ഓണവിവാദവും കേരളീയ മതേതരത്വവും
ഡോ. ആഷിഖ് ഷൗകത്ത് നിലമ്പൂർ
2025 സെപ്തംബർ 06, 1447 റബീഉൽ അവ്വൽ 12

പതിനാറ് കൂട്ട് സദ്യ ഇല്ലെങ്കിൽ മതേതരത്വം ഇല്ലാതാകുമോ?
ഓണം എന്ന സവർണ ഉത്സവം ഒരു മതപരമായ ആഘോഷത്തിൽ നിന്ന് കാർഷിക ആഘോഷത്തിലേക്കും പിന്നിട്ട് ‘ആഘോഷപ്രധാനമായ ദേശീയത’ (celebratory nationalism) എന്ന് വിളിക്കാവുന്ന ഒന്നിലേക്കും വികസിച്ചതായി കാണാം. ഓണം ആഘോഷിക്കാത്തവർ മതേതരത്വത്തിന്റെ ജ്ഞാനപരമായ ആക്രമണത്തിന് വിധേയരാവുന്ന അവസ്ഥ വന്നിട്ടുണ്ട്. മതേതര ആഘോഷങ്ങളുടെ ബലപ്രയോഗ സ്വഭാവത്തെക്കുറിച്ചും സാംസ്‌കാരിക ദേശീയത എങ്ങനെ നിഷ്‌കളങ്കമായ ഉത്സവമായി മാറുന്നു എന്നതിനെക്കുറിച്ചുമുള്ള ആലോചനകൾ ഇവിടെ പ്രസക്തമാണ്.
‘ലിബറൽ ജനാധിപത്യസിദ്ധാന്തം മുസ്‌ലിംകളെ രാഷ്ട്രീയമായി മുസ്‌ലിംകളായി പ്രതിനിധീകരിക്കുന്നതിനെ അസാധ്യമാക്കുന്നു’ എന്ന തലാൽ ആസാദിന്റെ നീരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്. മതപരമായ പാരമ്പര്യവാദവും മതേതര പുരോഗമനവും തമ്മിലുള്ള ഏറ്റുമുട്ടലിനപ്പുറത്ത്, ഒരു ജനാധിപത്യ സമൂഹത്തിൽ ഉൾപ്പെടുന്നതിന്റെ അർഥം എന്താണെന്നതിനെക്കുറിച്ചുള്ള രണ്ട് അടിസ്ഥാനപരമായ വ്യത്യസ്തമായ ധാരണകൾ തമ്മിലുള്ള സംഘട്ടനമായാണ് ഇതിനെ വിലയിരുത്തേണ്ടത്.
മതേതര ബലപ്രയോഗത്തിന്റെ സ്വഭാവം
കനേഡിയൻ ചിന്തകനായിരുന്ന ചാൾസ് ടെയ്‌ലർ നിർബന്ധിത സംയോജനത്തിന്റെ (integration) ഹിംസയെക്കുറിച്ച് വിപുലമായി എഴുതിയിട്ടുണ്ട്. മതേതരത്വത്തെക്കുറിച്ചുള്ള തന്റെ ആദ്യകാല നിലപാടുകളിൽനിന്ന് പിന്മാറി, മതേതരത്വത്തെ രാഷ്ട്രീയ നയമായി ഉപയോഗിക്കുമ്പോൾ ബലപ്രയോഗമായി മാറാൻ സാധ്യതയുണ്ടെന്നതിനെ അദ്ദേഹം ചർച്ച ചെയ്യുന്നുണ്ട്. ഒരു നിഷ്പക്ഷ ചട്ടക്കൂടിൽനിന്ന് സിവിൽ മതമായി (civil religion) മാറുമ്പോൾ സ്ഥാപനവൽകൃത മതേതരത്വം ബലപ്രയോഗപരമാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം. രാഷ്ട്രം യഥാർഥത്തിൽ നിഷ്പക്ഷമായി
നിൽക്കാതെ മതത്തിലൂന്നിയ ലോകദർശനങ്ങളെ വ്യക്തമായി അരികുവത്കരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഫ്രാൻസിന്റെ ലൈസിറ്റി(lacit)യിൽ പ്രത്യേകിച്ച് വ്യക്തമായ റിപബ്ലിക്കൻ രൂപത്തിലുള്ള മതേതരത്വം, നാസ്തികന്റെയും അജ്ഞേയവാദിയുടെയും ധാരണയെ സ്വീകരിക്കുകയും തൽഫലമായി, മതമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ജീവിതത്തെ വ്യവസ്ഥപ്പെടുത്തുന്ന വിശ്വാസികളെ തുല്യമായി പരിഗണിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു എന്ന് അദ്ദേഹം വാദിക്കുന്നു. ‘മതത്തിനും രാഷ്ട്രത്തിനും ഇടയിലുള്ള വേർതിരിവ്’ പോലുള്ള സൂത്രവാക്യങ്ങൾ കടുത്ത മന്ത്രങ്ങളായി മാറുകയും മതപരമായ ന്യൂനപക്ഷങ്ങളെ മതവിശ്വാസത്തിനും സാമൂഹിക പങ്കാളിത്തത്തിനുമിടയിൽ തിരഞ്ഞെടുക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ‘ചരിത്രപരമായ ക്രമീകരണങ്ങളെ ഫെറ്റിഷ് ആക്കി മാറ്റുന്ന പ്രവണത’ (fetishization of historical arrangements) എന്ന് വിശേഷിപ്പിക്കുന്ന വിധത്തിലാണ് ഈ ബലപ്രയോഗം പ്രകടമാകുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇവിടെ, കേരളത്തിന്റെ പശ്ചാത്തലം പ്രത്യേകം ചർച്ച ചെയ്യേണ്ടതുണ്ട്. കേരളത്തിലെ ഇടതുപക്ഷം നാസ്തികമായ മതേതര സങ്കൽപത്തിലുടെ മുസ്‌ലിം സമൂഹത്തോട് സംസാരിക്കുകയും, എന്നാൽ ഭൂരിപക്ഷ സാംസ്‌കാരിക ചിഹ്നങ്ങളെ മുസ്‌ലിം അപരവത്കരണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതായി കണ്ടുവരുന്നു.
അച്ചടക്ക അധികാരവും സാധാരണവൽക്കരണവും
ഇത് വെറും സംസ്‌കാരമാണ്/ആഘോഷമാണ് എന്ന് ലളിതവത്കരിച്ച്, എല്ലാവരും ‘നിർബന്ധമായി’ തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായി ഉൾപ്പെടുത്തേണ്ട ഒന്നായി അവതരിപ്പിക്കുന്നതിനെ ഫൂക്കോയുടെ ‘ശിക്ഷാബദ്ധമായ അധികാരം’ (disciplinary power) എന്ന ആശയത്തിലൂടെ മനസ്സിലാക്കാം. നാം നേരെത്തെ സൂചിപ്പിച്ച ബലപ്രയോഗം നടക്കുന്നത് സാധാരണീകരണത്തിന്റെ (normalization) സൂക്ഷ്മമായ യന്ത്രവിദ്യകളിലൂടെയാണെന്നാണ് ഫൂക്കോ മുന്നോട്ട് വെക്കുന്നത്. അധികാരമുള്ളവർ അവർ മുന്നോട്ട് വെക്കുന്ന ഒരു ആചാരത്തിന് ഒരു പ്രത്യേകമായ മാനദണ്ഡം സ്ഥാപിച്ച്, അനുസരണയെ സിസ്റ്റമാറ്റിക്കായി പ്രതിഫലിപ്പിക്കുകയും അതിൽനിന്നുള്ള വ്യതിയാനത്തെ രോഗസൂചകമായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ സൃഷ്ടിച്ചെടുക്കുന്ന മനുഷ്യരെ അദ്ദേഹം ‘അനുസരണയുള്ള ശരീരങ്ങൾ’ (docile bodies)എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രത്യക്ഷത്തിൽ നിരുപദ്രവകരമായി തോന്നാവുന്ന, നിരന്തരമായ നിരീക്ഷണം (സമപ്രായക്കാരുടെ സമ്മർദം മുതൽ സ്ഥാപനപരമായ പ്രതിഷേധങ്ങൾ വരെ), വിധി പറയൽ (തീവ്രവാദികളാണ് എന്നത് പോലെയുള്ള), വ്യത്യാസപ്പെടുത്തൽ (നല്ല മുസ്‌ലിം/ചീത്ത മുസ്‌ലിം പോലെയുള്ളവ) പ്രവർത്തനങ്ങളിലൂടെയാണ് ഈ അനുസരണയുള്ള ശരീരങ്ങളെ സ്റ്റേറ്റ് നിർമിച്ചെടുക്കുക.
