സുന്നത്തിന്റെ അനിവാര്യത

ആരിഫ് ബുസ്താനി

2025 ആഗസ്റ്റ് 23, 1447 സഫർ 29

നബിﷺയുടെ കാലശേഷം മുസ്‌ലിം സമൂഹത്തിൽ ഛിദ്രതയുണ്ടാക്കുവാൻ പലരും ആസൂത്രിതമായ ശ്രമം നടത്തിയുട്ടുണ്ട്. അങ്ങനെയാണ് മുഅ്തസില, ശീഈ, ഖവാരിജ്, മുർജിഅ, നജ്ജാരിയ്യ, ജബ്‌രിയ്യ, മുശബ്ബഹ എന്നിവങ്ങനെയുള്ള അനേകം കക്ഷികളും അവയുടെ തന്നെ അവാന്തരവിഭാഗങ്ങളും പല കാലങ്ങളിലായി ഉടലെടുത്തത്. പ്രമാണങ്ങളെ തങ്ങളുടെ ഇംഗിതങ്ങൾക്കനുസരിച്ച് വളച്ചൊടിച്ചും ദുർവ്യാഖ്യാനിച്ചും പിഴച്ച വാദങ്ങൾക്ക് തെളിവുണ്ടാക്കാൻ അവർ ശ്രമിച്ചിട്ടുണ്ട്.

ഹദീസുകളുടെ പ്രാമാണികതയിൽ സംശയമുന്നയിച്ചും തങ്ങളുടെ ബുദ്ധിക്കും യുക്തിക്കുമനുസരിച്ച് ഹദീസുകളെ വ്യാഖ്യാനിച്ചും പലരും രംഗപ്രവേശം ചെയ്തിട്ടുണ്ട്. വർത്തമാന കാലത്തും ഇത്തരക്കാർ സജീവമാണ്. ആരൊക്കെ നിരാകരിക്കാൻ ശ്രമിച്ചാലും മഹാനായ പ്രവാചകന്റെ ജീവിതചര്യ (സുന്നത്ത്) വ്യക്തമാക്കിത്തരുന്ന ഹദീസുകൾ ഈ ലോകത്ത് പ്രശോഭിച്ച് നിലകൊള്ളുമെന്നതിന് ചരിത്രം സാക്ഷിയാണ്.

ക്വുർആനിന്റെ വ്യാഖ്യാനമാണ് സുന്നത്ത്

ക്വുർആൻ മാത്രമാണ് പ്രമാണമെന്ന് പറയുന്നവരുണ്ട്. അല്ലാഹുവിന്റെ ദൂതൻ എന്ന നിലയിൽ മുഹമ്മദ് നബിﷺയെ അംഗീകരിക്കാത്തതിനു സമാനമാണത്. അല്ലാഹുവിനെ അനുസരിക്കുന്നവർ മുഹമ്മദ് നബിﷺയെയും അനുസരിക്കണം. മുഹമ്മദ് നബിﷺയെ അനുസരിച്ചാൽ മാത്രമെ അല്ലാഹുവിനോടുള്ള അനുസരണം പൂർത്തിയാവുകയും അവന്റെ തൃപ്തി ലഭിക്കുകയും ചെയ്യുകയുള്ളൂ. എല്ലാ കാര്യങ്ങളിലും തിരുദൂതരാവണം വഴികാട്ടി.

മുസ്‌ലിംകൾ പല കക്ഷികളായി വിഘടിച്ചുപോകുമെന്നും അവയിൽ ഒന്നൊഴികെ മറ്റെല്ലാം നരകത്തിലായിരിക്കുമെന്നും പറഞ്ഞത് ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം മതകാര്യങ്ങൾ പറയുന്ന നബിﷺയാണ്. ആ ഒരു വിഭാഗം ഏതെന്നാരാഞ്ഞപ്പോൾ അവിടുന്ന് പ്രതിവചിച്ചത് ‘ഞാനും എന്റെ സഹചാരികളും ഇന്ന് നിലകൊള്ളുന്നത് ഏതൊരു ആദർശത്തിലാണോ അതിൽ നിലകൊള്ളുന്നവരാണ്’ എന്നാണ്.

