സുഡാൻ പ്രതിസന്ധിയുടെ വേരുകൾ

മുഹമ്മദ് അമീൻ

2025 നവംബർ 22, 1447 ജമാദുൽ ആഖിർ 01

(മഹ്ദി വാദം മുതൽ ഇഖ്‌വാനി ഭരണം വരെ)

സുഡാനിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഹൃദയഭേദകമായ ഒരു ദുരന്തമാണ്. മാധ്യമങ്ങളുടെ നിശ്ശബ്ദത അതിനെ ലോകത്തിന്റെ കണ്ണുകളിൽനിന്ന് മറച്ചിരിക്കുന്നു. നിരപരാധികളുടെ രക്തം ചിന്തപ്പെടുന്നു, പവിത്രതകൾ ലംഘിക്കപ്പെടുന്നു, രാജ്യം സമ്പൂർണമായ അരാജകത്വത്തിലേക്കും വിഭജനത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്നു. സുഡാനിലെ ജനതയെ ഈ പരീക്ഷണത്തിൽനിന്ന് ഉയർത്താനും അക്രമികളുടെ തിന്മയിൽ നിന്ന് അക്രമിക്കപ്പെടുന്നവരെ കാത്തുരക്ഷിക്കാനും രക്തം ചിന്തുന്നത് അവസാനിപ്പിച്ച്, അവരെ സുരക്ഷയിലും സമാധാനത്തിലുമായി ഒന്നിപ്പിക്കാനും റബ്ബിനോട് പ്രാർഥിക്കുന്നു.

സുഡാനിലെ ഈ പ്രതിസന്ധി കേവലം ഒരു രാഷ്ട്രീയ അധികാര വടംവലി മാത്രമല്ല, മറിച്ച് പതിറ്റാണ്ടുകളായി ആ മണ്ണിൽ വിതയ്ക്കപ്പെട്ട ആശയപരമായ വ്യതിയാനങ്ങളുടെയും തെറ്റായ ‘മൻഹജു’കളുടെയും രാഷ്ട്രീയ പരിണതിയാണ്. ഈ കുഴപ്പങ്ങളുടെ വേരുകൾ കേവലം 2019ലെ പ്രക്ഷോഭങ്ങളിലോ 2023ലെ യുദ്ധത്തിലോ അല്ല, മറിച്ച് അതിനും ഒരു നൂറ്റാണ്ട് മുമ്പുള്ള ചരിത്രപരമായ വ്യതിചലനങ്ങളിലാണ് അവ ആരംഭിക്കുന്നത്.

സുഡാന്റെ ആധുനിക ചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു പത്തൊൻപതാം നൂറ്റാണ്ടിലെ (1881-1885) ‘മഹ്ദിയ്യ വിപ്ലവം.’ മുഹമ്മദ് അഹ്‌മദ് എന്നയാൾ സ്വയം (അഹ്‌ലുസ്സുന്നയുടെ അക്വീദയ്ക്ക് വിരുദ്ധമായി) ‘മഹ്ദി’ ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് തുർക്കി-ഈജിപ്ഷ്യൻ കൊളോണിയൽ ഭരണത്തിനെതിരെ ഒരു വിമോചന പ്രസ്ഥാനം ആരംഭിച്ചു. വൈദേശിക ശക്തിക്കെതിരെ വിവിധ ഗോത്രങ്ങളെ ഒന്നിപ്പിക്കാൻ അതിന് കഴിഞ്ഞു എന്നത് ഒരു ചരിത്ര യാഥാർഥ്യമാണ്. എന്നാൽ, അടിസ്ഥാനപരമായ അക്വീദയുടെ വ്യതിയാനത്തിൽ പടുത്തുയർത്തിയ ആ പ്രസ്ഥാനം, അതിന്റെ നേതാവിന്റെ മരണശേഷം (1885) ഖലീഫ അബ്ദുല്ലാഹ് അൽതഅയിശിയുടെ കൈകളിലെത്തിയപ്പോൾ അതൊരു അടിച്ചമർത്തൽ ഭരണകൂടമായി മാറി. നീതിയുടെയും തൗഹീദിന്റെയും അടിസ്ഥാനത്തിലല്ല, കടുത്ത ഗോത്രവാദത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും അടിസ്ഥാനത്തിലാണ് അയാൾ ഭരണം നടത്തിയത്.

