഅയിൽ പെട്ടവരുമാണ്. ശെയ്ഖ് മുഹമ്മദ് അമാൻ ബിൻഅലി, ശെയ്ഖ് റബീഅ് ബിൻ ഹാദി, ശെയ്ഖ് സ്വാലിഹ് ബിൻ സഅദ് അൽസുഹൈമി, ശെയ്ഖ് ഫാലിഹ് ബിൻ നാഫിഅ്, ശെയ്ഖ് മുഹമ്മദ് ബിൻഹാദി എന്നിവരെ

ല്ലാം ഞങ്ങൾക്ക് അവരുടെ സത്യസന്ധതയും അറിവും ഉത്തമമായ വിശ്വാസവും കൊണ്ട് സുപരിചിതരാണ്.’

‘തെറ്റായ മാർഗത്തിലേക്ക് ക്ഷണിക്കുന്നവരും കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുന്നവരുമായ ആളുകളാണ് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും അവരുടെ വാക്കുകളെ ദുർ‌വ്യാഖ്യാനിക്കുകയും ചെയ്യുന്നത്. ഇത് നല്ല പ്രവണതയല്ല. സംഭാഷണത്തെ ഏറ്റവും നല്ല രീതിയിൽ വ്യാഖ്യാനിക്കുക എന്നതാണ് നാം ചെയ്യേണ്ടത്’(5) എന്നുകൂടി ശെയ്ഖ് വ്യക്തമാക്കുന്നു.

ശെയ്ഖ് ഇബ്‌നു ബാസ് ശെയ്ഖ് റബീഇനോട് നേരിട്ട് ഇപ്രകാരം സംസാരിക്കുന്നത് ഞാൻ എന്റെ രണ്ട് കാതുകൾ കൊണ്ട് കേട്ടിട്ടുണ്ട് എന്ന് ശെയ്ഖിന്റെ ശിഷ്യൻ ഖാലിദ് അദ്ദുഫൈരി രേഖപ്പെടുത്തുന്നു. അദ്ദേഹം പറയുന്നു: “ശെയ്ഖ് ഇബ്‌നുബാസ് ഇപ്രകാരം പറഞ്ഞു: ‘ഓ ശെയ്ഖ് റബീഅ്, തെറ്റ് ചെയ്യുന്ന ആർക്കും താങ്കൾ മറുപടി നൽകുക. ഇബ്‌നു ബാസാണ് തെറ്റു ചെയ്തതെങ്കിൽ പോലും അദ്ദേഹത്തിന് മറുപടി നൽകുക. ഇബ്‌നു ഇബ്‌റാഹിമാണ് തെറ്റു ചെയ്തതെങ്കിൽപോലും അദ്ദേഹത്തിന് മറുപടി നൽകുക...’ അല്ലാഹുവാണെ സത്യം! ഞാൻ ഈ പറഞ്ഞതിന് സാക്ഷിയാണ്. അദ്ദേഹം ശെയ്ഖിനെ വളരെയധികം പ്രശംസിക്കുകയും ചെയ്തു.’’

ശെയ്ഖ് ഇബ്‌നു ബാസിന്റെ മരണത്തിന് ഏതാനും മാസങ്ങൾക്കു മുമ്പ്, അദ്ദേഹം തന്റെ പള്ളിയിൽ ക്ലാസ്സെടുക്കാൻ ശെയ്ഖ് റബീഇന് അനുവാദം നൽകിയിരുന്നു. ഇത് സൂചിപ്പിക്കുന്നത്, ശെയ്ഖ് റബീഇന്റെ പാണ്ഡിത്യത്തിന് അദ്ദേഹം നൽകിയ സ്ഥാനമാണ്.

‘അബുൽഹസൻ അൽമആരിബിയുടെ അൽബാനിയുമായുള്ള കൂടിക്കാഴ്ച’ എന്ന പേരിലുള്ള ഒരു ഓഡിയോ കാസറ്റുണ്ട്. അതിൽ ശെയ്ഖ് അൽബാനിയോടുള്ള ഒരു ചോദ്യത്തിന്റെ ചുരുക്കം ഇതാണ്: ‘ബിദ്അത്തുകളോടും വ്യതിചലിച്ച വാദങ്ങളോടും പോരാടുന്നതിൽ ശെയ്ഖ് റബീഅ്ബിൻ ഹാദി അൽമദ്ഖലിയുടെയും ശെയ്ഖ് മുക്ബിൽ ബിൻഹാദി അൽവാദിഇയുടെയും നിലപാട് വ്യക്തമായിട്ടും, ചില യുവജനങ്ങൾ ഈ രണ്ട് ശെയ്ഖുമാരും സലഫി പാതയിലാണോ എന്ന് സംശയിക്കുന്നുണ്ടല്ലോ, എന്താണ് അങ്ങയുടെ വിശദീകരണം?’

അതിന് അദ്ദേഹം ഇപ്രകാരം മറുപടി നൽകി: “നിസ്സംശയം, ഈ സദുദ്ദേശ്യപരമായ പ്രബോധനം, അത് ക്വുർആനിലും സുന്നത്തിലും സലഫുസ്സാലിഹുകളുടെ മാർഗത്തിലും അധിഷ്ഠിതമാണ്. നിരവധി പ്രബോധകരെ ഇസ്‌ലാമിക ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അല്ലാഹു ഇപ്രകാരം നിയോഗിച്ചതിൽ ഞങ്ങൾ അല്ലാഹുവിനെ സ്തുതിക്കുന്നു. നിലവിലെ ഇസ്‌ലാമികലോകത്ത് വളരെ കുറച്ചുപേർ മാത്രം നിർവഹിക്കുന്ന ‘ഫർദുകിഫായ’(6) അവർ നിർവഹിച്ചുകൊണ്ടിരിക്കുന്നു.