അധ്യാപികയുടെ വൈറലായ വാട്‌സാപ്പ് ഓഡിയോയിൽ, അവർ മുസ്‌ലിം വിദ്യാർഥികളോട് അവരുടെ വിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്ന കാരണം പറഞ്ഞ് ഓണാഘോഷങ്ങളിൽ പങ്കെടുക്കാതിരിക്കാൻ നിർദേശിച്ചു. തുടർന്നുള്ള മതനിരപേക്ഷ ക്രോധം അതിനെ വിഭാഗീയതയായും വർഗീയതയായും ആരോപിച്ചു. തൽഫലമായി അധ്യാപികയെ സേവനത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയും അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതാണ് മതേതര ബലപ്രയോഗത്തിന്റെ കാതൽ. ഐക്യത്തിന്റെയും സംയോജനത്തിന്റെയും ഭാഷയിൽ അലങ്കരിച്ച്, ഭൂരിപക്ഷ സാംസ്‌കാരിക പ്രകടനങ്ങൾക്ക് മുൻപിൽ മതപരമായ പ്രതിബദ്ധതകൾ ഒഴിവാക്കപ്പെടേണ്ട അവസ്ഥ സംജാതമായി.
ഇവിടെ ‘മതേതരം’ എന്ന ആശയം സവർണ ഹിന്ദു സാംസ്‌കാരിക ആധിപത്യത്തിന്റെ ഒരു ഉപകരണമായി മാറുന്നു. അത് ന്യൂനപക്ഷങ്ങളുടെ മതപരമായ തിരിച്ചറിവുകളെ രോഗസൂചകമായി ചിത്രീകരിക്കുകയും അവരുടെ ‘സാംസ്‌കാരിക അനുസരണക്കേടിനെ’ ശിക്ഷിക്കുകയും ചെയ്യുന്നു. ഫൂക്കോയുടെ ‘ജീവശക്തി’ (Biopower) വിശകലനം ഇവിടെ പ്രവർത്തിക്കുന്ന മറ്റൊരു ആശയത്തെ വെളിപ്പെടുത്തുന്നുണ്ട്. ആധുനിക രാഷ്ട്രം മതപരമായ പ്രവൃത്തികൾ വെറുതെ നിരോധിക്കുന്നില്ല. പകരം, മതപരമായ ന്യൂനപക്ഷങ്ങൾ അവരുടെ മതവിശ്വാസവും സാമൂഹിക സ്വീകാര്യതയും അവരുടെ മനസ്സാക്ഷിയും പൗരത്വവും തമ്മിൽ തിരഞ്ഞെടുക്കേണ്ടിവരുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. പങ്കെടുക്കാത്തതിന് ലഭിക്കുന്ന സാമൂഹിക ബഹിഷ്‌കരണം, തൊഴിൽ സംബന്ധമായ വിവേചനം, ദേശ-രാഷ്ട്രത്തോട് വിശ്വസ്തതയില്ലെന്ന ആക്ഷേപങ്ങൾ എന്നിവയുള്ളപ്പോൾ ‘തിരഞ്ഞടുപ്പ്’ എന്ന ആശയം അർഥശൂന്യമാകുന്നു. ഇതിലൂടെ തിരഞ്ഞടുപ്പല്ല; ജനാധിപത്യ രീതികളിൽ പൊതിഞ്ഞുവെച്ച ബലപ്രയോഗമാണ് നടക്കുന്നത്.