സ്വന്തം ഗോത്രത്തിന് അനർഹമായ പ്രാധാന്യം നൽകിയ ആ ഭരണം, മഹ്ദിയ്യ വിപ്ലവത്തിന്റെ ആദ്യകാല സഹായികളായിരുന്ന മറ്റു ഗോത്രങ്ങളെ ശത്രുക്കളായി പ്രഖ്യാപിച്ചു. അതിന്റെ ഏറ്റവും നികൃഷ്ടമായ ഉദാഹരണമായിരുന്നു 1897ലെ ‘മെറ്റമ്മ കൂട്ടക്കൊല.’ മഹ്ദിയുടെ വിശ്വസ്തരായിരുന്ന ജഅ്ലിയീൻ ഗോത്രത്തെ, ഖലീഫയുടെ സൈന്യം സ്ത്രീകളും കുട്ടികളുമെന്ന വ്യത്യാസമില്ലാതെ അതിക്രൂരമായി കൊന്നൊടുക്കി. ആശയപരമായ വ്യതിയാനവും ഗോത്രചിന്തയും ഒരു ഭരണകൂടത്തെ എത്രത്തോളം ദുർബലമാക്കുമെന്നും സ്വന്തം ജനതയ്‌ക്കെതിരെ തന്നെ തിരിയുമെന്നും ആ ചരിത്ര സംഭവം നമ്മെ പഠിപ്പിക്കുന്നു.

ഈ ചരിത്രപരമായ പിഴവിന്റെ തനിയാവർത്തനമാണ് പതിറ്റാണ്ടുകൾക്ക് ശേഷം ‘ഇഖ്‌വാനുൽ മുസ്‌ലിമൂൻ’ എന്ന പ്രസ്ഥാനത്തിലൂടെ സുഡാനിൽ അരങ്ങേറിയത്. 1989ൽ, തിരഞ്ഞെടുക്കപ്പെട്ട സാദിഖ് അൽമഹ്ദിയുടെ സർക്കാരിനെ അട്ടിമറിച്ചുകൊണ്ട് ഹസൻ തുറാബിയുടെയും ജനറൽ ഉമർ അൽബശീറിന്റെയും നേതൃത്വത്തിലുള്ള ഇഖ്‌വാനി ഭരണകൂടം അധികാരം പിടിച്ചെടുത്തതോടെയാണ് സുഡാന്റെ ആധുനിക തകർച്ച ആരംഭിക്കുന്നത്. മുൻ സുഡാനീസ് പ്രസിഡന്റ് ഉമർ അൽബശീറിന്റെ ‘ഇഖ്‌വാനി’ ആശയസംഹിതയിലധിഷ്ഠിതമായ ഭരണം 30 വർഷം സുഡാനെ നിയന്ത്രിച്ചു. ഇഖ്‌വാനികൾ അധികാരത്തിലെത്തിയാൽ എന്തെല്ലാം ചെയ്യും എന്നതിന്റെ സമ്പൂർണ മാതൃകയായിരുന്നു ആ ഭരണം. എല്ലാ സ്ഥാപനങ്ങളിലും ആധിപത്യം സ്ഥാപിക്കുക, സാധ്യമായതിന്റെ പരമാവധി അഴിമതിയിൽ മുങ്ങിക്കുളിക്കുക, ഏത് എതിർപ്പിനെയും ക്രൂരമായി അടിച്ചമർത്തുക തുടങ്ങിയവയിലൂടെ സാമൂഹിക വിഭജനത്തിന് മാത്രമല്ല, രാജ്യത്തെ തന്നെ വിഭജിക്കുന്നതിനും അത് കാരണമായി.