ക്വുർആനിലൂടെ അല്ലാഹു നമ്മെ ബോധ്യപ്പെടുത്തുന്നത് കാണുക: “ഇല്ല, നിന്റെ രക്ഷിതാവാണ, അവർക്കിടയിൽ തർക്കവിഷയകമായ കാര്യങ്ങളിൽ നിന്നെ വിധികർത്താവാക്കുകയും നിന്റെ വിധിത്തീർപ്പിൽ ഒരു നീരസവും തോന്നാതിരിക്കുകയും സർവാത്മനാ കീഴടങ്ങുകയും ചെയ്യാത്ത കാലത്തോളം അവർ വിശ്വാസികളാകുകയില്ല’’(4:05).

“(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. പറയുക: നിങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിൻ. ഇനി അവർ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുന്നതല്ല; തീർച്ച’’ (3:31,32).

ക്വുർആനികാധ്യാപനങ്ങളു ടെ ആധികാരിക വ്യാഖ്യാനമാണ് റസൂലിന്റെ സുന്നത്ത്. വ്യാഖ്യാനങ്ങളിൽ വരുന്ന ഭിന്നാഭിപ്രായങ്ങളും പ്രയോഗത്തിൽ വരുത്തുമ്പോൾ ഉണരുന്ന സംശയങ്ങളും ദൂരീകരിക്കാൻ സുന്നത്തിനെത്തന്നെ ആശ്രയിച്ചേ മതിയാവൂ. കർമപരമായ കാര്യങ്ങൾ ജീവിതത്തിൽ പകർത്തുവാൻ സുന്നത്ത് കൂടിയേ തീരൂ. ഉപമാരൂപമായ സൂക്തങ്ങൾ കുറെയുണ്ടല്ലോ ക്വുർആനിൽ. സുനിശ്ചിതമായ ഒരു രീതി അവലംബിക്കുന്നില്ലെങ്കിൽ അവയുടെ വ്യാഖ്യാനങ്ങൾ പലവിധത്തിലാവും.

ഇതാണ് നമ്മുടെ വിശ്വാസം

ക്വുർആനികാധ്യാപനങ്ങളനുസരിച്ച് നമ്മുടെ ജീവിതം ചിട്ടപ്പെടുത്താനുള്ള മാർഗമാണ് മുഹമ്മദ് നബിﷺയുടെ ജീവിതമാതൃക. പ്രവാചകജീവിതം ക്വുർആൻ വ്യാഖ്യാനമാകയാൽ നമ്മുടെ സ്വന്തവും സ്വതന്ത്രവുമായ സമീപനം ഒഴിവാക്കുക. ആരിലൂടെയാണോ ക്വുർആൻ മനുഷ്യർക്ക് അവതരിച്ചുകിട്ടിയത് ആ വ്യക്തിമാത്രമാണ് ക്വുർആനികാധ്യാപനങ്ങളുടെ ഏറ്റവും യോഗ്യനായ വ്യാഖ്യാതാവ്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ പണ്ധിതന്മാർ പ്രവാചകര്യയെ സമാഹരിച്ചു. ഹദീസുകളുടെ വിശ്വാസ്യതയും ആധികാരികതയും ഉറപ്പുവരുത്താൻ ഒരു ശാസ്ത്രീയ ഗവേഷണശാഖ തന്നെയുണ്ടാക്കി. ഓരോ ഹദീസിന്റെയും രൂപം, ഉള്ളടക്കം, നിവേദനം ചെയ്യപ്പെട്ട വഴി, നിവേദകരുടെ ശൃംഖലയിലെ ഓരോ വ്യക്തിയുടെയും ജീവചരിത്രം...എല്ലാം പരിശോധനക്ക് വിധേയമാക്കി അവർ. അത് ഹദീസുകളെ സംരക്ഷിക്കാൻ അല്ലാഹു സ്വീകരിച്ച മാർഗമാണ്.

