നമസ്‌കാരം നൽകുന്ന കുളിർമ
ദുൽക്കർഷാൻ അലനല്ലൂർ
2025 ആഗസ്റ്റ് 30, 1447 റബീഉൽ അവ്വൽ 06

ഈയിടെ കമ്പനിയിലെ ഒരു മൻദൂബിനെ (സെയിൽസ്‌മാൻ) അദ്ദേഹത്തിന്റെ വാഹനം കേടുവന്നതിനാൽ മക്കയിലേക്ക് പോകുന്ന വഴി ബഹ്‌റ എന്ന സ്ഥലത്ത് വർക്ക്ഷോപ്പിൽ കൊണ്ടുപോയി വിടുന്നതിന് വേണ്ടി പോയി. അദ്ദേഹത്തെ അവിടെയിറക്കി വരുമ്പോൾ ഏകദേശം മഗ്‌രിബ് ബാങ്കിന്റെ സമയമാണ്. ബഹ്‌റയിൽനിന്ന് ജിദ്ദയിലേക്കുള്ള കുബ്‌രി (പാലം) ഇറങ്ങുമ്പോൾ നേരെ എതിർവശത്ത് അഥവാ മക്കയിലേക്കുള്ള ഹൈവെ റോഡിനരികിൽ കുബ്‌രിക്കു താഴെ ഒരു വൃദ്ധനും ഒരു സ്ത്രീയും-അദ്ദേഹത്തിന്റെ മകളായിരിക്കണം, കൂടെ ഒരു പെൺകുട്ടിയുമുണ്ട്- മുസ്വല്ല വിരിച്ച് മഗ്‌രിബ് നമസ്‌കരിക്കുന്നതു കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ഒരു സന്തോഷവും കൺകുളിർമയും തോന്നി. വാഹനം നിർത്താൻ സൗകര്യമുള്ള ഒരിടത്തെത്തിയാൽ നമസ്‌കാരത്തിന് ഇറങ്ങാം എന്ന് കരുതി വാഹനം ഓടിക്കുമ്പോൾ മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നുവന്നു.
നമസ്‌കാരത്തിന്റെ പ്രാധാന്യവും അതിന്റെ മഹത്ത്വവും നമസ്‌കരിക്കാതിരുന്നാലുള്ള ഭവിഷ്യത്തും അത് ഉപേക്ഷിക്കുന്നവർക്കുള്ള ശിക്ഷയും അങ്ങനെയങ്ങനെ...യഥാർഥത്തിൽ ഇസ്റാഅ്-മിഅ്റാജ് യാത്രയിൽ അല്ലാഹു നബിﷺക്ക് നേരിട്ട് നൽകിയ ഒരു സമ്മാനമാണല്ലോ നമസ്‌കാരം. അതും ആകാശലോകത്ത് വെച്ച്. ഇസ്‌ലാമിലെ മറ്റു നിർബന്ധവും ഐഛികവുമായിട്ടുള്ള എല്ലാ ആരാധനാകർമങ്ങളും റസൂലിﷺന് വഹ്‌യിലൂടെ ലഭിച്ചതാണ്. അപ്പോൾ ഈ ഒരു സംഭവം തന്നെ നമസ്‌കാരത്തിന്റെ മഹത്ത്വത്തിന് ഏറ്റവും മതിയായതാണ്.
മാത്രമല്ല, നാളെ പരലോകത്ത് ഒന്നാമതായി വിചാരണക്കെടുക്കുന്ന ആരാധന നമസ്‌കാരമാണ്. നമസ്‌കാരത്തിന്റെ കാര്യത്തിൽ വിജയിച്ചവന് തുടർന്നുള്ള കാര്യങ്ങളിലും വിജയം ലഭിക്കും. നമസ്‌കാരത്തിന്റെ കാര്യത്തിൽ പരാജയം സംഭവിച്ചവന് തുടർന്നുള്ള വിഷയങ്ങളിലും ഞെരുക്കം അനുഭവിക്കേണ്ടിവരും. എത്രയെത്ര ആളുകളാണ് നിസ്‌കാരത്തിന്റെ കാര്യത്തിൽ ശ്രദ്ധയില്ലാത്തവരും അലസന്മാരുമായിട്ടുള്ളത്. എന്തുകൊണ്ടാണ് നമസ്‌കാരത്തിന്റെ വിഷയത്തിൽ ഇത്രക്ക് മടിയന്മാരാകുന്നത്. നമസ്‌കാരത്തിന്റെ പ്രതിഫലത്തെ കുറിച്ച് അറിയാഞ്ഞിട്ടാണോ, അതോ അത് ഉപേക്ഷിച്ചാലുള്ള ശിക്ഷയെ വിസ്മരിച്ചതുകൊണ്ടാണോ? എന്തായാലും കാര്യം അതീവ ഗൗരവം തന്നെയാണ്.
പ്രായപൂർത്തിയും ബുദ്ധിയുമുള്ള ഒരു മുസ്‌ലിമിന് അവൻ (ആണാകട്ടെ പെണ്ണാകട്ടെ) നമസ്‌കാരം നിർബന്ധമാണെന്നതിൽ യാതൊരു സംശയവുമില്ല. അല്ലാഹു പറയുന്നു: “...തീർച്ചയായും നമസ്‌കാരം സത്യവിശ്വാസികൾക്ക് സമയം നിർണയിക്കപ്പെട്ട ഒരു നിർബന്ധബാധ്യതയാകുന്നു’’ (ക്വുർആൻ 4:103).
“പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്‌കാരം മുറപോലെ നിർവഹിക്കുക. തീർച്ചയായും സൽകർമങ്ങൾ ദുഷ്‌കർമങ്ങളെ നീക്കിക്കളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവർക്ക് ഒരു ഉൽബോധനമാണത്’’(11:114).