മതേതര ആധുനികത പരമ്പരാഗത വർഗീയവാദത്തെക്കാൾ മതപരമായ ന്യൂനപക്ഷങ്ങൾക്ക് അപകടകരമാകുമെന്ന് ആഷിഷ് നന്ദി ദശാബ്ദങ്ങൾക്ക് മുമ്പ് നൽകിയ മുന്നറിയിപ്പ് ഇന്ന് സംഭവിച്ചതായി കാണുന്നു.
മതനിരപേക്ഷ ദേശീയത മതപരമായ ന്യൂനപക്ഷങ്ങൾക്ക് മുന്നിൽ ഒരു അസാധ്യമായ തിരഞ്ഞെടുപ്പ് സൃഷ്ടിക്കുന്നു; ഒന്നുകിൽ നിങ്ങളുടെ വിശ്വാസം നേർപ്പിച്ചുകളയുക, അല്ലെങ്കിൽ പൂർണമായ പൗരത്വത്തിൽനിന്ന് ഒഴിവാക്കപ്പെടുക. ഇന്ത്യൻ മതനിരപേക്ഷത ഒരുതരത്തിലുള്ള സാംസ്‌കാരിക ആധിപത്യമായി മാറിയിരിക്കുന്നു എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ ഇത് പറയാൻ പ്രേരിപ്പിച്ചത്. ഓണം വിവാദം ഈ ആശയത്തെ ശരിയായി ചിത്രീകരിക്കുന്നുണ്ട്.
മതത്തെ പുനർനിർവചിക്കാനുള്ള രാഷ്ട്രത്തിന്റെ അവകാശവാദം
ഇത് ഒരു മതപരമായ ഉത്സവമല്ല, സാംസ്‌കാരികമായതാണ് എന്നു പറഞ്ഞ് മുസ്‌ലിംകൾക്ക് ഓണത്തിൽ പങ്കെടുക്കാമെന്ന് പറയുമ്പോൾ, മതേതര രാഷ്ട്രം മതവിശ്വാസികളുടെ മതം പുനർനിർവചിക്കാനുള്ള അവകാശം സ്വയം സങ്കല്പിക്കുകയാണ് ചെയ്യുന്നത്. മുസ്‌ലിംകൾക്ക് എന്താണ് മതപരമായതും എന്താണ് മതപരമല്ലാത്തതും എന്ന് നിർണയിക്കാൻ മതേതര രാഷ്ട്രത്തിന് അധികാരം നൽകിയത് ആരാണ് എന്ന ചോദ്യം ഏറെ പ്രസക്തമാണ്. പല മതന്യൂനപക്ഷങ്ങൾക്കും സംസ്‌കാരവും മതവും തമ്മിലുള്ള വ്യത്യാസം തന്നെ അവരുടെ ജീവിതാനുഭവങ്ങളുമായി പൊരുത്തപ്പെടാത്ത ഒരു മതേതര അടിച്ചേൽപിക്കലാണ്. ഓണത്തിൽ പങ്കെടുക്കുന്നത് മതവിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്ന് മുസ്‌ലിംകൾ പറയുമ്പോൾ, സ്വന്തം മതത്തെക്കുറിച്ച് അവർക്ക് വിവരമില്ല എന്നു പറയാൻ മതേതര ഭരണകൂടത്തിന് അവകാശമില്ല.