തികച്ചും സത്യസന്ധവും വിശ്വാസയോഗ്യവുമെന്ന് ബോധ്യംവരുത്തിയാണ് ഓരോ സുന്നത്തും അവർ സ്വീകരിച്ചത്. അറ്റുപോകാത്തതും കുറ്റമറ്റതുമായ പരമ്പരയോടെയുള്ള ഹദീസുകളെ സ്വഹീഹ് (പ്രബലം) എന്നും അല്ലാത്തതിനെ ദഈഫ് (ദുർബലം) എന്നും വേർതിരിച്ചു. ഹദീസിന്റെ ഗണത്തിൽ പെടാത്തതെന്ന് വ്യക്തമായ നിർമിത ഹദീസുകളെ മൗദൂഅ് (നിർമിതം) എന്ന ഗണത്തിൽ പെടുത്തുകയും ചെയ്തു.

ഒരു ഹദീസിനെ ചോദ്യം ചെയ്യുന്നവർ അതിനെ അസ്വീകാര്യമാക്കുന്ന വ്യക്തമായ തെളിവുകൾ ഹാജരാക്കേണ്ടി വരും വിധം ഹദീസിന്റെ നിദാനശാസ്ത്ര നിയമങ്ങൾ ആവിഷ്‌കരിച്ചു. അതായത് ആരെങ്കിലും ഒരു ഹദീസിനെ നിഷേധിച്ചാൽ അതിന്റെ കാര്യകാരണം ബോധിപ്പിച്ച് തെളിയിക്കേണ്ട ബാധ്യത അയാൾക്കുണ്ട്.

പ്രവാചകന്റെ സഹചാരികളാണ് പ്രവാചകവചനത്തിന്റെ ഉള്ളടക്കം (മത്‌ന്) നമ്മിലെത്തിക്കുന്ന കണ്ണി(സനദ്)കളിൽ പ്രധാനപ്പെട്ടവർ. അവർ മനഃപൂർവം കള്ളം പറയില്ലെന്നുറപ്പ്. കാരണം, അല്ലാഹുവുമായി നേരിട്ടു ബന്ധപ്പെടുന്ന പ്രവാചകനോടൊപ്പം സഹവസിച്ചവരാണവർ. അവർ നബിയെപ്പറ്റി അങ്ങേയറ്റം സൂക്ഷ്മതയോടെയല്ലാതെ ഒന്നും പറയില്ല. അല്ലാഹുവിന്റെ റസൂലിനെ സ്‌നേഹിക്കുന്നതിന്റെ ഭാഗമായി സ്വന്തത്തെയും സ്വന്തമെന്നെണ്ണുന്ന എല്ലാറ്റിനെയും ത്യജിക്കാൻ സന്നദ്ധരായവർ അവിടുത്തെക്കുറിച്ച് എന്തു പറയുമ്പോഴും ഏറ്റവും ജാഗ്രത പാലിക്കുമെന്നതിൽ സംശയമില്ല. ‘കരുതിക്കൂട്ടി എന്നെപ്പറ്റി കള്ളം പറയുന്നവൻ നരകത്തിൽ തന്റെ സീറ്റ് തയ്യാറാക്കിക്കൊള്ളട്ടെ’എന്ന നബിവചനത്തിന്റെ ഗൗരവം ഗ്രഹിച്ചവരാണ് സ്വഹാബികൾ. അല്ലാഹുവിന്റെ പ്രമാണമാണ് തിരുദൂതരിലൂടെ വെളിപ്പെടുന്നതെന്ന കാര്യത്തിൽ അവർക്കൊരു സംശയവുമില്ലായിരുന്നു. അങ്ങനെയുള്ള സ്വഹാബികളിൽ ഒരാൾ വ്യാജവാർത്ത പ്രചരിപ്പിക്കുമെന്ന് കരുതാൻ ഒരു ന്യായവുമില്ല. ഈ സ്വഹാബിമാരുടെ ശിഷ്യന്മാരാണ് താബിഉകൾ, അവരുടെ ശിഷ്യന്മാരാണ് താബിഉത്താബിഉകൾ. ഇവരിലൂടെയൊക്കെ നമ്മിലേക്കെത്തിക്കപ്പെട്ടതാണ് പ്രവാചക സുന്നത്തുകൾ. വിശ്വസ്തരായവരിൽനിന്നു മാത്രമെ ഹദീസുകൾ സ്വീകരിക്കപ്പെട്ടിട്ടുള്ളൂ.