നമസ്‌കരിക്കുന്നവർക്ക് ലഭിക്കുന്ന നേട്ടങ്ങൾ മനസ്സിലാക്കിയവർക്ക് അത് ഒഴിവാക്കാൻ കഴിയില്ല. ഓരോ നമസ്‌കാരവും അതിനിടയിൽ സംഭവിക്കുന്ന പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമായിത്തീരുന്നു; അതിനിടയിൽ വൻപാപങ്ങൾ ചെയ്യാത്തവർക്ക്. വൻപാപം സംഭവിച്ചു കഴിഞ്ഞാൽ തൗബ (പശ്ചാത്താപം) ചെയ്യൽ നിർബന്ധമാണ്.
അബൂഹുറയ്റ(റ) നിവേദനം, നബിﷺ പറഞ്ഞു: “അഞ്ചുനേര നമസ്‌കാരങ്ങളും ഒരു ജുമുഅ മുതൽ അടുത്ത ജുമുഅവരെയും ഒരു റമദാൻ മുതൽ അ ടുത്ത റമദാൻവരെയും അതിനിടക്ക് സംഭവിച്ച് പാപങ്ങൾ പൊറുപ്പിക്കുന്നവയാണ്; വൻപാപങ്ങൾ വർജിക്കപ്പെട്ടാൽ’’ (മുസ്‌ലിം).
നോക്കൂ, നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന പാപങ്ങൾ ഓരോ ദിവസവും നമസ്‌കാരത്തിലൂടെ അല്ലാഹു നമുക്ക് പൊറുത്ത് നൽകികൊണ്ടിരിക്കുന്നു. കൃത്യമായി നമസ്‌കരിക്കുന്നവന് ഇതിലൂടെ എത്ര ആശ്വാസം ലഭിക്കുന്നു! എന്നാൽ നമസ്‌കരിക്കാത്തവൻ എത്ര ഭാഗ്യംകെട്ടവനാണ്!
നമസ്‌കാരത്തിന് വേണ്ടി വുദൂഅ് ചെയ്യുന്നതുമുതൽ ഓരോ കർമത്തിനും പ്രതിഫലം ലഭിക്കുന്ന, വമ്പിച്ച പ്രതിഫലം നേടിത്തരുന്ന നമസ്‌കാരത്തിന് ഏതു തിരക്കുകൾക്കിടയിലും ഒരാൾ സമയം കണ്ടെത്തുന്നതിൽ അതിശമില്ല. വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോൾ പോലും നമസ്‌കാരസമയം ആയപ്പോൾ ഹൈവേയിൽനിന്നും വാഹനം ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി നിറുത്തി വയോവൃദ്ധനായ ആ സൗദിയും അദ്ദേഹത്തിന്റെ മകളും നമസ്‌കാരം നിർവഹിച്ചത് അതിന്റെ പ്രാധാന്യം മനസ്സിലാക്കിയതിനാലും അത് അവരുടെ മനസ്സിന് നൽകുന്ന കുളിർമയാലുമായിരിക്കുമല്ലോ.
ഇന്ന് പലർക്കും നമസ്‌കാരം കൃത്യമായി നിർവഹിക്കുന്നതിന് തടസ്സം ജോലിയും വിനോദ യാത്രകളും കല്യാണ-സൽകാര വേളകളും കൂട്ടുകെട്ടുകളുമൊക്കെയാണ്. അത്തരക്കാർ അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടുക.
നിർബന്ധ നമസ്‌കാരം നിർവഹിച്ചവർക്കേ സ്വർഗപ്രവേശം സാധ്യമാകു എന്ന് ക്വുർആൻ വ്യക്തമായി മനസ്സിലാക്കിത്തരുന്നുണ്ട്: “ഓരോ വ്യക്തിയും താൻ സമ്പാദിച്ചുവെച്ചതിന് പണയപ്പെട്ടവനാകുന്നു; വലതുപക്ഷക്കാരൊഴികെ. ചില സ്വർഗത്തോപ്പുകളിലായിരിക്കും അവർ. അവർ അന്വേഷിക്കും; കുറ്റവാളികളെപ്പറ്റി, നിങ്ങളെ നരകത്തിൽ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്. അവർ (കുറ്റവാളികൾ) മറുപടി പറയും: ഞങ്ങൾ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. ഞങ്ങൾ അഗതിക്ക് ആഹാരം നൽകുമായിരുന്നില്ല. തോന്നിവാസത്തിൽ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു. പ്രതിഫലത്തിന്റെ നാളിനെ ഞങ്ങൾ നിഷേധിച്ചുകളയുമായിരുന്നു’’ (ക്വുർആൻ 74:38-46).
“എന്നിട്ട് അവർക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിൻതലമുറ വന്നു. അവർ നമസ്‌കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തൻമൂലം ദുർമാർഗത്തിന്റെ ഫലം അവർ കണ്ടെത്തുന്നതാണ്’’ (ക്വുർആൻ 19:59).
അതിനാൽ ഏതു സന്ദർഭത്തിലും നമസ്‌കാരസമയമായാൽ ഉത്സാഹത്തോടെയും താൽപര്യത്തോ ടെയും നമസ്‌കാരത്തെ സമീപിക്കുക. നിസ്‌കാരം നൽകുന്ന ആനന്ദവും ആസ്വാദനവും ചെറുതല്ല. ‘നമസ്‌കാരത്തിലാണ് എന്റെ കൺ കുളിർമ’ എന്ന പ്രവാചക വചനം ഓർക്കുക