സംസ്‌കാര ഘാതക നീക്കങ്ങൾ
ഡി.വൈ.എഫ്.ഐയുടെ സമ്മർദത്തിന് വഴങ്ങി അധ്യാപികയെ സസ്പെൻഡ് ചെയ്തത്, മതനിരപേക്ഷ രാഷ്ട്രത്തിന്റെ ‘ethnocidal’ (സംസ്‌കാരഘാതക) നീക്കങ്ങളെ കുറിച്ച് ആഷിഷ് നന്ദി പറഞ്ഞത് ശരിവയ്ക്കുന്നു. ഇവിടെ, ഒരു സ്വാശ്രയ ന്യൂനപക്ഷ സ്ഥാപനം മതേതര ശിക്ഷണത്തിന്റെ സമ്മർദത്തിന് മുന്നിൽ ഭൂരിപക്ഷത്തിന്റെ വൈകാരികതയെ പ്രീണിപ്പിക്കുന്നതിനായി തങ്ങളുടെ സ്വന്തം സ്ഥാപനത്തിലെ ഒരാളെ ഉപേക്ഷിക്കുകയും ചെയ്യുന്നു.
രാഷ്ട്രം മനുഷ്യന്റെ ബോധപൂർവമായ തിരിച്ചറിവിന്റെ (human intelligibility) നിർണയിക്കാനുള്ള അധികാരം സ്വയം എടുത്തണിയുന്നതിനെ ‘ജൂഡിത്ത് ബട്‌ലർ’ തന്റെ ന്യൂനപക്ഷ അവകാശങ്ങളെ സംബന്ധിച്ച ചർച്ചകളിൽ കൊണ്ടുവരുന്നുണ്ട്. അതായത് ആരൊക്കെ ഒരു യോഗ്യനായ പൗരനായി കണക്കാക്കപ്പെടണം എന്ന് തീരുമാനിക്കാനുള്ള ഏക അധികാരം രാഷ്ട്രം ഏറ്റെടുക്കുന്നു. ഇവിടെ, രാഷ്ട്രം (അതിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളോ മറ്റു സ്ഥാപനങ്ങളോ വഴി) സാംസ്‌കാരിക പ്രകടനത്തിലൂടെ യോഗ്യമായ പൗരത്വത്തെ നിർവചിക്കുകയും അതുവഴി ‘സാമൂഹിക ശ്രേണികൃത ഘടനകളുടെ പുതിയ രൂപങ്ങൾ’ (new forms of social hierarchy) സൃഷ്ടിക്കുകയും ചെയ്യുന്നു എന്നാണ് ബട്‌ലർ പറയുന്നത്.
രാഷ്ട്രം നിയമാനുസൃതത്തിന്റെ പ്രാഥമിക ഉറവിടമായി മാറുമ്പോൾ, പൗരന്മാരിലെ ചില വിഭാഗത്തെ (നമ്മുടെ സാഹചര്യത്തിൽ മുസ്‌ലിം, ക്രിസ്ത്യൻ സമൂഹം) തങ്ങളുടെ സാമൂഹിക അംഗത്വം നിലനിർത്തുന്നതിന് നിരന്തരം സാംസ്‌കാരിക പ്രകടനങ്ങൾ മൂലം നിർബന്ധിതരാക്കുന്നു. അതേസമയം മറ്റുള്ളവർ അത് സ്വാഭാവികമായി ഉള്ളവരായി കണക്കാക്കപ്പെടുന്നു. ജനാധിപത്യ-ബഹുസ്വര പങ്കാളിത്തം എന്ന് പ്രത്യക്ഷത്തിൽ തോന്നുന്നത് പലപ്പോഴും നിലവിലുള്ള അധികാര ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ഭൂരിപക്ഷ സാംസ്‌കാരിക മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തവരെയോ അവ പാലിക്കാൻ തയ്യാറാകാത്തവരെയോ അരികുവൽകരിക്കുകയും ചെയ്യുന്നു.