ക്വുർആനിലേക്കും സുന്നത്തിലേക്കും സലഫുസ്സാലിഹുകൾ പിന്തുടർന്ന മാർഗത്തിലേക്കും ക്ഷണിക്കുകയും ഈ ശരിയായ മാർഗത്തെ എതിർക്കുന്നവരോട് പോരാടുകയും ചെയ്യുന്ന ഈ രണ്ട് ശെയ്ഖുമാരെയും-ശെയ്ഖ് റബീഇനെയും ശെയ്ഖ് മുക്ബിലിനെയും- ഇകഴ്ത്തി സംസാരിക്കുന്നത് എല്ലാവർക്കും അറിയാവുന്നതുപോലെ, രണ്ട് കൂട്ടരിൽ ഒരാളിൽ നിന്നേ ഉണ്ടാകൂ: ഒന്നുകിൽ ഒരു അജ്ഞൻ, അല്ലെങ്കിൽ ദുഷിച്ച താൽപര്യക്കാരൻ. അജ്ഞനാണെങ്കിൽ അവനെ പഠിപ്പിക്കണം; ദുഷിച്ച താൽപര്യക്കാരനാണെങ്കിൽ, അവന്റെ തിന്മയിൽ നിന്നും അല്ലാഹുവിനോട് ശരണം തേടുകയും അല്ലാഹു അവനെ സന്മാർഗത്തിലാക്കാനോ അല്ലെങ്കിൽ അവന്റെ നടുവൊടിക്കാനോ പ്രാർഥിക്കുകയും ചെയ്യണം.’’

പിന്നീട് ശെയ്ഖ് അൽബാനി പറഞ്ഞു: “എനിക്ക് പറയാനുള്ളത്, ഡോക്ടർ ശെയ്ഖ് റബീഇന്റെ രചനകളിൽ ഞാൻ കണ്ടത് അവ പ്രയോജനകരമാണ് എന്നാണ്. അദ്ദേഹത്തിൽ ഒരു തെറ്റോ, ഞങ്ങൾ യോജിക്കുന്ന മാർഗത്തിൽനിന്നുള്ള ഒരു വ്യതിയാനമോ കണ്ടതായി എനിക്ക് ഓർമയില്ല.’’

ശെയ്ഖ് അൽബാനി, ശെയ്ഖ് റബീഇന്റെ ‘അൽഅവാസിം മിമ്മാ ഫീ കുതുബി സയ്യിദ് ക്വുതുബ് മിനൽ ഖവാസിം’ എന്ന ഗ്രന്ഥത്തിന്മേൽ ഇങ്ങനെ അഭിപ്രായം രേഖപ്പെടുത്തി: ‘സയ്യിദ് ക്വുതുബിന് നിങ്ങൾ നൽകിയ എല്ലാ മറുപടികളും ശരിയും കൃത്യവുമാണെന്ന് ഇസ്‌ലാമിക വിജ്ഞാനമുള്ള ഏതൊരു മുസ്‌ലിം വായനക്കാരനും ഇതിൽനിന്ന് വ്യക്തമാകും. മാത്രമല്ല, സയ്യിദ് ക്വുതുബിന് ഇസ്‌ലാമിനെയോ അതിന്റെ അടിസ്ഥാനങ്ങളോ ശാഖകളോ പരിചയമില്ലായിരുന്നുവെന്നും. അതുകൊണ്ട്, പ്രിയ സഹോദരാ, റബീഅ്! ഈ സത്യം വ്യക്തമാക്കുകയും അദ്ദേഹത്തിന്റെ അജ്ഞതയും ഇസ്‌ലാമിൽനിന്നുള്ള വ്യതിയാനവും വെളിപ്പെടുത്തുകയും ചെയ്തതിന് അല്ലാഹു നിങ്ങൾക്ക് ഉത്തമമായ പ്രതിഫലം നൽകട്ടെ.’’ ഈ പ്രാർഥനയോടെയാണ് ശെയ്ഖ് അൽബാനിയുടെ വരികൾ അവസാനിക്കുന്നത്.(7)


കുറിപ്പുകൾ:

4 ശെയ്ഖിന്റെ ശിഷ്യൻ ഡോ.ഖാലിദ് അദ്ദുഫൈരിയോട് ഈ വസ്വിയ്യത്ത് രേഖപ്പെടുത്താനും വാർത്താമാധ്യങ്ങളിലൂടെ ഇത് പ്രചരിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു.

5 ശെയ്ഖ് ഇബ്‌നു ബാസിന്റെ ചോദ്യോത്തരങ്ങളിൽനിന്നും ക്രോഡീകരിച്ചത്.

6 സമൂഹത്തിലെ ഒരാൾ ചെയ്താൽ മറ്റുള്ളവരുടെ ബാധ്യത ഒഴിവായിപ്പോകുന്ന നിർബന്ധ കടമ.