എല്ലാ സ്ഥാപനങ്ങളിലും തങ്ങളുടെ ആളുകളുടെ സമ്പൂർണ ആധിപത്യമല്ലാതെ മറ്റൊന്നും അംഗീകരിക്കില്ലെന്ന് സുഡാനിലെ ഭരണ മാതൃക വെളിപ്പെടുത്തുന്നു. കഴിവോ പരിചയസമ്പത്തോ ഇല്ലെങ്കിൽ പോലും, തങ്ങളോട് കൂറുള്ളവരെ മാത്രം പരിഗണിക്കുന്നു. അധികാര വികേന്ദ്രീകരണം അംഗീകരിക്കുകയുമില്ല. അതുകൊണ്ടുതന്നെ, ഇവരുടെ ഭരണത്തിൻകീഴിൽ സുഡാൻ എന്ന രാഷ്ട്രത്തിന്റെ തകർച്ച സ്വാഭാവികമായിരുന്നു. ദാരിദ്ര്യനിരക്ക് 65% എത്തി. അതായത്, 42 ദശലക്ഷത്തിലധികം വരുന്ന സുഡാനീ ജനതയുടെ പകുതിയിലധികവും ഇഖ്‌വാൻ ഭരണത്തിനു കീഴിൽ ദരിദ്രരായി മാറി. മറുഭാഗത്ത്, ഭരണകൂടത്തിന്റെ അഴിമതി സമാനതകളില്ലാത്ത തലങ്ങളിലെത്തി. സുഡാനീ പത്രങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, ഒരു കേസിൽ മാത്രം ബശീർ ഭരണകൂടം 31 ബില്യൺ ഡോളറിന്റെ സുഡാനീസ് കയറ്റുമതി വിവരങ്ങൾ മറച്ചുവെച്ചു. ബശീറിന്റെ പതനശേഷം, അദ്ദേഹത്തിന്റെയും ഭരണകൂടത്തിന്റെയും അഴിമതിയുടെ കണക്കുകൾ ‘എംപവർമെന്റ് റിമൂവൽ കമ്മിറ്റി’ക്ക് തിട്ടപ്പെടുത്താൻ കഴിഞ്ഞില്ല. പത്ര റിപ്പോർട്ടുകൾ പ്രകാരം, ബശീറും അനുയായികളും തട്ടിയെടുത്ത ഏകദേശം 80 ബില്യൺ ഡോളർ വീണ്ടെടുക്കാനാണ് ആ കമ്മിറ്റി ശ്രമിച്ചിരുന്നത്.

ബശീറിന്റെയും അയാളുടെ ഭരണകൂടത്തിന്റെയും നയങ്ങൾ സുഡാനെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിലേക്ക് നയിച്ചു. 2014നും 2018നും ഇടയിൽ ‘ട്രാൻസ്‌പെരൻസി ഇന്റർനാഷണലി’ന്റെ റിപ്പോർട്ടുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ മൂന്ന് രാജ്യങ്ങളിൽ ഒന്നായി സുഡാൻ മാറി. മാത്രമല്ല, ഇഖ്‌വാൻ ഭരണം സുഡാനെ രണ്ട് രാജ്യങ്ങളായി വിഭജിക്കുന്നതിലേക്ക് നയിച്ചു (2011ൽ ദക്ഷിണ സുഡാൻ വേർപിരിഞ്ഞു). ഇത് സാമൂഹിക തലത്തിൽ മാത്രമല്ല, സാമ്പത്തിക തലത്തിലും സുഡാനികൾക്ക് വേദനാജനകമായിരുന്നു. കാരണം, വിഭജനത്തിന് മുമ്പുള്ള ഘട്ടത്തിൽ സുഡാന്റെ എണ്ണ വിഭവങ്ങളുടെ 75 ശതമാനവും ദക്ഷിണ സുഡാന്റെ മണ്ണിലായിരുന്നു. ഇത് എണ്ണ സമ്പത്തിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമാണ് സുഡാനിൽ അവശേഷിപ്പിച്ചത്.