സാങ്കൽപിക സമൂഹവും നിർബന്ധിത പങ്കാളിത്തവും
സംസ്ഥാന സംവിധാനം (പോലീസ്, രാഷ്ട്രീയ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ) മുസ്‌ലിം ന്യൂനപക്ഷങ്ങളെ മതേതര ആഘോഷ കൽപനകൾക്ക് അനുസൃതമായി സമ്മർദം ചെലുത്തുമ്പോൾ, അത് യഥാർഥ ബഹുസ്വരതയുടെ ഭരണഘടനാ വാഗ്ദാനത്തെ ലംഘിക്കുക കൂടിയാണ് ചെയ്യുന്നത്. ഇവർ സാംസ്‌കാരിക ദേശീയത ഉൾപ്പെടുത്തൽ മാത്രമല്ല, ഭൂരിപക്ഷത്തിന്റെ സാംസ്‌കാരിക ആവിഷ്‌കാരങ്ങളിൽ സജീവമായ പങ്കാളിത്തവും ആവശ്യപ്പെടുന്നു. ദേശ-രാഷ്ട്രം ഒരു സാങ്കൽപിക സമൂഹമാണെന്ന് ബെനെഡിക്റ്റ് ആൻഡേഴ്സൺ വാദിക്കുന്നുണ്ട്. ഈ സാങ്കൽപിക സമൂഹം നിർബന്ധിതമാകുമ്പോഴാണ് പ്രശ്‌നം ഉടലെടുക്കുന്നത്.
ഇസ്‌ലാമിക നിലപാട് തീവ്രവാദമല്ല
കേരള പൊതുമണ്ഡലം ഉത്സവ പങ്കാളിത്തത്തെക്കുറിച്ചുള്ള ഇസ്‌ലാമിക നിലപാടുകളെ ‘തീവ്രവാദം,’ ‘വർഗീയത,’ ‘അസഹിഷ്ണുത’ എന്നൊക്കെ വിശേഷിപ്പിച്ച് പലപ്പോഴും തള്ളിക്കളയുന്നു. എന്നാൽ ഇത് അവരുടെ സ്വന്തം സാംസ്‌കാരിക സങ്കുചിതത്വത്തെയാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യയിലെ നിലവിലെ കാലാവസ്ഥയിൽ ഹിന്ദു ഉത്സവങ്ങളോടുള്ള കർശനമായ ബുദ്ധമത എതിർപ്പുകളിൽനിന്ന് വ്യത്യസ്തമായി മുസ്‌ലിം എതിർപ്പുകളെ ‘വിഭാഗിയത’യുടെ അല്ലെങ്കിൽ ‘ദേശവിരുദ്ധ’ വികാരത്തിന്റെ തെളിവായി കണക്കാക്കുന്നതായി നാം കാണുന്നു.
മുസ്‌ലിമേതര മതസ്ഥരുടെ ആഘോഷങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നത് അവരോടുള്ള ശത്രുതയെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് ഏകദൈവ വിശ്വാസം (തൗഹീദ്) സംബന്ധിച്ച ആഴത്തിൽ വേരൂന്നിയ ദൈവശാസ്ത്ര തത്ത്വങ്ങളെയും ഇസ്‌ലാമിക വിശ്വാസങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്ന ആചാരങ്ങൾ ഒഴിവാക്കേണ്ടതിന്റെ അനിവാര്യതയെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഓണം പോലുള്ള ഒരു ഉത്സവത്തിന്റെ പുരാണ അടിത്തറകളിൽ ശിർക്കിന്റെ (ദൈവത്തിൽ പങ്കുചേർക്കൽ) ഘടകങ്ങൾ പണ്ഡിതന്മാർ തിരിച്ചറിയുമ്പോൾ, അവർ സമകാലിക രാഷ്ട്രീയ നിലപാടുകളെ എതിർക്കുകയല്ല, നൂറ്റാണ്ടുകൾ പഴക്കമുള്ള മത നിയമശാസ്ത്ര തത്ത്വങ്ങൾ പ്രയോഗിക്കുകയാണ് ചെയ്യുന്നത്. ഈ ന്യായവാദം മനസ്സിലാക്കാൻ ഇസ്‌ലാമിക നിയമശാസ്ത്രത്തിന്റെ സൂക്ഷ്മവും സന്ദർഭാധിഷ്ഠിതവുമായ ഗ്രേഡുകളുമായി ഇടപഴകേണ്ടതുണ്ട്. കർക്കശവും സാർവത്രികവുമായ ‘സ്ഥിരത’ക്കായുള്ള മതേതര ആവശ്യം ഇക്കാര്യം മനസ്സിലാക്കുന്നതിൽ പരാജയപ്പെടുകയും അങ്ങനെ ചെയ്യുമ്പോൾ അത് ഒരു തരത്തിലുള്ള ബൗദ്ധിക അക്രമമായി മാറുകയും ചെയ്യുന്നു.