‘ഹദീസിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടാൻ തീർച്ചയായും ന്യായമുണ്ട്; പ്രവാചകനിൽനിന്ന് നേരിട്ടുകേട്ട സ്വഹാബിക്കോ നിവേദകരിൽ പെട്ട ആർക്കെങ്കിലുമോ, അത് വെളിപ്പെടുത്തിയപ്പോൾ വാക്കിൽ പിശക് സംഭവിക്കുകയോ തെറ്റായി മനസ്സിലാക്കുകയോ ചെയ്യാൻ സാധ്യതയുണ്ടല്ലോ’ എന്നൊക്കെയാണ് ഹദീസുകളെ ബുദ്ധിക്കും യുക്തിക്കുമനുസരിച്ച് വ്യഖ്യാനിക്കുന്നവരുടെ വാദം.

സ്വഹാബിമാരുടെ പക്ഷത്ത് തിരുമൊഴികൾ ഗ്രഹിച്ചതിലോ വെളിപ്പെടുത്തിയതിലോ അബദ്ധം പിണയാനിടയില്ലെന്നത് ഉറപ്പുള്ള കാരണമാണ്. തിരുദൂതരോടൊപ്പം സഹവസിച്ച ഓരോ സ്വഹാബിയും അവിടുത്തെ വാക്കുകൾക്കും പ്രവൃത്തികൾക്കും കൽപിച്ച പ്രാമുഖ്യവും പ്രാധാന്യവും അത്രമാത്രം വലുതായിരുന്നു. തിരുദൂതരിലൂടെ പ്രകാശിതമാവുന്നത് അല്ലാഹുവിന്റെ പ്രമാണമാണെന്ന് അറിഞ്ഞ അവർ, അവിടുത്തെ മാർഗനിർദേശങ്ങളും മാതൃകയുമനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്നതിൽ അങ്ങേയറ്റം ജാഗരൂകരായിരുന്നു. വ്യക്തിപരമായി ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച് പ്രവാചകമൊഴികൾ ഹൃദിസ്ഥമാക്കാൻ അവർ ബദ്ധശ്രദ്ധരായി.

ക്വുർആൻ സൂക്തങ്ങൾ ഹൃദിസ്ഥമാക്കുന്നതിൽ സ്വഹാബിമാർ അങ്ങേയറ്റം ബദ്ധശ്രദ്ധരായിരുന്നു. അതുപോലെ തന്നെ ഹദീസുകളും അവർ ഓർമയിൽ സൂക്ഷിച്ചു. അതിനാൽ, ഏതെങ്കിലും ഹദീസിൽ കൂട്ടിച്ചേർക്കലോ വിട്ടുകളയലോ ഉണ്ടായി എന്നു കരുതാൻ ന്യായമില്ല. കൂടാതെ ഐകരൂപമുള്ളവയാണ് ഹദീസ് പണ്ഡിതന്മാരാൽ ആധികാരികമെന്ന് നിർണയിക്കപ്പെട്ടതും സ്വീകാര്യയോഗ്യവുമായ പ്രവാചകമൊഴികൾ.

ഇക്കാലത്തെ അധാർമികവും അനിസ്‌ലാമികവുമായ ജീവിതസമ്പ്രദായങ്ങളുമായി പൊരുത്തപ്പെട്ടുപോകാനുള്ള വ്യഗ്രതയാണ് ആധുനിക വിമർശകരെ ഹദീസുകൾക്കെതിരെ തിരിയാൻ യഥാർഥത്തിൽ പ്രേരിപ്പിക്കുന്നത്. ഹദീസുകൾ സ്വീകാര്യമല്ലെന്ന് വരുത്തിത്തീർത്താൽ അവർക്ക് ക്വുർആൻ തോന്നിയപോലെ വ്യാഖ്യാനിച്ച് തോന്നിയപോലെ ജീവിക്കാമല്ലോ.

(അവസാനിച്ചില്ല)