സുഡാനിലെ ജനങ്ങൾ ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുമ്പോൾ, അയാൾ പുതുതായി പണികഴിപ്പിച്ച കൊട്ടാരത്തിലാണ് താമസിച്ചിരുന്നത്. പൊതുജനങ്ങളെ കബളിപ്പിക്കുന്ന ഇഖ്‌വാനികളുടെ പാത പിന്തുടർന്ന്, 2015ലെ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് ബശീർ പ്രഖ്യാപിച്ചു. എന്നാൽ അയാൾ തന്റെ വാഗ്ദാനം പാലിച്ചില്ല. വീണ്ടും തിരഞ്ഞെടുപ്പിൽ പ്രവേശിക്കുകയും വൻ കൃത്രിമം നടത്തി തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. 2017ൽ, 2020ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ബശീർ വീണ്ടും

പ്രഖ്യാപിച്ചു. എന്നാൽ ഇത്തവണ ജനം അയാൾക്ക് സാവകാശം നൽകിയില്ല. 2018 ഡിസംബറിൽ, മോശമായ ജീവിത സാഹചര്യങ്ങൾ കാരണം സുഡാനിൽ വ്യാപകമായ ജനകീയ പ്രതിഷേധം ആരംഭിച്ചു. ഇഖ്‌വാൻ ഭരണം അതിനെ സർവശക്തിയും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചു. എന്നാൽ മാസങ്ങളോളം നീണ്ടുനിന്ന സുഡാനീസ് വിപ്ലവം ഒടുവിൽ (2019ൽ) ബശീർ ഭരണകൂടത്തെ അട്ടിമറിക്കുന്നതിൽ വിജയിച്ചു.

എന്നാൽ ഇതിനൊക്കെ മുമ്പ് തങ്ങളുടെ ‘ജമാഅത്തിന്’ സമ്പൂർണ ആധിപത്യം നൽകുക എന്ന അവരുടെ നയത്തിന്റെ ഭാഗമായി ഇഖ്‌വാനി ഭരണകൂടം മറ്റൊരു മാരകമായ നീക്കം നടത്തിയിരുന്നു. ഒരു രാജ്യത്ത് അധികാരം പിടിച്ചാൽ അവിടുത്തെ ഔദ്യോഗിക സൈന്യത്തെ പൂർണമായി വിശ്വസിക്കാത്തത് ഇഖ്‌വാനികളുടെയും സമാന ചിന്താഗതിക്കാരുടെയും (റാഫിദികൾ പോലെയുള്ളവർ) പൊതുവായ രീതിയാണ്. തങ്ങളുടെ ‘പാർട്ടി’യെയും ‘ഭരണകൂട’ത്തെയും സംരക്ഷിക്കാൻ അവർ സ്വന്തം ആശയങ്ങൾ പേറുന്ന ഒരു സമാന്തര മിലീഷ്യയെ സൃഷ്ടിക്കും. ഈയൊരു രാഷ്ട്രീയ പാപ്പരത്തത്തിൽ നിന്നും ആശയപരമായ പാളിച്ചയിൽനിന്നുമാണ് ഉമർ അൽബശീർ, ദാർഫൂറിലെ വിമതരെ അടിച്ചമർത്താനെന്ന പേരിൽ 2003ൽ ‘ജൻജവീദ്’ എന്ന ഗോത്ര മിലീഷ്യയെ രൂപീകരിക്കുന്നത്. ഇഖ്‌വാൻ ഭരണകൂടത്തിന്റെ തണലിൽ വളർന്ന ഈ ‘ജൻജവീദ്’ മിലീഷ്യയാണ് പിന്നീട് ‘റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്’ (RSF) എന്ന പേരിൽ ഒരു സമാന്തര സൈനിക ശക്തിയായി രൂപാന്തരപ്പെട്ടത്.