മലയാള മാധ്യമങ്ങൾ ദൈവശാസ്ത്ര വാദത്തെ യുക്തിരഹിതമായി തള്ളിക്കളയുകയും മുസ്‌ലിം എതിർപ്പുകൾ മതേതര യുക്തിയെ തൃപ്തിപ്പെടുത്തണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്യുന്നത് ഇതിന് ഉദാഹരണമാണ്. ഇർഫാൻ അഹമ്മദ് ‘ഹെർമെന്യൂട്ടിക്കൽ സ്വയംഭരണത്തിന്റെ നിശ്ശബ്ദത’ എന്ന് വിളിക്കുന്നതിനെ ഈ സമീപനം പ്രതിഫലിപ്പിക്കുന്നു. ഇവിടെ മുസ്‌ലിംകൾ ഒരു വിദേശ ജ്ഞാനശാസ്ത്രപരമായ ലെൻസിലൂടെയും മതേതര മധ്യസ്ഥർ അംഗീകരിക്കേണ്ട ഒരു പ്രകടനാത്മക യാഥാസ്ഥിതികതയിലേക്കും തങ്ങളുടെ വിശ്വാസത്തെ ന്യായീകരിക്കാൻ നിർബന്ധിതരാകുന്നു. ആത്യന്തികമായി, പ്രശ്‌നം അസഹിഷ്ണുതയുടെ ഒന്നല്ല, മറിച്ച് സാധുവായ യുക്തിയുടെ ഏക മധ്യസ്ഥനാകാൻ നിർബന്ധിക്കുന്ന ഒരു സമ്പന്നവും സ്വയംപര്യാപ്തവുമായ ഒരു ഹെർമെന്യൂട്ടിക്കൽ പാരമ്പര്യവും മതേതര ആധുനികതയും തമ്മിലുള്ള ഏറ്റുമുട്ടലാണ്.
‘വേണ്ട’ എന്ന് പറയാനുള്ള ധൈര്യം
ഒരു ജനാധിപത്യ സംവിധാനത്തിൽ, വിയോജിക്കാനുള്ള അവകാശത്തിൽ സാംസ്‌കാരികവും മതപരവുമായ വിയോജിപ്പിനുള്ള അവകാശവും ഉൾപ്പെടണം. ചില പൗരന്മാർ ഭൂരിപക്ഷ സാംസ്‌കാരിക ആചാരങ്ങളിൽ പങ്കെടുക്കരുതെന്ന് തിരഞ്ഞെടുക്കുമെന്നും ഈ തിരഞ്ഞെടുപ്പ് അവരെ പൗരനെന്ന സ്ഥാനത്തിൽനിന്ന് കുറയ്ക്കുകയോ ജനാധിപത്യ സഹവർത്തിത്വത്തോടുള്ള പ്രതിബദ്ധത കുറയ്ക്കു കയോ ചെയ്യുന്നില്ലെന്നും അംഗീകരിക്കുക എന്നതാണ് ഇതിനർഥം.
ഓണത്തിൽ പങ്കെടുക്കുന്നത് ഇസ്‌ലാമിക തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്ന് മുസ്‌ലിം സമൂഹത്തിലെ ചിലർ പ്രഖ്യാപിക്കുമ്പോൾ, മതേതര ലിബറലുകൾ മറ്റു വിശ്വാസ പാരമ്പര്യങ്ങൾക്ക് വകവച്ചു കൊടുക്കുന്ന അതേ തരത്തിലുള്ള സ്ഥാപനപരമായ, മതപരമായ അധികാരമാണ് അവരും പ്രയോഗിക്കുന്നത്. സഹിഷ്ണുതയുടെ തിരഞ്ഞെടുത്ത ഈ (selective) പ്രയോഗം മതേതര ബഹുസ്വരതയുടെ പൊള്ളയായ കാതൽ വെളിപ്പെടുത്തുന്നു.
തന്റെ ആശയം പറയുകയും അതിന് സസ്‌പെൻഷനും അതിനപ്പുറം വർഗീയവാദി എന്ന ആരോപണാക്രമണവും നേരിട്ട അധ്യാപിക വലിയ ഒരാശയത്തെ പ്രതിനിധീകരിക്കുന്നു; മതേതര ബലപ്രയോഗത്തിന് മുന്നിൽ മതപരമായ അതിരുകൾ നിലനിർത്താനുള്ള ജനാധിപത്യ ധൈര്യം. ഡി.വൈ.എഫ്.ഐയുടെ സമ്മർദത്താൽ അവരുടെ സസ്പെൻഷൻ, മതേതര ദേശീയത, രാഷ്ട്രീയ സംഘടനകൾ, പോലീസ്, അധികാരം, സ്ഥാപന സമ്മർദം എന്നിവയുൾപ്പെടെയുള്ള സാമൂഹിക അച്ചടക്കത്തിന്റെ പൂർണമായ ഉപകരണത്തെ സാംസ്‌കാരിക അനുരൂപത നടപ്പിലാക്കുന്നതിന് എങ്ങനെ വിന്യസിക്കുന്നുവെന്ന് തെളിയിക്കുന്നു.
ഇവിടെ പ്രസക്തമായ ചില ചോദ്യങ്ങളുണ്ട്: ഭൂരിപക്ഷ സംസ്‌കാരം പിന്തുടരാൻ വിസമ്മതിക്കുന്ന പൗരന്മാരെ സംരക്ഷിക്കാൻ ഇന്ത്യൻ ജനാധിപത്യത്തിന് കഴിയുമോ? ആഘോഷിക്കാൻ ഇഷ്ടപ്പെടാത്തവരെ ജനാധിപത്യത്തിന് അർഥവത്തായി സഹിക്കാനും സംരക്ഷിക്കാനും കഴിയുമോ?
ഈ പരീക്ഷണത്തിൽ, സാംസ്‌കാരിക ദേശീയതയോട് ‘ഇല്ല’ എന്ന് പറയാനുള്ള ധൈര്യം വിഭാഗിയതയോ വർഗീയതയോ അല്ല. യഥാർഥ ബഹുസ്വരതയ്ക്ക് അത് അനിവാര്യമായ ഒരു ജനാധിപത്യ അവകാശമാണ്. സസ്പെൻഡ് ചെയ്യപ്പെട്ട അധ്യാപിക, സമ്മർദത്തിലായ വിദ്യാർഥികൾ, അച്ചടക്കമുള്ള സമൂഹം എന്നിവ മതേതര സംയോജനത്തിന്റെ പരാജയത്തെയല്ല, മറിച്ച് സാംസ്‌കാരിക സ്വേച്ഛാധിപത്യത്തിനെതിരായ ജനാധിപത്യ ചെറുത്തുനിൽപ്പിന്റെ വിജയത്തെയാണ് പ്രതിനിധീകരിക്കുന്നത്.