തങ്ങളുടെ അധികാരത്തെ സംരക്ഷിക്കാൻ ഇഖ്‌വാൻ ഭരണകൂടം ഊട്ടിവളർത്തിയ ഈ ശക്തി, അധികം വൈകാതെ അവർക്കു നേരെത്തന്നെ തിരിഞ്ഞു. ആശയപരമായ വ്യതിയാനമുള്ളവർക്ക് രാഷ്ട്രീയ പക്വതയുണ്ടാവില്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു അത്. 2019ൽ, ഉമർ അൽബശീറിന്റെ അഴിമതിക്കെതിരെ സുഡാനികൾ തെരുവിലിറങ്ങിയപ്പോൾ, അവർ സൃഷ്ടിച്ച RSF എന്ന സമാന്തര സൈന്യം പ്രക്ഷോഭകാരികൾക്കൊപ്പം നിന്നു. ബശീർ പുറത്തായി. അതോടെ രാജ്യത്തിന്റെ ഔദ്യോഗിക സൈന്യവും (SAF) ഇഖ്‌വാനികൾ ഉണ്ടാക്കിയ ഈ സമാന്തര സൈന്യവും (RSF) തമ്മിൽ അധികാര വടംവലി ആരംഭിച്ചു. ആ തർക്കമാണ് 2023 ഏപ്രിലിൽ സമ്പൂർണ ആഭ്യന്തര യുദ്ധമായി പൊട്ടിത്തെറിച്ചത്. ഇന്ന് RSF എന്ന അതിക്രമകാരികളായ വിഭാഗം സാധാരണക്കാരെ കൊന്നൊടുക്കുകയും നാട് നശിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഉത്തരവാദിത്തം, തങ്ങളുടെ ‘ജമാഅത്തിന്റെ’ നിലനിൽപിനു വേണ്ടി രാജ്യത്തിന്റെ സൈന്യത്തെ ഭിന്നിപ്പിക്കുകയും സമാന്തര മിലീഷ്യകളെ സൃഷ്ടിക്കുകയും ചെയ്ത ഇഖ്‌വാൻ പ്രസ്ഥാനത്തിന്റെ തെറ്റായ വിലയിരുത്തലുകൾക്കും ആശയപരമായ പാപ്പരത്തത്തിനുമാണ്.

സലഫികൾക്ക് ഇഖ്‌വാനികളോട് വ്യക്തിപരമായ ശത്രുതയില്ല. അവരുടെ വിശ്വാസപരവും മൻഹജ്പരവുമായ വ്യതിയാനങ്ങളെയും സംഘടനാപരമായ പാളിച്ചകളെയും കുറിച്ച് സമുദായത്തെ ഉണർത്തുക എന്നത് മതപരമായ ബാധ്യതയാണ്. ഒരു മുസ്‌ലിം ഭരണാധികാരിയിൽനിന്ന് വ്യക്തമായ കുഫ്ർ പ്രകടമായിട്ടില്ലെങ്കിൽ, നന്മയിൽ അവരെ അനുസരിക്കുകയും രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുകയും ചെയ്യണമെന്നതാണ് അഹ്‌ലുസ്സുന്നയുടെ അടിസ്ഥാന തത്ത്വം. എന്നാൽ ഇഖ്‌വാനികൾ എവിടെയെല്ലാം പ്രവേശിച്ചിട്ടുണ്ടോ, അവിടങ്ങളിലെല്ലാം അവർ ഈ ഐക്യം തകർക്കുകയും സമാധാനത്തെ ‘താഗൂത്ത്’ എന്ന് മുദ്രകുത്തി ജനങ്ങളെ ഭരണകൂടങ്ങൾക്കെതിരെ ഇളക്കിവിടുകയും ചെയ്തിട്ടുണ്ട്. ലിബിയയും യെമനും ഗസ്സയും സുഡാനും നമുക്ക് മുന്നിലെ വ്യക്തമായ ഉദാഹരണങ്ങളാണ്. സുഡാൻ ഇന്ന് വിഭജനത്തിന്റെ വക്കിലാണ്. ധാതുസമ്പത്തുള്ള പടിഞ്ഞാറും ഫലഭൂയിഷ്ഠമായ കിഴക്കും മധ്യസുഡാനുമായി രാജ്യത്തെ കീറിമുറിക്കാൻ ശത്രുക്കൾ കാത്തിരിക്കുന്നു.